വേണമെങ്കില്‍, എനിക്കച്ഛനെ ഇടിച്ചു നിരത്താമായിരുന്നു

“ആദ്യമായി അയാളെന്നെ കീഴ്പ്പെടുത്തിയ ദിവസം ഇന്നുമോര്‍മയിലുണ്ട്” ഹസാന പറഞ്ഞുതുടങ്ങി. “അത് ബലാത്സംഗമായിരുന്നു. വേറൊരു വാക്കും ഉപയോഗിക്കാനില്ല. ഓരോ തവണ അങ്ങനെ ചെയ്യുമ്പോഴും അനുജത്തി മുറിയിലുണ്ടെന്ന കാര്യം അയാള്‍ ഉറപ്പുവരുത്തി. ഞാന്‍ കരയുകയോ നീങ്ങുകയോ ചെയ്താല്‍ അവളെഴുന്നേല്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അവളിതു കാണേണ്ടെന്നു കരുതി ഞാന്‍ മിണ്ടാതെ, അനങ്ങാതെ കിടന്നു”-ക്വാനിറ്റ അണ്ടര്‍വുഡിനെക്കുറിച്ചുള്ള ഫീച്ചറിന്റെ അവസാന ഭാഗം

 

 

ചരിത്രത്തിലാദ്യമായി ഈവര്‍ഷം ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയ വനിതാ ബോക്സിങില്‍ അമേരിക്കയുടെ മെഡല്‍ പ്രതീക്ഷയാണ് 27കാരിയായ ക്വാനിറ്റ അണ്ടര്‍വുഡ്. അഞ്ചുതവണ ദേശീയ ചാംപ്യനായ ക്വാനിറ്റ ലൈറ്റ് വെയ്റ്റ് ലോകറാങ്കിങ്ങില്‍ നാലാമതാണ്. സ്വന്തം പിതാവിന്റെ ലൈംഗിക അതിക്രമങ്ങളെ ഭയന്ന് ഉറക്കമിളച്ചിരുന്ന നാളുകളില്‍നിന്നാണ് ലോകമറിയുന്ന കായികതാരമയി ക്വനിറ്റ വളര്‍ന്നത്.

ബാരി ബെരാക്

വീട്ടകങ്ങളില്‍ ഉറ്റവരാല്‍ പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കാനുള്ള ശ്രമങ്ങളില്‍ സജീവമായ ക്വാനിറ്റയുടെ ജീവിതം ഇച്ഛാശക്തിയുടെ ഇതിഹാസമാണ്. പുലിറ്റ്സര്‍ സമ്മാനജേതാവും ന്യൂയോര്‍ക്ക് ടൈംസ് ലേഖകനുമായ ബാരി ബെരാക് പകര്‍ത്തിയ ക്വനിറ്റയുടെ ജീവിതം ഫെബ്രുവരി 11ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. ‘ജീവിക്കുന്ന ദു:സ്വപ്നം’ എന്ന ശീര്‍ഷകത്തിലുള്ള ഫീച്ചറിന്റെ സ്വതന്ത്ര വിവര്‍ത്തനം രണ്ട് ഭാഗങ്ങളായി നാലാമിടം പ്രസിദ്ധീകരിക്കുന്നു. വിവര്‍ത്തനം രാകേഷ്.

FIRST PART:
‘ആര്‍ത്തി പിടിച്ച ആ കാലടികള്‍ എന്റെ അച്ഛന്റേതായിരുന്നു’

 

 

അത് ബലാത്സംഗമായിരുന്നു
ഗ്രേറ്റ് നോര്‍ത്ത് റോഡിലെ ഇളം പച്ചനിറത്തിലുള്ള വീട്ടിലായിരുന്നു അണ്ടര്‍വുഡ്സ് കുടുംബം താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മൂന്നു കിടപ്പുമുറികളും ഹാളും. ക്വാനിറ്റയ്ക്ക് അന്ന് പത്തു വയസ്, ഹസാനയ്ക്ക് പന്ത്രണ്ടും. സിയാറ്റിലില്‍ വച്ചുതന്നെ അസദ് ഹസാനയുടെ ശരീരത്തില്‍ കൈവെച്ചുതുടങ്ങിയിരുന്നു. ഇപ്പോള്‍ വലിയൊരു കട്ടിലില്‍ മക്കള്‍ ചേര്‍ന്നുകിടക്കുന്നതു കാണുമ്പോള്‍ അയാള്‍ കൂടുതല്‍ ആക്രമണകാരിയായി.

“ആദ്യമായി അയാളെന്നെ കീഴ്പ്പെടുത്തിയ ദിവസം ഇന്നുമോര്‍മയിലുണ്ട്” ഹസാന പറഞ്ഞുതുടങ്ങി. “അത് ബലാത്സംഗമായിരുന്നു. വേറൊരു വാക്കും ഉപയോഗിക്കാനില്ല. ഓരോ തവണ അങ്ങനെ ചെയ്യുമ്പോഴും അനുജത്തി മുറിയിലുണ്ടെന്ന കാര്യം അയാള്‍ ഉറപ്പുവരുത്തി. ഞാന്‍ കരയുകയോ നീങ്ങുകയോ ചെയ്താല്‍ അവളെഴുന്നേല്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അവളിതു കാണേണ്ടെന്നു കരുതി ഞാന്‍ മിണ്ടാതെ, അനങ്ങാതെ കിടന്നു”.
പക്ഷേ, ക്വാനിറ്റ എല്ലാം കാണുന്നുണ്ടായിരുന്നു. കുറേക്കാലം അവള്‍ ഉറക്കം നടിച്ചുകിടന്നു. പിന്നെപ്പിന്നെ ‘ഉറക്കത്തില്‍’ ശബ്ദമുണ്ടാക്കി. അതോടെ അസദ് മുറിയില്‍ നിന്ന് ഹസാനയെ എടുത്തുകൊണ്ടുപോയി. അടുത്തുള്ള മക്ഡൊണാള്‍ഡ്സ് റെസ്റ്റോറന്റില്‍ ടാമില നൈറ്റ്ഡ്യൂട്ടിക്ക് പോകുന്നുണ്ടായിരുന്നു. അതോടെ അസദിന്റെ മൃഗതുല്യ കാമത്തിന് തടസങ്ങളൊന്നുമില്ലാതായി.

ചേച്ചിയെക്കുറിച്ചോര്‍ത്ത് പേടിച്ച ക്വാനിറ്റ ഇതെങ്ങനെ തടയാനാകും എന്നു ചിന്തിച്ചുതുടങ്ങി. “ഹസാനയെ മുറിയില്‍ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയാലുടന്‍ ഞാനെണീറ്റ് കുളിമുറിയില്‍ പോകും. വെറുതെ ടോയ്ലറ്റ് ഫ്ളഷ് ചെയ്യും, ശബ്ദമുണ്ടാക്കും, വാതിലില്‍ മുട്ടും, എന്നിട്ടു ചോദിക്കും ഹസാന നീ എവിടെ പോയി? അപ്പോളയാള്‍ ഹസാനയെക്കൊണ്ട് മറുപടി പറയിക്കും, പോയി ഉറങ്ങിക്കോ, എല്ലാം ഓക്കെയാണ്” ആ രാത്രികളെക്കുറിച്ച് ക്വാനിറ്റയോര്‍ക്കുന്നത് ഇങ്ങനെ.
ചിലപ്പോള്‍ കരഞ്ഞുകൊണ്ടാകും ഹസാന മുറിയിലേക്ക് മടങ്ങിവരുക. പക്ഷേ, രാത്രി സംഭവിച്ച കാര്യങ്ങളെക്കുറിച്ചൊന്നും സഹോദരിമാര്‍ പകല്‍ സംസാരിച്ചില്ല. പറയാന്‍ അറപ്പുള്ളതുകൊണ്ടാകാം, സ്വതവേ മിണ്ടാട്ടം കുറഞ്ഞ ആ കുട്ടികള്‍ അതെല്ലാം മൌെനത്തില്‍ പൊതിഞ്ഞുവച്ചു.

തനിക്കു സംഭവിക്കുന്ന നാണക്കേട് കൊടിയ രഹസ്യമായി ഹസാന മനസില്‍ തന്നെ സൂക്ഷിച്ചു. പക്ഷേ ശരീരത്തിലേറ്റ അഴുക്ക് തന്നെ മറ്റുള്ളവര്‍ക്ക് കാട്ടിക്കൊടുക്കുമെന്ന് അവള്‍ ഭയപ്പെട്ടു. ‘സ്കൂളില്‍ പഠിക്കുമ്പോള്‍ എല്ലാവരുമെന്നെ തുറിച്ചുനോക്കുന്നതുപോലെ അനുഭവപ്പെട്ടിരുന്നു. എന്നിലെന്തോ തകരാറുള്ളതുപോലെ”് അവള്‍ പറയുന്നു.

കുടുംബിനിയായി കഴിയുന്ന ഹസാന ഇപ്പോള്‍ ലാസ് ക്രുസസില്‍ നഴ്സാണ്. കോളേജില്‍ ശിശുപീഡനത്തെക്കുറിച്ച് അവള്‍ പഠിച്ചിട്ടുണ്ട്. പീഡകരുടെ വിവിധ രീതികളെക്കുറിച്ചും പീഡനങ്ങള്‍ തമ്മിലുള്ള ഇടവേളകളെക്കുറിച്ചുമെല്ലാം അവള്‍ വിശദമായി മനസിലാക്കി. എന്താണ് സംഭവിച്ചതെന്ന് തുറന്നുപറയുന്നത് ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് പറയുമ്പോഴും അവളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. കെട്ട കാലത്തിലേക്ക് ഓര്‍മകള്‍ മടങ്ങിപ്പോകുന്നതിലുള്ള വേദന. അസദ് എന്ന വ്യക്തി ഒരേസമയം അവളുടെ അച്ഛനും ജീവിതം തകര്‍ത്ത വ്യക്തിയുമായതിലെ വേദന.
“ഒന്നിലേറെ അവസരങ്ങളില്‍ അയാള്‍ കുട്ടികളെ പോലെ കരഞ്ഞു. എന്നോട് ക്ഷമിക്കൂ, എനിക്കിത് നിര്‍ത്തണം. പക്ഷേ അല്പം സമയം തരൂ എന്നൊക്കെ പുലമ്പി” ഹസാനയുടെ വാക്കുകള്‍.

പാപക്കറ മറയ്ക്കാന്‍ ഹസാനയുടെ അച്ഛന്‍ അവള്‍ക്ക് പുതുവസ്ത്രങ്ങളും സമ്മാനങ്ങളും നല്‍കി. ഒരു പിറന്നാളിന് സ്കേറ്റിങ് റിങില്‍ ഗംഭീര പാര്‍ട്ടിയൊരുക്കി. അവളെ മോഡലിങ് ഷോകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചു, മത്സരങ്ങള്‍ക്ക് കൂട്ടായി പോയി. ചെല്ലുന്നിടത്തെല്ലാം ഹോട്ടലിലെ ഒരു മുറിയിലാണ് അവര്‍ താമസിച്ചത്.
വര്‍ഷങ്ങള്‍ കഴിയുന്തോറും ഒരു സാധാരണ ടീനേജുകാരിയുടെ ജീവിതം നയിക്കാന്‍ ഹസാനയ്ക്ക് ആഗ്രഹമായി. കുട്ടുകാരോടൊപ്പം സമയം ചെലവഴിക്കാനും പാര്‍ട്ടികളില്‍ പങ്കെടുക്കാനും രാത്രി വൈകി വീട്ടില്‍ വരാനുമൊക്കെ അവള്‍ കൊതിച്ചു. ഇതിനെല്ലാം അനുമതി കിട്ടുന്നതിന് അരുതാത്തതു പലതും ചെയ്യേണ്ടിവന്നു അവള്‍ക്ക്. ‘സിനിമക്ക് പോകാനുള്ള അനുവാദം ലഭിക്കാന്‍ അച്ഛന് വദനസുരതം നടത്തിക്കൊടുത്തു ഒരിക്കല്‍. ബലം പ്രയോഗിച്ച് എന്നെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നു” അവള്‍ പറയുന്നു.

