എത്ര രാവുകള്‍, ജീവിതങ്ങള്‍

ഹൃദയം ധനുമാസരാവിന്റെയും,യൌവനസ്വപ്നങ്ങളുടെയും കാലങ്ങള്‍ പിന്നിട്ട ഈ കാലത്ത്, കാല്‍പ്പനിക രാത്രികളെക്കാള്‍ തീവണ്ടിമുറികളിലെ രാവുകളാണ് ഞാന്‍ കാണുന്നത്. മദിരാശിയില്‍ നിന്നും തുടങ്ങുന്ന യാത്രകള്‍. ഇരുട്ടിനുശേഷം, ഏതൊക്കെയോ തട്ടിലിട്ട പുസ്തകങ്ങളെപ്പോലെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന സഹയാത്രികര്‍ക്ക് ഒപ്പം ഇടയ്ക്ക് ഉണര്‍ന്നും, ഭയന്നും, സമയം നോക്കിയും, എത്തിനോക്കി സ്ഥലങ്ങളുടെ പേരുകള്‍ വായിച്ചും, പുസ്തകങ്ങള്‍ മറിച്ചും, പാട്ടുകേട്ടും, സന്ദേശങ്ങള്‍ അയച്ചും, പരിധിക്കപ്പുറത്ത് ചിന്തകളുടെ കോട്ടകള്‍ പണിതും, രാത്രി തീര്‍ന്ന്,പകലിലേക്ക് ഇറങ്ങുന്നു യാത്രകള്‍-കടന്നുപോന്ന ദിനങ്ങളിലെ പലതരം രാത്രികളെക്കുറിച്ച്, രാവനുഭവങ്ങളെക്കുറിച്ച് പുതു തലമുറയിലെ ശ്രദ്ധേയയായ എഴുത്തുകാരി സംപ്രീത എഴുതുന്നു

 

 

ഇത് കുംഭമാസമാണ്. മകരക്കൊയ്ത്ത് കാണാത്ത, പാടങ്ങള്‍ മണ്‍മറഞ്ഞ കേരളത്തിലും നിഴലുപോലെ രാത്രിയുടെ പൂരങ്ങള്‍. കടന്നുപോന്ന ദിനങ്ങളിലെ പലതരം രാത്രികള്‍ ആണിപ്പോള്‍ ഓര്‍മയില്‍ നിറയെ. ഈയിടെയായി നൃത്തത്തിനു വേണ്ടിയുള്ള എന്റെ യാത്രകള്‍ പലതും രാത്രിയിലാണെന്നതാവാം കാരണം.

സംപ്രീത

നിലാവു നിറഞ്ഞു തെളിയുന്ന പുരാതന ക്ഷേത്രഗോപുരസ്മൃതിയില്‍ നിന്നും,മേഘം കരിമ്പടമായി ആകാശത്തിനു കീഴെ പരന്നുകിടന്നുകൊണ്ട്, ‘എന്നെ വലിച്ചിടൂ, നിനക്ക് വെളിച്ചം മറച്ച് ഉറക്കത്തെ തരാ’ മെന്ന് ഉറക്കെയുറക്കെ വിളിച്ചുപറയുന്നു, ചില രാവുകള്‍.
ഇടിമിന്നലും,മഴയും ഒലിച്ചിറങ്ങിയ ആകാശമുഖത്തുനിന്ന് വന്ന വെളിച്ചം നോക്കി ഇറയത്തു നനഞ്ഞിരുന്ന കാക്കകളെപ്പോലെയും വന്നു ചേര്‍ന്നു ചില രാത്രികള്‍ . മരണമേ, ജനനമുറിയേ,ജലാശയത്തിന്‍ അഗാധമേ,ഒളിച്ചുകളിയേ,മരപ്പൊത്തേ,എന്നൊക്കെ വിളിച്ചുകൂവി ഞാനിതാ, ദൂരേക്ക് ഓടിയോടി രാത്രിയെ ഉണര്‍ത്തുന്നു. കൂടെ വിളിച്ചിരുത്തി പല രീതിയില്‍അത് പകര്‍ത്തുന്നു.

