കിങ്‌ഫിഷര്‍ ഗാഥയിലെ കുചേല മല്യ വൃത്തം

1457 കോടി രൂപയുടെ കടമാണ് നിലവില്‍ കിങ്ഫിഷര്‍ സ്റ്റേറ്റ് ബാങ്കിന് കൊടുക്കാനുള്ളത്. കിങ്ഫിഷര്‍ കമ്പനിയില്‍ 182 കോടിയുടെ ഓഹരിയും സ്റ്റേറ്റ് ബാങ്കിനുണ്ട്. ഇത്രയുമുള്ളപ്പോഴാണ് വീണ്ടും 1650 കോടിയുടെ പാക്കേജ്. പോരാത്തതിന് മറ്റ് പൊതുമേഖല ബാങ്കുകളും. അടുത്ത സഹായവും ഉടന്‍ വന്നു. നികുതി കുടിശ്ശിക ഒരുമിച്ച് അടയക്കണ്ട. പതുക്കെ പതുക്കെ തവണകളായി നല്‍കിയാല്‍ മതി. അക്കൌണ്ടുകളുടെ മരവിപ്പിക്കല്‍ പിന്‍വലിച്ചു. റൂട്ടുകള്‍ റദ്ദു ചെയ്തതിന്, കേന്ദ്ര നിയമം ലംഘിച്ചതിന്, യാത്രക്കാരോടുള്ള ബാധ്യതകള്‍ ലംഘിച്ചതിന്, നികുതി നിയമങ്ങള്‍ തെറ്റിച്ചതിന് എല്ലാത്തിനും കൂടിയുള്ള സമ്മാനം-സി.എന്‍ സദാനന്ദന്‍ എഴുതുന്നു

 

 

മലയാള സിനിമയും വിമാനക്കമ്പനികളും തമ്മിലെന്ത്? കഴിഞ്ഞ ദിവസം മംഗളം പത്രത്തിന്റെ ഒന്നാം പേജില്‍ ശ്രീഹരി രാമകൃഷ്ണന്റെ ഒരു രസികന്‍ ലേഖനം കണ്ടപ്പോഴാണ് ഈ ചിന്ത ഉയര്‍ന്നത്. വിമാനക്കമ്പനികള്‍ മുഴുവന്‍ പൊളിഞ്ഞു പാളീസാവുകയാണ്, അതുകൊണ്ട് വിമാനത്താവളത്തങ്ങള്‍ക്കു വേണ്ടി നോമ്പു നോറ്റിരിക്കുന്നവര്‍ വേറെ പണി നോക്കിക്കൊള്ളൂ എന്നതാണ് ലേഖനത്തിന്റെ സാരാംശം. കിങ് ഫിഷറിന്റെ നഷ്ടക്കണക്കിനെ കുറിച്ച വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം.

അതെ, നഷ്ടക്കച്ചവടം! സമാനമായ നിലവിളി വേറെ കേട്ടത് മലയാള സിനിമയില്‍നിന്നാണ്. നഷ്ടക്കണക്കിനെ ചൊല്ലിയുള്ള വിലാപത്തിന്റെ കാര്യത്തില്‍ അവര്‍ ഒരു മെയ്യാണ്. മലയാള സിനിമയും വിമാനക്കമ്പനികളും. ഇരുവരും സദാ പറയുന്നു, കച്ചവടം നഷ്ടമാണെന്ന്. എന്നാല്‍, കണ്ടു നില്‍ക്കുന്നവര്‍ക്കതങ്ങ് ബോധ്യപ്പെടുന്നില്ല. മലയാള സിനിമ വ്യവസായം തകരുന്നു എന്നൊക്കെ പറയുന്നുണ്ടെങ്കിലും വര്‍ഷംതോറും സിനിമകളുടെ എണ്ണം കൂടുകയാണ്. സിനിമ നഷ്ടമായി എന്ന് പറഞ്ഞ് കരയുന്ന നിര്‍മ്മാതാക്കളൊക്കെ അത് നിര്‍ത്തി കശുവണ്ടിക്കച്ചവടം തുടങ്ങുന്നില്ല. പകരമവര്‍ വീണ്ടും വീണ്ടും സിനിമയെടുക്കുന്നു. സിനിമയെടുക്കാന്‍ ആളുകള്‍ തള്ളിക്കയറുന്നു. അതെങ്ങനെ സാധ്യമാവും? നഷ്ടത്തെ കുറിച്ചുള്ള ലോജിക്കിന് ചേരുമോ ഈ തള്ളിക്കയറ്റം?

അതുപോലെ, ലോകത്ത് ഏറ്റവുമധികം പാസഞ്ചര്‍ ഗ്രോത്ത്, അഥവാ യാത്രക്കാരുടെ എണ്ണം കൂടുന്ന സ്ഥലം ഇന്ത്യമഹാരാജ്യമാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. വാര്‍ഷിക പാസഞ്ചര്‍ ഗ്രോത്ത് 18 ശതമാനത്തോളം വരും. പണ്ടൊക്കെ സിനിമാ നടന്മാര്‍ മാത്രം കയറിയിരുന്ന വിമാനത്തില്‍ ഇപ്പം ലൈറ്റ് ബോയ്/ഗേളുമാരുവരെ കേറുന്നുണ്ട്. (പണ്ടൊക്കെ എഡിറ്റര്‍മാര്‍ മാത്രം കേറിക്കൊണ്ടിരുന്ന വിമാനത്തില്‍ ഇപ്പോ ട്രെയിനീ ജേര്‍ണലിസ്റുകളും പ്രാദേശിക ലേഖകരും കേറുന്നുണ്ട് എന്നും പറയാം). അതുകൂടാതെ വിമാനക്കമ്പനികളെല്ലാം ഒന്നിന് പിറകെ ഒന്നായി വിമാനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്യുന്നു. പിന്നെയെങ്ങനെയാണ് വിമാനക്കമ്പനികള്‍ നഷ്ടത്തിലാകുന്നത്?

അങ്ങനെ ചിന്തിച്ചിരിക്കുമ്പോഴാണ് കിങ്ഫിഷര്‍ എന്ന വിമാനക്കമ്പനിക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാരിക്കോരി വായ്പ നല്‍കുന്നതിനെ കുറിച്ച വാര്‍ത്ത വായിച്ചത്. മനോരമ, മാതൃഭൂമി ആദി മലയാള പത്രങ്ങള്‍ക്കും അതൊരു വാര്‍ത്തയായിരുന്നില്ല. പിറവത്ത് യു.ഡി.എഫിനെ ജയിപ്പിക്കാന്‍ എന്‍.എസ്.എസും കത്തോലിക്കാ സഭയും ഒത്തുപിടിക്കുമ്പോഴാണ് കിങ്ഫിഷറിന് സഹായം! കൊട്ടയിലോ വാണിജ്യപ്പേജിന്റെ മൂലയിലോ ചേരുമത്. പക്ഷേ, 5000 രൂപയുടെ വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി മുതല്‍ ആത്മഹത്യാപ്രേരണ വരെ നടത്തുന്ന ബാങ്കുകാരുടെ ഒരു കണ്‍സോര്‍ഷ്യം-മൂന്ന് സ്വകാര്യബാങ്കുകള്‍ ഉള്‍പ്പെടെ -നഷ്ടത്തില്‍’ ആണെന്ന് അവകാശപ്പെടുന്ന ഒരു കമ്പനിക്ക് കോടാനുകോടികളുടെ വായ്പകള്‍, നല്‍കണമെങ്കില്‍ അതിന് പിറകില്‍ ഒരു വാര്‍ത്ത കാണില്ലേ, സാറന്മാരേ? അതെന്താണ്?

ഒന്നായ എയറിന്ത്യയും പട്ടേലിന്റെ ബുദ്ധിയും
അതിലേയ്ക്ക് എത്തണമെങ്കില്‍ എയര്‍ഇന്ത്യയ്ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് അറിയണം. അതിന് മുമ്പ്, നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എയര്‍ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് എന്നീ പൊതുമേഖല കമ്പനികളെ പ്രഫുല്‍പട്ടേല്‍ എന്ന ‘സത്യസന്ധ’ന്റെ നേതൃത്വത്തില്‍ ചില അതീവ ബുദ്ധിമാന്മാര്‍ കൂട്ടിയോജിപ്പിച്ചതിന്റെ കഥയറിയണം. (കാഴ്ചക്കാര്‍ക്ക് അഭിപ്രായം പറയാമെങ്കില്‍, ഇന്ത്യയില്‍ ഇന്നുള്ള ഏറ്റവും വലിയ അഴിമതിക്കാരന്‍ പ്രഫുല്‍പട്ടേലാണെന്ന് സദാനന്ദന്‍ പറയും. എ.രാജയേയും മായാവതിയേയും മാത്രം കാണുന്ന ചില കണ്ണുകള്‍ക്ക് സദാനന്ദന്‍ പറഞ്ഞത് രുചിക്കില്ല. അതേ കുറിച്ച് വിശദമായി പിന്നെ തര്‍ക്കിക്കാം) എല്ലാനിലയിലും പരാജയമായിരുന്നു സംയോജനം. പൈലറ്റുമാരുടെ ശമ്പളം നിശ്ചയിക്കുന്നത് മുതല്‍ റൂട്ടുകള്‍ക്ക് പറ്റിയ വിമാനങ്ങള്‍ നിശ്ചയിക്കുന്നതില്‍ വരെ ആശയക്കുഴപ്പമായി. യോജിപ്പിന്റെ മഹാസുദിനം മുതല്‍ 1.76 കോടി രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്ന പൈലറ്റുമാര്‍ ഈ സ്ഥാപനത്തിലുണ്ട്. ചിലര്‍ക്ക് അലവന്‍സുകള്‍ കുറഞ്ഞു. പലരും വിട്ടു പോയി, ചിലര്‍ ദീര്‍ഘ അവധിയില്‍ പ്രവേശിച്ചു. നഷ്ടത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ കോടാനുകോടി രൂപയ്ക്ക് പുതിയ വിമാനങ്ങള്‍ വാങ്ങാന്‍ കരാര്‍ ഒപ്പിട്ടു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ റൂട്ടുകളിലും എയര്‍ഇന്ത്യ വിമാനങ്ങള്‍ ഇല്ലാതായി. പരാതികള്‍ മലപോലെ ഉയര്‍ന്നു. വിശ്വാസ്യത മഞ്ഞുപോലെ ഉരുകി.

സക്വാര്യവിമാനക്കമ്പനികളുടെ സുവര്‍ണ്ണ യുഗമായിരുന്നു ഇത്. തലങ്ങും വിലങ്ങും അവര്‍ പറന്നു. ജെറ്റ് എയര്‍വേയ്സ്, ജെറ്റ് ലെയ്റ്റുമായും കിങ്ഫിഷര്‍, കിങ് ഫിഷര്‍ റെഡുമായും ചെലവ് കുറച്ച് രംഗത്തെത്തി. എയര്‍ഇന്ത്യ സമരങ്ങള്‍ യാത്രക്കാരെ വട്ടം ചുറ്റിക്കുമ്പോള്‍ ഇവര്‍ ടിക്കറ്റ് വില കുത്തനെ കൂട്ടി. വിജയ്മല്യയും നരേഷ് ഗോയലും കൈകോര്‍ത്തായിരുന്നു കച്ചവടം. 2010 അവസാന പാദമായപ്പോഴേയ്ക്കും ഇന്ത്യന്‍ ആകാശയാത്രയുടെ ഒന്നാം സ്ഥാനത്ത് ജെറ്റ് എയര്‍വേയ്സ് എത്തി -26.9 ശതമാനം മാര്‍ക്കറ്റ് ഷെയര്‍. തൊട്ടുപിറകില്‍ കിങ് ഫിഷര്‍ -മാര്‍ക്കറ്റ് ഷെയര്‍ 19.9 ശതമാനം. ഇതിനിടെ എയര്‍ ഇന്ത്യയുടെ പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം മുതല്‍ കമ്പനികളുടെ സംയോജനം വരെ സി.എ.ജിയുടെ രൂക്ഷ വിമര്‍ശത്തിനിരയായി. ലോകസഭയില്‍ ബഹളം. എല്ലാവരും പരസ്പരം പഴിചാരി. ആരും പ്രഫുല്‍ പട്ടേല്‍ രാജിവയ്ക്കണമെന്ന് പറഞ്ഞില്ല.

വയലാര്‍ജി പറഞ്ഞതും കേട്ടതും
പിന്നെ എല്ലാത്തിന്റേയും മൂലകാരണമായ ആഗോള മാന്ദ്യം വന്നെത്തി. എയര്‍ഇന്ത്യയ്ക്കും ആഗോളമാന്ദ്യം ബാധിച്ചതായി വ്യോമയാന മന്ത്രിയും വിമാനക്കമ്പിനികളും ധനമന്ത്രിയുമൊക്കെ പ്രഖ്യാപിച്ചു. എയര്‍ഇന്ത്യയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം പ്രഖ്യാപിച്ചു. ഇതിനിടെ യു.പി.എ സര്‍ക്കാരില്‍ ചില കസേരകളികള്‍ നടന്നു. ഗ്രാമവികസനം, പഞ്ചായത്തീരാജ്, ദേശീയപാത മന്ത്രിക്കസേരകളില്‍ ഒരു നാള്‍ കണ്ടവരായിരിക്കില്ല പിറ്റേ ദിവസം. അങ്ങനെയുള്ള ഒരു വിസിലടി അവസാനിച്ചപ്പോള്‍ വയലാര്‍ രവിയായി വ്യോമയാനമന്ത്രിക്കസേരയില്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തിലെ അവസാന സോഷ്യലിസ്റ്, കടുത്ത കമ്മ്യൂണിസ്റ് വിരുദ്ധനെങ്കിലും പഴയ തൊഴിലാളി നേതാവ്. എയര്‍ ഇന്ത്യ പതിവ് സമരം തുടര്‍ന്നപ്പോള്‍ വയലാര്‍ സിംഹം ബലം പിടിച്ചു. വ്യോമയാന രംഗത്ത് അനിശ്ചിതത്വത്തിന്റെ പെരുന്നാള്‍.

ഈ തക്കം നോക്കി കിങ്ഫിഷറും ജെറ്റ്ലെയ്റ്റും രംഗത്തെത്തി. ‘കിങ്ഫിഷര്‍ ഈസ് ബ്ലീഡിങ്’ എന്ന് ദേശീയ പത്രങ്ങള്‍ വെണ്ടക്ക നിരത്തി. വിജയ്മല്യ കോര്‍പറേറ്റ് ജെറ്റ് (വി.ജെ.എം) പലതവണ മുതലാളിയേയും വൃന്ദത്തേയും വഹിച്ച് ഡല്‍ഹിയിലേയ്ക്ക് പറന്നു. നരേല്‍ ഗോയലിനേക്കാളും ഇക്കാര്യത്തില്‍ ഉത്സാഹം മല്യക്കായിരുന്നു. പക്ഷേ ‘സ്വകാര്യ കമ്പനികള്‍ക്ക് ഏതു ന്യായത്തിലാണ് സര്‍ക്കാര്‍ സഹായം നല്‍കുന്നത്’ എന്ന് വ്യോമയാന മന്ത്രി വയലാര്‍ ലേശം ഉറക്കെ ചോദിച്ചു. അബദ്ധം പറ്റിച്ചോദിച്ചതാകും. പക്ഷേ നാട്ടുകാരും പത്രക്കാരും കേട്ടു. ഉടന്‍ തീരുമാനമുണ്ടായി. വയലാര്‍ രവിക്ക് പത്തുകോടി രൂപയുടെ വാര്‍ഷിക ബജറ്റുള്ള പ്രവാസികാര്യമന്ത്രാലയം തന്നെ ധാരാളം! (മിണ്ടാതിരിക്കാന്‍ വയലാര്‍ രവി പഠിക്കണം. ഒന്നരലക്ഷം കോടി രൂപയുടെ ബജറ്റാണ് പഴയ സഹപ്രവര്‍ത്തകന്‍ ഏ.കെ.ആന്റണിയുടെ വകുപ്പിന്, അപ്പോഴാണ് പത്തോ പതിനഞ്ചോ കോടിയുടെ കൂതറ വകുപ്പുമായി കോണ്‍ഗ്രസിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാള്‍ മൂലയ്ക്കു നില്‍ക്കുന്നത്)

മല്യയുടെ കുചേലവൃത്തം
പിന്നീടിങ്ങോട്ട് എല്ലാം വിജയ്മല്യ ആവശ്യപ്പെട്ട രീതിയില്‍ നടന്നു. കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം സ്വകാര്യ വിമാനക്കമ്പനികളുടെ താത്പര്യപ്രകാരം തയ്യാറായിക്കൊണ്ടിരിക്കുകയാണ്.
1. ഇനി വിമാന ഇന്ധനം കമ്പനികള്‍ക്ക് നേരിട്ട് ഇറക്കുമതി ചെയ്യാം. എണ്ണക്കമ്പനികള്‍ക്ക് അവരുടെ ലാഭം കൊടുക്കേണ്ട.
2. സ്വകാര്യ വിമാനക്കമ്പനികളിലേയ്ക്ക് വിദേശ വിമാനക്കമ്പനികളുടെ 49 ശതമാനം ഓഹരി വരെ നേരിട്ട് സ്വീകരിക്കാം.
3. റൂട്ടുകളില്‍ എയര്‍ ഇന്ത്യയ്ക്കുള്ള എക്സ്ക്ലൂസീവ് റൈറ്റ് എടുത്തുമാറ്റി.
4. വിമാന ഇന്ധനത്തിനുള്ള സംസ്ഥാനങ്ങളുടെ വില്‍്പന നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ വേണമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തെ കൊണ്ട് കത്തെഴുതിച്ചു.

ചോദിച്ചതെല്ലാം വാരിക്കോരികൊടുക്കുന്ന കരുണാമയനായ കണ്ണനായി മാറി കേന്ദ്രസര്‍ക്കാര്‍.
സാക്ഷാല്‍ കുചേലനല്ലേ മല്യയുടെ രൂപത്തില്‍ വന്നിരിക്കുന്നത്!!

ബാബ്രി മസ്ജിദ് തകര്‍ത്തതിന് ശേഷം അഖിലേന്ത്യാ ബന്ദ് പ്രഖ്യാപിച്ച വിശ്വഹിന്ദുപരിഷത്തിനെ പോലെയാണ് പിന്നീട് വിജയ്മല്യ പ്രവര്‍ത്തിച്ചത്. ആഗ്രഹിച്ചപോലെ കാര്യങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ നഷ്ടമാണെന്ന് പറഞ്ഞ് മുന്നറിയിപ്പില്ലാതെ റൂട്ടുകള്‍ റദ്ദാക്കി. ‘അരിയും തിന്നു ആശാരിച്ചിയേയും കടിച്ചു, എന്നിട്ടും നായിക്ക് മുറുമുറുപ്പ്’എന്ന് നാട്ടില്‍ പറയില്ലേ, അതുതന്നെ. ആറായിരത്തോളം വരുന്ന ജീവനക്കാര്‍ക്ക് മൂന്ന് മാസമായി മര്യാദയ്ക്ക് ശമ്പളം കൊടുത്തിട്ട്. ബത്തകളില്ല, പിക്ക് അപ്ഡ്രോപുകളില്ല, ഭക്ഷണമില്ല… കൊല്‍ക്കത്ത മേഖലാ ജീവനക്കാര്‍ സമരം ചെയ്തതിനെ തുടര്‍ന്ന് ആ മേഖല തന്നെ അടച്ചിട്ടു. ഇതിനെല്ലാം ഒരു പ്രകോപനമേയുള്ളൂ. സര്‍ക്കാര്‍ ഒരു കൊടും കുറ്റകൃത്യം ചെയ്തു. കിങ്ഫിഷറിനോട് നികുതിയടക്കാന്‍ ആവശ്യപ്പെട്ടു!

 

 

പാവം പാവം കിങ്ഫിഷര്‍
എഴുപത് കോടിയോളം രൂപയാണ് നികുതി കുടിശ്ശികയുള്ളത്. അതേ തുടര്‍ന്ന് കിങ്ഫിഷറിന്റെ അക്കൌണ്ട് തന്നെ സര്‍ക്കാര്‍ മരവിപ്പിച്ചു. പാലം കുലുങ്ങിയാലും മല്യ കുലുങ്ങില്ല. സി.ഇ.ഒ സജ്ഞയ് അഗര്‍വാളും കുലുങ്ങില്ല, സി.എഫ്.ഒ രഘുനന്ദനനും കുലുങ്ങില്ല. മുന്നയിപ്പില്ലാതെ റൂട്ടുകള്‍ റദ്ദാക്കി. പുതിയ മന്ത്രി അജിത് സിങ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനിടയിലും കുപിതനാകാന്‍ സമയം കണ്ടെത്തി. വ്യോമയാനം മൊത്തം നിയന്ത്രിക്കുന്ന ഡി.ജി.സി.എ സാക്ഷാല്‍ ഇ.കെ.ഭരത്ഭൂഷണ്‍ രോഷാകുലനാണെന്ന് വാര്‍ത്തഏജന്‍സികള്‍ പ്രഖ്യാപിച്ചു. ദാ, കിങ്ഫിഷറിന്റെ ലൈസന്‍സ് റദ്ദാക്കി വിമാനങ്ങള്‍ കണ്ടുകെട്ടിയെന്ന് ശുദ്ധഹൃദയര്‍ ഭയപ്പെട്ടു.

അതിനുള്ള കുറ്റങ്ങള്‍ കിങ്ഫിഷര്‍ ചെയ്തിട്ടുണ്ട് .
കുറ്റം ഒന്ന്:മുന്നറിപ്പില്ലാതെ വിമാനറൂട്ടുകള്‍ റദ്ദാക്കുക.
കുറ്റം രണ്ട്: കോക്പിറ്റിലും കാബിനിലും ആവശ്യത്തിന് ക്രൂ ഇല്ലാതെ വിമാനം പറത്തുക.
കുറ്റം മൂന്ന്: യാത്രക്കാര്‍ക്ക് വേണ്ട ബദല്‍ സംവിധാനം സ്വീകരിക്കാതിരിക്കുക.
കുറ്റം നാല്: കൊല്‍ക്കത്ത മേഖല അടച്ചിടുന്നത് വഴി വടക്ക് കിഴക്കല്‍ മേഖലയിലേയ്ക്കുള്ള റൂട്ടുകളില്‍ തടസം വരുത്തുകയും അതുവഴി കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിക്കുകയും ചെയ്യുക.

 

 

കുറ്റം ചെയ്താല്‍ കോടികള്‍ സഹായം
ഡി.ജി.സി.എ കിങ്ഫിഷര്‍ മേധാവികളെ വിളിച്ചുവരുത്തിയതോടെ ശിക്ഷകള്‍ ഉറപ്പിച്ചു. പക്ഷേ ശിക്ഷകളല്ല, രക്ഷകളാണ് കിങ്ഫിഷറിനെ കാത്തിരുന്നത്. ചെയ്ത തെറ്റുകളെല്ലാം സര്‍ക്കാരും മന്ത്രാലയവും മറന്നു. ബാങ്കുകള്‍ കോടാനുകോടികളുടെ പാക്കേജുകള്‍ പ്രഖ്യാപിച്ചു. യാത്രാക്കാരുടെ സുരക്ഷയാണ് പ്രധാനമെന്ന് ഡി.ജി.സി.എ ആവര്‍ത്തിച്ചു. ‘സര്‍ക്കാര്‍ സഹായം നല്‍കില്ല, ബാങ്കുകളുടെ സഹായത്തെ കുറിച്ച് അറിയില്ല’^ എന്നായി മന്ത്രി അജിത്സിങ്. ഇത് തൊണ്ടതൊടാതെ വിഴുങ്ങേണ്ട ബാധ്യതയിലായത് നമ്മള്‍.

1457 കോടി രൂപയുടെ കടമാണ് നിലവില്‍ കിങ്ഫിഷര്‍ സ്റ്റേറ്റ് ബാങ്കിന് കൊടുക്കാനുള്ളത്. കിങ്ഫിഷര്‍ കമ്പനിയില്‍ 182 കോടിയുടെ ഓഹരിയും സ്റ്റേറ്റ് ബാങ്കിനുണ്ട്. ഇത്രയുമുള്ളപ്പോഴാണ് വീണ്ടും 1650 കോടിയുടെ പാക്കേജ്. പോരാത്തതിന് മറ്റ് പൊതുമേഖല ബാങ്കുകളും. അടുത്ത സഹായവും ഉടന്‍ വന്നു. നികുതി കുടിശ്ശിക ഒരുമിച്ച് അടയക്കണ്ട. പതുക്കെ പതുക്കെ തവണകളായി നല്‍കിയാല്‍ മതി. അക്കൌണ്ടുകളുടെ മരവിപ്പിക്കല്‍ പിന്‍വലിച്ചു. റൂട്ടുകള്‍ റദ്ദു ചെയ്തതിന്, കേന്ദ്ര നിയമം ലംഘിച്ചതിന്, യാത്രക്കാരോടുള്ള ബാധ്യതകള്‍ ലംഘിച്ചതിന്, നികുതി നിയമങ്ങള്‍ തെറ്റിച്ചതിന് എല്ലാത്തിനും കൂടിയുള്ള സമ്മാനം. സര്‍ക്കാരിന് നേരിട്ട് പാക്കേജ് നല്‍കാന്‍ പറ്റാത്തതിലുള്ള കുറ്റബോധം കൂടി ഈ പാക്കേജുകളുടെ പുറത്ത് എഴുതി ഒപ്പിട്ട് നല്‍കിക്കാണണം കേന്ദ്രം.

 

 

പാവപ്പെട്ടൊരു കോടീശ്വരന്റെ
ലളിതജീവിതം

കിങ്ഫിഷര്‍ ഉള്‍പ്പെടുന്ന യു.ബി.ഗ്രൂപ്പിന്റെ മൊത്തം കടം 13,947.73 കോടി രൂപയാണ്. പക്ഷേ, മേധാവി വിജയ് മല്യയുടെ സ്വത്ത് 22,850 കോടിയും. ബാങ്കുകളില്‍ നിന്ന് കോടാനുകോടി രൂപ വായ്പകള്‍ വാങ്ങി സ്ഥാപനങ്ങളെ ‘താങ്ങി’ നിര്‍ത്തുന്നതിനിടയില്‍ നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക് കൂപ്പുകുത്തിയ വിജയ്മല്യ വാങ്ങി കൂട്ടിയ ചിലവയെ കുറിച്ച് നമുക്കറിയാം.

അതിലൊന്ന്, ടിപ്പു സുല്‍ത്താന്റെ വാളാണ്. ഇന്ത്യന്‍ അഭിമാനം പുനസ്ഥാപിക്കാന്‍ അദ്ദേഹം മുടക്കിയ കോടികളെത്ര എന്ന് ആര്‍ക്കും നിശ്ചയമില്ല. ലേലത്തുകയെ കുറിച്ച് അഭ്യൂഹങ്ങളേയുള്ളൂ, ഉറപ്പുകളില്ല.
2. റിച്ചാര്‍ഡ് ബര്‍ട്ടന്റെ ആഡംബര പായ്ക്കപ്പല്‍. വിമാനങ്ങളും കാറുകളും മടുത്ത അദ്ദേഹം വാങ്ങിയ ഇന്‍ഡ്യന്‍ എംപ്രെസ് എന്ന് പേരിട്ട പായക്കപ്പലിന്റെ വില 450 കോടിയാണ്.
3.വി.റ്റി.വി.ജെ.എം കോര്‍പറേറ്റിന്റെ പേരിലുള്ള സ്വകാര്യ ജെറ്റ് വിമാനം
4. വിന്റേജ് കാറുകളോടുള്ള ഭ്രമം മൂത്ത് വാങ്ങി കൂട്ടിയ 16 വിന്റേജ് കാറുകള്‍.
5. പന്തയക്കുതിരകള്‍, ഒന്നും രണ്ടുമല്ല 200 എണ്ണം.
6. ലോകമെമ്പാടുമായി 26 ഇടങ്ങളില്‍ പ്രോപെര്‍ട്ടികള്‍
7. മത്സരകാറോട്ടത്തോടുള്ള ഭ്രമം മൂത്ത് 610 കോടി മുടക്കി വാങ്ങിയ ഫോര്‍മുല വണ്‍ ടീം ഫോഴ്സ് ഇന്ത്യ.
8.ഐ.പി.എല്‍ ബാംഗ്ലൂര്‍ ടീം റോയല്‍ ചലഞ്ചേഴസ്. ലേലത്തുക 464 കോടി.
8.ബാഗ്ലൂരില്‍ ആദ്യം പണിതുയര്‍ത്തിയ ആഢംബര മാള്‍ 16 ലക്ഷം ചതുരശ്ര അടിയാണ് വിസ്തിര്‍ണ്ണം.
ശബരിമല ക്ഷേത്രത്തിന്റെ ശ്രീകോവില്‍ മേല്‍ക്കൂരയക്ക് സ്വര്‍ണ്ണം പൂശിയതും തിരുപ്പതി ക്ഷേത്രത്തിന് സ്വര്‍ണ്ണം പൂശാന്‍ ആറുകോടി നല്‍കിയതുമെല്ലാം ഇടത് കൈ പോലും അറിയാത്ത ചെറിയ ചെറിയ സഹായങ്ങള്‍.

രാജ്യവും ജനങ്ങളും വികസിച്ചു കൊണ്ടേയിരിക്കുകയാണ്. പാവം കിങ്ഫിഷര്‍ വിമാനക്കമ്പനി മാത്രം തളര്‍ന്നു കൊണ്ടേയിരിക്കുന്നു. എല്ലാ കഥകളും നമുക്ക് തൊണ്ട തൊടാതെ വിഴുങ്ങാം. മലയാള സിനിമയും വിമാനക്കമ്പനികളും നഷ്ടത്തിലാണ്. മൂക്ക് കുത്തി വെള്ളത്തിലേയ്ക്ക് കുതിക്കുന്ന പൊന്‍മാന്‍ ആത്മഹത്യ ചെയ്യുകയാണെന്നാണ് സദാനന്ദനും വിചാരിച്ചത്. പിടക്കുന്ന മീനുമായി പറക്കുന്നത് കണ്ട് ‘എന്തൊരു സ്പീഡ്’ എന്ന് അമ്പരന്ന് നില്‍ക്കുന്നുമുണ്ട്. മേല്‍ത്തെറിക്കുന്ന അശ്ലീല ചെളി ജനാധിപത്യത്തിന്റെ അനിവാര്യമായ ആഭരണമായി എല്ലാവരെയും പോലെ സദാനന്ദനും കണക്കാക്കുന്നു,

(വിജയ്മല്യയുടെ സ്വത്തുക്കള്‍ സംബന്ധിച്ച കണക്കിന്, മെയില്‍ റ്റുഡേ ഓണ്‍ലൈന്‍ എഡിഷന് കടപ്പാട്)

4 thoughts on “കിങ്‌ഫിഷര്‍ ഗാഥയിലെ കുചേല മല്യ വൃത്തം

  1. കടക്കെണിയില്‍ ആത്മഹത്യ ചെയ്ത പാവം കര്‍ഷകര്‍ക്ക് പ്രണാമം..

  2. കോര്പരെറ്റ് കുത്തക മുതലാളിമാര്‍ ആണല്ലോ സര്‍ക്കാരിനെ തന്നെ താങ്ങി നിര്‍ത്തുന്നത്. അതുകൊണ്ട് അവര്‍ക്കൊക്കെ മുതലാളിമാരെ സഹായിച്ചേ പറ്റൂ. സങ്കടം പറയുന്ന മുതലാളിക്ക് ചെവി കൊടുക്കാതിരിക്കാന്‍ പറ്റില്ലല്ലോ. കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികള്‍ക്ക് പിന്നാലെ പായുമ്പോള്‍ സംസ്ഥാനത്ത് ട്രാന്‍സ്പോര്‍ട് കമ്പനികളും അങ്ങിനെ തന്നെ. എന്നും നഷ്ടത്തിന്റെ കണക്കു മാത്രം വിളമ്പുന്ന ബസ് മുതലാളിമാര്‍ വര്‍ഷാ വര്ഷം പുതു പുത്തന്‍ മോഡല്‍ ബസ്സുകള്‍ നിറത്തില്‍ ഇറക്കുന്നു. ഇപ്പോള്‍ എ.സി.ബസുകളും എത്തി തുടങ്ങി. എന്നിട്ടും അവര്‍ക്ക് നഷ്ടം! അതില്‍ അലിവ് തോന്നുന്ന സര്‍ക്കാര്‍ അവരെ സഹായിക്കണമല്ലോ. അത് തന്നെ നടക്കുന്നു.
    പാവപ്പെട്ടവെന്റെ ലോണ്‍ തിരിച്ചടചില്ലെങ്കില്‍ ജപ്തി. അത് മുതലാളിയുടെതാവുംപോള്‍ തിരിച്ചടക്കേണ്ടതില്ല, പണം ഇങ്ങോട്ട് കിട്ടും. അതാണ്‌ നമ്മുടെ ഭാരതം.

  3. Well written article…hats off..!!xatly the same things happens….It is the high time to think twice…Is this world is only for such monopolistic corporates…

Leave a Reply

Your email address will not be published. Required fields are marked *