പറയുന്നതുപോലെ കേട്ടില്ലെങ്കില്‍ അനുജത്തി ക്വാനിറ്റയെയും ഉപയോഗിക്കുമെന്നായിരുന്നു അച്ഛന്റെ ഭീഷണി. അതായിരുന്നു ചേച്ചിയുടെ ഏറ്റവും വലിയ ഭയവും. വഴങ്ങുകയല്ലാതെ മറ്റു പോംവഴികളൊന്നും ഹസാനയ്ക്ക് മുന്നിലില്ലായിരുന്നു. എന്തുവന്നാലും അനുജത്തിയെ സംരക്ഷിക്കുമെന്ന ദൃഡനിശ്ചയത്തിലായിരുന്നു അവള്‍. ക്വാനിറ്റയെ ഒന്നും ചെയ്യരുതെന്ന് അവള്‍ അച്ഛനെക്കൊണ്ട് സത്യം ചെയ്യിപ്പിച്ചു. പക്ഷേ, അയാള്‍ പല തവണ ആ വാക്ക് തെറ്റിച്ചുവെന്ന് മാത്രം.

 

 

പോലീസ് വരുന്നു
ഏഴാം ക്ളാസില്‍ പഠിക്കുന്ന കാലം തൊട്ടാണ് തനിക്ക് അച്ഛന്റെ പീഡനമേല്‍ക്കേണ്ടിവന്നതെന്ന് ക്വാനിറ്റ പറഞ്ഞു. രണ്ടാനമ്മയും ഹസാനയും വീട്ടിലില്ലാത്ത സമയത്തൊക്കെ അയാള്‍ അവസരം മുതലാക്കി. ‘കൈള്‍ പിണച്ചുകെട്ടി, കാലുകള്‍ ഇറുക്കിവെച്ചിരിക്കുകയാണ് ഞാന്‍ ചെയ്യാറ്” അച്ഛന്‍െ ക്രൂരതകളെക്കുറിച്ച് ക്വാനിറ്റ ഇത്രമാത്രമേ വിശദീകരിച്ചുള്ളൂ. രക്ഷപ്പെടുന്നതിനെക്കുറിച്ച് രണ്ടു സഹോദരിമാരും ചിന്തിക്കാറുണ്ടായിരുന്നു. വാഷിങ്ടനിലെ ഏതെങ്കിലും കോളേജില്‍ അഡ്മിഷന്‍ തരപ്പെടുത്തി വീട്ടില്‍ നിന്നുപോകാം എന്നതായിരുന്നു ഹസാനയുടെ പദ്ധതി. അല്പം കൂടി കടുത്ത പദ്ധതികളായിരുന്നു ക്വാനിറ്റയ്ക്കുണ്ടായിരുന്നത്. കത്തിയോ മറ്റോ ഉപയോഗിച്ച് അസദിനെ കുത്തിമുറിവേല്‍പ്പിച്ചശേഷം നാട്ടില്‍ നിന്ന് ഓടിപ്പോകുന്നതിനെക്കുറിച്ചാണ് അവള്‍ ആലോചിച്ചത്.

പരസ്പരം വിശ്വസിച്ചുകൊണ്ട് കാര്യങ്ങള്‍ തുറന്നുപറയാന്‍ രണ്ടുപേരും മടിച്ചു. പക്ഷേ 1998 ജനവരിയില്‍ കാര്യങ്ങളാകെ മാറി. സഹോദരിമാര്‍ക്ക് പതിമൂന്നും പതിനഞ്ചുമായിരുന്നു അന്ന് പ്രായം. വിഷാദം നിറഞ്ഞ അകസ്ഥയിലായിരുന്നു സദാസമയവും ക്വാനിറ്റ. അതുകണ്ടതോടെ ഹസാനയ്ക്ക് സംശയം തോന്നിത്തുടങ്ങി. ഒരുനാള്‍ രണ്ടും കല്‍പ്പിച്ച് അവള്‍ അനുജത്തിയോട് അതു ചോദിച്ചു.
“അയാള്‍ നിന്റെ ശരീരത്തില്‍ തൊടുന്നുണ്ടോ?”
ഉവ്വെന്ന് ക്വാനിറ്റ മറുപടി നല്‍കി. പൊള്ളുന്ന സത്യങ്ങളെല്ലാം അവര്‍ ചേച്ചിയോടു തുറന്നുപറഞ്ഞു.

സിയാറ്റിലില്‍ താമസിക്കുന്ന അമ്മ അലോനയുമായി അത്രയും കാലം അവര്‍ക്ക് കാര്യമായ ബന്ധമൊന്നുമുണ്ടായിരുന്നില്ല. പക്ഷേ അവര്‍ ജോലി ചെയ്യുന്ന ആസ്പത്രിയുടെ നമ്പര്‍ കുട്ടികളുടെ പക്കലുണ്ടായിരുന്നു. അന്നുരാത്രി തന്നെ അവരാ നമ്പറില്‍ വിളിച്ചു.
ഹസാനയില്‍ നിന്ന് കാര്യങ്ങളൊക്കെ അറിഞ്ഞ അലോന അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചുപോയി.
“എത്രകാലമായി അയാളിതു തുടങ്ങിയിട്ട്” അമ്മ ചോദിച്ചു.
“എത്രയോ കാലമായി” മറുപടി നല്‍കിയത് ഹസാനയാണ്.

ഒരുമണിക്കൂറിനകം അണ്ടര്‍വുഡ് ഭവനത്തില്‍ പോലീസെത്തി. ഇത്തവണ, എല്ലാ സത്യവും തുറന്നുപറയാന്‍ പെണ്‍കുട്ടികള്‍ തയ്യാറായി. അസദ് ജോലിസ്ഥലത്തായിരുന്നു അപ്പോള്‍, പക്ഷേ ടാമില വീട്ടില്‍ തന്നെയുണ്ടായിരുന്നു. കാര്യങ്ങളെല്ലാം കേട്ടതോടെ ടാമില ബോധരഹിതയായിവീണു. ഞെട്ടലിനൊപ്പം നാണക്കേടു കൂടി തോന്നിയ ടാമില കരച്ചിലോടെ ചോദിച്ചുകൊണ്ടേയിരുന്നു “ഞാനിതങ്ങെനെ അറിയാതെ പോയി ഇതെല്ലാം”. കാര്യങ്ങളുടെ അപകടാവസ്ഥ തിരിച്ചറിഞ്ഞ ടാമില ഉടന്‍ തന്നെ സഹാനയുടെയും ക്വാനിറ്റയുടെയും സാധനങ്ങളെല്ലാം പാക്ക്ചെയ്തു. രാത്രി ഒരു ഹോട്ടലില്‍ താമസിപ്പിച്ചു. പിറ്റേദിവസം രാവിലത്തെ വിമാനത്തില്‍ അവരെ സിയാറ്റിലിലേക്ക് കയറ്റിഅയച്ചശേഷമേ അവള്‍ വീട്ടിലേക്ക് മടങ്ങിയുള്ളൂ.

ടാമിലയുടെ മൂന്നുകുട്ടികളുടെ അച്ഛനായിരുന്നു അസദ്. പക്ഷേ, അവരുടെ ബന്ധവും ഏറെക്കാലം നീണ്ടുനിന്നില്ല. “പിരിഞ്ഞതിനുശേഷവും അയാള്‍ പലതവണ കാണാന്‍ വന്നിരുന്നു. ഞാന്‍ വേണ്ടെന്നുപറഞ്ഞില്ല, എന്തായാലും ഭര്‍ത്താവല്ലേ” ടാമില പറഞ്ഞു.

തടവറയില്‍ നിന്നുളള അഭ്യര്‍ഥനകള്‍
‘പ്രായപൂര്‍ത്തിയാകാത്തവരുമായി കുറ്റകരമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട’ കുറ്റത്തിന് കോടതി അസദിന് 12 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ശിക്ഷാവിധി അതിലും കടുത്തതാകുമായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവിധ വ്യക്തികള്‍ക്ക് കോടതിയില്‍ സംസാരിക്കാന്‍ ജഡ്ജ് അവസരം നല്‍കി. അച്ഛന്‍ ജയിലില്‍ പോകണമെന്ന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു ഹസാനയും ക്വാനിറ്റയും കോടതിയില്‍ പറഞ്ഞത്.

കേസ്നടപടികള്‍ക്കിടെ അസദ് രഹസ്യമായി സിയാറ്റിലെത്തി മക്കളെ കണ്ടിരുന്നു. സിയാറ്റിലിലെ ഒരു പാര്‍ക്കിങ് ഗ്രൌണ്ടില്‍ നിര്‍ത്തിയിട്ട കാറില്‍ വച്ചായിരുന്നു ആ കുടിക്കാഴ്ച. മക്കളോടു മാപ്പുപറഞ്ഞ അസദ് കൌണ്‍സലിങ്ങിലൂടെ തന്റെ മനസിലെ വൃത്തികെട്ട ചിന്തകളൊക്കെ ഒഴിവാക്കിക്കളയാമെന്നും ഉറപ്പുനല്‍കി.
ജയില്‍വാസത്തിനിടെ അസദ് മക്കള്‍ക്ക് ക്ഷമാപണത്തില്‍ ചാലിച്ച കത്തുകളെഴുതി. ദൈവം തന്റെ ജീവിതത്തിലേക്ക് തിരികെ എത്തിയിരിക്കുന്നു, അയാള്‍ അവകാശപ്പെട്ടു. കുറ്റങ്ങള്‍ ക്ഷമിച്ചു എന്ന വാക്കും അല്പം പണവുമായിരുന്നു അയാള്‍ക്ക് മക്കളില്‍ നിന്ന് വേണ്ടിയിരുന്നത്. ജയില്‍ കാന്റീനില്‍ നിന്ന് സോഡയും ലഘുഭക്ഷണവും വാങ്ങുന്നതിനായിരുന്നു പണം. ക്വാനിറ്റ ആ കത്തുകള്‍ക്ക് മറുപടി എഴുതിയതേയില്ല.

ഹസാന പക്ഷേ, മറുപടിയെഴുതി. “ആദ്യമൊക്കെ എനിക്ക് സഹായിക്കണമെന്നുണ്ടായിരുന്നു. അയാളുടെ അവസ്ഥയില്‍ പാവം തോന്നിയതുകൊണ്ടാണ്. അങ്ങനെ ഒന്നുരണ്ടുതവണ നൂറു ഡോളര്‍ വീതം അയച്ചുകൊടുത്തു. പിന്നെ ഞാന്‍ നിര്‍ത്തി”.

 

 

ബോക്സിങ് റിങ് വിളിക്കുന്നു
രണ്ടു കുട്ടികള്‍ക്കും കൌണ്‍സലിങ് നല്‍കിയെങ്കിലും മനസിനേറ്റ മുറിവുകള്‍ സുഖപ്പെടാന്‍ കാലമേറെയെടുത്തു. അമ്മയ്ക്കൊപ്പമാണ് പിന്നീടവര്‍ കഴിഞ്ഞത്.
“ഒന്നും സംഭിച്ചിട്ടില്ലെന്ന് അഭിനയിച്ചുകൊണ്ടാണ് പിന്നീട് ഞങ്ങള്‍ കഴിഞ്ഞത്” ക്വാനിറ്റ പറയുന്നു. എല്ലാ സാധാരണപോലെയാക്കുക എന്ന ആശയത്തിനായിരുന്നു എല്ലാവരും പ്രാധാന്യം നല്‍കിയത്. പക്ഷേ സാധാരണപോലെയായാകുക എന്നാലെന്താണ് എന്ന ചിന്ത ഏറെക്കാലം തന്നെ അലട്ടിയെന്ന് ക്വാനിറ്റ.
ഹൈസ്കൂളിലാകുമ്പോള്‍ പഠനത്തില്‍ ശരാശരിയായിരുന്നുവെങ്കിലും മികച്ച അത്ലറ്റായിരുന്നു ക്വാനിറ്റ. ബാസ്കറ്റ്ബോള്‍ കളിക്കാരിയും നല്ലൊരു ഓട്ടക്കാരിയുമായിരുന്നു അവള്‍. എന്നാല്‍ സീനിയര്‍ ഗ്രേഡ് ആയതോടെ അവളെ വിഷാദരോഗം പിടികൂടി. അതോടെ സ്പോര്‍ട്സും ഉപേക്ഷിച്ചു.

ബിരുദപഠനം കഴിഞ്ഞതോടെ ലക്ഷ്യബോധവും സന്തോഷവുമില്ലാതെ ആര്‍ക്കും വേണ്ടാതെ ജീവിക്കുന്ന അവസ്ഥയിലായി ക്വാനിറ്റ. അതിനിടയ്ക്ക് കടുത്ത ഒരുപ്രണയവും പ്രണയഭംഗവും നേരിട്ടു. ജീവനൊടുക്കാനായി ഒരുവട്ടം ശ്രമം നടത്തി. കുറേദിവസം ആസ്പത്രിയില്‍ കിടന്നു.
അപ്പോഴേക്കും അമ്മ അലോന കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയിരുന്നു. ചേച്ചി ഹസാനയാണെങ്കില്‍ കോളേജ് ഹോസ്റലിലും. കടുത്ത ഏകാന്തതയനുഭവിച്ച ക്വാനിറ്റ എയര്‍ഫോഴ്സില്‍ ചേര്‍ന്നെങ്കിലും പിന്നീടതും ഉപേക്ഷിച്ചു. ആയിടയ്ക്കാണ് പുതിയൊരു കൂട്ടുകെട്ടില്‍ ക്വാനിറ്റയെത്തുന്നത്. “എവിടെ കഞ്ചാവും മദ്യവും കിട്ടും, ആരുടെ പാര്‍ട്ടിക്കാണ് ഇന്നു പോകുക എന്നു മാത്രം ചിന്തിക്കുന്ന കുറേ അടിപൊളി പിള്ളേര്‍. അവരുടെ കുടെക്കൂടി ഞാന്‍ ശരിക്കുമാസ്വദിച്ചു” ക്വാനിറ്റ പറയുന്നു. സുഹൃത്തുക്കളാരോ പറഞ്ഞാണ് സിയാറ്റിലിലെ കാപ്പീസ് ബോക്സിങ് ജിമ്മിലെത്തുന്നത്.

ചുറ്റും കയറുകളും പഞ്ചിങ് ബാഗുകളും വിയര്‍പ്പുമണവും നിറഞ്ഞ ആ അന്തരീക്ഷം അവള്‍ക്ക് പെട്ടെന്നിഷ്ടപ്പെട്ടു. സ്കൂളില്‍ പഠിക്കുമ്പോള്‍ പവര്‍ലിഫ്റ്റിങ് ചെയ്യാറുണ്ടെങ്കിലും ബോക്സിങില്‍ അവള്‍ക്ക് മുന്‍പരിചയമൊന്നുമില്ലായിരുന്നു. ഗ്ളൌെസിട്ടപ്പോള്‍ കൈകള്‍ക്ക് ലഭിച്ച കരുത്ത് അവളെ ആഹ്ളാദഭരിതയാക്കി. അങ്ങനെ 19ാം വയസില്‍ ക്വാനിറ്റ ബോക്സിങ് പരിശീലനമാരംഭിച്ചു.

ഇത്രവൈകിത്തുടങ്ങിയ ഒരു ബോക്സര്‍ക്ക് എന്തെങ്കിലുമാകാന്‍ കഴിയും എന്ന പ്രതീക്ഷ വേണ്ടെന്ന് ജിമ്മിന്റെ ഉടമയും പരിശീലകനുമായ കാപ്പി കോട്സ് തുറന്നുപറഞ്ഞു. എന്നാലും ഒരു കൈ നോക്കാന്‍ തന്നെയായിരുന്നു ക്വാനിറ്റയുടെ തീരുമാനം. പരിശീലനം നേടിയ ശേഷം ഇറങ്ങിയ ആദ്യമത്സരങ്ങളിലെല്ലാം വമ്പന്‍ തോല്‍വിയായിരുന്നു ക്വാനിറ്റയെ കാത്തിരുന്നത്. എതിരാളികള്‍ അവളെ പഞ്ഞിക്കെട്ടുപോലെ ഇടിച്ചുതെറിപ്പിച്ചു. 2006ലെ ദേശീയ മത്സരത്തില്‍ മത്സരിച്ചെങ്കിലും ആദ്യദിനം തന്നെ തോറ്റുപുറത്താകാനായിരുന്നു വിധി. പക്ഷേ, പെട്ടെന്നൊരുനാള്‍ ക്വാനിറ്റ ഉണര്‍ന്നുകളിക്കാന്‍ തുടങ്ങി. ജീവിതത്തില്‍ ഇതുവരെ നേരിട്ട മാനക്കേടുകള്‍ക്കും തിരിച്ചടികള്‍ക്കുമെല്ലാം മറുപടി നല്‍കാന്‍ റിങിലെ ജയം കൂടിയേ തീരൂ എന്നാരോ പറഞ്ഞു പഠിപ്പിച്ചപോലെ. വിജയങ്ങളുടേതായിരുന്നു പിന്നീടുള്ള ദിവസങ്ങള്‍

കാണാത്ത എതിരാളി
ജീവിക്കാനായി പൈപ്പ്ഫിറ്ററുടെ അപ്രന്റീസ് ജോലി ചെയ്ത ക്വാനിറ്റ ഒരുദിവസം പോലും ജിമ്മിലെ പരിശീലനം മുടക്കിയില്ല. അതിന്റെയൊക്കെ ഫലമായി 2007ല്‍ ആദ്യത്തെ നാഷണല്‍ അമച്വര്‍ ബോക്സര്‍ പദവി അവള്‍ സ്വന്തമാക്കി. പിന്നീട് നാലുതവണ കൂടി അവളാ പട്ടം നേടി. കാപ്പി കോട്സ് തന്നെയായിരുന്നു ഏറെക്കാലം ക്വാനിറ്റയെ പരിശീലിപ്പിച്ചത്. ചെറുപ്പത്തില്‍ പീഡിപ്പിക്കപ്പെട്ട കുട്ടിയാണ് അവളെന്ന കാര്യം കോട്സിനറിയാമായിരുന്നു. വേഗത്തില്‍ പോയിന്റ് നേടാനറിയാമെങ്കിലും എതിരാളിയെ കീഴ്പ്പെടുത്തിക്കൊണ്ട് വിജയം നേടാന്‍ ക്വാനിറ്റ മടി കാട്ടുന്നത് കോട്സിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. “ബോക്സിങ് റിങില്‍ വിജയം നേടണമെങ്കില്‍ എതിരാളിയുടെ ദേഹത്ത് നിങ്ങള്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കണം. അതിനായി അല്പം അഴുക്കും ചെളിയുമൊക്കെ ശരീരത്തിലാകുന്നത് സഹിച്ചേപറ്റൂ. ചില ശബ്ദങ്ങള്‍, ഗന്ധങ്ങള്‍ എന്നിവയുണ്ടാകുമ്പോള്‍ ക്വാനിറ്റയുടെ പോരാട്ടവീര്യം കുറയുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ചീത്ത ഓര്‍മകള്‍ കൊണ്ടായിരിക്കാം ഒരുപക്ഷേ, അങ്ങനെ സംഭവിക്കുന്നത്” കോട്സ് പറയുന്നു.

പക്ഷേ, അവസാനനിമിഷം വരെ ക്വാനിറ്റ പൊരുതിനിന്ന സംഭവങ്ങളും കോട്സിനു പറയാനുണ്ട്. 2010ല്‍ ബാര്‍ബഡോസില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പ് തന്നെ ഏറ്റവും നല്ല ഉദാഹരണം. അയര്‍ലന്‍ഡിന്റെ ലോക ഒന്നാം നമ്പര്‍ താരം കാത്തി ടെയ്ലറോടായിരുന്നു ക്വാനിറ്റ ഏറ്റുമുട്ടിയത്. അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല ആ മത്സരത്തില്‍ സ്കോര്‍ 102 ലെത്തിയതോടെ കാത്തി അനായാസ ജയം നേടുമെന്ന് ഏവരും കരുതി. പക്ഷേ, ഇടവേളയ്ക്ക് ശേഷം റിങില്‍ കണ്ടത് മറ്റൊരു ക്വാനിറ്റയെയാണ്. എതിരാളിയെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ ഇടിച്ചുമുന്നേറിയ ക്വാനിറ്റ മത്സരം വിജയിക്കുമെന്ന ഘട്ടംവരെയെത്തി. ഒടുവില്‍ 1816 എന്ന സ്കോറുമായി കാത്തി ടെയ്ലര്‍ കഷ്ടിച്ചുരക്ഷപ്പെടുകയായിരുന്നു.

“ഇടവേളയില്‍ നീ ആരെയാണ് ഭയക്കുന്നത് എന്നു ഞാനുച്ചത്തില്‍ ചോദിച്ചു. ആ ചോദ്യമാണ് ക്വാനിറ്റയ്ക്ക് പുത്തനൂര്‍ജ്ജം നല്‍കിയത്” ആ മത്സരത്തില്‍ ക്വാനിറ്റയ്ക്കൊപ്പമുണ്ടായിരുന്ന അമേരിക്കയുടെ ഒളിംപിക്സ് കോച്ച് ബഷീര്‍ അബ്ദുല്ല പറയുന്നു.

വെല്‍ഡര്‍ എന്ന 51കാരന്‍
ശിക്ഷാവിധി ആറുവര്‍ഷത്തേക്ക് വെട്ടിക്കുറച്ചതോടെ 2005 ആഗസ്തില്‍ അസദ് ജയില്‍ മോചിതനായി. കൊളംബിയയിലെ ഒരു പുത്തന്‍ അപാര്‍ട്മെന്റ് കോംപ്ളക്സിലാണ് ഇപ്പോഴയാള്‍ താമസിക്കുന്നത്. വീണ്ടും വെല്‍ഡറായി ജോലിതുടങ്ങിയ അയാളുടെ വീട്ടിലെ അടുക്കളമേശയ്ക്ക് മുകളിലായി വലിയൊരു ക്രിസ്തുരൂപം തൂങ്ങിക്കിടക്കുന്നുണ്ട്.
51കാരനാണ് അയാളിപ്പോള്‍. കണ്ണടകള്‍ ധരിച്ച്, അല്പം വയറൊക്കെ ചാടി. ഇന്റര്‍വ്യുവിന് അവസരം തേടിയപ്പോള്‍ അയാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. ” ആ കുട്ടികളെ ഞാന്‍ ആവശ്യത്തിലധികം ദ്രോഹിച്ചുകഴിഞ്ഞു ” ഇതായിരുന്നു മറുപടി. മൂത്ത സഹോദരി അമീന ഒപ്പമുണ്ടെങ്കില്‍ സംസാരിക്കാം എന്ന വ്യവസ്ഥയോടെ പിന്നീടയാള്‍ അഭിമുഖത്തിനു സമ്മതിച്ചു. ‘അഗ്നിപരീക്ഷയില്‍ ഉടനീളം എന്നെ സഹായിച്ചത് അവളാണ്” അയാള്‍ പറഞ്ഞു.

തലയാട്ടലിനു ശേഷമുള്ള ‘ഓക്കെ’ അല്ലെങ്കില്‍ ‘നോ കമന്റ്സ്’ ഇത്തരം വാചകങ്ങളിലൊതുങ്ങി നിന്നു അയാളുടെ മറുപടികള്‍. മക്കളെ പീഡിപ്പിച്ചുവെന്ന കാര്യം സമ്മതിക്കുന്നുണ്ടെങ്കില്‍ അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അയാള്‍ വിസ്സമ്മതം പ്രകടിപ്പിച്ചു. അറസ്റ് ചെയ്തത് വലിയ ആശ്വാസമായെന്ന് അയാള്‍ പറഞ്ഞു. “രണ്ടു ശക്തികള്‍ക്കുള്ളില്‍ പെട്ട് പാടുപെടുകയായിരുന്നു ഞാന്‍. നല്ലത് ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും പകരം ചെയ്തതൊക്കെ ചീത്തയായി. അതാണതിന്റെ ആകെത്തുക” അയാള്‍ കാര്യങ്ങള്‍ വിശദീകരിച്ചു.

വഴിതെറ്റിയ പെരുമാറ്റത്തിന് വ്യക്തമായ വേരുകളുണ്ടായിരുന്നു. ചെറുപ്പത്തില്‍ ന്യൂസ് പേപ്പര്‍ വിതരണത്തിനുപോകുന്ന കാലത്ത് ഒരാള്‍ തന്നെ പലവട്ടം പീഡിപ്പിച്ചിട്ടുണ്ട്. ബന്ധുക്കളിലൊരാളും പീഡിപ്പിച്ചു. അതൊന്നും തന്റെ ചെയ്തികള്‍ക്കുള്ള ന്യായീകരണമല്ലെന്ന് അയാള്‍ സമ്മതിക്കുന്നു. “അത്തരം അനുഭവങ്ങളാണോ എന്നെ ഇങ്ങനെയാക്കിയതെന്ന കാര്യം എനിക്കറിയില്ല”.

“കടുത്ത എതിരാളികള്‍ക്കുപോലും ഈ അനുഭവങ്ങളുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ജോലി പോയി. കുടുംബം, കുട്ടികള്‍… എല്ലാത്തില്‍നിന്നും കീറിമാറ്റപ്പെട്ടു” തലയിളക്കി, കൈകള്‍ ചുരുട്ടിപ്പിടിച്ചു കൊണ്ട് അസദ് പറഞ്ഞു. “തികച്ചും ശരിയാണ്” അസദിനൊപ്പമുണ്ടായിരുന്ന സഹോദരി ശരിവെച്ചു.

 

 

ഞാനിപ്പോള്‍ കരുത്തയാണ്
ചെറിയ ഇഴകളാക്കി പിരിച്ച മുടിയോടു കുടിയ ക്വാനിറ്റ കാഴ്ചയില്‍ സുന്ദരിയാണ്. അവളുടെ ശബ്ദവും ചിരിയും ആരെയും ആകര്‍ഷിക്കും. കൊളറാഡോ സ്പ്രിങ്സിലെ അമേരിക്കന്‍ ഒളിംപിക് ട്രെയിനിങ് സെന്ററിലെ ഡൈനിങ് ഹാളില്‍ ഞങ്ങള്‍ സംസാരിച്ചിരിക്കുമ്പോള്‍ അതുവഴി പോകുന്നവരെല്ലാം അവളോട് ഹലോ പറയുന്നുണ്ടായിരുന്നു. ഒരേസമയം എല്ലാവരോടും അടുത്തിടപഴകിയും ഉള്‍വലിഞ്ഞും ജീവിക്കുന്ന പെണ്‍കുട്ടി. ആറുമാസമായി ബോക്സിങ് റിങിനു പുറത്തുള്ള എല്ലാറ്റിനോടും അവള്‍ വിട്ടുനില്‍ക്കുകയാണ്. ബന്ധങ്ങള്‍, കുടുംബം, മണിക്കൂറില്‍ 38 ഡോളര്‍ കൂലി ലഭിക്കുന്ന പൈപ്പ് ഫിറ്റര്‍ ജോലി എല്ലാറ്റിനോടും താല്‍കാലികമായി ഗുഡ്ബൈ പറഞ്ഞുകഴിഞ്ഞു. അരുമമൃഗമായ കിങ് എന്ന മാസ്റിഫ് നായയെ മറ്റൊരാളുടെ പക്കല്‍ ഏല്‍പ്പിച്ചാണ് അവള്‍ കൊളാറഡോയിലേക്ക് വണ്ടികയറിയത്. ഇത്തവണത്തെ ഒളിംപിക്സോടുകൂടി വനിതാബോക്സിങ് ലോകശ്രദ്ധ നേടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഒരമേരിക്കക്കാരിയാണ് അതില്‍ മെഡല്‍ നേടുന്നതെന്നാല്‍ സമ്മാനങ്ങളുടെയും പരസ്യ ഓഫറുകളുടെയും കുമ്പാരമാകും അവളെ കാത്തിരിക്കുന്നത്.

“ഇതുവരെയില്ലാത്ത തരത്തിലുള്ള കഠിനാധ്വാനമാണ് ഓരോദിവസവും ഞാന്‍ ചെയ്യുന്നത്. ഇപ്പോള്‍ തോറ്റാല്‍ എല്ലാം കഴിഞ്ഞുവെന്ന് നന്നായി അറിയാം. അക്കാര്യം ചിന്തിക്കാന്‍ പോലും ഞാന്‍ ഇഷ്ടപ്പെടുന്നില്ല”.

കുടുംബചരിത്രത്തിന്റെ ഭാരമൊഴിവാക്കല്‍ കഴിഞ്ഞ മൂന്നാഴ്ചകളായി കടുത്ത സമ്മര്‍ദ്ദമാണ് ക്വാനിറ്റയുടെ മേല്‍ ഏല്‍പ്പിച്ചിരിക്കുന്നത്. ക്വാനിറ്റ പറഞ്ഞതിലും കൂടുതല്‍ വിശദാംശങ്ങള്‍ മറ്റുചിലര്‍ വെളിപ്പെടുത്തിയിരുന്നു. പുറത്തുവിടേണ്ടെന്ന് ക്വാനിറ്റ പറഞ്ഞതിനാല്‍ അതൊന്നും പരസ്യമാക്കുന്നില്ല.
“ഈ സ്റ്റോറി ഞാന്‍ വായിക്കാന്‍ സാധ്യതയില്ല. ഒളിംപിക് ട്രയല്‍സ് അടുത്തെത്തി നില്‍ക്കുന്ന ഈ സമയത്ത് മനസ് വ്യതിചലിച്ചുകൂടല്ലല്ലോ” രണ്ടാഴ്ച മുമ്പ് ക്വാനിറ്റ പറഞ്ഞു.

ആരുമല്ല താനെന്നു കരുതി ജീവിക്കുമ്പോഴും തന്റെയുളളില്‍ മറ്റാരോ ഉണ്ടെന്ന് ഭാവനയില്‍ കാണാറുണ്ടായിരുന്നു ക്വാനിറ്റ. അതുകൊണ്ടാണ് സ്വന്തം വെബ്സൈറ്റിന് അവള്‍ ‘ലിവിങ് ഔട്ട് ദി ഡ്രീം’ എന്നു പേരിട്ടത്.
“വ്യത്യസ്തമായ മറ്റൊരു ജീവിതം സാധ്യമാകണേ എന്ന് എത്രയോവട്ടം കണ്ണടച്ചു സ്വ്പനം കണ്ടിട്ടുണ്ട് ഞാന്‍. രണ്ടാമതും ജീവിതം തുടങ്ങാന്‍ വിജയങ്ങള്‍ സഹായിക്കുമെന്ന് എനിക്കറിയാം. ആ ഒരു സ്വ്പ്നം നല്‍കിയ കരുത്തിലാണ് ഞാന്‍ എത്രയോ ദിവസങ്ങള്‍ പിന്നിട്ടത്” ഒരു സെക്കന്‍ഡ് നിര്‍ത്തിയശേഷം അവള്‍ കരുതലോടെ വീണ്ടും സംസാരിച്ചു തുടങ്ങി ” ഞാനൊരു ഉദാഹരണമായി മാറുകയാണ്. ബാലപീഡനത്തിന്റെ ഇരയായ ഞാനിപ്പോള്‍ സ്വതന്ത്രയും കരുത്തുള്ളവളുമായി”.
രണ്ടുവര്‍ഷം മുമ്പ് സിയാറ്റിലില്‍ വച്ച് അസദുമായി ക്വാനിറ്റ വീണ്ടും കണ്ടുമുട്ടി. പത്തുവര്‍ഷത്തിനുശേഷമുള്ള ആ കൂടിക്കാഴ്ചയ്ക്ക് മനസില്ലാതെയാണ് ക്വാനിറ്റ സമ്മതം മൂളിയത്. ഒത്തുതീര്‍പ്പുകളില്‍ അവള്‍ക്ക് താത്പര്യമില്ലായിരുന്നു. “അയാളുടെ പശ്ചാത്തപകഥ കേട്ടുകേട്ട് ഞാന്‍ വശംകെട്ടുകഴിഞ്ഞു. നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് അയാളെ നോക്കി പറയാന്‍ എനിക്കൊരിക്കലും പറ്റില്ല. ” ക്വാനിറ്റ നിലപാട് വ്യക്തമാക്കി.

അവസാനമായി ഒരുവട്ടം ഗുഡ്ബൈ പറയാനുളള അവസരം എന്നാണ് ആ കൂടിക്കാഴ്ചയെക്കുറിച്ച് അവള്‍ കരുതുന്നത്. ഒറ്റയ്ക്ക് അയാളോടൊപ്പം ചെലവഴിക്കാന്‍ മടിച്ച് അമ്മായിയെയും ബന്ധുക്കളെയും ഒപ്പം കൂട്ടിയാണ് അവള്‍ പോയത്. കാപ്പിറ്റോള്‍ ഹില്ലിലെ ബ്രോഡ്വേ അവന്യുവില്‍ വച്ച് അവര്‍ അസദിനെ കണ്ടു. തുടര്‍ന്ന് എല്ലാവരുംകൂടി അടുത്തുള്ള ‘ഡിക്സ്’ ഭക്ഷണശാലയിലേക്ക് നീങ്ങി.

അച്ഛനൊപ്പം നടക്കുമ്പോള്‍ ക്വാനിറ്റ അയാളുടെ ഉയരമളന്നു. ചെറുപ്പക്കാരെ പോലെ വേഷമണിഞ്ഞ് ഒന്നും സംഭവിക്കാത്തമട്ടില്‍ പെരുമാറാനാണ് അയാള്‍ ശ്രമിക്കുന്നതെന്ന് ക്വാനിറ്റയ്ക്ക് തോന്നി. ബാഗി ഡ്രസും ടിംബര്‍ലാന്‍ഡ് ഷൂസുമണിഞ്ഞ താനും അടിപൊളിവേഷത്തിലാണല്ലോ എന്നോര്‍ത്ത് അവള്‍ സമാധാനിച്ചു.
അയാള്‍ക്ക് അരികിലൂടെ നടക്കുമ്പോള്‍ ക്വാനിറ്റയ്ക്ക് വിമ്മിഷ്ടം അനുഭവപ്പെട്ടു. ഓരോനീക്കവും അളന്നുമുറിച്ചുവേണമെന്ന് മനസ് പറയുന്നുണ്ടായിരുന്നു. കരുത്തയാണെന്ന് ഭാവിക്കുന്ന നടത്തരീതിയാണ് പിന്നീടവള്‍ സ്വീകരിച്ചത്. ബോക്സിങ് റിങിലേക്ക് പ്രവേശിക്കുമ്പോള്‍ നടക്കുന്നതുപോലെ.

തന്റെയടുത്ത് നില്‍ക്കുമ്പോള്‍ അസദ് തീരെച്ചെറിയ ആളാണെന്ന ക്വാനിറ്റ പെട്ടെന്ന് തിരിച്ചറിഞ്ഞു. പണ്ടത്തെ ശാരീരികക്ഷമതയൊക്കെ അയാള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ തന്റെ കായികശേഷിയുടെ അടുത്തെങ്ങുമെത്താന്‍ അയാള്‍ക്കാകില്ല. കാലം മാറിയതോടെ ശാരീരികസമവാക്യങ്ങളില്‍ മാറ്റം വന്നിരിക്കുന്നുവെന്ന തിരിച്ചറിവ് അവളുടെ മനസിന് സമാധാനം നല്‍കി.
വേണമെങ്കില്‍, അവള്‍ക്കയാളെ ഇടിച്ചുനിരത്താമായിരുന്നു, ഒരു കുഴപ്പവുമില്ല.

 

 

FIRST PART
‘ആര്‍ത്തി പിടിച്ച ആ കാലടികള്‍ എന്റെ അച്ഛന്റേതായിരുന്നു’

One thought on “വേണമെങ്കില്‍, എനിക്കച്ഛനെ ഇടിച്ചു നിരത്താമായിരുന്നു

  1. വേണമെങ്കില്‍, അവള്‍ക്കയാളെ ഇടിച്ചുനിരത്താമായിരുന്നു, ഒരു കുഴപ്പവുമില്ല.
    എങ്കിലും ഓരോ ഇരകളും തന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ഒളിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *