വേരുകള്‍ ഒരു ജീവിതത്തെ വിവര്‍ത്തനം ചെയ്യുന്നു

സതീര്‍ഥ്യരുടെ ‘പാണ്ടി’ വിളി അത്രമേല്‍ അസഹ്യമായതിനാല്‍ ഉള്ളിലെ തമിഴ് സ്വത്വം ഒളിച്ചുവെക്കാനായിരുന്നു ചെറുപ്പത്തിലെ ശ്രമം. നാവിലെ തമിഴ്മൊഴിയെ മറച്ചുപിടിക്കാന്‍ വൃഥാ ശ്രമിച്ച് പലപ്പോഴും പരിഹാസ്യനായി. പരിശ്രമങ്ങള്‍ ഒടുവില്‍ ജയം കണ്ടു. നാവില്‍ നിന്ന് ചെന്തമിഴ് നാടുകടന്നു. ‘പാണ്ടി സ്വത്വം’ അത്ര മോശമൊന്നുമല്ല എന്ന് കാലാന്തരത്തില്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും അക്ഷരമാലയും ഭാഷാവഴക്കങ്ങളും സ്ഥലം കാലിയാക്കിയിരുന്നു. ഇന്നിപ്പോള്‍ വേരുകള്‍ എവിടെയെന്ന് തിരയുമ്പോള്‍ ഉള്ളില്‍ നിറയുന്നത് അനിശ്ചിതത്വം മാത്രമാണ്-നാഞ്ചിനാടന്‍ വേരുകളിലേക്ക് കാലങ്ങള്‍ക്കിപ്പുറം നിന്ന് ഒരു യാത്ര. മുഹമ്മദ് സുഹൈബ് എഴുതുന്ന നാഞ്ചിനാടന്‍ കുറിപ്പുകള്‍ ആരംഭിക്കുന്നു

 

 

തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലേക്കുള്ള യാത്രയില്‍ കളിയിക്കാവിള കവലയത്തെുന്നതിന് തൊട്ട് മുമ്പ് വലത് വശത്ത് ഒരു അശോക സ്തംഭം കാണാം. അതൊരു സൂചകമാണ്. കേരളം അവസാനിച്ചിരിക്കുന്നു. ഇനിയങ്ങോട്ട് തമിഴകമാണ്. ആ സ്തംഭം കാണുമ്പോഴെല്ലാം അതിര് കടക്കുന്നതിന്റെ വിചിത്രമായ ആനന്ദം മനസില്‍ നിറയും. ഉടന്‍ വരും മൊബൈല്‍ മെസേജ്. ‘തമിഴ്നാട് നിങ്ങളെ സ്വാഗതം ചെയ്യുന്നു.’ ജീവിതത്തില്‍ ഒരിടത്തും അതിര് വിടാന്‍ കഴിയാത്തവര്‍ക്ക് ഇങ്ങനെയെങ്കിലും ആശ്വസിക്കാം. ഒരു ചെറിയ വേലിചാടല്‍ നമ്മളും സാധിച്ചിരിക്കുന്നു. പക്ഷേ,അതെങ്ങനെയാണ് എനിക്ക് അതിര്‍ത്തിയാകുക? അല്ലെങ്കില്‍ തന്നെ ആരാണീ അദൃശ്യവേലികള്‍ എന്റെ മനസില്‍ സ്ഥാപിച്ചത്.

മുഹമ്മദ് സുഹൈബ്

നാഞ്ചിനാടന്‍ കാറ്റുകള്‍
ഓര്‍മ്മവെച്ച നാള്‍മുതല്‍ ഉള്ളിലുണ്ട്, നാഞ്ചിനാടിന്റെ കാറ്റുവരവുകള്‍. താമസം തിരുവനന്തപുരത്തെങ്കിലും വേരുകള്‍ അവിടെയാണ്. കുഞ്ഞുന്നാള്‍ മുതല്‍ കേള്‍ക്കുന്ന കഥകളിലെല്ലാം ആ ദേശത്തിന്റെ അതീതയാഥാര്‍തഥ്യങ്ങളുണ്ട്. മിത്തും ജീവിതവും കൂടിച്ചേരുന്ന, ഫിക്ഷനേക്കാള്‍ വിചിത്രമായ കഥകള്‍. പിന്നീട് മുതിര്‍ന്നപ്പോള്‍ യാത്രകള്‍ പതിവായി. ഉറ്റവര്‍ക്കരികിലേക്കാണ് യാത്രകളെങ്കിലും അങ്ങോട്ട് പിടിച്ചുവലിച്ചത് ബാല്യം മുതല്‍ കൂടെ നടക്കുന്ന നാഞ്ചിനാടന്‍ കനവുകള്‍ തന്നെയായിരുന്നു. അതിനാല്‍, പണ്ടാരോ വരച്ചുവെച്ച അതിര്‍ത്തികള്‍ കടന്നും ഈ ദേശമെന്റെ കൂടത്തെന്നെയുണ്ടായിരുന്നു.

സതീര്‍ഥ്യരുടെ ‘പാണ്ടി’ വിളി അത്രമേല്‍ അസഹ്യമായതിനാല്‍ ഉള്ളിലെ തമിഴ് സ്വത്വം ഒളിച്ചുവെക്കാനായിരുന്നു ചെറുപ്പത്തിലെ ശ്രമം. നാവിലെ തമിഴ്മൊഴിയെ മറച്ചുപിടിക്കാന്‍ വൃഥാ ശ്രമിച്ച് പലപ്പോഴും പരിഹാസ്യനായി. പരിശ്രമങ്ങള്‍ ഒടുവില്‍ ജയം കണ്ടു. നാവില്‍ നിന്ന് ചെന്തമിഴ് നാടുകടന്നു. ‘പാണ്ടി സ്വത്വം’ അത്ര മോശമൊന്നുമല്ല എന്ന് കാലാന്തരത്തില്‍ തിരിച്ചറിയാന്‍ തുടങ്ങിയപ്പോഴേക്കും അക്ഷരമാലയും ഭാഷാവഴക്കങ്ങളും സ്ഥലം കാലിയാക്കിയിരുന്നു. ഇന്നിപ്പോള്‍ വേരുകള്‍ എവിടെയെന്ന് തിരയുമ്പോള്‍ ഉള്ളില്‍ നിറയുന്നത് അനിശ്ചിതത്വം മാത്രമാണ്.
 


 

അതിര്‍ത്തികള്‍, അതിരുകടക്കലുകള്‍
എന്തൊക്കെ പറഞ്ഞാലും അതിരുകള്‍ സൃഷ്ടിക്കപ്പെട്ടത് നന്നായി. ഇല്ലെങ്കില്‍ അതിര് കടക്കലിന്റെ സ്വകാര്യ ആനന്ദം നിരന്തരം അനുഭവിക്കാനാകുമായിരുന്നേയില്ല. എളുപ്പം എത്തിപ്പിടിക്കാനാവാത്ത ഒന്നിനോടു തോന്നുന്നു പേരിട്ടുവിളിക്കാനാവാത്ത അഭിനിവേശം തിരിച്ചറിയാനും.

കളിയിക്കാവിള കഴിഞ്ഞ് താമ്രപര്‍ണിയാറിന് കുറുകെയുള്ള കുഴിത്തുറ പാലം കടക്കുമ്പോള്‍ റോഡ് രണ്ടായി പിരിയും. നേരെ പോയാല്‍ മാര്‍ത്താണ്ഡം അങ്ങാടിയും പിന്നെ നാഞ്ചിനാടിന്റെ മാറിലൂടെ നാഗര്‍കോവിലിലേക്കുള്ള പൗരാണിക പാതയും. ആ പാതയെ ഇപ്പോള്‍ നമ്മള്‍ എന്‍.എച്ച് 47 എന്നുവിളിക്കുന്നു. കന്യാകുമാരി-സേലം ദേശീയപാത. വലത്തോട്ട് തിരിഞ്ഞ് ഇടറോഡ് വഴി 10 കി.മീ കഴിയുമ്പോള്‍ ബോര്‍ഡ് കാണാം, അംശി.

അറിയില്ലെ അംശിയെ. ‘വരിക വരിക സഹജരേ‘ എന്ന പാടി മലയാളികളെ ദേശാഭിമാന പ്രചോദിതനാക്കിയ അംശി നാരായണ പിള്ളയുടെ നാട്. മലയാളത്തിലെ എക്കാലത്തെയും മികച്ച ദേശഭക്തിഗാനമെഴുതിയയാളുടെ ദേശം ഇന്ന് തമിഴകത്താണ്.

