പിറവത്ത് സംഭവിക്കുന്നതെന്ത്?

ക്രിസ്തു വിവാദം, തിരുകേശ വിവാദം, ഞായറാഴ്ച തെരഞ്ഞെടുപ്പ് വിവാദം…പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ കത്തിപ്പിടിക്കുന്നത് മതവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍. മത പുരോഹിതര്‍ക്കും മത സംഘടനകള്‍ക്കും സമൃദ്ധമായി ഇടപെടാനുള്ള അവസരങ്ങള്‍. മതവിശ്വാസികള്‍ക്ക് രോഷം കൊള്ളാനും കൈയടിച്ച് ചിരിക്കാനും ധാരാളം സന്ദര്‍ഭങ്ങള്‍. പുറമെ, ഗൌരവകരമെന്ന് തോന്നിക്കുന്ന ഈ അസംബന്ധ നാടകങ്ങളുടെ ഉള്ളിലിരിപ്പ് എന്തൊക്കെയാണ്? എന്താണ് ഇവ ലക്ഷ്യം വെക്കുന്നത്? തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യ അഭ്യാസത്തെ ഈ കലാപരിപാടികള്‍ എങ്ങനെയൊക്കെയാണ് അസാധുവാക്കുന്നത്. സി.ആര്‍ ഹരിലാലിന്റെ വിലയിരുത്തല്‍

 

 

അതീവരസകരമാണ് കാര്യങ്ങള്‍. ഒറ്റനോട്ടത്തില്‍ അസംബന്ധം എന്നു തോന്നുന്ന, ഉറപ്പിക്കാവുന്ന നാടകങ്ങളുടെ വലിയൊരു വേദിയായിരിക്കുന്നു പിറവം തെരഞ്ഞെടുപ്പിനു മുമ്പുള്ള കേരളം. പിറവത്തെ വോട്ടര്‍മാരെല്ലാം വെറും മത വിശ്വാസികള്‍ മാത്രമാണെന്നും സ്വന്തം മതത്തെ പ്രകീര്‍ത്തിക്കുന്ന ആര്‍ക്കും കണ്ണും പൂട്ടി അവര്‍ വോട്ടു കുത്തുമെന്നുമുള്ള കലശലായ തീര്‍പ്പിലാണ് നമ്മുടെ മുന്നണികള്‍. ഏറ്റവുമേറെ മതത്തെ പ്രകീര്‍ത്തിക്കുക, അല്ലെങ്കില്‍ വിശ്വാസികള്‍ക്ക് ഇഷ്ടപ്പെടുമെന്ന് അവര്‍ കരുതുന്ന വിധത്തില്‍ ഇതര മതങ്ങളെ പുച്ഛിക്കുക. നാടകത്തിന്റെ ഈ രംഗങ്ങള്‍ തകര്‍ത്ത് നടിക്കുകയാണ് നമ്മുടെ നേതൃരത്നങ്ങളെല്ലാം. മാധ്യമങ്ങളാവട്ടെ, ഇതാ ചര്‍ച്ച ചെയ്യേണ്ട ഉശിരന്‍ വിഷയങ്ങളെന്ന വീണ്ടുവിചാരത്തോടെഭാവത്തോടെ ഈ അസംബന്ധളെല്ലാം ആവുംമട്ടില്‍ പൊലിപ്പിക്കുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി, കേരളമാകെ ഈ വാര്‍ത്തകളും സംഭവങ്ങളും ഏറ്റെടുക്കുന്നു. ചര്‍ച്ചിച്ച് കണ്ണുനിറയ്ക്കുന്നു.
കേവലമൊരു ദോഷൈക ദൃക്കിന്റെ കോങ്കണ്ണാട്ടം മാത്രമാണ് ഇതെന്നാണ് പരിഭവമെങ്കില്‍ ചങ്ങാതിമാരേ, ഇത്തിരി നേരം പഴയ പത്രങ്ങളെടുത്ത് നോക്കൂ. ചാനല്‍ക്കഥകള്‍ ഓര്‍ത്തുനോക്കൂ. ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും വായിച്ചുനോക്കൂ. പിറവം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന, നടക്കുന്ന, നടക്കാനിരിക്കുന്ന നാടകങ്ങള്‍ കണ്ട് ഉറപ്പായും ചിരിച്ചു തലകുത്തിമറിയാം.

മിശിഹാ ചരിതം ആട്ടക്കഥ

നേരത്തെ പറഞ്ഞ കാര്യമാകയാല്‍ സി.പി.എം സംസ്ഥാന സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മിശിഹാചരിതം ആട്ടക്കഥയും വിസ്തരിക്കുന്നില്ല. ചുമ്മാ, ഒന്ന് സൂചിപ്പിച്ചു പോവാമെന്നു മാത്രം.സംഗതി വിപ്ലവമാണ്. കമ്യൂണിസമാണ്. സംസ്ഥാന സമ്മേളനമാണ്. അതിനാല്‍, മുന്നോടിയായി വിപ്ലവകാരികളുടെ പ്രദര്‍ശനം മസ്റ്റ്. അതിലാണ്, അനേകം വിപ്ലവകാരികളുടെ കൂട്ടത്തില്‍ യേശുക്രിസ്തുവിനെ കണ്ടത്. ഇതു കണ്ടതും ബള്‍ബ് കത്തി, പത്ര മുത്തശ്ശന്. കൊടുത്തു ഉടന്‍ വെടി. ക്രിസ്തുവിനെ സി.പി.എം ഉപയോഗിക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന കല്‍പ്പിത കഥ. കാത്തിരുന്നത് വന്നെത്തി എന്ന മട്ടില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തീര്‍ത്തങ്ങ് പറഞ്ഞു^അതെ, ക്രിസ്തു വിപ്ലവകാരി തന്നെ! തീര്‍ന്നില്ലേ കഥ. കുഞ്ഞാടുകള്‍ കുശുമ്പുമായി വന്നു. മെത്രാന്‍മാര്‍ കൊടിയുമായും. ചില ഇടയന്‍മാരാവട്ടെ, കമ്യൂണിസ്റ്റുകാര്‍ക്കും മനസ്സിലായി ക്രിസ്തുവിന്റെ മഹത്വമെന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. അപ്പോഴാണ് പത്ര മുത്തശ്ശനും കൂട്ടര്‍ക്കും അപകടം പിടികിട്ടിയത്. ചക്കിന് വെച്ചത് ഇതാ കൊക്കിന് കൊള്ളുന്നു. കൊടുത്തു അടുത്ത ഗുണ്ടിന് തീ. തിരുവത്താഴ ചിത്രത്തില്‍ ഒബാമ! അബദ്ധത്തില്‍ ഏതോ (പാര്‍ട്ടി) വിശ്വാസികള്‍ സ്ഥാപിച്ചുപോയതാണെന്നും കണ്ട ഉടന്‍തന്നെ അപകടം മനസ്സിലായി മാറ്റിയെന്നും പാര്‍ട്ടി അരുള്‍പ്പാടുണ്ടായി.

കണ്‍ഫ്യൂഷന്‍ കൂടിയതോടെ സകലരും കളിക്കാനിറങ്ങി. തിരുവത്താഴത്തിന്റെ ചിത്രങ്ങള്‍ ഏതൊക്കെ കലാകാരന്‍മാര്‍ ഏതൊക്കെ തരത്തില്‍ വരച്ചെന്ന് പഠിക്കാന്‍ ഒരു സംഘം ഗൂഗിളില്‍ മുങ്ങി. വേറൊരു കൂട്ടര്‍ പഴയ പത്രക്കെട്ടുകള്‍ പരതി. കിട്ടി, ഉത്തരം, ഇതിവിടെ സാധാരണ പതിവ്. ഇപ്പറഞ്ഞ മനോരമയും ടൈംസ് ഓഫ് ഇന്ത്യയും ഒക്കെ പണ്ടേ പയറ്റിയ പൊടിക്കൈ. ശൂ…തീര്‍ന്നു, വെടി. ചര്‍ച്ചകളില്‍ പിന്നെ, ക്രിസ്തുവുമില്ല തിരുവത്താഴവുമല്ല.

പാലം കടന്നപ്പോള്‍ പിന്നെ, നമുക്ക് ചര്‍ച്ചിക്കാന്‍ സമ്മേളനം വന്നു. വി.എസ് വധം വന്നു. ക്യാപിറ്റല്‍ പണിഷ്മെന്റ് വന്നു. ദാസ് ക്യാപിറ്റല്‍ കാണാതെ പഠിക്കാത്തതിനെ തുടര്‍ന്നുള്ള പണിഷ്മെന്റാണ് അതെന്നു വരെ വ്യാഖ്യാനം വന്നു. ചിരിച്ചു ചിരിച്ചു നമ്മളന്നേരവും കുഴഞ്ഞു.
സമ്മേളനം കഴിഞ്ഞാറെ, അന്ത്യ അത്താഴവും കഴിഞ്ഞാറെ അടുത്ത ചിരിയരങ്ങിന് തിരി കൊളുത്തേണ്ട കാലമായി. ചര്‍ച്ച ചെയ്യാന്‍ വിശേഷങ്ങളില്ലാതെ ചാനലുകളുടെ അന്തിക്കൂട്ടങ്ങള്‍ കുഴങ്ങിയ നേരത്ത് അതാ വീണ്ടും അവതരിക്കുന്നു, അടുത്ത വിവാദം. ഇത്തവണ പക്ഷേ, അതിന് ഗുണവും മണവും വേറെയായിരുന്നു.

 

 

കത്താത്ത മുടിയും കത്തും
വടകര വളവിലായിരുന്നു പുതിയ വിവാദത്തിന്റെ തറക്കല്ലിടല്‍. സാക്ഷാല്‍ വാഗ്ഭടാനന്ദനെയും കേരള നവോത്ഥാനത്തെയും സാക്ഷി നിര്‍ത്തി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ ഇത്തവണയും ആദ്യ കുരവയിട്ടു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന് എന്തൊക്കെയോ സംഭവിച്ചു പോയിട്ടുണ്ടെന്നും അതൊക്കെ തിരിച്ചു പിടിക്കാത്ത പക്ഷം കേരളത്തിന്റെ കാര്യം പോക്കാണെന്നുമുള്ള സവിശേഷമായ കണ്ടെത്തല്‍ അദ്ദേഹം അവതരിപ്പിച്ചു. ആയിടെ കണ്ടെത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലും രോഷം തിങ്ങിവിങ്ങും സ്വരത്തില്‍ അദ്ദേഹം കേരളസമക്ഷം മുമ്പാകെ (പിറവം സമക്ഷം എന്ന് അസൂയാലുക്കള്‍) അവതരിപ്പിച്ചു. മലബാറില്‍ ഇതിനകം അരങ്ങ് കൊഴുത്ത ഒരു തട്ടുപൊളിപ്പന്‍ നാടകത്തിലേക്ക് സദസ്സില്‍നിന്ന് നടന്നുകയറുകയായിരുന്നു പിണറായി.

തിരുകേശ വിവാദം എന്ന് മാധ്യമങ്ങള്‍ വിളിച്ച, മുസ്ലിം സമുദായത്തിലെ വിവിധ വിഭാഗങ്ങളും പണ്ഡിതരും കൃത്യമായ ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിപ്പോന്ന ഒരു വിഷയത്തിലായിരുന്നു ഇത്തവണ വിവാദത്തിന്റെ ലാന്റിങ്. പ്രവാചകന്‍ മുഹമ്മദ് നബിയുടേതെന്ന് സുന്നീ നേതാവ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരും അല്ലെന്ന് ഇ.കെ സുന്നി, മുജാഹിദ്, ജമാഅത്ത് മുതലായ വിഭാഗങ്ങളും ആണയിട്ട വിഷയമാണിത്. മതത്തിന്റെ വാണിജ്യവല്‍കരണം, മഹത്തുക്കളെ നിന്ദിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ പാതിരാ, നട്ടുച്ച, സി.ഡി, മള്‍ട്ടിമീഡിയാ തര്‍ക്കങ്ങള്‍ പൊടിപാറിയ വിഷയം. ഒരു വര്‍ഷത്തിലേറെയായി മലബാറില്‍ കൊടുമ്പിരിക്കൊണ്ട തിരുകേശ വിവാദം സത്യത്തില്‍ കുറച്ചായി ഒന്നു തണുത്തിരിക്കുകയായിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടി പറയുന്ന നേരം കൊണ്ട് പള്ളി പണിയാമെന്ന് നന്നായറിയാവുന്ന കാന്തപുരം കുറച്ചു നാള്‍മുമ്പ് പണി തുടങ്ങിയതോടെ വിവാദം ഒന്നു കൂടി കത്തിപ്പിടിച്ചെങ്കിലും ദിവസങ്ങളായി വിവാദത്തിന് പഴയ ചൂടില്ലായിരുന്നു.

മുടിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍
പ്രവാചകന്റെ മുടി കത്തിച്ചാല്‍ കത്തില, എന്നാല്‍, അതൊരിക്കലും കത്തിച്ചു നോക്കാന്‍ പാടില്ല^ഇതാണ് കാന്തപുരത്തിന്റെ ന്യായം. ആ ന്യായത്തിലാണ് പിണറായി സഖാവ് ചെന്നു കൊത്തിയത്. ആരുടെ മുടിയും കത്തിച്ചാല്‍ കത്തുമെന്നും എന്നാല്‍, മുടി കത്തില്ലെന്നാണ് ചിലരുടെ അവകാശവാദമെന്നും പിണറായി പറഞ്ഞത് കേട്ടപ്പോള്‍ ആദ്യം അന്ധാളിപ്പാണ് തോന്നിയത്. ഈ സഖാവിന് ഇതെന്നാ പറ്റി? ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ടും പള്ളിയില്‍ പോവാത്ത ആളാണ്. എന്നിട്ടാണിപ്പോള്‍, തെരഞ്ഞെടുപ്പിന്റെ നെഞ്ചത്തുകയറി പഴയ സഖാവിനെ പിണക്കുന്നത്!

അന്ധാളിക്കുന്നവരെ കുറ്റം പറയാനാവില്ല. അങ്ങനെയാണ് സഖാവിന്റെ ട്രാക്ക് റെക്കോര്‍ഡ്. അളന്നു മുറിച്ചു മാത്രം മറുപടി . പ്രകോപനം കൊണ്ടോ പ്രലോഭനം കൊണ്ടോ ഒന്നും പറയിപ്പിക്കാനാവില്ല. മനസ്സില്‍ പലവട്ടം കണക്കുകൂട്ടാതെ ഒരു കാര്യവും പറയില്ല. വേണമെന്ന് വിചാരിക്കാതെ ഒരു വിവാദവും ഒരാള്‍ക്കും കൊത്തിയിടാനുമാവില്ല. വിചാരിക്കുന്ന നേരത്ത്, വിചാരിക്കുന്ന വിവാദങ്ങള്‍ പ്ലാന്റ് ചെയ്യാനാണ് ചാതുരി. വെറുതെ പട്ടര് മരത്തില്‍ കയറില്ലെന്ന് പറയുംപോലെയാണ് സഖാവ് വല്ലതും പറയുന്ന കാര്യവും. നാട്ടുകാര് ഇപ്പറച്ചില്‍ ഏതര്‍ഥത്തില്‍ കേള്‍ക്കും, എങ്ങിനെയൊക്കെ അതിനു മറുപടി പറയും, ഇത് കൊണ്ട് എന്തൊക്കെ മാറ്റങ്ങളുണ്ടാവും എന്നിങ്ങനെ ആകെ മൊത്തം ടോട്ടല്‍ കണക്കു കൂട്ടി മാത്രമേ വല്ലതും ആ നാവില്‍ നിന്നു പുറത്തു വരാറുള്ളൂ.

