ചില നേരങ്ങളില്‍ ചില മനുഷ്യര്‍

പരിചയമുള്ള വേശ്യകളെല്ലാം തന്നെ , അപൂര്‍വങ്ങളില്‍ അപൂര്‍വമായ മനുഷ്യപ്പറ്റുള്ള സ്ത്രീകളാണ്.കടുത്ത മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലിരുന്ന സമയത്ത് തുളസിചെടിയുടെ പച്ച വേര് തലയിണക്കീഴെ കൊണ്ട് വെച്ച് ശാന്തേടത്തി പറഞ്ഞു. “തേവിടിശ്ശി തൊട്ടാല്‍, അസുഖം വേഗം മാറും, സഖാവ്
കുട്ടീനെ ഞാന്‍ തൊട്ടോട്ടെ ? ഇന്ന് അവരെ വീണ്ടും കണ്ടു. പ്രായമായിരിയ്ക്കുന്നു. വളരെയേറെ. പലചരക്ക് കടയുടെ മുന്നില്‍ നിന്ന് ചോദിയ്ക്കുകയാണ്:
‘അരക്കിലോ പഞ്ചാരയ്ക്ക് ഞാന്‍ ഇനി അനക്ക് കെടന്നു തരണോ ദിവാകരാ?’
‘ഈശ്വരാ!!!!.’ അവരെ കെട്ടിപ്പിടിച്ച് ‘ഞാന്‍ നിങ്ങളെ സ്നേഹിയ്ക്കുന്നു ‘എന്നു പറയാന്‍ കഴിഞ്ഞിട്ടില്ല ഇതു വരെ. അറുപതോ അറുപത്തഞ്ചോ പ്രായമുള്ള ചുളുങ്ങിയ ആ ശരീരത്തിലേയ്ക്ക് നോക്കുമ്പോള്‍, ലോകത്തോട് മുഴുവന്‍ പക നിറഞ്ഞു കാഴ്ച മങ്ങുന്നു-ജീവിതത്തിന്റെ പല നേരങ്ങളില്‍, പല ഇടങ്ങളില്‍ കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ച് ശാലിനി പദ്മ എഴുതുന്നു

 

 

മനുഷ്യന്‍! എങ്ങനെയൊക്കെ വിവക്ഷിച്ചാലും ഓരോ മനുഷ്യനും ഓരോ ദ്വീപാണ്. വെവ്വേറെ ആവാസ വ്യവസ്ഥകള്‍. പുറമേ നിന്നെത്ര പഠിച്ചാലും, കണക്കു തെറ്റിച്ച് വീശുന്ന കാറ്റുകള്‍. സാമൂഹ്യ സാഹചര്യങ്ങള്‍ വെച്ച് എങ്ങനെയൊക്കെ വര്‍ഗീകരിച്ചാലും, ചില നേരങ്ങളില്‍ പ്രതീക്ഷിയ്ക്കാത്ത കോണില്‍ നിന്ന് അവയുടെ വീശല്‍. അവരാണ് ചില നേരങ്ങളിലെ മനുഷ്യര്‍.അത്തരം നേരങ്ങള്‍ ജീവിതത്തില്‍ ധാരാളമായി അനുഭവിയ്ക്കാന്‍ കഴിയുന്നത് മനുഷ്യനെയും മനുഷ്യത്വത്തെയും പുനര്‍നിര്‍വചിയ്ക്കാന്‍ സഹായകമാണ്

ഒരുമാതിരി സാമൂഹ്യ പ്രശ്നങ്ങള്‍ക്കെല്ലാം അടിസ്ഥാന കാരണം, ഒരു വ്യക്തിയുടെയുടെയോ,ഒരുകൂട്ടം വ്യക്തികളുടെയോ, അത് വഴി സമൂഹത്തിന്റെയോ
മന:സ്വാതന്ത്യ്രമില്ലായ്മയാണ്.അവനവന്റെ സ്വാര്‍ഥത്തിനും,അപരന്റെ വേദനയ്ക്കും ഇടയിലെ ഇടങ്ങളിലേയ്ക്ക് വളരുന്ന ഈ മന: സ്വാതന്ത്യ്രമില്ലായ്മ
ഓരോരുത്തരെ സംബന്ധിച്ചിടത്തോളം ഓരോന്നാണ്. സമൂഹത്തിന്റെ ഏതു കോണില്‍ നില്‍ക്കുന്നു എന്നതും, ഏതു ദിശയിലേയ്ക്ക് നോക്കുന്നു എന്നതുമനുസരിച്ച് ഓരോരുത്തര്‍ക്കും കാറ്റുകള്‍ ഓരോ വഴി വരുന്നു

ശാലിനി പദ്മ

ഒരു സ്ത്രീ ആയിരിയ്ക്കുക എന്നതും പൊതു സമൂഹത്തില്‍ ഇടപെടുക എന്നതും ഒരേ സമയം മൂന്നു കാലങ്ങളിലേയ്ക്ക് മുഖം തിരിച്ചിരിയ്ക്കുന്ന ദേവതാ
തുല്യമാണെന്ന് തോന്നിയിട്ടുണ്ട്. ജാതി, തൊഴില്‍, വര്‍ഗ, വര്‍ണ വ്യത്യാസങ്ങള്‍ക്കനുസരിച്ചു നേരിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും സമൂഹത്തെ ഒരു സ്ത്രീയുടെ വീക്ഷണ കോണില്‍ നിന്ന് നോക്കുമ്പോള്‍ ,അടിസ്ഥാന ദുരിതം ഒന്നു തന്നെ. ശരീരം എന്ന മഹാമേരു. സാമൂഹ്യ ജീവിതത്തില്‍ മന:സ്വാതന്ത്യ്രമില്ലായ്മ മൂര്‍ഛിച്ചു ഇടം കുറഞ്ഞു കുറഞ്ഞു വരുന്ന സ്ത്രീത്വത്തിലേയ്ക്ക്, ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കരുണയും പേറി വരുന്നവരാണ് എന്റെ ചില നേരങ്ങളിലെ മനുഷ്യര്‍.

വിനോദിനി എന്ന സന്യാസിനി
“ഇത് സ്വന്തം സ്ത്രീയെ ചൊല്ലി ഒരു ദേവന്റെ കണ്ണുനീരാണ്. ഇതൊരു സ്ത്രീയുടെ കയ്യിലിരിക്കുമ്പോള്‍, അതിന്റെ അര്‍ഥമെന്തെന്നു നീ സ്വയം അറിയുക, “എന്ന് പറഞ്ഞ്, കയ്യിലേയ്ക്കൊരു പിടി രുദ്രാക്ഷമുത്തുകള്‍ വെച്ചു തന്ന വിനോദിനി എന്ന സന്യാസിനിയാണ് അവരില്‍ ആദ്യത്തെയാള്‍. പറഞ്ഞ വാക്കുകള്‍ക്കപ്പുറമിപ്പുറം കിടക്കുന്ന അര്‍ഥങ്ങള്‍ കൊണ്ട് കോര്‍ത്ത് അത് കയ്യില്‍ ചുറ്റിയിട്ടപ്പോള്‍, സ്ത്രീയുടെ എതിര്‍ ലിംഗമാണ്പുരുഷന്‍ എന്ന ധാരണ പൊയ്പ്പോയി. പനഗധ് എന്ന ഇരുണ്ട ബംഗാള്‍ ഗ്രാമത്തില്‍ നിന്നും തുടങ്ങിയ യാത്രകളിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായിരുന്നു ആ വാക്കുകള്‍. സ്ത്രീയും പുരുഷനും തമ്മിലുള്ള ഘര്‍ഷണങ്ങള്‍ മനസ് ഉരച്ചു തീര്‍ക്കും എന്ന് തോന്നുമ്പോഴെല്ലാം ആ ജപമാല കയ്യിലുരുളുന്നു.

മൂകാംബികയിലെ പെണ്‍കുട്ടി
മൂകാംബിക ഒരു തീര്‍ഥാടന കേന്ദ്രമല്ല. അവിടെ ദൈവവുമില്ല.മുഖം കാണാന്‍ ഒരു കണ്ണാടി ധാരാളം. ചില നേരങ്ങളില്‍ സ്വന്തം മുഖം നോക്കാന്‍ അമ്മയുടെ
കണ്ണുകള്‍ വേണം എന്ന വെളിപാടില്‍, ഗ്രാമത്തിലേയ്ക്ക് തീവണ്ടി കയറും പോലെയാണ് മൂകംബികയ്ക്ക് പോവാറ്.അവിടെ പ്രാര്‍ഥനയോ, ആവശ്യങ്ങളോ ഇല്ല .
പോവുന്നു . അത്ര മാത്രം. വീരഭദ്രന്റെ ക്ഷേത്രത്തിനു മുന്നില്‍ വെറുതേയിരിയ്ക്കുമ്പോഴാണ് ഒരു പെണ്‍കുട്ടി വന്നു വിളിച്ചത്.”ഇന്ന് ഞങ്ങളുടെ വിവാഹമാണ്. ഭക്ഷണം കഴിയ്ക്കാന്‍ വരാമോ? അനുഗ്രഹിച്ച പോലെയാവും.”

കര്‍ണാടകത്തിലെ ഏതോ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണെന്ന് വ്യക്തം. ആര്‍ഭാടത്തിന്റെ തരി പോലും തൊട്ടെടുക്കാനാവാത്ത രണ്ടു മുഖങ്ങള്‍.
‘ഇന്ന് ഞങ്ങളുടെ വിവാഹമാണ്’ എന്നൊരാഭരണം നാലു കണ്ണുകളിലിരുന്നു കുഞ്ഞു നക്ഷത്രങ്ങള്‍ പോലെ തിളങ്ങിക്കൊണ്ടിരുന്നു. അന്നദാന പന്തലിലാണ് സദ്യ. ധനികനായ ഒരാളുടെ വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന അന്നത്തെ അന്നദാനത്തില്‍,മധുരിയ്ക്കുന്ന മത്തങ്ങാ സാമ്പാറിനൊപ്പം ഇലയുടെ അങ്ങേയറ്റത്ത് ഒരു മധുര വട വിളമ്പി . അതാണ് അവരുടെ ആഘോഷം.രണ്ടു പേര്‍ ഒരുമിച്ചു ചേരുന്ന എത്രയോ അവസരങ്ങള്‍ അതിനു ശേഷം കഴിഞ്ഞു പോയി. ആ മധുര വടയുടെ സ്വാദ് നാവില്‍ നിന്നും പോയിട്ടില്ല.ആര്‍ഭാടങ്ങളുടെ അടിയില്‍, ഏറ്റവുമടിയില്‍ അതിന്റെ രുചി നാവില്‍ അലിഞ്ഞു കിടക്കുന്നു.

 

 

കന്നഡ സ്വാമിമാര്‍
ഒരു രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍, ആകസ്മികമായി പ്രഖ്യാപിയ്ക്കപ്പെട്ട ഹര്‍ത്താലിലേയ്ക്കാണ് ഒരു ഞായറാഴ്ച തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയിറങ്ങിയത്.പാല്‍ , പത്രം,ശബരി മല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവ മാത്രമേ ഒഴിവാക്കപ്പെട്ടിട്ടുണ്ടായിരുന്നുള്ളൂ.അലച്ചില്‍ കൊണ്ട് കരുവാളിച്ച ഒരു പെണ്‍കുട്ടി വാഹനം കൈകാട്ടി നിര്‍ത്തിയപ്പോള്‍,കന്നടിഗരായ തീത്ഥാടകര്‍ക്ക് കാര്യം മനസിലായില്ല.ചങ്കുവെട്ടി എന്ന സ്ഥലം, നിങ്ങള്‍
പോവുന്ന വഴിയിലാണെന്നും, അവിടെ വരെ ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിയ്ക്കണം എന്നും അപേക്ഷിച്ചപ്പോള്‍ , ഏറെ നേരത്തെ ആലോചനയ്ക്ക് ശേഷം അവര്‍ സമ്മതിച്ചു.കന്നടയിലുള്ള അയ്യപ്പ സ്തുതികള്‍ ഉച്ചത്തില്‍ മുഴങ്ങിയ വാഹനത്തിലേയ്ക്ക് കയറുമ്പോള്‍ എന്നാല്‍, പൊടുന്നനെ ഒരു അപകട മണി ഉള്ളിലിരുന്നു മുഴങ്ങിക്കൊണ്ടിരുന്നു.

ചങ്കു വെട്ടി വന്നിറങ്ങിയപ്പോഴെയ്ക്കും, അര്‍ഥമറിയാതെ അവരും ഒപ്പം പാടിത്തുടങ്ങി, “ഈരെഴുലകിനുമധിപതിയാമെന്നയ്യപ്പാ” കുടിയ്ക്കാന്‍ വെള്ളവും ,അരവണ പായസത്തിന്റെ കുപ്പികളും തന്നു യാത്രയാക്കിയ സംഘത്തിനെ എങ്ങനെ മറക്കാനാണ്. ഒരു സ്ത്രീയ്ക്ക് തന്നെ വെറുമൊരു ശരീരമായി കാണാതെ
പെരുമാറിയ ആരെയും മറക്കാനാവില്ല

കൈലിമുണ്ടുടുത്ത ദൈവം
കോളേജ് വിദ്യാഭ്യാസ കാലത്ത് വിശപ്പ് കത്തി കാഴ്ച മറഞ്ഞ ഒരു നേരത്ത്, ഊണ് വാങ്ങി തന്നൊരു കൂട്ടുകാരന്‍. ഒരൂണിനുള്ള പണമേ ആ സാധുവിന്റെ കയ്യില്‍
ഉണ്ടായിരുന്നുള്ളൂ. രണ്ടു പേര്‍ ഒരിലയില്‍ നിന്ന് വാരിക്കഴിയ്ക്കുന്നത് കണ്ടു ധാരാളം ചോറു വിളമ്പിതന്ന സരസ്വതി വിലാസം എന്ന ഹോട്ടലിന്റെ ഉടമ,ചില നേരങ്ങളില്‍ ചില മനുഷ്യര്‍ ദൈവങ്ങളായി,അദേഹത്തെപ്പോലെ കൈലി മുണ്ടും ഉടുത്ത ബീഡി വലിച്ചു കൊണ്ട് എച്ചിലില എടുത്തു കൊണ്ട് പോവുന്നു.

യാത്രക്കിടയില്‍ ആരുടെയോ ഇന്ദ്രിയ ദുര കണക്കു തെറ്റിച്ച നേരത്ത് അയാളെ വലിച്ചിട്ട് അടിയ്ക്കാന്‍ കൂടിയ നാട്ടുകാര്‍,”ഇന്നലെ എന്താ സഖാവെ
കുറച്ചു കൂടിപ്പോയോ? ഇങ്ങട്ടിരിയ്ക്കിന്‍ , കടുപ്പത്തിലൊരു കട്ടനിടാം” എന്ന് പറയുന്ന സ്റീഫന്‍ ചേട്ടന്‍.അങ്ങനെ ചിലര്‍.

ശാന്തേടത്തി
പരിചയമുള്ള വേശ്യകളെല്ലാം തന്നെ , അപൂര്‍വങ്ങളില്‍ അപൂര്‍വമായ മനുഷ്യപ്പറ്റുള്ള സ്ത്രീകളാണ്.കടുത്ത മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലിരുന്ന സമയത്ത് തുളസിചെടിയുടെ പച്ച വേര് തലയിണക്കീഴെ കൊണ്ട് വെച്ച് ശാന്തേടത്തി പറഞ്ഞു. “തേവിടിശ്ശി തൊട്ടാല്‍, അസുഖം വേഗം മാറും, സഖാവ്
കുട്ടീനെ ഞാന്‍ തൊട്ടോട്ടെ ? ഇന്ന് അവരെ വീണ്ടും കണ്ടു. പ്രായമായിരിയ്ക്കുന്നു. വളരെയേറെ. പലചരക്ക് കടയുടെ മുന്നില്‍ നിന്ന് ചോദിയ്ക്കുകയാണ്:
‘അരക്കിലോ പഞ്ചാരയ്ക്ക് ഞാന്‍ ഇനി അനക്ക് കെടന്നു തരണോ ദിവാകരാ?’

‘ഈശ്വരാ!!!!.’ അവരെ കെട്ടിപ്പിടിച്ച് ‘ഞാന്‍ നിങ്ങളെ സ്നേഹിയ്ക്കുന്നു ‘എന്നു പറയാന്‍ കഴിഞ്ഞിട്ടില്ല ഇതു വരെ. അറുപതോ അറുപത്തഞ്ചോ പ്രായമുള്ള ചുളുങ്ങിയ ആ ശരീരത്തിലേയ്ക്ക് നോക്കുമ്പോള്‍, ലോകത്തോട് മുഴുവന്‍ പക നിറഞ്ഞു കാഴ്ച മങ്ങുന്നു.
 


 

ഉഷ്ണക്കാറ്റുകളുടെ ജീവിതം
ശരിയാണ്, ചില നേരങ്ങളില്‍ സമൂഹം വളരുന്നുണ്ട് മാറുന്നുണ്ട് . പുഴു നുരയ്ക്കുന്ന ഒരിന്ദ്രിയത്തിലേയ്ക്ക്. എല്ലാ പായ്ക്കപ്പലുകളും യാത്ര തുടങ്ങുന്നതും, തുടരുന്നതും അവസാനിപ്പിയ്ക്കുന്നതും കാറ്റുകളെ വിശ്വസിച്ചാണ് .റെയില്‍വേ സറ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലൂടെ നടക്കുമ്പോള്‍ കാണാം,പല തരം കാറ്റുകളെ. കൂട്ടത്തില്‍ എന്റെയും. അവനവന്റെയും അപരന്റെയും സ്വാതന്ത്യ്രങ്ങളെ വക വെച്ച് കൊടുക്കാത്ത ഉഷ്ണ മാനസങ്ങള്‍ക്ക് മീതെ എതെങ്കിലുമൊക്കെ കാറ്റുകള്‍ വീശുന്ന പക്ഷം കാലാവസ്ഥകള്‍, മനുഷ്യാവസ്ഥകള്‍ എത്ര മേല്‍ ക്ഷുഭിതവും ഇരുട്ട് കൂട് വയ്ക്കുന്നതും ആവാതിരുന്നേനെ. തുറമുഖം പോലെ ജീവിതം. നിറയെ കാറ്റുകള്‍.
‘എല്ലാ മണ്ണിലും നീരില്ല, എല്ലാ മനുഷ്യനിലും മനസും’. എന്നാരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. മനസില്ല എന്നല്ല. മനസ്വാതന്ത്യ്രമില്ലായ്മ മാറ്റിവെച്ച് ഒന്നിറങ്ങി നടക്കാന്‍ ഒരിടമില്ലാഞ്ഞിട്ടാവാം . ശ്രമിയ്ക്കാഞ്ഞിട്ടാവാം.നേരമാവാഞ്ഞിട്ടാവാം .

14 thoughts on “ചില നേരങ്ങളില്‍ ചില മനുഷ്യര്‍

  1. valare sariyanu….. marannu poya mugangale pinneed orkkumbolaanu, avar thanna snehathintey vila ariyunnathu…. Palathum nammal orkkarilla!!! Maravi manushyante pala anugrahangalil onnanalo!!!?…. Namukkum sramikkaam….

  2. Good .Would be better if obscure signifiers are avoided.-This does not I repeat reduce the value of the piece nor its insight into human nature congrats

  3. ദൈവത്തിന്റ് കാര്യം എനിക്ക് അറിയില. പക്ഷേ ചിലത്, ഇതുപോലൊക്കെ എഴുതുന്ന നേരത്ത് ദൈവം ഉണ്ടായിരിക്കും. അല്ല മനുഷ്യന്‍ ഉണ്ടായിരിക്കും.

  4. അനുഭവങ്ങളുടെ പങ്കുവെക്കല്‍ ചിന്തയുടെയോ ആശയങ്ങളുടെയോ പങ്കുവെക്കല്‍ കൂടിയാണ്. ഭാഷയിലെ മൌലികത എഴുത്തിനെ ഹൃദയത്തില്‍ എത്തിക്കുന്നു.

  5. എന്താ പറയ്യാ..വായിച്ചടർന്ന ഓരോ കണ്ണുനീർത്തുള്ളിയും ഓരോ സ്ത്രീക്കാണ് !

  6. ചില നേരങ്ങളില്‍ ചിലമനുഷ്യര്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ്‌ !

  7. ഒരു നന്ദി പറയാന്‍ ഇപ്പോഴാണ് വരുന്നത്. വായിച്ച എല്ലാവരോടും നന്ദി!

Leave a Reply

Your email address will not be published. Required fields are marked *