ഒരു കേസില്ലാ ദേശം അകമേ കൊണ്ടുനടക്കുന്ന ചോരക്കഥകള്‍

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ വട്ടവട പഞ്ചായത്തിലെ പ്രദേശം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം കേസുകളില്ലാത്ത ഈ ദേശത്ത് ആരുമറിയാതെ കുഴിച്ചു മൂടപ്പെട്ട ചില കൊലപാതകങ്ങളുടെ കഥകളുണ്ട്. പല കാരണങ്ങളാല്‍ കോടതികളിലെത്താതെ പോയ, കേസാവാതെ പോയ ചോരക്കഥകള്‍ പകര്‍ത്തുന്നു കെ.പി ജയകുമാര്‍. ഒപ്പം, വിചിത്രമായ ആ ദേശത്തിന്റെ മറ്റ് വര്‍ത്തമാനങ്ങളും

 

 

വട്ടവടയിലേക്കുള്ള ആദ്യയാത്രയായിരുന്നു അത്. 11 വര്‍ഷം മുമ്പ്. കാലമേറെയായിട്ടും ആ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഉറഞ്ഞു കിടപ്പുണ്ട്, ആ യാത്ര. എറണാകുളത്തുനിന്ന് ആദ്യവണ്ടിക്കുതന്നെ മൂന്നാറില്‍ എത്തി. തണുത്തുറഞ്ഞ മൂന്നാര്‍. ചങ്ങാതിയും ഫോട്ടോഗ്രാഫറുമായ അജിലാല്‍ സ്വറ്ററും തൊപ്പിയും കൊണ്ട് മൂടിപ്പൊതിഞ്ഞാണ് ബസ്സിനുള്ളില്‍ കൂനിക്കൂടിയിരുന്നത്.

ഹൈറേഞ്ചില്‍ ജനിച്ചുവളര്‍ന്നവന്‍ എന്ന അഹങ്കാരത്താല്‍ തണുപ്പിനെ നേരിടാന്‍ ഞാനൊന്നും കരുതിയിരുന്നില്ല. താടിവിറച്ച് പല്ലുകള്‍ കൂട്ടിയിടിച്ച് താളമിട്ടു. മൂന്നാര്‍ ബസ്റ്റോപ്പില്‍ കോവിലൂര്‍ വണ്ടിക്ക് കാത്തുനില്‍ക്കുമ്പോള്‍ തണുപ്പ് അസ്ഥി തുളച്ച് മജ്ജയില്‍ കൊത്തുന്നതറിഞ്ഞു. ആ പ്രഭാതത്തില്‍ മൂന്നാറില്‍ നിന്നും കുടിച്ച ചൂട് ചായയുടെ സ്വാദ് പിന്നീടൊരിക്കലും ഒരു ചായക്കും കിട്ടിയിട്ടില്ല. ഇനി 45 കിലോമീറ്റര്‍ യാത്ര ചെയ്താലാണ് കോവിലൂരിലെത്തുക. ബസിനുള്ളില്‍ വല്ലാത്ത ശ്വാസം മുട്ടലാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ ചീറിയടിക്കുന്ന തണുപ്പുകാറ്റ്. ഉള്ളില്‍ ഒരുപാട് നിശ്വാസങ്ങളുടെ ചൂര്. തേയിലയും ജമന്തിയും മുല്ലയും പുകയിലയും ബീഡിയും ഗന്ധം ഖനീഭവിച്ച പലമാതിരിയുടല്‍ ഗന്ധങ്ങളുടെ കൂടിക്കലരല്‍. കോവിലൂരില്‍ ബസ്സിറങ്ങുമ്പോള്‍ എട്ടുമണി.

പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമാണ് കോവിലൂര്‍. സമീപഗ്രാമങ്ങളിലും സൂര്യപ്രകാശമെത്താന്‍ ഏറെ വൈകും. തണുപ്പ് മെല്ലെ ഒഴിഞ്ഞുപൊയ്ക്കൊണ്ടിരുന്നു. കോവര്‍ കഴുതകളെ തെളിച്ച് കര്‍ഷകരായ ആണും പെണ്ണും വെളുത്തുള്ളിപ്പാടങ്ങളിലേക്ക് നീങ്ങുകയാണ്. കോവിലിനു സമീപം ഗ്രാമവൃദ്ധന്‍മാരുടെ പതിവു സംഘം. കോവിലൂര്‍ ഗ്രാമം അതിന്റെ പതിവു തിരക്കുകളിലേക്ക് ഉണരുകയാണ്.

