വിട, കശ്മീരമേ

സഹീറിനോട് വെറുതെ ചോദിച്ചു, കശ്മീരിന് മമത പാകിസ്ഥാനോടോ ഇന്ത്യയോടോ?’
‘എന്ത് മമത! ഞങ്ങള്‍ക്ക് ആരോടും മമതയില്ല. ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.’-ഫിലോസഫിയുടെ ആഴങ്ങള്‍ കണ്ട ഒരാളുടെ സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.
‘തീവ്രവാദത്തിന്റെ, മതത്തിന്റെ ഒക്കെ പേരില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സ്വൈര്യ ജീവിതമാണ്. കശ്മീരിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം കുറവാണ്. ദാരിദ്യ്രം കൂടുതലും. പലരുടെയും രാഷ്ട്രീയ താല്പര്യങ്ങളാണ് എല്ലാത്തിനും കാരണം. ഇവിടെ എത്തുന്ന ഓരോ ടൂറിസ്റിന്റെയും കണ്ണിലെ ഭയം ഞങ്ങള്‍ ദിവസേന കാണുന്നതാണ്. ഇന്ത്യാക്കാരിയായിരുന്നിട്ടു കൂടി നിങ്ങളുടെ കണ്ണിലുമുണ്ട് ഭയം. ‘-അയാള്‍ തുടര്‍ന്നു.
മറുപടിയുണ്ടായിരുന്നില്ല, ഒന്നിനും.അയാളുടെ സംസാരം ദാര്‍ശനികമല്ല. ജീവിതമാണ് അതില്‍ നിറയെ. ജീവിതത്തിന്റെ കാഠിന്യമാണ് അയളുടെ സംസാരത്തിലെ ആഴം. അതു തന്നെയാണ് അയാളുടെ ദര്‍ശനവും. ജീവിതം! ഓരോ കരകളിലും അതിനെന്തെന്ത് മാറ്റങ്ങള്‍-ജസ് ലിന്‍ ജെയ്സന്‍ എഴുതുന്ന കശ്മീര്‍ യാത്രകുറിപ്പ് അവസാന ഭാഗം.ചിത്രങ്ങള്‍: ജസ് ലിന്‍

 

 

ഞെട്ടിക്കുന്നൊരു വാര്‍ത്തയുടെ ആഘാതത്തിലാണ് ഞാന്‍. നെഞ്ചില്‍ ഭീതിയുടെ കനം. കണ്ണുകളില്‍, മരണത്തിന്റെ മഞ്ഞുപടലങ്ങള്‍ കടന്നു പോയതിന്റെ ആശ്വാസം. കശ്മീര്‍ യാത്രയുടെ അവസാന ഭാഗത്തിന് മരണത്തിന്റെയും രക്ഷപ്പെടലിന്റെയും മരവിപ്പിക്കുന്ന തുടക്കം.

ഇപ്പോള്‍ കണ്ടതേയുള്ളൂ ഞാനാ വാര്‍ത്ത. ഇതെഴുതാനിരിക്കുന്നതിന്റെ കുറച്ചു മുമ്പ്. വാര്‍ത്തയില്‍ കശ്മീരാണ്. സോനാമാര്‍ഗാണ്. അവിടെ മഞ്ഞിടിച്ചിലില്‍ കുടുങ്ങിപ്പോയ ഒമ്പതു പേരെ ഹെലികോപ്റ്ററുകളില്‍ സൈന്യം രക്ഷപ്പെടുത്തി. അതേ സ്ഥലത്ത് കഴിഞ്ഞ ദിവസം 17 സൈനികര്‍ മഞ്ഞിടിച്ചിലില്‍ കൊല്ലപ്പെട്ട വാര്‍ത്ത അതിനൊപ്പം. കനത്ത മഞ്ഞിടിച്ചിലിലും ശൈത്യത്തിലും പ്രദേശമാകെ ഒറ്റപ്പെട്ടുപോയെന്നും സോനാമാര്‍ഗിലേക്കുള്ള വഴികളില്‍ പലരും കുടുങ്ങിക്കിടപ്പുണ്ടെന്ന് സംശയിക്കുന്നതായും രക്ഷാപ്രവര്‍ത്തനം അസാധ്യമായ അവസ്ഥയാണെന്നും വാര്‍ത്ത പറയുന്നു.
ദൈവമേ,സോനാമാര്‍ഗ്!

ജസ് ലിന്‍ ജെയ്സന്‍

കശ്മീര്‍ യാത്രക്കുറിപ്പിന്റെ കഴിഞ്ഞ ഭാഗം മുഴുവന്‍ സോനാ മാര്‍ഗായിരുന്നു. ഏറെ ആശിച്ചിട്ടും അതിനടുത്തുചെന്ന് മടങ്ങിവരേണ്ടി വന്നതിന്റെ നിശãബ്ദ വിലാപം. മലയിറങ്ങേണ്ടി വന്നതിന്റെ വേദനാഭരിതമായ പറച്ചിലുകള്‍. സ്വര്‍ണഛായയുള്ള സായാഹ്നങ്ങള്‍ മഞ്ഞിന്‍വെളുപ്പിനാല്‍ മൂടിയ ആ വഴികളിലൂടെ ഞാന്‍ തിരിച്ചു നടന്നിട്ട് കഷ്ടിച്ച് ഇത്തിരി നാളുകളേ ആവുന്നുള്ളൂ. ആ വഴികളില്‍ നിറയെ ഇപ്പോള്‍ മരണമാണ്. തണുത്തു വിറങ്ങലിച്ചുള്ള മരണങ്ങള്‍. ശൈത്യംകൊണ്ട് മുറിവേറ്റാണ് ആ 17 സൈനികര്‍ മരണത്തിലേക്ക് മറിഞ്ഞുവീണത്. മരണത്തിന്റെ തണുവിരലുകളില്‍നിന്നാണ് ആ ഒമ്പതു മനുഷ്യര്‍ കോപ്റ്റര്‍ കൈകളിലുടെ ജീവിതത്തിലേക്ക് പറന്നുകയറിയത്. രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണത്രെ ഇത്ര വലിയ ദുരന്തം.
എന്റെ യാത്ര ഇത്തിരി കൂടി വൈകിയെങ്കില്‍…
ഈ ദുരന്തം ഇത്തിരിനേരത്തായിരുന്നെങ്കില്‍…

