നിശ്ശബ്ദ വിലാപങ്ങളില്‍ ബദ് രിയ

ബദ് രിയക്ക് പന്ത്രണ്ടു വയസ്സ് തികഞ്ഞ അന്ന് വീട്ടുകാര്‍ കാണാന്‍ വന്നു; പുതിയ ഉടുപ്പുകള്‍ ഒക്കെ ആയി. അന്നാണ് സത്യത്തില്‍ അവര്‍ അവളെ കാണുന്നത്, അവള്‍ അവരെയും . അവളുടെ സൌന്ദര്യം കണ്ട് സ്വന്തം വീട്ടുകാരുടെ കണ്ണ് തള്ളി എന്നാണു ചേച്ചിയുടെ ഭാഷ്യം. പിറ്റേ ആഴ്ച അവളുടെ ബാബ അവളെ വീട്ടിലേക്കു കൊണ്ട് പോകാന്‍ വന്നു. വാരാന്ത്യം വീട്ടില്‍ ചിലവഴിക്കാന്‍. പുതിയ ആകാശം കണ്ട കുഞ്ഞു കിളിയെ പോലെ തുള്ളിച്ചാടി അവള്‍ വീട്ടിലേക്കു പോയി. ഞായറാഴ്ച രാവിലെ തന്നെ അവള്‍ തിരിച്ചെത്തി. വലിയ സന്തോഷത്തില്‍ ആയിരുന്നു അവള്‍ . ‘ബാബാ എത്ര നല്ലതാണെന്നും ബാബയെ തനിക്ക് വലിയ ഇഷ്ടം ആണെന്നൊക്കെ അവള്‍ കൊഞ്ചി കൊഞ്ചി പറയുന്നുണ്ടായിരുന്നു. പിന്നെ മിക്ക ആഴ്ചകളിലും ബദ് രിയ വീട്ടിലേക്കു പോകും.. ഇത്തിരി കഴിഞ്ഞപ്പോള്‍, ചില കാര്യങ്ങള്‍ ചേച്ചി ശ്രദ്ധിച്ചു. തിരികെ വരുമ്പോള്‍ അവളുടെ ശരീരത്തില്‍ അവിടവിടെ ചില പാടുകള്‍! ചേച്ചി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, അത് ബാബയും ചേട്ടന്‍മാരും ഉണ്ടാക്കുന്നതാണത്രേ -പ്രവാസ ജീവിതത്തില്‍നിന്ന് പൊളളുന്നൊരു കഥ. ധ്വനി എഴുതുന്നു

 

 

സൌദി ജീവിതം തുടങ്ങി അഞ്ചാറു മാസത്തിനു ശേഷമാണ് പുതിയ സ്ഥലത്തേക്ക് താമസം മാറിയത്. പഠിപ്പിച്ചിരുന്ന സ്കൂളിലേക്ക് കുറച്ചു കൂടി അടുത്തായിരുന്നു അത്. പുതിയ വീട്. ഇത്തിരി കൂടി വിശാലമായ മുറികള്‍. താഴത്തെ നില ആയതിനാല്‍ സാധനങ്ങള്‍ കൊണ്ടുപോകാനും എളുപ്പം.

അടുത്ത് തന്നെ ഒരു മലയാളി കുടുംബം ഉണ്ടായിരുന്നു അവിടുത്തെ കുട്ടികള്‍ ഞങ്ങളുടെ വീട്ടിലെ പതിവ് സന്ദര്‍ശകര്‍ ആയിരുന്നു. സ്കൂളില്‍ നിന്നു ഞങ്ങള്‍ ഉച്ചക്കുവന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ ആ കുട്ടികളും അവരെ നോക്കുന്ന ഷീല ചേച്ചിയും വരും. ഉച്ചക്ക് അവിടത്തെ ചേച്ചി ഡ്യൂട്ടി കഴിഞ്ഞ് വന്നു ഉറക്കത്തിലാവും. ആ സമയത്ത് കുട്ടികള്‍ ശല്യം ഉണ്ടാക്കാതിരിക്കാനാണ് ഈ അയല്‍വക്ക സന്ദര്‍ശനം.

ചേച്ചിക്ക് നാല്‍പതിനടുത്തു പ്രായം. എങ്കിലും കുട്ടികളുടെ പ്രസരിപ്പ്. കറുത്ത് വലിയ കണ്ണുകളും വട്ട മുഖവും. നിലാവ് പോലത്തെ ചിരി, വാതോരാതെ വര്‍ത്തമാനം പറയുമ്പോള്‍, എണ്ണ തേച്ചു നീട്ടി പിന്നികെട്ടിയിരിക്കുന്ന മുടിതുമ്പ് ചൂല് പോലെ ഇട്ടു ഇളക്കി കൊണ്ടിരിക്കും. ഞങ്ങളെ വലിയ കാര്യമായിരുന്നു. ഞങ്ങള്‍ക്കെല്ലാം ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി ഒരു കൊച്ചു പാത്രത്തില്‍ ആക്കിയാകും മിക്കപ്പോഴും ചേച്ചിയുടെ വരവ്.

എട്ടു വര്‍ഷം മുമ്പാണ് ചേച്ചി സൌദിയില്‍ വന്നത്. മാനസിക വളര്‍ച്ചയില്ലാത്ത കുട്ടികളെ നോക്കുന്നതിന് സൌദി സര്‍ക്കാര്‍ നടത്തുന്ന ഒരു സ്ഥാപനത്തില്‍ ആയയായാണ് വന്നത്. ഭര്‍ത്താവും സൌദിയിലുണ്ട്. വീട്ടില്‍നിന്ന് പോയി വരും. ചില പ്രത്യേക കാരണങ്ങളാല്‍ ആ ജോലി ഒഴിവാക്കി ഞങ്ങളുടെ അയല്‍വക്കത്ത് വീട്ടുജോലിക്ക് വരുന്നതാണ്. എല്ലാ വ്യാഴാഴ്ചയും വീട്ടില്‍ പോകും, പിന്നെ വെള്ളിയാഴ്ച വൈകിട്ടേ വരൂ.

ആര്‍ക്കും വേണ്ടാത്ത കിളികള്‍
വീട്ടുകാര്‍ക്ക് വളര്‍ത്താന്‍ ഇഷ്ടമില്ലാത്ത, മാനസിക വൈകല്യത്തോടെ പിറക്കുന്ന കുഞ്ഞുങ്ങളെ നോക്കാന്‍ സൌദി ഗവര്‍മെന്റ് ആരംഭിച്ചതാണ് ആ സ്ഥാപനം. ചില കുട്ടികളെ വീട്ടുകാര്‍ ഇടയ്ക്കു വന്നു കൂട്ടിക്കൊണ്ട് പോകും. ചിലരെ കാണാന്‍ കൂടി ആരും വരാറില്ല . എല്ലാം പെണ്‍കുട്ടികളായിരുന്നു, കാണാന്‍ നല്ല ഭംഗിയുള്ള, ഷീല ചേച്ചിയുടെ ഭാഷയില്‍ ‘കിളി’ പോലെയുള്ള കുഞ്ഞുങ്ങള്‍ മുതല്‍ വലിയ ആളുകള്‍ വരെ.

എങ്കിലും ഇവര്‍ക്ക് ഗവര്‍മെന്റ് എല്ലാ സൌകര്യങ്ങളും നല്‍കുമെന്ന് ഷീല ചേച്ചി പറയുന്നു. ഓരോ രോഗിയേയും നോക്കാന്‍ രണ്ടു ജോലിക്കാര്‍. ഒരാള്‍ രാത്രി ആണെങ്കില്‍ മറ്റേ ആള്‍ പകല്‍. അഞ്ചുനേരം ഭക്ഷണം. ഒരു നേരം കൊടുക്കുന്ന ഭക്ഷണത്തിന്റെ നാലില്‍ ഒന്ന് പോലും ആരും കഴിക്കില്ല. അത് മുഴുവന്‍ പിന്നെ കളയണം എന്നാണ് നിയമം. രണ്ടു ഷിഫ്റ്റിലാണ് ജോലി . പോകുമ്പോള്‍ എന്തെങ്കിലും എടുത്തോ എന്ന് പരിശോധിച്ചേ വിടൂ, അവിടെയുള്ള വനിതാ പൊലീസുകാര്‍. ജോലിക്കാര്‍ക്ക് ഒട്ടും കൊള്ളാത്ത ഭക്ഷണം ആകും മിക്കപ്പോഴും. എന്നാലും ദിവസേന നല്ല ഭക്ഷണ സാധനങ്ങള്‍ ചവറുകുട്ടയിലേക്ക് തള്ളേണ്ടി വരും. അതെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല.

എന്തായാലും, മാനസിക വളര്‍ച്ചയില്ലാത്ത പെണ്‍കുട്ടികളെ ഇത്ര കാര്യമായി പരിചരിക്കുന്ന ഗവര്‍മെന്റിനെ ബഹുമാനിച്ചേ പറ്റു. അവിടെ നമ്മുടെ നാട്ടില്‍ കാണുന്നതില്‍ കൂടുതല്‍ മാനസിക വളര്‍ച്ചയില്ലാത്ത കുട്ടികള്‍ ഉണ്ടാവുന്നു എന്നാണ് കണക്ക്. ഒരു പക്ഷെ രക്ത ബന്ധത്തില്‍ നിന്നുമുള്ള വിവാഹം കൊണ്ടാകും.

മാനസിക വളര്‍ച്ച മാത്രമേ ഈ പെണ്‍കുട്ടികള്‍ക്ക് ഇല്ലാതെയുള്ളൂ ചിലരെ കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നില്ലെന്നാണ് ചേച്ചി പറയുന്നത് മിക്ക കുട്ടികളും പ്രായത്തില്‍ കവിഞ്ഞ ശാരീരിക വളര്‍ച്ച ഉള്ളവരാണത്രെ. ഒരു മാതിരി വളര്‍ച്ച ആകുമ്പോള്‍ വീട്ടുകാര്‍ വരും. വാരാന്ത്യങ്ങളില്‍ കൂട്ടി കൊണ്ട് പോകാന്‍. കുട്ടികള്‍ക്ക് എന്ത് സന്തോഷം ആണെന്നോ. നിറഞ്ഞ സന്തോഷത്തിലാണ് അവര്‍ തിരികെ വരികയെന്ന് ചേച്ചി ഓര്‍ക്കുന്നു.

വെളുത്തു തുടുത്തൊരു കിളിക്കുഞ്ഞ്

ചേച്ചി അവിടം വിടാന്‍ കാരണം ഒരു പെണ്‍കുട്ടിയാണ്. ബദ് രിയ. അവളുടെ സങ്കടം കണ്ടു നില്‍ക്കാന്‍ കഴിയാതെയാണ് ചേച്ചി ജോലി ഉപേക്ഷിച്ചത്.ബദ് രിയയെക്കുറിച്ച എല്ലാ സംസാരവും ആഹ്ലാദഭരിതമായ ചിരിയില്‍ തുടങ്ങി കണ്ണീരിലാണ് അവസാനിക്കുക. കേട്ടുനില്‍ക്കുന്നവരുടെ കണ്ണു നനയിക്കുന്നൊരു കഥ തന്നെയായിരുന്നു ബദ് രിയയുടേത്.

ബദ് രിയയെക്കുറിച്ച് പറയുമ്പോള്‍ ചേച്ചിയുടെ മുഖത്ത് നൂറു വാട്ട് ബള്‍ബ് തെളിയും എന്ന് ഞങ്ങള്‍ കളിയാക്കും. അത്രക്ക് ഇഷ്ടമാണ് ചേച്ചിക്കവളെ. അവള്‍ക്ക് ചേച്ചിയെയും.

“അവളെ ഒന്ന് കാണണം. കയ്യും കാലുമൊക്കെ കണ്ടാല്‍ പാവയാണെന്ന് തോന്നും. ഒരു പാട് പോലുമില്ല ശരീരത്തില്‍. വെളുത്ത് തുടുത്ത്’-അതി സുന്ദരിയായ ബദ് രിയയെക്കുറിച്ച് ചേച്ചിയുടെ വിവരണം ഇങ്ങനെ. സ്വന്തം മകളെ പോലെയാണ് ചേച്ചി അവളെ നോക്കിയിരുന്നത്. അവള്‍ക്കും ചേച്ചി ഒരു അമ്മയെ പോലെ. വയസ്സ് പത്തു പന്ത്രണ്ടായെങ്കിലും കുളിപ്പിക്കുന്നതും ഭക്ഷണം വാരിക്കൊടുക്കുന്നതും എല്ലാം ചേച്ചിയാണ്.

“കുറച്ചൊക്കെ മലയാളം പറയാനും അവള്‍ക്കറിയാം. എന്നെ അമ്മ എന്നാ വിളിച്ചിരുന്നത്. എന്നെ കണ്ടില്ലെങ്കില്‍ അവള്‍ മര്യാദക്ക് ഭക്ഷണം കൂടി കഴിക്കില്ല, അറിയുമോ?” ചേച്ചി ചോദിക്കും. കേരളത്തില്‍ എവിടെയോ ജനിച്ചു വളര്‍ന്ന ഒരു നാടന്‍ പെണ്ണും സൌദിയിലെ ഏതോ വലിയ കുടുംബത്തില്‍ മാനസിക വളര്‍ച്ച ഇല്ലാതെ ജനിച്ച മറ്റൊരു പെണ്ണും തമ്മിലുള്ള ബന്ധം.. ബന്ധങ്ങളുടെ നൂലിഴകള്‍ക്ക് എന്തെല്ലാം വര്‍ണ്ണങ്ങള്‍!

 

 

പുതിയ ആകാശത്തെ വലകള്‍
ബദ് രിയക്ക് പന്ത്രണ്ടു വയസ്സ് തികഞ്ഞ അന്ന് വീട്ടുകാര്‍ കാണാന്‍ വന്നു; പുതിയ ഉടുപ്പുകള്‍ ഒക്കെ ആയി. അന്നാണ് സത്യത്തില്‍ അവര്‍ അവളെ കാണുന്നത്, അവള്‍ അവരെയും . അവളുടെ സൌന്ദര്യം കണ്ട് സ്വന്തം വീട്ടുകാരുടെ കണ്ണ് തള്ളി എന്നാണു ചേച്ചിയുടെ ഭാഷ്യം. പിറ്റേ ആഴ്ച അവളുടെ ബാബ അവളെ വീട്ടിലേക്കു കൊണ്ട് പോകാന്‍ വന്നു. വാരാന്ത്യം വീട്ടില്‍ ചിലവഴിക്കാന്‍. പുതിയ ആകാശം കണ്ട കുഞ്ഞു കിളിയെ പോലെ തുള്ളിച്ചാടി അവള്‍ വീട്ടിലേക്കു പോയി. ഞായറാഴ്ച രാവിലെ തന്നെ അവള്‍ തിരിച്ചെത്തി. വലിയ സന്തോഷത്തില്‍ ആയിരുന്നു അവള്‍ . ‘ബാബാ എത്ര നല്ലതാണെന്നും ബാബയെ തനിക്ക് വലിയ ഇഷ്ടം ആണെന്നൊക്കെ അവള്‍ കൊഞ്ചി കൊഞ്ചി പറയുന്നുണ്ടായിരുന്നു. പിന്നെ മിക്ക ആഴ്ചകളിലും ബദ് രിയ വീട്ടിലേക്കു പോകും..

ഇത്തിരി കഴിഞ്ഞപ്പോള്‍, ചില കാര്യങ്ങള്‍ ചേച്ചി ശ്രദ്ധിച്ചു. തിരികെ വരുമ്പോള്‍ അവളുടെ ശരീരത്തില്‍ അവിടവിടെ ചില പാടുകള്‍! ചേച്ചി ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു, അത് ബാബയും ചേട്ടന്‍മാരും ഉണ്ടാക്കുന്നതാണത്രേ.

‘ഹെന്റെ മോളെ, സ്വന്തം അച്ഛനും സഹോദരന്‍മാരും ചെയ്യുന്നതെന്താണെന്ന് മനസ്സിലാക്കാന്‍ ഉള്ള ബുദ്ധി ആ പാവം കുട്ടിക്ക് ദൈവം കൊടുത്തില്ലേല്ലോ’^പറഞ്ഞു പറഞ്ഞ് ചേച്ചി കരഞ്ഞു. കേട്ടിരുന്ന ഞങ്ങളും.

‘മനസ്സിന് വളര്‍ച്ച ഇല്ലെങ്കിലും അവള്‍ക്ക് എല്ലാ ശാരീരിക ചോദനകളും ഉണ്ടായിരുന്നു. പിന്നെ പിന്നെ കുളിപ്പിക്കുമ്പോഴും മറ്റും അവള്‍ പറയും, ബാബാ ചെയ്യുന്നത് പോലെ പോലെ ചെയ്തു താ എന്നൊക്കെ. തകര്‍ന്നു പോയി ഞാന്‍. ഇനിയവിടെ നില്‍ക്കാന്‍ വയ്യെന്ന് തോന്നി. അന്ന് തിരിച്ചു പോന്നതാണ് ഞാന്‍-ചേച്ചിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

രണ്ടാഴ്ചകള്‍ക്ക് ശേഷം ഒരു രാത്രി വലിയ ഒച്ചപ്പാടും ബഹളവും കേട്ട് ഞങ്ങള്‍ ഉണര്‍ന്നു. അപ്പുറത്തെ വീട്ടില്‍ നിന്നാണ് ബഹളം. എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല. പീപ് ഹോളില്‍ കൂടി നോക്കിയപ്പോള്‍ ആളുകള്‍ ഇടിച്ചു കയറുന്നതും മറ്റും കണ്ടു. രാത്രി പുറത്തിറങ്ങുന്നത് അത്ര നല്ലതല്ലാത്തതിനാല്‍ ഞങ്ങള്‍ പുറത്തിറങ്ങിയില്ല . പിറ്റേന്ന് അപ്പുറത്തെ ചേച്ചിയോട് ചോദിച്ചപ്പോള്‍ മനസ്സിലായി. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലെ ആളുകള്‍ വന്നതാണ്. ഷീല ചേച്ചിയെ പിടിക്കാന്‍ . അവര്‍ ചേച്ചിയെ കൊണ്ടുപോയി.

ചേച്ചി വന്നത് അവിടത്തെ വിസയിലാണ്. പിന്നെ അവിടം വിട്ട് വീട്ടുവേലക്ക് വന്നതാണ്. അവര്‍ക്ക് ഇഖാമ ഇല്ലായിരുന്നു. സ്ഥാപനം അതറിഞ്ഞു. കൊണ്ടുപോയി. തടയാനൊന്നും ആര്‍ക്കും പറ്റില്ല. അവരുടെ വിസയില്‍ വന്ന ചേച്ചി നിയമപരമായി അവരുടെ കീഴിലാണ് .

ചേച്ചിക്ക് എന്ത് പറ്റിയെന്നോ അവര്‍ ചേച്ചിയെ എങ്ങോട്ട് കൊണ്ട് പോയെന്നോ ഒന്നുമറിയില്ല.
പിന്നെ, ആരും അവരെക്കുറിച്ച് ഒന്നും പറഞ്ഞിട്ടുമില്ല.

Leave a Reply

Your email address will not be published. Required fields are marked *