നുണക്കഥകള്‍ എനിക്ക്

പുതുതലമുറ സിനിമകളുടെ ആഘോഷങ്ങളില്‍ പലപ്പോഴും ഇടം കിട്ടാതെ മാറിനില്‍ക്കാറുള്ള സവിശേഷ യത്നങ്ങളാണ്‌ പുതുതലമുറ ഹ്രസ്വചിത്രങ്ങള്‍.ലോകത്തേയും ജീവിതത്തേയും വ്യത്യസ്തമായി സമീപിക്കുന്ന നിരവധി ചിത്രങ്ങളാണ്‌ കഴിഞ്ഞ വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയത്. മലയാള സിനിമയുടെ നടപ്പ് ശീലങ്ങളെ കടന്നാക്രമിക്കുന്ന അനേകം ചിത്രങ്ങളും അതില്‍ പെടുന്നു. കോഴിക്കോട് പ്രൊവിഡന്‍സ് കോളേജ് വിദ്യാര്‍ഥിനി അഖില ഹെന്‍റിയുടെ “നുണക്കഥകള്‍” ആ നിരയില്‍ സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. സ്വന്തം സിനിമയെക്കുറിച്ചും അതിന്റെ ചിത്രീകരണാനുഭവങ്ങളെക്കുറിച്ചും അഖില സംസാരിക്കുന്നു. ഒപ്പം ‘നുണക്കഥകളുടെ’ കാഴ്ചാനുഭവം പങ്കുവെയ്ക്കുന്നു സീന ആന്റണി.

 

 

ഞാന്‍ സിനിമ പഠിച്ചിട്ടില്ല. ഡിഗ്രി സെക്കന്‍റ്യിറിന് പഠിക്കുമ്പോള്‍ കൊച്ചിയിലെ നാഷനല്‍ ഫിലിം പ്രമോഷന്‍ കൌണ്‍സിലിന്റെ (NFPC) ഒരു നോട്ടീസ് കണ്ടു. കാംപസ് കുട്ടികളില്‍ നിന്നും സിനിമ ക്ഷണിക്കുന്നു എന്ന്. അന്ന് എഴുത്തോ വായനയോ ഒന്നും നടക്കാത്ത ഭയങ്കര ഡിപ്രസ്സിങ്ങ് ആയ ഒരവസ്ഥയിലായിരുന്നു ഞാന്‍. എന്റെ ക്രിയേറ്റിവ് സൈഡ് മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞിരുന്ന ഒരു പ്രണയമായിരുന്നു അതിന് കാരണം. അതിന്റെ വെഷമം ഇങ്ങനെ വല്ലതിലും involved ആയാല്‍ തീരുമോ എന്നാലോചിച്ചു. തിരക്കഥയെഴുതാന്‍ തുടങ്ങി. അത് ചെറുതല്ലാത്ത ഒരാശ്വാസം തന്നിരുന്നു. എന്നിട്ടും കുറച്ച് നാളുകള്‍ക്ക് ശേഷം ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് ഞാന്‍ ഹോസ്പിറ്റലിലായി. അവിടെവെച്ച് എന്റെ അമ്മ സിനിമ ചെയ്യാനുള്ള പൈസ തരാമെന്ന് പറഞ്ഞു. അങ്ങനെ എന്താണെന്നോ ഏതാണെന്നോ ഒന്നുമറിയാതെയാണ് ഞാന്‍ എന്റെ ആദ്യ സിനിമയായ ‘ wake me up… when I die’ എടുക്കുന്നത്. ഷോട്ട് ഡിവിഷനോ കണ്‍ടിന്വിറ്റിയോ ഒന്നും എന്താണെന്ന് അറിയില്ലായിരുന്നു. സുഹൃത്തുക്കള്‍ സഹായിച്ചു.

എന്റെ കോളെജിലെത്തന്നെ കുട്ടികളും സുഹൃത്തുക്കളുമാണ് അഭിനയിച്ചത്. കാമറമാനും, അസ്സിസ്റ്റന്റും, ആര്‍ട്ടിസ്റ്റ്സും, ഞാനും മാത്രമുള്ള ഒരു കുഞ്ഞു യൂണിറ്റ്. ബന്ധങ്ങളുടെ സങ്കീര്‍ണതകളിലൂടെ കടന്ന് പോകുന്ന ഒരു പെണ്‍കുട്ടിയുടെ കഥയായിരുന്നു അത്. ആ സിനിമ എഡിറ്റ് ടേബിളിലെത്തിക്കഴിഞ്ഞാണ് സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കുറച്ചെങ്കിലും ഒരൈഡിയ കിട്ടിയത്. അങ്ങനെ കിട്ടിയ പുതിയ അറിവുകളുടെ ധൈര്യത്തിലാണ് എന്തായാലും രണ്ടാമതൊരു സിനിമ ചെയ്യണമെന്നുറച്ചത്. (ആ പുതിയ അറിവുകളൊക്കെ വളരെ അടിസ്ഥാനപരമായ കുഞ്ഞു കാര്യങ്ങളായിരുന്നുവെന്ന് അധികം വൈകാതെ മനസ്സിലായി.) wake me up ന് ആ വര്‍ഷത്തെ VIBGYOR ഫിലിം ഫെസ്റ്റിവലില്‍ best upcoming director ക്കുള്ള അവാര്‍ഡ് ലഭിച്ചു. NFPC യുടെ മത്സരത്തില്‍ പ്രോത്സാഹന സമ്മാനവും.

 

 

രണ്ടാമത് സിനിമ ചെയ്യുമ്പോള്‍ ആദ്യത്തേതിനുണ്ടായിരുന്ന കുറവുകളെല്ലാം പരിഹരിച്ച് പെര്‍ഫെക്ട് ആക്കണമെന്നായിരുന്നു ആഗ്രഹം. അതുകൊണ്ട് കുറേ സുഹൃത്തുക്കളോട് സഹായം ചോദിച്ചു. ശിക്കാറില്‍ വില്ലനായഭിനയിച്ച ജെയ്ന്‍ ആ സമയത്ത് എന്റെ ഫേസ്ബുക് ഫ്രന്റായിരുന്നു. ജെയ്നോട് അഭിനയിക്കാമോ എന്ന് ഞാന്‍ ചോദിച്ചു. യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. പക്ഷെ ജെയ്ന്‍ സമ്മതിച്ചു. പിന്നീട് കൊറെ തവണ അന്നങ്ങനെ പറയാനുള്ള കാരണം ഞാന്‍ ചോദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. പ്രൊഡക്ഷനിലെ ബാക്കിയെല്ലാവരും ജെയ്ന്റെ കൂട്ടുകാരായിരുന്നു.

അവരുടെ സഹായം ഒന്നുകൊണ്ട് മാത്രമാണ് എനിക്കീ സിനിമ ചെയ്യാന്‍ സാധിച്ചത്. കോട്ടയത്തുവെച്ചായിരുന്നു ഷൂട്ട്. ഷൂട്ടിന് ഒരാഴ്ച മുമ്പ് ഞങ്ങളെല്ലാവരും മാന്നാനത്തുള്ള പെണ്ണമ്മഭവനം എന്ന വീട്ടീല്‍ താമസിച്ച് സിനിമയെക്കുറിച്ച് കുറെ സംസാരിച്ചിരുന്നു. അതെനിക്ക് മറക്കാനാവാത്ത ഒരോര്‍മയാണ്. സിനിമയ്ക്ക് മുമ്പ് സാധാരണയായി നടക്കാറുള്ള ചര്‍ച്ച എന്നു പറയുന്ന പ്രോസെസ്സാണതെന്നൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് മുഴുവന്‍ ക്രൂവുമായി വളരെ പെഴ്സണലും ഇന്‍റ്റിമേറ്റുമായ ഒരു ബന്ധം അവിടെ സ്ഥാപിക്കപ്പെടുകയായിരുന്നു. ആ വീടിന്റെ ambience ും ഒന്ന് വേറെ തന്നെയാണ്.പക്ഷെ ഷൂട്ടിങ്ങ് സമയത്ത് ഞങ്ങള്‍ തമ്മില്‍ തെറ്റി. ബഡ്ജറ്റൊക്കെ കണക്കിലെടുത്താല്‍ മൂന്ന് ദിവസം മാത്രമേ ഷൂട്ട് പാടുള്ളൂ. മൂന്നാമത്തെ ദിവസവും കഴിഞ്ഞ് അടുത്ത ദിവസം പുലര്‍ച്ച മൂന്ന് നാല് മണി വരെ ഷൂട്ട് നീണ്ടു. അവസാനത്തേയ്ക്ക് വെച്ചിരുന്ന ഒരു ഷോട്ട് മാത്രം ബാക്കിയായി.

സിനിമയില്‍ സ്മൃതി എന്ന കഥാപാത്രം കൈയ്യിലെ ഞരമ്പ് മുറിക്കുന്നതായിരുന്നു അത്. ഞാന്‍ മനസ്സില്‍ കണ്ടിരുന്ന രീതിയില്‍ ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുന്നതും ആ മുറിവിലൂടെ ചോര കിനിയുന്നതും ഒരുമിച്ച് കിട്ടണം. പക്ഷെ അത് artificial ആയി എങ്ങനെ ചെയ്യുമെന്ന് ആര്‍ക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. ഉണ്ടായാലും അത് ഏര്‍പ്പാടാക്കാനുള്ള പൈസയുമുണ്ടായിരുന്നില്ല. ഞാന്‍ ശെരിക്കും കൈയ്യില്‍ വരയാമെന്ന് പറഞ്ഞു. ആ ഒരു സിറ്റ്‌വേഷന് ഞാന്‍ നേരത്തേ തന്നെ preparedുമായിരുന്നു. പക്ഷെ അതാര്‍ക്കും സ്വീകാര്യമായിരുന്നില്ല.

വേറെ രീതിയില്‍ അതെടുക്കുന്നതിനെക്കുറിച്ചൊക്കെ ആലോചിച്ചു. പക്ഷെ അങ്ങനെ ചെയ്യുന്നതിനൊടാണെങ്കി എനിക്ക് യോജിക്കാനും കഴിഞ്ഞില്ല. അവസാനം ഷൂട്ട് ആ ഷോട്ട് എടുക്കാതെ അവസാനിപ്പിച്ചു. പിന്നെ കുറച്ച് നാള് കഴിഞ്ഞ് തിരുവനന്തപുരത്ത് വെച്ച് നേറൊരു സുഹൃത്തിന്റെ സിനിമാഷൂട്ടിനിടയില്‍ വെച്ച് ഞാന്‍ നിര്‍ബന്ധം പിടിച്ചതുകൊണ്ട് മാത്രം അതെടുത്തു. ഇപ്പൊ ആലോചിക്കുമ്പൊ അങ്ങനെ ശാഠ്യം പിടിക്കണ്ട ആവശ്യമൊന്നും ഇല്ലായിരുന്നെന്ന് തോന്നാറുണ്ട്.

 

 

എന്റെ വാശികളെക്കാളൊക്കെ വലുതായിരുന്നൂ, ഇക്കാരണം കൊണ്ട് എനിക്ക് നഷ്ടപ്പെട്ട ബന്ധങ്ങള്‍ എന്നും. പക്ഷെ ചെലപ്പൊ ഈ വാശി നല്ലതാണെന്നും എനിക്ക് തോന്നാറുണ്ട്. വാശിപിടിച്ചെടുത്ത ആ ഷോട്ട് സിനിമയില്‍ അത്ര നന്നായിട്ടൊന്നുമില്ല. സത്യം പറഞ്ഞാല്‍ ഞാന്‍ വിചാരിച്ച രീതിയില്‍ത്തന്നെ എടുക്കാന്‍ പറ്റിയ കാര്യങ്ങള്‍ വളരെ കുറവാണ്. എന്നാലും ഇത്രയെങ്കിലും ചെയ്യാന്‍ പറ്റിയല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്ക് സന്തോഷം മാത്രമാണുള്ളത്. ഞാന്‍ ഓരോ experience ല്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നു. ഏതെങ്കിലും സ്ഥാപനത്തില്‍ നിന്നും സിനിമ പഠിക്കുന്നതിനെപ്പറ്റി ഞാനിതുവരെ ഗൌരവമായി ആലോചിച്ചിട്ടില്ല. പക്ഷെ അതുണ്ടാവാന്‍ സാദ്ധ്യത കാണുന്നുണ്ട്.

 

 

കഥ പറച്ചിലിന്റെ പുതുമയേക്കാളും പ്രമേയത്തിലെ വ്യത്യസ്തതയേക്കാളും അവതരണത്തിലെ സത്യസന്ധതയും ധൈര്യവുമാണ് നുണക്കഥകള്‍’ എന്ന അഖില ഹെന്‍റിയുടെ ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കാക്കത്തൊള്ളായിരം നുണകള്‍ പൊതിഞ്ഞുനില്‍ക്കുന്ന സമകാലിക സമൂഹത്തിന്റെ ഒരു പരിച്ഛേദത്തിലെ നേരിന്റെയും നുണകളുടെയും ഇഴകളെ ക്യാമറക്കണ്ണിലൂടെ ഇഴ പിരിക്കുകയാണ് ഈ ചിത്രം. നുണക്കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ്, ഇത്തരമൊരു ഹ്രസ്വചിത്രം എടുക്കാന്‍ ധൈര്യം കാണിച്ച അഖിലയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.

മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു വൈകുന്നേരത്തെ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ട് മടുത്ത സ്ഥിരം സ്ത്രീ വേഷങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. മദ്യപിക്കുകയും പുകവലിക്കുകയും ലെസ്ബിയന്‍ ഇഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ഇതൊക്കെ നുണകളാവും എന്ന് കരുതി ആശ്വസിക്കാനാവില്ല. കാരണം, സമൂഹം വരച്ചു വച്ചിരിക്കുന്ന രൂപങ്ങള്‍ക്ക്‌ പുറത്തുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്.

ആണുങ്ങള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ‘നാട്ടുനടപ്പി’ന്റെ ഭാഗമായി അംഗീകരിക്കാന്‍ ഭൂരിപക്ഷത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍ ഒരു സ്ത്രീ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താല്‍, ആരോഗ്യപ്രശ്നത്തേക്കാള്‍ സദാചാര പ്രശ്നമാണ് തലയുയര്‍ത്തുക. സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ ഈ ചിത്രത്തിലെ പെണ്‍കുട്ടികള്‍ പുകവലിച്ചും മദ്യപിച്ചും അസ്വസ്ഥമാക്കുന്നുണ്ട്. ഈ അസ്വസ്ഥതക്ക് നേരെയുള്ള സംവിധായികയുടെ പ്രതികരണം ശ്രദ്ധിക്കുക: ‘Smoking and drinking are injurious to health. But, that does not mean you can’t enjoy them!’

സ്ത്രീകഥാപാത്രങ്ങളുടെ പൊളിച്ചെഴുത്ത് ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദൃശ്യമാണ്. ഏത്‌ അച്ചിലേക്കും ഒഴിച്ച് ഇഷ്ടമുള്ള രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അസംസ്കൃത വസ്തുവാണ് സ്ത്രീകളെന്ന യാഥാസ്ഥിതിക ബോധത്തെ ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ചോദ്യം ചെയ്യുന്നു. കാമുകനൊപ്പം കിടക്ക പങ്കിടുമ്പോള്‍ ‘നമുക്കിന്നു പുതിയത് എന്തെങ്കിലും try ചെയ്യാം’ എന്ന് പറയുന്ന പെണ്‍കുട്ടിയും ‘കല്യാണം കഴിഞ്ഞാല്‍ അവന്‍ കുടിക്കുന്നത് നോക്കി വെള്ളമിറക്കി കുത്തിയിരിക്കാനേ പറ്റൂ’ എന്ന് അസ്വസ്ഥതയോടെ പറയുന്ന മുസ്ലിം പെണ്‍കുട്ടിയും സിനിമയുടെ പുതുഭാഷയാണ്‌ സംസാരിക്കുന്നത്.

20 മിനിട്ട് നീളുന്ന ചിത്രം സാങ്കേതികമായ മികവു പുലര്‍ത്തുമ്പോഴും കഥയുടെ സ്വാഭാവികമായ പറച്ചിലില്‍ ചിലയിടത്ത് വിടവുകള്‍ ദൃശ്യമാണ്. ഉദാഹരണത്തിന്, ചിത്രത്തിലെ ആനി എന്നാ കഥാപാത്രം, തൊട്ടടുത്ത മുറിയില്‍ ആത്മഹത്യാശ്രമം നടത്തുന്ന പെണ്‍കുട്ടിയെ യാദൃശ്ചികമായാണ് കാണാനിട വരുന്നത് എന്നാണ് സംവിധായിക പറയാന്‍ ശ്രമിച്ചതെങ്കിലും, ആ യാദൃശ്ചികത ഒരു ആശയക്കുഴപ്പം ആയിട്ടാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ തമ്മില്‍ യുക്തിപരമായി ബന്ധിപ്പിക്കുന്നതില്‍ സംവിധായിക വിജയിക്കാത്തത് കൊണ്ട് തന്നെ ചിത്രം കഴിയുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയാവും. അതേസമയം ആനിയേയും മുസ്ലിം പെണ്‍കുട്ടിയെയും അതീവ മനോഹരമായി, വളരെ സ്വാഭാവികമായി സംവിധായിക ബന്ധിപ്പിക്കുന്നുണ്ട്.

സമൂഹം പറഞ്ഞു ശീലിപ്പിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മരണം / ആത്മഹത്യ ആണ് ഒരു രക്ഷാമാര്‍ഗം എന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥിരം കണ്ടെത്തലുകള്‍ക്ക് അപ്പുറത്തേക്ക് കൃത്യമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നതിലും ചിത്രം പരാജയപ്പെടുന്നു.

എങ്കിലും, അത്‌ ആസ്വാദനത്തെ അലോസരപ്പെടുത്തുന്നില്ല. മോഷ്ടിച്ചതും അല്ലാത്തതുമായ സംഗീതത്തിന്റെയും പാട്ടിന്റെയും ചിത്രത്തിലെ അവസരോചിതമായ ഉപയോഗവും എടുത്തുപറയേണ്ടതുണ്ട്.

സത്യസന്ധമായ ചലച്ചിത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചെറുചിത്രം ആവേശം നല്‍കും. സ്വയംഭോഗം, വിവാഹപൂര്‍വ(?) ലൈംഗികത, പ്രണയം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സദാചാര സങ്കല്പങ്ങളുടെ ഭാരമില്ലാതെ തുറന്ന് പറയുന്ന ഈ ചിത്രം തീര്‍ച്ചയായും നിങ്ങളെ അസ്വസ്ഥരാക്കും. കേട്ടും കണ്ടും പരിചയിച്ചും തഴക്കം വന്നുപോയ ചില ധാരണകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.

കെട്ടിക്കിടക്കുന്ന വെള്ളത്തിന്‌ സ്വസ്ഥതയുണ്ട്, ഒഴുക്കുള്ള വെള്ളത്തിന്‌ തെളിമയുണ്ട്. എന്നാല്‍ ഒഴുക്കിനെതിരെയുള്ള ചലനമാണ് ശ്രമകരം. അത്തരം ശ്രമങ്ങളേ ചലനങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ! അങ്ങനെയുള്ള ഒരു ചലനമാണ് ‘നുണക്കഥകള്‍’. അഖിലക്ക് നൂറുമ്മ 🙂

[സീനാ ആന്റണി ഇപ്പോള്‍ കോയമ്പത്തൂരില്‍ മാധ്യമപ്രവര്‍ത്തകയായി ജോലിചെയ്യുന്നു.]

11 thoughts on “നുണക്കഥകള്‍ എനിക്ക്

  1. Akhila’s articles in Malyal.am were incredibly thought provoking and readable. Would like to watc this film. How can I get a copy of it?

  2. മന്നാനത്തെ പെണ്ണമ്മ ഭവനം ഏതാണ്നെന്നു ജൈനിനോടെ ചോദിച്ചിട്ട് പറയാമോ അതോ അതും നുണകഥയണോ?

  3. I have watched this movie in vibgyor.And I like it. i agree with what Seena Antony has written.That was really a daring game. i appreciate the girl. Bravo and cheers.
    she will understand in future that most of the love affairs are failures. Some of them fail before marriage and the rest after marriage.and she will also understand that most of the men run after new females.

Leave a Reply

Your email address will not be published. Required fields are marked *