‘കുറ്റിരുട്ടെത്തി,നീ വന്നില്ല
പൂമരപ്പൊത്തിലീ രാവുമുറങ്ങി..വന്നില്ല നീ’ എന്ന് അയ്യപ്പപ്പണിക്കരെ ഓര്‍ക്കുന്നു.

എത്രയെത്ര രാത്രികള്‍ ആണ് കവിതയിലും ജീവിതത്തിലും. യുവതിയായ ഒരു ഭ്രാന്തി, അവളുടെ മഴയെ മിന്നല്‍ തെളിയിച്ച മറ്റൊരു രാത്രി. ആ രാത്രിയിലേക്ക് അനാഥക്കുഞ്ഞുങ്ങളെ എറിഞ്ഞുപോകുന്ന മറ്റനേകം ഭ്രാന്തികള്‍, അവരെ പിഴപ്പിച്ചാലും,സ്വന്തം മക്കള്‍ ഒരു രാത്രിത്തൊട്ടിലില്‍ ഉറങ്ങുന്നുണ്ടാകുമെന്നുപോലും ഓര്‍ക്കാത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരുടെ രാത്രികള്‍. മരിച്ചുപോയ, സൌമ്യമായ, വേദനിപ്പിക്കുന്ന രാത്രികള്‍.
ഈ ലോകം അങ്ങനെ മാനസികവ്യാപാരങ്ങളുടെ രാപകലുകളെ വെട്ടിത്തെളിച്ചും,കാടുപിടിപ്പിച്ചും സദാ രാത്രിയായി തീര്‍ന്നു കൊണ്ടിരിക്കുന്നു.
ഹൃദയം ധനുമാസരാവിന്റെയും,യൌവനസ്വപ്നങ്ങളുടെയും കാലങ്ങള്‍ പിന്നിട്ട ഈ കാലത്ത്, കാല്‍പ്പനിക രാത്രികളെക്കാള്‍ തീവണ്ടിമുറികളിലെ രാവുകളാണ് ഞാന്‍ കാണുന്നത്.

 

 

തീവണ്ടി രാവുകള്‍
മദിരാശിയില്‍ നിന്നും തുടങ്ങുന്ന യാത്രകള്‍. ഇരുട്ടിനുശേഷം, ഏതൊക്കെയോ തട്ടിലിട്ട പുസ്തകങ്ങളെപ്പോലെ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന സഹയാത്രികര്‍ക്ക് ഒപ്പം ഇടയ്ക്ക് ഉണര്‍ന്നും, ഭയന്നും, സമയം നോക്കിയും, എത്തിനോക്കി സ്ഥലങ്ങളുടെ പേരുകള്‍ വായിച്ചും, പുസ്തകങ്ങള്‍ മറിച്ചും, പാട്ടുകേട്ടും, സന്ദേശങ്ങള്‍ അയച്ചും, പരിധിക്കപ്പുറത്ത് ചിന്തകളുടെ കോട്ടകള്‍ പണിതും, രാത്രി തീര്‍ന്ന് ,പകലിലേക്ക് ഇറങ്ങുന്നു യാത്രകള്‍.

നദികള്‍ ഇരുട്ടില്‍ മുഖം കാണിക്കുന്നത്,പലപ്പോഴും ഓളങ്ങള്‍ കൊണ്ടാണ്. മരങ്ങള്‍ കാറ്റുകൊണ്ട്, മണ്ഡപങ്ങള്‍ വിളക്ക് കൊണ്ട്. രാത്രി സിഗ്നല്‍ കൊടുക്കാന്‍ നില്ക്കു ന്ന ഗാര്‍ഡിന്റെ. സാന്നിധ്യം, കൃഷിവിളക്ക് കാവല്‍ കിടക്കുന്ന പഴയ ഒരു മനുഷ്യന്റെ ഓര്‍മയെ വിളിച്ചുവരുത്താറുണ്ട് പലപ്പോഴും. യാത്രക്കിടയില്‍ രാത്രിയുടെ മുഖഭാവങ്ങള്‍ പലതാക്കി ചിത്രീകരിച്ചുറങ്ങുന്ന ആള്‍ക്കാര്‍ ഇടയ്ക്കു ഞെട്ടിയുണരുമ്പോള്‍,കണ്ണു തുറിച്ചു കിടക്കുന്ന എന്നെ നോക്കി,ഇതിനു ഉറക്കവുമില്ലേ എന്നു ചിന്തിക്കും എന്ന ജാള്യതകൊണ്ട്, പലപ്പോഴും സൂത്രത്തില്‍ കണ്ണടക്കുകയാണ് ചെയ്യാറ്. ഏതോ ഭ്രാന്തിന്റെ മുറിയിലേക്കെന്നപോലെ തീവണ്ടി ഒച്ചയുണ്ടാക്കി പോകുമ്പോള്‍,ഓര്‍മ്മകളെല്ലാം വന്നു ചിരിപ്പിച്ചു, കരയിച്ച്, ഈ ദിവസവും തീര്‍ന്നു എന്നു പറയും.

അങ്ങനെ ഒരു രാത്രിയില്‍ നിന്നും തുടങ്ങിയ ഒരനുഭവം അടുത്ത രാത്രിവരെ എന്നെയും എന്റെ ചിന്തകളെയും എങ്ങനെ സര്‍വീസ് ചെയ്തെടുത്തു എന്നതാണ് ഇവിടെ എനിക്ക് ഓര്‍ക്കാനുള്ളത്.

ആഞ്ജനേയം
നാഗപട്ടണത്തു നിന്നും ഒരു നൃത്തപരിപാടിക്കുശേഷം,അഡയാറിലെ എന്റെ വാടകവീട്ടിലേക്കു മടങ്ങിയെത്തിയതായിരുന്നു ഞാന്‍.മുറിയിലെ കൂട്ടുകാരി രമ്യ,നാട്ടിലേക്ക് പോയിരിക്കുന്നു. അതിന്റെ എല്ലാ ശൂന്യതകളും,പൊഴിഞ്ഞുവീണ ഗുല്‍മോഹറിന്റെ ഇലകളുടെ രൂപത്തില്‍ വീടിന്റെ വാതിലിനെ മൂടിയിരിക്കുന്നു. ഞാന്‍ വാതില്‍ തുറന്നു കയറി.ജനാലകള്‍ തുറന്നിട്ടു.നേര്‍ത്ത ചോര്‍ച്ചയുള്ള ജനാലയുടെ താഴെ,എങ്ങനെയോ മറിഞ്ഞുവീണ എന്റെ ‘സൂര്യകാന്തി (ശങ്കരക്കുറുപ്പ്)’ അരികത്താകെ ചെളി പിടിച്ചുകിടന്നു. അതെടുത്ത് തിരികെ വച്ചശേഷം വീട് വൃത്തിയാക്കാന്‍ ഞാന്‍ തീരുമാനിച്ചു.സമയം കളയുക എന്നതുതന്നെ ഉദ്ദേശം. കട്ടില്‍ എടുത്തു പുറത്തിട്ടു. ഉച്ചയ്ക്ക് കഴിക്കാനായി വാങ്ങിയ ചോറിന്റെ പൊതിയും,വീട്ടില്‍ കേടാവാതെ അവശേഷിച്ച തക്കാളി,സവാള,ഓറഞ്ച്,എന്നിവയും, വസ്ത്രങ്ങളും മൊബൈലും ഒക്കെ വച്ചിരുന്ന ബാഗും ഒക്കെ പുറത്തുവച്ചാണ്,ഞാന്‍ മുറിക്കകം അടിച്ചുവാരാന്‍ തുടങ്ങിയത്. സമയം പന്ത്രണ്ടുമണിയാവാറായിരുന്നു. വിശപ്പുകൊണ്ടും ഉറക്കച്ചടവ് കൊണ്ടും എനിക്ക് ദേഷ്യം വന്നുകൊണ്ടിരുന്നു. പെട്ടെന്നാണ് വരാന്തയില്‍ എന്തോ ചവക്കുന്ന ഒച്ച ഞാന്‍ കേട്ടത്.

കാറ്റില്‍ അടഞ്ഞുകിടന്ന വാതില്‍ തുറന്നുനോക്കുമ്പോഴുണ്ട്, തൂണുംചാരി ഒരു കുരങ്ങന്‍ മീല്‍സ് കഴിക്കുകയാണ്.എന്റെ ചോറ്…..ഞാന്‍ ഒച്ചയിട്ടു.എന്ത് ചോറ്? ആ ജീവി ഒരു നിമിഷംപോലും എന്നെ ഗൌനിക്കാതെ ആ ചോറ് മുഴുവനും കഴിച്ചു. ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതെന്റെനേരെ ചാടിവന്നു. ഭയന്ന് വാതില്‍ അടച്ച ശേഷം,ഞാന്‍ വീട്ടുടമസ്ഥനെ ഉറക്കെ വിളിച്ചു. അദ്ദേഹം വന്നു ശ്രമിച്ചിട്ടും തൂണിനിപ്പുറത്തേക്ക് ആ കുരങ്ങന്‍ ആരെയും അടുപ്പിച്ചില്ല. എന്റെ ഓറഞ്ച്,തക്കാളി,സവാള,അടക്കം സകലവും ക്രമാനുക്രമമായി തിന്നു തീര്‍ത്തു കൊണ്ടേയിരുന്നു, കക്ഷി.

വീടിനകത്തേക്ക് വരാനും പുറത്തു കടക്കാനും ഒരൊറ്റ വഴി മാത്രം. ‘വന്നവര്‍,വന്നവര്‍,നാലുകെട്ടില്‍ തങ്ങി,നിന്നുപോയ്’ എന്നു വയലാര്‍ പാടിയ അവസ്ഥയായി ഇവിടെ. വിശപ്പും,ദാഹവും,സകലജന്തുവര്‍ഗത്തോടും ഉള്ള കലിയുമായി ഞാന്‍ ജനാലയ്ക്കല്‍ നിന്നു. ചിലര്‍ ‘ആഞ്ജനേയാ’ എന്നു വിളിക്കാനും,പ്രാര്‍ത്ഥിക്കാനും ഒക്കെ പറഞ്ഞു. എല്ലാ പരീക്ഷണങ്ങളും പരാജയത്തില്‍ കലാശിച്ചു. ഇടയില്‍ ധീരമായി ഇടപെട്ട സമീപത്തെ പോലീസ്, നല്ല മാന്തുകിട്ടി മടങ്ങിപ്പോയി.എന്റെ വീട്ടുവേഷം ഒഴികെ കട്ടില്‍, അലമാര,സകലവും വരാന്തയില്‍. കുരങ്ങന്‍ എന്റെ പുതിയ ചുരിദാറിന്റെ മേലെ ധ്യാനവും ആരംഭിച്ചു.ആള്‍ക്കൂട്ടം ചര്‍ച്ചകള്‍ കുറച്ചുകുറച്ച് പിരിഞ്ഞു. പച്ചവെള്ളം കുടിക്കാതെ,ഉറങ്ങാതെ,കുരങ്ങനെയും നോക്കി,വീണ്ടും ഞങ്ങള്‍ക്കിടയില്‍ ഒരു രാത്രി വന്നു. കുരങ്ങന്‍ എന്നെ ഒന്ന് നോക്കി.ഹും..നിന്റെ മൊബൈലും പുസ്തകങ്ങളും ആര്‍ക്കുവേണം എന്ന ഭാവത്തില്‍ അവ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും എറിഞ്ഞശേഷം ഗുല്‍മോഹര്‍ വഴി താഴെയിറങ്ങിപ്പോയി.ഇന്നേവരെ ചെയ്തിട്ടില്ലാത്ത വേഗതയില്‍ ഞാന്‍ എല്ലാം എടുത്ത് യഥാസ്ഥാനത്തു വച്ചു.ഒമ്പതു മണിയോടെ വീണ്ടും ഭക്ഷണം ഉണ്ടാക്കി,തളര്‍ന്ന മനസോടെയും, ശരീരത്തോടെയും കഴിച്ചു. വിശപ്പുമാറിയപ്പോള്‍ ഞാന്‍ പതുക്കെ ചിന്തിച്ചുതുടങ്ങി…’ശരിക്കും എന്തായിരുന്നു കുരങ്ങന്റെ പ്രശ്നം?’

 

 

പകലിനപ്പുറം ജീവിതം
ചില പഴംചൊല്ലുകള്‍ മനസ്സില്‍ വന്നു. കുരങ്ങന്റെ കയ്യില്‍ പൂമാല, കാക്കാലന്‍ ചത്ത കുരങ്ങന്‍ എന്നിങ്ങനെ. ചില മനുഷ്യര്‍ ഇങ്ങനെയാണ്.ഒന്നിന്റെയും വില അറിയില്ല.സ്വന്തം വാദങ്ങള്‍ക്ക് മേലെ കയറിയിരുന്നുകൊണ്ട് നല്ലവയെ എറിഞ്ഞുകളയും.എന്റെ മുന്നില്‍ വന്ന കുരങ്ങനെപ്പോലെ അവനവന് ആവശ്യമുള്ള ഭക്ഷണം മാത്രം കഴിച്ചു മടങ്ങിപ്പോകും. ആവശ്യത്തിന് വേണ്ടി മാത്രമുള്ള ആ വരവ് നമ്മളെ അലോസരപ്പെടുത്തുമെങ്കിലും അതിനെ നമുക്ക് നേരിടാന്‍ കഴിയും. നമ്മള്‍ പലരും അത് തിരിച്ചറിയാനും അതിനെ സംയമനത്തോടെ നേരിടാനും സമയമെടുക്കും . അത് നമ്മുടെ ജീവിതത്തിന് അവസാനമല്ലെന്നു പതുക്കെ മനസിലാക്കും . എന്തായാലെന്താണ്,തീവണ്ടിയിലെ രാത്രിയാത്ര പോലെത്തന്നെ ആ ദിവസം നീങ്ങിപ്പോയി.അടുത്ത രാത്രിയിലേക്ക് പകലിന്റെ കുറേയധികം മണിക്കൂറുകളെ നമ്മള്‍ നേരിടണം എന്നു സൂചിപ്പിച്ചുകൊണ്ട്.

ആ രാത്രി ഞാന്‍ ഏറ്റവും അധികം ഓര്‍ക്കുന്നത് ആരെ ആയിരിക്കും? തീര്‍ച്ച..എനിക്ക് കിട്ടിയ ചില സാമീപ്യങ്ങളെ ആയിരിക്കും. കയ്യില്‍ ഉരസിപ്പോകുന്ന,നക്ഷത്രങ്ങളെ, സൂര്യനെ, ആകാശവെട്ടത്തെ മൂടിയുറക്കി അവളെ കണ്ടെടുക്കുന്ന മേഘങ്ങളെ രാത്രി എങ്ങനെയാണോ ഓര്‍ക്കുന്നത് എന്നപോലെയും, പല രൂപത്തില്‍ പല അനുഭവങ്ങളില്‍ ഒഴുക്കിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ക്ക് കാരണമായ മൃഗീയതകളെ..അതിന്റെ ഇരകള്‍ ഓര്‍ത്തെടുക്കുന്നപോലെയും അനായാസമായി..നഷ്ടബോധങ്ങളില്ലാതെ…

6 thoughts on “എത്ര രാവുകള്‍, ജീവിതങ്ങള്‍

  1. രാത്രിയുടെ ഭ്രമിപ്പിക്കുന്ന സൌന്ദര്യം ഈ എഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *