നമുക്കു ചാടാന്‍ കുറിക്കെണികള്‍…

ആട് തേക്ക് മാഞ്ചിയം മുതല്‍ ആപ്പിള്‍ ഫ്ലാറ്റ് വരെയുള്ള തട്ടിപ്പുകള്‍ക്ക് തലവെച്ചുകഴിഞ്ഞ മലയാളി ഇനി ചാടാന്‍ പോകുന്ന തട്ടിപ്പ് എന്താവും? മാധ്യമ പരസ്യങ്ങളുടെ അളവും തോതും വെച്ചുനോക്കിയാല്‍ മനസ്സിലാക്കാം, വന്‍കിട കുറിക്കമ്പനികള്‍ തന്നെയാവുമത്. ഹൌസിംഗ് ലോണിനെക്കാള്‍ ലാഭകരമെന്ന പരസ്യവാചകത്തോടെ മാധ്യമങ്ങള്‍ ആദ്യം സ്വീകരണ മുറികളിലേക്കും പിന്നെ, നമ്മുടെ ആര്‍ത്തികളിലേക്കും കോരിയൊഴിക്കുന്ന കുറിക്കമ്പനികളുടെ പ്രലോഭനങ്ങളെയും തട്ടിപ്പു സാധ്യതകളെയും നിയമലംഘനങ്ങളെയും കുറിച്ച് ഒരന്വേഷണം. മാധ്യമപ്രവര്‍ത്തകയായ നിരോഷ ജോസഫ് എഴുതുന്നു.

 

 

ഒറീസയിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പരസ്യകോലാഹലങ്ങളുടെ അകമ്പടിയോടെ ‘ലക്ഷ്മി കോഓപ്പറേറ്റീവ് സൊസൈറ്റി’ എന്ന സ്ഥാപനം ആരംഭിച്ച ചിട്ടികള്‍ പൊട്ടിയത് മിന്നല്‍വേഗത്തിലായിരുന്നു. ബാങ്കു ലോണുകളെക്കാള്‍ ഏറെ ലാഭകരമെന്ന് വിശ്വസിച്ച് അധ്യാപകര്‍ മുതല്‍ പോലീസുകാര്‍വരെ അനേകര്‍ പണമടച്ച ലക്ഷ്മി കുറികള്‍ അടുത്തിടെ പൊട്ടിയപ്പോള്‍ വഴിയാധാരമായത് ആയിരങ്ങളാണ്. 500 കോടി രൂപയാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ ചിട്ടി കമ്പനി പൊതുജനങ്ങളില്‍നിന്ന് തട്ടിയത്. കേസ് ഇപ്പോഴും തുടരുന്നു, അഞ്ചു പ്രതികള്‍ അറസ്റിലായി. പ്രധാനികള്‍ ഇനിയും വലയിലായിട്ടുമില്ല.

ബിസിനസ് രാജാവ് സന്‍ജയ് ടെന്‍ഗിന്‍കായി പ്രതിയായ ബല്‍ഗാം ചിട്ടി തട്ടിപ്പില്‍ പണം പോയത് കര്‍ണാടകയിലേയും മഹാരാഷ്ട്രയിലേയും വന്‍കിടക്കാര്‍ക്കായിരുന്നു. കേസ് ഇപ്പോള്‍ പ്രത്യേക പോലീസ് സംഘം അന്വേഷിക്കുന്നു. ‘ഷിര്‍ദിസായി മള്‍ട്ടി സര്‍വീസസ്’ എന്ന പേരിലായിരുന്നു സന്‍ജയ് ടെന്‍ഗിന്‍കായിയുടെ ചിട്ടിതട്ടിപ്പ്. കഴിഞ്ഞ വര്‍ഷം നമ്മുടെ രാജ്യത്തു നടന്ന പതിനഞ്ചോളം വന്‍ കുറി തട്ടിപ്പുകളില്‍ രണ്ടെണ്ണത്തെക്കുറിച്ചു മാത്രമാണ് ഈ പറഞ്ഞത്. ഈ അന്യസംസ്ഥാന അനുഭവങ്ങളില്‍ നിന്ന് മലയാളി പഠിക്കേണ്ട പാഠങ്ങള്‍ പലതാണ്.

 

 

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിക്കമ്പനികള്‍ക്ക് ബാധകമായ നിയമങ്ങള്‍ രണ്ടാണ്. ആദ്യത്തേത് ഇന്ത്യന്‍ ചിട്ടി നിയമം 1982 ( (The Chit Funds Act, 1982)). ഉത്തരേന്ത്യയില്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ 1980 കളില്‍ ചിട്ടികള്‍ പൊട്ടി ജനം പെരുവഴിയിലായപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയതാണ് ഈ നിയമം. കേരളത്തില്‍ ബാധകമായ മറ്റൊരു നിയമം 1975 ലെ കേരള ചിട്ടി നിയമം ( The Kerala Chitties Act, 1975) ആണ്. ഈ നിയമത്തിലെ ചില വകുപ്പുകള്‍ നമുക്കൊന്നു പരിശോധിക്കാം. ഇന്ത്യന്‍ ചിട്ടി നിയമത്തിന്റെ രണ്ടാം അധ്യായം 13 ാം വകുപ്പില്‍ പറയുന്നത് ഒരു വ്യക്തി നടത്തുന്ന ചിട്ടിയുടെ ആകെത്തുക 25,000 രൂപയില്‍ കൂടാന്‍ പാടില്ല എന്നാണ്. ഒരു കമ്പനിയോ സഹകരണ സ്ഥാപനമോ നടത്തുന്ന ചിട്ടികളുടെ ആകെ തുകയെക്കുറിച്ചും നിയമം വ്യക്തമായി പറയുന്നു.

നിയമം ഇങ്ങനെ:
13. Aggregate amount of chits. (1) No foreman, other than a firm or
other association of individuals of a company or cooperative society,
shall commence or conduct chits, the aggregate chit amount of which at
any time exceeds twentyfive thousand rupees.
(2) Where the foreman is a firm or other association of individuals,
the aggregate chit amount of the chit conducted by the firm or other
association shall not at any time exceed,
(a) where the number of partners of the firm or the individuals
constituting the association is not less than four, a sum of rupees
one lakh;
(b) in any other case, a sum calculated on the basis of twentyfive
thousand rupees with respect to each partner or individual.
(3) Where the foreman is a company or cooperative society, the
aggregate chit amount of the chits conducted by it shall not at any
time exceed ten times the net owned funds of the company or the
cooperative society, as the case may be.
Explanation. For the purposes of this subsection, “net owned funds”
shall mean the aggregate of the paidup capital and free reserves as
disclosed in the last audited balance sheet of the company or
cooperative society, as reduced by the amount of accumulated balance
of loss, deferred revenue, expenditure and other intangible assets, if
any, as disclosed in the said balance sheet.

അതായത്, ഒരു കമ്പനിയോ സ്ഥാപനമോ ചിട്ടി നടത്തുമ്പോള്‍, ആകെ ചിട്ടി തുക, കമ്പനിയുടമകളുടെ എണ്ണം x 25,000 ല്‍ കൂടാന്‍ പാടില്ല. ഉദാഹരണത്തിന് 25 ഓഹരിയുടമകള്‍ ഉള്ള ഒരു കമ്പനി നടത്തുന്ന ചിട്ടിയുടെ ആകെ തുക 25 x 25,000 = 6,25,000 രൂപയില്‍ കൂടാന്‍ പാടില്ല. ഒരേ സമയം 25 ലക്ഷത്തിന്റേയും 50 ലക്ഷത്തിന്റെയും പത്തും പതിനഞ്ചും ചിട്ടികള്‍ നടത്തുന്ന കമ്പനികള്‍ ഈ നിയമം പാലിക്കുന്നുണ്ടോ? ഈ നിയമം പാലിച്ചാണ് ഈ കുറി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവയില്‍ ഓരോന്നിലും എത്ര ഉടമകള്‍ ഉണ്ട്? ആരു നോക്കുന്നു ഇതൊക്കെ?

