ഒറ്റക്കസേരയും മൂന്ന് ‘യോഗ്യന്‍മാ’രും: കോട്ടയത്ത് കളി മുറുകുന്നു

കേരളത്തില്‍നിന്ന് രാജ്യാന്തര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്ന പ്രധാന ലക്ഷ്യത്തിലൂന്നി സ്ഥാപിതമാവുന്ന കേന്ദ്രത്തിലേക്ക് സമുദായ പരിഗണനയും രാഷ്ട്രീയവും മാത്രം അടിസ്ഥാനമാക്കി നിയമന നടത്താനുള്ള നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകരിലും അക്കാദമിക വിദഗ്ധരിലും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്ഥാപനത്തില്‍ പ്രവേശനം. എന്നാല്‍, അവരെ പഠിപ്പിക്കാനും സ്ഥാപനം നിയന്ത്രിക്കാനും അത്തരം യോഗ്യതകളൊന്നും ആവശ്യമില്ലെന്നാണ് കസേര കളിക്കാരുടെ വെയ്പ്. ഇതിന് ജയ് വിളിക്കുകയാണ് കേരള, കേന്ദ്ര സര്‍ക്കാര്‍ തലങ്ങളിലെ ഉന്നതര്‍-പി. സുനില്‍ലാലിന്റെ റിപ്പോര്‍ട്ട്

 

 

നാലു മുഖ്യമന്ത്രിമാരുള്ള മേഘാലയയിലെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം മാധ്യമങ്ങളില്‍ വന്‍ വാര്‍ത്തയായിട്ട് അധികമായിട്ടില്ല. ഗവര്‍ണര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രിക്കു പുറമെ മൂന്നു നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ പദവി അനുവദിച്ചുകൊണ്ടാണ് ഈ വടക്കുകിഴക്കന്‍ സംസ്ഥാനം അപൂര്‍വ റെക്കോര്‍ഡ് കുറിച്ചത്. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേശകനായി നിയമിതനായ പി.സി.സി പ്രസിഡന്‍റിനും മുഖ്യമന്ത്രിയുടെ അതേ പദവി നല്‍കി സര്‍ക്കാര്‍ പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. നിയമസഭയുടെയോ ജനങ്ങളുടെയോ അംഗീകാരമില്ലാതെ പൊതുഖജനാവില്‍നിന്ന് ആനുകൂല്യങ്ങള്‍ പറ്റാന്‍ മൂന്നു പേര്‍ക്കും മടിയുണ്ടായില്ല എന്നതാണ് രാഷ്ട്രീയ രംഗത്തിന്റെ സഹജവാസനയായ അധികാരക്കൊതിയുടെ ലളിതമായ സാരാംശം.

എന്തിനു രാഷ്ട്രീയക്കാരെ മാത്രം പറയുന്നു; അധികാരത്തിലും പദവിയിലും താല്‍പര്യമില്ലാത്തവര്‍ ആരുണ്ട്? എത്ര വലിയ ആദര്‍ശശാലിയും കസേര കണ്ടാല്‍ ഒന്ന് ഇളകിപ്പോകും. അത്രക്കു ശക്തമാണ് അതിന്റെ വിലോഭനീയത. സ്ഥാനമാനങ്ങള്‍ ചൊല്ലി കലഹിച്ചു മാനം കെട്ടു നടക്കുന്നിതു ചിലര്‍ എന്നു കവി പാടിയതു വെറുതെയല്ല. കസേരയുണ്ടോ ഇരുന്നുതരാം എന്ന മട്ടില്‍ പദവികളിലേക്കുള്ള ചരടുവലികള്‍ മുമ്പത്തേക്കാളും ശക്തമായ കാലഘട്ടമാണിത്. കസേര കുറവും ഇരിക്കാന്‍ ‘യോഗ്യരായ’ ആളുകള്‍ ധാരാളവുമാകുമ്പോള്‍ പിന്നെ ഉപജാപങ്ങളും സ്വാധീനങ്ങളുമേ വഴിയുള്ളൂ. ജാതിയും മതവും രാഷ്ട്രീയസ്വാധീനവുമൊക്കെ ഈ ഉപജാപങ്ങള്‍ക്ക് ശക്തി കൂട്ടുന്ന ചേരുവകള്‍ മാത്രം.

മാധ്യമ പഠനത്തിനുള്ള ദേശീയ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ (ഐ.ഐ.എം.സി) കോട്ടയത്ത് മേഖലാ കേന്ദ്രം തുടങ്ങുന്നുവെന്നും അടുത്ത അധ്യയന വര്‍ഷത്തോടെ ക്ളാസുകള്‍ തുടങ്ങുന്നുവെന്നും ഉറപ്പായതോടെ ശക്തമായ കസേര കളിയിലും ഈ സാഹചര്യത്തില്‍ വലിയ അസ്വാഭാവികതയൊന്നും കാണേണ്ടതില്ല. പക്ഷേ, ഒരു ദേശീയ സ്ഥാപനത്തിന്റെ തലപ്പത്തേക്ക് തരംതാണ നീക്കങ്ങള്‍ നടക്കുമ്പോള്‍ അതിനെ സ്വാഭാവികമെന്നു പറഞ്ഞ് തള്ളിക്കളയാനുമാവില്ല. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായതിനാല്‍ കേന്ദ്രമാണ് നിയമനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍, സംസ്ഥാനത്തുനിന്നുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങളാവും കേന്ദ്ര തീരുമാനത്തെ സ്വാധീനിക്കുക. അതിനുള്ള പഴുതുകളറിഞ്ഞാണു ചരടുവലി നടക്കുന്നത്.

 

 

സമുദായംതന്നെ ബലം
സമുദായ പിന്‍ബലവും രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയും ഉറപ്പാക്കിയാണ് ഐ.ഐ.എം.സി കോട്ടയത്തിന്റെ മേധാവിയാകാന്‍ ഭൈമീകാമുകന്‍മാരുടെ കളി കൊഴുക്കുന്നത്. കളിയറിയാവുന്ന ചിലര്‍ എല്ലാ ആയുധങ്ങളും സമാഹരിച്ചാണു പതിനെട്ടടവും പയറ്റുന്നതെങ്കില്‍ പുറത്തറിഞ്ഞു കളിക്കാന്‍ താല്‍പര്യമില്ലാത്ത ചിലര്‍ ‘പൂഴിക്കടകന്‍’ അടവുകളുമായി രഹസ്യമായും രംഗത്തുണ്ട്. തല്‍ക്കാലം നമുക്ക് കളിക്കളത്തിലുള്ളവരിലേക്കു മാത്രം നോക്കാം.

കോട്ടയത്ത് ഒരു മാധ്യമ പഠന കേന്ദ്രം വരുമ്പോള്‍ അതിന്റെ തലപ്പത്തിരിക്കാന്‍ തന്നേക്കാള്‍ മികച്ചയാളാരുണ്ട് എന്ന ആത്മവിശ്വാസത്തിലാണ് സര്‍വകലാശാല ജേണലിസം പഠനവിഭാഗം മേധാവിയായ മുന്‍ പത്രപ്രവര്‍ത്തകന്റെ സൂപ്പര്‍ കളികള്‍. കോട്ടയത്തെ ഏതാണ്ട് എല്ലാ കാര്യങ്ങള്‍ക്കുമെന്ന പോലെ സ്വന്തം സമുദായ സംഘടനയുടെ കറതീര്‍ന്ന സഹായം തന്നെയാണ് അദ്ദേഹത്തിന്റെ പ്രധാന തുറുപ്പ്ശീട്ട്. ഐ.ഐ.എം.സി കേന്ദ്രം കോട്ടയത്തുതന്നെ സ്ഥാപിക്കാന്‍ പണിപ്പെട്ട ജോസ് കെ. മാണി എം.പിയുടെയും ധനമന്ത്രി കെ.എം മാണിയുടെയും പിന്തുണയും അദ്ദേഹം പറഞ്ഞുവെച്ചിട്ടുണ്ടെന്നാണ് ഉപശാലകളില്‍ അടുത്തുനില്‍ക്കുന്നവര്‍ പറയുന്നത്.

അടുത്തിടെ പത്രപ്രവര്‍ത്തനത്തില്‍ ഡോക്ടറേറ്റ് സമ്പാദിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് സര്‍വകലാശാലയിലെ ഗുരുവിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നത്. സാമുദായിക പിന്തുണതന്നെയാണ് ഇദ്ദേഹത്തിനും പ്രധാന കൈമുതല്‍. എല്ലാം പെരുന്നയില്‍നിന്നു തീരുമാനിക്കേണ്ട ചേര്‍ത്തലക്കും കേരളത്തില്‍ ഒരു വിലയില്ലേ എന്ന് ഉറച്ചു വിശ്വസിക്കുന്ന നേതാവിനെയാണ് അദ്ദേഹം കൂട്ടുപിടിച്ചിരിക്കുന്നത്. ‘ന്‍റുപ്പാപ്പക്കൊരാനേണ്ടാര്‍ന്നു’ എന്നു പറഞ്ഞതുപോലെ ഒരു നാള്‍ താനും പത്രപ്രവര്‍ത്തകനായിരുന്നു എന്നു നാഴികക്കു നാല്‍പതുവട്ടം ഉരുവിടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനും തനിക്കെന്താ ഈ കസേര കൈക്കുമോ എന്ന മട്ടില്‍ ശക്തമായി രംഗത്തുണ്ട്. കേന്ദ്രത്തിനുവേണ്ടിയുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്യോഗസ്ഥ തലത്തില്‍ നിയോഗിക്കപ്പെട്ട ഈ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഉദ്യോഗസ്ഥന് പ്രമുഖ കോണ്‍ഗ്രസ് നേതാവിന്‍റ ഒത്താശയാണ് ചരടുവലിക്കു ബലം നല്‍കുന്നത്.

 

 

ലക്ഷ്യം രാജ്യാന്തര നിലവാരം
മാധ്യമ പ്രവര്‍ത്തന മേഖലയില്‍ രാജ്യാന്തര നിലവാരമുള്ള പഠനവും ഗവേഷണവും ലക്ഷ്യമിട്ടു തുടങ്ങിയ ദേശീയ സ്ഥാപനമാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് ഇപ്പോള്‍ ഒറീസയിലെ ധെങ്കനാല്‍, മിസോറാമിലെ ഐസ്വാള്‍, മഹാരാഷ്ട്രയിലെ അമരാവതി എന്നിവടങ്ങളിലാണ് മേഖലാ കേന്ദ്രങ്ങളുള്ളത്. യുനെസ്കോയില്‍നിന്നും അമേരിക്കയിലെ ഫോഡ് ഫൗണ്ടേഷനില്‍നിന്നുമുള്ള ലോകപ്രശസ്തരായ മാസ് കമ്യൂണിക്കേഷന്‍ സ്പെഷലിസ്റ്റുകളുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ രൂപവത്കൃതമായ ഐ.ഐ.എം.സി 1965ല്‍ അന്നത്തെ വാര്‍ത്താവിതരണ മന്ത്രി ഇന്ദിര ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.

കോട്ടയം കേന്ദ്രം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന് കോട്ടയത്തു പ്രാദേശിക കേന്ദ്രം തുടങ്ങുന്നതിനുള്ള നിര്‍ദേശം വര്‍ഷങ്ങള്‍ക്കു മുമ്പേ ഉയര്‍ന്നതാണെങ്കിലും പലവിധ കടമ്പകളില്‍ കുടുങ്ങി മുടങ്ങുകയായിരുന്നു. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അദ്ദേഹത്തിന്റെ മണ്ഡലമായ കുണ്ടറയിലേക്കു കേന്ദ്രം മാറ്റാന്‍ ശക്തമായ നീക്കം നടന്നിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ജോസ് കെ. മാണി എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങളാണ് കോട്ടയത്ത് കേന്ദ്രം തുടങ്ങാന്‍ വഴി തുറന്നത്. വിജയപുരം പഞ്ചായത്ത് പരിധിയില്‍ കേന്ദ്രത്തിന് ഭൂമി അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രത്യേക താല്‍പര്യമെടുത്തു. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവിടെ കോഴ്സുകള്‍ തുടങ്ങാന്‍ ഐ.ഐ.എം.സി ഡയറക്ടര്‍ സുനിത് ടാണ്ടന്റെ നേതൃത്വത്തില്‍ കഴിഞ്ഞമാസം കോട്ടയത്തു നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. തുടക്കത്തില്‍ ബിരുദാനന്തര ഡിപ്ളോമ കോഴ്സാണു തുടങ്ങുന്നതെങ്കിലും ഭാവിയില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളും ഗവേഷണവും ലക്ഷ്യമിട്ടാണ് ഐ.ഐ.എം.സി കോട്ടയത്തു മേഖലാ കേന്ദ്രം തുടങ്ങുന്നത്.

കസേരകളി
കേരളത്തില്‍നിന്ന് രാജ്യാന്തര നിലവാരമുള്ള മാധ്യമപ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കുക എന്ന പ്രധാന ലക്ഷ്യത്തിലൂന്നി സ്ഥാപിതമാവുന്ന കേന്ദ്രത്തിലേക്ക് സമുദായ പരിഗണനയും രാഷ്ട്രീയവും മാത്രം അടിസ്ഥാനമാക്കി നിയമന നടത്താനുള്ള നീക്കത്തിനെതിരെ മാധ്യമപ്രവര്‍ത്തകരിലും അക്കാദമിക വിദഗ്ധരിലും പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് സ്ഥാപനത്തില്‍ പ്രവേശനം. എന്നാല്‍, അവരെ പഠിപ്പിക്കാനും സ്ഥാപനം നിയന്ത്രിക്കാനും അത്തരം യോഗ്യതകളൊന്നും ആവശ്യമില്ലെന്നാണ് കസേര കളിക്കാരുടെ വെയ്പ്. ഇതിന് ജയ് വിളിക്കുകയാണ് കേരള, കേന്ദ്ര സര്‍ക്കാറുകള്‍.

ദേശീയ നിലവാരത്തിലുള്ള സിലബസ് ചെയ്യാന്‍ വേണ്ട അക്കാദമികമോ പ്രഫഷനലോ ആയ കഴിവുകളോ യോഗ്യതയോ ഇല്ലാത്തവരാണ് ഉന്നത പദവിക്കു കരുനീക്കുന്നവരെന്ന് ബന്ധപ്പെട്ടവരുടെ യോഗ്യതകള്‍ നിരത്തി അക്കാദമിക് വിദഗ്ദര്‍ സമര്‍ഥിക്കുന്നു. കേരളത്തില്‍ ചരടുവലിക്കുന്നവര്‍ ഐ.ഐ.എം.സിയുടെ ഇതര കേന്ദ്രങ്ങളിലെ മേധാവിമാരുടെ യോഗ്യതയുടെ ഏഴയലത്തുപോലും വരില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രമുഖ ഒറിയ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. മൃണാള്‍ ചാറ്റര്‍ജിയാണ് 1993ല്‍ പ്രവര്‍ത്തനം തുടങ്ങിയ ധെങ്കനാല്‍ കേന്ദ്രത്തിലെ പ്രഫസര്‍. നോവലുകളും ചെറുകഥാ സമാഹാരങ്ങളുമടക്കം നിരവധി സാഹിത്യ കൃതികളുടെയും മാധ്യമ പഠന ഗ്രന്ഥങ്ങളുടെയും രചയിതാവായ അദ്ദേഹം മാധ്യമ പഠനത്തില്‍ പി.എച്ച്ഡിക്കു പുറമെ മൂന്നു ബിരുദാനന്തര ബിരുദങ്ങള്‍ സ്വന്തമായുള്ളയാളാണ്. പുറമെ പത്രപ്രവര്‍ത്തനത്തിലും പത്രപ്രവര്‍ത്തന പഠന രംഗത്തും സുദീര്‍ഘമായ പരിചയവും. പൂര്‍ണ പ്രവര്‍ത്തന സജ്ജമായിട്ടില്ലാത്ത മറ്റു മേഖലാ കേന്ദ്രങ്ങള്‍ സ്പെഷല്‍ ഓഫിസര്‍മാരുടെ കീഴിലാണിപ്പോള്‍.

 

 

മൂന്നു ‘യോഗ്യന്മാര്‍’
സര്‍വകലാശാലയിലെ അധ്യാപന പരിചയം ഓട്ടപ്പന്തയത്തില്‍ തന്നെ മുന്നിലത്തെിക്കുമെന്നാണ് മുഖ്യ സ്ഥാനാര്‍ഥിയായ മുന്‍ പത്രപ്രവര്‍ത്തകന്റെ കണക്കുകൂട്ടല്‍. മതിയായ യോഗ്യതകളില്ലാതെ ഇദ്ദേഹം മാധ്യമ പഠന വിഭാഗം മേധാവിയായി നിയമിതനായപ്പോള്‍ വിവാദ കൊടുങ്കാറ്റ് ആണ് ഉയര്‍ന്നത്. എന്നാല്‍, അതിനെ സമര്‍ഥമായി അതിജീവിക്കുകയും ദീര്‍ഘനാളായി പ്രഫസര്‍ പദവിയില്‍ വാണരുളുകയും ആ ബലത്തില്‍ സാസ്കാരിക കൂട്ടായ്മകളില്‍ പ്രധാന ഇടം സമ്പാദിക്കുകയും പിടിച്ചടക്കുകയും ചെയ്ത അദ്ദേഹം ഉന്നത അക്കാദമിക യോഗ്യതകളോ മാധ്യമ പഠനരംഗത്തു കനത്ത സംഭാവനകളോ ഇല്ലെന്ന ആക്ഷേപങ്ങള്‍ക്കു ചെവികൊടുക്കാതെയാണു സമുദായ പിന്തുണയും രാഷ്ട്രീയ സഹായവും ഉറപ്പാക്കി കളി തുടരുന്നത്.

ഒരു വെടിക്കു രണ്ടു പക്ഷി എന്ന മട്ടിലാണ് രണ്ടാം സ്ഥാനാര്‍ഥിയായ മാധ്യമപ്രവര്‍ത്തകന്റെ കരുനീക്കങ്ങള്‍. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ തോഴിയായാലും മതി എന്ന സിദ്ധാന്തത്തില്‍ ഐ.ഐ.എം.സിയില്‍ പറ്റിയില്ലെങ്കില്‍ സര്‍വകലാശാലയിലെങ്കിലും കസേര ഒപ്പിക്കാനുറച്ചാണ് അദ്ദേഹം നീങ്ങുന്നതെന്നറിയുന്നു. ഒന്നാമന്‍ ഐ.ഐ.എം.സിയിലേക്കു പോയാല്‍ തനിക്ക് വാഴ്സിറ്റിയില്‍ കസേര കിട്ടുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ സ്വാധീനമാണ് പ്രമുഖ ജനപ്രിയ മാധ്യമ ഗ്രൂപ്പിന്‍റ ആനുകാലിക പത്രാധിപരുടെ ചുമതല വഹിച്ചിരുന്ന ഇദ്ദേഹത്തിന്റെ ബലം. അടുത്തിടെ കിട്ടിയ ജേണലിസം പി.എച്ച്ഡി അധികബലവും.

കോണ്‍ഗ്രസ് സംസ്ഥാന വക്താവ് എം.എം ഹസന്റെ പിന്തുണയിലാണ് പി.ആര്‍.ഡി ഉദ്യോഗസ്ഥന്റെ ചരടുവലികള്‍. ഇതിനൊപ്പം മുസ്ലിംലീഗിന്റെ സഹായവും അദ്ദേഹം പ്രതീക്ഷിക്കുന്നു. മുസ്ലിം ജീവനക്കാരുടെ സംഘടനാ ഭാരവാഹി കൂടിയായതിനാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ അകമഴിഞ്ഞ പിന്തുണയാണ് പി.ആര്‍.ഡിക്കാരന്‍ കണക്കുകൂട്ടി ഒപ്പിക്കുന്നത്. അല്‍പ്പകാലം മാധ്യമ പ്രവര്‍ത്തകനായിരുന്നു എന്ന പരിചയം മാധ്യമപഠന കേന്ദ്രം മേധാവിയാകാന്‍ ധാരാളമാണുതാനും. വിദ്യാഭ്യാസ മന്ത്രിക്ക് അക്കാദമിക യോഗ്യതകള്‍ വേണ്ടെന്നിരിക്കെ വെറുമൊരു ഐ.ഐ.എം.സി കേന്ദ്രത്തിന്റെ മേധാവിയാകാന്‍ മാത്രം എന്തിനാണ് ആവശ്യമില്ലാത്ത നിബന്ധനകള്‍ കൊണ്ടുവരുന്നത്.?

Leave a Reply

Your email address will not be published. Required fields are marked *