എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്

കുട്ടിക്കാലത്ത് എപ്പോഴോ സിദ്ദുവിനോട് ആരാകണമെന്ന് ചോദിച്ചത് അമ്മ ലളിതയായിരുന്നു. പൈലറ്റാകണമെന്നായിരുന്നു അന്നേ സാഹസികനായ അവന്റെ ഉത്തരം. എങ്ങാനും പൈലറ്റ് ആകാന്‍ പറ്റിയിലെങ്കില്‍ ഒരു സംവിധായകനെങ്കിലും ആകുമെന്ന് അവന്റെ ഉറപ്പ്. കേള്‍വിപ്പുറത്തുണ്ടായിരുന്ന അച്ഛന്‍ അവനെ ഓടിച്ചിട്ടു പിടിച്ചു. അന്നേക്ക് തകരയും പ്രയാണവും ലോറിയും രതിനിര്‍വേദവും പോലെ ചില സിനിമകളൊക്കെയെടുത്ത് പേരുകേള്‍പ്പിച്ച സംവിധായകന്‍ ഭരതന്‍ എന്ന അച്ഛന്‍. ഒന്നുമാകാത്തവര്‍ക്ക് ധരിക്കാനുള്ളതാണോ സംവിധായകക്കുപ്പായം എന്നുചോദിച്ച അച്ഛന്റെ പിടിയില്‍ നിന്ന് അവന്‍ കുതറി മാറിയെങ്കിലും സിനിമയുടെ പിടിയില്‍ നിന്ന് അവന് രക്ഷപ്പെടാനായില്ല. ഭരതന്റെയും കെപിഎസി ലളിതയുടേയും മകന്‍ സിദ്ദാര്‍ത്ഥ് ഭരതന്റെ നിദ്ര തീയറ്ററുകളില്‍ നവഭാവുകത്വം സമ്മാനിക്കുന്നു. കാഴ്ച്ചയുടെ അച്ഛന്റേതല്ലാത്ത ചില ഉത്സാഹങ്ങള്‍ കാട്ടുന്നുമുണ്ട് അവന്റെ കാമറ. സിദ്ദാര്‍ത്ഥ് സംസാരിക്കുന്നു

 

 

– എണ്‍പതുകളുടെ ആദ്യം പുറത്തിറങ്ങിയ ഒരു ചിത്രം. അതാകട്ടെ ബോക്സ് ഓഫിസില്‍ ശ്രദ്ധകിട്ടാതെയും പോയി. അങ്ങനെയൊരു ചിത്രം വീണ്ടും നിര്‍മ്മിക്കാനുള്ള ധൈര്യം എവിടെനിന്നുകിട്ടി ?

ഇതില്‍ ധൈര്യത്തിന്റെ കാര്യമൊന്നുമില്ല. ഞാന്‍ അതേ നിദ്രയെ വീണ്ടും നിര്‍മ്മിക്കുകയല്ല ചെയ്തത്. ബോക്സ് ഓഫിസ് വിജയം എന്നത് എന്നെ ബാധിക്കുന്ന പ്രശ്നവുമല്ല. അച്ഛന്‍ 1981 ല്‍ പറഞ്ഞ ആ കഥയില്‍ എനിക്ക് ചിലത് കൂടി പറയാനുണ്ട്. അതുകൊണ്ടാണ് ഈ സിനിമ റീമേക്ക് ചെയ്യാന്‍ ശ്രമിച്ചത്. പുതിയതായി ചിലത് ആ കഥയില്‍ കൂട്ടിചേര്‍ക്കാനുള്ള ശ്രമം. അങ്ങനെ ചിലത് പറയാനാകും എന്ന് തോന്നിയതുകൊണ്ട് ആ തിരക്കഥ തിരഞ്ഞെടുത്തുവെന്നുമാത്രം. പഴയ നിദ്രയില്‍ അച്ഛന്‍ പറയാതെപോയ ചില കാര്യങ്ങള്‍ പുതിയതില്‍ തീര്‍ച്ചയായും കാഴ്ച്ചക്കാര്‍ക്ക് പ്രതീക്ഷിക്കാം. ചെറിയ ചില ഡിഫറന്‍സസ് കൊണ്ടുവരാനും ശ്രമിച്ചിട്ടുണ്ട്.

 

 

– എന്താണ് പുതിയ നിദ്രയുടെ പുതിയ കാലത്തെ പ്രസക്തി?

നിദ്രയെപ്പോലൊരു സിനിമ പുറത്തിറങ്ങിയിട്ട് കുറച്ചുകാലമായി. ഇത്രയും ഇന്റന്‍സ് ആയൊരു ലൌ സ്റോറി അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. എങ്ങനെയാണ് ഇക്കാലത്ത് ആ കഥ സ്വീകരിക്കപ്പെടുക എന്ന ആശങ്ക തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ആ ആശങ്ക തീര്‍ത്തും മാറിയിരിക്കുന്നു. സിനിമ കണ്ടവര്‍ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്.

– അപൂര്‍വമായൊരു ഭാഗ്യം കൂടി സിദ്ധാര്‍ഥിന് കിട്ടി. ചിത്രത്തില്‍ അമ്മയെ അഭിനയിപ്പിക്കാനായി?

ശരിയാണ്. എന്നെക്കാള്‍ വലിയ അപൂര്‍വ്വത അമ്മയുടെ അനുഭവമാണെന്ന് തോന്നുന്നു. 31 വര്‍ഷം മുമ്പ് ചെയ്ത അതേ വേഷമാണ് അവര്‍ ചെയ്തത്. അതും അന്ന് അച്ഛന്റെ സംവിധാനത്തിലും ഇപ്പോള്‍ മകനായ എന്റെ കൂടെയും. ഞാന്‍ അത്യന്തം എക്സൈറ്റഡ് ആയിരുന്നു ആ നിമിഷങ്ങളില്‍. അമ്മയ്ക്ക് എത്രത്തോളം ഫീല്‍ ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ല. സെറ്റില്‍ അമ്മയോട് ഞാന്‍ ആ കഥാപാത്രത്തെ എങ്ങനെ പുതിയ കാലത്തേക്ക് പറിച്ചു നടാം എന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. അന്നത്തെ കഥാപാത്രം പുതിയ കാലത്ത് എങ്ങനെ പെരുമാറും, എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നൊക്കെയായിരുന്നു ആലോചന. അങ്ങനെയൊരു സര്‍ഗാത്മക വിനിമയം ഞങ്ങളുടെ ഇടയില്‍ നടന്നു. ഒരു പ്രൊഫഷണല്‍
സമീപനത്തേക്കാള്‍ പോഴ്സണല്‍ അനുഭവം ആയിരുന്നിരിക്കണം അമ്മയ്ക്കും അത്. ഒരു നിര്‍ദേശങ്ങളും തരാതെ സംവിധായകന്റെ എല്ലാ സ്വാതന്ത്യ്രങ്ങളും തരികയായിരുന്നു അമ്മ. എന്നെ ഡയറക്ടര്‍ ആയി അമ്മ അംഗീകരിച്ചത് വലിയ നിമിഷമായിരുന്നു എനിക്ക്.

– മലയാളത്തില്‍ ഇത് പുതുനിര ചിത്രങ്ങളുടെ കാലമാണ്. ഈ മാറ്റങ്ങളുടെ കാലത്ത് പഴയൊരു പ്രമേയം പൊടിതട്ടിയെടുക്കുന്നത് വെല്ലുവിളി തന്നെയായിരുന്നില്ലേ?

ഞാന്‍ റീമേക്ക് ചെയ്യുന്നത് ഭരതന്റെ സിനിമയാണ് .അദ്ദേഹം മലയാളസിനിമയുടെ ആര്‍ക്കിടെക്റ്റുകളില്‍  ഒരാളാണ്. ഒരിക്കലും വളരെയധികം സ്വാതന്ത്യം തരുന്ന ഒരു ഉദ്യമമായിരുന്നില്ല എന്റേത്. ആ വെല്ലുവിളി തന്നെയായിരുന്നു എന്റെ ത്രില്‍. എനിക്ക് പറയാനും കൂട്ടിചേര്‍ക്കാനുമുള്ളത് പറഞ്ഞേ തീരു എന്ന ആഗ്രഹമാണ് നിദ്രയിലേയ്ക്ക് പിന്നെയും പിന്നെയും എന്നെ വലിച്ചടുപ്പിച്ചത്. എന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ പുതിയ കാലത്തോടും ആലോചനകളോടും ചേര്‍ന്ന് നില്‍ക്കുന്നതുതന്നെയാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.

3 thoughts on “എനിക്ക് ചിലത് കൂട്ടിച്ചേര്‍ക്കാനുണ്ട്

  1. നിദ്രാടനം

    പഴയ ചില ചിത്രങ്ങളും ഇപ്പോള്‍ റീമേക്ക് പണിപ്പുരയില്‍ ആണ്. നീലത്താമര എന്ന എം ടീ ചിത്രം ലാല്‍ ജോസിന്റെ കരവിരുതിലൂടെ മറ്റൊരു പതിപ്പായി കുറച്ചു കാലം മുന്‍പ് ഇറങ്ങിയതാണ്. ലാല്‍ ജോസ് അത് തരക്കേടില്ലാത്ത രീതിയില്‍ പുനരവതരിപ്പിച്ചിരുന്നു. എന്തുകൊണ്ട് നീലത്താമര എന്ന് ഞാന്‍ അപ്പോള്‍ ചിന്തിച്ചിട്ടുണ്ട്. എം ടീയുടെ എത്രയോ നല്ല സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. മുറപ്പെണ്ണോ , ഓളവും തീരവുമോ , ഒന്നും ഈ കാലത്തിന്റെ സൃഷ്ടികളാവാതെ മറഞ്ഞിരുന്നപ്പോള്‍ ഒരു സാധാരണ കഥയായ നീലത്താമര മുഖം മിനുക്കി വന്നു. വലിയ പ്രത്യേകതകള്‍ ഒന്നും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു തിരക്കഥ മാത്രം ആയിരുന്നു അത്. പഴയതിനെ മുറിപ്പെടുത്താതെ അതിലും നന്നായി തന്നെ പുതിയത് ഇറങ്ങിയതില്‍ സന്തോഷം. എന്നാല്‍ രതിനിര്‍വേദം പഴയത് പോലെ പുതിയത് മികച്ചതായി തോന്നിയില്ല. രതിനിര്‍വേദത്തിന്റെ രതിയിളക്കം മലയാള സിനിമ കച്ചവടക്കാരെ പഴയ നീലചിത്രങ്ങളിലേക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചിരിക്കയാണ്. അതുകൊണ്ടാവും അവളുടെ രാവുകളും, ചട്ടക്കാരിയും അണിയറയില്‍ ഒരുങ്ങുന്നത്.. ഇതിനിടയില്‍ മറ്റൊരു ചിത്രം പുനരവതിരിച്ചിരിക്കയാണ്. ഭരതന്റെ ക്ലാസിക് സിനിമയായ നിദ്ര , മകന്‍ സിദ്ധാര്‍ത് ഭരതന്‍ തന്റെ ആദ്യ സിനിമയായി മിനുക്കലോടെ പുറത്ത് ഇറക്കിയിരിക്കുന്നു. കണ്ടു. അച്ഛന്റെ പാതയില്‍ തന്നെ മകനും എന്ന് നിസ്സംശയം പറയാം. ഭരതന്റെ ഏറ്റവും നല്ല സൃഷ്ടി തന്നെ ഇദ്ദേഹം തിരഞ്ഞെടുത്തതില്‍ നമുക്ക് സന്തോഷിക്കാം. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ആ ഒരു പിരിമുറുക്കം നിലനിര്‍ത്താന്‍ തിരക്കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. തിരക്കഥ രചനയില്‍ സന്തോഷ്‌ എച്ചിക്കാനത്തോടൊപ്പം സിദ്ധാര്‍ത്തും ഉള്ളതായി കണ്ടു. നല്ല ദൃശ്യ ഭംഗിയോടെ നിദ്ര ചിത്രീകരിക്കാന്‍ സിദ്ധാര്‍ത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് അഭിമാനിക്കാം . അച്ഛന്റെ പേര് വീണ്ടും ഉയരങ്ങളിലേക്ക് , പ്രേക്ഷകരുടെ ഓര്‍മ്മകളിലേക്ക് തിരികെ കൊണ്ടുവരാന്‍ ഒരുങ്ങിയ ഒരു മകന്റെ സ്വപ്നം സഫലീകരിച്ചിരിക്കയാണ്. പല സീനുകളിലും ഭരതേട്ടന്‍ ഓര്‍മ്മകളിലേക്ക് തള്ളിക്കയറി വരും. മനുഷ്യ മനസ്സിന്റെ വിഭ്രമാവസ്ഥയുടെ ഏറ്റിറക്കങ്ങള്‍ പ്രേക്ഷകരിലും ചലനങ്ങള്‍ സൃഷ്ടിക്കും. രാജു ( സിദ്ധാര്‍ത്ഥ് ഭരതന്‍ ) വിന്റെ മാനസ്സിക തെറ്റുന്ന സീനുകളില്‍ എല്ലാം വെളിച്ചത്തിന്റെ മങ്ങി മറയല്‍ കാണിച്ചത് നന്നായിട്ടുണ്ട്. നായികയായ് വന്ന റീമ കല്ലിങ്കല്‍ താന്‍ ഇത്തരം റോളുകളില്‍ കസറും എന്ന് തെളിയിച്ചിരിക്കുന്നു. കൂടുതല്‍ പറയാന്‍ നില്‍ക്കുന്നില്ല . കൊച്ചു ഭരതന്‍ അവതരിപ്പിച്ച ഈ സുന്ദര ചിത്രം കാണുക……

  2. ഭരതൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഇഷ്ടപ്പെടും നിദ്ര. അത്രയ്ക്ക് നന്നായി സിദ്ധാർത്ഥ് തന്റെ ജോലി ചെയ്തിട്ടുണ്ട്. ഇതുവരെ മലയാളത്തിൽ വന്നിട്ടുള്ളതിൽ ഏറ്റവും മികച്ച റീമേക്ക് ‘നിദ്ര’ യാണെന്ന് നിസ്സംശയം പറയാം.

  3. Good film. I feel bad that the theaters pulled this from showing before the word gets out there. If it is still playing near you, go and watch it.

Leave a Reply

Your email address will not be published. Required fields are marked *