ഓര്‍ക്കുന്തോറും അരിച്ചു കയറുന്നു, ഭയം. പിടിച്ചു വലിക്കുന്നു, തണുപ്പു പുതച്ച ആ വഴികളുടെ ഓര്‍മ്മ. യാത്രയോടുള്ള ഭ്രാന്ത് മൂത്ത് അപകടത്തിലേക്ക് നടന്നുപോയ ഒരുത്തിയുടെ വിധി ആയേ ലോകമതിനെ വായിക്കൂ. എന്നാല്‍, എന്നെ സംബന്ധിച്ചിടത്തോളമതു മാത്രമല്ല. ലോകത്തിന്റെ എണ്ണമറ്റ കാഴ്ചകളില്‍നിന്നുള്ള പതനമാണ് ആ മരണം. കാണാതെ ബാക്കിയാവുന്ന അനേകം ദേശങ്ങളിലേക്ക് പാഞ്ഞുചെല്ലാനുള്ള ഉന്‍മാദം കലര്‍ന്ന ആഗ്രഹങ്ങളില്‍നിന്ന് അസമയത്തുള്ള അറ്റു വീഴല്‍. പൊടുന്നനെ കാഴ്ച നഷ്ടപ്പെട്ട ഒരുവളെപ്പോലെ ഞാന്‍ വേച്ചുപോവുന്നു.
ക്ഷമിക്കുക. ഭയംകലര്‍ന്ന എന്റെ വെളിപാടുകള്‍ക്കുള്ള ഇടമല്ല ഇത്. യാത്രാ കുറിപ്പാണ്. ഞാനത് മറന്നു. അതിനാല്‍, മൂന്നാം ദിവസത്തെ കശ്മീരിലേക്ക് ഞാനെന്റെ വാക്കുകളെ തിരിച്ചുവെക്കുന്നു.

 

 

പഹല്‍ഗാമിലെ കുങ്കുമപ്പാടങ്ങള്‍
കാലത്തെ പുറപ്പെട്ടു. പഹല്‍ഗാമാണ് ലക്ഷ്യം. ശ്രീനഗറില്‍നിന്ന് 95 കി.മീറ്റര്‍ അകലെ. അമര്‍നാഥ് യാത്രയുടെ ബേസ് ക്യാമ്പ് അവിടെവിടെയോ ആണെന്ന് കേട്ടിട്ടുണ്ട്. നഗരാതിര്‍ത്തി കടന്നതും വഴിയരികില്‍ ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു ”World’s finest Safron ‘. ലോകത്തെ ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളിലൊന്നാണ് കുങ്കുമപ്പൂ. ഇവിടം മുഴുവന്‍ അതിന്റെ പാടങ്ങളാണ്. ഹിന്ദി സിനിമയിലെ അതിമനോഹര ഗാനങ്ങളില്‍ പലതിന്റെയും പശ്ചാത്തലം കുങ്കുമപ്പാടങ്ങളാണ്. പണ്ടേയുണ്ടായിരുന്നു, കുങ്കുമപ്പാടം കാണണമെന്ന ആഗ്രഹം. ഇപ്പോഴിതാ കുങ്കുമപ്പാടങ്ങള്‍ മുന്നില്‍.
എന്നാല്‍, മുന്നില്‍ കണ്ടത് വെറും ശൂന്യത. വെളുപ്പ്. ‘ശൈത്യകാലത്ത് പാടങ്ങള്‍ മുഴവന്‍ മഞ്ഞിനടിയിലാവും’^എന്റെ സംശയം മനസ്സിലാക്കിയിട്ടെന്ന പോലെ ഷൌക്കത്ത് പറഞ്ഞു.

ഏകദേശം അരമണിക്കൂര്‍ കഴിഞ്ഞു കാണും. ചുറ്റിലും അതേ മഞ്ഞു പാടങ്ങള്‍. വെളുപ്പു തേച്ച ആ മഞ്ഞു പാളികള്‍ക്കടിയില്‍ നിറങ്ങളുടെ ഒരു കടല്‍ ഉറങ്ങിക്കിടക്കുന്നത് ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു.
‘സംഗം എന്ന ഹിന്ദി സിനിമ കണ്ടിട്ടുണ്ടോ?’-പൊടുന്നനെ ഷൌക്കത്തിന്റെ ചോദ്യമുയര്‍ന്നു.
‘ഇല്ല, പക്ഷേ, കേട്ടിട്ടുണ്ട്, ധാരാളം’ -ഞാന്‍ മറുപടി പറഞ്ഞു. ‘സിനിമയിലെ വൈജയന്തിമാല^രാജ്കപൂര്‍ ജോടിയുടെ പാട്ടുകളും കണ്ടിട്ടുണ്ട്’
എന്തിനാണ് ഇപ്പോഴങ്ങനെ ഒരു ചോദ്യം എന്ന് മനസ്സിലായില്ല. അന്തം വിട്ടുനില്‍ക്കുന്നതിനിടെ സ്റ്റിയറിംഗില്‍ നിന്ന് ഒരു കൈയെടുത്ത് യാള്‍ പുറത്തേക്ക് ചൂണ്ടി. ‘ഈ സ്ഥലത്തിനിപ്പോള്‍ സംഗം എന്നാണ് പേര്. ആ സിനിമ ഷൂട്ട് ചെയ്തത് ഇവിടെയാണ്. ‘Yeh mera prem patr padkar’ എന്ന പാട്ടിലുള്ളത് ഈ വഴിയാണ്’

സംഗം കഴിഞ്ഞു. വണ്ടി ഓടിക്കൊണ്ടിരിക്കുന്നു. കിലോമീറ്ററുകള്‍ കഴിഞ്ഞപ്പോള്‍ റോഡിന്റെ ഇരുവശവുമായി എന്തോ തൂക്കിയിട്ടിരിക്കുന്നു. ക്രിക്കറ്റ് ബാറ്റുകള്‍! വഴിയോരത്തായി ബാറ്റു നിര്‍മിക്കുന്ന ഒരിടം കണ്ടപ്പോള്‍ അവിടെ ഇറങ്ങി. കുറെയേറെ മരക്കട്ടകള്‍ അടുക്കി വച്ചിരിക്കുന്നുവെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. അടുത്ത് പോയി നോക്കുമ്പോള്‍ മനസ്സിലാകും കൈപ്പിടികളില്ലാത്ത ബാറ്റുകള്‍ ആണതെന്ന്.
ലോകത്ത് നിര്‍മിക്കപ്പെടുന്ന 80% ക്രിക്കറ്റ് ബാറ്റുകളും നിര്‍മിക്കുന്നത് ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളിലാണ്. 250 മുതല് 25000 രൂപ വരെ വിലയുള്ള ബാറ്റുകള്‍ വഴിയോരത്തുള്ള ഇത്തരം കടകളില്‍ കാണാനാവും.

 

 

‘ആട്ടിടയന്‍മാരുടെ താഴ്വാരം’
സമുദ്ര നിരപ്പില്‍ നിന്ന് 2000 മീറ്റര്‍ ഉയരത്തിലാണ് പഹല്‍ഗാം. റോഡിനിരുവശവുമായി ലോകത്തിന്റെ സര്‍വ മനോഹാരിതയും കോരിയാൈഴിച്ചു തീര്‍ത്ത ദൃശ്യങ്ങള്‍. ഒരു വശത്ത് ‘ നദിയും മറുവശത്ത് പൈന്‍ മരങ്ങളും. പഹല്‍ഗാമിന്റെ പ്രധാന ടൂറിസ്റ് ആകര്‍ഷണങ്ങള്‍ മീന്‍പിടിത്തവും ‘റിവര്‍ റാഫ്റ്റിങുമാണ്. വന്ന നേരം ശരിയല്ല. അതിനാല്‍ ഇവ രണ്ടും നടക്കില്ല. ഉഷ്ണകാലമാണ് പഹല്‍ഗാം യാത്രക്ക് പറ്റിയ സമയം.

ആറു, ശേഷ്നാഗ് നദികളുടെ സംഗമസ്ഥാനമായ പഹല്‍ഗാം ആട്ടിടയന്മാരുടെ താഴ്വാരം എന്നാണ് അറിയപ്പെടുന്നത്; മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥയുമായിരിക്കണം ആ പേരിനുകാരണം. ചെറിയൊരു പട്ടണമാണിത്. 10^ 15 കടകളും മൂന്നാല് ഹോട്ടലുകളും. ഇത്തവണയും ഭാഗ്യം പരീക്ഷിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. JKTDCയുടെ ഹട്ട് ബുക്ക് ചെയ്തിട്ടുണ്ട്. ബുക്കിംഗ് ഫോമില്‍ കണ്ട നമ്പറില്‍ വിളിച്ചപ്പോള്‍ ടൂറിസം ഡിപ്പാര്‍ട്മെന്റിന്റെ പഹല്‍ഗാം ടൌണിലുള്ള ഓഫീസിലെത്താനായിരുന്നു നിര്‍ദേശം. അവിടെയെത്തി, റൂം കീ വാങ്ങി.

ഇത്തിരി നടക്കണം ഹട്ടുകളിലെത്താന്‍. വലിയൊരു കയറ്റം കയറി ചെന്നപ്പോള്‍ ഒരു മൊബൈല്‍ ടവര്‍. മുന്നോട്ടു പോകുമ്പോള്‍ റോഡരികെ പച്ച നിറമുള്ള കുടിലുകള്‍. വൈദ്യുതി ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒട്ടൊന്നുമല്ല ആശ്വാസമായത്. ഇന്നെങ്കിലും തണുപ്പിനോട് പോരടിക്കാതെ ഉറങ്ങാമല്ലോ. കൊടും തണുപ്പില്‍ ഭൂഗര്ഭ പൈപ്പ് ലൈനുകളെല്ലാം ബ്ലോക്കായതിനാല്‍ വെള്ളം കിട്ടാക്കനി തന്നെ. ഹട്ടിനു മുന്നിലെത്തിയപ്പോഴാണ് ശരിക്കു ഞെട്ടിയത്. തൊട്ടുമുന്നില്‍ ഏകദേശം രണ്ടുമൂന്നടി ഉയരത്തില്‍ മഞ്ഞു മൂടിക്കിടക്കുന്നു. ഉള്ളിലേക്കുള്ള വഴി പോലും കാണുന്നില്ല. ഒരുതരത്തില്‍ അവിടെയത്തി. ലഗേജ് മുറിയില്‍വെച്ച് ഒന്ന് നടക്കാനിറങ്ങി.

ഏകദേശം 5 മണിയായിട്ടുണ്ടാവും. പാത ഏറക്കുറെ വിജനം. കടകളില്‍ ഭൂരിഭാഗവും അടഞ്ഞു കിടക്കുന്നു (നമ്മുടെ നാട്ടിലെ ഹര്‍ത്താല്‍ ദിനമോര്‍മ്മ വന്നു). മുന്നോട്ടു നടന്നപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു -പോണി സ്റാന്റ്. കുതിരപ്പുറത്ത് അമര്‍നാഥ് യാത്ര നടത്താനുള്ള റേറ്റും അവിടെ ബോര്‍ഡില്‍ എഴുതിയിട്ടുണ്ടായിരുന്നു ചന്ദന്‍വാരിയില്‍ നിന്നും ഹോളികേവ് വരെ പോകാനും തിരികെ വരാനുമായി 3000 രൂപ. അല്പം കൂടി മുന്നോട്ടു നടന്നാല്‍ പഹല്‍ഗാം പോലീസ് സ്റ്റേഷന്‍. അതിനടുത്തായി വിശുദ്ധ ഗുഹയിലേക്കുള്ള യാത്രാ മാപ്പ്.

ഇരുട്ടു വീണു തുടങ്ങിയിരിക്കുന്നു. മഞ്ഞു മൂടിയ മലനിരകളുടെ അങ്ങേത്തലക്കലായി കുടികൊള്ളുന്ന ഇഷ്ടദേവന് പ്രണാമമര്‍പ്പിച്ച് ഞാന്‍ റൂമിലേക്ക് മടങ്ങി. രാത്രിഭക്ഷണം ഹട്ടില്‍ തന്നെയായിരുന്നു. കാശ്മീരി ചിക്കന്‍ കറിയും, റൊട്ടിയും.മസാലകളുടെ പ്രത്യേകതയാവണം, അപാര രുചിയും മണവുമായിരുന്നു ഭക്ഷണത്തിന്. ഭക്ഷണപ്രിയരെ കാശ്മീര്‍ നിരാശരാക്കില്ല, ഉറപ്പ്.

 

 

പനിനീര്‍പ്പൂ വീഥി
സുഖമായി ഉറങ്ങി ഉണര്‍ന്നതിന്റെ ഊര്‍ജമുണ്ടായിരുന്നു പിറ്റേന്ന് ഉണരുമ്പോള്‍. ഗുല്‍മാര്‍ഗിലേക്കാണ് അന്നത്തെ യാത്ര. ദുരിതം വീണ്ടും മഞ്ഞിന്റെ രൂപത്തില്‍ എത്തിപ്പെട്ടു. തലേ രാത്രിയിലെ ശക്തമായ മഞ്ഞു വീഴ്ചയില്‍ കാറിന്റെ ടയര്‍ പൂര്‍ണ്ണമായും മഞ്ഞില്‍ പുതഞ്ഞു പോയിരിക്കുന്നു. ഒരു മണിക്കൂറോളം പണിപ്പെട്ടാണ് കാര്‍ പുറത്തെടുക്കാനായത്. പഹല്‍ഗാമില്‍ നിന്ന് ശ്രിനഗര്‍ വഴിയാണ് ഗുല്‍മാര്‍ഗിലേക്കുള്ള യാത്ര. ഉച്ചയാകും മുമ്പെങ്കിലും ശ്രിനഗറില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്ക് പുറപ്പെട്ടാലേ മഞ്ഞു വീഴ്ചക്ക് മുമ്പ് അവിടെ എത്താനാവൂ.

‘പനിനീര്‍പ്പൂക്കളുടെ വീഥി’ എന്നാണ് ഗുല്‍മാര്‍ഗ് എന്ന വാക്കിന്റെ അര്‍ത്ഥം. ശ്രീനഗറില്‍നിന്ന് 52 കി.മീ ദൂരത്തിലാണ് ഗുല്‍മാര്‍ഗ്. എല്ലാ സീസണിലും ഇവിടെ തിരക്കാണ്. ശ്രീനഗറിനോടുള്ള അടുപ്പം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കേബിള്‍ കാര്‍ യാത്ര എന്നിവയാണ് പ്രധാന ആകര്‍ഷണങ്ങള്‍. ‘Heartland of winter sports in India എന്ന സി.എന്‍.എന്‍ വിശേഷണം ഗുല്‍മാര്‍ഗിനു നന്നായി യോജിക്കും.

ശ്രീനഗറില്‍ നിന്ന് താങ്മാര്‍ഗ് വരെ വിശാലമായ ഹൈവേ ആണ്. ഗുല്‍മാര്‍ഗിന്റെ ബേസ് സ്റ്റേഷന്‍ ആണെന്ന് പറയാവുന്ന താങ്മാര്‍ഗ് വരെയാണ് മഞ്ഞുകാലത്ത് സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശനം. അവിടെ നിന്ന് ടയറില്‍ ഇരിമ്പു ചങ്ങല വരിഞ്ഞു മുറുക്കിയ വാനുകള്‍, അല്ലെങ്കില്‍ എസ്.യു.വി വാഹനങ്ങള്‍ ഉപയോഗിക്കണം. മഞ്ഞു പുതഞ്ഞ വഴികളിലെ ആയാസകരമായ യാത്രയില്‍ ഗ്രിപ്പ് ലഭിക്കാനാണ് ചങ്ങലയിട്ട ടയറുകള്‍. കാര്‍ ഇവിടെ നിര്‍ത്തണം. ഇനിയങ്ങോട്ട് ടാക്സി കാറാണ്.

ഗുല്‍മാര്‍ഗിലേക്ക്
തങ്മാര്‍ഗിലെത്തി കാര്‍ നിര്‍ത്തിയതും ടൂറിസ്റ് ഗൈഡുകളും ടാക്സിക്കാരും ചുറ്റും കൂടി. തങ്മാര്‍ഗില്‍ നിന്ന് ഗുല്‍മാര്‍ഗിലേക്കുള്ള 12 കി.മീ ദൂരം പോയി മടങ്ങി വരാന്‍ 1000 രൂപയാണ് ടാക്സി നിരക്ക്. പിറ്റേന്നാണ് മടക്കമെന്നറിഞ്ഞതോടെ ഗൈഡുകള്‍ വിടാതെ പിടികൂടി. അവസാനം 500 രൂപ പറഞ്ഞുറപ്പിച്ച് ഗൈഡുകളിലൊരാള്‍ എന്റെ കൂടെ ടാക്സിയില്‍ കയറി. ‘സഹീര്‍’^ഇത്തിരി ചെന്നപ്പോള്‍ അയാള്‍ പരിചയപ്പെടുത്തി.

വളഞ്ഞു പുളഞ്ഞ വഴികളിലാകെ മഞ്ഞു മാത്രമാണ്. കുറഞ്ഞ വേഗതയിലാണ് യാത്ര. എന്നിട്ടും വഴിയില്‍ പലപ്പോഴും വണ്ടിയുടെ നിയന്ത്രണം തെറ്റുന്നുണ്ടായിരുന്നു. കഴിഞ്ഞ രാത്രിയിലെ JKTDC ഹട്ടിലെ താമസം മനോഹരമായിരുന്നു. അതിനാല്‍, ഇന്നും ടൂറിസം വകുപ്പിന്റെ ഹട്ടാവാം എന്ന് എന്ന് തീരുമാനിച്ചു. സഹീറിനോട് അഭിപ്രായം ചോദിച്ചപ്പോള്‍ പ്രതികരണം തൃപ്തികരമായിരുന്നില്ല. എങ്കിലും പോയി നോക്കാന്‍ തന്നെ തീരുമാനിച്ചു. JKTDC ഓഫീസില്‍ എത്തി വിശദമായി അന്വേഷണം നടത്തി. ഹട്ടുകളുണ്ട്. 3000 രൂപയാണ് നിരക്ക്, കൂടാതെ നെരിപ്പോടില്‍ ഉപയോഗിക്കാനുള്ള വിറകിനു 300 രൂപയും.

സമയമന്നേരം 3 .15.ഗുല്‍മാര്‍ഗിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ ഗണ്ടോല കാണണം. പുറപ്പെടുമ്പോഴേ സഹീര്‍ പറഞ്ഞു, 3 .30 വരെ മാത്രമേ ടിക്കറ്റ് ലഭിക്കൂ. ഭാഗ്യപരീക്ഷണമെന്ന നിലക്ക് പോയി നോക്കാം, അത്ര തന്നെ. ധൃതിപ്പെട്ട് ഗണ്ടോല സ്റ്റേഷനിലെത്തിയെങ്കിലും നിരാശയായിരുന്നു ഫലം. അതികഠിനമായ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് കേബിള്‍ കാര്‍ യാത്ര മൂന്നു മണിക്ക് മുമ്പേ അവസാനിപ്പിച്ചിരുന്നു. പിറ്റേന്ന് 11 മണിക്ക് ശേഷമേ കേബിള്‍ കാര്‍ യാത്രകള്‍ പുനരാരംഭിക്കൂ. പക്ഷെ അപ്പോഴേക്കും ഞാന്‍ മടക്കയാത്ര ആരംഭിച്ചിട്ടുണ്ടാവും.

13500 അടിവരെ ഉയരത്തിലെത്തുന്ന ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതുമായ കേബിള്‍ കാര്‍ സര്‍വീസാണ് ഇവിടത്തേത്. രണ്ടു ഘട്ടങ്ങളിലായാണ് യാത്ര. 15 മിനിറ്റു നീളുന്ന ആദ്യ ഘട്ട യാത്ര 10,000 അടിവരെയെത്തി കോങ്ദൂരി സ്റ്റേഷനിലെത്തുന്നു. പ്രകൃതിജന്യമായ ഏഴ് ജലധാരകളുള്ള താഴ്വരയില്‍ നിന്ന് ഖിലന്‍ മാര്‍ഗിലേക്ക് കുതിരസവാരി നടത്താം. സ്കീയിംഗ് സൌകര്യവുമുണ്ട്. ഏകദേശം 30 മിനിറ്റു നീളുന്ന രണ്ടാം ഘട്ട യാത്ര 13500 അടി മുകളിലുള്ള ആല്‍പെന്തറിലേക്കാണ് (Alpanther). കഠിന ശൈത്യം അനുഭവപ്പെടുന്ന ഈ മേഖലയിലെത്തിയാല്‍ കശ്മീരിന്റെ മനോഹര ചിത്രം കാണാം. അല്‍പ ദൂരം നടന്നാല്‍ വര്‍ഷം മുഴുവനും മഞ്ഞാല്‍ മൂടപ്പെട്ട ആല്‍പന്തെര്‍ തടാകവും അപൂര്‍വമായ പുഷ്പങ്ങളും കാണാം.

എന്നാല്‍, ഇതൊന്നും എനിക്കുള്ളതല്ല. മഞ്ഞുകാലം ഇതിനു പറ്റിയതല്ല. സഹീര്‍ വിശദമായി ഇക്കാര്യം പറഞ്ഞുതന്നതോടെ നഷ്ടബോധം ഇരട്ടിച്ചു. ജീവിതത്തിലെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തം കൂടി എനിക്ക് നഷ്ടമാവുന്നു.

 

 

തെന്നി വീഴാതെ, മഞ്ഞില്‍
തങ്മാര്‍ഗില്‍ നിന്ന് 400 രൂപക്ക് ഒരു ജോഡി ബൂട്ട് വാടകയ്ക്ക് വാങ്ങാനുള്ള തീരുമാനം തെറ്റായിരുന്നില്ല. മഞ്ഞില്‍ തെന്നി വീഴാതെ നടക്കണമെങ്കില്‍ ബൂട്ട് അനിവാര്യം. വീശിയടിക്കുന്ന ശീതക്കാറ്റും കനത്ത മൂടല്‍മഞ്ഞും. കുതിരസവാരിക്കും സ്കീയിങ്ങിനും പറ്റിയതേയല്ല ഇന്നത്തെ കാലാവസ്ഥ. ഹട്ടിലേക്ക് മടങ്ങുന്നതാവും നല്ലത് എന്ന ഗൈഡിന്റെ ഉപദേശം അനുസരിച്ചു.

പൂര്‍ണ്ണമായും തടിയില്‍ തീര്‍ത്ത മനോഹരമായ ഹട്ടിലാണ് ഇന്നത്തെ താമസം. ഒരു ചെറിയ വരാന്ത, നെരിപ്പോടുള്ള സ്വീകരണ മുറി, വിശാലമായ ഒരു കിടപ്പുമുറി, കുളിമുറി പിന്നെ അടുക്കളയും. എല്ലാ സൌകര്യങ്ങളും ലഭ്യം. സ്വീകരണമുറിയില്‍ ടി.വി, സോഫ സെറ്റ്, ഊണ്‍മേശ^ കസേരകള്‍ , കിടപ്പുമുറിയില്‍ കിംഗ് സൈസ് ബെഡ്, അടുക്കളയില്‍ പാചകം ചെയ്യാനുള്ള പാത്രങ്ങള്‍, ഗ്യാസ് സ്റ്റൌ. കറന്റ് പോയാല്‍ ജനറേറ്റര്‍. നീണ്ട അവധിക്കാലം ചിലവിടാന്‍ പറ്റിയ ഇടമാണെന്ന് അര്‍ത്ഥം. തലേന്നാള്‍ രാത്രി താപനില മൈനസ് 18 ആയിരുന്നെന്ന് നെരിപ്പോടില്‍ തീകൂട്ടി തരുന്നതിനിടെ സൂക്ഷിപ്പുകാരന്‍ പറഞ്ഞു. കേട്ട പാടേ ധമനികളില്‍ രക്തം ഉറഞ്ഞു. എന്നാല്‍ മറ്റു ഹോട്ടലുകളില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടെ കാര്യങ്ങള്‍. തണുപ്പിനെ ചെറുക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും തയാര്‍. ശൈത്യ രാത്രികളില്‍ താപനില മൈനസ് 25 വരെ എത്താറുള്ള ഇവിടെ ഇത്തരം മുന്‍കരുതലുകള്‍ കൂടിയേ തീരൂ.

കാശ്മീരിലെ രാത്രികളില്‍ ഏറ്റവും ഇഷ്ടപ്പെട്ടൊരു രാത്രിയായിരുന്നു അത്. താപനില മൈനസ് 20 ആയിരുന്നിട്ടും സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു എന്നത് തന്നെ കാരണം. നന്ദി പറയേണ്ടത് ഗുല്‍മാര്‍ഗ് JKTDC സൂക്ഷിപ്പുകാരനും ഇലക്ട്രിസിറ്റി ബോര്‍ഡിനുമാണ്! ).

സഹീറിന്റെ ഫിലോസഫി
അങ്ങനെ കാശ്മീരിലെ നാലാം ദിനം അവസാനിച്ചു. ഇനി മടക്കയാത്ര. അതിനുമുമ്പ് ശ്രീഗറിലേക്ക് വീണ്ടും. നഗരം ഇത്തിരി കൂടി കാണാന്‍ വകയുണ്ട്.
രാവിലെ 9 മണിക്ക് സഹീറും ഡ്രെവറും എത്തി. മടങ്ങുന്ന വഴിയില്‍ IISM എന്നൊരു ബോര്‍ഡ് കാണാം. Indian Institute of Skiing and Mountaineering . ഇന്ത്യ ഗവര്‍മെന്റിന്റെ അധീനതയിലുള്ള ഈ സ്ഥാപനത്തില്‍ സ്നോ സ്കീയിങ്ങും മൌണ്ടനീറിങും ശാസ്ത്രീയമായി പഠിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ അധികവും ജവാന്‍മാര്‍ തന്നെ. അവിടെ വാഹനം നിര്‍ത്തി ഫോട്ടോ എടുത്തു. ദൂരെ നൂറോളം പട്ടാളക്കാര്‍ പരിശീലനം നടത്തുന്നത് കാണാം.
തിരികെ വണ്ടിയില്‍ കയറി യാത്ര തിരിക്കുമ്പോള്‍ സഹീറിനോട് വെറുതെ ചോദിച്ചു, കശ്മീരിന് മമത പാകിസ്ഥാനോടോ ഇന്ത്യയോടോ? ‘
‘എന്ത് മമത! ഞങ്ങള്‍ക്ക് ആരോടും മമതയില്ല. ജീവിക്കാന്‍ അനുവദിച്ചാല്‍ മാത്രം മതി.’-ഫിലേസഫിയുടെ ആഴങ്ങള്‍ കണ്ട ഒരാളുടെ സ്വരത്തില്‍ അയാള്‍ മറുപടി പറഞ്ഞു.

‘തീവ്രവാദത്തിന്റെ, മതത്തിന്റെ ഒക്കെ പേരില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് സ്വൈര്യ ജീവിതമാണ്. കശ്മീരിലെ സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം കുറവാണ്. ദാരിദ്യ്രം കൂടുതലും. പലരുടെയും രാഷ്ട്രീയ താല്പര്യങ്ങളാണ് എല്ലാത്തിനും കാരണം. ഇവിടെ എത്തുന്ന ഓരോ ടൂറിസ്റിന്റെയും കണ്ണിലെ ഭയം ഞങ്ങള്‍ ദിവസേന കാണുന്നതാണ്. ഇന്ത്യാക്കാരിയായിരുന്നിട്ടു കൂടി നിങ്ങളുടെ കണ്ണിലുമുണ്ട് ഭയം. ‘-അയാള്‍ തുടര്‍ന്നു.

മറുപടിയുണ്ടായിരുന്നില്ല, ഒന്നിനും.അയാളുടെ സംസാരം ദാര്‍ശനികമല്ല. ജീവിതമാണ് അതില്‍ നിറയെ. ജീവിതത്തിന്റെ കാഠിന്യമാണ് അയളുടെ സംസാരത്തിലെ ആഴം. അതു തന്നെയാണ് അയാളുടെ ദര്‍ശനവും. ജീവിതം! ഓരോ കരകളിലും അതിനെന്തെന്ത് മാറ്റങ്ങള്‍!

 

 

വീണ്ടും ശ്രീനഗറില്‍
തങ്മാര്‍ഗില്‍ ഷൌക്കത്ത് കാറുമായി കാത്തുകിടപ്പുണ്ട്. അവിടെയത്തി മടക്കയാത്ര ആരംഭിക്കുമ്പോള്‍ യാത്രപറയാന്‍ സഹീര്‍ അടുത്തെത്തി. ‘നാട്ടിലെത്തിയാല്‍ എല്ലാവരോടും കാശ്മീരിനെ പറ്റി പറയണം. ഏത് നഗരവും പോലെ സുരക്ഷിതമാണ് ഇവിടെയെന്ന്. വസന്തകാലത്ത് വീണ്ടും വരണം. അന്നേരമറിയാം കശ്മീരിന്റെ സൌന്ദര്യം’.
ഞാന്‍ തലയാട്ടി.

ചിനാര്‍ മരങ്ങള്‍ മാനം മുട്ടേ വളര്‍ന്ന ഹൈവേയിലൂടെ കാര്‍ അതിവേഗം പാഞ്ഞു. ശ്രീനഗറില്‍ കുറച്ചു നേരം കൂടിയുണ്ട്. കുറച്ചു കാഴ്ചകള്‍ കൂടിയാവാം. 12 മണിക്ക് അവിടെയത്തി. ആദ്യ യാത്ര ശങ്കരാചാര്യരുടെ ക്ഷേത്രത്തിലേക്ക്. നഗരമധ്യത്തിലെ ഒരു മലമുകളിലാണത്. സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെത്താന്‍ കര്‍ശന പരിശോധനകളുണ്ട്. ഗോപദാരി മല കയറി മുകളിലേക്ക് പോകുന്തോറും മറ്റൊരു ഭൂപ്രദേശത്ത് ചെന്ന് പെട്ട അനുഭവം. ക്ഷേത്ര കവാടത്തിനു മുന്നില്‍ വീണ്ടും പരിശോധന. മൊബൈല്‍ ഫോണ്‍ പോലും അനുവദനീയമല്ല. നൂറോളം കല്‍പടവുകള്‍ കയറി മുകളിലെത്തുമ്പോള്‍ കല്ലില്‍ തീര്‍ത്ത ചെറിയൊരു ക്ഷേത്രം. ശിവനാണ് ഇവിടേയും പ്രതിഷ്ഠ. ക്ഷേത്രത്തിനരികിലായി ശങ്കരാചാര്യര്‍ ധ്യാനനിരതനായിരുന്ന ചെറു ഗുഹ കാണാം.

ഗുഹയിലേക്കുള്ള പ്രവേശന കവാടത്തിന് ഉയരം കുറവാണ് . പുറത്തു വീശുന്ന തണുത്ത കാറ്റും പൊഴിയുന്ന മഞ്ഞും ആ മുറിയെ ബാധിക്കുന്നേയില്ല. ഏതാനും ദൈവങ്ങളുടെ ചിത്രങ്ങള്‍, ഒരു പൂജാ പീഠം. വിശുദ്ധ ഗ്രനഥങ്ങള്‍ മാത്രമുള്ള ഇളം ചൂടും അരണ്ട വെളിച്ചവുമുള്ള ആ മുറിയില്‍ അനന്തമായ നിശ്ശബ്ദയില്‍ ഏറെ നേരം കണ്ണടച്ചിരുന്നു. അവിസ്മരണീയമായ ഒരനുഭവം. അപാരമായ ശാന്തി.

‘ഡാച്ചിഗാം നാഷണല്‍ പാര്‍ക്കിലേക്കാണ് അടുത്ത യാത്ര. സാധാരണ കാലാവസ്ഥയില്‍ ഒട്ടനേകം പക്ഷികള്‍, പൂക്കള്‍, മൃഗങ്ങള്‍ ഒക്കെയുണ്ടാവാറുണ്ട് ഇവിടെ. ഈ തണുപ്പില്‍ കാര്യമായ കാഴ്ചകളില്ല. മഞ്ഞു വീണ വഴികളിലൂടെ നടന്നു കാറിലെത്തുമ്പോള്‍ സമയം നഷ്ടമായതിന്റെ നിരാശ. ഇനിയുമേറെ കാഴ്ചകള്‍ ബാക്കിയാണ്.

ദാല്‍ തടാകത്തിലെ ശിക്കാരകള്‍
പ്രശസ്തമായ മുഗള്‍ ഗാര്‍ഡനുകളെല്ലാം മഞ്ഞിന്റെ പുതപ്പണിഞ്ഞ് മരവിച്ചു കിടപ്പായിരുന്നു. അനേകം സിനിമകളില്‍ ഇടം പിടിച്ച ഷാലിമാര്‍ ഗാര്‍ഡനു മുന്നില്‍ കാര്‍ നിര്‍ത്തുമ്പോള്‍ സമയം 4 .30. പരന്ന പ്രദേശത്ത് മൂന്നു തട്ടുകളായുള്ള ഗാര്‍ഡന്റെ നടുവിലായി ഫൌണ്ടന്‍. ‘പേര്‍ഷ്യന്‍ ഗാര്‍ഡന്‍’. ഗ്രീഷ്മവസന്ത കാലങ്ങളില്‍ ചിനാര്‍ ഇലകളുടെ മഴവില്‍ചാരുതയാണ് ഈ പൂന്തോട്ടത്തിന്. ഇപ്പോള്‍ വെറും മഞ്ഞുകൂടാരം. അതിനാല്‍, പെട്ടെന്ന് ഇറങ്ങി.

യാത്രക്കു മുമ്പേ കൊതിച്ചിരുന്നു, ദാല്‍ തടാകത്തിലെ ശിക്കാര യാത്ര. ആറു മണി വരെയേ ശിക്കാരകള്‍ സവാരിക്കുണ്ടാവൂ. അഞ്ചു മണിക്കെങ്കിലും എത്തണം, ഒരു മണിക്കൂര്‍ കറങ്ങാന്‍. തടാകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശിക്കാര സ്റാന്റുകളുണ്ട്. 300 രൂപയാണ് ഒരു മണിക്കൂര്‍ ശിക്കാര റൌണ്ട് ട്രിപ്പിന്റെ റേറ്റ്. മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ദാല്‍ തടാകത്തിനു 18 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. അനേകം ഉപശാഖകളുള്ള ഈ തടാകത്തില്‍ ഫ്ലോട്ടിങ് ഗാര്‍ഡന്‍, ഫ്ലോട്ടിങ് മാര്‍ക്കറ്റ് എന്നിവയും വീടുകളും കാണാനാവും.

ചുറ്റുമുള്ള മലകളിലെ മഞ്ഞിനെ വാരിപ്പുണര്‍ന്നെത്തുന്ന കാറ്റും തണുത്തുറഞ്ഞ തടാകവും ചേര്‍ന്ന് അസ്ഥി തുളക്കുന്ന അവസ്ഥയായിരുന്നു. എന്റെ സ്ഥിതി കണ്ടിട്ടാവണം ശിക്കാരതുഴക്കാരന്‍ ‘Kangir (എരിയുന്ന കനല്‍ നിറച്ച ചെറിയ കുടം) എന്റെ നേരെ നീട്ടി. ഒപ്പം ഒരു കമ്പിളിപ്പുതപ്പും. കനലെരിയുന്ന കുടവുമേന്തി പുതച്ചു മൂടിയായിരുന്നു എന്റെ ശിക്കാര യാത്ര. എന്നിട്ടും പല്ല് കൂട്ടിയിടിച്ചു. ഉപകനാലുകളിലേക്ക് കടന്നപ്പോള്‍ മുന്നിലതാ ഒഴുകും മാര്‍ക്കറ്റ്! സന്ധ്യ മയങ്ങിയതിനാല്‍ പല കടകളും അടഞ്ഞു കിടന്നിരുന്നു. തുറന്ന കടകളിലെ ജീവനക്കാര്‍ ഷോപ്പിങ്ങിന് ക്ഷണിച്ചു കൊണ്ടിരുന്നു. പലതരം പച്ചക്കറികള്‍ കൃഷി ചെയ്യുന്ന ഒഴുകും ഫാം ആണ് അത്ഭുതപ്പെടുത്തിയത്. ശൈത്യമായതിനാല്‍ കൃഷി ഏറെക്കുറെ നശിച്ചിരുന്നു. എന്നിട്ടും വിസ്മയാവഹമായിരുന്നു അത്.

തടാകത്തില്‍ പലയിടത്തും വെള്ളം ഉറഞ്ഞു മഞ്ഞിന്റെ നേര്‍ത്ത പാളികള്‍ രൂപം കൊണ്ടിരുന്നു, തികഞ്ഞ അഭ്യാസികളെപ്പോലെ അതിനു മുകളിലൂടെ നടക്കുന്ന ആളുകളെ കാണാമായിരുന്നു. തടാകത്തിനു മധ്യത്തിലുമുണ്ട് ചെറിയൊരു ഗാര്‍ഡന്‍. അവിടെ ബെഞ്ചുകളില്‍ ഇരുന്ന് സന്ധ്യയെ വരവേല്‍ക്കുന്ന ഒരു കൂട്ടം ടൂറിസ്റുകളെ കണ്ടു. ശിക്കാരയില്‍ നിന്നിറങ്ങിയിട്ടും ഇത്തിരി നേരം കൂടി തടാകക്കരയിലിരുന്നു.

 

 

മടക്കയാത്ര
കാശ്മീരിലെ അവസാന രാത്രി. ഇന്നത്തെ ഡിന്നര്‍ സ്പെഷ്യല്‍ ആണ് ‘കാശ്മീരി വാസ്വാന്‍’. മട്ടണ്‍ വിവിധ രൂപഭാവങ്ങളാണതില്‍. ഗുഷ്താബ, ടബക്മാസ്, രിസ്ത എന്നിങ്ങനെ ചില കറികളുടെ പേരുകളേ ഓര്‍മ്മയിലുള്ളൂ. 23 തരം കറികള്‍ വാസ്വാന്റെ ഭാഗമാകാറുണ്ട് എന്ന് ചീഫ് കുക്ക് പറഞ്ഞു.

രാവിലെ 11 മണിക്കാണ് ശ്രീനഗറില്‍ നിന്ന് തിരികെ ഡല്‍ഹിക്കുള്ള വിമാനം. കടുത്ത സെക്യൂരിറ്റി പരിശോധന കണക്കാക്കി അല്‍ പം നേരത്തെ ഇറങ്ങുന്നതാവും നല്ലതെന്ന് ഷൌക്കത്ത് പറഞ്ഞിരുന്നു.സിറ്റിയില്‍ നിന്ന് ഏകദേശം 12 കിലോമീറ്റര്‍ ദൂരമുണ്ട് എയര്‍പോര്‍ട്ടിലേക്ക്. എയര്‍പോര്‍ട്ട് റോഡിലേക്ക് കടന്നതും ഏതോ പട്ടാള ക്യാമ്പിലെത്തിയ പ്രതീതി. എയര്‍പോര്‍ട്ടിനു ഒരു കി.മീ മുമ്പ് തന്നെ ആദ്യ സുരക്ഷാപരിശോധനക്കായി വാഹനം നിര്‍ത്തണം. ലഗേജും യാത്രക്കാരനും പരിശോധനക്ക് വിധേയമാകണം. അതിനു ശേഷമേ വാഹനം ഉള്ളിലേക്ക് കടത്തി വിടൂ. എയര്‍പോര്‍ട്ടിന് മുന്നിലായി വാഹനമിറങ്ങി, ഷൌക്കത്തിനോടു യാത്ര പറഞ്ഞു.

ഉള്ളിലേക്കുള്ള കവാടത്തില്‍ ഏറെക്കുറെ എല്ലാവരും പട്ടാളക്കാരായിരുന്നു. പ്രവേശന കവാടത്തില്‍ തന്നെ രണ്ടാമത്തെ സുരക്ഷാ പരിശോധന. അവിടെ നിന്ന് ഗ്രീന്‍ സിഗ്നല്‍ കിട്ടിയാല്‍ ഉള്ളിലെ ടിക്കറ്റ് കൌണ്ടറിലേക്ക് പോകാം. ടിക്കറ്റ് വാങ്ങി അടുത്ത പരിശോധനക്കായി നീങ്ങി. മൂന്നാമത്തെ പരിശോധന പൂര്‍ത്തിയാക്കി. ഇനിയുമുണ്ട് കടമ്പകള്‍! ലാപ്ടോപ്പും മൊബൈല്‍ ഫോണും വീണ്ടും പരിശോധിച്ച് സീല്‍ അടിച്ചു വാങ്ങണം. അത് കഴിഞ്ഞു ബാഗേജ് തിരിച്ചറിയുക എന്നൊരു പടി കൂടെ പൂര്‍ത്തിയാവണം. അപ്പോഴേക്കും ബോര്‍ഡിംഗ് അറിയിപ്പ് വന്നു.

അവിസ്മരണീയമായ ദിവസങ്ങളാണ് കടന്നു പോയത്. വിട, കശ്മീരമേ…ഇനി വീണ്ടും മീറ്റിങ്ങും തിരക്കുകളും നിറഞ്ഞ കോര്‍പ്പറേറ്റ് ജീവിതത്തിലേക്ക്. ഈ യാത്രയുടെ ഊര്‍ജ്ജം തീരുവോളം!

ആദ്യ ഭാഗങ്ങള്‍

സോനാമാര്‍ഗ്: പാതിമുറിഞ്ഞൊരു സ്വപ്നം

കശ്മീരച്ചില്ലയില്‍ ഒരു ഒറ്റപ്പക്ഷി

2 thoughts on “വിട, കശ്മീരമേ

Leave a Reply

Your email address will not be published. Required fields are marked *