‘ആര്‍ത്തി പിടിച്ച ആ കാലടികള്‍ എന്റെ അച്ഛന്റേതായിരുന്നു’

ചരിത്രത്തിലാദ്യമായി ഈവര്‍ഷം ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയ വനിതാ ബോക്സിങില്‍ അമേരിക്കയുടെ മെഡല്‍ പ്രതീക്ഷയാണ് 27കാരിയായ ക്വാനിറ്റ അണ്ടര്‍വുഡ്. അഞ്ചുതവണ ദേശീയ ചാംപ്യനായ ക്വാനിറ്റ ലൈറ്റ് വെയ്റ്റ് ലോകറാങ്കിങ്ങില്‍ നാലാമതാണ്. സ്വന്തം പിതാവിന്റെ ലൈംഗിക അതിക്രമങ്ങളെ ഭയന്ന് ഉറക്കമിളച്ചിരുന്ന നാളുകളില്‍നിന്നാണ് ലോകമറിയുന്ന കായികതാരമയി ക്വനിറ്റ വളര്‍ന്നത്. വീട്ടകങ്ങളില്‍ ഉറ്റവരാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കാനുള്ള ശ്രമങ്ങളില്‍ സജീവമായ ക്വാനിറ്റയുടെ ജീവിതം ഇച്ഛാശക്തിയുടെ ഇതിഹാസമാണ്. പുലിറ്റ്സര്‍ സമ്മാനജേതാവും ന്യൂയോര്‍ക്ക് ടൈംസ് ലേഖകനുമായ ബാരി ബെരാക് പകര്‍ത്തിയ ക്വനിറ്റയുടെ ജീവിതം ഈമാസം 11ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. ജീവിക്കുന്ന ദു:സ്വപ്നം എന്ന ശീര്‍ഷകത്തിലുള്ള ഉള്ളില്‍ത്തറക്കുന്ന ഫീച്ചറിന്റെ സ്വതന്ത്ര വിവര്‍ത്തനം രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം രാകേഷ്. courtsy: New York Times

 


 

രണ്ടു പെണ്‍കുട്ടികളും ഒരേ കട്ടിലിലായിരുന്നു കിടന്നത്. വാതിലിന്റെ സാക്ഷ നീങ്ങി അതു പതുക്കെ തുറന്നുവരുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോയെന്ന് ഓരോ രാത്രിയും മിടിക്കുന്ന ഹൃദയത്തോടെ അവര്‍ ശ്രദ്ധിച്ചു.

പത്തു വയസുകാരിയായിരുന്നു ക്വാനിറ്റ അണ്ടര്‍വുഡ്. സഹോദരി ഹസാനയ്ക്ക് പന്ത്രണ്ടും. നേര്‍ത്ത ചുമരുകളുള്ള ആ വീട്ടില്‍ അവരുടെ അച്ഛന്റെ ഓരോ നീക്കങ്ങളും പെണ്‍കുട്ടികള്‍ക്ക് കേള്‍ക്കാം. ഉറക്കത്തില്‍ നിന്നെണീറ്റ് കിടക്കയില്‍ ഇരിക്കുന്നത്, കിടക്ക വിട്ടെഴുന്നേല്‍ക്കുന്നത്, തങ്ങളുടെ മുറിയിലേക്ക് നടന്നുവരുന്നത്…
അച്ഛന്‍ മുറിയിലേക്ക് കടന്നാലുടന്‍ ക്വാനിറ്റ കണ്ണുകളിറുക്കിയടയ്ക്കും. പക്ഷേ, പരിചിതമായ ആ നിഴലിന്റെ സാന്നിധ്യം അവള്‍ക്ക് അനുഭവപ്പെടും. പിന്നീട് അയാളുടെ ഭാരം മുഴുവന്‍ കട്ടിലിലേക്ക് ചൊരിയും, കൈകള്‍ പുതപ്പിനുള്ളിലൂടെ ഇഴഞ്ഞുനീങ്ങും… ക്വാനിറ്റ ഉറക്കം നടിച്ചുകിടക്കുമ്പോള്‍ ചേച്ചിയെ തോളിലേക്കെടുത്തിട്ട് അച്ഛന്‍ മുറിവിട്ടു പോയിട്ടുണ്ടാകും.

ബാരി ബെരാക്

കാഴ്ചയില്‍ അങ്ങനെ തോന്നില്ലെങ്കിലും അസദ് അണ്ടര്‍വുഡ് കരുത്തനായ മനുഷ്യനായിരുന്നു. വെല്‍ഡിങ് പണിയാണ് ജോലി. ആരുടെ മുന്നിലും ചെറുതായി നില്‍ക്കുന്ന ആളായിരുന്നില്ല അയാള്‍. മനോഹരമായി പെരുമാറാനുമറിയാം. പെണ്‍മക്കള്‍ പഠിക്കുന്ന സ്കൂളിലെ പി.ടി.എ. പ്രസിഡന്റും താമസിച്ചിരുന്ന ഇടവകയിലെ ഏറ്റവും സജീവമായ പള്ളിക്കമ്മിറ്റി അംഗവുമായിരുന്നു.
രണ്ടു പെണ്‍കുട്ടികളും അച്ഛനെ സ്നേഹിച്ചും വിശ്വസിച്ചുമാണ് വളര്‍ന്നത്. എന്നാല്‍ മുതിര്‍ന്നപ്പോള്‍ അച്ഛന്റെ ചെയ്തികളില്‍ എന്തോ പന്തികേടുണ്ടെന്ന് അവര്‍ക്ക് തോന്നിത്തുടങ്ങി. കര്‍ത്താവിന് നിരക്കാത്തതെന്തോ ചെയ്യുന്നതുപോലെ.

ആരോടും ഇക്കാര്യം മിണ്ടാതിരിക്കലാണ് ഏറ്റവും പ്രധാനമായ കാര്യമെന്ന് ക്വാനിറ്റ സ്വയം പറഞ്ഞുറപ്പിച്ചു. ഇരുട്ടിലൊളിച്ചു വയ്ക്കേണ്ട രഹസ്യമാണിതെന്ന് അവള്‍ക്കറിയാമായിരുന്നു. പതുക്കെ ശ്വാസമെടുത്തുകൊണ്ട് അവര്‍ കിടക്കയില്‍ ഉറങ്ങുന്ന മുഖത്തോടെ കിടന്നു. കിടക്കയില്‍ സ്ഥലം കണ്ടെത്താനായി അച്ഛന്‍ തള്ളിമാറ്റുന്ന സമയങ്ങളില്‍ അവള്‍ കണ്ണടച്ചുകൊണ്ടുതന്നെ നീങ്ങിക്കിടന്നു.
കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ തന്ത്രം മാറ്റാനവള്‍ തീരുമാനിച്ചു. ഉറക്കമുണരുന്ന പോലെ അഭിനയിച്ചാല്‍ ഒരുപക്ഷേ ഹസാന രക്ഷപ്പെട്ടെങ്കിലോ? പിന്നീടുള്ള രാത്രികളിലെല്ലാം അവളങ്ങനെ പെരുമാറി. കട്ടിലില്‍ ഉരുണ്ടുമറിഞ്ഞും ശ്വാസമെടുക്കുന്നതിന്റെ താളം മാറ്റിയും ഇപ്പോള്‍ ഉണരുമെന്ന പ്രതീതി സൃഷ്ടിച്ചു.
ചേച്ചിയുടെ കാര്യമോര്‍ത്തായിരുന്നു അവള്‍ക്ക് എപ്പോഴും ആധി. നാലാം ക്ളാസില്‍ പഠിക്കുകയായിരുന്നു അവള്‍. ചേച്ചിയോടു ചെയ്യുന്നതുപോലെ ഒരിക്കല്‍ അച്ഛന്‍ തന്നോടും ചെയ്യുമെന്ന് കണക്കുകൂട്ടാന്‍ അവള്‍ക്ക് പ്രായമായിരുന്നില്ല.

 

ക്വനിറ്റ

 

പോരാളിയും എതിരാളിയും
ഒളിംപിക്സ് ചരിത്രത്തിലാദ്യമായി ഈവര്‍ഷം വനിതാ ബോക്സിങ് മത്സര ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈയിനത്തില്‍ അമേരിക്കയുടെ മെഡല്‍ പ്രതീക്ഷയായി ഏവരും വിലയിരുത്തുന്നത് 27കാരിയായ ക്വാനിറ്റ അണ്ടര്‍വുഡിനെയാണ്. അഞ്ചുതവണ ദേശീയ ചാംപ്യനായ ക്വാനിറ്റ ലൈറ്റ്വെയ്റ്റ് വിഭാഗത്തിലെ ലോകറാങ്കിങ്ങില്‍ നാലാമതെത്തിയിട്ടുണ്ട്. വാഷിങ്ടണിലെ സ്പോക്കേനില്‍ നടന്ന യോഗ്യതാമത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ക്വാനിറ്റ ഒളിംപിക്സ് പ്രവേശം ഉറപ്പാക്കിക്കഴിഞ്ഞു.

ഒളിംപിസ്ക് മെഡലും അതു നേടിത്തരുന്ന പേരും പെരുമയുമൊക്കെ ക്വാനിറ്റയെ മോഹിപ്പിക്കുന്നു. “എനിക്കാ വഴിയിലൂടെ സഞ്ചരിക്കണം. ഓരോ വീട്ടിലും അറിയപ്പെടുന്ന ആളായി മാറണം” ” അവള്‍ പറയുന്നു.

ലൈംഗിക പീഡനങ്ങള്‍ക്കിരയായ എല്ലാവര്‍ക്കും വേണ്ടി പ്രത്യാശയുടെ ചിഹ്നമായി സ്വയം മാറണമെന്നും ക്വാനിറ്റയ്ക്ക് ആഗ്രഹമുണ്ട്. പക്ഷേ സംഭവിച്ചതെന്തെന്ന് തുറന്നുപറയേണ്ടിവരും എന്നത് അവളെ വേദനിപ്പിക്കുന്നു. ബോക്സിങ് റിങില്‍ ആയിരം മണിക്കൂര്‍ പൊരുതിനില്‍ക്കുന്നതിലും പ്രയാസമാണ് അങ്ങനെ ചെയ്യുന്നതെന്ന് ക്വാനിറ്റയ്ക്ക് നന്നായി അറിയാം.

‘ക്വീന്‍’ എന്ന ചെല്ലപ്പേരുള്ള ക്വാനിറ്റ തികച്ചും അന്തര്‍മുഖയായ പെണ്‍കുട്ടിയാണ്. എന്നിട്ടും ‘ലിവിങ് ഔട്ട് ദി ഡ്രീം’ എന്ന പേരില്‍ കഴിഞ്ഞവര്‍ഷം അവളൊരു വെബ്സൈറ്റ് തുടങ്ങി. വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ തന്റെ ജീവിതകഥ പറയാനാണ് ക്വാനിറ്റ സ്വന്തം വെബ്സൈറ്റിലൂടെ ശ്രമിക്കുന്നത്. 12ാം വയസില്‍ നേരിടേണ്ടിവന്ന ‘ശാരീരികചുഷണ’ത്തെക്കുറിച്ചും ‘നിസ്സഹായ അവസ്ഥ’യെക്കുറിച്ചുമെല്ലാമുള്ള ചില അവ്യക്തപരമാര്‍ശങ്ങള്‍ മാത്രമേ സൈറ്റിലുള്ളു.
പക്ഷേ എന്തുതരത്തിലുളള ചൂഷണം? ആരില്‍ നിന്ന്? അതും എത്രകാലം?

ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറയണമെന്നാവശ്യപ്പെട്ട് ജനവരിയിലാണ് ക്വാനിറ്റയെ സമീപിക്കുന്നത്. പറയാമെന്ന് അവള്‍ സമ്മതിച്ചെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പൊടുന്നനെ അവള്‍ തിരുത്തി. “അതു മുഴുവന്‍ എ സര്‍ട്ടിഫിക്കറ്റുള്ള കാര്യങ്ങളാണ്” ക്വാനിറ്റയുമായി നടത്തിയ മുന്ന് ദീര്‍ഘസംഭാഷണങ്ങളുടെ ആദ്യഭാഗത്തിന്റെ മുഖവുരയായി അവള്‍ പറഞ്ഞു. ജനങ്ങള്‍ എന്നെപ്പറ്റി എന്തു കരുതും? അവരെങ്ങനെയാണ് എന്നെ വിലയിരുത്തുക? ക്വാനിറ്റ ആശങ്കപ്പെട്ടുകൊണ്ടേയിരുന്നു.

ഇക്കാര്യങ്ങളൊന്നും ഏറ്റവുമടുത്ത സുഹൃത്തുക്കളോടുപോലും ക്വാനിറ്റ ഇതുവരെ പറഞ്ഞിരുന്നില്ല. “എനിക്കൊരു കാര്യം ഇഷ്ടമല്ലെങ്കില്‍, അക്കാര്യം ഞാന്‍ മനസില്‍ തന്നെ വെക്കും” അവള്‍ പറഞ്ഞു. ബോക്സിങ് റിങിനു പുറത്ത് തര്‍ക്കങ്ങളില്‍ തോറ്റുകൊടുക്കാനാണ് അവള്‍ക്കിഷ്ടം. “ആര്‍ക്കെങ്കിലും എന്നെ ഉപദ്രവിക്കണമെങ്കില്‍ വഴങ്ങിക്കൊടുക്കുകയാണ് എന്റെ ശീലം. എനിക്കാരോടും ഏറ്റുമുട്ടണമെന്നില്ല, ആരുടെയും വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കണമെന്നുമില്ല”.
സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ വിരല്‍നഖങ്ങള്‍ കടിച്ചുതുപ്പിക്കൊണ്ടേയിരുന്നു. മേശപ്പുറം മുഴുവന്‍ നഖക്കഷ്ണങ്ങള്‍. അവസാനം അവളതെല്ലാം കൈ കൊണ്ടു തൂത്തുകളഞ്ഞു.

“ദൈവമേ, എന്റെ കഥ മുഴുവന്‍ ഒരാളോടു പറഞ്ഞുവെന്നത് വിശ്വസിക്കാന്‍ സാധിക്കുന്നില്ല”.

 

ക്വനിറ്റ അമ്മക്കും സഹോദരിക്കുമൊപ്പമുള്ള പടങ്ങള്‍

 

വെല്‍ഡര്‍

അസദ് അണ്ടര്‍വുഡ് ചെറുപ്പകാലത്തു തന്നെ ഒഹിയോയിലെ യങ്സ്ടൌണ്‍ പട്ടണത്തില്‍ നിന്ന് സിയാറ്റിലിലേക്ക് മാറിയിരുന്നു. അവിടെ സഹോദരനൊപ്പം ജീവിതം തുടങ്ങിയ അസദ് വെല്‍ഡിങ് ജോലിയില്‍ പരീശീലനം നേടി. സുന്ദരിയായ ഒരു കൌെമാരക്കാരി തൊട്ടടുത്ത് താമസിക്കുന്നുണ്ടായിരുന്നു. അവളുമായി വളരെപ്പെട്ടെന്ന് അടുപ്പത്തിലായി അസദ്. 1982 മാര്‍ച്ചില്‍ അവര്‍ക്ക് ഹസാന എന്ന പെണ്‍കുഞ്ഞ് ജനിച്ചു. 21 വയസായിരുന്നു അസദിനപ്പോള്‍ പ്രായം. കുഞ്ഞിന്റെ അമ്മ അലോനയ്ക്കാകട്ടെ വെറും പതിനാലും.
‘അക്കാലത്ത്, അസദ് കാണാന്‍ തരക്കേടില്ലായിരുന്നു. പക്ഷേ വാ തുറന്നാല്‍ ചീത്തവാക്കുകളേ പറയൂ, അന്നേ അതിഭയങ്കരായ തന്ത്രശാലിയായിരുന്നു അയാള്‍” ഇപ്പോള്‍ ക്രാഡോക്ക് എന്ന കുടുംബപ്പേരുമായി ജീവിക്കുന്ന അലോന പറയുന്നു.

കുറേവര്‍ഷത്തേക്ക്, രണ്ടു പെണ്‍കുട്ടികളെ ഒരേസമയം പ്രേമിച്ചുനടക്കുകയായിരുന്നു അസദ്. ഒരു തീരുമാനത്തിലെത്തുന്നതുവരെ ക്ഷമിക്കാന്‍ രണ്ടുപേരോടും അയാള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ 1983 ഡിസംബറില്‍ അലോന രണ്ടാം വട്ടം ഗര്‍ഭിണിയായപ്പോള്‍ അസദ് അവളെ കല്യാണം കഴിച്ചു. അഞ്ചുമാസത്തിനു ശേഷം ക്വാനിറ്റ പിറന്നു.
മറ്റു സ്ത്രീകളുമായുള്ള അസദിന്റെ ബന്ധത്തിന് കല്യാണമൊരു തടസമായതേയില്ല. അയാളുടെ ജീവിതത്തില്‍ വീണ്ടും സ്ത്രീകള്‍ വന്നുപോയിക്കൊണ്ടിരുന്നു. അതിനിടെയൊരിക്കല്‍ അയാള്‍ അലോനയ്ക്ക് വിവാഹമോചനക്കടലാസുകള്‍ നീട്ടി. ഉടന്‍ തന്നെ അതില്‍ ഒപ്പിട്ടുകൊടുത്ത അലോന അക്കാര്യമോര്‍ത്ത് പിന്നീട് പലവട്ടം പശ്ചാത്തപിച്ചിട്ടുണ്ട്. വിവാഹമോചനത്തിനൊപ്പം കുട്ടികളെ വളര്‍ത്താനുള്ള അവകാശം കൂടി അസദ് എഴുതിവാങ്ങിയ കാര്യം പിന്നീടാണവര്‍ അറിയുന്നത്.

“നിയമവ്യവസ്ഥയുടെ വിവിധ വശങ്ങളെക്കുറിച്ച് എനിക്കൊന്നുമറിയില്ലായിരുന്നു. നല്ലബുദ്ധി പറഞ്ഞുതരാന്‍ മുതിര്‍ന്നവര്‍ കുട്ടിനുണ്ടായതുമില്ല. അങ്ങനെയാണ് കുഞ്ഞുങ്ങളെ നഷ്ടമായത്” ഇപ്പോള്‍ ന്യൂ മെക്സിക്കോയിലെ ലാസ് ക്രൂസസില്‍ നഴ്സായി ജോലി നോക്കുന്ന അലോന പറയുന്നു.

ഉഗ്രമായ ഊര്‍ജ്ജമുള്ള വ്യക്തിയായിരുന്നു അസദ്. രണ്ടിടങ്ങളില്‍ ജോലി ചെയ്ത് അയാള്‍ പണമുണ്ടാക്കി. വിനോദയാത്രകളും ബാസ്കറ്റ്ബോളും ഇഷ്ടപ്പെടുന്ന നല്ലൊരു രക്ഷിതാവ് കൂടിയായിരുന്നു അയാള്‍. സമീപത്തുള്ള പെന്തക്കോസ്റ് പള്ളിയില്‍ മുടങ്ങാതെ ആരാധനയ്ക്കെത്തിയ അയാള്‍ വളരെ പെട്ടെന്ന് സുഹൃത്തുക്കളെ സമ്പാദിച്ചു.
കടുത്ത ശിക്ഷകന്‍ കൂടിയായിരുന്നു അസദ്. പെണ്‍കുട്ടികള്‍ ക്ളാസില്‍ നല്ല മാര്‍ക്ക് വാങ്ങണമെന്നത് അയാള്‍ക്ക് നിര്‍ബന്ധമായിരുന്നു. ഏല്‍പ്പിക്കുന്ന കാര്യങ്ങള്‍ മറുവാക്കൊന്നുമില്ലാതെ ചെയ്യണമെന്നതും. കുസൃതി കാട്ടിയാല്‍ ചൂരല്‍ കൊണ്ടു ബെല്‍റ്റുകൊണ്ടുമുള്ള പൊതിരെ തല്ലായിരുന്നു ശിക്ഷ.
“അടികൊണ്ടു നീരുവന്ന പാടുകള്‍ ഞങ്ങളുടെ കാലുകളില്‍ ഇപ്പോഴുമുണ്ട്” ക്വാനിറ്റ പറഞ്ഞു.

പുനര്‍വിവാഹിതയായ അലോനയ്ക്ക് രണ്ടു കുട്ടികള്‍ കൂടി ജനിച്ചു. ആദ്യബന്ധത്തിലെ പെണ്‍മക്കളെ വളരെ അപൂര്‍വമായേ അവര്‍ കണ്ടിരുന്നുള്ളൂ. അഞ്ചും ഏഴും വയസുള്ള കാലത്ത് അസദ് അവരെ മര്‍ദിക്കുന്ന കാര്യം അലോന എങ്ങനെയോ അറിഞ്ഞു. ഒരുരാവിലെ കുട്ടികള്‍ പഠിക്കുന്ന സ്കുളിലെത്തി അലോന അവരോടു സംസാരിച്ചു. ഒട്ടും നിനയ്ക്കാതെ സ്വന്തം അമ്മയെ ക്വാനിറ്റയും ഹസാനയും സന്തോഷം കൊണ്ട് തുള്ളിച്ചാടി. അന്നുരാത്രി അവര്‍ അമ്മയുടെ വീട്ടിലേക്കാണ് പോയത്. മക്കളെ മുന്‍ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി അലോന പിറ്റേ ദിവസം പോലീസില്‍ പരാതിനല്‍കി. എന്നാല്‍ പോലീസുദ്യാഗസ്ഥന്‍മാര്‍ ആവര്‍ത്തിച്ചു ചോദിച്ചിട്ടും അച്ഛനെതിരെ മൊഴി നല്‍കാന്‍ മക്കള്‍ വിസ്സമ്മതിച്ചു. അതോടെ പോലീസ് കേസും ഉപേക്ഷിക്കപ്പെട്ടു.
മക്കള്‍ വീണ്ടും അച്ഛന്റെ അടുത്തേക്ക് തന്നെ മടങ്ങി.

 

ക്വനിറ്റ

 

കുടുംബചിത്രം മാറുന്നു
ഒക്ടോബര്‍ 1990. ക്വാനിറ്റയ്ക്ക് ആറും ഹസാനയ്ക്ക് എട്ടും വയസുള്ളപ്പോള്‍ ടാമില ബവന്‍ എന്ന സ്ത്രീയെ അസദ് വിവാഹം കഴിച്ചു. സിയാറ്റിലിലെ അലാസ്കന്‍ കോപ്പര്‍ വര്‍ക്സില്‍ അസദിന്റെ സഹപ്രവര്‍ത്തകയായിരുന്നു ടാമില. അക്കാലത്ത്, തനിക്കു ലഭിച്ച സൌെഭാഗ്യത്തെക്കുറിച്ച് ടാമിലയ്ക്ക് സ്വയം വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. “എന്തൊരു ഉത്തരവാദിത്തമുള്ള മനുഷ്യന്‍”, അവള്‍ ചിന്തിച്ചുകൊണ്ടേയിരുന്നു. ദൈവവിശ്വാസിയും കഠിനാധ്വാനിയുമായ ഭര്‍ത്താവ് പെണ്‍മക്കളോട് സ്നേഹത്തോടെ പെരുമാറുന്നത് കണ്ട് ടാമില ശരിക്കും അഭിമാനം കൊണ്ടു.

അക്കാലത്ത് സിയാറ്റില്‍ ടൈംസില്‍ ‘ഫാമിലി പോര്‍ട്രെയ്റ്റ്’ എന്ന പേരിലൊരു സ്ഥിരം പംക്തിയുണ്ടായിരുന്നു. സന്തുഷ്ടകുടുംബങ്ങളെ പരിചയപ്പെടുത്തുന്ന ആ പംക്തിയില്‍ അണ്ടര്‍വുഡ്സ് കുടുംബത്തിന്റെ കഥയും പ്രസിദ്ധീകരിക്കപ്പെട്ടു. 1991 ഡിസംബറിലായിരുന്നു അത്. ഐസ് സ്കേറ്റിങ് നടത്തിയും വീഡിയോകള്‍ കണ്ടും കുടുംബം ശരിക്കും ആസ്വദിക്കുകയായിരുന്നു. വിവാഹജീവിതത്തിലെ ആദ്യവര്‍ഷത്തെ “എല്ലാ ഭാഗങ്ങളും ഒരുമിച്ചുവന്നൊരു സ്വപ്നം” എന്നാണ് ടാമില വിശേഷിപ്പിക്കുന്നത്. സന്തോഷം ഇരട്ടിപ്പിക്കാനെന്നപോലെ അവര്‍ക്കൊരു ആണ്‍കുഞ്ഞും ജനിച്ചു.

ആഹ്ളാദദിനങ്ങള്‍ക്ക് ആയുസ്സ് അധികമുണ്ടായിരുന്നില്ല. അസദിനും ടാമിലയ്ക്കും ഒരേസമയം ജോലി നഷ്ടപ്പെട്ടു. കുറച്ചുകാലം ബോയിങ് കമ്പനിയില്‍ ജോലി നോക്കിയ അസദിന് അവിടെനിന്നും പോരേണ്ടിവന്നു. പണമില്ലാത്തെ ഇരുവരും കഷ്ടപ്പെട്ടു, അവര്‍ക്കിടയില്‍ അസ്വാരസ്യങ്ങളും പതിവായി.
1994ലെ വേനല്‍ക്കാലത്ത് തന്റെ കുടുംബത്തെയും കൂട്ടി അസദ് യാത്ര പുറപ്പെട്ടു. ആദ്യം ലൂസിയാനയിലേക്കും അവിടെ നിന്ന് തെക്കന്‍ കരോലിനയിലെ കൊളമ്പിയയിലേക്കും. ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിനുള്ള വിനോദയാത്രയാണിതെന്ന് പറഞ്ഞെങ്കിലും ആഴ്ചകള്‍ പിന്നിട്ടിട്ടും അസദ് മടങ്ങിയില്ല. കൊളംബിയയില്‍ വെല്‍ഡിങ് ജോലി തരപ്പെടുത്തിയ അസദ് തങ്ങളിനി ഇവിടെയാകും താമസിക്കുകയെന്ന് കുടുംബത്തോടു പ്രഖ്യാപിച്ചു.

അതിനുശേഷമാണ് അസദിന്റെ സ്വഭാവം മാറിത്തുടങ്ങിയതെന്ന് ടാമില ഓര്‍ക്കുന്നു. മദ്യവും സിഗററ്റും കൂടി, ദൈവവിശ്വാസം കുറഞ്ഞു. അപ്പോഴും പെണ്‍മക്കളോടുള്ള സ്നേഹത്തിനു കുറവൊന്നുമുണ്ടായിരുന്നില്ല. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണരാറുള്ള ചില രാത്രികളില്‍ അസദിനെ കിടപ്പുമുറിയില്‍ കാണാഞ്ഞ് ടാമില ആകെ പരിഭ്രമിച്ചു. ചെന്നുനോക്കിയപ്പോള്‍ കുട്ടികളുടെ കിടപ്പുമുറിയില്‍ മുട്ടുകുത്തിനില്‍ക്കുന്ന അസദിനെയാണ് കണ്ടത്.
ഒരിക്കല്‍, സിയാറ്റിലിലെ ഒരു ബന്ധുവിനോട് ടാമില ഇക്കാര്യം പറഞ്ഞു. “അയാള്‍ കുട്ടികളോടു മോശമായി പെരുമാറുകയല്ലെന്ന കാര്യം നിനക്കുറപ്പല്ലേ” ബന്ധു ഇങ്ങനെ ചോദിച്ചപ്പോള്‍ ‘ഒരിക്കലും അങ്ങനെ സംഭവിക്കില്ല” എന്ന് മറുപടിയാണ് നല്‍കിയതെന്ന് ടാമില പറയുന്നു.

(തുടരും)

5 thoughts on “‘ആര്‍ത്തി പിടിച്ച ആ കാലടികള്‍ എന്റെ അച്ഛന്റേതായിരുന്നു’

      • parthan if i said ‘every’ I mean it. i had chosen that word with due care, and i am responsible to what I say. and its my headache. any way protect your girl child from these cannibals

Leave a Reply

Your email address will not be published. Required fields are marked *