അങ്ങനെയുള്ള ആളാണ്. മതവിശ്വാസികളുടെ വോട്ട് ബാങ്ക് സാധ്യതയെക്കുറിച്ച് പോസ്റ്റ് ഡോക്ടറല്‍ കഴിഞ്ഞ പാര്‍ട്ടിയാണ്. അടവുനയത്തിന്റെ കാലമാണ്. ഒരു മതവിശ്വാസിയെയും കഴിവതും പിണക്കില്ല. പിണക്കുമെങ്കില്‍ തന്നെ നെഗറ്റീവ് വോട്ടായി അതു മാറുമെന്ന് ഉറച്ച ബോധ്യം അനിവാര്യം. ഇത്തിരി കാലം മുമ്പ് തലശേãരിയില്‍നിന്നിറങ്ങുന്ന ‘വായന’ മാസികയില്‍ പാര്‍ട്ടി സൈദ്ധാന്തികന്‍ കെ.ഇ.എന്‍ വരുംകാലത്തിന്റെ പ്രതീക്ഷയായി പാടിപ്പുകഴ്ത്തിയ മഹാവ്യക്തിത്വമാണ് കാന്തപുരം. കാലങ്ങളായി അരിവാള്‍ ചുറ്റികയോട് ചേര്‍ന്നു നില്‍ക്കുന്ന വിഭാഗക്കാര്‍. മുമ്പൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് പാര്‍ട്ടി തലവന്‍ നേരെ ചെന്നതു തന്നെ കാന്തപുരത്തിന്റെ ആസ്ഥാനത്തേക്കായിരുന്നു. ചേകന്നൂര്‍ വിവാദമടക്കം ഒരൊറ്റ വിഷയത്തിലും, നവോത്ഥാനത്തിനു വേണ്ടിയാവട്ടെ മതേതരത്വത്തിനു വേണ്ടിയാവട്ടെ, ഒരൊറ്റ മാര്‍ക്സിയന്‍ ചൂണ്ടുവിരലും മര്‍ക്കസിലേക്ക് തിരിഞ്ഞിട്ടില്ല. മുസ്ലിം സ്ത്രീകളുമായി ബന്ധപ്പെട്ട കാന്തപുരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമായിട്ടും ഒരൊറ്റ ഡിഫിക്കാരനും ചോര തിളച്ചിട്ടുമില്ല. കേഡര്‍പാര്‍ട്ടിക്ക് സമാനമായ കാന്തപുരത്തിന്റെ വിഭാഗം എത്ര വലിയ വോട്ട്ബാങ്കെന്ന് ആരെക്കാള്‍ നന്നായി തിരിച്ചറിയുന്നവരാണ് സി.പി.എം എന്നതു തന്നെയാണ് കാരണം. ഒരു വര്‍ഷത്തിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന മുടി വിവാദത്തില്‍ പാര്‍ട്ടിയോ പോഷക സംഘടനകളോ സൈദ്ധാന്തിക രത്നങ്ങളോ ഇത്ര നാളും ഇടപെടാത്തതും ഇക്കാരണം കൊണ്ടു തന്നെയാണ്.

 

 

എന്തു പറ്റി സഖാവിന്?
എന്നിട്ടുമെന്ത് കൊണ്ടാണ് പ്രവാചകന്റെ മുടി പോലുള്ള ഒരു തര്‍ക്ക വിഷയത്തില്‍, അങ്ങേയറ്റം സെന്‍സിറ്റീവായ ഒരു മതവിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി കൈ വെച്ചത്? തീര്‍ച്ചയായും, വരുംവരായ്കകള്‍ ആവശ്യത്തിലേറെ പഠിച്ചിട്ടാണെന്നത് വ്യക്തം. കാന്തപുരവും അദ്ദേഹത്തിന്റെ അനുയായികളും എതിരെ രംഗത്തു വരുമെന്നത് കട്ടായം. മറ്റ് മുസ്ലിം സംഘടനകള്‍ കിട്ടിയ വടി ഉപയോഗിക്കുമെന്നതും ഉറപ്പ്. തിരുകേശം വീണ്ടും ചര്‍ച്ചയാവുമെന്നതും ഉറപ്പ്. എന്ത്, എങ്ങനെ നടക്കുമെന്ന് ശരിക്കുമറിഞ്ഞു തന്നെയാണ് പിണറായി ചൂണ്ടയെറിഞ്ഞത് എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസത്തിന് വകയില്ല. ഇതിനു മാത്രം പിന്നെന്തുണ്ടായി?

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടണമെങ്കില്‍ പിണറായി പറഞ്ഞതിനോടുള്ള പൊതുപ്രതികരണങ്ങള്‍ കൂടി പഠിക്കണം. ആര്‍ക്കാണ് ഈ വിവാദം കൊണ്ട് ഗുണം കിട്ടിയതെന്നു കൂടി നോക്കണം.

മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത പ്രതികരണങ്ങള്‍
തീര്‍ച്ചയായും ആദ്യം പ്രതികരിച്ചത് കാന്തപുരം തന്നെയാണ്. തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തിരുകേശം മത വിഷയമാണ്. അത് ചര്‍ച്ച ചെയ്യേണ്ടത് മതത്തിനകത്താണ്. മത പണ്ഡിതരാണ്. മതത്തിനു പുറത്തുള്ളവരല്ല. മതകാര്യങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഇടപെട്ടാല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. മതത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നത് വര്‍ഗീയതക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പ്രതികരണം തന്നെയാണ് കാന്തപുരത്തില്‍നിന്ന് പിണറായിയടക്കം എല്ലാവരും പ്രതീക്ഷിക്കുക. അത് തന്നെ സംഭവിക്കുകയും ചെയ്തു. റിസല്‍റ്റും ഉടനടിയുണ്ടായി. സംഗതി പിണറായി ആണെങ്കിലും മതനേതാക്കന്‍മാര്‍ക്കെതിരെ പറയാന്‍ കാണിച്ച ചങ്കൂറ്റം കെങ്കേമമാണ്, പണ്ടങ്ങിനെ ചെയ്തില്ലെന്ന് കരുതി ഇപ്പോഴതിനെ അഭിനന്ദിക്കാതിരിക്കേണ്ട കാര്യമില്ല, മതക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ കൈകടത്താമെങ്കില്‍ തിരിച്ചുമാവാം എന്നിങ്ങനെ പ്രതികരണങ്ങള്‍ ഒഴുകി. ഓണ്‍ലൈനിലും പുറത്തുമെല്ലാം ഇതുതന്നെ. ഇതോടൊപ്പം, കാന്തപുരത്തിന്റെ പ്രസംഗത്തെ മൊത്തമായും അദ്ദേഹത്തിന്റെ മുന്‍നിലപാടുകളെ പൊതുവായും വിമര്‍ശിക്കാന്‍ ആളുകള്‍ തത്രപ്പാട് കാട്ടി. ഇസ്ലാമിക പൌരോഹിത്യത്തിനെതിരെ ശബ്ദമുയര്‍ത്തേണ്ടത് നവോത്ഥാന ബാധ്യതയാണ് എന്ന മട്ടിലും ചര്‍ച്ച പൊന്തി. പിണറായി വിജയനെന്ന നേതാവ് ഇതടക്കമുള്ള കാര്യങ്ങളില്‍ മുമ്പ് പുലര്‍ത്തിയ മൌനവും ഇടതുപക്ഷം പൊതുവേ കാന്തപുരത്തിന്റെ നിലപാടുകളോട് കൈക്കൊണ്ട സമീപനവും എല്ലാവരും മറന്നു. നവോത്ഥാന മൂല്യങ്ങള്‍ക്കായി ചങ്കൂറ്റത്തോടെ ഇടപെട്ട ധീരനായ നേതാവിന്റെ ഇടപെടലുകള്‍ എന്ന നിലയില്‍ പിണറായിയുടെ പരാമര്‍ശം ആവേശത്തോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. സമയാസമയങ്ങളില്‍ നമ്മുടെ ഭാഗത്തുനിന്നുണ്ടാവുന്ന മറവികളും ആവേശംകൊള്ളാന്‍ ഒരവസരം കാത്തുനില്‍ക്കുന്ന നമ്മുടെ പരിമിതികളും നന്നായി മനസ്സിലാക്കിയവരാണ് നമ്മുടെ നേതാക്കന്‍മാര്‍. അവരെ പുച്ഛിക്കുമ്പോഴും അവര്‍ കുഴിച്ച കുഴികളിലേക്ക് തന്നെ നാം പാട്ടുംപാടി ചെന്നുവീഴുന്നതും അതു കാരണമാണ്.

 

 
പിറവത്തെ വിഷയങ്ങള്‍
അത് സൈദ്ധാന്തികം. പ്രായോഗികം മറ്റൊന്നാണ്. അത് സാക്ഷാല്‍ പിറവവുമായി ബന്ധപ്പെട്ടിരിക്കുന്നു. അവിടെ കാണിക്ക വെക്കാനാണ് തീര്‍ച്ചയായും ഈ വിവാദവും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പഴുതുകളും ഉപയോഗിക്കുക എന്ന് തന്നെ അര്‍ഥം. പിറവം മണ്ഡലത്തില്‍ ഏറ്റവും കൂടുതലുള്ളത് ക്രൈസ്തവ, ഹിന്ദു വിഭാഗങ്ങള്‍. തിരുകേശ വിവാദം നെഗറ്റീവ് സാധ്യതകളാണ് ആരായുന്നത്. മുസ്ലിം മതപുരോഹിത്യത്തിനെതിരായ ആക്രമണം ഇഷ്ടപ്പെടുന്ന ചിലര്‍ അവിടെയുണ്ടാവും. പിറവത്ത്, വേണമെങ്കില്‍ ഇടത്തോട്ട് ചായാമെന്ന് പറയാതെപറയുന്ന ബി.ജെ.പി പ്രസ്താവനയും അതിനൊരു നിമിത്തം തന്നെയാവും. അതിനപ്പുറം, ഒരു വിഭാഗത്തെ തെറി പറഞ്ഞ് മറു വിഭാഗത്തിന്റെ കൈയടി നേടുക എന്ന അതിപുരാതന കലാപരിപാടിയുടെ അരങ്ങേറ്റമായും ഇതിനെ കാണാം.

രാജ്യം നേരിടുന്ന സുപ്രധാനമായ ഒരു വിഷയവും പിറവത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്നില്ല. വികസനമോ, എണ്ണ വില വര്‍ധനയോ, ഉദാരവല്‍കരണത്തിന്റെ പേരില്‍ എല്ലാ ഇടങ്ങളും സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുന്നതോ ഒന്നും. സാം പിത്രോദയെപ്പോലൊരാളെ ഇവിടേക്ക് തെളിച്ചു കൊണ്ടുവന്നതോ മണ്ണിനും മനുഷ്യനും വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങളോ ടോള്‍ പ്രശ്നമോ മലിനീകരണ പ്രശ്നമോ എന്തിനു മുല്ലപ്പെരിയാര്‍ വിഷയമോ അവിടെ ചര്‍ച്ചയാവില്ല. മുല്ലപ്പെരിയാറിനു വേണ്ടി ഫേസ്ബുക്കില്‍നിന്നൊരു സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്നാലും കക്ഷിരാഷ്ട്രീയക്കാര്‍ കമിഴ്ന്നു കിടന്നു തുപ്പുന്ന ഇത്തരം തുപ്പലുകള്‍ തന്നെയാവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. നഴ്സിങ് സമരം പോലുള്ള വിഷയത്തോട് ഇരു മുന്നണികളും സ്വീകരിച്ച അടവുനയത്തിനെതിരെ പിറവത്തെ നഴ്സ് കുടുംബങ്ങള്‍ പ്രതികരിക്കണമെന്ന ആഹ്വാനങ്ങളും ഒരുവശത്ത് മതമാണ് ചര്‍ച്ചയെങ്കില്‍ വിലപ്പോവില്ല. മറ്റെല്ലാം മറന്ന് മതം മാത്രം ചര്‍ച്ചയാക്കുന്നത് കൊണ്ട് മെച്ചമൊരുപാടെന്ന് ചുരുക്കം.

പൊട്ടാനിരിക്കുന്ന വെടിക്കോപ്പുകള്‍
മതം തന്നെയാവും ചര്‍ച്ചാ വിഷയമെന്ന് എല്ലാവരും ഇതിനകം ഉറപ്പിച്ചു കഴിഞ്ഞു. മതവും രാഷ്ട്രീയവും, മതവിരുദ്ധ പരാമര്‍ശങ്ങളുടെ രാഷ്ട്രീയം എന്നിവ പറ്റിയ ടോപ്പിക്കുകളാണ്. മാധ്യമങ്ങളും കവലപ്രസംഗ വേദികളും ഇവ ചര്‍ച്ച ചെയ്യണമെന്നാണ് മുന്നണികളുടെ മനസ്സിലിരിപ്പ്. നിങ്ങള്‍ വെറും മത വിശ്വാസികള്‍ മാത്രമാണെന്നും മതനേതൃത്വം പറയുന്നതിനപ്പുറം ചിന്തിക്കാന്‍ വകയില്ലാത്തവരാണെന്നുമാണ് ഇതിലൂടെ കേരളത്തിന്റെ രാഷ്ട്രീയ നേതൃത്വങ്ങള്‍ കക്ഷിരാഷ്ട്രീയ ഭേദമന്യെ പറയുന്നത്. ആ വലയിലേക്കാണ് മാധ്യമങ്ങളും പൊതുസമൂഹവും വീഴാനിരിക്കുന്നത്. അതിന്റെ മുന്നൊരുക്കമാണ് ഇതുവരെയില്ലാത്ത തരത്തില്‍ നാം മതത്തെക്കുറിച്ച് നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിക്കുന്നത്.

തിരുകേശ വിവാദത്തില്‍ ഒതുങ്ങുന്നില്ല ഇതൊന്നും. ഞായറാഴ്ച ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ ആദ്യം സി.പി.എമ്മും ഉടന്‍ തന്നെ കോണ്‍ഗ്രസും ഇടപെട്ടത് ശ്രദ്ധിച്ചുനോക്കൂ. തിരുവത്താഴ വിവാദത്തിലടക്കം കോണ്‍ഗ്രസ് നേതൃത്വം ചാടിവീണെടുത്ത നിലപാടുകളും ശ്രദ്ധിക്കുക. ഞായറാഴ്ച വിശുദ്ധ ദിനമാണെന്നും അന്ന് തെരഞ്ഞെടുപ്പ് നടത്താന്‍ പാടില്ലെന്നുമുള്ള മുന്നണികളുടെ ഇടപെടലില്‍ കാണാനാവുന്ന ആവേശത്തിനും മല്‍സര ത്വരക്കും പിന്നില്‍ അടവുനയങ്ങളല്ലാതെ മറ്റൊന്നുമില്ല. പുറമെ, മതങ്ങളോട് വിമര്‍ശനാത്മക നിലപാട് സ്വീകരിക്കുന്നവര്‍ പോലും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മതവും ജാതിയും നോക്കി സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും അതുപ്രകാരം പ്രചാരണം നടത്തുകയും ചെയ്യുന്നതാണ് നാട്ടുനടപ്പ്. അതിന്റെ തുടര്‍ച്ച തന്നെയാണ് ഈ അഭ്യാസങ്ങളും. ഇരുമുന്നണികള്‍ക്കും രാഷ്ട്രീയം പറയാനില്ലാതാവുന്നതും ഇതിന്റെ കാരണമാണ്. എന്നാല്‍, എളുപ്പം പൊട്ടിത്തെറിക്കാവുന്ന മതവൈകാരികത പോലുള്ള ആയുധങ്ങളാണ് ഇങ്ങനെ തലങ്ങും വിലങ്ങും ഉപയോഗിക്കുന്നത്. ഇവ സമൂഹത്തില്‍ സൃഷ്ടിക്കുന്ന ധ്രുവീകരണവും സമാന പ്രശ്നങ്ങളും ഗൌരവമായി കാണേണ്ടതു തന്നെയാണ്. ഇതിലൊന്നും ഒരത്ഭുതവും ആര്‍ക്കും ഇല്ലാത്തതിനാലും ഒരനുഷ്ഠാനത്തിന്റെ എല്ലാ തമാശകളോടെയും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാം സദാ സന്നദ്ധമായതിനാലും വെടിവഴിപാടുകള്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്. മുന്തിയ വെടിക്കോപ്പുകള്‍ ഇപ്പോഴും അണിയറയില്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് അടുക്കുന്തോറും അവയോരോന്നായി പൊട്ടിത്തുടങ്ങുക തന്നെ ചെയ്യും. അതു വരെ നമുക്ക് കാത്തിരിക്കാം, എന്തൊക്കെയാണ് പിറവം പൂരത്തില്‍ പൊട്ടാനിരിക്കുന്നതെന്ന്.

8 thoughts on “പിറവത്ത് സംഭവിക്കുന്നതെന്ത്?

 1. “രാജ്യം നേരിടുന്ന സുപ്രധാനമായ ഒരു വിഷയവും പിറവത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ പോവുന്നില്ല. വികസനമോ, എണ്ണ വില വര്‍ധനയോ, ഉദാരവല്‍കരണത്തിന്റെ പേരില്‍ എല്ലാ ഇടങ്ങളും സ്വകാര്യ മേഖലക്ക് തുറന്നു കൊടുക്കുന്നതോ ഒന്നും. സാം പിത്രോദയെപ്പോലൊരാളെ ഇവിടേക്ക് തെളിച്ചു കൊണ്ടുവന്നതോ മണ്ണിനും മനുഷ്യനും വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന സമരങ്ങളോ ടോള്‍ പ്രശ്നമോ മലിനീകരണ പ്രശ്നമോ എന്തിനു മുല്ലപ്പെരിയാര്‍ വിഷയമോ അവിടെ ചര്‍ച്ചയാവില്ല. മുല്ലപ്പെരിയാറിനു വേണ്ടി ഫേസ്ബുക്കില്‍നിന്നൊരു സ്ഥാനാര്‍ഥി ഇറങ്ങിച്ചെന്നാലും കക്ഷിരാഷ്ട്രീയക്കാര്‍ കമിഴ്ന്നു കിടന്നു തുപ്പുന്ന ഇത്തരം തുപ്പലുകള്‍ തന്നെയാവും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. നഴ്സിങ് സമരം പോലുള്ള വിഷയത്തോട് ഇരു മുന്നണികളും സ്വീകരിച്ച അടവുനയത്തിനെതിരെ പിറവത്തെ നഴ്സ് കുടുംബങ്ങള്‍ പ്രതികരിക്കണമെന്ന ആഹ്വാനങ്ങളും ഒരുവശത്ത് മതമാണ് ചര്‍ച്ചയെങ്കില്‍ വിലപ്പോവില്ല. മറ്റെല്ലാം മറന്ന് മതം മാത്രം ചര്‍ച്ചയാക്കുന്നത് കൊണ്ട് മെച്ചമൊരുപാടെന്ന് ചുരുക്കം.”
  മതവും വിശ്വാസങ്ങളും രാഷ്ട്രീയത്തില്‍ തിരുകിക്കയറ്റിയില്ലെങ്കില്‍ ജനങ്ങള്‍ അവരുടെ ജീവല്‍ പ്രശ്നങ്ങളില്‍ പോരാടാന്‍ ഒരുമിച്ചു നില്‍ക്കില്ലേ?
  ഒരിക്കലും അതിനു ഇട കൊടുക്കാതിരിക്കുക എന്ന നയം മൂലം ആണ് നഴ്സുമാരുടെ പണിമുടക്ക്‌, പെട്രോളിയം വില വര്‍ധന , കോര്‍പ്പറേറ്റ് അഴിമതി ഇവ മുതല്‍ ആഗോളവല്‍ക്കരണം , മുതലാളിത്ത അധിനിവേശ യുദ്ധ നീക്കങ്ങള്‍, തുടങ്ങിയവ വരെയുള്ള വിഷയങ്ങളില്‍ മുഖ്യ ധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒന്നും പറയാനില്ലാത്തത്‌!

  • +1

   ഇന്ന് ഈ വിഷയങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്ക് അരാഷ്ട്രീയവാദികള്‍ എന്ന ലേബലാണ് കരുതിവച്ചിരിക്കുന്നത്.അതേസമയം സമകാലിക ഒത്തുതീര്‍പ്പ്/ഒത്തുകളി രാഷ്ട്രീയപരിതസ്ഥിതിയില്‍ അരാഷ്ട്രീയവാദികള്‍ എന്ന സംജ്ഞ അപനിര്‍മ്മാണത്തിനു വിധേയമാക്കിയാല്‍ ഇത് ഒരു കണക്കിന് ശരിയുമാണ്!

 2. പിറവം എന്ന പേര് വന്നതുതന്നെ തിരുപ്പിറവിയില്‍ നിന്നാണ് എന്നാണു പറയപ്പെടുന്നത്. ആ പേരിടീല്‍ കര്‍മ്മത്തില്‍ തന്നെ മതത്തിനു റോള്‍ ഉണ്ട്. പിറവത്തെ രക്ഷിക്കാന്‍ അപ്പോള്‍ അവരെ തന്നെ വിളിക്കണം…

 3. അമ്പലപ്പറമ്പിലെ ചൂതാട്ടം പോലെ കൈ വഴക്കവും മെയ് വഴക്കവും കൂടുതല്‍ ഉള്ളവന്‍ പിറവത്തും വിജയിക്കും.. കഴിഞ്ഞ കുറെ ദശകങ്ങളിലായി കേരളത്തില്‍ നടന്ന ഒരു തിരഞ്ഞെടുപ്പില്‍ പോലും ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നത് ഒരു സത്യമായി നിലനില്‍ക്കുന്നു.. എന്നിട്ടുവേണ്ടേ നാം പിറവം ഉപതിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രതീക്ഷിക്കപ്പെടാന്‍ . അവധി ദിവസങ്ങളും ആഘോഷദിവസങ്ങളും അടിച്ചുപൊളിക്കാന്‍ കാത്തിരിക്കുന്ന മലയാളിക്ക് മറ്റൊരാഘോഷം ആവുക എന്ന കേവല ദൌത്യമേ ഈ തിരഞ്ഞെടുപ്പിനും ഉള്ളൂ. ഫോര്‍ത്ത് സ്റ്റെയിറ്റാവന്‍ വെമ്പല്‍ കൊള്ളുന്ന മുഖ്യധാരാ മാധ്യമങ്ങളും അധികാരത്തിന്‍റെ ഊടുവഴികള്‍ തേടുന്ന രാക്ഷ്ട്രീയക്കാരനും മലയാളീ മനസ്സിനെ എന്നേ കമ്പോളവത്ക്കരിച്ചിരിക്കുന്നു .. അതിനിടയില്‍ നമുക്ക് വല്ലപ്പോഴും വീണുകിട്ടുന്ന മണിമുത്തുകളാണ് പ്ലാച്ചിമടയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മയും വിളപ്പില്‍ശാലയിലെ ജനകീയ പ്രതിരോധവും മറ്റും.

 4. പ്രവാസി വോട്ടവകാശം അപ്രായോഗികം ആണെന്ന് കിട്ടിയവര്‍ക്കും കൊടുത്തവര്‍ക്കും മനസിലായത് കൊണ്ട് ഈ അസംബന്ട നാടകത്തില്‍ പ്രവാസികളെ എല്ലാവരും ഒഴിവാക്കി.

 5. പിണറായി അനാരചാങ്ങളെ എപ്പോഴാണ് അനുകൂലിച് സംസാരിച്ചിട്ടുള്ളത് ?.

 6. നബിയുടെ മുടി കത്തുമെന്നും, അത് വെറും മാലിന്യമാണെന്നും പറയാന്‍ ചങ്കുറപ്പും നട്ടെല്ലും ഉള്ള മറ്റൊരു നേതാവിനെ കേരളത്തില്‍ കാണിച്ചുതരാന്‍ പറ്റുമോ ?. ചെറ്റത്തരം കാട്ടിയപ്പോള്‍ പള്ളിയിലെ അച്ഛനെ നികൃഷ്ട ജീവി എന്ന് വിളിക്കാനുള്ള കരുത്തും പിണറായിക്ക് മാത്രമേ ഉണ്ടായിരിന്നുള്ളൂ . ഈ കാരണങ്ങള്‍ കൊണ്ടുത്തന്നെയാണ് അയാക്ക് പിന്തുണ കിട്ടുന്നതും. പുരോഹിതന്മാര്‍ എന്ത് കോപ്രായം കാണിച്ചാലും മറ്റ് രാഷ്ട്രീയ കഷ്കികള്‍ വാലും ചുരുട്ടി ഇരിക്കുമ്പോള്‍ , ഒരാള്‍ക്ക് അതിനെതിരെ വരാന്‍ കഴിയുന്നത്‌ ( അത് വോട്ടിനു വേണ്ടി ആയാല്‍ തന്നെ ) പുരോഗമന കേരളത്തിനു നല്ലതല്ലേ.

 7. ചേട്ടാ തല്‍ക്കാലം പിണറായിവിരോധം ഒന്ന് മാറ്റിവച്ചിട്ട് ആലോചിച്ചുനോക്കൂ നമ്മുടെ കേരളത്തിന്റെ സ്ഥിതി.കാലങ്ങളായി നാം നേടിയെ എല്ലാ നേട്ടങ്ങളേയും ഇന്ന് നാം പടിയടച്ച് പിണ്ഡം വചിരിക്കുകയല്ലെ!വിദ്യാഭ്യാസരംഗത്തെ,ആരോഗ്ഗ്യരംഗത്തെ ,സാംസ്കാരീകരംഗത്തെ ഒക്കെ ണേട്ടങ്ങള്‍ നാം നഷ്ടപ്പെടുത്തിയില്ലെ?എന്നിട്ടോ ഒരിക്കല്‍ വിവേകാനന്ദന്‍ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ച കേരളം ഇന്ന് തിരിച്ചുവന്നുകൊണ്ടിരിക്കുകയല്ലെ?ഒരിക്കല്‍ കൃസ്ത്യന്‍ സഭകള്‍ ജനങ്ങള്‍ക്കുവേണ്ടി സ്കൂളുകള്‍ ഉണ്ടാക്കിയെങ്കില്‍ ഇന്ന് പൈസക്കുവേണ്ടിയല്ലെ അവര്‍ സ്കൂളുകളുണ്ടാക്കുന്നത്. ഇറ്റലിക്കാരെക്കുറിച്ചുള്ള ആലഞ്ചേരി ബിഷപ്പിന്റെ പ്രസ്താവന കേട്ടില്ലെ?സാമാന്യബോധവും ജനസ്നേഹവുമുള്ള ആരെങ്കിലും ഇതു പറയുമെന്ന് തോന്നുന്നുണ്ടോ?ഏതോ ആരുടേയോ മുടിക്കെട്ടുമായി മറ്റൊരാള്‍ നടക്കുന്നതും ഈ കേരളത്തില്‍തന്നെയല്ലെ? ഇതിനൊക്കെ ഒരവസാനം വേണ്ടേ?ഇവിടെ സാധാരണക്ക്അരനും മറ്റും ജീവിക്കാന്‍ കഴിയേണ്ടേ? നമ്മുടെ സാംസ്കാരിക നേതാക്കള്‍ സംവാദത്തിനു പകരം വിവാദം മാത്രം ഉല്‍പ്പാദിപ്പിക്കുന്നു.അപ്പോള്‍ ഈ നാടിനെക്കുറിച്ചാലോചിക്കാനും മാറ്റത്തിനു തുടക്കമിടാനും ആരെങ്കുഇലും വേണ്ടെ?തീര്‍ച്ചയായും സംസ്ഥാനസമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചക്കുവന്നിട്ടുണ്ടാകും.സ്ട്രോങ്ങ് ആയ നടപടീയെടുക്കാന്‍ സെക്രട്ടറിയോടവര്‍ പറഞ്ഞിട്ടുമുണ്ടാകും.പള്ളിക്കാരുടെ പിന്നാലെ മണപ്പിച്ചു നടക്കുന്ന കോണ്‍ഗ്രസ്സ് ആകാതെ സ്വതന്ത്രമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചിട്ടുണ്ടാകും(പ്രമേയങ്ങള്‍ മുഴുവന്‍ പുറത്തുവന്നിട്ടില്ല.)അല്ലാതെ പിറവം ഇലക്ഷന്‍ മാത്രം കണ്ടുകൊണ്ടുള്ള ചര്‍ച്ചകളാണ് പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്നതെന്നു തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *