എങ്കിലും, എനിക്ക് പ്രതീക്ഷകളുണ്ട്

ഏറ്റവും വലിയ ദുരന്തം, ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇത്തരം സിനിമകളെ കൃത്യമായി ഏറ്റെടുക്കുന്നില്ല എന്നുള്ളതാണ്. ഇവിടെയുണ്ടാകുന്ന പരീക്ഷണങ്ങള്‍, അതായത് മമ്മൂട്ടി -മോഹന്‍ലാല്‍ ഇല്ലാത്ത സിനിമ, കാണാനുള്ള ക്ഷമയോ ശ്രദ്ധയോ താല്‍പര്യമോ സഹതാപമോ ഇല്ല എന്നതാണ് പ്രശ്നം. അകാലവാര്‍ധക്യം ബാധിച്ച മൊണോട്ടണസ് ആയ യുവത്വത്തെയാണ് കാണാന്‍ കഴിയുന്നത്. സമാന്തരതകളെക്കുറിച്ച് അവര്‍ക്ക് ആലോചനയില്ല. ഇവിടുള്ളത് മാത്രമേ യഥാര്‍ഥത്തില്‍ ഉള്ളൂ എന്ന വിചാരമാണ് വലിയ പ്രശ്നം. ഇതിനു പുറത്തൊരു ലോകമില്ല എന്ന മട്ടില്‍-പ്രമുഖ ചലച്ചിത്ര നിരൂപകന്‍ സി.എസ് വെങ്കിടേശ്വരനുമായി സി.ആര്‍ ആശിഷ് സംസാരിക്കുന്നു

 

 

പുതുതലമുറ ചിത്രങ്ങള്‍ മലയാളസിനിമയിലും വരവറിയിക്കുന്നു. ഈ മാറ്റങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

പുതുതലമുറ ചിത്രങ്ങളില്‍ ഞാന്‍ കാണുന്ന പ്രത്യേകത അവ സൂപ്പര്‍ താര ചിത്രങ്ങളുടെ ശൂന്യതയ്ക്ക് പകരം നില്‍ക്കുന്നു എന്നുള്ളതാണ്. ഒരു തരത്തില്‍ ആസ്വാദ്യവും, അതുപോലെ സാമൂഹികമായി താല്‍പര്യമുണര്‍ത്തുന്നതുമാണവ. നിലനില്‍ക്കുന്ന താരവ്യവസ്ഥക്ക് പുറത്ത് നില്‍ക്കുന്ന ചെറിയ സിനിമകള്‍ താര, പുരുഷ, നായക കേന്ദ്രീകൃതമായ കഥ പറയാതിരിക്കുക വഴി മലയാളസിനിമയെ ആഗോളീയമായി സമകാലികമാക്കുന്നുണ്ട്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശ്, സോള്‍ട്ട് ആന്റ് പെപ്പര്‍, ട്രാഫിക് തുടങ്ങിയവ നോക്കൂ. അവയില്‍, നായകനെന്നൊന്നും പറയാനില്ല. അതുപോലെ, അതിലുള്ള കഥാപാത്രങ്ങള്‍ വള്‍നറബിളാണ്. പല തെറ്റുകളും അവര്‍ക്ക് പറ്റുന്നു. പല തരം ബന്ധങ്ങളുടെ കണ്ണികള്‍ അവ പ്രതിഫലിപ്പിക്കാന്‍ ശ്രമിക്കുന്നു.
ട്രാഫിക്കില്‍ അച്ഛനും മകനും തമ്മിലുള്ള പ്രശ്നങ്ങള്‍ (വിനീത്-സായികുമാര്‍), ശ്രീനിവാസന്റെ, അഴിമതിക്കാരനായ പൊലീസുകാരനും മകളും തമ്മിലെ ബന്ധത്തിലെ പ്രശ്നങ്ങള്‍ തുടങ്ങിയവ ഉദാഹരണം. ഒരര്‍ഥത്തില്‍, ഇവ ഹോളിവുഡ് ആഖ്യാനശൈലിയാണ്. എല്ലാവരും ചേര്‍ന്ന് ഒരു പ്രശ്നം വിജയത്തിലെത്തിക്കുക എന്നത് തന്നെ അപൂര്‍വമാണ് മലയാള സിനിമയില്‍. ഗുണപരമല്ലാത്ത ഒരുതരം വിമര്‍ശനമാണ് പൊതുവേ ഉണ്ടാകാറുള്ളത്. അല്ലെങ്കില്‍ നായകന്റെ അതിനായകത്വം. ഇതു രണ്ടുമല്ലാതെ സാധാരണ കഥയാണിത്. അതില്‍ തെറ്റുപറ്റുന്ന ആള്‍ക്കാരുണ്ട്. തെറ്റ് തിരിച്ചറിയുന്ന ആള്‍ക്കാരുണ്ട്. അവരവരുടെ സാധാരണ ജീവിത സാഹചര്യത്തിനകത്ത് അവരാ പ്രശ്നം നേരിടുന്നതിലെ സാഹസികതകളുണ്ട്.

സി.ആര്‍ ആശിഷ്

ചാപ്പാ കുരിശിലായാലും ഇങ്ങനെതന്നെ. അതൊരു ഒരു കൊറിയന്‍ സിനിമയുടെ മോഷണമാണെന്ന പരാതിയൊന്നും എനിക്ക് പ്രശ്നമല്ല. അതില്‍ മാറിക്കൊണ്ട ിരിക്കുന്ന കൊച്ചിയുണ്ട്. റിയല്‍ എസ്റ്റേറ്റ് യുവത്വവും,മൊത്തം മാറ്റങ്ങളില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഒരു യുവാവും, ഇവര്‍ തമ്മിലെ സംഘര്‍ഷങ്ങളും, മൊബൈല്‍ ഫോണ്‍ ടെക്നോളജി ഇവരുടെ ജീവിതത്തില്‍ വരുത്തുന്ന പ്രശ്നങ്ങളുമൊക്കെയായി യഥാര്‍ഥ ജീവിത സാഹചര്യങ്ങള്‍ ഇതിലുണ്ട്.
സോള്‍ട്ട് ആന്റ് പെപ്പര്‍ എടുത്താല്‍, 40നു മുകളില്‍ പ്രായമുള്ള നായികയും നായകനുമാണ്. അവര്‍ തമ്മിലടുക്കുന്നതാകട്ടെ ഭക്ഷണം പോലെ വേറെ തരം സന്തോഷങ്ങളിലൂടെയും. ഈ രീതിയിലൊരു സാധാരണത്വമുണ്ട്. അതാണ് അതിനെ ശ്രദ്ധേയമാക്കുന്നത്.

നിലനില്‍ക്കുന്ന ഒരു ലാവണ്യ വ്യവസ്ഥക്കപ്പുറം പോകുന്ന അകം, ആദിമധ്യാന്തം, ചിത്രസൂത്രം പോലുള്ള രണ്ടാമതൊരു വിഭാഗം സിനിമകളുണ്ട്. ഇവ, നിലനില്‍ക്കുന്ന വ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. അത്തരം സിനിമകളുടെ കാര്യമാണ് വല്യ കഷ്ടം. അവക്ക് നിലനില്‍ക്കാനുള്ള ഇടം പോലുമില്ല. ഇവയെക്കുറിച്ച് ചിന്തിക്കുകയും സംസാരിക്കുകയും എഴുതുകയും ചെയ്യുന്നവരുടെ കൂട്ടായ്മകളോ സംഘടനകളോ കേരളത്തിലില്ല. 70കളില്‍ ഉണ്ടായിരുന്നു. ഫിലിം സൊസൈറ്റികളായാലും ലിറ്റില്‍ മാഗസിനുകളായാലും കാമ്പസ് ഗ്രൂപ്പുകളായാലും , ഇത്തരം സിനിമകളെ പരിപോഷിപ്പിക്കാന്‍ ആളുണ്ടായിരുന്നു.

തിയറ്റര്‍ വേണ്ട,പ്രേക്ഷകരും

ശരിയാണ് ഇത്തരം ഉയിര്‍പ്പുകള്‍ ഉണ്ടാവുമ്പോഴും ഇന്റസ്ട്രിയില്‍ വെന്നിക്കൊടി പറത്തുന്നത് താരകേന്ദ്രീകൃത ചിത്രങ്ങള്‍ തന്നെയാണ്. മാറ്റങ്ങളുടെ വേളയിലും ഇത്തരം സിനിമകള്‍ക്ക് സജീവമായി തന്നെ നിലനില്‍ക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?

പണ്ടുകാലത്ത് മലയാള സിനിമയെ നിലനിര്‍ത്തിയിരുന്നത് തിയറ്റര്‍ വരുമാനത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയാണ്. 2000ല്‍ 1300 തീയറ്ററുകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ 600ല്‍ താഴെയേ ഉള്ളു. തിയറ്റര്‍ കുറഞ്ഞു. അതിനാല്‍, തീയറ്ററില്‍ പ്രദര്‍ശിപ്പിച്ച് മുടക്കുമുതല്‍ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷ ആര്‍ക്കുമില്ല. അതിനുള്ള തിയറ്ററിനു പുറത്തുള്ള വരുമാനമാണ് മുഖ്യം. പ്രേക്ഷകരുടെ പൈസയില്‍നിന്ന് മാറി ടെലിവിഷന്‍ മുഖ്യ വിപണിയാവുകയാണ്. ഓരോ സിനിമയുണ്ടാക്കുമ്പോഴും ആലോചിക്കുന്നത് സാറ്റലൈറ്റ് റൈറ്റ് എത്രകിട്ടുമെന്നാണ്. അതനുസരിച്ചാണ് ബജറ്റ് രൂപപ്പെടുത്തുന്നത്. അപ്പോള്‍, സാറ്റലൈറ്റ് റൈറ്റ് കൂടുതല്‍ കിട്ടുന്നത് ആര്‍ക്കാണെന്ന് നോക്കും. അത് താരങ്ങള്‍ക്കാണ്. അപ്പോള്‍ താരങ്ങളെവെച്ച് പടമെടുക്കേണ്ടിവരും. അല്ലാതെ താരങ്ങളുടെ പ്രഭാവം കൊണ്ടോ പ്രേക്ഷകര്‍ അത്രയ്ക്ക് ആവശ്യപ്പെടുന്നതു കൊണ്ടോ ഒന്നുമല്ല. ഈ രീതിയില്‍, മലയാളസിനിമാ വ്യവസായം നിവൃത്തികേടില്‍ കുടുങ്ങിക്കിടക്കുകയാണ്.

വ്യത്യസ്തത സൃഷ്ടിക്കുന്നത് വിപണിയുടെ വലിപ്പം

തമിഴ് സിനിമയില്‍ എന്നാല്‍, അവസ്ഥ മറ്റൊന്നാണ്. പുതുതലമുറ സിനിമകള്‍ വിപണിയിലും സജീവമാണ്. അത്തരമാരു മാറ്റം ഇവിടെയുണ്ടാവുമോ?

തമിഴ് സിനിമക്കൊക്കെ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വലിയരീതിയില്‍ ഒരു ആഗോള വിപണി രൂപപ്പെട്ടുവന്നിട്ടുണ്ട്. ഇന്ത്യ മുഴുവനും പുറത്തും തമിഴ് സിനിമക്ക് വിപണിയുണ്ട്. ആ വിപണിയാണ് അതിന് ഊര്‍ജം നല്‍കുന്നത്. വലിയ രീതിയിലുള്ള പ്രേക്ഷക സമൂഹമവര്‍ക്കുണ്ട്. ടി.വിയായും ഡി.വി.ഡിയായും തീയറ്ററായും ഒക്കെ.
വിപണിയുടെ വലിപ്പം ആ സിനിമയെ മൊത്തം വിമോചിപ്പിക്കുകയാണ് ചെയ്തത്. അപ്പോള്‍ ഒരുപാട് ആളുകള്‍ക്ക് ഇടം ഉണ്ടാകും. പലതരം താരങ്ങള്‍ക്കും പലതരം കഥകള്‍ക്കും പല മേഖലകളുടെ കഥകള്‍ക്കും അവസരം ലഭിക്കും. ഈ വൈവിധ്യമാണ് അവയ സ്വന്തം വേരുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നത്.
മലയാള സിനിമക്ക് പ്രത്യേക വിപണിയില്ല. അതുകൊണ്ടുതന്നെ പ്രേക്ഷകരുമായി ഒരു ജൈവ ബന്ധവും ആവശ്യമില്ല. ടെലിവിഷന്‍ മീഡിയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ് സിനിമ . കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് സമ്പദ്വ്യവസ്ഥ അനുവദിക്കുന്നുമില്ല. അങ്ങനെയൊരു പരിമിതിയില്‍ നിന്നാണ് ഈ പ്രതിസന്ധി ഉണ്ടാകുന്നത്. മലയാള സിനിമക്ക് ആഗോള വിപണി കണ്ടുപിടിക്കാന്‍ കഴിയാത്തിടത്തോളം ഈ വൈവിധ്യം പ്രതീക്ഷിക്കാനാവില്ല.

മലയാളത്തില്‍ ഏറ്റവും വലിയ സിനിമ നാല് അഞ്ച് കോടി രൂപയുടേതാണ്. തമിഴിലോ ഹിന്ദിയിലോ ഒരു പാട്ട് സീനിന്റെ പൈസയേ ഉള്ളൂ ഇത്. സ്വാഭാവികമായും ചെറിയ സമ്പദ്വ്യവസ്ഥയുള്ള, ചെറിയ വിപണിയുള്ള സിനിമ ചെറിയ കഥകള്‍ പറയും. അല്ലാതെ തമിഴ് ഗംഭീരമായിരിക്കുന്നു എന്നു പറയുന്നതില്‍ അര്‍ഥമില്ല. അത് ആ വ്യവസായത്തിന്റെ വലിപ്പമാണ് കാണിക്കുന്നത്.

പണ്ട് ത്രി-ഡി സിനിമ ആദ്യം വന്നത് മലയാളത്തിലാണ്. ആ സമയം നമ്മുടെ വ്യവസായം വലുതായിരുന്നു. അത്തരം പരീക്ഷണങ്ങളുടെ വലിപ്പത്തിലുള്ള കാര്യങ്ങള്‍ ആലോചിക്കാനും പ്രാപ്തിയുള്ള സമ്പദ്വ്യവസ്ഥയുണ്ടായിരുന്നു. ഇന്ന് മലയാളത്തില്‍ അതില്ല. അതല്ലാതെ പ്രതിഭകളോ കഥകളോ ഇല്ലെന്ന് പറയുന്നത് വിഡ്ഢിത്തമായിരിക്കും. എവിടുന്ന് പൈസ വരും എന്നുള്ളതാണ് പ്രശ്നം.

അതുപോലുള്ള പ്രശ്നമാണ് മലയാളസിനിമയില്‍ നിരന്തരമായ തുടര്‍ച്ചയും താല്‍പര്യവുമുള്ള നിര്‍മാതാക്കളില്ലാത്തത്. 70-80കളില്‍ നിരവധി പ്രൊഡക്ഷന്‍ കമ്പനികളും ബാനറുകളുമുണ്ടായിരുന്നു. അവര്‍ ഒരു വര്‍ഷം മൂന്നോ നാലോ പടം പിടിക്കും. ചിലപ്പോള്‍ രണ്ടെണ്ണം പരാജയപ്പെടും രണ്ടെണ്ണം വിജയിക്കും. പരാജയപ്പെട്ട പടങ്ങളുടെ നഷ്ടം വിജയിച്ചവ കൊണ്ട്പരിഹരിക്കപ്പെടും. അങ്ങനെയൊരു സര്‍ക്കുലേഷന്‍ ഓഫ് മണി ഉണ്ടായിരുന്നു. ഇപ്പോഴില്ലാത്തതും അതാണ്.
ഇപ്പോള്‍ 50-70 ശതമാനം നിര്‍മാതാക്കളും ആദ്യമായി പടം പിടിക്കുന്നവരായിരിക്കും. മിക്കവരും ഒരു പടം പിടിക്കും, മടങ്ങിപ്പോകും. അതൊരു നല്ല ട്രെന്‍ഡേ അല്ല. നിങ്ങള്‍ക്കതില്‍ നിരന്തരമായ താല്‍പര്യം വേണം.

 

 

ഉപഭോഗപരമായി മാത്രം ഗ്ലോബല്‍

പുതുതലമുറ ചിത്രങ്ങള്‍ മലയാളത്തിലേക്ക് വന്ന വഴി ഏതാണ്?

ചെറുപ്പക്കാരായ കുറേയാളുകള്‍ക്ക് ഈ സിനിമകള്‍ എടുക്കാന്‍ പ്രചോദനമായത് യഥാര്‍ഥത്തില്‍ കേരള സമൂഹത്തിന്റെ പ്രശ്നങ്ങളല്ല. അവര്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷം എന്നുപറയുന്നത് മലയാളീയം അല്ല. കേരളീയമല്ല. ആഗോള സാഹചര്യമാണ്. മൊബൈലും ഡിവിഡിയും ടൊറന്റും എല്ലാമടങ്ങുന്ന, വലിയ രീതിയില്‍ ഗ്ലോബല്‍ നെറ്റ്വര്‍ക്ക്ഡ് ആയ ലോകമാണ്. എന്നാല്‍, ജീവിതത്തിലും ശരീരത്തിലും അയാള്‍ ഗ്ലോബല്‍ ഒന്നുമല്ല. വ്യക്തിപരമായോ ലൈംഗികമായോ ഒന്നും. ആഗോളമായ ജീവിതമോ സ്വാതന്ത്യ്രമോ അനുഭവിക്കുന്നില്ലെങ്കിലും അവര്‍ ഉപഭോഗപരമായി ഗ്ലോബലാണ്.

അത്തരം ഒരു സംവേദനത്തില്‍ നിന്നാണ് ഇത്തരം സിനിമകള്‍ ഉണ്ടായത്. അതുകൊണ്ടാണ് പലപ്പോഴും പരിചരണ രീതികള്‍ പുതുമയുള്ളതാകുന്നത്. ഉള്ളടക്കത്തിലൊന്നും കേരളീയ സമൂഹവുമായി ജൈവബന്ധമോ രുചികളോ ഒന്നുമല്ല. ഒരുപക്ഷേ കുറേ പടങ്ങളിലൂടെ അത്തരമൊരു മാറ്റമുണ്ടായേക്കാം. അതിപ്പോള്‍ പറയാന്‍ പറ്റില്ല. എങ്കിലും, നല്ല തുടക്കമായിരിക്കാം ഈ ചെറിയ സിനിമകളും അതിന്റെ ആഖ്യാനവും.

എറ്റവും പ്രധാനപ്പെട്ട കാര്യം അതല്ല. കാണുന്ന പ്രേക്ഷകനെ അവ അപമാനിക്കുന്നില്ല എന്നതാണ്. സാധാരണ മലയാളസിനിമകള്‍ ചെയ്യുന്ന പ്രധാന പണി ആദ്യത്തെ രണ്ടുമിനിറ്റ് കൊണ്ട് നിങ്ങളുടെ ആത്മാഭിമാനം എന്ന സാധനത്തെ നശിപ്പിക്കുകയാണ്. പിന്നീട് നിങ്ങള്‍ എന്തിനും തയാറാണ്. അതല്ലാത്ത സിനിമകള്‍ വരുന്നത് ആശ്വാസമാണ്. മുന്നിലിരിക്കുന്ന ആള്‍ക്കാര്‍ ബുദ്ധിയുള്ളവരാണ് എന്ന് ഇവ അംഗീകരിക്കുന്നു.

വേണ്ടത് യുവ പ്രേക്ഷകരുടെ മാറ്റം

യുവതലമുറ ഇത്തരം ചിത്രങ്ങളെ എങ്ങനെയാണ് സ്വീകരിക്കുന്നത്?

ഏറ്റവും വലിയ ദുരന്തം, ചെറുപ്പക്കാരും വിദ്യാര്‍ഥികളും ഇത്തരം സിനിമകളെ കൃത്യമായി ഏറ്റെടുക്കുന്നില്ല എന്നുള്ളതാണ്. ഇവിടെയുണ്ടാകുന്ന പരീക്ഷണങ്ങള്‍, അതായത് മമ്മൂട്ടി-മോഹന്‍ലാല്‍ ഇല്ലാത്ത സിനിമ, കാണാനുള്ള ക്ഷമയോ ശ്രദ്ധയോ താല്‍പര്യമോ സഹതാപമോ ഇല്ല എന്നതാണ് പ്രശ്നം. അകാലവാര്‍ധക്യം ബാധിച്ച മൊണോട്ടണസ് ആയ യുവത്വത്തെയാണ് കാണാന്‍ കഴിയുന്നത്.

സമാന്തരതകളെക്കുറിച്ച് അവര്‍ക്ക് ആലോചനയില്ല. ഇവിടുള്ളത് മാത്രമേ യഥാര്‍ഥത്തില്‍ ഉള്ളൂ എന്ന വിചാരമാണ് വലിയ പ്രശ്നം. ഇതിനു പുറത്തൊരു ലോകമില്ല എന്ന മട്ടില്‍. ഒരു രീതിയില്‍, തൃപ്തരായ സമൂഹമാണ്, നിങ്ങള്‍ക്ക് ആവശ്യമുള്ളത് കിട്ടുന്നു, നിങ്ങളുടെ കാര്യങ്ങള്‍ നടന്നുപോകുന്നു. അതുകൊണ്ടായിരിക്കാം ഉള്ള താരങ്ങള്‍ക്ക് വേണ്ട അവര്‍ ഇപ്പോഴും പൊരുതുന്നത്. ഇനി വരേണ്ട നായകരെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.

മുമ്പ് അങ്ങനെയായിരുന്നില്ല. നിലനില്‍ക്കുന്നത് ശരിയല്ലെന്നും പുതിയത് വേണമെന്നും ചിന്തിക്കുന്ന തലമുറയായിരുന്നു. അതില്‍നിന്ന് മാറി ഉള്ളത് മതി എന്ന് നമ്മള്‍ തന്നെ നിശ്ചയിച്ചാല്‍ പിന്നൊന്നും ചെയ്യാനില്ല.

 

 

ഇത് സ്വന്തം നായകരില്ലാത്ത കാലം

പുതുതലമുറക്ക് അവരുടെ തലമുറയിലെ നായകരിലേക്ക്, അല്ലെങ്കില്‍ തങ്ങളുടെ തന്നെ ജീവിതങ്ങളിലേക്ക് നോക്കാന്‍ കഴിയുന്നില്ലെന്നാണോ?

നോക്കാന്‍ പറ്റുന്നില്ല. ഇന്നത്തെ ചെറുപ്പക്കാരുടെ നായകന്‍മാര്‍ അവരുടെ അച്ഛന്‍മാരുടെ നായകരാണ്. ഇത് സ്വന്തം നായകനില്ലാത്ത ഒരു കാലഘട്ടമാണ്. അത്തരം ആഖ്യാനങ്ങളില്ലാത്തതിനാല്‍ സിനിമക്ക് ആ രീതിയില്‍ മലയാളി സമൂഹവുമായുള്ള ഏകോപനം നഷ്ടപ്പെട്ടു. എന്തൊക്കെ പറഞ്ഞാലും പഴയകാലത്തെ സിനിമയില്‍ സാമൂഹികവും രാഷ്ട്രീയവുമായ ഒരുപാട് പ്രശ്നങ്ങള്‍ വരുന്നുണ്ട ്. അക്കാലത്തെ മഹത്വവത്കരിക്കാനല്ല ഇത് പറയുന്നത്. അന്നത്തെ മലയാളി സമൂഹത്തിന്റെ തന്നെ വികസനവുമായി, വികാസവുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ സിനിമ കൈകാര്യം ചെയ്തിരുന്നു.

ഡിജിറ്റല്‍ കാലത്തും കേന്ദ്രസ്ഥാനത്ത് താരം
ടെക്നോളജിയുടെ കാലമാണിത്. സാങ്കേതികത ഇത്തരം സിനിമകള്‍ക്ക് മുന്നില്‍ ഏതെല്ലാം വാതിലുകളാണ് തുറന്നിടുന്നത്?

ഡിജിറ്റല്‍ ടെക്നോളജി ഒരുപാട് സാധ്യതകളുണ്ടാക്കുന്നുണ്ട്. വളരെ പേഴ്സണലായ സിനിമകള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്യ്രം അതു തരുന്നു. മറിച്ച് ഹോളിവുഡ്^ ബോളിവുഡ് പോലുള്ള സാങ്കേതിക തികവില്‍ ചെയ്യണമെങ്കില്‍ അതിന്റേതായ പണം മുടക്കണം.
റിലീസിംഗിനും ഡിജിറ്റല്‍ വിപ്ലവം ഒരുപാട് സ്വാതന്ത്യ്രം നല്‍കുന്നുണ്ട്. കൂടുതല്‍ സ്ഥലത്ത് എത്തിക്കാം. പക്ഷേ, അതുമാത്രം കൊണ്ട ു കാര്യമാകുന്നില്ല. തീയറ്ററുകളുടെ എണ്ണം കുറയുകയാണ്. എ ക്ലാസില്‍ നിന്ന് ബി ക്ലാസിലും സി ക്ലാസിലും പോകുന്ന സമയം ഇന്നില്ല. ഒരൊറ്റ ഓളത്തില്‍ കിട്ടുന്ന പൈസയേ ഉള്ളൂ.

ടെക്നോളജി മാത്രമല്ല പ്രശ്നം. അതുപയോഗിക്കാനുള്ള വ്യവസായം സാധ്യമാണോ എന്നുള്ളതാണ്. അല്ലെങ്കില്‍ വളരെ ചെറിയ സിനിമകള്‍ എടുക്കണം. മലപ്പുറം വീഡിയോസൊക്കെ പോലെ. കാരണം അവര്‍ക്ക് യാതൊരു ചെലവുമില്ല. അതു നല്ലൊരു എക്കണോമിയാണ്. ഈ ഡിജിറ്റല്‍ ലോകം സിനിമയിലേക്കുള്ള കടന്നുവരവിന്റെ സാധ്യത തുറക്കുന്നു എന്നു പറയുമ്പോഴും താരകേന്ദ്രീകൃതമായ ചര്‍ച്ചകളാണ് ഇപ്പോഴും എല്ലായിടത്തും. അതുമാത്രമേ സിനിമയുള്ളൂ എന്നുള്ള ധാരണയില്‍ മാറ്റം വന്നിട്ടില്ല.

തിയറ്റുകള്‍ താല്‍പ്പര്യങ്ങളുടെ ശൃംഖല

ഇത്തരം പുതിയ സിനിമകള്‍ക്ക് കേരളത്തില്‍ ഒരു തീയറ്റര്‍ വിപണി കണ്ടെത്താനാവുമോ?

തീയറ്ററുകളെന്നാല്‍ വലിയൊരു ശൃംഖലയാണ്. വലിയ താല്‍പര്യങ്ങളുടെ ശൃംഖല. അവരാണ് തീരുമാനിക്കുന്നത് ഏതു കളിക്കണം കളിക്കേണ്ട എന്ന്. ഒരു പക്ഷേ, അവര്‍ക്ക് ഹിന്ദി, തമിഴ് സിനിമകള്‍ കളിക്കുന്നതാവാം ലാഭം. കൂടുതല്‍ ആള്‍ക്കാര്‍ കാണുന്നത് ആ സിനിമയാവും. മുമ്പുണ്ടായിരുന്ന സമാന്തരമായ,ചെറിയ സിനിമകള്‍ കാണിക്കാനുള്ള ശൃംഖലകള്‍ ഉണ്ടാകേണ്ടതാണ്. അക്കാദമിയോ സര്‍ക്കാരോ മുന്‍കൈയെടുത്ത് ചെയ്യേണ്ടതാണിത്. വലിയ തീയറ്ററുകള്‍ക്ക് ഇനി സാധ്യതകളില്ല. ചെറിയ തീയറ്ററുകളുടെ ശൃംഖലയുണ്ടെങ്കില്‍ ഇത്തരം സിനിമകള്‍ക്ക് ഒരു വിപണിയുണ്ടാക്കാന്‍ കഴിയും. അത്തരം സമാന്തര ശൃംഖല സര്‍ക്കാര്‍തലത്തിലോ മറ്റോ ഉണ്ടാവേണ്ടിയിരിക്കുന്നു.

 

 

ചാനലുകള്‍ നോക്കുന്നത് വില്‍ക്കാനുള്ള സിനിമ

താരാധിഷ്ഠിതമായ ഇന്നത്തെ അവസ്ഥയില്‍നിന്ന് ടി.വി വിപണി മാറാന്‍ സാധ്യതയുണ്ടോ?

ടി.വി യും സിനിമയും തമ്മില്‍ അപകടകരമായ പരസ്പരാശ്രിതത്വമുണ്ട്. അതു മാറണമെങ്കില്‍, പുതിയ സിനിമകള്‍ ഒരുപാട് വന്ന് നിലവിലെ വ്യവസ്ഥയെ പരിപൂര്‍ണമായി തളര്‍ത്തണം. തീയറ്ററില്‍ ആള്‍ക്കാര്‍ ടിക്കറ്റെടുത്ത് കാണുക എന്നുള്ളത് ഒരു സിനിമയുടെ വിജയത്തിന്റെ അല്ലെങ്കില്‍ മൂല്യത്തിന്റെ സൂചനയായി വരണം.
ഏതെങ്കിലും വിധത്തില്‍ വില്‍ക്കാം എന്ന് തോന്നിയാലേ ചാനലുകള്‍ സിനിമ വാങ്ങു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു നല്ല സിനിമക്ക് വിപണിസാധ്യത തെളിയിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ചാനലുകള്‍ പണംമുടക്കുന്ന സിനിമ അവര്‍ പ്രൊമോട്ട് ചെയ്യുന്നുമുണ്ട്. ഈ അധീശത്വം തകര്‍ക്കുക ബുദ്ധിമുട്ടാണ്. ചാനലുകളുടെ എണ്ണം കൂടിയപ്പോള്‍ വ്യത്യസ്തക്ക് വേണ്ടിയെങ്കിലും സീരിയസ് സിനിമക്ക് ഇടം കൊടുക്കുന്ന ചാനലുകള്‍ ഉണ്ടാവുമെന്ന് കരുതിയിരുന്നു. അതുണ്ടായില്ല.
20 ചാനലുണ്ടെങ്കില്‍ 20ലും ഒരേ തരം സിനിമയാണ്. മലയാളിക്ക് ആവശ്യം ഇതെന്ന് അവര്‍ തീരുമാനിക്കുകയാണ്. തീയറ്ററില്‍ ആരും കണ്ടിട്ടില്ലാത്ത ‘ബ്ലോക്ക് ബസ്റ്റര്‍’ സിനിമകളാണ് ആണ് ടി.വിയില്‍ വരുന്നത്. യഥാര്‍ഥത്തില്‍ പ്രേക്ഷക സമൂഹവുമായി ഒരു ബന്ധവുമില്ല ഇതിന്. പ്രേക്ഷകന് യാതൊരു സ്വാതന്ത്യ്രവുമില്ലാത്ത, ഇടപെടല്‍ സാദ്ധ്യതകളില്ലാത്ത ഒന്നായി മാറി സിനിമാ വിപണി. പ്രൈം ടൈമില്‍ ടി.വിക്കാര്‍ തീരുമാനിച്ച സിനിമകള്‍ കാണാതെ നിര്‍വാഹമില്ല. അതു ബ്രേക്ക് ചെയ്യണമെങ്കില്‍ പുതിയ സിനിമകള്‍ ഒരുപാട് വന്ന് ഇതിനും വിപണി ഉണ്ടെന്ന് തെളിയിക്കണം.

ടെലിവിഷന്‍ ദൃശ്യങ്ങളുടെ ആപത്കരമായ ഫാസ്റ്റ് ദൃശ്യങ്ങളുമായി ട്യൂണ്‍ഡ് ആയ പ്രേക്ഷകര്‍ക്ക് വേറൊരു തരം ശ്രദ്ധ കൊടുക്കാന്‍ കഴിയുന്നില്ല. സിനിമക്ക് വേണ്ടിയുള്ള ഒരു ശ്രദ്ധയുണ്ട്. ഒരു ക്ഷമ അതാവശ്യപ്പെടുന്നുണ്ട്. അങ്ങനെ ഒരു നിമിഷം പോലും ഹോള്‍ഡ് ചെയ്യാന്‍ ആള്‍ക്കാര്‍ക്ക് കഴിയുന്നില്ല. എന്നെ എന്റര്‍ടെയ്ന്‍ ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ കാണില്ല. അത്തരം സമൂഹത്തില്‍ സമാന്തരതകള്‍ സാധ്യമല്ല. സമവായത്തിന്റെ അധീശത്വമാണ് എല്ലായിടത്തും. എനിക്കിതുമതി എന്ന നിലപാട്. എല്ലാരും ഇങ്ങനെയായാല്‍ ഒന്നും ചെയ്യാന്‍ പറ്റിലല്ലോ.

ഓണ്‍ലൈന്‍ ഇടവും സമാന്തരമല്ല

ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പുതുതലമുറ സിനിമകള്‍ക്ക് എങ്ങനെ ഗുണമാവുന്നു?

ഇത്തരം മാധ്യമങ്ങള്‍ ഉപയോഗിക്കുക എന്നത് ശരിക്കും നല്ല സാധ്യത തന്നെയാണ്. എന്നാല്‍ അതിന്റെ ഇടം പോലും സമാന്തരമല്ല. സോഷ്യല്‍ നെറ്റുവര്‍ക്കുകളും മറ്റും ഉപയോഗിക്കാം. പക്ഷേ, അവിടെയും ടെലിവിഷനെയും മുഖ്യധാരയെയും അട്ടിമറിക്കുന്ന ഒന്നല്ല പൊതുവായി ഇപ്പോള്‍ കാണുന്നത്. അപൂര്‍വമായ അപവാദങ്ങളുണ്ടാവാം എങ്കിലും.

3 thoughts on “എങ്കിലും, എനിക്ക് പ്രതീക്ഷകളുണ്ട്

    • വര്‍ഷങ്ങളായി ഈ പ്രവണത തുടരുന്നതിന് mainstream media യും ചാനലുകളും കാരണക്കാരാണ്‌ . പിന്നെ സിനിമ സ്ഥിരമായി THEATER ഇല്‍ ചെന്ന് കുടുംബ സമേധം കാണുന്ന ഞങ്ങള്‍ ഇതൊക്കെയും കാണുന്നു; ഇതുകള്‍ മാത്രമേ കാണുന്നുമുല്ല്. ട്രാഫിക്കും പ്രണയവും വ്യത്യസ്തമായിരുന്നു പക്ഷെ.

  1. ഒരു കൊച്ചു സംസ്ഥാനം ആയ കേരളത്തിന്‌ പരിമിതികള്‍ ഉണ്ട്…പക്ഷെ ദേശിയ ശ്രദ്ധ ആകരഷിച്ച പല സിനിമകളും ഇവിടെ ഉണ്ടായി…നല്ല സിനിമകള്‍ വിജയിപ്പിക്കുന്ന ഒരു പ്രേക്ഷക വൃന്ദവും ഉണ്ടായിരുന്നു…ദേശാടനം എന്നാ തന്റെ സിനിമ ഇന്ന് ആണ് എടുത്തിരുന്നത് എങ്കില്‍ അത് ഒരു പരാജയം ആയേനെ എന്ന് ജയരാജ്‌ പറയുക ഉണ്ടായി…നാട്ടിന്‍ പുറങ്ങളില്‍ സിനിമകള്‍ക്ക്‌ പ്രേക്ഷകര്‍ ഇല്ലാതെ ആയതും ഒരു കാരണം…ഭൂ മാഫിയ ഭൂമി വില കൂട്ടിയതോടെ നഷ്ടത്തില്‍ ആയ തിയ്യേറ്റര്‍ ഒകെ പൊളിച്ചു നീക്കപെട്ടു…ഗ്രാമ പ്രദേശങ്ങളില്‍ ഇന്ന് പുതിയ സിനിമ തിയ്യേറ്റര്‍ നിര്‍മിക്കപെടുന്നില്ല…മലയാള സിനിമ മോഹന്‍ലാല്‍ …മമ്മുട്ടി ഇര്വര്‍ക്ക് പുറകെ കറങ്ങുന്ന ഒരു അവസ്ഥയും വന്നു…തട്ടി കൂട്ട് കഥകളും…അഭിനയം അറിയാത്ത ഇറക്കുമതി നായികമാരും സിനിമ അരോചകം ആക്കി…

Leave a Reply

Your email address will not be published. Required fields are marked *