കേസില്ലാ നാട്
സര്‍ക്കാര്‍ രേഖകള്‍ പ്രകാരം വട്ടവട ഗ്രാമപഞ്ചായത്ത് വ്യവഹാര മുക്ത ഗ്രാമമാണ്. അതായത് കേസില്ലാ നാട്. കുറ്റകൃത്യങ്ങളില്ല, അതിനാല്‍ കേസുമില്ല എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍, കഞ്ചാവ് കൊള്ളക്കാരുടെ സ്വന്തം മേഖലയായ ഇവിടെ പല അരും കൊലകളും നടന്നതായി ചില സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. പലപ്പോഴായി പത്രങ്ങളുടെ പ്രാദേശിക പേജുകളില്‍ ചില കൊലപാതക വാര്‍ത്തകള്‍ വന്നുമറഞ്ഞതും ശ്രദ്ധയില്‍ പെട്ടു. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള അതിര്‍ത്തി ഗ്രാമമായതിനാലും സവിശേഷമായ ഗോത്ര ജീവിതസാഹചര്യങ്ങള്‍ കാരണവും കേസ് കൊടുക്കാന്‍ ആരും ധൈര്യപ്പെടാത്തതിനാലുമാണ് ഈ നാട് വ്യവവഹാരമുക്തമായതെന്നും അറിഞ്ഞു. കേസ് കേട്ടുകേള്‍വിയായ ദേശത്തിന്റെ നാട്ടിലെ മറച്ചുവെച്ച അത്തരം കൊലപാതകങ്ങളെക്കുറിച്ച് തിരക്കാനുള്ള ജേണലിസ്റ്റിക് ആകാംക്ഷയായിരുന്നു സത്യത്തില്‍ കോവിലൂരിലേക്കുള്ള യാത്രക്ക് പ്രേരിപ്പിച്ചത്. കിട്ടിയ വിലാസങ്ങള്‍ വെച്ചുള്ള അന്വേഷണം. കൊല്ലപ്പെട്ടുവെന്ന് ഏതാണ്ട് ഉറപ്പുള്ള ചിലരുടെ വീടുകള്‍ കണ്ടെത്തലായിരുന്നു ആദ്യപടി.

 

 

തങ്കസ്വാമിയുടെ അരുംകൊല
അടുത്ത കാലത്ത് മരിച്ച തങ്കസാമിയുടെ വീടന്വേഷിച്ചു. സംശയത്തോടെ ഗ്രാമവാസികളില്‍ ചിലര്‍ ചുറ്റും കൂടി. ഇന്‍ഷുറന്‍സ് കമ്പനിക്കാരാണെന്നും മരിച്ച തങ്കസ്വാമിയുടെ വീട്ടുകാരെ കണ്ട് ചില വിവരങ്ങള്‍ ശേഖരിക്കാനാണെന്നും പറഞ്ഞത് എന്തുകൊണ്ടോ അവര്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ അവിടെയത്തി.

ഗ്രാമക്ഷേത്രത്തിനടുത്താണ് തങ്കസ്വാമിയുടെ വീട്. ഉമ്മറത്തെ ചുമരില്‍ ഒരു ചെറുപ്പക്കാരന്റെ വലിയ ചിത്രം ചില്ലിട്ടുവച്ചിരിക്കുന്നു. മരിച്ച തങ്കസ്വാമിയാണത്. തങ്കസ്വാമിയുടെ പിതാവ് സക്കയനെ ഞങ്ങള്‍ കണ്ടു. വയസ്സ് എണ്‍ത്തിയാറ് കഴിഞ്ഞിരിക്കുന്നു. കാഴ്ച നന്നേ കുറവ്. പലതവണ പൊട്ടിക്കരഞ്ഞും ശപിച്ചും ശകാരിച്ചും സക്കയന്‍ പറഞ്ഞ കഥയും ഗ്രാമത്തില്‍നിന്നു കേട്ട കഥകളും ചേര്‍ത്ത് ഇങ്ങനെ വായിച്ചെടുക്കാം:

തങ്കസ്വാമി കാലത്ത് വീട്ടില്‍നിന്നിറങ്ങി. കൃഷി സ്ഥലത്തേക്കു പുറപ്പെട്ടതാണ്. വഴിക്ക്, ചായകുടിക്കുന്നതിനായി അയാള്‍ പ്രധാന തെരുവിലേക്കു നടന്നു. പെട്ടെന്ന് കുറേയാളുകള്‍ അയാളെ വളഞ്ഞു. ഗ്രാമീണര്‍ നോക്കി നില്‍ക്കെ, വന്യജീവികളെ വേട്ടയാടാന്‍ ഉപയോഗിക്കുന്ന പ്രത്യേകതരം വില്ലുപയോഗിച്ച് ഇരുപുറത്തുനിന്നും അവരയാളെ എയ്തു വീഴ്ത്തി. റോഡിന് ഇരുപുറവും നിന്ന വില്ലുകാര്‍ തങ്കസ്വാമിയുടെ തലക്കാണ് എയ്തുകൊള്ളിച്ചത്. നിലത്തുവീണ് പിടയവേ വേല്‍ക്കമ്പുകൊണ്ട് അവര്‍ കുത്തിപ്പിടിച്ചു. എയ്തുവീഴ്ത്തിയ മൃഗങ്ങളെ മരണംവരെ വേല്‍ക്കമ്പുകൊണ്ട് കുത്തിപ്പിടിക്കുകയെന്നത് ഗ്രാമീണരുടെ വേട്ടയാടല്‍ രീതിയാണത്രെ. ഗ്രാമപാതക്കു നടുവില്‍ വീണുകിടന്ന തങ്കസ്വാമിയുടെ തലയിലേക്ക് വലിയ കല്ലുകള്‍ പലപ്രാവശ്യം വന്നുവീണു. ഗ്രാമീണര്‍ ഈ കാഴ്ച ശ്വാസമടക്കിപ്പിടിച്ചു കണ്ടു.
തങ്കസ്വാമിയുടെ പിതാവ് വൃദ്ധനായ സക്കയന്‍ അവിടേക്ക് ഓടിയെത്തിയെങ്കിലും കാഴ്ച കുറവായതിനാല്‍ അയാള്‍ ഒന്നും കണ്ടില്ല. ഞരക്കം കേട്ട ദിക്കിലേക്ക് തപ്പിത്തടഞ്ഞെത്തിയ പിതാവ് മകന്റെ തകര്‍ന്ന ശിരസ്സുകണ്ട് വാവിട്ടു കരഞ്ഞു. രണ്ടുമണിക്കൂറോളം തങ്കസ്വാമി അവിടെത്തന്നെ കിടന്നു. ആരും അടുത്തില്ല. അക്രമികള്‍ വേല്‍ക്കമ്പും വില്ലുമായി മൃതദേഹത്തിന് കാവല്‍നിന്നത്രെ. സക്കയനും അവിടത്തന്നെയിരുന്നു. മകന്‍ മരിക്കുവോളം.

ഗ്രാമത്തിലെ പ്രമാണിമാരില്‍ ഒരാളായ സുബ്രഹ്മണ്യന്റെ മകളെ പ്രേമിച്ചതിനുള്ള ശിക്ഷയായിരുന്നു ആ കൊലപാതകം. തങ്കസ്വാമിക്ക് അന്ന് ഇരുപത്തിയെട്ട് വയസ്സായിരുന്നു. മകന്റെ ചിത്രം ചേര്‍ത്തുപിടിച്ച് പൊട്ടിക്കരയുന്ന വൃദ്ധനായ സക്കയന്റെ രൂപം മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. ആ കൂടിക്കാഴ്ചക്കുശേഷം സക്കയന്‍ അധികകാലം ജീവിച്ചിരുന്നില്ല. പിന്നീട് പല തവണ പല ആവശ്യങ്ങള്‍ക്കായി കോവിലൂരില്‍ എത്തിയപ്പോഴൊക്കെ അന്വേഷിച്ചിരുന്നു.
എന്നോ ജീവിച്ചു പിന്നീട് മരിച്ചുപോയ രണ്ടുപേര്‍ എന്നതിലപ്പുറം ഇന്ന് ആരും സക്കയനെയോ മകനെയോ ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നു തോന്നി. പുത്രശോകത്താല്‍ നീറിമരിച്ച സക്കയന്റെ കഥ എന്തുകൊണ്ടോ ചരിത്രമോ പുരാണമോ പുരാവൃത്തമോ ആയില്ല.

