നാലാമിടത്തെക്കുറിച്ച്
എന്തു കൊണ്ട്, എന്തു കൊണ്ട്
മാധ്യമ മലയാളത്തില്‍ ഓണ്‍ലൈന്‍ ശ്രമങ്ങള്‍ക്ക് ഒരു കുറവുമില്ല. അനേകം പോര്‍ട്ടലുകള്‍. ഓണ്‍ലൈന്‍ ചര്‍ച്ചകള്‍. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍. പിന്നെന്തിന് ഒരു നാലാമിടം?
ആ ചോദ്യത്തിനുത്തരം ഈ പോര്‍ട്ടല്‍ തന്നെയാണ്. ഇതിന്റെ നിലനില്‍പ്പ് തന്നെയാണ്. നമുക്കിടയില്‍ രൂപപ്പെടാനിരിക്കുന്ന സൌഹൃദത്തിന്റെയും വിനിമയങ്ങളുടെയും വായനയുടെയും സംവാദങ്ങളുടെയും ആശയങ്ങളുടെയും ആനന്ദങ്ങളുടെയും പുതിയ അന്തരീക്ഷം തന്നെയാണ്.
തീര്‍ച്ചയായും ഇതൊരു മാധ്യമ ശ്രമം. വ്യത്യസ്തയുടെ പുതു സാധ്യത തേടല്‍. പുതിയ കാലത്തെയും ജീവിതത്തെയും അടയാളപ്പെടുത്താനും അതിനോട് സത്യസന്ധമായും ബോധപൂര്‍വമായും പ്രതികരിക്കാനുമുള്ള കൂട്ടായ ശ്രമം. പല സ്വരങ്ങള്‍ക്ക് ഒരിടം. പല വീക്ഷണങ്ങള്‍ക്ക് ഒരിടം. പല അഭിരുചികള്‍ക്ക് ഒരിടം. ജീവിതത്തിന്റെ സങ്കീര്‍ണതകളെയും കാലത്തിന്റെ ദ്രുതപരിണാമങ്ങളെയും ഗൌരവമായി വീക്ഷിക്കുന്ന ഒരു കൂട്ടായ്മയുടെ തിരിച്ചറിവുകളുടെയും നിരീക്ഷണങ്ങളുടെയും വികാരങ്ങളുടെയും ഇടപെടലുകളുടെയും സമാഹാരമാണിത്.
കിട്ടുന്നതെന്തും ചര്‍ദ്ദിക്കുന്ന, സ്വന്തം പ്രത്യയശാസ്ത്രവും താല്‍പര്യങ്ങളും വായനക്കാരില്‍ അടിച്ചേല്‍പ്പിക്കുന്ന, വായനയുടെ ലോലവികാരങ്ങള്‍ ഉദ്ദീപിപ്പിച്ച് വിപണി സാധ്യത തിരയുന്ന, സമകാല മാധ്യമ നടത്തങ്ങളില്‍നിന്നുള്ള മാറി നടത്തമാണിത്. എല്ലാ പോര്‍ട്ടലുകളും ഒരേ വായ്ത്താരികള്‍ ഉരുവിടുന്ന, ഒരേ തൂവല്‍പ്പറവകളുടെ അത്തരമൊരു ആകാശം തന്നെയാണ് ഒരര്‍ഥത്തില്‍, പുതു സാധ്യതകളിലേക്കുള്ള ഈ അന്വേഷണം അനിവാര്യമാക്കിയത്. വ്യക്തമായ നിലപാടുകളുടെ അടിസ്ഥാനത്തില്‍, നമ്മുടെ ജീവിതത്തോടും നാം ജീവിക്കുന്ന കാലത്തോടുമുള്ള സത്യസന്ധമായ പ്രതികരണങ്ങള്‍ക്കും ഓണ്‍ലൈന്‍ ആകാശത്ത് ഒരിടമുണ്ടെന്ന് സ്ഥാപിക്കാനുള്ള ആഗ്രഹം നട്ടുനനച്ചത്.
ഇതിനര്‍ഥം, ഇത് കേവലം അഭിപ്രായ പ്രകടനങ്ങളുടെ ഒരു പ്ലാറ്റ്ഫോം മാത്രമാണ് എന്നല്ല. ഒരു മാഗസിനു നല്‍കാനാവുന്ന വ്യത്യസ്ത വിഷയങ്ങളുടെ, അഭിരുചികളുടെ, ഒരു കെട്ടുപാടിലും കുടുങ്ങാത്ത വൈവിധ്യങ്ങളുടെ പല പ്ലാറ്റ് ഫോമുകള്‍ കൂടിയാണ് നാലാമിടം. ഇത് നമ്മുടെ അഭിരുചികളിലേക്കുള്ള യാത്രയാണ്. വായിക്കാനാഗ്രഹിക്കുന്ന, കേള്‍ക്കാനാഗ്രഹിക്കുന്ന ആര്‍ജവമുള്ള, തെളിമയുള്ള, സത്യസന്ധമായ ഒരു മാധ്യമ ഉള്ളടക്കം ഇനി മുതല്‍ നിങ്ങളുടേതാണ്.
ആരൊക്കെ, ആരൊക്കെ
നേരത്തെ പറഞ്ഞ ആ വാക്ക്, കൂട്ടായ്മ, അതു തന്നെയാണ് ഈ മാധ്യമ ശ്രമം സാധ്യമാക്കിയത്. പല മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, പല തരം സാമൂഹിക ഇടപെടലുകള്‍ നടത്തുന്ന, വ്യത്യസ്ത വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന എന്നാല്‍, കൃത്യമായ നിലപാടുകള്‍ പുലര്‍ത്തുന്ന ഒരു പറ്റം മനുഷ്യരുടെ കൂട്ടം ചേരല്‍. വൈയക്തികതയുടെ തുരുത്തുകളില്‍ അടയിരിക്കാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന പുതുകാലത്തു നിന്നു കൊണ്ടു തന്നെ പൊതുവായ ചിലതിനു വേണ്ടിയുള്ള കൈ കോര്‍ക്കലാണത്.
എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ദരും സോഷ്യല്‍ ആക്റ്റിവിസ്റ്റുകളും സാങ്കേതിക വിദഗ്ദരും ശാസ്ത്രജ്ഞരും പാചകവിദഗ്ദരും പരിസ്ഥിതി പ്രവര്‍ത്തകരും പ്രൊഫഷണലുകളും കലാകാരന്‍മാരും മാനേജ്മെന്റ് വിദഗ്ദരും തിയറ്റര്‍ ആക്റ്റിവിസ്റ്റുകളും ചിന്തകരും സ്വപ്നജീവികളും പ്രായോഗിക വാദികളും സാധാരണ മനുഷ്യരും ഒക്കെ ചില കാര്യങ്ങളുടെ പേരില്‍ ഒന്നിച്ചു നില്‍ക്കുന്ന ഒരിടമാണ് ഇത്. സ്വന്തം തൊഴിലിലും ജീവിതത്തിലും മുഴുകുന്നതിനിടെ പലപ്പോഴും ഉച്ചരിക്കപ്പെടാതെ പോവുന്ന സാമൂഹിക മാനങ്ങളുള്ള വാക്കുകളുടെ ഒന്നിച്ചുള്ള മുഴക്കം. എന്നാല്‍ അതൊരു കൂട്ടപ്പൊരിച്ചിലാവില്ല. ഓരോ ശബ്ദവും മുഴങ്ങിക്കേള്‍ക്കാനാവുന്ന വിധം തെളിമ അതിനുണ്ടാവും.
തീര്‍ച്ചയായും, അബദ്ധത്തില്‍ വെടി പൊട്ടി ആളു ചാവുന്ന ഒരു ശിക്കാരി ശംഭു മോഡല്‍ പരക്കം പാച്ചിലല്ല മാധ്യമപ്രവര്‍ത്തനം. വ്യക്തമായ ആസൂത്രണത്തോടെ, മീഡിയത്തെക്കുറിച്ചും വായനയെക്കുറിച്ചുമുള്ള ആഴമുള്ള അവബോധത്തില്‍ നിന്ന് ഉറവയെടുക്കുന്ന ബോധപൂര്‍വമായ ശ്രമം തന്നെയാണ് അത്. അനുനിമിഷം മാറുന്ന ജീവിതത്തെ എങ്ങനെ പകര്‍ത്താനാവുമെന്ന ഉറച്ച ബോധ്യമുള്ള ഒരു മാധ്യമ കൂട്ടായ്മയുടെ ബോധപൂര്‍വമായ ഇടപെടല്‍ തന്നെയായിരിക്കും നാലാമിടം.
എന്തൊക്കെ, എന്തൊക്കെ
വാര്‍ത്തകളുടെയും വിവരങ്ങളുടെയും വിശകലനങ്ങളുടെയും ഘോഷയാത്രയാണ് നാം ജീവിക്കുന്ന കാലം. ഒരേ മട്ടില്‍ പോവുന്ന അത്തരം ഘോഷയാത്രകളില്‍ ഒന്നു പല്ലിറുമ്മുക പോലും ചെയ്യാതെ നടന്നു പോവുന്നതാണ് നടപ്പുകാല മാധ്യമ രീതി. ഈ കൂട്ടപ്പാച്ചിലില്‍ വെപ്രാളവും തിരക്കും അനാവശ്യ മല്‍സര ഭീതിയും നിമിത്തം ഒരേ തരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന ഉച്ചഭാഷിണികളായി മാറുകയാണ് മാധ്യമ സഹജീവികളില്‍ ഏറെയും. ആരൊക്കെയോ പ്രോഗ്രാം ചെയ്തുവിടുന്ന, സ്വയം തിരിച്ചറിയുക പോലും ചെയ്യാത്ത കാര്യങ്ങള്‍ ഒരുത്തരവാദിത്തവുമില്ലാതെ വായനക്കാരിലേക്ക് എയ്തുവിടുന്ന അത്തരം മാധ്യമ സംസ്കാരത്തില്‍നിന്ന് ഭിന്നമായിരിക്കും തീര്‍ച്ചയായും നാലാമിടം. ഒരേ അച്ചില്‍ വാര്‍ത്ത, സ്ഥാപിത താല്‍പര്യങ്ങളുടെ അത്തരം മാധ്യമ ശീലങ്ങളില്‍നിള്ള വഴി മാറി നടത്തം.
അടിസ്ഥാനപരമായി ഞങ്ങള്‍ നില്‍ക്കുന്ന ഇടം വ്യത്യസ്തതയുടേതാണ്. നേരിനുള്ളിലെ നേരു കാണാന്‍, നേര്‍യുക്തികള്‍ക്കകത്ത് ഒളിഞ്ഞിരിക്കുന്ന സങ്കീര്‍ണ യാഥാര്‍ഥ്യം കാണാന്‍, പൊതു ശരികള്‍ക്കുള്ളില്‍ അദൃശ്യമായി വര്‍ത്തിക്കു അധികാരത്തിന്റെ സാന്നിധ്യ തിരിച്ചറിയാന്‍, നടപ്പുകാലം പ്രകീര്‍ത്തിക്കുന്ന നിലപാടുകളുടെ അകംപൊള്ളയായ ഉള്ളടക്കം തിരിച്ചറിയാനുള്ള നൈതികമായ ജാഗ്രത നാലാമിടം എന്നും പുലര്‍ത്തും.
സംവാദത്തിന്റെയും അഭിപ്രായ പ്രകടനങ്ങളുടെയും തുറസ്സ് എന്നും അതിനുണ്ടാവും. വ്യത്യസ്ത വീക്ഷണം പ്രകടിപ്പിക്കാനുള്ള ഇടമായിരിക്കും അത്. എന്നാല്‍, അത് വ്യക്തിഹത്യയുടെ തലത്തിലേക്ക് സംവാദങ്ങള്‍ വഴി മാറാതിരിക്കാന്‍, അഭിപ്രായ പ്രകടനങ്ങള്‍ ചുരുങ്ങാതിരിക്കാനുള്ള പൂര്‍ണ ജാഗ്രത ഞങ്ങളുടെ ഭാഗത്തുനിന്നുണ്ടാവും. പക്ഷേ, തെറ്റ് തെറ്റെന്ന് ചൂണ്ടിക്കാട്ടാനുള്ള ആര്‍ജവം അടിയറ വെക്കുന്ന നിസ്സംഗതയാവില്ല അത്.
സ്ത്രീ, പരിസ്ഥിതി, കീഴാള വിഷയങ്ങളില്‍ വ്യക്തമായ പക്ഷപാതം പുലര്‍ത്തുകയും എന്നാല്‍, പൊതു നിലപാടുകളില്‍ നിഷ്പക്ഷത പുലര്‍ത്തുകയും ചെയ്യുന്നതാവും നാലാമിടത്തിന്റെ നയം. ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി,ലിംഗനീതി തുടങ്ങിയ നിലപാടുകളില്‍ വേരുറച്ചതായിരിക്കും നാലാമിടത്തിന്റെ രാഷ്ട്രീയം.
എങ്ങനെ, എങ്ങനെ
അടിസ്ഥാനപരമായി മാഗസിന്‍ സ്വഭാവമാണ് നാലാമിടത്തിന്റേത്. എന്നാല്‍, മാഗസിനുകള്‍ക്ക് മാത്രം കൈകാര്യം ചെയ്യാനാവുന്ന വിഷയങ്ങള്‍ക്കാപ്പം പ്രതിദിനം നിരന്തര മാറ്റങ്ങള്‍ക്ക് വിധേയമാവുന്ന വാര്‍ത്തകളും അവലോകനവും ഇതോടൊപ്പമുണ്ടാവും. ഇതോടൊപ്പം കവര്‍ സ്റ്റോറികളും അഭിമുഖങ്ങളും ന്യൂസ് സ്റ്റോറികളും നാലാമിടത്തിലുണ്ടാവും.
വിഷയം, വ്യക്തി എന്നീ അടിസ്ഥാനങ്ങളിലുള്ള രണ്ട് വിഭാഗം കോളങ്ങളാണ് നാലാമിടത്തിന്റെ നാവ്. ആദ്യത്തേതില്‍ രാഷ്ട്രീയം, സിനിമ, ബിസിനസ്, ഓഹരി, പെണ്‍പക്ഷം, മാധ്യമം, ശാസ്ത്രം, സ്പോര്‍ട്സ്, സാങ്കേതികം, പരിസ്ഥിതി, പ്രവാസം, കല, തിയറ്റര്‍, കൃഷി, പാചകം, ബാലസാഹിത്യം, ദേശം, വായന തുടങ്ങിയ ഭിന്ന വിഷയങ്ങള്‍. രണ്ടാമത്തേതില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍.
കൈകാര്യം ചെയ്യുന്ന പ്രകൃത പ്രകാരം ഇവയില്‍ ചിലത് ദിവസം തോറും മാറും. ചിലത് ആഴ്ച തോറും പുതുക്കപ്പെടും. ചിലതിന് ദ്വൈവാര അപ്ഡേഷനായിരിക്കും. മറ്റ് ചിലത് മാസത്തിലൊരിക്കല്‍ മാറും.
എന്നാല്‍, പ്രായോഗ തലത്തില്‍ വരുമ്പോള്‍ നാലാമിടത്തില്‍ എന്നും പുതിയ വിഭവങ്ങളുണ്ടാവും. ദിവസം നാലിലേറേെ കോളങ്ങളുടെ അപ്ഡേഷന്‍. വ്യത്യസ്തതയുടെ പ്രതിദിന വായനാനുഭവങ്ങള്‍.
ഇതോടൊപ്പം വായനക്കാരുടെ ഇടപെടലുകള്‍ക്കായുള്ള കോളങ്ങളുമുണ്ട്. വായനക്കാര്‍ക്ക് പൂരിപ്പിക്കാനുള്ള ഇടങ്ങള്‍. അര്‍ഥവത്തായ കൂട്ടായ്മയിലൂടെ നാലാമിടത്തെ വ്യത്യസ്തതയുടെ സവിശേഷ ഇടമായി നിലനിര്‍ത്താന്‍ നമുക്കു ഒന്നിച്ചു നില്‍ക്കാം. വ്യത്യസ്തതയുടെ പ്രതിദിന വായനകളിലേക്ക് ഇതാ ഞങ്ങള്‍ കൈകള്‍ നീട്ടുന്നു.