മുറിവുകളുടെ ഈ കുഞ്ഞുടല്‍ ഒരു കഥയല്ല, പ്രതീകം മാത്രം

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു- സ്മിത മീനാക്ഷി എഴുതുന്നു

 

 

ഇക്കഴിഞ്ഞ ജനുവരി പതിനെട്ടിന് ദില്ലിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ ട്രോമ സെന്ററില്‍ ഒരു കുഞ്ഞു ജീവന്‍ ചികിത്സ തേടിയെത്തി, രണ്ടു വയസ്സുകാരി ഫലക്. അവളുടെ അമ്മ എന്നവകാശപ്പെട്ട് അവിടെയെത്തിച്ച പെണ്‍കുട്ടിയ്ക്ക് പ്രായം പതിനാല്. മുറിവുകളായിരുന്നു ഫലകിന്റെ കുഞ്ഞുശരീരത്തില്‍ നിറയെ. പരുക്കുകളില്ലാത്ത ഒരിടവുമില്ല. തലയോട്ടി പലയിടത്ത് പൊട്ടിയിരുന്നു, രണ്ടു കയ്യും ഒടിഞ്ഞു, ദേഹമാസകലം കടിച്ചു മുറിവേല്‍പ്പിച്ച പാടുകള്‍ , പൊള്ളിക്കരിഞ്ഞ കവിളുകള്‍.

ആ കിടപ്പിന് ഇന്നേക്ക് 46 ദിവസം പിന്നിടുന്നു. കുട്ടി അപകട നില തരണം ചെയ്തതായി കഴിഞ്ഞ ദിവസം ആശുപത്രി പുറത്തിറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. രക്ഷാസാധ്യത വളരെ കുറഞ്ഞ അവസ്ഥയില്‍ ചികിത്സ തുടങ്ങിയ ഡോക്ടര്‍മാര്‍ക്ക് ഇപ്പോഴാണ് സമാധാനമായത്. കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതായും സാധാരണ അവസ്ഥയിലേക്ക് അവള്‍ ചെന്നെത്തുന്നതായും ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, ചികില്‍സക്കു ശേഷം കൊച്ചു ഫലക്കിന്റെ ജീവിതം എന്താവും എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അമ്മക്ക് കുഞ്ഞിനെ വിട്ടുനല്‍കിയാലും തെരുവുജീവിതം തന്നെയാവും അവള്‍ക്കാശ്രയം. സര്‍ക്കാറിന്റെയോ സന്നദ്ധ സംഘടനകളുടെ ഭാഗത്തുനിന്നോ മുന്‍കൈ ഉണ്ടായില്ലെങ്കില്‍ ഫലകിന്റെ ജീവിതം മുറിവുകളിലേക്കു തന്നെ പതിക്കാനാണിട. ഫലകിന്റെ കഥ കേട്ട് ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി വ്യക്തികള്‍ ദത്തെടുക്കാമെന്ന് വാഗ്ദാനം നല്‍കി ആശുപത്രിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയാണ്.

തീര്‍ച്ചയായും, ഫലക് ഒരു കണ്ണീര്‍ കഥയല്ല. ഇന്ത്യന്‍ ഗ്രാമീണ സ്ത്രീ-ശിശു ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാണ്. തകര്‍ന്നും മുറിഞ്ഞും വേദനിക്കുന്ന, ഇനിയും ശ്വാസം നിലയ്ക്കാത്ത പ്രതീകം.

 

ഫോട്ടോ: അശ്വതി സേനന്‍

 

ആ പെണ്‍കുട്ടിയാര്?
സംഭവത്തെക്കുറിച്ച പോലീസ് അന്വേഷണം അമ്പരപ്പിക്കുന്ന വിവരങ്ങളിലേക്കാണ് ചെന്നുകൊള്ളുന്നത്. അമ്മ എന്ന് സ്വയം അവകാശപ്പെട്ട പെണ്‍കുട്ടി പറഞ്ഞത്, ഫലകിന്റെ പരുക്കുകള്‍ ഒരു വീഴ്ചയിലുണ്ടായതാണ് എന്നാണ്. എന്നാല്‍, അതു കള്ളമെന്ന് പരിശോധനകളില്‍ തെളിഞ്ഞു. പിന്നീട്, താന്‍ ഫലക്കിന്റെ അമ്മയല്ലെന്നും രാജ്കുമാര്‍ എന്ന പുരുഷന്‍ വളര്‍ത്താനേല്‍പ്പിച്ച കുഞ്ഞാണതെന്നും അവള്‍ സമ്മതിക്കുക തന്നെ ചെയ്തു.

ആ പതിനാലുകാരിക്കുമുണ്ട്, ഞെട്ടിക്കുന്ന ഭൂതകാലമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. അവള്‍ക്ക് അമ്മയില്ല. അച്ഛന്റെ കൂടെയാണ് താമസം. അയാളുടെ ഉപദ്രവങ്ങളില്‍ നിന്നു രക്ഷ നേടാന്‍ വീടു വിട്ടിറങ്ങിയവളാണ്. ചെന്നുപെട്ടതോ പെണ്‍വാണിഭക്കാരുടെ കയ്യിലും. അവളെ ഒരു വൃദ്ധനു വില്‍ക്കാന്‍ ശ്രമിക്കുകയും നടക്കാതെ വന്നപ്പൊള്‍ വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്ത ആരതി എന്ന സ്ത്രീയും പൂജ ( കല്‍ക്കട്ടയിലെ ചുവന്ന തെരുവില്‍ നിന്നാണു പൂജ എന്നു പോലീസും മാധ്യമങ്ങളും ), സന്ദീപ് എന്നിവരും ചേര്‍ന്ന് ഈ ചെറിയ പെണ്‍കുട്ടിയെ കടുത്ത ലൈംഗികപീഡനത്തിനിരയാക്കി. ക്രൂരമായ പീഡനങ്ങളില്‍നിന്നും മോചനം വാഗ്ദാനം ചെയ്താണ് രാജ്കുമാര്‍ എന്ന പുരുഷന്‍ അവളെ ഏറ്റെടുത്തത്.ഭാര്യയും മക്കളുമുള്ള രാജ്കുമാര്‍ അവളെ സ്വീകരിച്ചതിനു പിന്നില്‍ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ മാത്രമായിരുന്നു.

 

ഫോട്ടോ: അശ്വതി സേനന്‍

 

ആരാണ് ഫലക്?
പതിനാലുകാരിയായ വളര്‍ത്തമ്മയിലൂടെ തുടങ്ങിയ അന്വേഷണത്തിലൂടെ ഇതുവരെ വെളിപ്പെട്ട ഫലകിന്റെ ജീവിതം ഇങ്ങനെയാണ്:

ബീഹാര്‍ സ്വദേശിയായ മുന്നിയുടെ മകളാണ് ഫലക്. മുന്നി ചെറു പ്രായത്തിലേ വിവാഹിതയായി. ഫലക്ക് ഉള്‍പ്പടെ അവര്‍ക്ക് മൂന്നു കുട്ടികള്‍. ക്രിമിനല്‍ ആയ ഭര്‍ത്താവിന്റെ ശല്യത്തില്‍ നിന്ന് രക്ഷ നേടാമെന്ന പ്രതീക്ഷയിലാണ് മുന്നി ആയിടെ പരിചയപ്പെട്ട ശങ്കര്‍ എന്നയാളിന്റെ നിര്‍ദ്ദേശമനുസരിച്ച് 2011 സെപ്റ്റംബറില്‍ കുട്ടികളളുമായി ഡെല്‍ഹിയില്‍ എത്തിയത്. അവിടെ ലക്ഷ്മി എന്ന സ്ത്രീയുടെ അടുത്തേയ്ക്കാണ് മുന്നിയെ എത്തിച്ചത്. ലക്ഷ്മിയും ശങ്കറും ഉള്‍പ്പെട്ട പെണ്‍വാണിഭസംഘത്തില്‍ അംഗമാകാന്‍ വിസമ്മതിച്ച മുന്നിയെ രാജസ്ഥാനിലുള്ള ‘ഹര്‍പാല്‍ ‘ എന്ന കര്‍ഷകനു വിവാഹം ചെയ്തു കൊടുത്തു എന്നു പറയപ്പെടുന്നുവെങ്കിലും രണ്ടു ലക്ഷം രൂപയ്ക്ക് മുന്നിയെ വില്‍ക്കുകയായിരുന്നു. മുന്നി വിവാഹിതയാണെന്നോ കുട്ടികള്‍ ഉണ്ടെന്നോ രണ്ടാം ഭര്‍ത്താവിനറിയാത്തതിനാല്‍ കുട്ടികളുടെ രക്ഷകര്‍തൃത്വം ലക്ഷ്മി ഏറ്റെടുത്തു. കുട്ടികളെ ലക്ഷ്മിയെ ഏല്‍പ്പിച്ച്, പിന്നീടവരെ കൂടെ കൂട്ടാമെന്ന വിശ്വാസത്തില്‍ മുന്നി അയാളോടൊപ്പം രാജസ്ഥാനിലേയ്ക്ക് പോയി. ലക്ഷ്മിയാകട്ടെ കുട്ടികളെ പലര്‍ക്കായി ഏല്‍പ്പിച്ചുകൊടുത്തു. പല കൈകള്‍ മാറി മറിഞ്ഞ് കുട്ടികള്‍ എവിടെയൊക്കെയോ എത്തിപ്പെട്ടു.

ലക്ഷ്മിയുടെ അയല്‍ക്കാരന്‍ മനോജ് വഴിയാണ് (പ്രതിമ എന്ന സ്ത്രീയും ഇടനിലക്കാരായുണ്ട്) ഫലക് രാജ്കുമാറിന്റെ കൈവശം എത്തുന്നത്. രാജ്കുമാര്‍ ഭാര്യയോടൊത്ത് ഡെല്‍ഹിയില്‍ ദ്വാരകയിലാണു താമസമെന്നു പോലീസ് പറയുന്നു. അവരുടെ വികലാംഗനായ മകന്‍ അയാളുടെ മാതാപിതാക്കളോടൊപ്പം മുംബൈയിലാണ്. സ്വന്തം മകന്‍ വികലാംഗനായതുകൊണ്ടാണു ഈ കുഞ്ഞിനെ അയാള്‍ സ്വീകരിച്ചതെന്നും പറയപ്പെടുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ ഫലക്കിനെ സ്വീകരിക്കാന്‍ രാജ്കുമാറിന്റെ ഭാര്യ വിസമ്മതിച്ചു.

അയാള്‍ ആ കുഞ്ഞിനെ വളര്‍ത്താനേല്‍പ്പിച്ചത്, സെക്സ് റാക്കറ്റില്‍ നിന്നും രക്ഷപെടുത്തിയെന്ന പേരില്‍ സ്വന്തമാക്കിയ പതിനാലുകാരിയെയാണ്. അതിനിടെ രാജ്കുമാര്‍ ജനുവരി മധ്യത്തില്‍ മുംബൈയ്ക്കു പോയി. ജീവിക്കാന്‍ വഴിയും ആശ്രയവുമില്ലാതായ പതിനാലുകാരി പോറ്റമ്മ കുഞ്ഞിനെ വളര്‍ത്തുന്നതിനു പകരം ഉപദ്രവിക്കാന്‍ തുടങ്ങി. താങ്ങാനാവാത്ത മാനസികസംഘര്‍ഷങ്ങളും നിരന്തരമായി നേരിട്ട ലൈംഗിക പീഡനങ്ങളുടെ ബാക്കിപത്രവും ചേര്‍ന്ന ദൈന്യാവസ്ഥയിലായിരുന്നു അവള്‍. ഒടുവില്‍ മരിച്ചുപോകുമോയെന്ന ഭയത്തില്‍ , രാജ്കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയാണുണ്ടായത്. അവളുടെ മൊഴിയില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലീസിലറിയിച്ചതോടെയാണ് കാര്യങ്ങള്‍ പുറത്തു വരുന്നത്. മാധ്യമങ്ങളും വാര്‍ത്തയെ വിടാതെ പിന്‍തുടര്‍ന്നു.

ഒരു ഡസനോളം ആളുകള്‍ കേസില്‍ ഇതുവരെ അറസ്റിലായിട്ടുണ്ട്. മുന്നിയുടെ മറ്റു രണ്ടു കുട്ടികളെയും പോലീസ് രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടുപിടിച്ചു. ( അഞ്ചുവയസ്സുകാരന്‍ മകനും മൂന്നുവയസ്സുകാരി മകളും) ഇതുവരെ പുറത്തുവന്ന കഥകള്‍ ഇത്രയുമാണ്. ഇതു മാറുമോയെന്നോ കണ്ണികള്‍ ഇനിയും നീളുമോയെന്നോ ഒന്നുമറിയില്ല.

 

photo: smitha

 

മുള്‍മുനകളില്‍ അവരുടെ ജീവിതം
ഫലകിന്റെ കഥ അവിശ്വസനീയമാണ്. അമ്പരപ്പിക്കുന്നത്. കുത്തിമുറിവേല്‍പ്പിക്കുന്നത്. മാധ്യമങ്ങളില്‍ അത് “ബ്രേക്കിംഗ് ന്യൂസ് ” ആകുന്നുണ്ട്. പക്ഷേ ഇതൊരു ഒറ്റപ്പെട്ട കഥയല്ല എന്നതാണ് ഇവിടെ നാമോര്‍മ്മിക്കേണ്ട പ്രധാന സംഗതി. വനിതാ ശിശു സംരക്ഷണമെന്നൊരു വകുപ്പും മന്ത്രിയും ഉദ്യോഗസ്ഥരുമെല്ലാമുള്ള നമ്മുടെ രാജ്യത്ത്, ഈ കുഞ്ഞുങ്ങളുടെ രക്ഷയ്ക്കാരുമില്ല എന്നതാണ് വാസ്തവം. സദാ ജാഗരൂകമായ പെണ്‍വാണിഭ സംഘങ്ങളും കൊച്ചുകുട്ടികളെ പീഡിപ്പിക്കാന്‍ കച്ച കെട്ടിയിറങ്ങിയ ഞരമ്പുരോഗികളും ഉണര്‍ന്നിരിക്കുമ്പോഴാണ് ഈ അവസ്ഥ. അനേകം ചോദ്യങ്ങള്‍ സാധ്യമാവുന്ന സാഹചര്യം. നെഞ്ചുപിളര്‍ക്കുന്ന അനേകം ഉത്തരങ്ങള്‍ അനായാസം മുന്നിലെത്തുന്ന സ്ഥിതി.

മറ്റു നഗരങ്ങളിലെന്ന പോലെ തലസ്ഥാന നഗരിയിലെയും പരിസരപ്രദേശങ്ങളിലെയും ട്രാഫിക് ജംഗ്ഷനുകളിലും വിനോദ സഞ്ചാര ഇടങ്ങളിലും നൂറുകണക്കിനു കണക്കിനു കുട്ടികള്‍ ഭിക്ഷാടനവും ചെറിയ കച്ചവടങ്ങളുമായി ജീവിക്കുന്നു. മുഷിഞ്ഞു കീറീയ വസ്ത്രങ്ങള്‍ ധരിച്ച ഈ കുട്ടികളുടെ കഥയും ഫലക്കിന്റെ കഥയില്‍ നിന്നു വ്യത്യസ്തമാകില്ല. ശാരീരിക , ലൈംഗിക ചൂഷണങ്ങള്‍ക്ക് ചെറുപ്രായത്തിലേ ഇരകളാകുന്ന ഇവര്‍ക്ക് മുന്‍പില്‍ ഭരണകൂടത്തിന്റെ പോലീസ് പ്രത്യക്ഷപ്പെടുന്നത് രക്ഷകരായല്ല, ശിക്ഷകരായി തന്നെയാണ്. അഭയമറ്റ ബാല്യം കടന്നു കൂടും മുന്‍പ് ഈ പെണ്‍കുട്ടികളില്‍ പലരും അമ്മമാരാകുകയും ചെയ്യുന്നു.

തെരുവില്‍ മാത്രമല്ല ഈയവസ്ഥ. മാതാപിതാക്കളുടെ കൂടെ കഴിയുന്ന ഈ കുട്ടികളില്‍ നല്ലൊരു പങ്കും അരക്ഷിതാവസ്ഥയില്‍ തന്നെ കഴിയുന്നവരാണ്. ചേരിപ്രദേശങ്ങളില്‍ നിന്ന് കാണാതാകുന്ന കുട്ടികളെ തേടി ഒരു പോലീസും പോകാറില്ല. അനാഥ ശിശു ജഡങ്ങള്‍ കണ്ടുകിട്ടുന്ന വേളകളില്‍ തന്നെ ആ വാര്‍ത്തകള്‍ അപ്രത്യക്ഷമാകുകയും ചെയ്യുന്നു.

ഡെല്‍ഹിയുടെ സമീപ നഗരമായ നോയിഡയിലെ നിതാരി ഗ്രാമത്തിലുണ്ടായ കുട്ടികളുടെ കൂട്ടക്കൊല പുറത്തുവന്നത് എത്രയോ കാലത്തിനുശേഷമാണ്.എത്ര കുട്ടികളാണവിടെ കൊലചെയ്യപ്പെട്ടതെന്നുള്ള കണക്കുകള്‍ ഇനിയും കൃത്യമല്ല.

ഫലക്കിനെ ഉപദ്രവിച്ച കാര്യത്തില്‍ പ്രതിയായ പതിനാലുകാരിയും പീനനങ്ങളുടെ ഇരയായ കുട്ടിയാണ്. ഈ ചെറിയ പ്രായത്തിനുള്ളില്‍ ഉടല്‍ വാണിഭക്കാരുടെ ക്രൂരതകള്‍ക്ക് വിധേയയയായവള്‍. മുന്നി എന്ന അമ്മയും ഇതിന്റെ ഇരയാണ്. മുന്നിയുടെ ഇപ്പോഴത്തെ പ്രായം 22 വയസ്സു എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. ആ 22 കാരി മൂന്ന് കുട്ടികളുടെ അമ്മയാണ്. അപ്പോള്‍ എത്ര ചെറുപ്പത്തിലേ വിവാഹിതയായതാണ് അവളെന്നു ഊഹിക്കാന്‍ കഴിയും.

ഫോര്‍മുല 1 കാറോട്ട മത്സരവും കോമണ്‍ വെല്‍ത്ത് മേളകളും നടത്താന്‍ പ്രാപ്തമെന്നു തെളിയിച്ചഹങ്കരിക്കുന്ന ഒരു ജനാധിപത്യ രാഷ്ട്രത്തിന് സ്വന്തം പിഞ്ചു കുഞ്ഞുങ്ങളെ സരക്ഷിക്കാനാകുന്നില്ല. സ്ത്രീകളെ പരിരക്ഷിക്കാനാകുന്നില്ല. ഒരു റേഷന്‍ കാര്‍ഡോ അതുവഴി മുടങ്ങാതെ അല്പം ഭക്ഷണമോ പോലും അവര്‍ക്കു കൊടുക്കാനാകുന്നില്ല. ശാസ്ത്ര, സാങ്കേതിക , കായിക , ആണവ മുന്നേറ്റങ്ങള്‍ നമ്മള്‍ കൊണ്ടാടുമ്പോള്‍ ഫലക്കും അവളുടെ പതിനാലുകാരി പോറ്റമ്മയും മുന്നിയെന്ന അമ്മയും എല്ലാം ചോദ്യ ചിഹ്നങ്ങള്‍ മാത്രമാണ്. നാമവരെ കണ്ടില്ലെന്നു നടിക്കുന്നു.

അടിക്കുറിപ്പ്
രണ്ടു മാസം മുന്‍പ് ഒരു സായന്തനത്തില്‍ ഇന്ത്യാ ഗേറ്റിലെത്തിയ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് ഒരു പെണ്‍കുട്ടിയുടെ ശകാരവാക്കുകളാണ്, കഷ്ടിച്ച് 10- 11 വയസ്സുകാണും. തൊട്ടു മുമ്പില്‍ നില്‍ക്കുന്ന 18-20 വയസ്സുവരുന്ന ഒരു ചെറുപ്പക്കാരനെയാണവള്‍ കടുത്ത ചീത്ത വാക്കുകള്‍ കൊണ്ട് പ്രഹരിക്കുന്നത്. അവളുടെ കൂടെ പ്രായത്തില്‍ താഴ്ന്ന ഒരാണ്‍കുട്ടിയും തീരെ ചെറിയ മറ്റൊരു പെണ്‍ കുട്ടിയുമുണ്ട്. കാര്യമെന്തന്വേഷിച്ചപ്പോള്‍ അവള്‍ വിശദീകരിച്ചു.

കഴുത്തില്‍ കെട്ടിത്തൂക്കിയ പ്ലാസ്റിക് ട്രേയിലുള്ള ഇംഗ്ലീഷ് അക്ഷരങ്ങളെഴുതിച്ചേര്‍ത്ത പ്ലാസ്റിക് സമചതുരരക്കട്ടകള്‍ കൊണ്ട് റിസ്റ് ചെയിന്‍ ഉണ്ടാക്കി വില്‍ക്കുകയാണവള്‍. മുമ്പില്‍ നില്‍ക്കുന്ന ചെറുപ്പക്കാരന്‍ എഴുതിക്കൊടുത്ത പേരിന്റെ അക്ഷരങ്ങളുപയോഗിച്ച് അവള്‍ ചെയിനുണ്ടാക്കി കൊടുത്തു.അതു വാങ്ങിയ അവന്‍ പണം കൊടുക്കാതെ പോകാന്‍ തുടങ്ങുകയാണ്. അവന്റെ ഉദ്ദേശങ്ങള്‍ അതു മാത്രമോ എന്നു വ്യക്തമായിരുന്നില്ല. ഞങ്ങള്‍ ഇടപെടുന്നു എന്നു മനസ്സിലാക്കി അവന്‍ വേഗം തന്നെ കയ്യിലിരുന്ന പ്ലാസ്റിക് വള എറിഞ്ഞുകൊടുത്ത് സ്ഥലം വിട്ടു.

 

ആ പെണ്‍കുട്ടി ഞങ്ങളോട് സംസാരിക്കുന്നു

 

ഞാന്‍ ആ കുട്ടികളോട് സംസാരിച്ചു. ( എന്റെ വെറും വാക്കുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല എന്നറിഞ്ഞുകൊണ്ടുതന്നെ ) ദൂരെയെവിടെയോ ആണു നാടെന്നും അമ്മയും അച്ഛനുമൊക്കെ നാട്ടിലാണെന്നും അവള്‍ പറഞ്ഞു. താമസിക്കുന്നത് ചേച്ചിയുടെ കൂടെയാണത്രേ. ഒരു സ്ഥലത്തിന്റെയും പേര് അവര്‍ക്കറിയില്ല. കൂടെയുള്ള കുട്ടികള്‍ സഹോദരങ്ങളല്ല എന്നാണവള്‍ പറഞ്ഞത്, കൂടെ താമസിക്കുന്നവരാണെന്ന്. ഈ മൂവര്‍ കൂട്ടം പോലെ പല കൂട്ടങ്ങള്‍ പ്ലാസ്റിക് വളകള്‍ വിറ്റും , സന്ദര്‍ശകരുടെ കയ്യില്‍ മൈലാഞ്ചിയിട്ടുകൊടുത്തും പണസമ്പാദനത്തിനായി അവിടെ കറങ്ങി നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. അവര്‍ സമ്പാദിക്കുന്ന പണം അവര്‍ക്കുള്ളതായിരിക്കുകയുമില്ല. വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളെ സൌകര്യപൂര്‍വ്വം മറന്ന് ഭീരുക്കളെന്ന് സ്വയം വിളിച്ച് നമ്മള്‍ ലജ്ജിതരാകുന്നു

15 thoughts on “മുറിവുകളുടെ ഈ കുഞ്ഞുടല്‍ ഒരു കഥയല്ല, പ്രതീകം മാത്രം

 1. വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളെ സൌകര്യപൂര്‍വ്വം മറന്ന് ഭീരുക്കളെന്ന് സ്വയം വിളിച്ച് നമ്മള്‍ ലജ്ജിതരാകുന്നു

 2. athe, smitha.
  വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളെ സൌകര്യപൂര്‍വ്വം മറന്ന് ഭീരുക്കളെന്ന് സ്വയം വിളിച്ച് നമ്മള്‍ ലജ്ജിതരാകുന്നു.
  sathyam.

 3. ഇതിൽ നിന്നെല്ലാം ഏതു ദൂരം വരെ ഓളിച്ചോടാനാകും നമുക്ക്. ലജ്ജ തോന്നുന്നു.

 4. സാദാ ജനത്തിന്നു മാന്യമായി ജീവിക്കാന്‍, തൊഴിലെടുക്കാന്‍- ഒന്നിന്നും സംരക്ഷണം നല്‍കാന്‍ ആള്‍ബലമില്ല പോലും, ഫണ്ടില്ല പോലും, സൌകര്യങ്ങളില്ല പോലും!
  നാവില്‍ പലതും ചൊറിഞ്ഞു വരുന്നുണ്ട്, അക്ഷരങ്ങള്‍ വിരലില്‍ കിടന്ന് വിറയ്ക്കുന്നുണ്ട്, എങ്കിലും ഇപ്പോള്‍ ഈ ഒരു ചോദ്യം മാത്രമേ പുറത്തു വരുന്നുള്ളൂ…. നമുക്ക് വേണ്ടി നമ്മെ ഭരിക്കുന്ന മഹാന്മാരോട്;
  ചന്ദ്രനിലേക്ക് ആളെ അയക്കാനുള്ള ഏര്‍പ്പാടൊക്കെ എവിടേം വരെയായീ?
  കടപ്പാട് :- http://baijuvachanam.blogspot.com/

 5. എന്തു പറയാനാണ്! ലജ്ജിച്ച് ഇല്ലെന്നാവുന്നു.

 6. പാവങ്ങൾക്കു നേരെ മനുഷ്യൻ കണ്ണടയ്ക്കുന്നു; ദൈവങ്ങളും!
  ദു:ഖം, നിരാശ, മരവിപ്പ്…..

 7. വളരെ ചിന്തനീയമാണ് ഈ എഴുത്ത്.
  വളരെ നന്നായി.

 8. നമുക്ക് ലജ്ജിക്കുവാനും പ്രസംഗിക്കുവാനും മാത്രമേ കഴിയുന്നുള്ളൂ എന്നത് തന്നെ ഇവിടെ ക്രൂരമായ യാദാര്‍ത്ഥ്യം. തീക്ഷ്ണമായി പ്രതികരിക്കേണ്ട ഇത്തരം വാര്‍ത്തകളെയെല്ലാം പുകമറക്കുള്ളില്‍ ആക്കിക്കൊണ്ട്, അല്ലെങ്കില്‍ ഉള്‍പേജുകളിലെ കൊച്ചുകോളങ്ങളില്‍ ഒതുക്കിക്കൊണ്ട് നമ്മള്‍ ലൈംഗീക അരാജകത്വങ്ങള്‍ വായിച്ച് ആഹ്ലാദിക്കുന്നു. അതിന്റെ വിപണനമൂല്യം മനസ്സിലാക്കിയാവാം മാദ്ധ്യമങ്ങള്‍ അവക്ക് അസാമാന്യ കവറേജ് നല്‍കുന്നു. തൊട്ടതും പിടിച്ചതുമായ ചെറുതും വലുതുമായ വാര്‍ത്താപ്രാധാന്യമില്ലാത്തവ പോലും ഇത്തരത്തില്‍ നമുക്ക് മുന്‍പില്‍ പല്ലിളിക്കുമ്പോഴും നമ്മള്‍ കാണേണ്ടത് കാണുന്നില്ല.. അറിയേണ്ടത് അറിയുന്നില്ല.. പ്രതികരിക്കേണ്ട ഇത്തരം ഇടങ്ങളില്‍ പ്രതികരിക്കുന്നില്ല. നമ്മള്‍ എന്നതിലൂടെ ഉദ്ദേശിച്ചത് ഞാനോ, സ്മിതയോ അതല്ലെങ്കില്‍ ഇവിടെ മുന്‍പ് സംസാരിച്ചവരോ അല്ല, മറിച്ച് ഒരു ജനതയുടെ ഭാഗഭാഗാക്കായിരിക്കുന്ന പൊതുസമൂഹത്തെ തന്നെയാണ്.

 9. എനിക്ക്‌ വാക്കുകളില്ല. അല്ലെങ്കില്‍ വാക്കുകള്‍ക്ക്‌ എന്ത്‌ പ്രസക്തി?

 10. ഇന്ന് സാര്‍വ ദേശീയ വനിതാ ദിനം.

  അതുപോലെ ഒരു ശിശു ദിനവും ഉണ്ട്.
  ഒരു സ്വാതന്ത്ര്യ ദിനവും…….. നമുക്കെല്ലാം ഉണ്ട്

Leave a Reply to nithin Cancel reply

Your email address will not be published. Required fields are marked *