തേങ്ങാപ്പട്ടണം
അംശി കഴിഞ്ഞാല്‍ തേങ്ങാപ്പട്ടണം. തേങ്ങാപട്ടണം വെറുമൊരു ദേശം മാത്രമല്ല. ചരിത്രവും വിശ്വാസവും ഭൂമിശാസ്ത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും ആ ചെറുദേശത്തെ സമീപങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഒരു മിത്തിക്കല്‍ ലാന്‍ഡ്സ്കേപ്പിലേക്ക് മാറ്റി സ്ഥാപിക്കുന്നു. ചരിത്രത്തിന്റെ ഒരു നിധികുംഭമാണ് ഒന്നരകിലോമീറ്റര്‍ നീളത്തിലും ഒരു കിലോമീറ്ററിന് താഴെ വീതിയിലും നിവര്‍ന്നുകിടക്കുന്ന അനവധി തെരുവുകളുടെ സംഘാതമായ ‘പട്ടണം’. പട്ടണം എന്നുപേരുള്ള നാടുകളെല്ലാം പൗരാണിക കച്ചവട കേന്ദ്രങ്ങളായിരിക്കുമെന്നത് ചരിത്രത്തിന്റെ നിഗമനം. അതുകൊണ്ട് തന്നെ തേങ്ങാപട്ടണത്തിന്റെ ചരിത്രം മാലിക്ദിനാറിനും പിറകിലേക്ക് നീളുന്നുണ്ടാകാം.

ഖസാക്കിന്റെ ഇതിഹാസത്തിലെ കഥാപാത്രങ്ങളും നാട്ടുചരിത്രങ്ങളും പാലക്കാട്ടെ തസ്രാക്കിലെതു മാത്രമാണോ. നമുക്കുമുണ്ടല്ലോ സമാനമായ അവസ്ഥകള്‍. ആരും അതൊക്കെ എഴുതാത്തതെന്താണ്. തമിഴിലും മലയാളത്തിലുമല്ലാത്ത ത്രിശങ്കുവില്‍ പെട്ട് അതൊക്കെ നഷ്ടപ്പെട്ടുപോകുകയാണോ, ദൈവമേ. ആ കഥകള്‍ പരിമിതമായെങ്കിലും മലയാളത്തിന് പരിചയപ്പെടുത്തിയ തോപ്പില്‍ മുഹമ്മദ് മീരാന് നന്ദി.
 

 

ആ പൊഴിയുടെ ആഴങ്ങള്‍
കുഴിത്തുറയില്‍ കണ്ട താമ്രപര്‍ണി തേങ്ങാപട്ടണത്തില്‍ വെച്ച് അറബികടലില്‍ വിലയിക്കുകയാണ്. ആ പൊഴിയുടെ ആഴങ്ങള്‍ ഞങ്ങള്‍ എത്ര തവണ പരിശോധിച്ചതാണ്. ഇന്നിപ്പോള്‍ കാലുവിറയ്ക്കും. കടപ്പുറത്ത് ജെ.സി.ബികളുടെ തൃശുര്‍ പൂരം. വലിയ മല്‍സ്യബന്ധന തുറമുഖം പണിയുകയാണവിടെ. മാലിക് ദീനാറിന് ശേഷം ഈ മേഖലക്ക് വലിയ പ്രതിഛായ നല്‍കുകയാണ് തേങ്ങാപ്പട്ടണം ഹാര്‍ബര്‍.

തേങ്ങാപ്പട്ടണത്തെ കുറിച്ച് പറയുമ്പോള്‍ മാലിക് ദീനാറിനെ പരാമര്‍ശിക്കാതിരിക്കാനാവില്ല. അറേബ്യയില്‍ നിന്ന് മതപ്രചരണാര്‍ഥം എട്ടാം നൂറ്റാണ്ടില്‍ മലബാര്‍ തീരമേറിയതാണ് മാലിക്. അദ്ദേഹത്തിന്റെ സഞ്ചാരം പട്ടണത്തേക്കുമത്തെിയിരുന്നു. തെരുവിനുള്ളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കോണ്‍ക്രീറ്റ് സൗധത്തിനുള്ളില്‍ അതിന്റെ തെളിവുണ്ട്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൗരാണിക നിര്‍മിതിയാണ് മന്ദിരത്തിന്റെ ഗര്‍ഭഗൃഹം. അതിന് മുകളില്‍ കോണ്‍ക്രീറ്റ് വൈകൃതം സൃഷ്ടിച്ച് ഞങ്ങളും പുരോഗമന വാദികളായി. ആ ചെറു നിര്‍മിതിയായിരുന്നിരിക്കണം ഈ മേഖലയുടെ അന്നത്തെ ലാന്‍ഡ്മാര്‍ക്ക്.

മടക്കയാത്ര
അവിടെ നിന്ന് തെക്കോട്ട് കടലതിരായ ചെമ്മണ്‍ നിരത്ത് ചെന്നുനില്‍ക്കുന്നത് പുത്തന്‍തുറ കവലയില്‍. ചിലപ്പോള്‍ കടലിങ്ങ് കരകയറും. വഴിയുടെ പൊടിപോലുമുണ്ടാകില്ല, കണ്ടുപിടിക്കാന്‍. കാലങ്ങളായി ഇതാണ് അവസ്ഥ. അന്നൊക്കെ ഞങ്ങള്‍ ഏതുവഴിയായിരിക്കണം വീട്ടിലേക്ക് പോയിരുന്നത്? ഓര്‍മകള്‍ക്ക് അത്ര ശേഷി പോരാ. കാല്‍നൂറ്റാണ്ടിന് പിന്നിലേക്ക് ഓര്‍മകളുടെ പാച്ചില്‍ ഇടയ്ക്കിടെ അങ്ങനെ വഴിമുട്ടി നില്‍ക്കും. ചില ഗന്ധങ്ങളോ, കാഴ്ചകളോ രുചികളോ സ്പര്‍ശങ്ങളോ വേണ്ടിവരും വിസ്മൃതിയുടെ മഹാവിപിനങ്ങളില്‍ നിന്ന് ആ വഴി തെളിയിച്ചെടുക്കാന്‍. അത്തരമൊരു ശ്രമത്തിന്റെ നാന്ദിയാണ് ഈ കോളം. ഓര്‍മ്മകള്‍ കൊണ്ട് ഒരു ദേശത്തെ പുനര്‍നിര്‍മിക്കല്‍.

അതിര്‍ത്തി കടത്തി പായിച്ചതാണ് കാലമൊരിക്കല്‍. ഓര്‍മകള്‍ കൊണ്ട് ഒരു മടക്കയാത്രയാണ് ഇവിടെ എഴുതാനിരിക്കുന്ന വാക്കുകള്‍.

4 thoughts on “വേരുകള്‍ ഒരു ജീവിതത്തെ വിവര്‍ത്തനം ചെയ്യുന്നു

 1. Clap Clap Clap …
  ഷുഹൈബ്, ..
  ഈ വഴികളില്‍ ഇങ്ങനെയും ഒരു അനുഭൂതി ഉണ്ടെന്ന് പറഞ്ഞതിന് നന്ദി..

  ഭാവുകങ്ങള്‍ നേരുന്നു

 2. നല്ല എഴുത്ത് ….ചരിത്രത്തിന്റെ ശകലങ്ങള്‍ ഉല്പെടുതിയുള്ള നാഞ്ചിനാടന്‍ കുറിപ്പുക ളുടെ തുടര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു….

  ഒരു പാണ്ടിയെ പാണ്ടിയെന്നു വിളിച്ചതിനെ അസഹിഷ്ണുതയോടെ കണ്ടത് മോശം ആയി പോയ്‌.,

 3. ഒരുപാട് വായിച്ചറിഞ്ഞ ദേശമാണ്. ഡേവിഡ് ഡേവിഡാറിന്റെ നീലം മാങ്ങകളുടെ വീടും തോപ്പില്‍ മുഹമ്മദ് മീരാന്റെ ചാരുകസോരയും ജയമോഹന്‍െ കഥകളും നിരവധി കുറിപ്പുകളും…. അവിടെ ജനിച്ചു ജീവിക്കാന്‍ കൊതിപ്പിച്ചിട്ടുണ്ട്.
  ദേശങ്ങളാല്‍ അപരമാക്കപ്പെട്ട മനുഷ്യരുണ്ടനവധി. തിരിച്ചരിവിലേക്കെത്തുംവരെ നൊനുനൊന്ത് മറച്ചുവച്ചതെല്ലാം…. പറിച്ചുകളഞ്ഞതും, അഴിഞ്ഞുപോയതുമെല്ലാം പില്‍ക്കാലത്ത് വീണ്ടെടുക്കാനാവാത്ത നഷ്ടങ്ങളായിരുന്നുവെന്ന് തിരിച്ചറിയും. അതൊരു വല്ലാത്ത തിരിച്ചറിവാണ്….. നിസ്സഹായമായ തിരിച്ചറിവിന്റെ എരിപൊരി സഞ്ചാരം. നാഞ്ചിനാന്‍ കുറിപ്പുകളിലുമുണ്ടത്.

 4. ഈ നാട്ടിനെ കുറിച്ച് എഴുതുവാന്‍ ധാരാളമുണ്ട്. ജയമോഹനെ പോലുള്ള നിലവാരമുള്ള എഴുത്തുകാര്‍ മലയാളത്തില്‍ വിരളമായി മാത്രമേ എഴുതാറുള്ളൂ എന്നത് നമുക്ക് വലിയൊരു നഷ്ടം തന്നെയാണ്. …സുഹൈബിന്റെ ലേഖനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *