തമിഴിലേക്ക് ഇനിയുമുണ്ട് ഏറെയകലം

എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം-പുതു തലമുറ തമിഴ് സിനിമകള്‍ക്കും മലയാളത്തിലെ പുതു സിനിമകള്‍ക്കുമിടയിലെ ദൂരങ്ങളെക്കുറിച്ച് പി.ബി അനൂപ്

 

 

1969
എം ജി ആറിന്റെ ‘അടിമൈപ്പെണ്‍’ റിലീസായ നാളുകള്‍.
ചെന്നൈയിലെ തീയേറ്ററില്‍ തിങ്ങിനിറഞ്ഞ കാണികള്‍. ‘മക്കള്‍തിലക’വും ആജന്മവൈരി എം എന്‍ നമ്പ്യാരും തമ്മിലുള്ള വാള്‍ പയറ്റുരംഗം.ശ്വാസമടക്കിപ്പിടിച്ചിരിക്കുകയാണ് എല്ലാവരും. തീപാറുന്ന പോരാട്ടത്തിനിടെ എം ജി ആറിന്റെ വാള്‍ തെറിച്ചുപോയി
കാണികളില്‍ നിന്ന് ഒരാള്‍ തന്റെ അരയിലിരുന്ന പേനാകത്തിയെടുത്ത് സ്ക്രീനിനുനേരെ എറിഞ്ഞുകൊണ്ട് ആക്രോശിച്ചു ” എന്‍ ഉയിരിനും ഉയിരാന വാദ്ധ്യാരെ സാവടിച്ചിട് അന്ത പൊറുക്കി പയലേ… ” ( എന്റെ ജീവന്റെ ജീവനായ വാദ്ധ്യാരെ, ആ തെമ്മാടിയെ കുത്തി കൊല്ലൂ… )

2010
ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവ നാളുകള്‍.
തിരയെത്തൊട്ട് തീരം നിറയെ സിനിമാക്കാഴ്ചകള്‍. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും മാധ്യമ പ്രതിനിധികള്‍ക്കുമായി ഏര്‍പ്പെടുത്തിയ സ്വീകരണച്ചടങ്ങ്. പന്‍ജിം നഗരത്തെത്തൊട്ടൊഴുകുന്ന മാണ്ഡവി നദിയുടെ ഓളപ്പരപ്പിലൂടെ ഒഴുകുന്ന ഉല്ലാസനൌക. ആഘോഷങ്ങള്‍ പൊടിപൊടിക്കുന്നു. ആള്‍ക്കൂട്ടങ്ങള്‍ക്ക് പിടിതരാതെ നിശബ്ദനായി ഒരാള്‍. വസന്തബാലന്‍. തമിഴ്തിരൈ ഉലകം ആഘോഷിക്കുന്ന നവതരംഗത്തിനൊപ്പം ക്യാമറവെച്ചയാള്‍. സംസാരിച്ചപ്പോള്‍ പതിഞ്ഞ സ്വരത്തില്‍ വളരെക്കുറച്ച് മറുപടി മാത്രം. തമിഴകത്തെ ഹിറ്റ്മേക്കര്‍ ഷങ്കറിന്റെ പ്രിയ ശിഷ്യനായിരുന്നെങ്കിലും വസന്തബാലന്‍ വഴിമാറിയായിരുന്നു നടന്നത്. അങ്ങനെ കാമ്പും കരുത്തുമുള്ള ചെറുചിത്രങ്ങളിലൂടെ തന്റേതായ ഇടം നേടി. ‘അങ്ങാടിത്തെരു’ മികച്ച അഭിപ്രായവും പ്രേക്ഷകപ്രീതിയും നേടി ആ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ സ്ഥാനം നേടി.

തന്റെ സിനിമാ സങ്കല്‍പ്പങ്ങളും സ്വപ്നങ്ങളും വസന്തബാലന്‍ പങ്കുവെച്ചു.
സത്യന്‍ അന്തിക്കാടിന്റെ ആദ്യകാല സിനിമകള്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കുന്ന വസന്തബാലന് പക്ഷെ പുതിയ മലയാള സിനിമകളോട് അത്ര പഥ്യം പോരാ. മികച്ച പ്രതികരണം നേടിയ പുതിയ ചില മലയാള സിനിമകളെക്കുറിച്ച് ഞാന്‍ വാചാലനായെങ്കിലും വസന്തബാലന്‍ സമ്മതിച്ചുതന്നില്ല. ചില സിനിമകള്‍ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് തലകുലുക്കുക മാത്രം ചെയ്തു. ‘ഞങ്ങള്‍ എണ്‍പതുകളിലും തൊണ്ണൂറുകളിലും കാട്ടിത്തന്ന വഴിയിലൂടെയാണ് ഇന്ന് നിങ്ങള്‍ സഞ്ചരിക്കുന്നതെന്ന്’ മലയാള സിനിമയുടെ ഗതകാല പ്രൌെഢി ഓര്‍ത്ത് എല്ലാ മലയാളികളെയുംപോലെ ഞാന്‍ പറഞ്ഞപ്പോള്‍ വസന്തബാലന്‍ വിയോജിച്ചു. ‘ശരിയാണ് നല്ല മാതൃകകള്‍ മലയാള സിനിമാലോകത്തുണ്ടായിരുന്നു. അവ ഞങ്ങളുടെ സിനിമാമോഹങ്ങള്‍ക്ക് നിറം പകര്‍ന്നു എന്നതും നേര്. പക്ഷെ, ഞങ്ങളെ വഴി നടത്തിച്ചത് വീര ചരിതങ്ങള്‍ക്കിടയിലും തമിഴ് മണ്ണിന്റെ മണമുള്ള സിനിമകള്‍ ചെയ്ത ചില ഒറ്റയാന്മാരാണ്… പിന്നെ, തീര്‍ത്തും മലയാളിയുടേതെന്നും മലയാളി ജീവിതത്തിന്റെ ഭാഗമെന്നും പറയാവുന്ന എത്ര നവതരംഗ സിനിമകള്‍ ഇന്ന് മലയാളിത്തിലുണ്ടാകുന്നുണ്ട്?.”
ധീരമായ ചുവടുവെപ്പുകളെന്നു പറഞ്ഞ് നമ്മള്‍ വിജയമാഘോഷിച്ച പല ചിത്രങ്ങള്‍ക്കും ഹോളിവുഡിലും ലാറ്റിനമേരിക്കയിലുമുള്ള പിതൃത്വം മനസ്സിലോര്‍ത്ത് മറുപടി മൌനത്തിലൊതുക്കി.

ശരിയാണ്,ചെന്നൈയിലെ നോര്‍ത്ത് ഉസ്മാന്‍ റോഡില്‍ പോതീസ് മുതല്‍ സരവണസ്റ്റോഴ്സ് വരെ നീണ്ട് കിടക്കുന്ന ടെക്സ്റയില്‍ ഷോപ്പുകളിലെ പുതുപുത്തന്‍ വസ്ത്രങ്ങളുടെ പകിട്ടും പെരുമയും മാത്രമേ എല്ലാവരും അറിഞ്ഞിരുന്നുള്ളൂ. നാലുകാശ് കയ്യില്‍ വരുമ്പോള്‍ മനസ്സിലുള്ള മുതലാളിത്ത ഭാവം ആദ്യം പുറത്തെടുക്കുക ടെക്സ്റയില്‍ ഷോപ്പുകളിലാണല്ലോ. വലിച്ചു വാരിയിട്ട വസ്ത്രങ്ങള്‍ക്ക് മുന്‍പില്‍ നിസ്സഹായരായി പുഞ്ചിരിച്ചു നില്‍ക്കുന്ന ടെക്സ്റയില്‍ ഷോപ്പുകളിലെ ജീവനക്കാരുടെ ജീവിതവ്യഥകള്‍ അങ്ങാടിത്തെരുവിലൂടെ വസന്തബാലന്‍ പറഞ്ഞു. പടം കണ്ടിറങ്ങിയ ശേഷം ഓരോ തവണ തുണിക്കടയില്‍ പോയി ഓരോ വസ്ത്രങ്ങള്‍ക്കും നേരെ വിരല്‍ ചൂണ്ടുമ്പോഴും കൈ അറിയാതെ വിറയ്ക്കും. നമുക്ക് മുന്‍പില്‍ വിനയാന്വിതരായി നില്‍ക്കുന്ന ജീവിതങ്ങളെ ഓര്‍ത്ത് മനസ്സുപിടയ്ക്കും. ‘വര്‍ണ്ണ വസ്ത്രങ്ങളുടെ ആ തെരുവില്‍ ഒരുപാട് നിറംമങ്ങിയ ജീവിതങ്ങളുണ്ട് അവയിലേക്ക് ക്യാമറവയ്ക്കുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ‘^ വസന്തബാലന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞു നിര്‍ത്തി. ഞാന്‍ ഓര്‍ത്തു, നമുക്കുമുണ്ടല്ലോ ദിനവും മാനംമുട്ടെ വളരുന്ന ‘ജൌെളിക്കടകള്‍’ നിറഞ്ഞ എം ജി റോഡും പാലസ് റോഡുമെല്ലാം. ആരും അവിടത്തെ ജീവിതം പറഞ്ഞില്ലല്ലോ!

ഒന്നര വര്‍ഷത്തിന്റെ ഇടവേളക്കു ശേഷം ഞാന്‍ വസന്തബാലനെ വീണ്ടും കണ്ടു. മധുരാനഗരത്തിന്റെ ചരിത്രം പറയുന്ന സു വെങ്കിടെശന്റെ ‘കാവല്‍ കോട്ടം’ എന്ന നോവല്‍ ‘അറവാന്‍’ എന്നപേരില്‍ സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് വസന്തബാലന്‍. വസന്തബാലന്റെ ആ തീരുമാനത്തെ ശരിവെയ്ക്കും വിധത്തില്‍ പിന്നീട് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ‘കാവല്‍ കോട്ടത്തെ’ തേടിയെത്തി.” ഇതൊരു ചരിത്രത്തെ, ഇന്നലെകളെ പിന്തുടരലാണ്. ഒരു മടക്കയാത്ര ” പുതിയ സിനിമയെക്കുറിച്ച് വസന്തബാലന്‍ പറഞ്ഞു.
ഇത്രയും ഓര്‍മ്മകള്‍. അതവിടെ നില്‍ക്കട്ടെ കാര്യത്തിലേക്ക് കടക്കാം.

 

 

തമിഴകത്തിന്റെ മാറ്റം
വസന്തബാലനെ സ്വാധീനിച്ച സത്യന്‍ അന്തിക്കാട് ഇന്ന് ഭൂതകാലത്തിന്റെ ഗ്രാമീണ ഹാങ്ങ് ഓവറുകളില്‍ ഊര്‍ധ്വന്‍ വലിച്ച് പിടിച്ചു നില്‍ക്കുകയാണ്. തമിഴിലെ മുന്‍നിര നടന്മാരെല്ലാം എന്നും ആരാധനയോടെ പറയുന്ന നമ്മുടെ സൂപ്പര്‍ നടന്മാര്‍ പ്രായ ബോധമില്ലാതെ കാസിനോവ കളിച്ച് നടക്കുന്നു. മറുനാട്ടില്‍ എല്ലാം ഗംഭീരം, നമ്മുടെ നാട്ടിലെ ചിത്രങ്ങള്‍ മോശം എന്ന മുന്‍ധാരണയൊന്നും എനിക്കില്ല.

തമിഴ്നാട്ടില്‍ ഇറങ്ങുന്ന എല്ലാചിത്രങ്ങളും ബോക്സ് ഓഫീസ് റെക്കാര്‍ഡുകള്‍ തകര്‍ക്കുകയാണെന്ന ധാരണ തെറ്റാണ്. പക്ഷെ എക്കാലത്തു അഭിമാനിക്കാവുന്ന ഒരുപാട് നല്ലചിത്രങ്ങള്‍ കോളീവുഡില്‍ ഓരോവര്‍ഷവും ഇറങ്ങുന്നുണ്ട്. വര്‍ത്തമാനകാല തമിഴ് ജീവിതവും ചരിത്ര ബോധവുമായും തമിഴ് പുതുതലമുറ ചിത്രങ്ങള്‍ കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്നതാണ് ഇവയെ നവമലയാള ചിത്രങ്ങിളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ സിനിമയുടെ പേരില്‍ മലയാളി ‘പടിഞ്ഞാറു’നോക്കിയായപ്പോള്‍ തമിഴന്‍ അവനവന്റെ ഉള്ളിലേക്ക് തന്നെയാണ് നോക്കിയത്. കൃത്യമായി പറഞ്ഞാല്‍ തമിഴന്‍ കൂടുതല്‍ തമിഴനായി എന്ന് അര്‍ത്ഥം.

വേരുകളിലേക്കുള്ള മടക്കം
മണിരത്നത്തില്‍ നിന്ന് ഭാരതിരാജയിലേക്കുള്ള ദൂരമാണ് പുതിയകാല തമിഴ് സിനിമയുടെ സ്ക്രീന്‍ സ്പെയ്സ്. അത് ഒരേസമയം ആഗോളവും അതിലേറെ തദ്ദേശീയവുമാണ്. തമിഴന്റെ ജീവിത പരിസരങ്ങള്‍ സൂക്ഷമായി അടയാളപ്പെടുത്തുമ്പോഴും ലോകത്തെവിടെയുമുള്ള മനുഷ്യജീവിതവുമായും ‘ന്യൂ ജനറേഷന്‍’ തിമിഴ് സിനിമകളെ ചേര്‍ത്തുവായിക്കാന്‍ കഴിയും. രാജപ്പാര്‍ട്ട് സിനിമകളുടെയും നായക വീരേതിഹാസങ്ങളുടെയും അതിഭാവുകത്വ ഭാരങ്ങളില്‍ നിന്ന് തമിഴ് സിനിമയെ പൂര്‍ണ്ണമായും മോചിപ്പിച്ചത് കെ ബാലചന്ദറും ജെ മഹേന്ദ്രനുമാണ്. ‘ മഹേന്ദ്രന്‍ തന്റെ ‘ഉതിരിപ്പൂക്കള്‍’ എന്ന സിനിമയില്‍ ചെയ്ത വിസ്മയങ്ങളുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിഞ്ഞാല്‍ ഒരു സംവിധായകനെന്ന നിലയില്‍ താന്‍ സന്തുഷ്ട്ടനാണെന്ന്’ ഒരിക്കല്‍ മണിരത്നം പറയുകയുണ്ടായി.

ബാലചന്ദറും മഹേന്ദ്രനും തുറന്നിട്ട പാതയിലൂടെ തമിഴ് സിനിമയുടെ യഥാര്‍ത്ഥ ആത്മാവ് കണ്ടെടുക്കുകയായിരുന്നു ഭാരതീരാജയും ബാലു മഹേന്ദ്രയും. ഇരുവരിലും തമിഴ് തന്മയത്വ ബോധം ശക്തമായിരുന്നു. ബാലു മഹീന്ദ്രയില്‍ അത് പുറമേക്ക് അത്ര പ്രകടമായിരുന്നില്ലെങ്കില്‍, തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന് ‘തെന്‍മേര്‍ക്ക് പരുവകാറ്റെന്ന്’ കാവ്യാത്മകമായി ‘കറുത്തമ്മയിലൂടെ’ രേഖപ്പെടുത്തിയ ഭാരതീരാജയില്‍ തമിഴ് സ്വത്വബോധം ഒരുതരം തീവ്രദേശീയതയുടെ തലത്തില്‍ നിറഞ്ഞു നിന്നു. തേനിയില്‍ നിന്നെത്തിയ രണ്ടു രാജമാര്‍ ( ഭാരതീരാജയും ഇളയരാജയും ) തമിഴ് സിനിമയ്ക്ക് പുതിയൊരു ദൃശ്യ താള ബോധം നല്‍കി. സത്യത്തില്‍ കോടമ്പാത്തിന്റെ അതിരുകളില്‍ നിന്ന് തെക്കന്‍ തമിഴ് ഗ്രാമങ്ങളിലേക്ക് ഇവര്‍ സിനിമയെ പറിച്ചുനട്ടു. ദ്രാവിഡ ബോധത്തിന്റെ കണ്ടെടുപ്പ്. തമിഴ് സിനിമയെ ആഗോളതലത്തില്‍ പ്രതിനിധാനം ചെയ്യുകയായിരുന്നു മണിരത്നം. കൂട്ടിന് കമലഹാസ്സനും. മുംബൈ ചേരിയിലെ തമിഴ് സ്വതബോധത്ത്തിന്റെ വീണ്ടെടുപ്പായിരുന്നു ‘ നായകന്‍ ‘. ഉത്തരേന്ത്യക്കാരനോടുള്ള ഒരുതരം കൊമ്പുകോര്‍ക്കല്‍. ‘റോജ’യിലെ നായകന്‍ മറ്റിടങ്ങളില്‍ ‘ഭാരതത്തെക്കുറിച്ച്’ പാടിയപ്പോള്‍ തമിഴ്നാട്ടില്‍ മാത്രം ‘തമിഴാ… തമിഴാ..’ എന്നാണ് പാടിയത്.

മണിരത്നം പിന്നീട് ഈ തമിഴ് ‘പിടിവാശികള്‍’ ഉപേക്ഷിക്കുകയും ”ആഗോള പൌര’നാകാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തതോടെ മണിരത്നത്തിന്റെ അടിത്തറ ഇളകി. ഇത് അദ്ദേഹത്തിന്റെ സമീപകാല സിനിമകളുടെ ജയപരാജയ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് തമിഴ് കടലോര ഗ്രാമങ്ങളുടെ കഥ പറയുന്ന പുതിയ സിനിമയുമായി മണിരത്നം എത്തുന്നത്. തമിഴ് സിനിമയിലെ പുതുനിര സംവിധായകരില്‍ ഭൂരിഭാഗം പേരും ബാലു മഹേന്ദ്രയേയോ ഭാരതീരാജയെയോ ഗുരുസ്ഥാനത്ത് നിര്‍ത്തുന്നവരാണ്. നമ്മള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും തമിഴിലെ പുതുതലമുറ സംവിധായകരില്‍ മുന്‍ തലമുറയുടെ തമിഴ് ദേശീയ ബോധം ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നു. ഈ തമിഴ് ദേശീയവാദം എല്ലാപുത്തന്‍ ചിത്രങ്ങളിലും വ്യക്തമാണ്.

 

 

കീഴാള നായക സ്വരൂപങ്ങള്‍
വെണ്ണതോല്‍ക്കുന്ന ഉടലുമായി എം ജി ആര്‍ ‘റിക്ഷാക്കാരനായി’ ആടിപ്പാടിയ ഇടത്ത് ഇന്ന് സിനിമയുടെ സൌന്ദര്യ ശാസ്ത്ര സങ്കല്‍പ്പങ്ങളെ കീഴ്മേല്‍ മറിക്കും വിധത്തില്‍ ‘കീഴാള’ നായക രൂപങ്ങള്‍ ഉണ്ടാകുന്നു. ‘ വസന്തമാളികയില്‍’ നായകനായ ശിവാജി ഗണേശന്‍ മരിക്കുന്നതിനാല്‍ തീയേറ്ററുകള്‍ തകര്‍ത്ത നാട്ടില്‍ നായകനെ നായിക മരണത്തിന് ഒറ്റികൊടുക്കുന്ന ചിത്രങ്ങള്‍ കലക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കുന്നു.

ബോധപൂര്‍വ്വമായ ശാഠ്യങ്ങളിലൂടെയും നിര്‍ബന്ധ ബുദ്ധികളിലൂടെയും നിലനിന്നു പോരുന്നതാണ് തമിഴ് സംസ്കൃതി. തമാശനടന്‍ വിവേക് വാണിജ്യ സിനിമകളില്‍ പറയുന്ന തമാശകളില്‍ പോലും ഭാരതീയാരും തിരുവള്ളുവരും നിറഞ്ഞു നില്‍ക്കുന്നുണ്ട്. പാട്ടെഴുത്തുകാരി താമര ദ്രാവിഡ മിത്തുകളും പഴയ തമിഴ് പ്രയോഗങ്ങളും ബോധപൂര്‍വ്വം തന്റെ ഓരോ പാട്ടുകളിലും ഉള്‍പ്പെടുത്തുന്നു. അടുത്തിറങ്ങിയ ചിത്രങ്ങളില്‍ ഏറെ ശ്രദ്ധേയമായ ‘ മയക്കം എന്നയി’ല്‍ അന്താരാഷ്ട്ര ഫോട്ടോഗ്രഫി പുരസ്ക്കാരം ഏറ്റുവാങ്ങിക്കൊണ്ട് വിദേശികള്‍ക്കു മുമ്പില്‍ നായകന്‍ തന്റെ മനസ്സ് തുറക്കുന്നത് തമിഴിലാണ്. ഇത്തരം സാംസ്ക്കാരിക നിലപാടുകളെ അതിഭാവുകത്വങ്ങളില്ലാതെ മുഴച്ചു നില്‍ക്കാതെ അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് തമിഴ് പുതുനിര സംവിധായകരുടെ മികവ്. ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കാം. പക്ഷെ പേരിലുമുണ്ട് പലതും. ഭരതനും പദ്മരാജനും ചിത്രങ്ങളുടെ പേരിലെ മലയാളിത്വം കൊണ്ട് നമ്മെ വിസ്മയിപ്പിച്ചവരാണ്. എന്നാല്‍ ഇന്ന് ഭാഷയുടെ ‘കോക്ടെയിലു’കളാണ് കാഴ്ച്ചക്കാരന് മുമ്പിലെത്തുന്നത്. ഹോളീവുഡ് സിനിമയുടെ സ്വഭാവമുണ്ടായിരുന്നിട്ടും ഒരു ‘ഗെയിം ഷോ’ രീതിയില്‍ എടുത്ത ചിത്രത്തിന് തമിഴ് ഭാഷയില്‍ പരമ്പരാഗത ചീട്ടുകളിയ്ക്ക് പറയുന്ന’ മങ്കാത്ത ‘ എന്ന പേരിട്ടതും ഉദാഹരങ്ങളാണ്.

സാങ്കേതികത്തികവു മാത്രമല്ല പുതുമ
സാങ്കേതികത്തികവിലും ദൃശ്യാഖ്യാന ശൈലിയിലെ മാറ്റങ്ങളിലും മാത്രമായി നമ്മുടെ സിനിമാ യൌവനം ഒതുങ്ങി എന്നതാണ് യാഥാര്‍ത്ഥ്യം. മലയാളി ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കൃത്യമായി ഒരു സിനിമയും രേഖപ്പെടുത്തുന്നില്ല. കൊച്ചിയെ ആഗോള ഭീകരതയുടെയും അധോലോക മാഫിയയുടെയും തലസ്ഥാനമാക്കി. മട്ടാഞ്ചേരിയെ സിസിലിയാക്കി. ഇതൊക്കെയാണ് നമ്മുടെ നവതരംഗം. കുറെ സ്ലോമോഷന്‍ ഷോട്ടുകളും എഡിറ്റിംഗ് മികവും അവകാശപ്പെടാവുന്ന ഇത്തരം ചിത്രങ്ങള്‍ എന്ത് മലയാളിത്വമാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് എന്ന് മഷിയിട്ടു നോക്കണം. സാങ്കേതിക മികവിനൊപ്പം പറയാനൊരു മികച്ച കഥയും, വ്യതസ്ത ശൈലിയും ഓരോ തമിഴ് നവതരംഗ ചിത്രത്തിനുമുണ്ട്. ‘കാതല്‍’, ‘വെയില്‍’, ‘പരുത്തിവീരന്‍’, ‘മൈന’, ‘കളവാണി’, ‘എങ്കെയും എപ്പോതും’, ‘ആയിരത്തില്‍ ഒരുവന്‍’, ‘ആടുകളം’, ‘നാന്‍ മഹാന്‍ അല്ലൈ’, ‘ യുദ്ധം സെയ്’ എന്നിങ്ങനെ ഒരുപാട് സിനിമകള്‍ നല്ല സിനിമകള്‍ക്ക് പര്യായമാകുന്നതും.

മിഷ്ക്കിന്‍ മുതല്‍ ലിങ്കുസ്വാമിവരെയുള്ള തമിഴിലെ പുതുനിര സംവിധായകര്‍ ഏറെ ആരാധനയോടെ കാണുന്ന മലയാളി സംവിധായകന്‍ ഭരതനാണ്. ഭരതന്റെ ഓരോ ഫ്രെയ്മുകളിലൂടെയും കേരളത്തിന്റെ തനിമയറിയാന്‍ കഴിയുന്നുണ്ടെന്നാണ് ഇവര്‍ പറയാറ്. ചൂണ്ടിക്കാണിക്കാന്‍ മറ്റൊരു പാതി ഭരതനെങ്കിലും പുതു തലമുറയില്‍ നമുക്കില്ലാതെ പോയി. കഥാപരമായും പ്രമേയപരമായും വേറിട്ടുനില്‍ക്കുന്ന നമ്മുടെ പല പടങ്ങളും വിദേശ സിനിമകളില്‍ നിന്ന് കടം കൊള്ളുന്നു. ‘ആദമിന്റെ മകന്‍ അബു’വിനെപ്പോലുള്ള ചില നല്ല അപവാദങ്ങള്‍ ഇല്ലെന്നല്ല. എങ്കിലും പുതിയ സിനിമകള്‍ എവിടെയോ നടക്കുന്ന ഒരു സിനിമ എന്ന തോന്നല്‍ എപ്പോഴും കാഴ്ചക്കാരന് നല്‍കുന്നുണ്ട്.

 

 

ഉള്ളിലേക്കുള്ള നടത്തങ്ങള്‍
ജഗതിയുടെ ഒരു കഥാപാത്രം പറയുംപോലെ ഡോക്റ്റര്‍ ഷിവാഗോ ഡോക്റ്റര്‍ ശിവപ്രസാദാകുന്ന പോലെ. അവിടെയാണ് രാമനാഥപുരത്തിന്റെ രക്തപങ്കിലമായ കഥപറഞ്ഞ ‘സുബ്രഹ്മണ്യപുരവും’ ഊട്ടിയുടെ പശ്ചാത്തലത്തില്‍ സ്നേഹം പങ്കുവെച്ച ‘ദൈവത്തിരുമകളും’ ഉള്‍പ്പെടെ ചിത്രങ്ങള്‍ മാതൃകകളാകുന്നത്. ആറു മലയാളിക്ക് നൂറു മലയാളമുള്ള നാടാണ് നമ്മുടേത്. എന്നിട്ടും മലയാളിയുടെ പ്രാദേശിക ഭേദങ്ങളെ കൃത്യമായി ക്യാമറയിലൊപ്പാന്‍ മലയാള സിനിമയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. സംഭാഷണങ്ങളിലെ പ്രാദേശിക വൈരുദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായിരുന്നു ‘ രാജമാണിക്യവും ( തിരുവനന്തപുരം ശൈലി ) ‘ അവന്‍ ഇവനും ( തേനി ശൈലി ) രണ്ടും ചിത്രങ്ങളും തമ്മില്‍ അജഗജാന്തര വ്യത്യാസങ്ങളുണ്ട്. വാണിജ്യ സിനിമകളുടെ നെടുംതൂണുകളായ പല സംവിധായകരും പ്രായശ്ചിത്തമെന്നോണം നല്ല ചെറു ചിത്രങ്ങളുടെ നിര്‍മ്മാതാക്കളാകുന്നു എന്ന വാണിജ്യപരമായ കാവ്യ നീതിയും തമിഴകത്തുണ്ട്. ശങ്കര്‍, മുരുഗദോസ് എന്നിവര്‍ നിരന്തരം നിര്‍മ്മാതാക്കളുടെ കുപ്പായമണിയുന്നത് ഉദാഹരണം. ഭാഗ്യത്തിന് നമുക്കൊരു രഞ്ജിത്തുണ്ട് എന്ന് പറയാം.

ഹൃദയം കൊണ്ട് കഥപറയാതെ അന്യന്റെ കടം വാങ്ങിയ തലച്ചോര്‍ കൊണ്ട് ചിന്തിച്ച് സിനിമകള്‍ പടച്ചുവിടുന്നതിന്റെ ഉദാഹരമായിരുന്നു സെക്കന്റ് ഷോ എന്ന ഒടുവിലിറങ്ങിയ ചിത്രം പോലും. സുബ്രഹ്മണ്യപുരത്തിന്റെ ഹാങ്ങ് ഓവര്‍ പലപ്പോഴായി ‘സെക്കന്റ് ഷോ’യില്‍ കാണാം. താന്‍പോരിമയും തല്ലുകൊള്ളിത്തരവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന മധുര രാമനാഥപുരം ഭാഗങ്ങളില്‍ ജീവിതത്തിന്റെ ഭാഗം തന്നെയാണ് വയലന്‍സും. എന്നാല്‍ സാധാരണ ഒരു മലയാളി സമൂഹത്തില്‍ അതിന് എന്ത് പ്രസക്തി?
അതെ, കഥയില്‍ ചോദ്യമില്ല.

9 thoughts on “തമിഴിലേക്ക് ഇനിയുമുണ്ട് ഏറെയകലം

 1. നല്ല അവലോകനം…വസ്തുനിഷ്ഠം…thank you Anoop.

  പക്ഷെ, ഈ അനൂപ്‌ തമിഴനേയും തമിഴ്നാടുമായി ബന്ധപ്പെട്ട എന്തിനെയും കുറിച്ചു എഴുതിയത് വായിക്കുമ്പോള്‍ വല്ലാത്ത ഒരു വിമ്മിഷ്ടം അനുഭവപ്പെടുന്നു…എനിക്കറിയാം അതെന്‍റെ കുറ്റമാണെന്ന്…അനൂപിന്‍റെ മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള ലേഖനം വായിച്ചത് മുതലാണ്‌ എനിക്ക് ഇങ്ങനെ ഒരു രോഗം പിടിപെട്ടത് എന്ന് തോന്നുന്നു… 🙂

 2. അനൂപ്‌ അറിയുന്നു, പക്ഷെ മനസ്സിലാക്കുന്നില്ല..

  അവസാന വാചകങ്ങളില്‍ അനൂപ്‌ കൃത്യമായി ചോദിക്കുന്നുണ്ട്, വയലന്സിനു മലയാളി സമൂഹത്തില്‍ എന്താണ് പ്രസക്തി എന്ന്. എന്നിട്ടോ? ഒരു പ്രസക്തിയുമില്ല എന്ന് തിരിച്ചറിഞ്ഞ് അമലങ്ങളും വിമലങ്ങളും നിര്‍മ്മലങ്ങളുമായ നമ്മുടെ ഗ്രാമങ്ങളെ നമ്മുടെ സ്ക്രീനുകളിലെത്തിക്കുന്ന അന്തിക്കാട്ടെ കുഞ്ഞേട്ടനോട് പുച്ഛം.

  ഇല്ല അനൂപ്‌, നമുക്ക് ടി-നഗര്‍ ഇല്ല. ഉണ്ടെങ്കില്‍ വിനയനെപ്പോലുള്ള സംവിധായകര്‍ ‘അങ്ങാടിത്തെരുവ്’ എന്നെ നമുക്ക് തന്നേനെ. അല്ലെങ്കിലും അങ്ങാടി നമ്മള്‍ പണ്ടേ കണ്ടതാ. ഒരു തെരുവ് ഇട്ടതാണോ വസന്തബാലന്റെ ഈ പറയുന്ന മിടുക്ക്?
  (പാലസ് റോഡിനെ ടി-നഗറിനോട് താരതമ്യം ചെയ്യുകയോ? ലജ്ജാവഹം. ഖാദര്‍ നവാസ് ഖാന്‍ റോഡിനോട് ഒപ്പം നില്കുകില്ലേ നമ്മുടെ പാലസ് റോഡ്‌?)

  നമുക്കുള്ളതില്‍ നിന്നല്ലേ കണ്ടെത്താനാവൂ? നമുക്ക് രാമനാതപുരവും കൊടുവാളുമില്ല. ഉള്ളത് വരിക്കാശ്ശേരി മനയും, കൊടുവാളിനെക്കാള്‍ നീളമുള്ള കിണ്ടിവാലുമാണ്. അത് നമ്മള്‍ ആവോളം പ്രയോഗിക്കുന്നുമുണ്ട്. ത്രിത്താലയോളം വരുമോ ഈ തേനി? തമ്ബ്രാനോളം വരുമോ രാജ? നമുക്ക് മറീനയില്ല, ഉള്ളത് കുട്ടനാടാണ്. എഴുപുന്ന തരകനും ജലോത്സവവും തമിഴില്‍ എടുക്കാന്‍ പറ്റുമോ?

  പോട്ടെ, ഇന്ത കാലത്തേക്ക് വരാം.
  – നിരപ്പിനു നല്ല ഹൈ-വെ പണിതിട്ട കാരണം ഒരു ബിലാല്‍ കോളനിയില്‍ കൂടി ജീപ്പോടിക്കേണ്ട കഥ തമിഴ്നാട്ടില്‍ ഇനി നടക്കുമോ?
  – വാസ്കോ ഡിഗാമ വന്നതെവിടെ? തൂത്തുക്കുടീലോ തുരുത്തുമാലീലോ? കൊടുവാളിനോ ഉറുമിക്കോ ഗമ?
  – തമിഴ്നാട്ടില്‍ കീഴാളന്മാര്‍ എപ്പോഴും ഷൈന്‍ ചെയ്തുതുടങ്ങിയാല്‍ വെങ്കിടിക്ക് ഭാര്യയെ വളക്കാന്‍ നോക്കുന്നുവനെ പിടിക്കാന്‍ കൊച്ചിയില്‍ തന്നെ വരേണ്ടേ?
  – വിദേശകാര്യ സെക്രട്ടറിമാരും യൂഎന്‍ അണ്ടര്‍ സെക്രട്ടറിമാരുമൊക്കെ ഉള്ളത് മലബാരിലോ അതോ ആര്‍ക്കൊട്ടോ? അച്യുതമേനോന്‍ വീട് വില്‍ക്കുന്നപോലെ അപ്പാവുചെട്ടിക്ക് മുടിയുമാ?

  അങ്ങനെയങ്ങനെ…

  • I partialy agrees with your views, well there are always good films in Tamil and they are making movies based on theams relevent to their life style and the same may not be interesting to our tastes. we simply cannot make village based movies just because Tamil movies are done in that way. But it is a painful fact that our so called new model movies are more of modern life styles rather than portraying village based stories. but you have to admit that there was a movie called TD Dassan std V1B, but it was commercial failure.

 3. Anoop .. gud.. but i cant agree wth u on “Daivathirumakal”.. it was a real copy of an english movie.. i think it is “Uncle Sam”

 4. മലയാള സിനിമ എന്നു പറയ്ന്നത് തന്നെ മലയാളികള്‍ക്ക് പുച്ഛമാണ്. അല്പം പഴയ ചിത്രങ്ങളെപ്റ്റിയാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.ഇതിനിടയില്‍ പത്മരാജന്‍, ഭരതന്‍ എന്നു ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിയിരിക്കും.അതവരുടെ കുഴപ്പമല്ല മലയാള സിനിമ അറിയാഞ്ഞിട്ടാണ്..വിട്ടേക്കൂ …. മലയാളമല്ലാതെ മറ്റൊരു ഭാഷയും നേരെ ചൊവ്വെ അറിയില്ലെങ്കിലും അവര്‍ ഹോളിവുഡ് സിനിമകളെ പറ്റി മാത്രമേ മിണ്ടൂ.(ബുദ്ധിജീവി ആകാന്‍ പടിക്കുന്നവരാണെങ്കില്‍ ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍.)

Leave a Reply

Your email address will not be published. Required fields are marked *