നമ്മുടേതല്ലാത്ത മുറിവുകള്‍

സുഹൃത്തുക്കളേ.., ശാരിക്കോ, സൌമ്യയ്ക്കോ ഇനി ആരുടെ ഐക്യദാര്‍ഢ്യവും വേണമെന്നില്ല… അവര്‍ ജീവിച്ച കാലത്തിന്റെയും , ഇരട്ടമനസ്സുള്ള അവരുടെ നാടിന്റെയും ക്രൂരതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ആ പെണ്ണുടലുകള്‍ മണ്ണാണിപ്പോള്‍. പത്ത് പതിനാറ് വര്‍ഷക്കാലം ഒരു ജനതയുടെ, മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം. രേഖപ്പെടുത്താവുന്നിടത്തെല്ലാം അവര്‍ക്കനുകൂലമായി എഴുതിവെക്കൂ, എന്തെങ്കിലും. ഫെയ്സ്ബുക്കിന്റേതടക്കംഎല്ലാ ചുവരുകളിലും ഒരു വരിയെങ്കിലും. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ…സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ നടക്കുന്ന നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഇ. സനീഷിന്റെ ഇടപെടല്‍

 

 

33 വര്‍ഷം പഴക്കമുള്ള എന്റെ ശരീരത്തില്‍ മുറിവുകളുടെ പാടുകള്‍ നിരവധി ഉണ്ട്. മനസ്സില്‍ ആ മുറിവുകളെക്കുറിച്ചുള്ള ഓര്‍മകളും. മാവിലെറിയുമ്പോള്‍ തിരിച്ചു വന്ന് വീണ വലിയൊരു കല്ല് നെറ്റിയില്‍ ഉണ്ടാക്കിയത് തൊട്ട് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകനായിരിക്കെ കത്തിക്കുത്തേറ്റത് വരെയുള്ളവ. ഇതുവരെ ജീവിച്ച കാലത്തെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള ചരിത്ര രേഖകളാണ് , എനിക്കവ. ഇതാ, നിങ്ങള്‍ ഇങ്ങനെയാണ് ജീവിച്ചത് എന്നതിന്റെ മാംസത്തില്‍ കോറിയ അടയാള സാക്ഷ്യങ്ങള്‍. വി എസ്അച്യുതാനന്ദന്റെ ഉടലില്‍ പുന്നപ്ര വയലാര്‍ സമരവും, പിണറായി വിജയന്റെ ശരീരത്തില്‍ അടിയന്തരാവസ്ഥാക്കാലവും രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് പോലെ .

സുഹൃത്തുക്കളേ…ഇതാണ് പറയാന്‍ വന്നത്, നമ്മുടെ ശരീരത്തിലെ മുറിപ്പാടുകളില്‍ വായിച്ചെടുക്കാം നമ്മുടെ ജീവചരിത്രം.

എന്നാല്‍ ഓരോരുത്തരുടെ ശരീരത്തിലെ മുറിവും അവരവരുടെ മാത്രം കാര്യവുമല്ല. അവ ആ ശരീരം ജീവിച്ച സമൂഹത്തിന്റെ കൂടെ ചരിത്ര രേഖയാണ്. നിറയെ മാവുകളുള്ള ഒരു ഭൂപ്രദേശത്താണ് എന്റെ ഉടല്‍ കുട്ടിക്കാലം താണ്ടിയത്, സംഘര്‍ഷാത്മകമായ വിദ്യാര്‍ത്ഥി രാഷ്ട്രീയമുള്ളിടത്താണ് ഈ ഉടല്‍ കൌമാര യൌവനങ്ങള്‍ കടന്നത്. അതിന്റെ പകര്‍ത്തിയെഴുത്തുകളാണ് ഉടലിലെ ഈ മുറിപ്പാടുകള്‍.

മുറിവുകള്‍ ജീവിക്കുന്നിടത്തിന്റെ ചരിത്രരേഖകള്‍ ആണെങ്കില്‍…

എങ്കില്‍, സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്ന് നമ്മള്‍ അറിയുന്ന വ്യക്തിയുടെ ശരീരത്തിലെ മുറിവുകള്‍ കേരളം എന്ന പ്രദേശത്തെക്കുറിച്ച് എന്ത് വിവരങ്ങളാണ് തരുന്നത്? വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും ശരീരത്തിലെ മുറിപ്പാടുകള്‍ നല്‍കുന്നത് പോലെ കേരളീയ ജീവിതത്തിന്റെ ഏത് കാലത്തിന്റെ, ഏത് മനോഭാവത്തിന്റെ തെളിവാണ് ആ മുറിവുകള്‍ നല്‍കുന്നത്. ദുര്‍ബ്ബലനെ പിന്നില്‍ നിന്ന് തള്ളിത്താഴെയിട്ട്, വീണ്ടും വീണ്ടും തല്ലുന്ന ഉളുപ്പുകെട്ടൊരു സമൂഹത്തെക്കുറിച്ചുള്ള പാഠമല്ലേ, ആ ശരീരത്തിലെ അസംഖ്യം മുറിവുകള്‍ നല്‍കുക? ഭരണത്തിലും നീതിന്യായ വ്യവസ്ഥയിലുമടക്കം പരപീഡകര്‍ വാണ ഒരു കാലത്തിന്റെ അസ്സല്‍ തെളിവുകളല്ലേ ആ മുറിവുകള്‍.

ഓര്‍ത്തു നോക്കൂ, 15ാം വയസ്സില്‍ ശരീരത്തില്‍ തീ കൊണ്ട് വരഞ്ഞ്, പിന്നീടുള്ള പതിനഞ്ച് വര്‍ഷം മുളകരച്ച് നീറ്റി നമ്മള്‍ ഒരാളെ പീഡിപ്പിക്കാനായി കൊണ്ടു നടക്കുന്നു. നമ്മള്‍ കളിച്ചും, പാട്ടു കേട്ടും , കുട്ടികളെ കളിപ്പിച്ചും ഇരിക്കുന്ന അതേ 15 വര്‍ഷക്കാലം ഒരാള്‍ ഉണങ്ങാത്ത മുറിവുകളുമായി നടക്കുന്നു, ജീവിക്കുന്നു.
നമുക്ക് തോന്നുമ്പോഴെല്ലാം രസിക്കാനായി വീണ്ടും മുളകരച്ച് തേച്ചും തീയില്‍തളളിയും , ചര്‍ച്ച ചെയ്തും കഥകള്‍ പറഞ്ഞും…

ഒരു ജീവിതകാലത്തേക്ക് വേണ്ട പീഡനങ്ങള്‍ ചെറുപ്രായത്തില്‍ അനുഭവിച്ച് എങ്ങനെയെങ്കിലും ജീവിച്ച് പോകുന്ന അവരെ വീണ്ടും കള്ളക്കേസില്‍ പെടുത്തി ജയിലില്‍ കൊണ്ടിടുന്നതില്‍ പ്രയാസമില്ലാതെ നമ്മള്‍ പതിവു ജീവിതം നയിക്കുന്നു.ചെയ്യാത്ത കുറ്റത്തിനാണ് അവര്‍ തല മൂടിപ്പുതച്ച് ക്യാമറകള്‍ക്ക് മുന്നിലൂടെ ജയിലിലേക്ക് പോയത്. പത്ത് പതിനഞ്ച് വര്‍ഷക്കാലം മകള്‍ക്ക് വേണ്ടി നീറിയ, അച്ഛന്റെയും അമ്മയുടെയും നെഞ്ചിലെ മുറിവായില്‍ മുളകുപൊടി വിതറുകയാണ് നമ്മള്‍, നമ്മുടെ നിസ്സംഗത കൊണ്ട്.

 

Without Hope, painting by FridaKahlo

 

ശാരിക്കും സൌമ്യയ്ക്കും വേണ്ടി ഉയര്‍ന്ന ശബ്ദങ്ങളെ ഓര്‍ക്കുന്നു.

സുഹൃത്തുക്കളേ.., ശാരിക്കോ, സൌമ്യയ്ക്കോ ഇനി ആരുടെ ഐക്യദാര്‍ഢ്യവും വേണമെന്നില്ല… അവര്‍ ജീവിച്ച കാലത്തിന്റെയും , ഇരട്ടമനസ്സുള്ള അവരുടെ നാടിന്റെയും ക്രൂരതയുടെ അടയാളങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ആ പെണ്ണുടലുകള്‍ മണ്ണാണിപ്പോള്‍. പത്ത് പതിനാറ് വര്‍ഷക്കാലം ഒരു ജനതയുടെ, മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം. രേഖപ്പെടുത്താവുന്നിടത്തെല്ലാം അവര്‍ക്കനുകൂലമായി എഴുതിവെക്കൂ, എന്തെങ്കിലും. ഫെയ്സ്ബുക്കിന്റേതടക്കംഎല്ലാ ചുവരുകളിലും ഒരു വരിയെങ്കിലും. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ…

…………………………………

ഇതെഴുതുന്നത് പ്രണയദിനം എന്ന് കേളികേട്ട ദിവസത്തിലാണ്. എനിക്കും ഇഷ്ടമാണ് ഇങ്ങനെയൊക്കെയുള്ള ദിവസങ്ങള്‍.. പക്ഷെ, നമ്മുടെ പ്രണയദിനത്തിന്റെ നിറുകയില്‍ ആരോ കാറിത്തുപ്പുന്നുണ്ട് . ഇരട്ടത്താപ്പന്‍ ജനതയുടെ മുടിഞ്ഞ പ്രണയം എന്ന് ശകാരിക്കുന്നുണ്ട്.

15 വയസ്സ് തൊട്ട് 30 വയസ്സ് വരെ ഒരു സഹജീവിയുടെ ജീവിതത്തെ നരകസമാനമാക്കി മാറ്റിത്തീര്‍ത്ത, എന്നിട്ടും നിര്‍ത്താതെ തലയില്‍ ഷാള്‍ കൊണ്ട് മൂടി അപമാനിതയാക്കി പുറത്ത് നടത്തുന്ന മുടിഞ്ഞ കേരളമേ, നിനക്ക് പറഞ്ഞിട്ടുള്ളതാണോ ഇമ്മാതിരി ഓര്‍മ്മ ദിവസങ്ങള്‍ എന്ന്

36 thoughts on “നമ്മുടേതല്ലാത്ത മുറിവുകള്‍

 1. Saneesh, Your view is absolutely right. Here every body is double- minded. No one is sincere even to themselves. The politicians, social workers, religious workers, parents, children, teachers, every one. No body is spared. All are required benefits. Either financial,power or any sort of benefits. This is a curse. We cannot cure it. It shall be cured by itself only.

 2. പ്രിയ സുഹൃത്തേ,

  ഈ വായനയില് സനീഷിന്റെ നല്ലൊരു മനസ് കാണാന്‍ പറ്റി.ന്യുസ് റൂമിന്‍റെ ശീതീകരിച്ച മുറിയില്‍ നിന്ന് ന്യൂസ്നൈറ്റില്‍ ധാര്മികരോഷം അടക്കിപിടിക്കെന്റിവരുന്ന പ്രതിബദ്ധതയുള്ള ഒരു വ്യക്തി.
  ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന ആദ്യത്തെ സ്ത്രീപീഡന കൊലപാതകമായിരുന്നു പാലേരിയില്‍ നടന്നത്..അതിലെ പ്രതികള്‍ പണവും മറ്റുമുപയോഗിച് സുന്ദരമായി രക്ഷപ്പെട്ടു….അഞ്ചുപതിട്ടണ്ടുകള്‍ക്ക് ഇപ്പുറവും കേരളത്തില്‍ മാണിക്യങ്ങള്‍ പീഡിപ്പിക്കപ്പെടുകയും പ്രതികള്‍ രക്ഷപ്പെടുകയുംചെയ്തുകൊണ്ടെയിരിക്കുന്നു….

  മലപ്പുറത്തെ കൃഷ്ണപ്രിയയുടെ പിതാവിനെ അനുകരിക്കുന്നതവും നമുക്കെനി നല്ലത്

 3. 15 വയസിനു മുന്‍പുള്ള കാലത്തും ഒരു പാട് മുറിപാടുകള്‍ ആകുട്ടി മനസ്സില്‍ കൊണ്ടുനടന്നിരുന്നു. അദ്യാപക വിദ്യാര്‍ഥി ആയിരുന്ന കാലത്തെ എന്‍റെ സുഹൃത്ത്‌ എഴുതിയ ച്യ്യില്ദ് സ്റ്റഡി റെക്കോര്‍ഡ്‌ അനുസരിച്ച്, പ്രായത്തിനു അനുശ്രിതമായ ബൌദ്ധിക നിലവാരം ആകുട്ടി പുലര്‍ത്തിയിരുന്നില്ല .ലോകത്തിന്റെ രണ്ടു കോണുകളില്‍ ഇരുന്നു ആ കുട്ടിയെക്കുറിച്ച് വരുന്ന ഓരോ വാര്‍ത്തയും വായിച്ചുഞങ്ങള്‍ സങ്കടപെടാരുണ്ട്.തെളിവുകളും സാഹചര്യങ്ങളും മാത്രമല്ല മാനസികവും ബൌദ്ധികവും ആയ നിലവാരവും കോടതികള്‍ .പരിശോധികേണ്ടതാണ്.

 4. Dear Sanish,

  sathyathinte mukham vikritham anu sanish….ivide oro karyangal avar kanichu koottumbol, dushpravrithikalkku cash kodukkenda karyamillallo…orikal pidikkapettal athu manage cheyyan ulla political strength undallo avarkku……pinne sanish nna person, newsroomil news vayikkumbol manassil thonnunna rosham adakki pidichittu ingane oru write-up ezhuthi thanne mahathaya karyamanu…..anyway …good luck….i am supporting your powerful words…b’s the truth is always come the last only……for all pravasies, rgds, yamuna

 5. ഒരു വാര്‍ത്ത അവതാരകന് സമൂഹത്തോട് ഉണ്ടാവേണ്ടതായ കേവലമായ സാമൂഹ്യബോധത്തില്‍ നിന്നും ചിന്തിക്കുമ്പോള്‍ ഇന്ത്യാവിഷനിലെ സനീഷ് തീര്‍ത്തും പ്രശംസനീയമായ നിലപാടുകള്‍ ആണ് തന്റെ സാമൂഹ്യബോധമുള്ള എഴുത്തിലൂടെ ചെയ്യുന്നത്.

  ലാല്‍ സലാം സനീഷ്….

 6. അനീതിക്കെതിരെ ആരും സംസാരിച്ചില്ലെങ്കില്‍ ആ നാട് തീപിടിച്ച് നശിച്ച് പോവുകയേ ഉള്ളൂ… ++

 7. Dear Saneesh,

  could u pl direct your team to discover on how the conspirators got the girl trapped in the case? we do not have the details, and whatever available is sketchy. That would be the most effective intervention.

  And do we have lawyers who can pick holes in the misappropriation case? from the info available, it can easily be broken in court if handled properly.

 8. സനീഷ്,
  കണ്ണ് നിറച്ച വായന.
  ഇതൊക്കെ കണ്ടുകണ്ട് ഈ നാട് ഇനിയൊരിക്കലും നന്നാവില്ല എന്നൊക്കെയാണ് ചിന്തിക്കുക. പക്ഷെ, മനസ്സില്‍ സ്വയം തിരുത്തും, ‘ഈ നാട് എന്നെങ്കിലും നന്നാവണമല്ലോ’.. എന്ന്. എങ്ങനെ എന്നുമാത്രം അറിയില്ല. എങ്കിലും പ്രത്യാശിക്കുന്നു… നിരവധിയായ ഉരുക്കങ്ങളോടെ.

 9. സനീഷിന്റെ എഴുത്തുകളില്‍ ഏറ്റവും മനസ്സില്‍ തട്ടിയ ഒന്ന്…നന്നായി സനീഷ്… സമൂഹം തീര്‍ക്കുന്ന മുറിവുകള്‍ ഉണക്കാന്‍ ആവാത്തതാണ് നമ്മുടെ ദുരന്തം…

 10. സനീഷ്… ഈ വാര്‍ത്തകളും, ചിന്തകളും വരഞ്ഞു കീറി മുളകരച്ചു നീറ്റിയ, നീറ്റിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയില്‍ ഈ വായന ചങ്കില്‍ തന്നെ എന്നു പ്രത്യേകം പറയേണ്ടല്ലോ. പത്രപ്രവര്‍ത്തകര്‍ എന്നതില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നതിലേക്ക് ഉള്ള തുറപ്പ് എന്ന് തന്നെ ഈ ഓരോ അക്ഷരങ്ങളെയും കാണാം . വാര്‍ത്തകള്‍ അടക്കുന്നതും, ഒടുക്കുന്നതും , വളയ്ക്കുന്നതും തല്പ്പരകക്ഷികള്‍ക്ക് വേണ്ടിയാണെന്ന കൊച്ചു കുഞ്ഞിനു വരെ അറിയാവുന്ന പരമാര്‍ത്ഥം പരസ്യമായ രഹസ്യമായി ചിരിച്ചു തള്ളി നമ്മള്‍ മുന്നോട്ടു പോകും. സൌമ്യമാരും, പല പല സ്ഥല പേരുകളില്‍ ഒരുങ്ങുന്ന പീഡന വ്യക്തിത്വങ്ങളുമായി നൂറായിരം പെണ്മക്കളും നമുക്ക് മുന്നില്‍ നിരക്കും.. കോടതികളില്‍ നിന്ന് കോടതികളിലേക്ക് അപ്പീലുകളുടെ പ്രവാഹവുമായി കാമവെരിയന്മാര്‍ നടക്കും. ചാനല്‍ ക്യാമറകള്‍ ഇരകളെ പിഴിഞ്ഞ് റേറ്റിംഗ് കൂട്ടും…
  എന്നാണു പൊതുജനം എന്ന നാം ഇവന്മാരെ എറിയാന്‍ ഒരു കല്ലെങ്കിലും കയ്യിലെടുക്കുന്നത് ?!

 11. ശരിയാണ് സനീഷ്..ജീവിചിരിക്കുന്നവര്‍ക്കെ മരുന്ന് കൊണ്ട് പ്രയോജനം ഉള്ളു മരിച്ചവര്‍ക്കല്ല…!!
  ആശക്തനെ പുറകില്‍ നിന്നു ചവിട്ടി വീഴ്ത്തി, തല്ലി രസിക്കുന്ന സമൂഹം സ്വന്തം ബലഹീനതയാണ് വിളിച്ചു പറയുന്നത്

 12. Saneesh
  Prathheeksha Vidan kazhiyunnilla, ethu pole manushyatha paramaya edapedalul nadathunnavar bakkiyavumbol.
  Ugran… Keep it up

 13. ഒന്നും ചെയ്യാനാവാതത്തിന്റെ നിസ്സഹായത എന്നില്‍ നീറ്റിക്കുന്നു സനീഷിന്റെ വാക്കുകള്‍.
  ആ പാവം സ്ത്രീക്ക് ഇതൊക്കെ തരണം ചെയ്യാന്‍ ശക്തിയുണ്ടാകട്ടെ എന്ന് ആശംസിക്കാനെ ഇപ്പോള്‍ കഴിയുന്നുള്ളൂ. പിന്നില്‍ നിന്ന് ചവിട്ടിയവര്‍ക്ക് മേല്‍ സൂര്യ വെളിച്ചം പതിയാന്‍ ആഗ്രഹിക്കുന്നു.

 14. പ്രതികരണ ശേഷി ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത, കേരളത്തിലെ അതിന്യൂനപക്ഷത്തിന്റെ ചിന്താ പരിച്ച്ചേധം. ഇത് വായിക്കുമ്പോള്‍ തോന്നുന്ന സഹാനുഭൂതിക്കും ധാര്‍മിക രോഷത്തിനും അപ്പുറം ഇത് വായനക്കാരെ സ്വാധീനിക്കട്ടെ. എഴുത്തുകാരന് അഭിനന്ദനങ്ങള്‍.

 15. ന്യൂസ്‌ നൈറ്റ്‌ന്‍റെ ശ്ഹീതീകരിച്ച മുറിയിലെ സനീഷ് എന്നാ ആങ്കര്‍ക്ക് ഒരുസാതരനക്കാരില്‍ സാടാരനക്കാരന്‍റെ വികാര വായിപ്പുകളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുന്നു, ഒപ്പം തമസ്ക്കരിക്കുന്ന വാര്താലോകത്ത് നിന്നും നാം തിരിച്ചറിയേണ്ട ഒരുപാട് സത്ത്യങ്ങള്‍ ശീലകല്കൊണ്ട് മറച്ചുപിടിക്കാന്‍ കഴിയില്ല എന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നു .
  നാസര്‍ കുമ്മങ്കോട്

 16. നമുക്ക് ഏതു നിയമവും ലങ്ഖിക്കാം, ഏതു കുറ്റ കൃത്യവും ചെയ്യാം , ഒന്ന് മാത്രം ചെയ്താല്‍ മതി തെളിവുകള്‍ ഇല്ലാതാക്കുക …ആരാണ് നിയമദേവതയുടെ കണ്ണുകള്‍ തുറക്കാന്‍ അനുവദിക്കാതെ ഇങ്ങനെ മൂടി കെട്ടിയത് ….????

 17. ഇപ്പോള്‍ സൂര്യനെല്ലി കേസ്‌ സുപ്രീംകോടതിയില്‍ എത്താറായ സമയത്തുതന്നെ അതില്‍ ഇരയായ പെണ്‍കുട്ടിയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്‌ തെളിയിക്കുന്നതും.
  സമൂഹത്തില്‍ സ്ത്രീക്ക്‌ ബൗദ്ധിക-രാഷ്ട്രീയ ഇടം മാത്രമല്ല നിഷേധിക്കപ്പെട്ടിരിക്കുന്നത്‌, പുറത്തിറങ്ങാന്‍ സമയക്രമവും നിശ്ചയിച്ചിട്ടുണ്ട്‌. സ്ത്രീക്ക്‌ ഇന്ന്‌ തന്റെ ഇടവും ഇല്ല, പൊതുഇടവും ഇല്ലാത്ത നാടായി കേരളം മാറി. യാത്രകള്‍, ബസ്സുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജോലിസ്ഥലങ്ങള്‍. സ്ത്രീക്ക്‌ സുരക്ഷിതത്വം എവിടെ?

 18. ഇത് നമ്മുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്‌നംമാണ്.. ഏതെങ്കിലും പളളിയോ അമ്പലമോ പൊളിച്ചാല്‍ രൂപപെടുന്ന വൈകാരികതയും, പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കപ്പെട്ടാല്‍ ഉണ്ടാകുന്ന നിസ്സാരവത്കരണവും രൂപപെടുത്തിയ സമീപനശാസ്ത്രത്തിന്റെ പരിണാമം. ഇവിടെ വനിതാ സംഘടനകളുടെ ഇടപെടലുകള്‍ അവരുടെ പരിമിതികളെ കാണിക്കുന്നു.കേവലം രാഷ്ട്രീയ റിമോട്ടുകള്‍ നിയന്ത്രിക്കുന്ന ഒച്ചപ്പാടുകള്‍ മാത്രമായി അവരുടെ പ്രതിഷേധങ്ങള്‍ അണയുന്നു. ഭൂരിപക്ഷ വിര്‍ച്വല്‍ സാമൂഹ്യ കൂട്ടായ്മകളുടെ പ്രതിഷേധങ്ങള്‍ ഒരു സൈന്‍ ഔട്ട് വരെ മാത്രം നിലനില്‍ക്കുന്നു. ക്രിയാത്മകമായൊരു ജനകീയ മുന്നേറ്റം മാണ് പ്രതിവിധികളിലേക്ക് വിരല്‍ ചൂണ്ടുന്നത്.നമ്മുടെ മാധ്യമങ്ങളുടെ ഒരു ജനകീയവത്കരണവും സാധ്യമാകേണ്ടതുണ്ട്.16 വര്‍ഷമായിട്ടും നീതി ലഭിക്കാത്ത കുടുംബം..? നീതിപീഡത്തിന്റെ ‘അനന്ത സാധ്യതകളെ’ ലോകത്തോട് വിളിച്ചോതുന്നു.അസ്വസ്ഥമാകുന്ന കാഴ്ച്ചപ്പാടുകളുമേന്തി ഒരു ജനകീയ മുന്നേറ്റം സൂര്യനെല്ലിയില്‍ നിന്നും യാത്ര തുടങ്ങട്ടെ……

 19. ഏട്ടാ.. വളരെ നന്നായി എഴുതിയിരിക്കുന്നു. വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്ന എഴുത്ത്. നന്ദി. ഒരുപാട് നന്ദി.

 20. കഴിഞ്ഞാഴ്ച പെൺകുട്ടിയുടെ വീട്ടിൽ പോയിരുന്നു.അറ്റു പോയ ജീവിതവുമായി ഒരു കുടുംബം . ഉറങ്ങാനായില്ല ദിവസങ്ങളോളം…..സനീഷ് നന്നായി എഴുതി.

 21. സമൂഹത്തിന്, വേട്ടക്കാരന്റെ മനസാണ്. ഇര വീണാലേ തൃപ്തിയാവൂ . വീണു പോയത് കൊണ്ടാണ് ,ഇത്രയും കരുണ കാട്ടുന്നത് . സൂര്യനെല്ലിയില്‍ നിന്നും സൌമ്യയിലെയ്ക്കുള്ള ദൂരത്തിനിടയില്‍ എപ്പോഴെങ്ങിലും കണ്ണാടി നോക്കാന്‍ ധൈര്യപ്പെടുക.നമുക്കെല്ലാവര്‍ക്കും ഇടം കൈ നഷ്ട്ടപ്പെട്ടിരിയ്ക്കുന്നു.

 22. ഇത് ഷെയര്‍ ചെയ്യുകയെങ്കിലും ചെയ്തില്ലെങ്കില്‍ എന്‍റെ മൌനവും ആ പീഡകര്‍ക്ക് വേണ്ടിയായിപ്പോകും…

 23. മലയാളികള്‍ മരിച്ചവര്‍ക്ക് വേണ്ടിയേ സംസാരിക്കാറുള്ളൂ. ദുരന്തത്തില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ നമുക്ക് പേടിയാണ്. സൌമ്യക്ക്‌ വേണ്ടി നമ്മള്‍ വാ തോരാതെ സംസാരിക്കുന്നത് സൌമ്യ മരിച്ചതുകൊണ്ടാണ്. ‘സൂര്യനെല്ലി പെണ്‍കുട്ടി’ നമ്മുടെയെല്ലാം മകള്‍ / പെങ്ങള്‍ ആണ് എന്ന സത്യം നമ്മള്‍ സൌകര്യപൂര്‍വ്വം മറക്കുന്നു. സനീഷിനു അഭിനന്ദനങ്ങള്‍!!!

 24. “മാധ്യമങ്ങള്‍തൊട്ട് നീതി ന്യായപീഠം വരെയുള്ള അതിന്റെ എല്ലാ സംവിധാനങ്ങളാലും കീറി മുറിച്ച് പീഡിപ്പിക്കപ്പെട്ട ഈ സ്ത്രീക്ക് പിന്തുണ വേണം”

  വേട്ടയാടലിന്‍റെ പതിനേഴാം വാര്‍ഷികം ആഘോഷിക്കുമ്പോഴും മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്ന “പെണ്‍കുട്ടി” എന്ന ലേബലില്‍ നിന്ന് അവളെ പുറത്തെടുത്ത് ഒരു സ്ത്രീയാണവള്‍ എന്ന് സമൂഹത്തെ ഓര്‍മിപ്പിച്ചതിനു നന്ദി സുഹൃത്തേ…!!!

  അശുദ്ധമായതിനെ ആഹരിക്കില്ല എന്ന പൂര്‍വകാല വരം അഗ്നിക്ക് തിരികെ ലഭിച്ചാല്‍ പിന്നെ ഈ നാട് തീ പിടിച്ചു നശിച്ചുപോകും എന്ന പ്രതീക്ഷയും അസ്ഥാനത്തല്ലേ…??!!!

Leave a Reply

Your email address will not be published. Required fields are marked *