പാഠം രണ്ട് വിലാപം!

തെറ്റിയത് നമുക്കാണ്. ഈ പരട്ട ജനങ്ങള് ഒന്ന് പറയും മറ്റൊന്നിന് കുത്തും. നേരെ നിന്നാ ചിരിക്കും തിരിഞ്ഞുനിന്ന് കൊഞ്ഞനം കാട്ടും. അണ്ണന്‍മാര് പറഞ്ഞുതന്നതുപോലെ ഫേസ്ബുക്കും, യു ട്യൂബും ,നമ്മുടെ പേരിലുള്ള വെബ്സൈറ്റും മാത്രമല്ല ഇവന്‍മാര് നോക്കിയിരുന്നത്. അതോടൊപ്പം പത്രവും വായിച്ചു. മാത്രമല്ല ഈ പരമദ്രോഹികള്‍ക്ക് സാമാന്യ ബുദ്ധി എന്നൊരു സാധനവും ഉണ്ടായിരുന്നു! നമ്മുടെ പാര്‍ട്ടിയുടെ പണ്ടത്തെ ഏനക്കേടുകളും ഏക്കവുമെല്ലാം ഈ മഹാപാപികള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു-ശിവന്‍ എഴുതുന്നു

 

 

ഈ ഇന്ത്യാ മഹാരാജ്യത്ത് നിരവധി കുടുംബങ്ങള്‍ കുലത്തൊഴില്‍ ചെയ്യുന്നു. എന്നാല്‍, അവരെപ്പോലൊന്നുമല്ല നമ്മുടെ കുലത്തൊഴില്‍. അതീ ഇന്ത്യാ മഹാരാജ്യത്തെ തന്നെ ഭരിച്ചു കൊടുക്കലാണ്. കുലത്തൊഴിലിന് ഡിമാന്‍ഡുണ്ടെന്ന് കരുതി നമ്മള്‍ നേരെ അങ്ങോട്ട് വെച്ചു പിടിച്ചെന്നൊന്നും കരുതണ്ട. മര്യാദയ്ക്ക് സ്കൂളില്‍ പോയി, അത് കഴിഞ്ഞപ്പോള്‍ കോളേജിലും പോയി. അതും ഇന്ത്യയിലെയല്ല, അങ്ങ് ശീമയിലെ മുന്തിയ ഇനം യൂണിവേഴ്സിറ്റിയില്‍..! പഠിച്ചത് മാനേജ്മെന്റ് …അതൊക്കെ കഴിഞ്ഞ് നല്ലൊരു കമ്പനിയില് കുറെക്കൊല്ലം പണിയുമെടുത്തു. ശമ്പളം കിട്ടിയാല്‍ മാസാമാസം ചെലവിനുള്ളതു കഴിച്ച് വീട്ടിലേക്കയച്ചു കൊടുക്കും.

ആയിടക്കാണ് കുലത്തൊഴിലിനോട് നമുക്ക് താത്പര്യം തോന്നുന്നത്. ഒരുപായ കടലാസ് വാങ്ങി നേരെ രാജിക്കത്തങ്ങെഴുതി.അടുത്ത വണ്ടിക്ക് നാടുപിടിച്ചു. നാട്ടില്‍ വന്നപ്പോഴാണ് നമ്മുടെ പാര്‍ട്ടിയുടെ അവസ്ഥ നേരില്‍ കണ്ടത്. വിജയവാഡയില്‍നിന്നുവരുന്ന അരി വെന്തു കിട്ടുന്ന കഞ്ഞിമുക്കിയ ഖദര്‍ ധരിച്ചാണ് പാര്‍ട്ടി നേതാക്കന്‍മാരുടെ നടപ്പ്. കീറിയാല്‍ അവരു തന്നെ തുന്നും. ഇല്ലേല്‍ കീറി പിന്നീട് സമയം കിട്ടുമ്പോള്‍ തുന്നും. ഒഴിവു നേരം കിട്ടിയാല്‍ ചര്‍ക്കയെടുത്ത് മുന്നില് വച്ച് നൂല്‍ നൂറ്റു തുടങ്ങും. ഇവരിങ്ങനെ വെള്ളത്തൊപ്പിയുമിട്ട് തെക്കുവടക്ക് നടന്നിട്ടൊന്നും ഒരു കാര്യവുമില്ല. ഇതു കൊണ്ടൊന്നും പുതിയ പിള്ളാരെ പണിക്ക് കിട്ടില്ല എന്ന് ഒറ്റ നോട്ടത്തിലേ നമുക്ക് മനസ്സിലായി.

പിസ്സയും ഹാം ബര്‍ഗറും തിന്ന് മൈക്രോസോഫ്റ്റിലും വിപ്രോയിലും ഒക്കെ പണിയെടുത്ത് മാസാമാസം ലക്ഷത്തിനടുത്ത് ശമ്പളം വാങ്ങുന്ന പിള്ളേരാണ്. ഇവരെ കൂടെക്കൂട്ടണം. മറുവശത്ത് ഇന്ത്യയിലെ ദാരിദ്യ്രവും തീര്‍ക്കണം. എന്താണൊരു വഴി തല പുകഞ്ഞ ആലോചനയായി. ഹാര്‍വാര്‍ഡില്‍ ചെത്തിക്കൂര്‍പ്പിച്ചെടുത്ത മനസ്സില്‍നിന്നും ആശയങ്ങളുടെ പെരുമഴയായിരുന്നു പിന്നെ….!!
ദാരിദ്യ്രനിര്‍മാര്‍ജനത്തിന്റെ ആദ്യപടി എന്ന നിലയില്‍ സ്വന്തം പേരില്‍ ഒരു വെബ്സൈറ്റുണ്ടാക്കി. അതിന്റെ ഏറ്റവും മുകളിലായി നമുക്ക് ദാരിദ്യ്രം തുടച്ചു നീക്കാം എന്നെഴുതി.

മതി….
ഇതു നോക്കുന്ന ടെക്കി പിള്ളേര് ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ പോയി ദാരിദ്യ്രം തുടച്ചു നീക്കാനുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടോളും!
ഇനി പാര്‍ട്ടിയുടെ വൃദ്ധ സ്വഭാവം മാറ്റണം…പക്ഷേ ഇതിനിടയില്‍ നമ്മുടെ സ്വന്തം പാര്‍ട്ടിയിലെ ചില കേന്ദ്രമന്ത്രിമാര്‍ സ്വന്തം ദാരിദ്യ്രം മാറ്റാനുള്ള പണി നടത്തുന്നുണ്ടായിരുന്നു. പാവങ്ങളല്ലേ ദാരിദ്യ്രമല്ലേ! നമ്മളാ ഭാഗമേ നോക്കിയില്ല.

 

 

ഇനി സംഘടന മെച്ചപ്പെടുത്തണം. അതിനാളു വേണം. നേതാക്കമ്മാര് വേണം. കാമ്പസ് ഇന്റര്‍വ്യൂ നടത്തി പിള്ളേരെ ജോലിക്കെടുക്കുന്നതാണ് കണ്ടു പരിചയം. സംഗതി കോര്‍പ്പറേറ്റ് ആണ്. അറിയാവുന്നത് അതായതിനാല്‍ നമ്മളും തുടങ്ങി. പേര് കാമ്പസ് ഇന്റര്‍വ്യൂ എന്നല്ല. ടാലന്റ് ടാലന്റ് ഹണ്ട് എന്നാണ്. അതിച്ചിരി കൂടി സൊയമ്പനാക്കിയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില് നമ്മള് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. സംഗതി സ്ഥാനാര്‍ഥിയെങ്കിലും കമ്പനി എക്സിക്യൂട്ടീവ്സ് ആയാണ് നമ്മളവരെ കണ്ടത്. അവര്‍ക്കായി റിട്ടണ്‍ ടെസ്റ്, ഗ്രൂപ്പ് ഡിസ്കഷന്‍, പ്രോബ്ലം സോള്‍വിങ് എബിലിറ്റി, ക്രൈസിസ് മാനേജ്മെന്റ് സര്‍വ്വോപരി മെന്റല്‍ സ്്റ്റേബിലിറ്റി തുടങ്ങിയവ നടത്തി. നല്ല എക്സിക്യുട്ടീവ്സിനെ തെരഞ്ഞുപിടിച്ചു.

തിരഞ്ഞെടുപ്പിന് ഇനി വേണ്ടത് കാമ്പെയിനിങ് ആണ്. അതിന് പി.ആര്‍ ചേട്ടമ്മാരുണ്ട്. ഇവന്റ് മാനേജ്മെന്റ് അണ്ണന്‍മ്മാരുമുണ്ട്. വഴി പെട്ടെന്ന് കിട്ടി. ഫേസ് ബുക്ക്, ട്വിറ്റര്‍, യു ട്യൂബ് ആദിയായവയില്‍ മൈക്കു കെട്ടണം. പാര്‍ട്ടിയുടെ പേരില്‍ 24 മണിക്കൂറും കിട്ടുന്ന ചാനല്‍ യു ട്യൂബു വഴി ജനകോടികള്‍ക്ക് ലഭ്യമാക്കി. വേറൊരു വഴിക്ക് ഒരു വണ്ടി വാടകക്കെടുത്ത്് റോഡ് ഷോയും നടത്തി. അടുത്തുള്ള ദളിതന്‍മാരുടെ വീടൊക്കെ പി.ആര്‍ ചേട്ടമ്മാരും പാര്‍ട്ടിക്കാരും നേരത്തെ നോക്കിവെക്കും. വിശന്നു കിട്ടിയാല്‍ അങ്ങോട്ട് കയറും. കുടിലില്‍ കേറി മൂക്കും പൊത്തി തിന്നുന്നതിന്റെ പടം പിടിക്കാന്‍ ആളെ വെക്കും. പടം പത്രത്തിലും വീഡിയോ യു ട്യൂബിലും കൃത്യമായി എത്തിക്കുന്ന കാര്യത്തില്‍ ഈ പി.ആര്‍ മാനേജര്‍മാര് മിടുക്കന്‍മാരാണ്.

ദോഷം പറയരുതല്ലോ… നല്ല മതിപ്പായി പിന്നെ. ഇംഗ്ലീഷറിയുന്ന ചെക്കമ്മാരൊക്കെ നമ്മുടെ ആളായി. തലമൂത്ത നേതാക്കന്‍മാരൊക്കെ ആരും കാണാതെ ഞെട്ടി. പുറത്തിറങ്ങി അവമ്മാര് പിന്നേം ഞെട്ടി, യെവനാള് പുലിയാണ് കെട്ടാ! പിന്നെ പെട്ടെന്നല്യോ നമ്മള് ഹീറോ ആയത്!

വോട്ടുമുഴുവന്‍ നമ്മുടെ പെട്ടിയില്‍ തന്നെ വീഴും എന്ന് എല്ലാ അണ്ണന്‍മാരും കട്ടായം പറഞ്ഞു. ആകെ മൊത്തം നമുക്കനുകൂലം! യുവരാജാവ് എന്നൊക്കെ കേള്‍ക്കുമ്പോ ഒരിത് പോലെ! കലാമൂല്യമുള്ള ജനപ്രിയ സിനിമ പോലെ ഉത്തരേന്ത്യയില്‍ നമ്മളങ്ങ് നിറഞ്ഞാടി!
അങ്ങനെ, തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇപ്പോഴിതാ ഫലവും വന്നു…

അതോടൊപ്പം പത്രവും വായിച്ചു. മാത്രമല്ല ഈ പരമദ്രോഹികള്‍ക്ക് സാമാന്യ ബുദ്ധി എന്നൊരു സാധനവും ഉണ്ടായിരുന്നു! നമ്മുടെ പാര്‍ട്ടിയുടെ പണ്ടത്തെ ഏനക്കേടുകളും ഏക്കവുമെല്ലാം ഈ മഹാപാപികള്‍ ഓര്‍ത്തുവയ്ക്കുകയും ചെയ്തിരുന്നു!

ഫേസ് ബുക്ക്, യു ട്യൂബ്, ട്വിറ്റര്‍, വെബ്സൈറ്റ്, എന്തൊക്കെ പുകിലായിരുന്നു. കെട്ടി വച്ച കാശു പോയ ചിലര്‍ തിരിച്ചു തരണമെന്നും പറഞ്ഞ് വീട്ടിലേക്ക് വരുന്നു ത്രേ.. പഠിച്ച മാനേജ്മെന്റ് പുസ്തകങ്ങളൊക്കെ പൊടി തട്ടി പരിശോധിക്കുകയാണ്. പാപ്പരായാല്‍ ഈ കമ്പനിക്കാരെന്താ ചെയ്യാറ്?

One thought on “പാഠം രണ്ട് വിലാപം!

Leave a Reply to seena Cancel reply

Your email address will not be published. Required fields are marked *