കുട്ടിക്കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പുകളി

കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനാധിപത്യത്തിന്റെ പൊള്ളത്തരം കൂടിയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മൊത്ത കച്ചവടം എന്‍.ജി.ഒയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ സി.ഇ.ഒ ആയി മാറാനുള്ള രാഹുലിന്റെ ശ്രമത്തിനും അത് തിരിച്ചടിയാവും. എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഹൈദരാബാദ് ആസ്ഥാനമായ ‘ഫെയിം’ എന്ന സന്നദ്ധസംഘടനക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എന്‍.എസ്.യു തെരഞ്ഞെടുപ്പിന്റെ കരാര്‍ ‘ഫെയിം’ ഏറ്റെടുത്തിരിക്കുന്നത് 15 കോടി രൂപക്കാണത്രെ. തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏറിയാല്‍ അഞ്ചു കോടിയില്‍ കൂടുതല്‍ ചെലവ് വരില്ലെന്നു കോണ്‍ഗ്രസുകാര്‍തന്നെ അടക്കം പറയുന്നുണ്ട്-കെ.പി റജി എഴുതുന്നു

 

 

ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്ന പഴഞ്ചൊല്ലിന്റെ സാരം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയായിരുന്നു പരിഷ്കരിച്ച രീതിയില്‍ കൃത്യമായ ഇടവേളയില്‍ രണ്ടാം തവണയും നടന്ന കെ.എസ്.യു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ ഭാവി കുട്ടി കോണ്‍ഗ്രസുകാരില്‍ തീര്‍ത്തും ഭദ്രമെന്നു തെളിയിക്കുന്ന രീതിയിലാണു മൂന്നു ഘട്ടങ്ങളിലായി നടന്ന സംസ്ഥാന ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പും അനന്തര നാടകങ്ങളും അരങ്ങുതകര്‍ത്തത്.
തമ്മില്‍ത്തല്ലും തെരുവുയുദ്ധവും കോടതി കയറ്റവും പാരപണിയലുമൊക്കെയായി സംഗതി അടിപൊളി.

കോഴിക്കോടുനിന്ന് അതിഗംഭീരമായായിരുന്നു തുടക്കം. ഐ- ഒ ഗ്രൂപ്പുകള്‍ നടത്തിയ റോഡ്ഷോ എസ്.എഫ്.ഐ-എ.ബി.വി.പി സംഘട്ടനത്തേക്കാള്‍ എരിവും പുളിയുമുള്ളതായിരുന്നു. പുതുമയുള്ളതാണു വാര്‍ത്ത എന്ന നിര്‍വചന പ്രകാരമാണെങ്കില്‍ ഇതൊന്നും വലിയ കാര്യമായി എടുക്കേണ്ടതില്ല. കെ.എസ്.യുക്കാര്‍ക്ക് എസ്.എഫ്.ഐയോ മറ്റേതെങ്കിലും സംഘനയോ അല്ല എതിര്‍ ഗ്രൂപ്പുകാരാണ് ഏറ്റവും വലിയ ശത്രുക്കള്‍ എന്നത് അല്ലെങ്കില്‍തന്നെ ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്. സ്വന്തം വിജയം ഉറപ്പാക്കുന്നതിന് ഗ്രൂപ്പ് തിരിഞ്ഞ് എസ്.എഫ്.ഐയുമായി മാറിമാറി വോട്ട്കച്ചവടം ഉറപ്പിക്കുന്നത് മധ്യകേരളത്തിലെ പല കോളജുകളിലും ഒരു കാലത്ത് പതിവുകാഴ്ചയായിരുന്നു. ഇപ്പോഴും ചിലയിടങ്ങളില്‍ അതുണ്ടെന്നാണു തോന്നുന്നത്.

 

 

സംസ്ഥാന തെരഞ്ഞെടുപ്പില്‍ വലിയ അട്ടിമറികളൊന്നുമുണ്ടായില്ലെങ്കിലും സസ്പെന്‍സും ത്രില്ലും ധാരാളമായിരുന്നു. ‘ഒ’ ഗ്രൂപ്പില്‍ (എ.കെ ആന്‍റണി ഗ്രൂപ്പതീത ദേശീയ നേതാവായി മാറുകയും ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി ഗ്രൂപ്പില്‍ പല നേതാക്കള്‍ക്കും പ്രിയങ്കരനല്ലാതെ മാറുകയും ചെയ്ത സാഹചര്യത്തില്‍ എ എന്നതിനേക്കാള്‍ ഒ തന്നെയാണ് ഗ്രൂപ്പിനു പറ്റിയ ചുരുക്കപ്പേര്) ഉടലെടുത്ത പോരായിരുന്നു നാടകം തീര്‍ന്നിട്ടും സസ്പെന്‍സ് നീണ്ടുപോകുന്ന സവിശേഷ സാഹചര്യമുണ്ടാക്കിയത്. തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയ ഭാരവാഹികളെ എങ്ങനെ പുറന്തള്ളാം എന്നു തിരക്കിട്ടു തല പുകക്കുകയായിരുന്നു എല്ലാ ഗ്രൂപ്പിലെയും ചാണക്യന്‍മാര്‍. പരീക്ഷക്കു തൊട്ടുതലേന്ന് ഉറക്കമിളച്ചു പഠിക്കുന്ന അതേ മാതൃകയില്‍ തെരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്ന് തെരഞ്ഞെടുപ്പ് നിയമാവലി അരിച്ചുപെറുക്കി പഠിച്ച അവര്‍ അതിനു പല വഴികളും കണ്ടത്തെി. ഭാരവാഹി നിബന്ധനകള്‍ സുക്ഷ്മമായി പഠിച്ച് എല്ലാവരും തലങ്ങും വിലങ്ങും പാരപ്രയോഗങ്ങളുമായി രംഗത്തിറങ്ങിയതോടെ കോഴിക്കോട്ടെ തമ്മില്‍ത്തല്ലിനേക്കാള്‍ രൂക്ഷമായ ‘അടി’ക്കാണ് വേദിയൊരുങ്ങിയത്.

കോട്ടയം വീരഗാഥകള്‍
പ്രസിഡന്‍റ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഒ ഗ്രൂപ്പില്‍ കടുത്ത വടംവലി നടന്നതായാണറിയുന്നത്. ഇപ്പോള്‍ വിജയിയായ വി.എസ് ജോയിക്കൊപ്പം കോട്ടയം ജില്ലാ പ്രസിഡന്‍റ് ജോബിന്‍ ജേക്കബിനെയും സജീവമായി പരിഗണിച്ചിരുന്നു. പക്ഷേ, ജോബിനെതിരെ ഗ്രൂപ്പിനുള്ളില്‍നിന്നു കടുത്ത എതിര്‍പ്പാണുയര്‍ന്നതത്രെ. മുന്‍ പ്രസിഡന്‍റ് കൂടിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പി്.സി വിഷ്ണുനാഥ് എം.എല്‍.എയുടെ അടക്കം പിന്തുണയുണ്ടായിട്ടും ജോബിന്‍ പിന്തള്ളപ്പെട്ടുപോയത് അങ്ങനെയാണ്.
 


 

ജോബിനെ ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തുനിന്നു പുറന്തള്ളുന്നതിനും ഗ്രുപ്പിനുള്ളില്‍നിന്ന് സജീവമായ ചരടുവലി നടന്നിരുന്നു. ജോബിന്‍ പഠിക്കുന്ന പള്ളിക്കത്തോട് ഐ.ടി.ഐ വിദ്യാര്‍ഥിയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി മണ്ഡലംകാരനുമായ ജോബിന്‍ കെ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തുകയായിരുന്നു തന്ത്രം. അപര തന്ത്രത്തില്‍ ധാരാളം വോട്ടുകള്‍ ചോരുമെന്നും മുഖ്യമന്ത്രിയുടെ നാട്ടുകാരനെന്ന അധിക യോഗ്യതയും കൂടിയാവുമ്പോള്‍ ജോബിന്‍ കെ. ജോര്‍ജിനു നല്ല മുന്നേറ്റമുണ്ടാവുമെന്നുമായിരുന്നു ഈ ചേരിയുടെ കണക്കുകൂട്ടല്‍. സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടുന്നയാളാണു പ്രസിഡന്‍റ് ആവുകയെന്നതിനാല്‍ ജോബിന്‍ ജേക്കബ് പുറന്തള്ളപ്പെടുമെന്നും അവര്‍ കണക്കുകൂട്ടി.

ക്ലാസില്‍ കയറാത്തവര്‍ ഔട്ട്
പക്ഷേ, അപ്പോഴാണ് നിയമാവലി പൊടി തട്ടിയെടുത്തുകൊണ്ടു ചിലര്‍ വന്നത്. പഠിക്കുന്ന കോഴ്സിന് കുറഞ്ഞതു 35 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധനയില്‍ തട്ടി ജോബിന്‍ ജോര്‍ജ് മാത്രമല്ല, ഐ ഗ്രൂപ്പിന്റെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഷെറിന്‍ സലീമുകൂടി അയോഗ്യനായതോടെ ജോബിന്‍ ജേക്കബിന്റെ വഴി സുഗമമാവുകയായിരുന്നു. ഉമ്മന്‍ചാണ്ടി ഫാനായ യൂത്ത് കോണ്‍ഗ്രസ് നിയമസഭാ നിയോജക മണ്ഡലം പ്രസിഡന്‍റിന് ലോക്സഭാ നിയോജക മണ്ഡലം പ്രസിഡന്‍റില്‍നിന്നു തല്ലുകൊണ്ടതു മാത്രമായി ഈ കളിയുടെ ബാക്കിപത്രം. തിരക്കേറിയ കവലയില്‍ പരസ്യമായായിരുന്നു ‘പെരിയ’ നേതാവിന്റെ അഭ്യാസം.
 


 

ഇപ്പോള്‍ നിയമാവലി ജോബിനു നേരെ ആയുധമാക്കുകയാണ് ഐ ഗ്രൂപ്പ്. ഭാരവാഹികള്‍ രണ്ടു വര്‍ഷത്തെ മുഴു സമയ കോഴ്സിനു പഠിക്കുന്നവരായിരിക്കണം എന്ന നിബന്ധനയാണ് അവരുടെ പിടിവള്ളി. ഐ.ടി.ഐ വിദ്യാര്‍ഥിയായ ജോബിന്റെ ഫുഡ് പ്രൊഡക്ഷന്‍ കോഴ്സ് കാലാവധി ഒന്നര വര്‍ഷമേയുള്ളൂ എന്ന് അവര്‍ കണ്ടത്തെിയിരിക്കുകയാണ്. സംസ്ഥാന വരണാധികാരിക്ക് ഐ ഗ്രൂപ്പ് സമര്‍പ്പിച്ച പരാതിയില്‍ ഹിയറിങ് ഉടന്‍ നടക്കുമെന്നാണറിയുന്നത്.

വിവരാവകാശമുണ്ടോ, വിവരാവകാശം!

ഇതു കോട്ടയത്തെ മാത്രം കഥയല്ല. ഏതാണ്ട് എല്ലാ ജില്ലകളില്‍നിന്നും ഭാരവാഹികളുടെ കോഴ്സും ഹാജരും സംബന്ധിച്ച പരാതികളുടെ പ്രവാഹമാണുണ്ടായിരിക്കുന്നത്. വിവരാവകാശ നിയമം ആണ് ഇവിടെയും എല്ലാവരുടെയും ആയുധം. രേഖകള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ച് ഓഫിസുകള്‍ കയറിയിറങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസിലെ ചാണക്യന്‍മാര്‍. നിയമാവലി കര്‍ക്കശമായി പാലിച്ചാല്‍ മിക്കയിടങ്ങളിലും പ്രസിഡന്‍റ് അടക്കം ഭാരവാഹികള്‍ അയോഗ്യരാവുമെന്ന് ഗ്രൂപ്പ് ഭേദമന്യേ എല്ലാവരും സമ്മതിക്കുന്നുമുണ്ട്. മുന്നൂറിലേറെ പ്രതിനിധികള്‍ക്ക് വോട്ടവകാശമുണ്ടായിരുന്ന പല ജില്ലകളിലും രണ്ടക്കം തികച്ച് വോട്ട് കിട്ടാത്തവര്‍ പ്രസിഡന്‍റ് പദത്തിലേറുന്ന വിചിത്രമായ സാഹചര്യമാവും ഇതിലൂടെ സംജാതമാവുക.
 


 

കോണ്‍ഗ്രസിലെ കിരീടാവകാശി രാഹുല്‍ ഗാന്ധി കൊട്ടിഘോഷിച്ചു കൊണ്ടുവന്ന ജനാധിപത്യത്തിന്റെ പൊള്ളത്തരം കൂടിയാവും അതു പുറത്തുകൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പിന്റെ മൊത്ത കച്ചവടം എന്‍.ജി.ഒയെ ഏല്‍പ്പിച്ച് കോണ്‍ഗ്രസിന്റെ സി.ഇ.ഒ ആയി മാറാനുള്ള രാഹുലിന്റെ ശ്രമത്തിനും അത് തിരിച്ചടിയാവും. എന്‍.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഹൈദരാബാദ് ആസ്ഥാനമായ ‘ഫെയിം’ എന്ന സന്നദ്ധസംഘടനക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എന്‍.എസ്.യു തെരഞ്ഞെടുപ്പിന്റെ കരാര്‍ ‘ഫെയിം’ ഏറ്റെടുത്തിരിക്കുന്നത് 15 കോടി രൂപക്കാണത്രെ. തെരഞ്ഞെടുപ്പ് നടത്തിപ്പിന് ഏറിയാല്‍ അഞ്ചു കോടിയില്‍ കൂടുതല്‍ ചെലവ് വരില്ലെന്നു കോണ്‍ഗ്രസുകാര്‍തന്നെ അടക്കം പറയുന്നുണ്ട്. ഈ നിലയില്‍ പോയാല്‍ ഏതാനും വര്‍ഷംകൊണ്ട് കോണ്‍ഗ്രസിന്റെ ശര്‍ക്കരക്കുടത്തില്‍നിന്ന് ‘ഫെയിം’ വന്‍ തുകയാവും വാരിക്കൂട്ടാന്‍ പോവുന്നത്. സംസ്ഥാന കോണ്‍ഗ്രസിലെ ചില ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ‘ഫെയിമ’ന് നേതൃത്വം നല്‍കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, വിദ്യാര്‍ഥി സംഘടനയായാല്‍ ഇങ്ങനെതന്നെ വേണം. ഇന്നത്തെ കുട്ടികളാണു നാളത്തെ പൗരന്‍മാര്‍ എന്നാണല്ലോ പറയാറ്. സ്വാഭാവികമായും ഇന്നത്തെ കുട്ടി കോണ്‍ഗ്രസുകാര്‍ നാളത്തെ മൂത്ത കോണ്‍ഗ്രസുകാരാവും. എം.എല്‍.എയും എം.പിയും മന്ത്രിയുമാകും. അതിനു നല്ല രാഷ്ട്രീയ മെയ് വഴക്കം ആര്‍ജിക്കേണ്ടതുണ്ട്. അതിനുള്ള യഥാര്‍ഥ പാഠമാണ് ഇത്തരത്തിലുള്ള വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനവും തെരഞ്ഞെടുപ്പും.

2 thoughts on “കുട്ടിക്കോണ്‍ഗ്രസുകാരുടെ തെരഞ്ഞെടുപ്പുകളി

  1. കോഴിക്കോട്ട് അറിയപ്പെടുന്ന ആര്‍.എസ്.എസുകാരാണ് കെ.എസ്.യു ഇലക്ഷനില്‍ അടിയുണ്ടാക്കിയത്. എറണാകുളം ലോ കോളേജില്‍ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മഹാന്‍ കെ.എസ്.യു വോട്ടറായിരുന്നു. കെ.എസ്.യു വെബ്സൈറ്റിലെ വേട്ടേഴ്സ് ലിസ്റ്റില്‍ ടിയാന്‍െറ പേരുണ്ട്.

  2. കെഎസ്‌യുവിന്റെ വോട്ടേഴ്‌സ്‌ എങ്ങനെയാണ്‌ ഉണ്ടാക്കുന്നതെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ…കോ ളെജിന്റെ പടിവാതില്‍ കാണാത്തവര്‍ വരെ ഐഡന്റിറ്റി കാര്‍ഡ്‌ ഉണ്ടാക്കി വോട്ട്‌ ചെയ്യാന്‍ ഉണ്ടായിരുന്നു…എറണാകുളം ലോ കോളെജിലെ തന്നെ തലമുതിര്‍ന്ന കെഎസ്‌ യുക്കാര്‍ ഒട്ടേറെ വ്യാജകാര്‍ഡുകള്‍ വെച്ചു വോട്ടു ചെയ്‌ത കാര്യം പാട്ടാണ്‌..പിന്നെ എസ്‌എഫ്‌ഐയുടെ യൂണിറ്റ്‌ പ്രസിഡന്റിന്റെ പേര്‌ വോട്ടേഴ്‌സ്‌ ലിസ്‌റ്റില്‍ വന്നതില്‍ അത്ഭുതപ്പെടാന്‍ ഒന്നും ഇല്ല…ലവന്‍മാര്‍ ആരുടെയും പേരു ചേര്‍ത്തുകളയും….

Leave a Reply

Your email address will not be published. Required fields are marked *