മലയാള നടികള്‍ക്ക് ‘അകാല വാര്‍ധക്യം’

സിനിമാ നടികളെ കുറിച്ചുള്ള ഈ ചിന്താഗതികള്‍ക്ക് മാറ്റംവരണമെങ്കില്‍ വിവാഹ ശേഷം ഒരു സ്ത്രീക്ക് നായികയാവാനാവില്ല എന്ന നാട്ടുനടപ്പ് മാറണം. വ്യവസായത്തിന്റെ കാലികാവസ്ഥകള്‍ മാറണം. സിനിമാക്കാര്‍ മാറണം. അപ്പനപ്പൂപ്പന്‍മാരാവാന്‍ പ്രായമുള്ള പുരുഷന്മാര്‍ മേക്കപ്പില്‍ മുങ്ങി നായകവേഷം കട്ടിയാടുന്ന നാട്ടില്‍ വിവാഹം ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ നടികള്‍ക്ക് അകാല വാര്‍ധക്യം വിധിക്കുന്നത് ഇരട്ടത്താപ്പും നെറികേടുമാണ്-ഗള്‍ഫില്‍ മാധ്യമ പ്രവര്‍ത്തകയായ നസീം ബീഗം എഴുതുന്നു
 

 

ചലച്ചിത്ര രംഗത്ത് തിളങ്ങിയ നടികള്‍ വിവാഹശേഷം അഭിനയം നിര്‍ത്തുന്നത് ഇന്നൊരു വാര്‍ത്ത അല്ലാതായിരിക്കുന്നു. മലയാള സിനിമയില്‍ പല മാറ്റങ്ങള്‍ വന്നിട്ടും ആ ട്രെന്‍ഡ് മാത്രം മാറുന്നില്ല. വിവാഹത്തിന് മുമ്പ്, ഏതു തൊഴിലും പോലെ പെണ്ണുങ്ങള്‍ക്കും പറ്റുന്നതാണ് സിനിമ എന്ന് പറയുന്നവര്‍ക്ക് പിന്നീട് എന്താണ് പറ്റുന്നത്?

സിനിമാ രംഗത്തുള്ളവര്‍ പറയുന്നത് പ്രേക്ഷകര്‍ അവര്‍ക്ക് തുടര്‍ന്നും പ്രോത്സാഹനം നല്‍കില്ല എന്നാണ്. വാസ്തവം എന്താണ്? ഒരു സിനിമ നടി ഏതെങ്കിലും ഒരു ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നത് പ്രേക്ഷകരുടെ എല്ലാം സമ്മതം വാങ്ങിയിട്ടാണോ? അല്ല. അപ്പോ സിനിമയില്‍ സ്ത്രീകള്‍ക്ക് അവസരം കൊടുക്കുന്നവര്‍ തന്നെ ആണ് വിവാഹശേഷം അവര്‍ അഭിനയിക്കേണ്ട എന്നും തീരുമാനിക്കുന്നത്. സിനിമക്കുള്ളിലെ മേലാളന്മാര്‍ പടച്ചുണ്ടാക്കിയ ഈ അലിഖിത നിയമാവലി എന്നാല്‍, പ്രേക്ഷകരുടെ തലയില്‍ ചാരി രക്ഷപ്പെടുകയാണ് സിനിമാക്കാര്‍. എപ്പോഴും പറഞ്ഞു കേള്‍ക്കുന്ന മറ്റൊരു വാദം വിവാഹം കഴിക്കുമ്പോള്‍ നടികളുടെ സൌന്ദര്യത്തിനു ഉടവ് തട്ടുന്നുവെന്നാണ്. പ്രസവം കഴിയുമ്പോള്‍ രൂപസൌകുമാര്യം മാറുന്നെന്ന്. പ്രേക്ഷകരെക്കുറിച്ച തെറ്റായ ധാരണകളില്‍നിന്ന് ഉരുവം കൊള്ളുകയും ചലച്ചിത്രമേഖലയില്‍ ശക്തമായി നിലനില്‍ക്കുകയും ചെയ്യുന്ന അനേകം അന്ധ വിശ്വാസങ്ങളില്‍ ഒന്നു മാത്രമാണിത്.

താലികെട്ടിയാലെന്ത്
എന്താണ് വിവാഹം ചെയ്യുന്ന ഒരു നടിയുടെ ന്യൂനത? ഒരു വ്യക്തിക്കൊപ്പം അവളുടെ സ്വകാര്യ ജീവിതം പങ്കിടുന്നതോ? വാസ്തവത്തില്‍ എന്താണ് നടികള്‍ക്ക് സംഭവിക്കുന്നത്?

നസീം ബീഗം

ഇക്കാര്യം ആലോചിക്കുമ്പോള്‍,വിവാഹത്തെ ഈ നടികള്‍ കാണുന്നതെങ്ങനെ എന്നു കൂടി നോക്കണം. സിനിമകള്‍ക്കായുള്ള പാച്ചിലിനിടെ നഷ്ടപ്പെട്ട സ്വകാര്യതയുടെ കാലയളവ് തിരിച്ചു പിടിക്കാനുള്ള വഴിയായാണ് പലരും വിവാഹത്തെ കാണുന്നത്. കറവപ്പശു പോലെ കരുതുന്ന വീട്ടുകാരില്‍ നിന്ന് രക്ഷപെടാന്‍ മറ്റു ചിലര്‍, വിവാഹത്തെ പോംവഴി ആയി കാണുന്നു. സിനിമാ രംഗത്തെ ചൂഷണങ്ങളില്‍നിന്നുള്ള ട്രാന്‍സ്ഫര്‍ സര്‍ടിഫിക്കറ്റായും വിടാതെ പിന്തുടരുന്ന ചില താരങ്ങളില്‍നിന്നുള്ള രക്ഷാമാര്‍ഗമായും വിവാഹത്തെ കാണുന്ന നടിമാരുണ്ട്. ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കള്‍ പറയുന്നതനുസരിച്ച് ഇത്തരം സംഭവങ്ങള്‍ അപൂര്‍വമേയല്ല.

എന്നാല്‍, വിവാഹശേഷം അഭിനയം നിര്‍ത്തേണ്ടി വരുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ടു കൂടിയാണ്. അതില്‍ പ്രധാനം കല്യാണം കഴിക്കുന്ന പുരുഷന്റെ അപ്രീതി തന്നെയാണ്. ഫീല്‍ഡില്‍ തന്നെയുള്ള പുരുഷന്‍മാരെങ്കില്‍ ഭാര്യ ഇനി മേക്കപ്പിടേണ്ടതില്ലെന്ന് കട്ടായം പറയുന്നു. കാരണങ്ങള്‍ പലതുമാവും. നടികളോടുള്ള ആരാധന മൂത്ത് വിവാഹം ചെയ്യുന്നവരാവട്ടെ, തന്റെ ഭാര്യ ആയ സ്ഥിതിക്ക് ഇനി ആരുമായും ആടി പാടേണ്ട എന്നങ്ങങ്ങു തീരുമാനിക്കുന്നു. ചില നടികള്‍ സ്വയം അരങ്ങൊഴിയുന്നു. ആട്ടവും പാട്ടും പിന്നെ സൂപ്പര്‍ താരങ്ങളുടെ താളത്തിനൊത്ത് തുള്ളലും മാത്രമാണ് ശരാശരി മലയാള സിനിമ എന്നുവരുമ്പോള്‍ ഇതില്‍ അതിശയിക്കാനില്ല.

 

 

മായികമായ ചതിക്കുഴികള്‍
അഭ്രപാളിക്ക് അകത്തെ മായികമായ ചതിക്കുഴികള്‍ ഈ അവസ്ഥകളെ ഒന്ന് കൂടി ദുരൂഹമാക്കുന്നു. കോടികള്‍ മറിയുന്ന സിനിമാ വ്യവസായം നിലനില്‍ക്കുന്നത് പല തരം സമ്മര്‍ദ്ദങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും ഇടയിലാണ്. അവസരങ്ങളും സാധ്യതകളും നിര്‍ണയിക്കുന്നതില്‍ താരവ്യവസ്ഥ അടക്കം പല ഘടകങ്ങളും നിര്‍ണായകമാണ്. അഭിനയ ശേഷി ഒന്നു കൊണ്ടു മാത്രം ആര്‍ക്കും പിടിച്ചുനില്‍ക്കാനാവില്ലെന്ന് വ്യക്തി. ഇതു തന്നെയാണ്, നടിമാര്‍ക്കു മുന്നില്‍ വലിയ വിലങ്ങുതടിയാവുന്നത്.

ഈ കലയുടെ ആരംഭം മുതല്‍ക്കു സ്ത്രീ ശരീരങ്ങള്‍ പലതരത്തിലുള്ള ചൂഷണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു. എങ്കിലും ഇന്നും ഈയാം പാറ്റകളെ പോലെ പലരും ഈ രംഗത്തെ തേടി ചെല്ലുന്നു. പണ്ടത്തേക്കാള്‍ ഈ രംഗത്ത് ഇന്ന് സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉണ്ടായിരിക്കും. എന്നിട്ടും വിവാഹ ശേഷം സ്ത്രീകള്‍ അരങ്ങൊഴിയുക തന്നെ ചെയ്യുന്നു. തൊഴില്‍ എന്ന നിലയില്‍ സാധ്യതകള്‍ തുറന്നു കിടപ്പുണ്ടെങ്കില്‍ പിന്നെന്തിന് നടികള്‍ ഈ രംഗത്ത് നിന്ന് ഒഴിഞ്ഞു നില്‍ക്കണം? അതും വിവാഹം ചെയ്തെന്ന് കരുതി മറ്റു തൊഴില്‍ ചെയ്തു ജീവിക്കുന്ന സ്ത്രീകളൊന്നും ജോലി ഉപേക്ഷിക്കാത്ത ഇക്കാലത്ത്?

പ്രേക്ഷകരല്ല പ്രതികള്‍
വിവാഹ ശേഷവും അഭിനയം വിടാതിരുന്ന ഒരു നടി ജ്യോതിര്‍മയി ആയിരുന്നു. കാമ്പുള്ള വേഷങ്ങള്‍ ചെയ്തു വന്ന അവര്‍ക്ക് മലയാള സിനിമ പിന്നീട് നല്‍കിയ വേഷം എന്താണ്? അന്യരിലെ കഥാപാത്രം പോലെ ഒരു മുഴു നീള കഥാപാത്രമായി അവര്‍ ചെയ്ത സിനിമ ഏതുണ്ട്.

ഇക്കാര്യത്തില്‍ ശ്വേത മേനോന്‍ ഭാഗ്യവതി ആണ്. പാലേരി മാണിക്യം, മധ്യവേനല്‍, ലയം തുടങ്ങിയ സിനിമകള്‍ അവര്‍ക്ക് നല്‍കാന്‍ സംവിധായകര്‍ തയ്യാറായി. ഇപ്പോള്‍ വിവാഹ ശേഷവും അവര്‍ സജീവമാണ്. പ്രേക്ഷകര്‍ അവരുടെ സിനിമകള്‍ മനസ്സറിഞ്ഞു സ്വീകരിക്കുകയും ചെയ്തു. അപ്പോള്‍, പ്രേക്ഷകര്‍ സ്വീകരിക്കില്ല എന്ന ഒറ്റക്കാരണത്താല്‍ വിവാഹശേഷം നടികളെ മാറ്റിനിര്‍ത്തുന്ന സിനിമാത്തമ്പ്രാക്കന്‍മാരുടെ ഉള്ളിലിരിപ്പ് മറ്റെന്തോ ആണെന്ന് തെളിയുന്നു.

അപ്പോള്‍ കുഴപ്പം പ്രേക്ഷകര്‍ക്കല്ല, സിനിമ പിടുത്തക്കാര്‍ക്കാണ് . അതാണ് തിരിച്ചറിയപ്പെടേണ്ടത്. അഭിനയത്തെ തൊഴിലായി കാണുന്ന നടികള്‍ തങ്ങള്‍ വിവാഹ ശേഷവും സിനിമയില്‍ തുടരും എന്ന് പറയാനുള്ള ആര്‍ജവം കാണിക്കണം. അപ്പോള്‍ അറിയാം മലയാള സിനിമയുടെ തലതൊട്ടപ്പന്മാരുടെ ഉള്ളിലിരിപ്പ്.

 

 

ഇത് ഇരട്ടത്താപ്പ്
തീര്‍ച്ചയായും ഇത് മലയാള സിനിമയിലെ മാത്രം സ്ഥിതി വിശേഷമല്ല. മറ്റു ഭാഷകളിലും ദേശങ്ങളിലും സമാനമായ അവസ്ഥകള്‍ ഉണ്ടാവാം. പക്ഷെ മലയാളത്തില്‍ താരതമ്യേന കൂടുതല്‍ ആണെന്ന് മാത്രം. ഹോളിവുഡിലും മറ്റു യൂറോപ്യന്‍ സിനിമകളിലുമൊക്കെ നോക്കുക. അവിടെ വിവാഹം കഴിഞ്ഞു എന്നത് കൊണ്ടോ, അമ്മൂമ്മ ആയതു കൊണ്ടോ ആരും ഒരു നടിയെ നായിക സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തുന്നില്ല. നടനം മെച്ചമെങ്കില്‍ അവര്‍ക്ക് ഏതു റോളും കിട്ടുന്നു. കാരണം അവിടെ സമവാക്യം ഒന്നേ ഉള്ളൂ^അഭിനയം. കഴിവാണ് അവിടെ പ്രധാനം. ഒരു വ്യക്തിയുടെ കഴിവിനെ നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാവുന്ന ഏജന്റ് അഭിനേത്രിക്ക് പുതിയ സാധ്യതകള്‍ തുറക്കുന്നു. അഭിനയം ശരിയായ അര്‍ഥത്തില്‍ തൊഴിലായി മാറുന്നു.

സിനിമാ നടികളെ കുറിച്ചുള്ള ഈ ചിന്താഗതികള്‍ക്ക് മാറ്റംവരണമെങ്കില്‍ വിവാഹ ശേഷം ഒരു സ്ത്രീക്ക് നായികയാവാനാവില്ല എന്ന നാട്ടുനടപ്പ് മാറണം. വ്യവസായത്തിന്റെ കാലികാവസ്ഥകള്‍ മാറണം. സിനിമാക്കാര്‍ മാറണം. അപ്പനപ്പൂപ്പന്‍മാരാവാന്‍ പ്രായമുള്ള പുരുഷന്മാര്‍ മേക്കപ്പില്‍ മുങ്ങി നായകവേഷം കട്ടിയാടുന്ന നാട്ടില്‍ വിവാഹം ചെയ്തു എന്ന ഒറ്റക്കാരണത്താല്‍ നടികള്‍ക്ക് അകാല വാര്‍ധക്യം വിധിക്കുന്നത് ഇരട്ടത്താപ്പും നെറികേടുമാണ്.

13 thoughts on “മലയാള നടികള്‍ക്ക് ‘അകാല വാര്‍ധക്യം’

 1. ദേശീയ പുരസ്കാരം നേടിയ വിദ്യാ ബാലന്‍റെ പ്രായം അഭിനയ ജീവിതത്തെയോ അഭിനയ പാടവത്തെയോ സ്വാധീനിച്ചോ ?

 2. നല്ല ചോദ്യം..ഇന്ന് ആരുമോര്‍ക്കാത്ത ഒരു വസ്തുത ഉണ്ട്. പരിണീതയില്‍ അഭിനയിക്കുന്ന സമയത്ത് വിദ്യ ബാലന്‍ ഒരു കാര്യം പറഞ്ഞിരുന്നു..അതിലെ ചില രംഗങ്ങള്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവില്‍ നിന്നും അനുവാദം തേടി ഇരുന്നു എന്നും, അതിന്റെ ചിത്രീകരണ വേളയില്‍ സൈഫ് അലിഖാനും സംവിധായകനും താനും മാത്രമേ ഉണ്ടൈരുന്നുള്ളൂ എന്നും…ഈ അടുത്ത കാലത്തായി വരുന്ന വാര്‍ത്തകളില്‍ അവര്‍ ഉടന്‍ വിവാഹം ചെയ്യുമെന്ന് പറയുന്നു…എന്നെങ്കിലും വിദ്യ ബാലനെ നേരിട്ട് കണ്ടാല്‍ ചോദിക്കേണ്ട ഒരു ചോദ്യമാണ് ഇത്..അപ്പൊ അവരുടെ ആദ്യ വിവാഹത്തിന് എന്ത് പറ്റി? സത്യം അവര്‍ക്ക് മാത്രമേ പറയാന്‍ സാധിക്കൂ ..dirty picture എന്ന സിനിമയില്‍ അവര്‍ക്ക് അഭിനയിക്കേണ്ടി ഇരുന്നത് ഒരു വനിതാ സംവിധായകക്ക് മുന്നില്‍ ആയിരുന്നതും വിദ്യക്ക് ഗുണം ചെയ്തിട്ടുണ്ട് എന്നാണു തോന്നുന്നത്..

 3. വിവാഹിത ആയ ഒരു നടിക്ക് നായികാ വേഷങ്ങള്‍ കിട്ടുക എളുപ്പം അല്ല…വിവാഹ ശേഷം സിനിമ രംഗത്ത്‌ സജീവം ആയി നിന്ന നടികളും കുറവ്….കോടികള്‍ ചെലവ് ഉള്ള ഒരു മേഖല ആണ് സിനിമ , അപ്പോള്‍ അവിടെ സിനിമ നിര്‍മിക്കുന്ന വ്യക്തിക്കും , സിനിമയുടെ പ്രധാന ഖടകം ആയ സൂപ്പര്‍ സ്റാര്‍ നും ആണ് പ്രധാന റോള്‍…മമ്മൂട്ടി , മോഹന്‍ ലാല്‍ ഇവര്‍ അഭിനയിച്ച പല സിനിമകളും നോക്കിയാല്‍ കാണാം , അഭിനയ പ്രതിഭ നോക്കി ഒന്നും അല്ല നായികാ തിരഞ്ഞെടുപ്പ് നടന്നിരിക്കുന്നത് എന്ന്…പലതും മലയാളം ശരിയാംവണ്ണം സംസാരിക്കാന്‍ പോലും അറിയാത്ത ഇറക്കുമതികള്‍ ആണ്…നായകന്റെ ഒപ്പം ഒരു ഭംഗിക്ക് എന്ന മട്ടില്‍ ഒരു നായികാ …അല്ലാതെ നായികക്ക് സിനിമയില്‍ പ്രസക്തം ആയ കാര്യം കൂടി ഇല്ല…സിനിമയുടെ ഗതി വിഗതികള്‍ സ്വാധീനിക്കുന സ്ത്രീകഥാപാത്രങ്ങള്‍ കൂടി ഇല്ല…കെ. ജി . ജോര്‍ജ് സംവിധാനം ചെയ്യ്ത ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് , രഞ്ജിത്ത് സംവിധാനം ചെയ്യ്ത തിരക്കഥ ഇവ ഒകെ സിനിമയുടെ പിന്നാമ്പുറ കാഴ്ചകള്‍ കാണിച്ചു തരുന്നു…സിനിമയുടെ പിന്നാമ്പുറ കാഴ്ചകള്‍ വെട്ടി തുറന്നു നാനയില്‍ എഴുതിയ ഒരു പഴയ കാല നടി ദുരൂഹ സാഹചര്യത്തില്‍ മരണപെട്ടത്‌ കുറെ വര്ഷം മുന്‍പ് ചര്‍ച്ച ചെയ്യപെട്ടിരുന്നു…സതീഷ്‌ ടെ ഫേസ് ബുക്ക്‌ പേജ് ല് നമ്മള്‍ പത്ര സ്വാതന്ത്രത്തെ പറ്റി ചര്‍ച്ച ചെയ്യ്തത് ഓര്മ ഉണ്ടോ ?

 4. കാവ്യാ മാധവന്‍ വിവാഹ ജീവിതം പരാജയം ആയതിനു ശേഷം അല്ലെ വീണ്ടും സിനിമയില്‍ സജീവം ആയത്….വിഹാഹിത ആയതിനു ശേഷം സിനിമയിലേക്ക് വന്നാല്‍ അമ്മ വേഷം , ചേച്ചി വേഷം ഇവ ഒകെ അല്ലെ നടിമാരെ കാത്തു ഇരിക്കുന്നത്…സുകുമാരി , സീമ തുടങ്ങി കുറച്ചു നടികള്‍ സിനിമയും വിവാഹ ജീവിതവും ഒരുമിച്ചു കൊണ്ട് പോയി സിനിമ രംഗത്ത്‌ സജീവം ആയി തുടര്‍ന്നു…പക്ഷെ കൂടെ അഭിനയിച്ച നടന്മ്മാര്‍ നായക വേഷത്തില്‍ തുടരുന്ന്പ്പോള്‍ നടിമാര്‍ അമ്മ വേഷത്തിലേക്ക് പോയി…

  • കാവ്യാ മാധവന്‍ , അവര്‍ ഒരു മികച്ച നടി ആണ് എന്നതിന് വെറും രണ്ടു സിനിമകള്‍ മതി, പെരുമഴക്കാലവും , ഗടമാ യും…അവരുടെ അഭിനയ ശേഷി ശരിയാം വണ്ണം വിനിയോഗിക്കാത്തത് മലയാള സിനിമ സംവിധായകരുടെ കുഴപ്പം…സിനിമയുടെ പിന്നാം പുറ കാഴ്ച്ചകള്‍ ശ്രദ്ധിക്കേണ്ട…അവിടെ പലതും നടക്കും…

 5. ഇനിയും ഉണ്ട് ലിസ്റ്റ്….എവിടെ മീര ജാസ്മിന്‍? മഞ്ജു വാരിയര്‍.മഞ്ജു ദിലീപിനെ വിവാഹം ചെയ്തു രംഗം ഒഴിഞ്ഞു..അതോടെ ദിലീപിന്റെ നല്ല കാലം തുടങ്ങി..മീര ജാസ്മിനെ എവിടെ എന്ന് അന്വേഷണം നടത്തേണ്ടി ഇരിക്കുന്നു..ഐറ്റം ഡാന്‍സ് ചെയ്തു നടന്ന ശ്വേതാ മേനോന്‍ നല്ല വേഷം നല്‍കിയാല്‍ അഭിനയിക്കും എന്ന് പലേരി മാണിക്ക്യം മുതല്‍ ആണെന്ന് തോന്നുന്നു നാം കാണാന്‍ തുടങ്ങിയത്…സിനിമയുടെ പിന്നാമ്പുറ കഥകള്‍ അറിയേണ്ടതില്ല എന്ന് പറയാം എങ്കിലും, അതുണ്ടാക്കുന്ന സാമൂഹ്യ വിപത്ത് അല്ലെങ്കില്‍ അപചയം കാണാതിരിക്കാന്‍ ആകില്ല.

  • വിവാഹിത ആകുന്നതോടെ ഒരു ഫ്രഷ്‌ ഫീലിംഗ് പോകുന്നത് പോലെ ഒരു മലയാളി ചിന്താഗതി ഉണ്ട്…റബ്ബര്‍ മരത്തിന്റെ slaughter tapping പോലെ ആണ് നടികളുടെ ജീവിതം , സിനിമയില്‍ അഭിനയിക്കുമ്പോ പരമാവധി പൈസ ഉണ്ടാക്കുവാന്‍ നോക്കുക…demeand പോകരകുമ്പോ വിവാഹം കഴിച്ചു അരങ്ങു ഒഴിയുക…എത്രയോ നടികള്‍ അങ്ങനെ അരങ്ങു ഒഴിഞ്ഞു…ഉര്‍വശി , ജ്യോതിര്‍മയി, അങ്ങനെ കുറച്ചു പേര്‍ മാത്രം വീണ്ടും സിനിമയില്‍ തുടര്‍ന്നു …എന്നാല്‍ അവര്‍ക്ക് മികച്ച അവസരം പിന്നെ കിട്ടിയോ ? ഉര്‍വശി ,ജ്യോതിര്‍മയി ഇവര്‍ക്ക് തമിള്‍ സിനിമ ആണ് കൂടുതല്‍ അവസരം നല്‍കിയത്….ചെങ്കോല്‍ എന്ന ലോഹിതദാസ് സിനിമയില്‍ ഉഷ അവതരിപ്പിക്കുന്ന ഒരു നാടക നടി വേഷം ഉണ്ട്…മകള്‍ ആ പണിയാണ് ചെയ്യുന്നത് എന്ന് അച്ഛന് അറിയുകയും ചെയ്യാം…മദ്യത്തില്‍ തന്റെ വിഷമം ഒഴുക്കി കളയുക ആണ് അതില്‍ തിലകന്‍ അഭിനയിക്കുന്ന കഥാപാത്രം ചെയ്യുന്നത്..കുടുംബം പുലര്‍ത്തുവാന്‍ ആയി ഉള്ള ശ്രമം അവിടെ വിട്ടു വീഴ്ചകള്‍ അവള്‍ ചെയ്യുന്നു…സിറ്റി ഓഫ് ദി ഗോഡ് എന്ന സിനിമയില്‍ റീമ കല്ലിങ്ങല്‍ അഭിനയിച്ചിരിക്കുന്ന സിനിമ നടി വേഷം വളരെ ചര്‍ച്ച ചെയ്യപെടെണ്ടി ഇരുന്ന വേഷം ആണ്…പക്ഷെ അത് അത്ര ചര്‍ച്ച ചെയ്യാ പെട്ടില്ല…

 6. കോടികള്‍ മുടക്കി ചെയുന്ന മറ്റു ബിസിനസ്‌ അപ്പൊ അങ്ങനെ പലതും ഉണ്ടാകും എന്ന് സിനിമയെ കുറിച്ച് പറയുമ്പോള്‍, സിനിമ എന്ന കലയെ അധിക്ഷേപിക്കുന്നത് പോലെ അല്ലെ രാജീവ്‌. സ്ത്രീകളെ ചൂഷണം ചെയ്തു സിനിമ എന്ന വ്യവസായത്തെ വളര്‍ത്തേണ്ട കാര്യം എന്താണ്? സിനിമയുടെ പിന്നംബുരത്തെ കച്ചവടം സ്വീകാര്യമെങ്കില്‍, ആദ്യം വേശ്യാവൃത്തി നിയമവിധേയം ആക്കെണ്ടേ? ലക്ഷങ്ങള്‍ വാങ്ങുന്ന നടിമാരെ ജനം ആരാധിക്കുമ്പോള്‍, പട്ടിണിയും പരിവട്ടവും കാരണം ഈ തൊഴിലില്‍ അകപെടുന്നവരെ നാം ശിക്ഷിക്കുന്നു..ഇതെന്തു നീതി സംവിധാനം..

  • എല്ലാം പല വിഭാഗം ഉണ്ട്…പല നിരക്കുകള്‍…നാട്ടിന്‍പുറത്തെ കൊട്ടകയില്‍ പതിനഞ്ചു രൂപയ്ക്കു സിനിമ കാണാം…എന്നാല്‍ നഗരത്തിലെ മികച്ച സൌകര്യം ആധുനിക കൊട്ടകയില്‍ , സുഖ ശീതളിമയില്‍ ഇരുന്നു സിനിമ കാണുവാന്‍ എഴുപതു രൂപ ആണ് കൊടുങ്ങല്ലൂര്‍ അശോക യില്‍ …മികച്ച ദ്രിശ്യ അനുഭവം ആണ്…ഇത് പോലെ തന്നെ ആണ് മറ്റു കാര്യങ്ങളും…രണ്ടു ഇടത്തും സ്ക്രീന്‍ ല് വരുന്ന്നത് ഒരേ സിനിമ.. ..ടിക്കറ്റ്‌ നിരക്ക് താങ്ങുവാന്‍ കെല്പു ഉള്ളവര്‍ക്ക് നല്ല കൊട്ടകയില്‍ കാണാം…

 7. രഞ്ജിത്തേ, നിങ്ങളുടെ പ്രതികരണത്തോടുള്ള എതിര്‍പ്പ് എന്നതിനേക്കാളുപരി, നമ്മള്‍ ഗൗരവമുള്ള ഒരു വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ‘അതെല്ലാം മറന്നേക്കൂ’ എന്ന മനോഭാവം ശരിയാണോ. ഉപഭോക്തൃ സമൂഹത്തിലെ മധ്യവര്‍ഗ എമ്പോക്കികളാണോ വെര്‍ച്ച്വല്‍ ലോകത്തെ മുഴുവന്‍ പേരും. സാമൂഹിക പ്രതിബന്ധത, രാഷ്ട്രീയം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടി വരികയും ‘നിങ്ങള്‍’(ഈ നിങ്ങള്‍ തീര്‍ച്ചയായും ഞാനടക്കമുള്ള നിങ്ങളെന്ന് നിങ്ങള്‍ വായിക്കണമെന്ന്….) വെറുമൊരു ‘മോഷ്ടാവായ എന്നെ ‘നിങ്ങള്‍’ കള്ളനെന്ന് വിളിച്ചില്ളെ എന്ന് ചോദിക്കേണ്ടി വരും. നാട്ടിന്‍പുറത്ത് വളര്‍ന്നതിനാല്‍ എന്‍െറ പഠനകാലത്ത് ഇത് തെളിയിക്കാനുള്ള നിരവധി ഉദാഹരണങ്ങള്‍ പറയാനാകും. എന്‍െറ മാത്രമല്ല ശരാശരിക്കാരില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം (ഇവിടുത്തെ ‘എന്തെങ്കിലും’ സൂക്ഷമാര്‍ഥത്തില്‍ തന്നെ വായിക്കപ്പെടണം..)കണ്ടാല്‍ മലയാളിക്കാര്‍ക്ക് പിന്നെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന കൊച്ചു കൊച്ചു അപമാനങ്ങളും വേദനകളും ഉണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ തോന്നിയതാണ്,എല്ലാത്തിനോട് നിസംഗത പുലര്‍ത്തുന്ന ഒരു ഷണ്ഡന്‍ തലമുറയെ സൃഷിടിക്കുന്നതില്‍ ‘അവര്‍’ വിജയിച്ചിരിക്കുന്നു ( ഈ അവര്‍ അതിന്‍െറ നേരിട്ടുള്ള പരിപ്രേക്ഷ്യത്തില്‍ ഉള്‍ക്കൊണ്ടാല്‍ മതിയാകും, മറിച്ചായാലും കുഴപ്പമില്ല) ചുരുക്കി പറഞ്ഞാല്‍ വൈലോപ്പിള്ളിയുടെ കവിതകളില്‍ തുടര്‍ച്ചയായി കടന്നു വന്ന ഒരു പ്രതീകാത്മക കഥാപാത്രമുണ്ട് ‘ ചൂണ്ടയിടുന്ന ബാലന്‍’ ആകാശം ഇടിഞ്ഞ് വീണാലും കൂലുങ്ങാത്ത കേളനായി ആ ബാലന്‍ അന്നേ കവിയുടെ കാഴ്ച പടലങ്ങളില്‍ പതിച്ചിരുന്നു. നമ്മളൊക്കെ വെറും ചുണ്ടയിടുന്ന പയ്യന്‍മാരാകുന്നത് ആരുടെ അജണ്ഡയാണ്?

 8. സുധീര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ വായിച്ചു…ഈ മേഖല അത് അടക്കി വാഴുന്നത് വമ്പന്‍ തോക്കുകള്‍ ആണ്….പ്രമുഖ കവിയെ പോലും കള്ളും സൌകര്യങ്ങളും കൊടുത്തു ചൂഷണം ചെയ്യ്ത വര്‍ഗം..അഭിപ്രായങ്ങള്‍ പറയാം എന്ന് അല്ലാതെ നമ്മളുടെ പ്രതികരണം കൊണ്ട് മലയാള സിനിമയിലെ തിന്മകള്‍ ഇല്ലാതെ ആവില്ല…നമ്മുടെ വോട്ട് ഉം വാങ്ങി രാഷ്ട്രീയക്കാര്‍ നമ്മളെ പറ്റിക്കും..എന്നാലും നാം വോട്ട് ചെയ്യാന്‍ പോകും…വിവാഹം കഴിയുന്നതോടെ പല നടികളും അഭിനയം നിര്‍ത്തും…വിവാഹം പരമാവധി നീട്ടി കൊണ്ട് പോയി കൂടുതല്‍ സിനിമയില്‍ അഭിനയിക്കും…ജോമോള്‍, മുക്ത, മീര ജാസ്മിന്‍ അങ്ങനെ പലരും മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ എത്തി സങ്കടം പറഞ്ഞിട്ടുണ്ട്…വിവാഹ ശേഷം സിനിമയില്‍ സജീവം ആയി ഇരിക്കുകയും ..നായികാ വേഷങ്ങള്‍ ചെയ്യുക യും ചെയ്യ്ത നടികള്‍ മറ്റു ഭാഷയിലും കുറവ്…ഉണ്ട് എങ്കില്‍ തന്നെ അവര്‍ അമ്മ വേഷത്തിലും സഹോദരി വേഷത്തിലും ഒകെ ആയി പോകും…അവരെ ഒതുക്കുനന്തു ആര് ആണ് എന്നത് ആണ് ചോദ്യ വിഷയം…ആര് ആണ് സിനിമയില്‍ നായികാ നിര്‍ണയം നടത്തുന്നത് ?..സിനിമ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ എഴുതട്ടെ…സ്വന്തം മകളെയും കൊണ്ട് നാട് നീളെ ബിസിനസ്‌ ചെയ്യാന്‍ നടന്ന പറവൂര്‍ പീഡന കേസ് ലെ പിതാവിനെ ഓര്‍ത്തു സാംസ്‌കാരിക കേരളം ലജ്ജിച്ചു ..

Leave a Reply

Your email address will not be published. Required fields are marked *