രാഹുല്‍ , റോഡ്ഷോയല്ല തെരഞ്ഞെടുപ്പ്

മണ്ഡല്‍ വിവാദത്തോടെയും ബാബരി മസ്ജിദ് ധ്വംസനത്തോടെയും തകര്‍ന്നു തരിപ്പണമായ അടിത്തറ റോഡ് ഷോകളിലൂടെ അനായാസം വീണ്ടെടുക്കാമെന്നു കണക്കുകൂട്ടിയിടത്താണ് രാഹുലിന് പിഴച്ചത്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍നിന്ന് കാര്യമായ ഒരു പാഠവും പഠിക്കാന്‍ കഴിഞ്ഞില്ല എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന വിധത്തിലായിരുന്നു രാഹുലും കോണ്‍ഗ്രസും കളിക്കാനിറങ്ങിയതും മൂക്കുംകുത്തി വീണതും. പാര്‍ട്ടി സംവിധാനം പൊളിച്ചെഴുതുകയും താഴത്തേട്ടില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജസ്വലരായ അണികളെ പരുവപ്പെടുത്തുകയും ചെയ്യാതെ കോര്‍പറേറ്റ് തന്ത്രങ്ങള്‍കൊണ്ട് ഇന്ത്യപോലൊരു രാജ്യത്ത് ജനഹിതം അനുകൂലമാക്കാനാവില്ളെന്ന് തിരിച്ചറിയാന്‍ കഴിയാത്തിടത്താണ് കോണ്‍ഗ്രസ് യുവരാജാവിന്റെയും അനുചരന്‍മാരുടെയും യഥാര്‍ഥ പരാജയം. -നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് കെ. പി റജിയുടെ വിശകലനം

 

 

രണ്ടു വര്‍ഷത്തിനുശേഷം നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്സലെന്നും സെമി ഫൈനലെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം ദേശീയ രാഷ്ട്രീയത്തിന്റെ വരും നാളുകളിലേക്കുള്ള വ്യക്തമായ സൂചനതന്നെയാണ്. ഫൈനലിലെ രണ്ടു പ്രധാന കളിക്കാര്‍ കാര്യമായ നേട്ടമില്ലാതെ പരിക്കേറ്റു നില്‍ക്കുമ്പോള്‍ പ്രാദേശിക കക്ഷികളുടെ മുന്നേറ്റം ഇന്ത്യ അടുത്ത കാലത്തൊന്നും കൂട്ടുകക്ഷി ഭരണത്തില്‍നിന്നു പുറത്തുവരില്ലെന്ന ചുവരെഴുത്താണു ബാക്കിവെക്കുന്നത്. സിംഹാസനത്തില്‍ ഇരിക്കുന്ന വന്ദ്യ വയോധികനായ തലപ്പാവുകാരനെ ചെവിക്കു പിടിച്ചു പുറത്താക്കി യുവരാജാവിനെ പട്ടാഭിഷേകം നടത്താന്‍ കാത്തിരുന്ന കോണ്‍ഗ്രസിലെ സ്തുതിപാഠക സംഘത്തിനുതന്നെയാണ് തീര്‍ച്ചയായും ഈ വിധിയെഴുത്ത് ഏറ്റവും കനത്ത തിരിച്ചടി നല്‍കിയിരിക്കുന്നത്.

 

 

വീണത് ‘യുവരാജാവ്’
യു.പി നിയമസഭാ തെരഞ്ഞെടുപ്പ് ഒന്നു വന്നു കിട്ടിയാല്‍ മതി കാണിച്ചുതരാം എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസിലെ അമിതാവേശക്കാര്‍. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 21 സീറ്റ് പിടിച്ചടക്കിയതോടെയാണ് ആഞ്ഞുപിടിച്ചാല്‍ അടുത്ത സംസ്ഥാന ഭരണം കൈപ്പിടിയിലാക്കാമെന്ന പൂതി കോണ്‍ഗ്രസുകാരുടെ മനസ്സിലുദിച്ചത്. ഈ തെരഞ്ഞെടുപ്പിനെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കേറ്റ കനത്ത തിരിച്ചടിയായി വിലയിരുത്തുമ്പോഴും ഏതാണ്ട് കാല്‍ നൂറ്റാണ്ടിനുശേഷം പാര്‍ട്ടിക്ക് ഈ ആത്മവിശ്വാസം പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ വിജയംതന്നെയായി കണക്കാക്കേണ്ടതുണ്ട്.

സംസ്ഥാന വിഭജനത്തിനു മുമ്പ് ലോക്സഭയിലേക്ക് 84 അംഗങ്ങളെ തെരഞ്ഞെടുത്തയക്കാന്‍ അവകാശമുണ്ടായിരുന്നപ്പോള്‍ 80 ഇടത്തും കൈപ്പത്തി ചിഹ്നത്തില്‍ ആഞ്ഞുകുത്തി കോണ്‍ഗ്രസുകാരെ ജയിപ്പിച്ചുവിടാന്‍ മനസ്സ് കാട്ടിയ നാട് പിന്നെ പാര്‍ട്ടിയെ തിരിഞ്ഞുനോക്കാതാവുകയും നെഹ്റു-ഗാന്ധി കുടുംബത്തിന്റെ സ്വന്തമെന്നു വിശേഷിപ്പിക്കപ്പെടുന്ന മേഖലയിലൊഴികെ ഒരിടത്തും കൈപ്പത്തി കണികാണാന്‍ ഇല്ലാതാവുകയും ചെയ്തിടത്തുനിന്നാണ് ചില ഗിമ്മിക്കുകളിലൂടെ രാഹുല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ പ്രതീക്ഷ ഉണര്‍ത്തിയത്. പക്ഷേ, ജനത്തിന്റെ വോട്ട് നേടാന്‍ ഈ ഗിമ്മിക്കുകള്‍ മാത്രം പോരെന്ന് ഉത്തര്‍പ്രദേശുകാര്‍ കോണ്‍ഗ്രസിനും രാഹുലിനും കാണിച്ചുകൊടുക്കുകയായിരുന്നു.

 

അഖിലേഷ് യാദവ് പ്രചാരണത്തിനിടെ

 

എസ്.പിക്ക് തുണയായത്
സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും എല്ലാ ജാതി മത വിഭാഗങ്ങളിലും സ്വാധീനമുറപ്പിച്ചുകൊണ്ടാണ് പാര്‍ട്ടി മേധാവി മുലായം സിങ് യാദവിന്റെ മകന്‍ അഖിലേഷ് സിങ് യാദവിന്റെ തന്ത്രങ്ങളുടെ ബലത്തില്‍ സമാജ്വാദി പാര്‍ട്ടി വീണ്ടും സംസ്ഥാന ഭരണത്തിന്റെ അകത്തളങ്ങളിലേക്കു സൈക്കിള്‍ ചവിട്ടി കയറുന്നത്. കഴിഞ്ഞ തവണ ദലിത്, ബ്രാഹ്മണ, മുസ്ലിം കൂട്ടുകെട്ടിലൂടെ പുതിയ സാമൂഹിക എഞ്ചിനീയറിങ് മാതൃക പടുത്തുയര്‍ത്തിയ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിക്ക് എല്ലാ മേഖലകളിലും തിരിച്ചടിയേറ്റു.

എന്നാല്‍, തന്നെ ബി.എസ്.പിയുടെ ദലിത് വോട്ട്ബാങ്കില്‍ കാര്യമായ വിള്ളല്‍ വീഴ്ത്താന്‍ രാഹുല്‍ ഗാന്ധിയുടെ കൊണ്ടുപിടിച്ച റോഡ് ഷോകള്‍ക്കും പ്രചാരണങ്ങള്‍ക്കും കഴിഞ്ഞില്ളെന്നും വോട്ട്നില സൂചിപ്പിക്കുന്നു. ഒരിക്കല്‍ ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ നഖശിഖാന്തം എതിര്‍ക്കുകയും പിന്തിരിപ്പന്‍ കക്ഷിയെന്നു വിശേഷിപ്പിക്കപ്പെടുകയും ചെയ്ത സമാജ്വാദി പാര്‍ട്ടി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്ടോപ്പും ടാബ്ലറ്റുകളും നല്‍കുന്നതടക്കമുള്ള മോഹന വാഗ്ദാനങ്ങളിലൂടെ ഇത്തവണ യുവജനങ്ങളെ കൈയിലെടുക്കുകയായിരുന്നു. ക്രമസമാധാന പ്രശ്നങ്ങളും മാഫിയ വിളയാട്ടവുമാണ് മുന്‍ എസ്.പി ഭരണങ്ങളുടെ പ്രധാന പോരായ്മ. മാഫിയകളെയും ഡി.പി യാദവിനെപ്പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള നേതാക്കളെയും പടിക്കു പുറത്തു നിര്‍ത്തി അഖിലേഷ് സൃഷ്ടിച്ച പ്രതിച്ഛായ പാര്‍ട്ടിയുടെ പെട്ടിയിലേക്ക് വോട്ടുകള്‍ ധാരാളമായി എത്തിച്ചുവെന്നാണ് ഫലപ്രഖ്യാപനത്തോടെ വ്യക്തമായിരിക്കുന്നത്.

 

 

പാവങ്ങളുടെ മിശിഹക്ക് തെറ്റിയതെവിടെ
മണ്ഡല്‍ വിവാദത്തോടെയും ബാബരി മസ്ജിദ് ധ്വംസനത്തോടെയും തകര്‍ന്നു തരിപ്പണമായ അടിത്തറ റോഡ് ഷോകളിലൂടെ അനായാസം വീണ്ടെടുക്കാമെന്നു കണക്കുകൂട്ടിയിടത്താണ് രാഹുലിന് പിഴച്ചത്. കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍നിന്ന് കാര്യമായ ഒരു പാഠവും പഠിക്കാന്‍ കഴിഞ്ഞില്ല എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന വിധത്തിലായിരുന്നു രാഹുലും കോണ്‍ഗ്രസും കളിക്കാനിറങ്ങിയതും മൂക്കുംകുത്തി വീണതും. പാര്‍ട്ടി സംവിധാനം പൊളിച്ചെഴുതുകയും താഴത്തേട്ടില്‍ പ്രവര്‍ത്തിക്കാന്‍ ഊര്‍ജസ്വലരായ അണികളെ പരുവപ്പെടുത്തുകയും ചെയ്യാതെ കോര്‍പറേറ്റ് തന്ത്രങ്ങള്‍കൊണ്ട് ഇന്ത്യപോലൊരു രാജ്യത്ത് ജനഹിതം അനുകൂലമാക്കാനാവില്ലെന്ന് തിരിച്ചറിയാന്‍ കഴിയാത്തിടത്താണ് കോണ്‍ഗ്രസ് യുവരാജാവിന്റെയും അനുചരന്‍മാരുടെയും യഥാര്‍ഥ പരാജയം.

ദലിത് കുടിലുകളില്‍ അന്തിയുറങ്ങിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും പാവങ്ങളുടെ മിശിഹ എന്ന പ്രതിച്ഛായ നേടിയെടുക്കുന്നതിലായിരുന്നു ഏതാണ്ട് അഞ്ചു വര്‍ഷത്തോളമായി രാഹുലിന്റെ ശ്രദ്ധ മുഴുവനും. പക്ഷേ, രാഷ്ട്രീയ നയങ്ങളില്‍ ഈ ചായ്വ് കാണാനേയില്ലായിരുന്നു. കേന്ദ്രഭരണത്തെതന്നെ നിലക്കുനിര്‍ത്താനും സ്വാധീനിക്കാനും കഴിയുമായിരുന്നിട്ടും ഇന്ത്യയിലെ ദരിദ്ര ജനകോടികളെ ബാധിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തിക്കാനോ അവര്‍ക്കനുകൂലമായ നയനിലപാടുകള്‍ രൂപപ്പെടുത്തുന്നതിനു ചെറുവിരല്‍ അനക്കാനോ രാഹുലിന് കഴിയാതിരുന്നത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടായിരുന്നു.

 

 

തിരിച്ചടിച്ച തുറുപ്പുശീട്ടുകള്‍
മുസ്ലിം സംവരണമായിരുന്നു യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തുറുപ്പ്ശീട്ട്. സംസ്ഥാനത്തെ 140ഓളം മണ്ഡലങ്ങളില്‍ ജയപരാജയങ്ങളെ സ്വാധീനിക്കുന്നതില്‍ നിര്‍ണായക ശക്തിയായ മുസ്ലിംകളെ സംവരണ കാര്‍ഡ് കാട്ടി എളുപ്പം കീശയിലാക്കാമെന്നായിരുന്നു പാര്‍ട്ടി കണക്കുകൂട്ടല്‍. പക്ഷേ, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് തിരക്കിട്ടു പ്രഖ്യാപിച്ച മുസ്ലിം സംവരണത്തില്‍ ന്യൂനപക്ഷ സമുദായത്തിനു പ്രതീക്ഷ പോരായിരുന്നു. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ പ്രേമത്തിന്റെ യഥാര്‍ഥ മുഖം പലകുറി അനുഭവിച്ചറിഞ്ഞ അവര്‍ക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നതായിരുന്നു ആ പ്രഖ്യാപനത്തിനു പിന്നിലെ രാഷ്ട്രീയം. അതിനൊപ്പം, കോളിളക്കം സൃഷ്ടിച്ച ബട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നുണ്ടായ പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ സമുദായത്തിനുള്ളില്‍ കൂടുതല്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണു ഫലത്തില്‍ ചെയ്തത്.

 

 

ചക്കുവലിക്കുന്ന കാള
‘ആരാ നിങ്ങടെ നേതാവ്, എന്താ നിങ്ങടെ പരിപാടി’ ഒരിക്കല്‍ കേരളത്തിലെ രാഷ്ട്രീയ ഗോദയില്‍ വളരെ ശക്തമായി ഉയര്‍ന്നുകേട്ടിരുന്ന മുദ്രാവാക്യമാണിത്. വ്യക്തമായ പരിപാടിയോ നേതാവിനെയോ മുന്നില്‍ നിര്‍ത്താനില്ലാതെയാണ് കോണ്‍ഗ്രസ് യു.പിയില്‍ ഭരണം പിടിക്കാനിറങ്ങിയത്. ഭാവി പ്രധാനമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെടുന്ന രാഹുല്‍ ഒരിക്കലും സംസ്ഥാന മുഖ്യമന്ത്രി സ്ഥാനത്തേക്കു വരില്ലെ വ്യക്തമായ സൂചനതന്നെയാണു പാര്‍ട്ടി പ്രചാരണ യോഗങ്ങളില്‍ നല്‍കിയലത്. കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജയ്സ്വാള്‍ അടക്കം നിരവധി നേതാക്കള്‍ മുഖ്യമന്ത്രിയുടെ കട്ടില്‍ കണ്ടു പനിച്ചു കാത്തുകിടക്കുന്നുമുണ്ടായിരുന്നു. കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും യു.പി.സി.സി അധ്യക്ഷ റീത്ത ബഹുഗുണ ജോഷിയുമടക്കം അവരുടെ നിര ചെറുതല്ലായിരുന്നു. ജനസ്വാധീനമോ രാഷ്ട്രീയശേഷിയോ ഏറെയൊന്നും അവകാശപ്പെടാനില്ലാത്തവരായിരുന്നു അവരില്‍ മിക്കവരും.

അതേസമയം, എതിര്‍പാളയത്തില്‍ ചിത്രം വളരെ വ്യക്തമായിരുന്നു. മുഖ്യമന്ത്രി കസേരയില്‍ മുലായം സിങ് യാദവ് നാലാമൂഴവും മായാവതി അഞ്ചാമൂഴവും തേടിയാണ് കളത്തിലിറങ്ങിയത്. ബി.ജെ.പിയാകട്ടെ സംസ്ഥാനത്തിന്റെ അതിര്‍ത്തി പങ്കിടുന്ന മധ്യപ്രദേശില്‍നിന്ന് തീപ്പൊരി നേതാവ് ഉമാഭാരതിയെയാണ് കളത്തിലിറക്കിയത്. അതേസമയം കോണ്‍ഗ്രസിലാവട്ടെ ദല്‍ഹിയില്‍നിന്നു വന്നുപോകുന്ന രാഹുലിനെ ആശ്രയിച്ചായിരുന്നു എല്ലാം. ചക്കു വലിക്കുന്ന കാളയെപ്പോലെ രാഹുലിനു ചുറ്റും കറങ്ങുകയായിരുന്നു പാര്‍ട്ടി. രാഹുലിനെ മുഖ്യമന്ത്രിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ സീറ്റ് നില ഇരട്ടിയെങ്കിലുമാകുമായിരുന്നു എന്ന വിശകലനങ്ങള്‍ ഇവിടെയാണു പ്രസക്തമാകുന്നത്.

 

 

തടിതപ്പാന്‍ ന്യായങ്ങള്‍
ജനക്കൂട്ടം വോട്ടും സീറ്റുമായി മാറാതിരുന്നത് സ്ഥാനാര്‍ഥികളുടെയും പ്രാദേശിക നേതാക്കളുടെയും സ്ഥാനാര്‍ഥി നിര്‍ണയ സമിതിയുടെയും പോരായ്മയാണെന്നും രാഹുല്‍ ഉജ്വല പ്രകടമാണു കാഴ്ചവെച്ചതെന്നും പറഞ്ഞ് പി.സി.സി അധ്യക്ഷ അടക്കം നേതാക്കള്‍ രാഹുലിനു സംരക്ഷണം നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരുടെ പ്രസ്താവനകളില്‍നിന്നുതന്നെ പൂച്ച പുറത്തുചാടുന്നുണ്ട്.

രാഹുല്‍ നേരിട്ട് തെരഞ്ഞെടുത്തവരായിരുന്നു സ്ഥാനാര്‍ഥികളെല്ലാം. സ്ഥാനാര്‍ഥി നിര്‍ണയ സമിതിയിലും തിരുവായ്ക്ക് എതിര്‍വാ ഉണ്ടായിരുന്നില്ല. അപ്പോള്‍ ആരാണു തെരഞ്ഞെടുപ്പ് തോല്‍വിയുടെ യഥാര്‍ഥ ഉത്തരവാദി?. അതേസമയംതന്നെ രാഹുല്‍ അനുകൂല അന്തരീക്ഷം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചെങ്കിലും അതിനെ സീറ്റാക്കി മാറ്റാന്‍ താഴത്തേട്ടിലുള്ള പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞില്ലെന്ന കേന്ദ്രമന്ത്രി രാജീവ് ശുക്ളയുടെ നിരീക്ഷണത്തില്‍ കഴമ്പുണ്ടുതാനും. വര്‍ഷമിത്ര ശ്രമിച്ചിട്ടും താഴത്തേട്ടില്‍ നല്ല പ്രവര്‍ത്തകരെ ഉണ്ടാക്കിയെടുക്കാന്‍ എന്തുകൊണ്ടു കഴിഞ്ഞില്ല എന്ന പ്രസക്തമായ ചോദ്യം അപ്പോഴും ശേഷിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം രാഹുല്‍ ഫാക്ടറിന്റെ ലിറ്റ്മസ് ടെസ്റ്റ് ആവുമെന്ന തികഞ്ഞ ബോധ്യത്തിലാണ് കുടുംബം ഒന്നാകെ പ്രചാരണത്തിനു പാഞ്ഞുനടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാത്രമല്ല സഹോദരി പ്രിയങ്കയും ഭര്‍ത്താവ് റോബര്‍ട്ട് വധേരയുമടക്കം കൊണ്ടുപിടിച്ച പ്രചാരണമാണ് നടത്തിയത്. പക്ഷേ, കുടുംബ സ്വത്ത് പോലെ കരുതിയിരുന്ന അമത്തേി-റായ്ബറേലി മേഖലയിലെ നല്ലൊരു ഭാഗം സീറ്റും കോണ്‍ഗ്രസിനെ കൈവിടുന്ന ദയനീയ സാഹചര്യമായിരുന്നു അനന്തര ഫലം. മുസ്ലിം സംവരണ പ്രഖ്യാപനത്തിലൂടെ തെരഞ്ഞെടുപ്പ് കമീഷന്റെ ശാസന കേട്ട കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഫാറൂഖാബാദില്‍ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു.

ബി.ജെ.പിക്കും ആഘാതം
പഞ്ചാബില്‍ അകാലിദളിന്റെ കൂട്ടില്‍ ഭരണം നിലനിര്‍ത്തുകയും ഗോവയില്‍ കോണ്‍ഗ്രസിനെ വീഴ്ത്തി ഭരണം പിടിക്കുകയും ചെയ്തെങ്കിലും ബി.ജെ.പിക്കും ഈ തെരഞ്ഞെടുപ്പില്‍ ആഹ്ളാദിക്കാന്‍ വലിയ വകയൊന്നുമില്ല. പാര്‍ട്ടി അധികാരത്തിലിരുന്ന ഉത്തരഖണ്ഡില്‍ കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണു നടത്തിയത്. പഞ്ചാബിലാകട്ടെ സീറ്റ്നിലയില്‍ കാര്യമായ കുറവുമുണ്ടായി. മായാവതി ഭരണത്തിനെതിരെ സംസ്ഥാനത്തും ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെതിരെയും ശക്തമായ വികാരം നിലനില്‍ക്കെയാണ് അഞ്ചു സംസ്ഥാനങ്ങള്‍ പോളിങ് ബൂത്തിലേക്കു പോയത്.

പക്ഷേ, 2014ല്‍ കോണ്‍ഗ്രസിനെ പുറത്താക്കി ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കാന്‍ കച്ചകെട്ടിയിരിക്കുന്ന പാര്‍ട്ടിക്ക് ഒരു നേട്ടവുമുണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നത് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയാണ്. കോണ്‍ഗ്രസിന്റെ മുസ്ലിം സംവരണ വാഗ്ദാനത്തെ തുടര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തിനു കൊണ്ടുപിടിച്ചു ശ്രമിച്ച പാര്‍ട്ടി അതിലും ക്ളച്ചു പിടിച്ചില്ല. യു.പിയില്‍ ബി.എസ്.പിയുടെ സ്ഥാനത്ത് എസ്.പി വരികയും പഞ്ചാബില്‍ അകാലിദള്‍ ഭരണം നിലനിര്‍ത്തുകയും ചെയ്യുന്നതോടെ കൂട്ടുകക്ഷി ഭരണത്തിന്റെ മറ്റൊരു സാധ്യതയാണ് ഈ സെമിഫൈനല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുന്നില്‍ തുറന്നിടുന്നത്.

 

 

കോര്‍പറേറ്റ് അടുക്കളയിലെ വിഭവങ്ങള്‍
യു.പി നല്ലൊരു പാഠമാണു തനിക്കു നല്‍കുന്നതെന്ന രാഹുലിന്റെ പ്രതികരണം ആത്മാര്‍ഥതയോടെയാണെങ്കില്‍ ഫൈനല്‍ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ഇനിയും സാധ്യതകളുണ്ട്. പാഠം ഉള്‍ക്കൊണ്ട് നയപരിപാടികളും പ്രവര്‍ത്തന ശൈലിയും മാറ്റാനും താഴത്തേട്ടില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും കഴിഞ്ഞാല്‍ അന്തിമ പരീക്ഷ കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇതുപോലെ വീണിടത്തു കിടന്ന് ഉരുളേണ്ടിവരില്ല. സംഘടനാ തെരഞ്ഞെടുപ്പ് അടക്കം കരാര്‍ കൊടുക്കുന്ന കോര്‍പറേറ്റ് രാഷ്ട്രീയശൈലിതന്നെ വീണ്ടും മുറുകെ പിടിച്ചാല്‍ പട്ടാഭിഷേകത്തിന്‍റ കാത്തിരിപ്പ് നീളുകയേയുള്ളൂ. ദരിദ്ര ജനകോടികള്‍ക്ക് ആധിപത്യമുള്ള ഇന്ത്യന്‍ രാഷ്ട്രീയം കോര്‍പറേറ്റ് രാഷ്ട്രീയത്തിന് ഇനിയും പാകമായിട്ടില്ല.

One thought on “രാഹുല്‍ , റോഡ്ഷോയല്ല തെരഞ്ഞെടുപ്പ്

  1. രാഹുല്‍ എന്തു വിജയം നേടി ? ജയിച്ചാല്‍ രാഹുല്‍ മാജിക്ക് തോറ്റാല്‍ പി സി സിയ്ക്ക് കുറ്റം, നെഹ്രു കുടുംബത്തിനെ ആശ്രയിക്കാതെ നില്‍ക്കാന്‍ കൊള്ളാവുന്ന നേതാക്കന്മാരോന്നും കോണ്‍ഗ്രസ്സിലില്ലെ ? രാഹുല്‍ മാഹാത്മ്യം ചില മാധ്യമങ്ങള്‍ വാഴ്ത്തി പാടിയാല്‍ അതൊന്നും വോട്ടാവില്ല, പ്ലാസ്റ്റിക് കുട്ട ചുമന്നു നാടകം കളിച്ചാലൊന്നും വോട്ട് കിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *