ബഹിരാകാശം ‘തൂത്തുവാരാന്‍’ സ്വിസ് ഉപഗ്രഹം

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്-നിധീഷ് നടേരി എഴുതുന്നു

 

 

ബഹിരാകാശത്ത് അസംഖ്യം മനുഷ്യ നിര്‍മിത വസ്തുക്കള്‍ അലഞ്ഞു നടക്കുന്നുണ്ട്. ഉപഗ്രഹങ്ങള്‍, പേടകങ്ങള്‍, ഇവയുടെ അനുബന്ധ വസ്തുക്കള്‍, ബഹിരാകാശ ദൌത്യങ്ങള്‍ക്കിടെ ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍… അങ്ങനെ വന്‍ തോതിലുള്ള മലിനീകരണം. ഇതു കൊണ്ട് ആത്യന്തിക ദോഷം നമുക്കുതന്നെയാണ്. മണിക്കൂറില്‍ ഏകദേശം 30,000 കിലോമീറ്റര്‍ വേഗതയില്‍ അത്തരം വസ്തുക്കളുടെ കൂമ്പാരങ്ങള്‍ നമുക്കു മുകളില്‍ കറങ്ങുന്നുണ്ട്. പലപ്പോഴും ഉപഗ്രഹങ്ങള്‍ ഭ്രമണത്തിനിടെ ഇത്തരം ചെറുപദാര്‍ഥങ്ങളുമായി കൂട്ടിയിടിച്ചാല്‍ സാരമായ നാശം സംഭവിക്കാനിടയുണ്ട്. അ്ത്തരം സംഭവങ്ങള്‍ ഉണ്ടാവുന്നുമുണ്ട്.

2009 ഫെബ്രുവരിയില്‍ ഇറിഡിയം 33 എന്ന യു.എസ് ഉപഗ്രഹം റഷ്യയുടെ ഉപേക്ഷിക്കപ്പെട്ട കോസ്മോസ് 2251 ഉപഗ്രഹവുമായി കൂട്ടിയിടിച്ചു തകര്‍ന്നിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം തന്നെ ഇത്തരം കൂട്ടിയിടികള്‍ ഒഴിവാക്കാന്‍ നിരന്തരം ഭ്രമണപഥം മാറ്റുന്നു. ഇങ്ങനെ, ബഹിരാകാശം മനുഷ്യ നിര്‍മിത അവശിഷ്ടങ്ങളാല്‍ നിറഞ്ഞാല്‍ തമ്മിലിടികളുടെ പരമ്പരകള്‍ തന്നെയാവും വരും കാലങ്ങളിലുണ്ടാവുക.

ഇതു മുന്നില്‍ക്കണ്ടാണ് സ്വിറ്റ്സര്‍ലന്‍്റ് സ്പേസ് സെന്‍്ററിലെ (ഇ.പി.എഫ്.എല്‍) ഗവേഷകര്‍ ബഹിരാകാശം ഒന്നു വൃത്തിയാക്കാനൊരുങ്ങുന്നത്. അഞ്ചു വര്‍ഷത്തിനകം ബഹിരാകാശ അവശിഷ്ടങ്ങളെ തുടച്ചു മാറ്റാനായി ‘ക്ളീന്‍ സ്പേസ് വണ്‍’ എന്ന ഉപഗ്രഹത്തെ പറഞ്ഞയക്കാനുള്ള കൊണ്ടു പിടിച്ച ശ്രമത്തിലാണ് സ്വിസ് സ്പേസ് നിലയം. ബഹിരാകാശ അവശിഷ്ടങ്ങളുടെ സഞ്ചാര പഥത്തിലേക്ക് സ്വയം വഴിമാറാന്‍ കഴിയും വിധം രൂപകല്‍പ്പന ചെയ്ത അള്‍ട്രാ കോമ്പാക്ട് മോട്ടോറാണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന സവിശേഷത.

‘ഇര’യുടെ അടുത്തെത്തിയാല്‍ യന്ത്രക്കെകളാല്‍ ഇത് വസ്തുവിനെ വരിഞ്ഞു മുറുക്കും. വസ്തു വരുതിയിലായാല്‍ ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ പതിച്ച് കത്തിത്തീരും. ഇരയെ പിടിച്ചെടുത്തു കഴിഞ്ഞാല്‍ അതിനെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കത്തിത്തീരാന്‍ പറഞ്ഞയച്ച് ബഹിരാകാശത്ത് ദൌത്യം തുടരുന്ന രീതിയിലാണ് ഇവയെ രൂപകല്‍പ്പന ചെയ്യുന്നത്. ബഹിരാകാശത്ത് അതിവേഗത്തില്‍ സഞ്ചരിക്കുന്ന, ചിലപ്പോള്‍ സ്വയം ഭ്രമണം ചെയ്യന്ന വസ്തുക്കളെ വരുതിയിലാക്കുകയെന്നത് ശ്രമകരമായ ദൌത്യം തന്നെയായിരിക്കും. തല്‍ക്കാലം ഉപേക്ഷിക്കപ്പെട്ട രണ്ട് സ്വിസ് ഉപഗ്രഹങ്ങള്‍ നശിപ്പിക്കുകയാണ് ‘ക്ളീന്‍ സ്പേസ് വണി’ന്‍െറ ആദ്യ നീക്കം.

മറ്റ് ഉപഗ്രഹ അവശിഷ്ടങ്ങളെ തുടച്ചു നീക്കാന്‍ പാകത്തിന് ഇത്തരത്തില്‍ ശുചീകരണ ഉപഗ്രഹങ്ങളെ രൂപകല്‍പ്പന ചെയ്തു കൊടുക്കുവാനും സ്വിസ് ബഹിരാകാശ കേന്ദത്തിന് പദ്ധതിയുണ്ട്. എന്തായാലും ബഹിരാകാശ ശുചീകരണമെന്ന ദൌത്യത്തിന് ലോകത്ത് ആദ്യകാല്‍വെപ്പെന്ന രീതിയില്‍ ഈ ശ്രമം ശ്രദ്ധേയം തന്നെ. വര്‍ഷങ്ങള്‍ക്കകം കാണാം ഈ ബഹിരാകാശ തൂപ്പുകാരന്‍ കൊള്ളാമോ ഇല്ലയോ എന്ന്.

One thought on “ബഹിരാകാശം ‘തൂത്തുവാരാന്‍’ സ്വിസ് ഉപഗ്രഹം

Leave a Reply

Your email address will not be published. Required fields are marked *