കേരള ചിട്ടി നിയമത്തിലെ ഒരു നിബന്ധന ഇങ്ങനെ:

‘Foreman to allow subscriber to examine chitty records.(1) Every
foreman shall allow the nonprized and unpaid prized subscribers all
reasonable facilities on all chitty days and on such other days as
may be specified in the variola with such hours as may be provided
therefor in the variola, for the inspection of security bonds and
documents, receipts and other records, taken from prized subscribers
or furnished by the foreman himself in his capacity as a subscriber,
and all chitty records including account books and pass books, balance
sheet and profit and loss accounts and such other records as may show
the actual financial position of the chitty scheme.

ചിട്ടിയില്‍ ചേര്‍ന്ന ആര്‍ക്കും ചിട്ടിയുടെ മുഴുവന്‍ രേഖകളും ഏതുസമയത്തും പരിശോധിക്കാന്‍ അധികാരമുണ്ട്. അപ്രകാരമുള്ള പരിശോധനക്ക് ചിട്ടി നടത്തിപ്പുകാരന്‍ സൌകര്യം ചെയ്തു കൊടുക്കണം. ഇതിനകം ഇത്തരം വന്‍ ചിട്ടികളില്‍ ചേര്‍ന്നവരില്‍ എത്രപേര്‍ക്ക് തങ്ങള്‍ക്കുള്ള ഈ അവകാശത്തെക്കുറിച്ച് അറിവുണ്ട്? അഥവാ അറിവുണ്ടായാല്‍ തന്നെ ഈ രേഖകള്‍ ഉപഭോക്താവിന് ലഭ്യമാക്കാന്‍ നമ്മുടെ നാട്ടിലെ ചിട്ടി കമ്പനികള്‍ തയാറാവുമോ?

അയ്യായിരത്തിലേറെ ചിട്ടി സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും വര്‍ഷങ്ങളായി നല്ല രീതിയില്‍ വിശ്വസനീയതയോടെ പ്രവര്‍ത്തിക്കുന്നവയുമാണ്. കുറിക്കമ്പനികള്‍ക്ക് പേരു കേട്ട തൃശൂരില്‍ മാത്രം 3,000 സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പലതും പതിറ്റാണ്ടുകളുടെ വിശ്വാസ്യതയുള്ളവയുമാണ്. എന്നാല്‍ വലിയ ചാനല്‍-പത്ര പരസ്യങ്ങളുടെ അകമ്പടിയോടെ, 25 ലക്ഷത്തിന്റേയും 50 ലക്ഷത്തിന്റേയും ഒരു കോടിയുടേയുമൊക്കെ വന്‍ കുറികള്‍, ഓരോ ചിട്ടിയിലും കേരളത്തിനും അകത്തും പുറത്തുമുള്ള ആയിരക്കണക്കിനാളുകളുടെ പങ്കാളിത്തം തുടങ്ങിയ അത്ഭുത പ്രതിഭാസങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ട് അല്‍പ കാലമേ ആകുന്നുള്ളൂ.

ഇടവപ്പാതിയിലെ മഴ മുഴക്കത്തിലാണ് കൂണ്‍ മുളക്കുന്നതെന്ന് പണ്ട് മുത്തശ്ശിമാര്‍ പറയാറുണ്ട്. ചില കുറി കമ്പനികള്‍ തുടങ്ങിവെച്ച ഈ വന്‍ ചിട്ടി ഏര്‍പ്പാടുകളുടെ മുഴക്കം കേട്ട് അനവധി കമ്പനികളാണ് നൊടിയിടയില്‍ ഈ രംഗത്തേക്കു ചാടിയിരിക്കുന്നത്. ഇവയില്‍ എത്രയെണ്ണം നിയമങ്ങള്‍ പാലിക്കുന്നുണ്ട്? ആടു തേക്ക് മാഞ്ചിയം പോലെ, ആപ്പിള്‍ എ ഡേ പോലെ, ടോട്ടല്‍ ഫോര്‍ യൂ പോലെ, മണിചെയിന്‍ പോലെ, അന്യസംസ്ഥാന ലോട്ടറി പോലെ മലയാളികളുടെ പണവും തട്ടി ഈ കുറി കമ്പനികളില്‍ കുറേയെണ്ണമെങ്കിലും അപ്രത്യക്ഷമാകുമോ?

ഗൌരവതരമായ ഈ പ്രശ്നങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഇപ്പോഴേ കരുതല്‍ സ്വീകരിക്കേണ്ട ചുമതല സര്‍ക്കാരിനും അധികാരികള്‍ക്കുമുണ്ട്. ചിട്ടി കമ്പനികളുടെ വിശ്വാസ്യത ഉറപ്പാക്കേണ്ട അധികാരികളുടെ ചുമതലകള്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. കേരള ചിട്ടി നിയമം നോക്കുക. ചിട്ടി സംബന്ധമായ പ്രസക്ത രേഖകള്‍ മുഴുവന്‍ യഥാസമയം സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ചിട്ടി രജിസ്ട്രാര്‍ക്കു മുന്നില്‍ ചിട്ടി നടത്തിപ്പുകാര്‍ ഹാജരാക്കണമെന്നു നിയമം പറയുന്നു. തുടര്‍ന്ന് നിയമം ഇങ്ങനെകൂടി പറയുന്നു:

‘Power to enter and search any place and to seize documents, etc. If
the Registrar or the inspecting officer appointed under section 57 has
reason to suspect that any person conducts, or is responsible for the
conduct of, a chitty in contravention of the provisions of this Act,
he may, for reasons to be recorded in writing, enter and search at any
time between sunrise and sunset, any place, house, building, shed,
enclosure or tent and may seize such books, registers, accounts or
documents as may be necessary, and shall grant a receipt for the same,
and shall retain the same only for so long as may be necessary for the
examination thereof or for a prosecution.’

നടത്തിപ്പിനെപ്പറ്റി സംശയം തോന്നിയാല്‍ ഏതു ചിട്ടിക്കമ്പനിയിലും കയറി ഉദ്യാഗസ്ഥര്‍ക്ക് പരിശോധന നടത്താം, രേഖകള്‍ പിടിക്കാം. ഇത്രയധികം വന്‍കിട ചിട്ടിക്കമ്പനികള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കേരളത്തില്‍ മുളച്ചുപൊന്തിയിട്ടും ഇത്തരം ഒറ്റ പരിശോധന പോലും ഇതുവരെ നടന്നിട്ടില്ല. ഉത്തരവാദിത്തം നിറവേറ്റി ഏതെങ്കിലും രജിസ്ട്രാര്‍ പരിശോധനക്കു തുനിഞ്ഞാല്‍ അയാളെ സംരക്ഷിക്കാന്‍ വേണ്ട വകുപ്പും കേരള ചിട്ടി നിയമത്തില്‍ കൃത്യമായി ചേര്‍ത്തിട്ടുണ്ട്.

അതിങ്ങനെ:
‘No suit, prosecution or other legal proceedings shall lie against the
Government or the Registrar or any other person for anything which is
in good faith done or intended to be done under this Act.’

ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉത്തമ വിശ്വാസത്തോടെ ചിട്ടിക്കമ്പനികള്‍ക്കെതിരെ എന്തു നടപടി എടുത്താലും ആ ഉദ്യോഗസ്ഥനെതിരെ കോടതിയില്‍ പോകാന്‍പോലും എതിര്‍ഭാഗത്തിനു കഴിയില്ല.

കേരളത്തിലെ ചിട്ടി നിയമങ്ങള്‍ അല്‍പം കര്‍ശനമാണ്. കേന്ദ്ര നിയമത്തെക്കാള്‍ കര്‍ക്കശം. അതില്‍ നിന്നു രക്ഷപ്പെടാനും ചില കുറി കമ്പനികള്‍ കുറുക്കു വഴി തേടുന്നു. ചിട്ടി തട്ടിപ്പുകള്‍ പതിവായ പല അന്യസംസ്ഥാനങ്ങളിലും ചിട്ടി നിയമം ലളിതവും കുറി നടത്തിപ്പുകാര്‍ക്കുവേണ്ടി മാത്രം തയാറാക്കപ്പെട്ടതുമാണ്. അതുകൊണ്ട് അത്തരം സംസ്ഥാനങ്ങളില്‍പോയി ചിട്ടിക്കമ്പനി രജിസ്റര്‍ ചെയ്ത് അതിന്റെ ശാഖ കേരളത്തില്‍ തുറക്കുന്നു. ഇടപാടുകാര്‍ മുഴുവന്‍ മലയാളികള്‍, കമ്പനി രജിസ്ട്രേഷന്‍ ഫരീദാബാദിലോ ശ്രീനഗറിലോ മറ്റോ. കേരള ചിട്ടി നിയമം കമ്പനിക്ക് ബാധകമേയല്ല. കശ്മീരില്‍ ഇന്ത്യന്‍ ചിട്ടി നിയമം പോലും ബാധകമല്ല എന്നറിയുക.

ഇത്തരം അന്യസംസ്ഥാന രജിസ്ട്രേഷന്‍ ചിട്ടി പൊട്ടിയാല്‍ ഇടപാടുകാര്‍ക്ക് കേരളത്തില്‍ പരാതിപ്പെടാന്‍ പോലും കഴിയില്ല. കേസ് നടത്താന്‍ രജിസ്ട്രേഷന്‍ ഉള്ള സംസ്ഥാനത്ത് പോകണം. എങ്ങനെയുണ്ട് പുത്തന്‍ ചിട്ടി മുതലാളിമാരുടെ ബുദ്ധി?

ഈ ചതി മനസിലാക്കി കേരള സര്‍ക്കാര്‍ 2002 ല്‍ ഒരു നിയമഭേദഗതി കൊണ്ടുവന്നു. 20 ശതമാനം അംഗങ്ങള്‍ മലയാളികള്‍ ആണെങ്കില്‍ അന്യസംസ്ഥാന ചിട്ടികള്‍ കേരളത്തില്‍ പ്രത്യേകം രജിസ്ട്രേഷന്‍ നേടിയേ പ്രവര്‍ത്തിക്കാവൂ. നിയമ ഭേദഗതി ഇങ്ങനെയായിരുന്നു:

Where a chitty is registered outside the State and twenty per cent or
more of the subscribers are persons normally residing in the State,
the foreman of the chitty shall open a branch in the State and obtain sanction and
registration under the provisions of this Act.

 

 

ഈ നിയമഭേദഗതിയിലെ അപകടം മണത്ത ചിട്ടിക്കമ്പനിയുടമകള്‍ ഉടന്‍ കേസിനുപോയി. നിര്‍ഭാഗ്യവശാല്‍ കേസില്‍ സര്‍ക്കാര്‍ തോറ്റു, ചിട്ടിക്കമ്പനികളുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. അന്യസംസ്ഥാന രജിസ്ട്രേഷന്‍ ഉള്ള ചിട്ടിക്കമ്പനികള്‍ക്ക് കേരളത്തില്‍ ഇവിടത്തെ രജിസ്ട്രേഷന്‍ ഇല്ലാതെതന്നെ പ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കി!

ചിട്ടി നടത്തിപ്പുകാര്‍ ശേഖരിക്കുന്ന ചിട്ടിത്തുക മറ്റൊരു വ്യാപാരത്തിനായും ഉപയോഗിച്ചുകൂടാ, ചിട്ടി നടത്തുന്ന ഓരോ കമ്പനിയും മതിയായ ഈട് ബാങ്കില്‍ സൂക്ഷിക്കണം, വ്യക്തമായ ചിട്ടി ഉടമ്പടി ഓരോ ചിട്ടിയംഗത്തിനും നല്‍കണം, എല്ലാ ചിട്ടി രേഖകളും സുതാര്യവും അംഗങ്ങള്‍ക്ക് ഏതു സമയവും പരിശോധിക്കാവുന്നതും ആകണം, ചിട്ടി നടത്തിപ്പു കമ്പനിക്ക് മതിയായ മൂലധനം ഉണ്ടാവണം, ചിട്ടി ലേലം സുതാര്യമാവണം, ഓരോ ലേലത്തിനും യോഗത്തിനും മിനിറ്റ്സ് അടക്കമുള്ള രേഖകള്‍ ഉണ്ടാവണം തുടങ്ങി കേന്ദ്രചിട്ടി നിയമത്തില്‍തന്നെ അനവധി വ്യവസ്ഥകള്‍ ഉണ്ട്.

നിര്‍ഭാഗ്യവശാല്‍ തട്ടിപ്പുകള്‍ തിരിച്ചറിയുന്ന കാര്യത്തില്‍ മാത്രം മലയാളിക്ക് നിയമബോധം അല്‍പം കുറവാണ്. പരസ്യത്തില്‍ കാണുന്നതെല്ലാം വിശ്വസിച്ച് വന്‍കിട ചിട്ടിയിലേക്ക് ചാടി നിക്ഷേപിക്കും മുമ്പ് നമ്മുടെ നാട്ടിലെ ചിട്ടി നിയമങ്ങളെക്കുറിച്ച് മലയാളി അല്‍പമെങ്കിലും മനസിലാക്കേണ്ടതുണ്ട്. ആ മനസിലാക്കല്‍ വലിയ കെണികളില്‍ നിന്ന് നമ്മെ രക്ഷിച്ചേക്കാം. നാളെ തട്ടിപ്പിന്റെ മറ്റൊരു ‘ആപ്പിള്‍ എ ഡേ’ ഇര ആവാതിരിക്കാന്‍ നമുക്കു ശ്രമിക്കാം!

(കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകയാണ് ലേഖിക)

7 thoughts on “നമുക്കു ചാടാന്‍ കുറിക്കെണികള്‍…

  1. പറഞ്ഞത് മുഴുവന്‍ വളരെ ശരിയാണ്. പക്ഷെ പറഞ്ഞതില്‍ക്കൂടുതല്‍ പറയാതെ പോയി എന്ന് തോന്നി. നിയമങ്ങള്‍ ഉദ്ധരിച്ചത് നന്നായി, കാര്യങ്ങലെക്കുരിച്ച്ചു ഒരു വ്യക്തത വരും. പക്ഷെ ഇപ്പോള്‍ ഇതൊരു നിയമ പ്രശ്നം അല്ലല്ലോ. ഏതെങ്കിലും ഒരു ചിട്ടിയെങ്കിലും ഈ നിയമങ്ങള്‍ പ്രത്യക്ഷത്തില്‍ ലങ്ഘിക്കുന്നതായി പറഞ്ഞിട്ടില്ല. ഏതെങ്കിലും ഒരുടാഹരനം എടുത്തു, അതിന്റെ മൊത്തം തുകയും, ആള്‍ക്കാരുടെ എണ്ണവും കണക്കാക്കാക്കി ഇത് ചിട്ടി നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് പറയേണ്ടേ? ഞാന്‍ കേട്ടിട്ടുള്ളത് നിയമമനുസരിച്ച് ചിട്ടാളന്മാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ തുകയാണ്. അതില്നിന്നെണ്ടുത്തു ഭീമമായ പരസ്യം നല്‍കാന്‍ എങ്ങിനെ സാധിക്കുന്നു? ധാരാളം പണം കയില്‍ വരുമ്പോള്‍ മുങ്ങുന്ന ആ പഴയ ചിട്ടിക്കമ്പനി അടവോ അതോ അവസാനം വരുന്ന ആളുടെ പണമെടുത്തു ആദ്യം വരുന്നവര്‍ക്കും (ഇപ്പോള്‍ പരസ്യത്തിനും) കൊടുക്കുന്ന പുതിയ ടോട്ടല്‍ ഫോര്‍ യു അടവോ? ലക്ഷണം ഒട്ടും സുഖകരമല്ല. ഇത്തരം കാര്യങ്ങളിലേക്ക് കൂടുതല്‍ അന്വേഷണം ലേഖിക നടത്ത്തുമെന്നു പ്രതീക്ഷിക്കുന്നു.

    ഇത്തരം തട്ടിപ്പുകളിപ്പെടുന്നത് ഭൂരിഭാഗവും വളരെ പാവപ്പെട്ടവരായ, കഷ്ടപ്പെട്ട് പണം ഉണ്ടാക്കുന്ന മനുഷ്യരാണ്. അവര്‍ വലിയ സ്വപ്‌നങ്ങള്‍ കാണുകയും ഈ വഴികളിലൂടെ തങ്ങളുടെ ചെറിയ സാമ്പാദ്യം വളരെ വേഗം വലുതാകുമെന്നും പ്രതീക്ഷിക്കുന്നു. അതിനാല്‍ത്തന്നെ പൊതുസമൂഹത്തിനും, നിയമ പാലകര്‍ക്കും പ്രത്യേക ഉത്തരവാടിതമുണ്ടാകെണ്ടാതാണ്. ഇത്തരം കാടടച്ചുള്ള വെടികള്‍ കൊണ്ട് വളരെ മെച്ചം ഉണ്ടാകാന്‍ സാധ്യതയില്ല. പിന്നെ നിശ്ശബ്ദതയിലും എന്തുകൊണ്ടും ഭേദം.

  2. ഒരു ചട്ടി മലയാളി ഇപ്പോഴും കൂടെ കരുതുന്നുണ്ട് , പണ്ടത്തെ ഒരു കഥയില്‍ പോലും വായിച്ചത് ഒര്കുന്നില്ലേ , അച്ഛന് കഞ്ഞി കൊടുക്കാന്‍ വച്ച ചട്ടി എടുത്തു ഒളിപ്പിച്ചു വച്ച മകണ്ടേ കഥ , ആ ചെയ്തതിനു പിന്നെ അന്നും ഇന്നും വന്ജിക്കപെട്ട മലയാളി ഓരോ പദ്ധതികള്‍ പൊട്ടുമ്പോഴും അത് ചിട്ടി ആയാലും ,ആ ചട്ടി പോടീ തുടച്ചു എടുത്തു ഉപയോഗിക്കുന്നുണ്ട് ,

  3. തട്ടിപ്പ് പരസ്യങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ പ്രസിദ്ധീകരിക്കുന്ന മുത്തശ്ശി പത്രങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നവരെ കുറിച്ച് എന്ത് പറയാന്‍…
    തട്ടിപ്പ്കാരെ മാത്രമല്ല പൊതു ജനങ്ങളെ ചതിക്കാന്‍ കൂട്ട് നില്‍ക്കുന്ന പത്രങ്ങളെയും കോടതി കേറ്റണം..

Leave a Reply

Your email address will not be published. Required fields are marked *