സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

മനസ്സൊന്നു പിടഞ്ഞു. എന്തോ പ്രശ്നമുണ്ട്! ആ സന്ദേഹത്തിന് മറുപടിയെന്നോണം ഷൌക്കത്തിന്റെ വാക്കുകള്‍ മുഴങ്ങി. ഇനി മുന്നോട്ടു പോകാനാവില്ല. മഞ്ഞു വീണ് വഴിയടഞ്ഞിരിക്കുന്നു. സോനമാര്‍ഗില്‍ മഞ്ഞുവീഴ്ച അതിശക്തമാണത്രെ. അപ്പോള്‍… എന്റെ കണ്ണു നിറഞ്ഞു. ഇതാ എന്റെ സ്വപ്നം മുറിഞ്ഞിരിക്കുന്നു. സോനാ മാര്‍ഗ് മോഹം പൊലിഞ്ഞു. ഉറക്കെ കരയണമെന്നു തോന്നി. പ്രകൃതിയോട് അരിശം തോന്നി. സങ്കടം കൊണ്ട് തല കുനിച്ചിരിക്കെ ഷൌക്കത്ത് വണ്ടി തിരിച്ചു. ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു-ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രാകുറിപ്പിന്റെ രണ്ടാം ഭാഗം. ചിത്രങ്ങള്‍: ജസ് ലിന്‍

 

 

കാലത്തുണര്‍ന്നപ്പോള്‍ സോനമാര്‍ഗ് മാത്രമായിരുന്നു മനസ്സില്‍. ഹിന്ദി സിനിമകളിലെ അനേകം മധുര ഗീതങ്ങളുടെ ലൊക്കേഷന്‍. കടല്‍നിരപ്പില്‍ നിന്ന് മൂവായിരം മീറ്റര്‍ ഉയരം. മഞ്ഞും ആകാശവും ലയിച്ചു ചേരുന്ന മനോഹരാനുഭവം. ശ്രീനഗറില്‍നിന്ന് വടക്ക് കിഴക്ക് ദിശയില്‍ 87 കിലോ മീറ്റര്‍ യാത്രചെയ്യണം അവിടെയത്താന്‍. അങ്ങോട്ടേക്കുള്ള വഴി അതിമനോഹരമാണ്. നദികളും കുന്നുകളും ചാരുതയേറിയ താഴ്വരങ്ങളും. മുമ്പേ പറന്നവര്‍ ഒരു പാടെഴുതിയിട്ടുണ്ട് സോനാമാര്‍ഗിനെക്കുറിച്ച്.

സ്വപ്നത്തിന്റെ ഇത്തിരി തരി ഹൃദയത്തിലേക്ക് കോരിയൊഴിക്കുന്ന അത്തരം വായനാനുഭവങ്ങളില്‍ ഒരു പാട് തവണ തരിച്ചിരുന്നിട്ടുണ്ട്. കശ്മീരിലേക്കുള്ള യാത്ര തീരുമാനിക്കുംമുമ്പേ സോനാമാര്‍ഗ് ഉള്ളിലുണ്ടായിരുന്നു. എങ്കിലും, മരംകോച്ചുന്ന, മഞ്ഞുറയുന്ന ഈ സീസണില്‍ സോനാമാര്‍ഗിലേക്കുള്ള യാത്ര എളുപ്പമാവില്ലെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു. ദുര്‍ഘട വഴികള്‍ മാത്രമല്ല, തണുപ്പിന്റെ ആധിക്യവും പ്രശ്നം തന്നെയാണ്. എങ്കിലും പ്രതീക്ഷകളുണ്ടായിരുന്നു, ഇത്രയും ആഗ്രഹങ്ങളുമായി പാഞ്ഞെത്തിയ ഒരാളെ ഈ മണ്ണ് നിരാശയാക്കില്ലെന്ന്. എല്ലാ തടസ്സങ്ങള്‍ക്കുമൊടുവില്‍ സോനാമാര്‍ഗിന്റെ ഉച്ചിയില്‍നിന്നുള്ള ഹിമവാന്റെ കാഴ്ചയിലേക്ക് നോട്ടങ്ങള്‍ പറത്താന്‍ കഴിയുമെന്ന്. എന്നിട്ടും മനസ്സിനെ വിശ്വസിപ്പിച്ചു, ഇതൊന്നും അത്ര എളുപ്പമല്ലെന്ന്. അഥവാ, സോനാമാര്‍ഗില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കിലും എത്താവുന്ന പരമാവധി അങ്ങോട്ടേക്കുള്ള വഴിദൂരം കണ്ണിലേക്കു നിറക്കണമെന്ന് അതിയായി ആഗ്രഹിച്ചു.

ജസ് ലിന്‍ ജെയ്സന്‍

ദാല്‍ തടാകം
രാവിലെ നേരത്തെ റെഡി ആയി. ഹോട്ടലിനു മുന്നിലേക്ക് ഇറങ്ങിയപ്പോള്‍ ഷൌക്കത്തും കാറും മുന്നില്‍. എന്നാല്‍, അയാളുടെ മുഖം വിവശം. എഞ്ചിനില്‍ ഓയില്‍ ഉറഞ്ഞുകൂടി സ്റാര്‍ട്ട് ആകാത്ത അവസ്ഥയിലാണ് കാര്‍. കുറച്ചു സമയമെടുക്കും, ഇനി.

ശരി, എങ്കില്‍ ഇത്തിരി നടക്കാമെന്ന് നിനച്ചു. മെല്ലെ മുന്നിലേക്ക് നടന്നു. പൊടുന്നനെ, മഞ്ഞിന്റെ ആടയാഭരണങ്ങളിഞ്ഞ് ദാല്‍ തടാകം കണ്ണിലേക്ക് പെയ്തു.

വെണ്‍മ വാരിപ്പൂശിയ അപാരതക്കിപ്പുറം കുറേ മനുഷ്യര്‍ ശിക്കാരക്കാരനുമായി വിലപേശുന്നു. അതിനപ്പുറവും ശിക്കാരകള്‍. സ്വപ്നങ്ങള്‍ ഉറങ്ങുന്ന ആ തടാകത്തിലൂടെ പുലര്‍മഞ്ഞിന്റെ തോണിയേറാന്‍ നേരത്തെ തന്നെ സഞ്ചാരികളെത്തിയിട്ടുണ്ട്. തടാകത്തിന്റെ അങ്ങേക്കരയില്‍ കുറെ ഹൌസ്ബോട്ടുകള്‍ കണ്ടു. ദൂരക്കാഴ്ചയില്‍, ആലപ്പുഴയിലെയും കുമരകത്തെയും പോലെ തന്നെ. എന്നാല്‍, അടുത്തറിയുമ്പോള്‍ വിഭിന്നം. രൂപകല്പനയില്‍ കാലാവസ്ഥാനുസൃതമായ അനേകം മാറ്റങ്ങളുണ്ട് അവയ്ക്ക്.

മനോഹരമായിരുന്നു ആ കാഴ്ച. വെള്ളയുടെ പല ഷേഡുകള്‍ പല തലങ്ങളില്‍ കൂടിച്ചേരുന്ന ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിങ് പോലെ തടാകം. വെണ്‍മയുടെ വിശാലമായ പശ്ചാത്തലത്തിലേക്ക് എടുത്തു വെച്ചതു പോലുണ്ട് മുന്നിലെ പല വസ്ത്രങ്ങളണിഞ്ഞ സഞ്ചാരികള്‍.

അസ്ഥി തുളച്ചു തണുത്ത കാറ്റു കടന്നു പോകുന്നു. എങ്കിലും അവിടം വിട്ടുപോവാന്‍ തോന്നിയില്ല. അത്ര ചാരുതയുണ്ടായിരുന്നു, ആ പകലിന്. കുറേ നേരം അവിടെ നടന്നു. 11 മണി ആയപ്പോള്‍ കാര്‍ റെഡിയായി. യാത്ര തുടങ്ങി. മഞ്ഞു വീഴ്ച മൂലം റോഡ് ആകെ താറുമാറായിക്കാണുമെന്ന് ഷൌക്കത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. 3-4 മണിക്കൂര്‍ യാത്രയുണ്ടാവും. പുസ്തകങ്ങളിലൂടെ ഉള്ളില്‍വന്നു കയറി, പിന്നീട് സ്വപ്നംപോലെ കൊണ്ടുനടന്ന ഒരിടത്തേക്കാണ് യാത്ര. അതിനാല്‍, എത്ര നേരമിരിക്കാനും എന്തും സഹിക്കാനും ഒരുക്കമായിരുന്നു.

ഒരു സ്വപ്നം ഉടയുന്നു
സോനമാര്‍ഗിലെക്കുള്ള വഴി പ്രതീക്ഷിച്ചതുപോലെ ദുര്‍ഘടം തന്നെയായിരുന്നു. അപകടങ്ങള്‍ പതിയിരിക്കുന്ന വഴികളെന്ന് ഇടക്കെപ്പോഴോ ഷൌക്കത്ത് വിശദീകരിച്ചു. Desi Boyz എന്ന് തിളങ്ങുന്ന അക്ഷരങ്ങളില്‍ കണ്ണാടിയില്‍ എഴുതിവെച്ച ഒരു വാന്‍ പെട്ടെന്ന് ഞങ്ങളുടെ മുന്നിലായി ചീറിപ്പാഞ്ഞു പോയി. ഒരു പറ്റം ചെറുപ്പക്കാര്‍. ആടിയും പാടിയും അവരുടെ ഉല്ലാസ നേരം. ഇത്ര വേഗം ചെന്നെടുക്കേണ്ട എന്തോ മുകളിലുള്ളതുപോലെ വെറിപിടിച്ചായിരുന്നു അവരുടെ യാത്ര. ധ്യാനഭരിതമായ മനസ്സോടെ ഒപ്പിയെടുക്കേണ്ട മനോജ്ഞദൃശ്യങ്ങള്‍ ബഹളവും വേഗതയുംകൊണ്ട് പിന്നിടുന്ന ആ കൂട്ടത്തെക്കുറിച്ച് വെറുതെ ആലോചിച്ചു.

ഇനി വെറും 10 കിലോ മീറ്റര്‍ മാത്രമേയുള്ളൂ. മുകളിലേക്ക് പോകും തോറും വഴിയാകെ മഞ്ഞു മൂടിക്കിടക്കുന്നുണ്ടയിരുന്നു. അതോടെ കാറിന്റെ വേഗത കുറഞ്ഞു. വൈകുന്നേരങ്ങളില്‍ യാത്ര ഇതിലുമേറെ ദുരിതമാണ്. മഞ്ഞു വീഴ്ചയും ഇരുട്ടും കൂടും. അതിനാലാണ് ഉച്ചഭക്ഷണം പോലും വേണ്ടെന്നു വെച്ചുള്ള ഈ യാത്ര. പെട്ടെന്ന് ഒരിരമ്പം കേട്ടു. ഒരു വാഹനം എതിരെ വരുന്നു. സൂക്ഷിച്ചു നോക്കിയപ്പോള്‍ നേരത്തെ കണ്ട വണ്ടി. അതിന്റെ ചില്ലില്‍ Desi Boyz ‘ എന്ന ലിഖിതം. ഞങ്ങളെ പിന്നിടുമ്പോള്‍ അതിലെ ഡ്രൈവര്‍ ഉച്ചത്തില്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടയിരുന്നു.

മനസ്സൊന്നു പിടഞ്ഞു. എന്തോ പ്രശ്നമുണ്ട്!

ആ സന്ദേഹത്തിന് മറുപടിയെന്നോണം ഷൌക്കത്തിന്റെ വാക്കുകള്‍ മുഴങ്ങി-“ഇനി മുന്നോട്ടു പോകാനാവില്ല. മഞ്ഞു വീണ് വഴിയടഞ്ഞിരിക്കുന്നു. സോനമാര്‍ഗില്‍ മഞ്ഞുവീഴ്ച അതിശക്തമാണത്രെ”.

അപ്പോള്‍…

എന്റെ കണ്ണു നിറഞ്ഞു. ഇതാ എന്റെ സ്വപ്നം മുറിഞ്ഞിരിക്കുന്നു. സോനാ മാര്‍ഗ് മോഹം പൊലിഞ്ഞു. ഉറക്കെ കരയണമെന്നു തോന്നി. പ്രകൃതിയോട് അരിശം തോന്നി. സങ്കടം കൊണ്ട് തല കുനിച്ചിരിക്കെ ഷൌക്കത്ത് വണ്ടി തിരിച്ചു. ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. ഇനി എന്തെങ്കിലും കഴിക്കാം എന്ന തീരുമാനത്തിലെത്തി. അടുത്ത് കണ്ട ധാബയില്‍ തന്നെ കാര്‍ നിന്നു. മെനു കാര്‍ഡും പരിചാരകരും ഇല്ലാത്ത ചെറിയ ഇടം. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അക്ഷരാര്‍ഥത്തില്‍ കിടുങ്ങി. അത്രക്കുണ്ടായിരുന്നു തണുപ്പ്. റോഡിനു ഇരുവശത്തുമായി കുറച്ചു കടകള്‍. അതിനടുത്തായി ഒരു പട്ടാള ക്യാമ്പ്. അടുത്തൊന്നും വീടുകളില്ല.

 

 

ഡാബയിലെ തീ
ഡാബയിലും നല്ല തണുപ്പ്. തണ്ടൂരി റോട്ടിയും ചന മസാലയും ഓര്‍ഡര്‍ ചെയ്തു. ഡല്‍ഹിയില്‍ നിന്നെത്തിയ നവ ദമ്പതികളും ഞാനും പിന്നെ ഞങ്ങളുടെ ഡ്രൈവര്‍മാരുമാണവിടെ. എല്ലാവരും തണുത്തു വിറക്കുന്നു. ഞങ്ങളുടെ അവസ്ഥ മനസിലാക്കിയിട്ടോ എന്തോ കടയിലെ പയ്യന്‍ വിറകു കൂട്ടി കത്തിച്ചു. ഹാവൂ..ഇപ്പോള്‍ ഇത്തിരി ആശ്വാസം. ഞങ്ങളെല്ലാവരും തീകായാനായി അതിനു ചുറ്റും കൂടിയിരുന്നു. ദില്ലിക്കാരുടെ ഡ്രൈവറുടെ മൊബൈലില്‍ നിന്നും വളരെ പരിചിതമായ ആ ഗാനം മുഴങ്ങി. മറ്റൊന്നുമല്ല ‘Why this kolaveri ‘ തന്നെ! ഏതു ഭാഷയിലെ പാട്ടാണെന്ന് പോലുമറിയാതെയാണ് അയാള്‍ അത് കേള്‍ക്കുന്നത്. ആ പാട്ടിന്റെ റീച്ചിനെ കുറിച്ചോര്‍ത്തപ്പോള്‍ അതിശയം തന്നെ തോന്നി.

ആലോചനകള്‍ക്കിടെ ആഹാരമെത്തി. വിശപ്പിന്റെ ആധിക്യത്തില്‍ ഭക്ഷണത്തിന് രുചി കൂടുക സ്വാഭാവികം, പക്ഷെ ഇതങ്ങനെ അല്ല. ശരിക്കും തകര്‍പ്പന്‍.

ഭക്ഷണ ശേഷം കുറച്ചു സമയം വെറുതെ നടന്നു. ഒരു മനുഷ്യനെ പോലും കാണാനില്ല. തിരിച്ചു വരുമ്പോള്‍ കുറച്ചു പട്ടാളക്കാര്‍ ക്യാമ്പിനു പുറത്തേക്കു വരുന്നത് കണ്ടു. താങ്ങാനാവാതെ നാം രക്ഷപ്പെട്ടു കളയുന്ന ഈ കാലാവസ്ഥ എന്നും നേരിടുന്നവരാണവര്‍. നമുക്ക് ചൂടുള്ള ഇടങ്ങളിലേക്ക് രക്ഷപ്പെടാം. അവരെങ്ങോട്ട് പോവാന്‍? രാജ്യത്തിനുവേണ്ടി കഠിന ജീവിതം നയിക്കാന്‍ നിര്‍ബന്ധിതരായ മനുഷ്യര്‍. സംസാരിച്ചാലോ എന്നാലോചിച്ചു. ധൈര്യം വന്നില്ല. അതിനാല്‍, സന്തോഷത്തോടെ ചിരിച്ചു. അതിലും മനോഹരമായ ചിരിയായിരുന്നു മറുപടി. സന്താഷം തോന്നി.

 

 

മഞ്ഞുവാരിയെറിയുന്ന കുട്ടികള്‍
വരുന്ന വഴിക്കേ ശ്രദ്ധിച്ചിരുന്നു, ഇക്കോ ഫ്രന്റ്ലി പാര്‍ക്ക് എന്ന ബോര്‍ഡ്. തിരിച്ചുപോവുമ്പോള്‍ വീണ്ടുമത് കണ്ടു. Baba Nizamuddin’ park, Kijipora. ഏകദേശം രണ്ടേ ഏക്കറോളം പടര്‍ന്നു കിടക്കുന്ന ഒരിടം. റോഡ് നിരപ്പില്‍ നിന്ന് ഏറെ ഉയരത്തില്‍. സമീപ പ്രദേശങ്ങള്‍ വളരെ വ്യക്തമായി കാണാനാവും. മഞ്ഞുകാലമായതിനാല്‍ പാര്‍ക്കില്‍ ഒരു പുല്‍നാമ്പ് പോലും കാണാനിടയില്ലെന്ന് അറിയാമായിരുന്നു. എങ്കിലും ഒന്നു കയറി നോക്കാന്‍ തന്നെ തീരുമാനിച്ചു. 40 -50 പടവുകള്‍ കയറണം പാര്‍ക്കിലെത്താന്‍. മഞ്ഞ് മൂടിയിരുന്നെങ്കിലും അവിടെ അനേകം ടൂറിസ്റുകള്‍ ഉണ്ടായിരുന്നു.

കുട്ടികള്‍ മഞ്ഞു വാരിയെറിഞ്ഞു തിമിര്‍ക്കുന്നു. മുതിര്‍ന്നവര്‍ മഞ്ഞുമനുഷ്യനെ ഉണ്ടാക്കുന്നു. ആകെ ഉല്ലാസ ഭരിതമായ അവസ്ഥ. അവിടെ നിന്നാല്‍ ആ പ്രദേശം മുഴുവനായി കാണാം. റോഡിനു ഇരുവശവുമായി വെള്ളകൊണ്ടു പൊതിഞ്ഞ മലനിരകള്‍. ടിവി യില്‍ മാത്രമേ മഞ്ഞു മലകള്‍ കണ്ടിട്ടുള്ളൂ. അതിനാല്‍, മഞ്ഞുകൊണ്ടുണ്ടാക്കിയ ആ മലകളെ കൊതിയോടെ നോക്കി നിന്നു, ഏറെ നേരം.
മഞ്ഞു വാരിയെറിഞ്ഞും മഞ്ഞുമനുഷ്യനെ ഉണ്ടാക്കിയും കുട്ടികളോടൊപ്പം ഞാനും കൂടി. എങ്കിലും സോനാമാര്‍ഗ് കാണാന്‍ കഴിയാത്തതിലെ സങ്കടം അതേപടി കിടന്നു. സന്തോഷത്തിനു മുകളില്‍ ആരോ ഒരു കല്ലു വെച്ചതുപോലെ.

 

 

മാനസ്ബാലിലെ നിശ്ശബ്ദത
മടക്കയാത്രയില്‍ കാണാനുള്ള കാഴ്ചകള്‍ എന്തൊക്കെയെന്ന് തിരക്കി. മാനസ്ബാല്‍ തടാകം!. സംശയലേശമന്യെ ഷൌക്കത്ത് പറഞ്ഞു.

താഴ്വരയിലെ ഏറ്റവും ആഴമേറിയ തടാകമാണത്. എന്നാലിനി യാത്ര അങ്ങോട്ടേക്ക്.

ഒട്ടനേകം ആപ്പിള്‍ തോട്ടങ്ങള്‍ കടന്നാണ് യാത്ര. മഞ്ഞിന്റെ തിരശ്ശീലയിട്ടതിനാല്‍ മരം മാത്രമേ കാണാനാവൂ. കുറെ വളവും തിരിവുകള്‍ താണ്ടിയെത്തിയത് തടാകത്തിന്റെ വിദൂര ദൃശ്യത്തിലേക്കാണ്. നിറങ്ങള്‍ വാരിത്തൂവിയ ഒരു ഫോട്ടോഗ്രാഫ് പോലെ അത് പ്രലോഭിപ്പിച്ചു. പാര്‍ക്കിനോടു ചേര്‍ന്നാണ് വിസ്തൃതമായ തടാകം. അതിനുപിന്നില്‍ മഞ്ഞിന്റെ മറക്കപ്പുറം ഉയരമേറിയ മലനിരകള്‍. പാര്‍ക്കിനു മുന്നിലായി കബാബ് വില്‍ക്കുന്ന ഒരാളെ കണ്ടു. അത് വാങ്ങിക്കഴിക്കുന്ന മറ്റു രണ്ടുപേരെയും. പകല്‍വെളിച്ചം മാഞ്ഞു തുടങ്ങിയിരുന്നു. മഞ്ഞുകാലത്ത് കശ്മീരില്‍ അഞ്ചുമണി ആകുമ്പോഴേക്കും ഇരുട്ടു വീഴും.

തടാകം ലക്ഷ്യമാക്കി നടന്നു. ഉള്ളില്‍ കടന്നപ്പോള്‍ ഇരുട്ട് വീണ്ടും കൂടി. തണുപ്പും. അകാരണമായ ഭീതി തോന്നി. അപാരമായ ശാന്തത. ശൂന്യത. ആരുമുണ്ടായിരുന്നില്ല അവിടെങ്ങും. തടാകക്കരയിലെ പടിക്കെട്ടില്‍ ഒരു പാട് നേരമിരുന്നു. ഹെര്‍മന്‍ ഹെസ്സേയുടെ സിദ്ധാര്‍ഥയുടെ അവസാന ഭാഗം ഓര്‍മ്മവന്നു. തികഞ്ഞ ശാന്തത. ഹൃദയത്തില്‍ ഇതുവരെയില്ലാത്ത നിശ്ശബ്ദത നിറഞ്ഞു. പകല്‍വെളിച്ചം പൂര്‍ണമായി മറയുംവരെ ഞാനവിടെയിരുന്നു. എന്നാല്‍, അധികം വൈകാതെ വെള്ളയുടെ കാന്‍വാസിലേക്ക് രാത്രി കോരിയൊഴിച്ചു, ഇരുട്ടിന്റെ കടും നിറങ്ങള്‍. എങ്കിലും പകലിന്റെ അവസാനതരിയും പെറുക്കിയെടുത്താണ് ഞാനവിടം വിട്ടത്.

 

 

FIRST PART

കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

 

 

One thought on “സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

Leave a Reply

Your email address will not be published. Required fields are marked *