മാറ്റങ്ങളുടെ കാറ്റില്‍, തിരശ്ശീല

ഇതുവരെ പിന്തുടര്‍ന്ന ചലച്ചിത്രശൈലിയുടെ രൂപഭാവങ്ങള്‍ മാറ്റുന്നതിന് തന്നെയാണ് പുതുതലമുറ ചിത്രങ്ങള്‍ ശ്രമം നടത്തിയത്. അപ്ഡേറ്റ് ചെയ്യപ്പെട്ട പ്രേക്ഷകനെ പഴഞ്ചന്‍ ചേരുവകളാല്‍ ഇനിയും കയ്യടിപ്പിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുടെ വഴിമാറല്‍ കൂടിയായിരുന്നു ഈ സിനിമകള്‍. പ്രമേയത്തില്‍ ആത്മവിശ്വാസവും ആവശ്യമായ ചലച്ചിത്ര സാങ്കേതികബോധ്യവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിനിമയൊരുക്കാമെന്ന, ഒന്നില്‍കൂടുതല്‍ കഥകളുടെ സമാന്തരസഞ്ചാരവും പതിവ് ആഖ്യാനരീതികളെ ലംഘിച്ചുള്ള കഥപറച്ചിലുമായി പുതുനിരപരീക്ഷണങ്ങള്‍ എണ്ണം കൂട്ടി. ഭാഗിക ആസ്വാദനത്തില്‍ നിന്ന് ആസ്വാദനസമഗ്രതയിലേക്ക് പ്രേക്ഷകര്‍ പ്രവേശിച്ച കാലത്തെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളെന്ന വാഴ്ത്തലുകള്‍ വരെ ഈ സിനിമകള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടു-മാധ്യമ പ്രവര്‍ത്തകനായ മനീഷ് നാരായണന്റെ വിലയിരുത്തല്‍

 

 

ഇരുട്ടിലേക്ക് ചിതറിത്തെറിച്ചെത്തുന്ന പ്രകാശരേഖകളില്‍ ജീവനും ജീവിതവും തെളിയുന്നത് കണ്ട് കൊതി കൂട്ടിയവരാണ് നമ്മള്‍. പരിചിതമായ ജീവിതസന്ദര്‍ഭങ്ങള്‍ സെല്ലുലോയ്ഡില്‍ തെളിയുമ്പോഴും അത്ഭുതക്കാഴ്ചയെന്ന തിരയകലം ആസ്വാദകനെ വിട്ടകന്നിരുന്നില്ല. സിനിമ പ്രമേയപരമായി ജീവിതത്തോടും മനസിനോടും തൊട്ടടുത്ത് നിന്നപ്പോള്‍ ചലച്ചിത്രമെന്ന സാങ്കേതികവൃത്തി ആസ്വാദകന് ഒരു പാട് അകലെ മാറിനിന്നു. താരപരിവേഷത്തിന് കൂളിംഗ് ഗ്ളാസ് മറ തീര്‍ത്ത് അഭിനേതാക്കളും ലൊക്കേഷനുകളിലേക്ക് ഗേറ്റടച്ചുനിര്‍ത്തി ചലച്ചിത്രപ്രവര്‍ത്തകരും ഈ അകലം വര്‍ധിപ്പിക്കുകയാണ് ചെയ്തത്.

പരിശീലനകോഴ്സുകളും ഫിലിം സൊസൈറ്റികളും ചലച്ചിത്രോത്സവങ്ങളും മലയാളിയെ ചലച്ചിത്രസാക്ഷരതയില്‍ മുന്‍പന്തിയിലെത്തിച്ചപ്പോള്‍ നായകന്റെ കൃത്രിമതാടിയിലെ പോരായ്മകളെക്കാള്‍ ആവിഷ്കാര സാങ്കേതിക ന്യൂനതകള്‍ക്ക് ചര്‍ച്ചാസാധ്യത കണ്ടെത്തി തിയറ്റര്‍ വിട്ടിറങ്ങി പ്രേക്ഷകര്‍. യൂട്യൂബ് മുതല്‍ ടോറന്റ് വരെയുള്ള നവമാധ്യമങ്ങളുടെ പ്രയോജനപ്പെടുത്തലാണ് പുതുതലമുറയുടെ ചലച്ചിത്രസാക്ഷരതയ്ക്ക് വേഗമേകിയത്. കണ്ടുകണ്ട് കാണാതെ പഠിച്ച കഥക്കൂട്ടുകളെയും ഫ്രെയിമുകളെയും കട്ട് ആന്റ് കോപ്പി സിനിമകളെയും വീണ്ടും കാണാതെ പോകാനും ചോദ്യം ചെയ്യാനുമുള്ള ചങ്കൂറ്റം ഈ പിന്‍ബലത്തിലാണ് മലയാളി നേടിയത്. ട്രന്‍ഡ് സെറ്ററുകളെന്ന താല്‍ക്കാലിക ആശ്വാസത്തിനപ്പുറത്തേക്ക് മാറ്റം ആവേശിക്കാന്‍ തയ്യാറാകാത്ത മലയാളസിനിമ പ്രേക്ഷകരെ ഇവിടം മുതല്‍ ഭയന്നുതുടങ്ങി. ചലച്ചിത്രമേളകളും ടോറന്റും തുറന്നുവച്ച കാഴ്ചയുടെ വിശാലതയില്‍ ആസ്വാദകര്‍ വിഹരിച്ചപ്പോള്‍ നമ്മുടെ സിനിമ മാത്രം മാറിയില്ലെന്ന നിരാശ പ്രേക്ഷകരില്‍ ബാക്കിയായി.ആഖ്യാനത്തിലും ആവിഷ്കാരത്തിലും അവലംബിച്ച് പോകുന്ന സാമ്പ്രദായിക രീതികളുടെ മാറ്റം പ്രേക്ഷകര്‍ ആഗ്രഹത്തിനപ്പുറം ഒരു നിര്‍ബന്ധമാക്കി മാറ്റി.

യുവതയുടെ തിരയാട്ടം
ന്യൂ ജനറേഷന്‍ എന്നും ന്യൂ വേവ് എന്നും വിശേഷിപ്പിച്ച് നിര്‍ത്തിയ പുതുനിരശ്രമങ്ങള്‍ കൂട്ടത്തോടെ തിരപിടിച്ചത് പോയവര്‍ഷമാണ്. ഇതുവരെ പിന്തുടര്‍ന്ന ചലച്ചിത്രശൈലിയുടെ രൂപഭാവങ്ങള്‍ മാറ്റുന്നതിന് തന്നെയാണ് പുതുതലമുറ ചിത്രങ്ങള്‍ ശ്രമം നടത്തിയത്. അപ്ഡേറ്റ് ചെയ്യപ്പെട്ട പ്രേക്ഷകനെ പഴഞ്ചന്‍ ചേരുവകളാല്‍ ഇനിയും കയ്യടിപ്പിക്കാനാവില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവരുടെ വഴിമാറല്‍ കൂടിയായിരുന്നു ഈ സിനിമകള്‍. പ്രമേയത്തില്‍ ആത്മവിശ്വാസവും ആവശ്യമായ ചലച്ചിത്ര സാങ്കേതികബോധ്യവുമുണ്ടെങ്കില്‍ ഏതൊരാള്‍ക്കും സിനിമയൊരുക്കാമെന്ന, ഒന്നില്‍കൂടുതല്‍ കഥകളുടെ സമാന്തരസഞ്ചാരവും പതിവ് ആഖ്യാനരീതികളെ ലംഘിച്ചുള്ള കഥപറച്ചിലുമായി ട്രാഫിക്ക്, ചാപ്പാക്കുരിശ്,സിറ്റി ഓഫ് ഗോഡ്, ബ്യൂട്ടിഫുള്‍,റേസ് തുടങ്ങി ഒറ്റയ്ക്കും തെറ്റയ്ക്കും കൂട്ടമായും പുതുനിരപരീക്ഷണങ്ങള്‍ എണ്ണം കൂട്ടി. ഭാഗിക ആസ്വാദനത്തില്‍ നിന്ന് ആസ്വാദനസമഗ്രതയിലേക്ക് പ്രേക്ഷകര്‍ പ്രവേശിച്ച കാലത്തെ അഭിസംബോധന ചെയ്യുന്ന ചിത്രങ്ങളെന്ന വാഴ്ത്തലുകള്‍ വരെ ഈ സിനിമകള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടു. ഒരിക്കല്‍ ഇത്തരം ശ്രമങ്ങളെ വഴിതെറ്റലുകളായി വിമര്‍ശിച്ചവര്‍ പുതുവഴിവെട്ടലായി തിരുത്താനും തയ്യാറായി. മലയാളിക്ക് സിനിമ കാണുക എന്നത് ആഗ്രഹമോ നിര്‍ബന്ധമോ അല്ലാത്ത കാലത്തെ അതിജീവിക്കുക എന്ന ലക്ഷ്യം കൂടി ഈ ശ്രമങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നു.

 

 

പുതുമയിലേക്ക് കൂടുമാറ്റം
പരമ്പരാഗത ശീലങ്ങളുടെ ചാരുകസേര വിട്ടെഴുന്നേറ്റ് മലയാളസിനിമ മാറ്റത്തിനായ് ഉത്സാഹിച്ച വര്‍ഷത്തില്‍ എത്തിയ എണ്‍പത്തിയെട്ട് ചിത്രങ്ങളില്‍
വ്യത്യസ്ഥത അടയാളപ്പെടുത്തിയത് നവനിരപരീക്ഷണങ്ങള്‍ മാത്രമാണ്.പത്തിലേറെ ചിത്രങ്ങള്‍ സൂപ്പര്‍താരങ്ങളുടേതായി തിയറ്ററിലെത്തിയിട്ടും ആസ്വാദകനെ കൂടെ നിര്‍ത്തിയ ചിത്രങ്ങള്‍ ഈ പുതുനിരയുടെ പരീക്ഷണഫലങ്ങളായിരുന്നു. നാടകങ്ങളോട് ഘടനാപരമായി അടുപ്പം പുലര്‍ത്തിയ സിനിമകളില്‍ നിന്ന് മലയാളസിനിമയ്ക്ക് രൂപഭാവ പരിണാമം സംഭവിച്ച എണ്‍പതുകള്‍ മുതല്‍ ശീലിച്ച മാതൃകകളെയാണ് കൂട്ടമായി പ്രേക്ഷകര്‍ ഉപേക്ഷിച്ച് തുടങ്ങിയത്. താരകേന്ദ്രീകൃത സിനിമകളില്‍ നിന്നും, ഒറ്റനായകസങ്കല്‍പ്പത്തില്‍ നിന്നും പ്രമേയകേന്ദ്രീകൃത ചലച്ചിത്രചിന്തയിലേക്ക് പ്രേക്ഷകരും ചലച്ചിത്രമേഖലയും ഒരു പോലെ മോചിതരായി.

പ്രമേയതലത്തിലും ആഖ്യാനസ്വഭാവത്തിലും ദൃശ്യപരിചരണത്തിലും സാങ്കേതിക മേഖലയിലും നവസാധ്യതകള്‍ക്ക് നവനിരചിത്രങ്ങള്‍ മുതിര്‍ന്നു.
അന്യഭാഷാ പരീക്ഷണങ്ങളെ ടോറന്റിലും യൂട്യൂബിലുമായി മലയാളി നെഞ്ചിലേറ്റിയതും നവശ്രമങ്ങള്‍ക്ക് പാത തുറന്നു. തിയറ്ററുകള്‍ക്കൊപ്പം സാറ്റലൈറ്റ് അവകാശമെന്ന സിനിമയുടെ പ്രാഥമിക വരുമാനമേഖലയിലും ചേരുവാ സിനിമകള്‍ക്ക് പരിഗണന കുറഞ്ഞത് മുതിര്‍ന്ന സംവിധായകരെയും ഫ്രഷ് ട്രീറ്റ്മെന്റിലേക്ക് വഴിതിരിച്ചുവിട്ടു.

സിനിമകളുടെ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരങ്ങള്‍ സൂക്ഷ്മത നിലനിര്‍ത്താത്തത് കൂടിയാണ് ഇനി നല്ല സിനിമകള്‍ മാത്രം കാണാം എന്ന തീരുമാനത്തിലേക്ക് നമ്മുടെ പ്രേക്ഷകരെ നയിച്ചത്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ ശ്രമമാണെങ്കില്‍ പരമാവധി മൂന്ന് കോടി മുടക്കുമുതല്‍ വരുന്ന പുതുനിര ചിത്രങ്ങള്‍ക്ക് ടേബിള്‍ പ്രോഫിറ്റ് ലഭിക്കുമെന്നതും ഇത്തരം സിനിമകളുടെ വാണിജ്യസ്വീകാര്യതയായി.രണ്ട് കോടി മുതല്‍ അഞ്ച് കോടി വരെയെന്ന മലയാളത്തിന്റെ ശരാശരി മുടക്കുമുതലിനുള്ളില്‍ നിന്ന് പിറവിയെടുക്കുന്നു എന്നതും പരീക്ഷണശ്രമങ്ങള്‍ക്ക് തുണയായി. മറ്റൊന്ന് ബി,സി ക്ളാസ് സെന്ററുകള്‍ സമീപകാലത്തൊന്നും ഒരു സിനിമയുടെ ആകെ വരുമാനത്തിന്റെ പരിധിയില്‍ കടന്നുകൂടിയിട്ടില്ല. യുവതയുടെയും ആരാധകരുടെയും സാന്നിധ്യമാണ് ഇന്ന് തിയറ്ററുകളെ നിലനിര്‍ത്തുന്നത് ഇവ പരിഗണിച്ചാല്‍ പുതുനിര പരീക്ഷണങ്ങള്‍ പ്രധാനമായും ലക്ഷ്യമിട്ടത് യുവതയെ തന്നെയാണ് എന്ന് ബോധ്യമാകും .

 

 

നാഗരിക ചിന്തകളുടെ വികാസപ്രതലം
ആശയവിസ്ഫോടനത്തിന്റെയും സാങ്കേതിക വിപ്ളവത്തിന്റെയും അരികുചേര്‍ന്നാണ് പുതുനിരപരീക്ഷണങ്ങള്‍ മുഖം കാട്ടിയത്. അതുകൊണ്ട് തന്നെ നാട്ടുമനസുള്ള സിനിമകളേക്കാള്‍ നാഗരിക ചിന്തകളുടെ വികാസപ്രതലമാകാനാണ് നവതലമുറചിത്രങ്ങള്‍ ശ്രമിച്ചത്. സോള്‍ട്ട് ആന്റ് പെപ്പര്‍,ചാപ്പാക്കുരിശ്,ട്രാഫിക്, ബ്യൂട്ടിഫുള്‍ എന്നീ ചിത്രങ്ങളിലെല്ലാം ഇതു പ്രകടമാണ്.

സെക്കന്‍ഡ് ഷോ എന്ന ചിത്രം വാമൊഴിയിലും കഥാപാത്രസൃഷ്ടിയിലും നാട്ടിന്‍പുറം അടയാളപ്പെടുത്തിയെന്ന് തോന്നിപ്പിച്ചപ്പോഴും ആധുനികതയിലേക്ക് കെട്ടുപിണഞ്ഞ മെട്രോ സംസ്കാരം വിളംബരം ചെയ്യാനാണ് ശ്രമിച്ചത്. ഷോപ്പിംഗ് മാള്‍, ഹോട്ടലുകള്‍, സിറ്റി റോഡുകള്‍ ഇങ്ങനെ മള്‍ട്ടിപ്ളെക്സ് പെരുപ്പത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു ട്രാഫിക്കും ബ്യൂട്ടിഫുളും ചാപ്പാക്കുരിശും വെട്ടിത്തുടങ്ങിയ വഴികള്‍ എന്നത് ഈ മാറ്റങ്ങളെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.

ചാപ്പാക്കുരിശില്‍ ഗ്രാമ്യഹൃദയമുള്ള അന്‍സാരി ജീവിക്കാന്‍ ശ്രമിക്കുന്നതും ചിന്തിക്കുന്നതും നാഗരികനായാണ്. നഗരജീവിതത്തിലെ സുഖലോലുപതകളില്‍ കൊതികൂട്ടിയവനാണ് ബ്യൂട്ടിഫുളിലെ ജോണ്‍.അമ്മാവനൊപ്പം ജീവിച്ചപ്പോള്‍ നാഗരിക ലാളനകളെ മുതലെടുക്കുകയാണ് സോള്‍ട്ട് ആന്റ് പെപ്പറിലെ മനുരാഘവ്. സദാചാരപതിവുകളെ തുടര്‍ച്ചയായി ലംഘിക്കാന്‍ പരീക്ഷണവഴിയിലെ ഭൂരിപക്ഷം സിനിമകളും ശ്രമിക്കുന്നതും നാഗരികമുഖത്തിന്റെ ന്യായം പറഞ്ഞാണ്. കഥാപാത്രങ്ങളുടെ രൂപഘടനയില്‍ മാത്രം സമകാലികമുഖങ്ങള്‍ സൃഷ്ടിക്കാനും മെട്രോ സ്വഭാവത്തിലേക്ക് അവരെ വലിച്ചിഴയ്ക്കാനുമാണ് ട്രാഫിക്ക് മുതല്‍ സെക്കന്‍ഡ് ഷോ വരെയുള്ള സിനിമകള്‍ ശ്രമിച്ചത്.

ടോറന്റ് വിപ്ളവം, നവമാധ്യമസ്വാധീനം,മള്‍ട്ടിപ്ളെക്സ് വാണിജ്യസാധ്യത എന്നിവയാകാം ഈ ചിന്തകള്‍ക്ക് പിന്നില്‍. അനുഭവങ്ങളുടെ ആഴങ്ങളില്‍ നിന്ന് സിനിമ പിറക്കാത്തതും കാരണമാകാം. ലോഹിതദാസും പത്മരാജനും ജീവിതപരിസരത്ത് നിന്ന് കൂടിയാണ് കഥകളെയും കഥാപാത്രങ്ങളെയും സിനിമയിലേക്ക് കൈപിടിച്ചതെന്ന് ഈ അവസരത്തില്‍ ഓര്‍ക്കാം. പറയാനുള്ള പ്രമേയത്തിനുപരി എങ്ങനെ പറയുന്നു എന്നതിന് തന്നെയാണ് ന്യൂജനറേഷന്‍ സിനിമകള്‍ പ്രാമുഖ്യം കല്‍പ്പിച്ചത്.

ഒറ്റവരിക്കഥകളായിരുന്നിട്ടും സോള്‍ട്ട് ആന്റ് പെപ്പറും ചാപ്പാക്കുരിശും ബ്യൂട്ടിഫുളും ആകര്‍ഷകമായത് ട്രീറ്റ്മെന്റിന്റെ പിന്‍ബലത്തിലാണ്. ലൈറ്റിംഗ് പാറ്റേണും ഫ്രെയിമുകളും ഗാനവും പശ്ചാത്തലസംഗീതവും വസ്ത്രാലങ്കാരവും ടൈറ്റില്‍ ഡിസൈനും തുടങ്ങി പോസ്ററുകള്‍ വരെ മുന്‍കാലങ്ങളില്‍ നിന്ന് മാറിനീങ്ങണമെന്നത് പ്രേക്ഷകനും ചലച്ചിത്രകാരനും ഒരേ പോലെ നവനിരസിനിമകളുടെ കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നു. സംവിധായകന്‍ മുതല്‍ ശബ്ദലേഖകന്‍ വരെ പ്രേക്ഷകമനസില്‍ അടയാളപ്പെടുന്നതും ഈ ശ്രേണിയിലെ ചിത്രങ്ങളുടെ സ്വഭാവപരിണാമത്താലാണ്. കഥയും കഥാപാത്രങ്ങളും ക്ളൈമാക്സും നന്നായാല്‍ കയ്യടി എന്ന തിരശീലത്തെയാണ് കാഴ്ചയുടെ സമഗ്രതയില്‍ മാത്രം കൂടെനില്‍ക്കാം എന്ന രീതിയില്‍ പ്രേക്ഷകന്‍ തിരുത്തിയെഴുതിയത്.

മൌലികതയുടെ കൂട്ട് വേണം
സാങ്കേതികമായി മാറ്റത്തിന് സജ്ജമായപ്പോഴും പുതുവഴിയിലേക്ക് എങ്ങനെ നീങ്ങണമെന്ന മാതൃക മലയാളി ചലച്ചിത്രകാരന് മുന്നിലുണ്ടായില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. ഡിവിഡി,ടോറന്റ് സാക്ഷരതയുടെ ഗുണഫലമാണ് ചലച്ചിത്രകാരന്‍മാര്‍ ഇവിടെ ഉപയോഗപ്പെടുത്തിയത്.അതുകൊണ്ട് തന്നെ പുതുതലമുറ മാറ്റങ്ങളില്‍ മൌലികത കുറഞ്ഞു എന്ന പരാതി ഇടം പിടിച്ചു. കോക്ക്ടെയില്‍ (ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍) ചാപ്പാക്കുരിശ (ഹാന്‍ഡ് ഫോണ്‍) എന്നിവ പകര്‍ത്തിയെഴുത്താണെന്ന ആരോപണം നേരിട്ടു. കണ്ണീര്‍ നാടകങ്ങളും, ആള്‍ക്കൂട്ട തമാശപ്പടങ്ങളും ആവര്‍ത്തനപ്പഴമായെത്തുമ്പോള്‍ ഈ പരാതിയെ പ്രേക്ഷകര്‍ കാര്യമായെടുത്തില്ല. സര്‍വസമ്മതിയിലേക്ക് ഇനിയും അകലമുണ്ടെങ്കിലും വല്ലപ്പോഴും സംഭവിക്കുന്നു എന്നതില്‍ നിന്ന് ഇനി ഇതേ സംഭവിക്കൂ എന്ന സ്ഥിരംചിന്തയിലേക്ക് ധീരമായ ഈ സിനിമാശ്രമങ്ങള്‍ വഴിതുറന്നുതന്നത്.

ഗ്രൂപ്പ് ഫോട്ടോ ക്ളൈമാക്സും ആള്‍ക്കൂട്ടം കൂട്ടയോട്ടം തമാശകളും ഇനി വിലപ്പോവില്ലെന്ന തിരിച്ചറിഞ്ഞിടത്ത് മുതിര്‍ന്ന ചലച്ചിത്രകാരന്‍മാരും പ്രമേയപരമായും ആഖ്യാനതലത്തിലും ചുവടുമാറ്റിത്തുടങ്ങിയിരിക്കുന്നു. ലാല്‍ജോസും (ഡയമണ്ട് നെക്ളേസ്) ജോണി ആന്റണിയും (മാസ്റേഴ്സ്) സിബി മലയിലുമെല്ലാം (ഉന്നം) ഇനി നീങ്ങുന്നത് പുതുനിര തള്ളിത്തുറന്ന പുതുമയുടെ പാതയിലൂടെയെന്ന് വ്യക്തമായിരിക്കുന്നു. രുചിപ്പഴമയെ തിരസ്കരിക്കാന്‍ ശീലിച്ച പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ എല്ലാ കോണില്‍ നിന്നും ശ്രമം തുടങ്ങിയിരിക്കുന്നുവെന്നത് അഭിനന്ദനീയം തന്നെ. മൌലികതയും കലാത്മകമായ പുതുസൌന്ദര്യവും പൂര്‍ണമായി അവകാശപ്പെടാവുന്ന ചിത്രങ്ങള്‍ ഇനിയുമുണ്ടാവട്ടെ.

.

One thought on “മാറ്റങ്ങളുടെ കാറ്റില്‍, തിരശ്ശീല

  1. തമിള്‍ സിനിമയില്‍ ഉണ്ടായ ഒരു ഉണര്‍വ് മലയാള സിനിമയില്‍ ഉണ്ടായില്ല…സദാചാര ഭ്രംശം അത് അല്ലെ ഈ പുതിയ വര്‍ഗ മലയാള സിനിമയില്‍ ഏറെ വന്നത്…സാള്‍ട്ട് ആന്‍ഡ്‌ പെപ്പെര്‍ ല് മലയാളിയുടെ ഭക്ഷണ പ്രിയം ..വെള്ളമടി ഇത് ഒകെ ആണ് വിഷയം…ഇതിനു ഇടയില്‍ ഇതില്‍ ഒന്നും വരാതെ സലിം അഹമെദ് സംവിധാനം ചെയ്യ്ത ആദമിന്റെ മകന്‍ അബു വന്നു…നല്ല ഒരു സിനിമ…അത് പോലെ ഒരു നല്ല അനുഭവം ആയിരുന്നു..ടി ഡി ദാസന്‍ …എന്നാല്‍ ആ സംവിധായകന്‍ നമ്മെ വിട്ടു പോയി..മലയാള സിനിമയ്ക്കു ഒരു നല്ല ഭാവി ഉണ്ടോ …ഇല്ല എന്ന് ആണ് തോന്നുന്നത്…ഗ്രാമ പ്രദേശങ്ങളില്‍ കൊട്ടകകള്‍ ഓരോന്നായി പൂട്ടി പോകുന്നു..നഗരങ്ങളില്‍ പതിയ നല്ല സൌകര്യത്തോടെ ഉയര്‍ന്ന ചാര്‍ജ് ല് ഉള്ള കൊട്ടക വരുന്നു…പാവപെട്ടവന്‍ പതിയ സിനിമ കൊട്ടകയില്‍ പോക്ക് നിര്ത്തുന്നു..അവന്‍ കള്ളാ സി ഡി കാണുകയോ..ടി വി യില്‍ സിനിമ വരുവാന്‍ കാത്തു ഇരിക്കുകയോ ചെയ്യുന്നു…

Leave a Reply

Your email address will not be published. Required fields are marked *