 

 

പിന്നെ, അവരെയാരും കണ്ടിട്ടില്ല
വ്യവഹാര മുക്തമായ ഗ്രാമത്തിന്റെ ഓര്‍മ്മകളുടെ അടരുകളില്‍ അമര്‍ന്നിരുന്ന മറ്റനേകം കഥകളിലേക്കും അന്ന് ഞങ്ങള്‍ ചെന്നു കയറി. അതിലൊന്ന് ഷണ്‍മുഖവേലുവിന്റെയും ഭാര്യ സ്വര്‍ണകാന്തിയുടെയും കഥ.
പഞ്ചായത്തിലെ ഏറ്റവും പ്രാചീന ഗ്രാമമാണ് കോട്ടക്കമ്പൂര്‍ . കടുകും ജീരകവും വെളുത്തുള്ളിയും ഉലുവയും വിളയുന്ന വയലുകള്‍. അതിനു നടുക്ക് ഷണ്‍മുഖ വേലിന്റെ വീട്. അവിടെ അയാളുടെ ഭാര്യയും രണ്ട് മക്കളും. അങ്ങനെയിരിക്കെ അതേ ഗ്രാമത്തിലെ സ്വര്‍ണ്ണകാന്തിയുമായി അയാള്‍ പ്രണയത്തിലാവുന്നു. സ്വര്‍ണ്ണകാന്തിക്ക് ഭര്‍ത്താവും മൂന്ന് പെണ്‍മക്കളുമുണ്ട്. ഗ്രാമം തണുപ്പ് പുതച്ചുറങ്ങിയ രാത്രിയിലൊന്നില്‍ ഷണ്‍മുഖവേലും സ്വര്‍ണ്ണകാന്തിയും ഗ്രാമം വിട്ടു. ഒളിച്ചോട്ടം. തൊട്ടടുത്ത് കാന്തല്ലൂര്‍ പഞ്ചായത്തിലെ പുത്തൂരില്‍ പോയി അവര്‍ രഹസ്യമായി താമസിച്ചു. സ്വര്‍ണകാന്തിയുടെ ബന്ധുക്കളെ ഭയന്നായിരുന്നു ഒളിച്ചോട്ടം.

മാസങ്ങള്‍ കഴിഞ്ഞു. പൊളൂരില്‍ താമസിക്കുന്ന ഷണ്‍മുഖവേലിന്റെ സഹോദരിക്ക് കലശലായ രോഗം. വിവരമറിഞ്ഞ ഷണ്‍മുഖവേലും സ്വര്‍ണ്ണകാന്തിയും അവരെ കാണാന്‍ ഗ്രാമത്തിലെത്തി. കോവിലൂര്‍ വഴിയായിരുന്നു മടക്കം. സമയം സന്ധ്യ കഴിഞ്ഞു. കോവിലൂരില്‍ നിന്നും പുത്തൂര്‍ വരെ വനത്തിലൂടെ നടന്നുവേണം പോകാന്‍. യാത്ര തീരെ സുരക്ഷിതമായിരുന്നില്ല. സുഹൃത്തായ കൃഷ്ണസ്വാമിയുടെ വീട്ടില്‍ രാത്രി തങ്ങി രാവിലെ പുറപ്പെടാന്‍ അവര്‍ തീരുമാനിച്ചു.
2001 നവംബര്‍ 9. രാത്രി 7.30. കൃഷ്ണസ്വാമിയുടെ വീടിനു പിന്നിലെ കുളിമുറിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു ഷണ്‍മുഖവേല്‍. പെട്ടെന്ന് അഞ്ചുപേരടങ്ങുന്ന ഒരു സംഘം ആയുധങ്ങളുമായി അവിടെയെത്തി. കുളിമുറിയില്‍ കടന്ന് ഷണ്‍മുഖവേലിന്റെ പിന്‍കഴുത്തില്‍ കമ്പുകൊണ്ട് അടിച്ചു. അടിയേറ്റ് ഷണ്‍മുഖവേല്‍ വീണു. ഓടിയെത്തിയ സ്വര്‍ണ്ണകാന്തിയേയും സംഘം അടിച്ചുവീഴ്ത്തി. ഇരുവരെയും വലിച്ചിഴച്ച് ഇരുട്ടില്‍ മറഞ്ഞു. രാത്രിക്കുമേല്‍ മഞ്ഞ് പെയ്തിറങ്ങി. ഗ്രാമം അതിന്റെ തീക്ഷ്ണശൈത്യത്തില്‍ അമര്‍ന്നു. പിന്നീടാരും ഷണ്‍മുഖനേയും സ്വര്‍ണ്ണകാന്തിയേയും കണ്ടിട്ടില്ല.

ഷണ്‍മുഖവേലിനെയും സ്വര്‍ണ്ണകാന്തിയേയും വീട്ടില്‍ ചെന്നു മര്‍ദ്ദിച്ചതുവരെയുള്ള സംഭവങ്ങള്‍ ശരിയാണെന്നും പിന്നീടവര്‍ അവിടെ നിന്നും ഓടിപ്പോയെന്നും കമ്പക്കല്ലിലോ തമിഴ്നാട്ടിലെ വരശുനാടിനടുത്ത് ആണ്ടിപ്പെട്ടി മലകളിലോ കഞ്ചാവു തോട്ടങ്ങളില്‍ എവിടെയെങ്കിലും അവര്‍ ഉണ്ടാവുമെന്നും അവിടെ കണ്ട ചില നാട്ടുകാര്‍ പറഞ്ഞു. ഗ്രാമത്തിലാരും പിന്നീടവരെ കണ്ടിട്ടില്ല. ഗ്രാമത്തിന്റെ ഓര്‍മ്മകളില്‍ ഇവരുടെ പേരുകളുമില്ല.

കാശിനാഥന്റെ മരണം
കാശിനാഥന്‍ ഗ്രാമത്തിലെ ആദ്യ രാഷ്ട്രീയ രക്തസാക്ഷിയാണ്. ഞങ്ങള്‍ ആദ്യമായി വട്ടവടയിലെത്തുന്നതിനും പത്തുവര്‍ഷം മുമ്പ് അയാള്‍ കൊല്ലപ്പെട്ടു. ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറിയായിരുന്നു കാശിനാഥന്‍. വട്ടവടഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റായി നിരവധി വര്‍ഷം പ്രവര്‍ത്തിച്ച അരുണാചലത്തിന്റെ മകന്‍. മരിക്കുമ്പോള്‍ പ്രായം 24.

1994 ജൂണ്‍ 11. രാത്രി ഭക്ഷണത്തിനുശേഷം കാശിനാഥന്‍ കൃഷി വിളഞ്ഞുകിടക്കുന്ന വയലിലേക്ക് കാവലിനായി പുറപ്പെട്ടതാണ്. രാത്രി വളരെ വൈകി ഒരുസംഘം അപരിചിതര്‍ കാവല്‍ മാടത്തിലെത്തി. കാശിനാഥനുമായി വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം സംഘര്‍ഷമായി. സംഘം കാശിനാഥനെ വെടിവെച്ചു വീഴ്ത്തിയശേഷം കഞ്ചാവുകാട്ടിലേക്ക് കടന്നുകളഞ്ഞു. കാശിനാഥന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. വിവിധ ഏജന്‍സികള്‍ മാറിമാറി അന്വേഷണം നടത്തി. കാശിനാഥന്‍ രക്തസാക്ഷിയായി എന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.

 

 

നായ കടിച്ചോടിയ ഒരു ശിരസ്സ്
കാശിനാഥന്‍ മരിച്ചതിന്റെ തൊട്ടടുത്ത ആഴ്ച ചിലന്തിയാര്‍ വയലില്‍ ഒരു തലകാണപ്പെട്ടു. നാല് ദിവസം കഴിഞ്ഞ് കമ്പക്കല്ലിലെ കഞ്ചാവുതോട്ടത്തില്‍ തലയില്ലാത്ത ഒരുടലും. നായ്ക്കള്‍ കടിച്ചെടുത്തുകൊണ്ട് ഓടുന്നത് മനുഷ്യന്റെ തലയാണെന്ന് വളരെ വൈകിയാണ് ഗ്രാമക്കാര്‍ തിരിച്ചറിഞ്ഞത്.
കഞ്ചാവുതോട്ടത്തില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതാണെന്നും അറുത്തെടുത്ത ശിരസ്സ് പത്തുകിലോമീറ്റര്‍ ഇപ്പുറം ചിലന്തിയാറ്റിലെ വയലില്‍ കൊണ്ടുചെന്ന് ഉപേക്ഷിച്ചതാണെന്നും പൊലീസ് വിശദീകരിക്കുന്നു.
കൊല്ലപ്പെട്ടത് കമ്പക്കല്ലിലെ മാഫിയ തലവന്‍ ഭീകരന്‍ തോമയെന്ന മൂലമറ്റം ഇലപ്പള്ളി സ്വദേശി റോയിയാണെന്ന് (28) പൊലീസ് രേഖകള്‍. അന്വേഷണം എവിടയോ അവസാനിപ്പിച്ച് പൊലീസ് ഈ ഫയലും അടച്ചു.

2003 മെയ് മാസം ആറാം തീയതി കോവിലൂര്‍ മലയില്‍ അറുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാളുടെ ജഡം കണ്ടു. കൊലചെയ്യപ്പെട്ടിട്ട് പത്തു ദിവസമെങ്കിലും കഴിഞ്ഞിരിക്കാമെന്നാണ് നിഗമനം. ഇയാള്‍ കമ്പം സ്വദേശിയാണെന്നും കഞ്ചാവു കച്ചവടത്തിനായി ഗ്രാമത്തില്‍ വന്നുപോകാറുള്ള ആളാണെന്നും ഗ്രാമീണര്‍ അടക്കം പറയുന്നു.

2003 ജൂണ്‍ ആദ്യവാരം കോവിലൂര്‍ കുമാരസ്വാമിയുടെ മക്കളായ ഭരതനും പരശുരാമനും തമ്മില്‍ വഴക്കുണ്ടായി. കുടുംബവഴക്ക് പരസ്പരമുള്ള ഏറ്റുമുട്ടലായി. സംഘര്‍ഷത്തില്‍ തലക്ക് മാരകമായി പരുക്കേറ്റ പരശുരാമന്‍ കൊല്ലപ്പെട്ടു. കാലിന് വെട്ടേറ്റ ഭരതനെ പിറ്റേന്ന് ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചു. പരശുരാമന്റെ മരണവുമായി ബന്ധപ്പെട്ട് ഭരതനെ പിന്നീട് ദേവികുളം പൊലീസ് അറസ്റ് ചെയ്തു.

ഞങ്ങള്‍ ഗ്രാമത്തിലെത്തിയതിന് ദിവസങ്ങള്‍ക്കുമുമ്പ് മാത്രമാണ് കാട്ടരുവിയുടെ തീരത്തെ പൊന്തക്കാടുകളോട് ചേര്‍ന്ന് ഒരു ജഡം കണ്ടെത്തിയത്. കുറ്റിക്കാടുകളില്‍ വേട്ടയാടാന്‍പോയ കുട്ടികളാണ് ആദ്യം കണ്ടത്. കുട്ടികള്‍ വാര്‍ത്തയുമായി ഗ്രാമത്തിലേക്ക് പാഞ്ഞു. ഗ്രാമീണര്‍ പലരും ശവം തിരിച്ചറിഞ്ഞു. കഞ്ചാവു കച്ചവടത്തിനായി ഗ്രാമത്തില്‍ വന്നുപോകാറുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അത്. വിവരം പൊലീസില്‍ അറിയിക്കാന്‍ ആളുകള്‍ പോയി. പക്ഷെ, അപ്പോഴേക്കും മൃതശരീരം അപ്രത്യക്ഷമായി.

മരണത്തിന്റെ കഞ്ചാവുമണം
വട്ടവട പഞ്ചായത്തിനോടു ചേര്‍ന്നാണ് കമ്പക്കല്ല്, ക്ലാവര, മഞ്ചപ്പെട്ടി എന്നീ പ്രദേശങ്ങള്‍. കഞ്ചാവിന്റെ ഗോള്‍ഡന്‍ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന പ്രദേശം. തേയിലത്തോട്ടങ്ങള്‍ക്കും നിബിഡ വനങ്ങള്‍ക്കുമിടയില്‍ സ്ഥിതിചെയ്യുന്ന കോവിലൂര്‍ ഗ്രാമത്തിലൂടെ തോക്കുകളുമായി പട്ടാപ്പകല്‍ കഞ്ചാവു തോട്ടങ്ങളിലേക്ക് നടന്നുപോകുന്നവരെ കാണാമായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. തൊണ്ണൂറുകളുടെ അവസാനംവരെ കഞ്ചാവിന്റെ സുവര്‍ണ്ണകാലമായിരുന്നു. അക്കാലത്ത് കോവിലൂരിലെ തെരുവുകള്‍ വൈകുന്നേരം ഏഴുമണികഴിഞ്ഞാല്‍ വിജനമാവും. മനുഷ്യര്‍ പിന്‍വാങ്ങിയ ഗ്രാമത്തിലൂടെ കോവര്‍ കഴുതകള്‍ യഥേഷ്ടം അലഞ്ഞു തിരിയുന്നുണ്ടാവും. പകലിന് അപരിചിതമായ ലോകമാണ് പിന്നെ. വിലകൂടിയ കാറുകളും മറ്റുവാഹനങ്ങളും പാതിരക്ക് ഈ വഴിവന്നുപോകും. അവിടവിടെ പാട്ടവിളക്കിന്റെ മുനിഞ്ഞവെളിച്ചത്തില്‍ ഇരുട്ടില്‍നിന്നും ഗ്ലാസിലേക്കു പകരുന്ന ചാരായം. കോവിലൂരില്‍ മുപ്പതിലധികം ചാരായ വില്പന കേന്ദ്രങ്ങളുണ്ടായിരുന്നത്രെ, അന്ന്.

വ്യവഹാരമുക്തമാവുന്നതിങ്ങനെ
കഞ്ചാവ് മാഫിയകള്‍ തമ്മില്‍തമ്മില്‍ ചിലപ്പോള്‍ സംഘര്‍ഷങ്ങളുണ്ടാവും. വിളഞ്ഞ തോട്ടങ്ങള്‍ കൊള്ളയടിക്കാന്‍ തമിഴ്നാട്ടില്‍നിന്നും വരുന്ന സംഘങ്ങളുമായി നിരന്തരം ഏറ്റുമുട്ടലുകള്‍ ഉണ്ടാവും. വെടിവയ്പ്പുകളും പലപ്പോഴും തുറന്ന യുദ്ധങ്ങള്‍ക്കും ഗ്രാമങ്ങള്‍ സാക്ഷികളായി. ഓരോ ഏറ്റുമുട്ടലുകളിലും ഒന്നിലധികം മരണങ്ങള്‍ സംഭവിച്ചു. ഒന്നിനും പരാതിക്കാരോ സാക്ഷികളോ ഉണ്ടായില്ല. ഗ്രാമങ്ങളെ ഭയത്തിന്റെ മുനമ്പില്‍ നിര്‍ത്തിയാണ് ഓരോ കഞ്ചാവുകാലവും കടന്നുപോകുന്നത്. ഇത്തരം കൊലപാതകങ്ങള്‍ പൊലീസ് അറിയാറില്ല. അപൂര്‍വ്വമായി എടുത്ത കേസുകള്‍ എഴുതിത്തള്ളുന്നതിനപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.

കഞ്ചാവുതോട്ടങ്ങളില്‍ പങ്കുകാരായോ പണിക്കാരായോ പോയ പലരേയും പിന്നീട് കാണാതായിട്ടുണ്ട്. തോട്ടങ്ങളില്‍ സംഘര്‍ഷമുണ്ടായ വാര്‍ത്തകള്‍ എപ്പോഴെങ്കിലും പുറത്തു വരുമ്പോഴാണ് കാണാതായവരെപ്പറ്റി ബന്ധുക്കള്‍ പരാതിയുമായി എത്തുക. കാണാതാകുന്നവര്‍ വട്ടവടക്കു പുറത്തുള്ളവരായതുകൊണ്ട് മറയൂര്‍, ദേവികുളം പൊലീസ് സ്റ്റേഷനുകളിലേക്ക് കേസ് കൈമാറ്റം ചെയ്യും. അന്വേഷണം മിക്കവാറും നടക്കാറില്ല. അതുകൊണ്ടുതന്നെ ഇവയൊന്നും കേസ് രജിസ്ററില്‍ പോലും ഉണ്ടാവാറില്ല. അങ്ങനെ ഗ്രാമം വ്യവഹാര രഹിതമായി തുടര്‍ന്നു.

 

 

ബാര്‍ബര്‍മുക്ത ഗ്രാമം!
ഏറ്റവുമൊടുവില്‍ അടുത്തകാലത്ത് കോവിലൂരിലെത്തുമ്പോള്‍ ഒരു ജാതിപ്പോരിന്റെ കഥയാണ് മുരുകന്‍ പറഞ്ഞത്. ഗ്രാമഗ്രോത്രങ്ങളില്‍ കീഴ്ജാതിക്കാരാണ് ചൊക്ലിയര്‍. ചത്തമാടിന്റെ ഇറച്ചി തിന്നുന്നവരാണ് അവര്‍ എന്ന് മറ്റ് ഗോത്രക്കാര്‍ അധിക്ഷേപിച്ചിരുന്നു. കൃഷിയാണ് തൊഴില്‍. ഗ്രാമത്തിലെ പ്രധാന വാദ്യക്കാരാണ്. മരണത്തിനും വിവാഹത്തിനുമെല്ലാം വാദ്യംകൊട്ടുന്നത് ചൊക്ലിയരായിരുന്നു. മുടിവെട്ടുന്നതിനും മുഖം വടിക്കുന്നതിനുമെല്ലാം അവരുടെ സമുദായത്തില്‍ തന്നെ ആളുകളുണ്ടായിരുന്നു. പിന്നീട് പിന്നീട് ആളില്ലാതായി.

ഗ്രാമത്തിലെ മറ്റ് ബാര്‍ബര്‍മാര്‍ ചൊക്ലിയര്‍ക്ക് മുടിവെട്ടുകയോ മുഖം വടിക്കുകയോ ചെയ്യില്ല. ഇതിന്റെ പേരില്‍ ഗ്രാമത്തില്‍ പ്രശ്നങ്ങളുണ്ടായി. വാക്കു തര്‍ക്കങ്ങള്‍ സംഘര്‍ഷങ്ങളായി വളര്‍ന്നു. ബാര്‍ബര്‍ ഷോപ്പുകളില്‍ വിവേചനം പാടില്ലെന്ന് മധ്യസ്ഥര്‍ തീര്‍പ്പു കല്‍പ്പിച്ചു. കോവിലൂരിലെ ബാര്‍ബര്‍ഷോപ്പുകള്‍ ഒന്നോടെ അടച്ചുപൂട്ടി. ആവശ്യമുള്ളവര്‍ വീട്ടുമുറ്റത്തുവരട്ടെ. എസ് ടി ഡി ബൂത്തുകളും ഇന്‍ര്‍നെറ്റ് കഫേയും വ്യാപകമായി മൊബൈല്‍ ഫോണുകളുമുള്ള കോവിലൂരില്‍ നിന്ന് ഒരാള്‍ക്ക് മുടിമുറിക്കാനും ഷേവു ചെയ്യാനും 45 കിലോമീറ്റര്‍ സഞ്ചരിച്ച് മൂന്നാറിലെത്തണം. കോവിലൂര്‍ ബാര്‍ബര്‍ ഷോപ്പുകളില്ലാത്ത ആദ്യഗ്രാമമായിത്തീര്‍ന്നിരിക്കുന്നു.

മൂന്നാര്‍ മലമടക്കുകളിലെ ഈ കുറിഞ്ചി ഗ്രാമങ്ങളിലേക്ക് പോയിട്ട് ഇപ്പോള്‍ ഒരുപാട് കാലമായിരിക്കുന്നു. തട്ടുതട്ടായി തിരിച്ച കുന്നിന്‍ ചരിവുകളിലെ കൃഷിയിടങ്ങളില്‍ ക്യാരറ്റിന്റെയും വെളുത്തുള്ളിയുടെയും വിത്തുകള്‍ തരം തിരിച്ച് നടാന്‍ പാകപ്പെടുത്തുന്ന കര്‍ഷകരുടെ ചിത്രമാണ് മനസ്സിലെപ്പോഴും വരുക. ഭയവും ആശങ്കയും സങ്കടവും പ്രതിഷേധവും നിറഞ്ഞ പല പല കഥകളിലൂടെ ഗ്രാമം വളര്‍ന്നുകൊണ്ടിരിക്കുകയാവണം. വട്ടവടയില്‍ വാര്‍ഷികമല്ല, കാര്‍ഷികമാണ് കാലത്തിന്റെ അളവുകോല്‍. ഓരോ കാര്‍ഷിക ചക്രവും എന്തെല്ലാം കുഴമറിച്ചിലുകളിലൂടെയാണ് നാടിന്റെ ജീവിതങ്ങളെ ഒഴുക്കിക്കൊണ്ടുപോകുന്നത്.

9 thoughts on “ഒരു കേസില്ലാ ദേശം അകമേ കൊണ്ടുനടക്കുന്ന ചോരക്കഥകള്‍

Leave a Reply

Your email address will not be published. Required fields are marked *