ഇന്‍ബോക്സിലെ മഴ!

ഇപ്പോഴുമിടയ്ക്ക് ഞങ്ങള്‍ ഇക്കയ്ക്കെഴുതും. മറുപടിയുണ്ടാവില്ല. പ്രതീക്ഷിച്ചിട്ടുമല്ല. ആ മെയില്‍ ഐഡി നിര്‍ജീവമാവാതിരിക്കാന്‍. ഇക്ക എന്നെങ്കിലും വന്ന് മെയിലുകള്‍ നോക്കിയാല്‍, ഞങ്ങളുടെ ഒരു ജീവിതരേഖ കാണാമതില്‍-സാവിത്രി ടി എം എഴുതുന്നു

 

 

ചിലരങ്ങനെയാണ്. നമ്മളോടൊരക്ഷരം പറയാതെ മനസ്സിനകത്തു കയറി ഇരുന്നുകളയും. അതിക്രമിച്ച് കടന്നതൊന്നുമാവില്ല. ഒരു നനുത്ത മഴ പോലെ, വൈകുന്നേരങ്ങളില്‍ മുടിത്തുമ്പു തെല്ലുലച്ച് വീശുന്ന ഒരു ചെറുകാറ്റ് പോലെ. ചില മഴനേരങ്ങളും കാറ്റും, മനസ്സില്‍ തങ്ങിനില്‍ക്കുമ്പോലെ ചിലരും, നനുത്ത, സൌമ്യമായ ഒരു സാന്നിധ്യം. പിന്നെപ്പോഴോ മഴ പോലെ, കാറ്റ് വരവുപോലെ അവര്‍ മറയും. കാത്തിരിപ്പിന്റെ വഴികളിലേക്ക് കണ്ണു നട്ട് ചില സന്ദേശങ്ങള്‍ പറന്നുചെന്ന് ആളെക്കാണാതെ പരിഭവിക്കും. പ്രതീതി യാഥാര്‍ഥ്യത്തിന്റെ സൈബര്‍ അനുഭവങ്ങള്‍ പലപ്പോഴും അങ്ങനെയാണ്.

സാവിത്രി ടി എം

അത്തരം അനുഭവങ്ങളെക്കുറിച്ചുള്ള ആലോചനകളില്‍ ഇക്കയുണ്ട്. ഓണ്‍ലൈന്‍ ലോകം എനിക്കൊരു മറുവീടായിരുന്ന കാലത്ത്, എന്റെ വലിയ ചങ്ങാതിക്കൂട്ടത്തിലേക്ക് അധികം ബഹളമൊന്നുമുണ്ടാക്കാതെ കയറിവന്നതു കൊണ്ടാവാം, പരിചയപ്പെട്ടതെങ്ങനെയെന്ന് ഓര്‍മ്മയുടെ ഒരറ്റത്തുമില്ല. കവിതകളെക്കുറിച്ചും, പുസ്തകങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചിരുന്ന പല സുഹൃത്തുക്കളില്‍ നിന്ന് ഒരിക്കല്‍ ഞാന്‍ സ്വന്തം ഫോട്ടോ പ്രൊഫൈല്‍ പിക് ആയി ഇട്ടപ്പോള്‍ കനത്ത പ്രതിഷേധവുമായി കയറിവന്നു. ‘കുട്ടി ആ ഫോട്ടോ ഒന്ന് മാറ്റാമോ? എല്ലാ ഐഡന്റിറ്റിയും ഇന്റര്‍നെറ്റ് പോലൊരു ലോകത്ത് മലര്‍ക്കെത്തുറന്ന് വെക്കരുത്. എല്ലാവരും ഒരുപോലെയെന്ന് കരുതാതിരിക്കൂ’ എന്ന പറച്ചില്‍ പക്ഷേ എന്നെ അലോസരപ്പെടുത്തിയതേയില്ല. മറിച്ച് ആ വാക്കുകളുടെ സൌമ്യമായ ആജ്ഞാശക്തിയെക്കുറിച്ചോര്‍ത്ത് ഞാനമ്പരന്നേയുളളൂ. മറ്റാരു പറഞ്ഞാലും ഒരു പക്ഷേ ഞാനത് മറുചെവിയിലൂടെ തളളിക്കളഞ്ഞേനേ.

ഒരിക്കലും വളരെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയാനോ, ഇടപെടാനോ ശ്രമിക്കാതെ, ‘കുട്ടി അധികനേരം ഇവിടെ ചെലവിടാതിരിക്കാന്‍ നോക്കൂ, വിഷമങ്ങള്‍ ഇങ്ങനെ സ്ക്രാപ്പുകളിലും പ്രൊഫൈലിലും എഴുതിനിറയ്ക്കണോ? നന്നായി പഠിക്കണം’ എന്നിങ്ങനെ പറയുന്ന മനുഷ്യന്‍ എനിക്ക് പലപ്പോഴും വലിയൊരാശ്വാസമോ, അത്ഭുതമോ ആണ് സമ്മാനിച്ചത്.

ഫെബ്രുവരിയിലായിരുന്നു അമ്മമ്മയുടെ മരണം. മരവിച്ച നാളുകള്‍ക്കു ശേഷം വരണ്ട മാര്‍ച്ചിലേക്ക് കടക്കുമ്പോള്‍, മഴക്കാലം ഇനിയുമെത്രയോ അകലെയാണെന്നും, ആ മഴയ്ക്ക് ഇടി വെട്ടുമ്പോള്‍, ചേര്‍ത്തുപിടിച്ച് ‘ദേവാസുരയുദ്ധം നടക്ക്വാണേയ്, ഇന്ദ്രന്റെ വാളല്ലേ ഈ തെളങ്ങണത്’ എന്നു പറയാന്‍ എന്റെ അമ്മമ്മ ഇല്ലെന്നതും വല്ലാത്തൊരു തിരിച്ചറിവായി ഉളളില്‍ക്കിടന്നു വിങ്ങുമ്പോള്‍ ഇക്കാ കയറിവന്നു. മനസ്സിലെ കറുത്ത കാറു മുഴുവന്‍ അന്ന് ഞാന്‍ പെയ്തു തീര്‍ത്തു.

പിന്നീട് ഇക്കയും, അനാമികച്ചേച്ചിയും, പ്രതിഭേച്ചിയും, മാജിക്മാന്‍ എന്ന സ്വന്തം ഏട്ടച്ചാരും, സൂര്യേട്ടനും, അച്ചൂട്ടിയും, അജീഷേട്ടനും മാത്രം ഉള്‍ക്കൊളളുന്നതായി എന്റെ കൂട്ടം. അപ്പുക്കിളിയേട്ടനും, നരേനേട്ടനും ഇടയ്ക്ക് വിരുന്നു വന്നു, എന്റെ നല്ല കൂട്ടുകാരായി. കൂട്ടത്തില്‍ കൂട്ടാവുന്നതാരാ, അല്ലാത്തതാരാ എന്ന് അതോടെ എനിക്ക് കാണായി.

 

 

അപ്പോഴേക്കും മഴക്കാലമായിരുന്നു. ഇക്ക എഴുതുന്ന ഓരോ സ്ക്രാപ്പിലും കടുത്ത വിഷാദം നിറഞ്ഞു നിന്നു. ഇവിടെ ഇടിവെട്ടി മഴപെയ്യുന്ന ഒരു രാത്രി, സിസ്റം ഓഫ് ചെയ്യുന്നതിനു മുന്‍പേ വെറുതേ ഓര്‍ക്കുട്ടില്‍ ലോഗിന്‍ ചെയ്തപ്പോള്‍ അവിടെ മഴയാണോയെന്ന് ഇക്ക എഴുതിച്ചോദിച്ചു. അതെയെന്ന് മറുപടി പറഞ്ഞപ്പോള്‍, മഴ പെയ്യുന്നതെങ്ങനെയെന്ന് ഒന്ന് പറഞ്ഞുകേള്‍പ്പിക്കാമോ എന്നായി. അത്ഭുതപ്പെട്ട് ‘എന്തേ’യെന്ന് ചോദിച്ചപ്പോള്‍ ദീര്‍ഘമായ മറുപടി വന്നു:

‘അവള്‍ വിളിച്ചുവെച്ചതേയുളളൂ, മഴയും ഇടിയും കാരണം ഒരുപാട് നേരം ഫോണില്‍ സംസാരിക്കാന്‍ വയ്യ. ഫിസയുടേം, നാനൂന്റേം ശബ്ദം കേട്ട് മതിയായില്ല. ഇവിടെ കടുത്ത ചൂടാ. നാട്ടിലായിരുന്നെങ്കില്‍ കുട്ടികളുടെ കൂടെ മഴ കണ്ടിരിക്കാമായിരുന്നു. വൈകുന്നേരങ്ങളില്‍ മഴ പെയ്യുമ്പോള്‍ ഉമ്മാ അനത്തിത്തന്ന കട്ടന്‍ കുടിക്കാല്ലോ!..’ പ്രവാസത്തിന്റെ കനത്ത ചൂട്, എന്റെയുളളില്‍ വീണു പൊളളി. ഇവിടെ നിന്ന് മരൂഭൂമിയിലേക്ക് പച്ച തേടിപ്പോയ പലരേയും പൊളളിച്ചത്, പുറത്തെ ചൂടല്ല, ഇവിടത്തെ ഓര്‍മ്മകളാണെന്നത് ഒട്ടല്ല നമ്മെ നോവിക്കുക.

പിന്നീട് ഇക്കാ പറയുന്ന വാക്കുകളില്‍ പലതിലും, വീടും ഇത്തായും കുട്ടികളും ഉമ്മായും മാത്രമായി. ഏറ്റവും വിഷാദമധുരമായ ഗസലുകള്‍ പലപ്പോഴും മൂളിക്കൊണ്ടിരുന്നു. പെട്ടെന്നൊരു ദിവസം, ആ പ്രൊഫൈലില്‍ കാണാതായി.

ഒരു പ്രൊഫൈലില്‍ തുടങ്ങുകയും, അതില്ലാതാവുമ്പോള്‍ ഒടുങ്ങുകയും ചെയ്യുന്നതാണോ വിര്‍ച്വല്‍ ആയ ഒരു കൂട്ടെന്ന് വല്ലാത്തൊരുള്‍ഭയം എന്നെ പിടികൂടി. ഇക്കായുടെ മെയില്‍ ഐഡിയല്ലാതെ മറ്റൊന്നും ഞങ്ങളുടെ കൈവശമുണ്ടായിരുന്നില്ല. സൂര്യേട്ടനല്ലാതെ മറ്റാരും ഇക്കയെ വിളിക്കാറുമുണ്ടായിരുന്നില്ല.

സൂര്യേട്ടനോട് ഒടുവില്‍ ഇക്കയുടെ നമ്പര്‍ തരുമോയെന്ന് ചോദിച്ച് മെയില്‍ ചെയ്തപ്പോള്‍ സൂര്യേട്ടനെഴുതി: ‘നമുക്കിപ്പോള്‍ അവനെ ശല്യപ്പെടുത്താതിരിക്കാം. അവന്‍ നാട്ടിലാണ്. അവന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകള്‍ക്കൊപ്പം. തിരിച്ചുവിളിച്ചാല്‍ അവന്‍ വീണ്ടും വിഷാദത്തിന്റെ ലോകത്തേയ്ക്ക് വഴുതിവീണെന്ന് വരും. നമുക്കവനെ അവന്റെ സ്വന്തം ലോകത്തേക്ക് വിടാം. അവിടെ അവന്‍ ഏറ്റവും സന്തോഷവാനാവുമെങ്കില്‍..’

ശരിയായിരിക്കണം. വീണ്ടുമൊരിക്കല്‍ കൂടി ഇക്ക മെയില്‍ ചെയ്തു: ‘ഞാനിപ്പോള്‍ ശരിക്കും ഹാപ്പിയായ പോലെ. പാതി പണിഞ്ഞ വീട് മുഴുമിപ്പിച്ചുകൊണ്ടിരിക്കുന്നു. അവളുടെയും കുട്ടികളുടെയും കൂടെയാണ് ഞാനിപ്പോള്‍. അടുത്ത് ഗള്‍ഫിലേക്ക് മടങ്ങും. ഇനിയൊരു ഓണ്‍ലൈന്‍ മടങ്ങിവരവില്ല. എഴുതണം നീയിടയ്ക്ക്. എന്തുചെയ്യുന്നുവെന്നും മറ്റും. .’

ഇപ്പോഴുമിടയ്ക്ക് ഞങ്ങള്‍ ഇക്കയ്ക്കെഴുതും. മറുപടിയുണ്ടാവില്ല. പ്രതീക്ഷിച്ചിട്ടുമല്ല. ആ മെയില്‍ ഐഡി നിര്‍ജീവമാവാതിരിക്കാന്‍. ഇക്ക എന്നെങ്കിലും വന്ന് മെയിലുകള്‍ നോക്കിയാല്‍ ഞങ്ങളുടെ ഒരു കഞ്ഞു ജീവിതരേഖ കാണാമതില്‍.

എഴുതിമുഴുമിപ്പിക്കുമ്പോള്‍ പുറത്ത് നല്ല മഴക്കോളാണ്. വീണ്ടും ഫെബ്രുവരി കഴിഞ്ഞ് മറ്റൊരു മാര്‍ച്ച്. വേനല്‍മഴ. ഞാനെന്തായാലും ഇവിടെ മെയിലും തുറന്നുവെച്ച് ഇരിക്കാനാണ് ഭാവം. എപ്പോഴാണ് ഇക്ക അമ്മൂ എന്നു വിളിച്ച്, ‘മഴയില്‍, രാത്രിമഴയില്‍’ എന്ന പാട്ടും കൊണ്ട് വീണ്ടും കയറിവരികയെന്നറിയില്ലല്ലോ!

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

8 thoughts on “ഇന്‍ബോക്സിലെ മഴ!

 1. ചിലരങ്ങനെയാണ്. നമ്മളോടൊരക്ഷരം പറയാതെ മനസ്സിനകത്തു കയറി ഇരുന്നുകളയും. അതിക്രമിച്ച് കടന്നതൊന്നുമാവില്ല.
  തിരിച്ചുവിളിച്ചാല്‍ അവന്‍ വീണ്ടും വിഷാദത്തിന്റെ ലോകത്തേയ്ക്ക് വഴുതിവീണെന്ന് വരും. നമുക്കവനെ അവന്റെ സ്വന്തം ലോകത്തേക്ക് വിടാം.
  രണ്ടും നല്ല വിലപ്പെട്ട നിരീക്ഷണങ്ങള്‍

  നല്ല കുറിപ്പ്‌- – പ്രവാസങ്ങളുടെ മറ്റൊരു ഊര്മ്മക്കുരിപ്പുകൂടി ….

 2. മഴക്കുട്ടീടെ ഇക്ക എന്റെ സുഹൃത്തായിരുന്നില്ല..
  എങ്കിലും പലയിടത്തും വച്ച് ഞാൻ കണ്ടട്ട്ണ്ട്..
  ആ പരുക്കൻ വാക്കുകളിൽ ഒരു നല്ല മനസ്സ് ഉണ്ടെന്ന് തോന്നിയിരുന്നു..
  കാണാതായപ്പോൾ ഒരു സുഹൃത്തിനോട് ഞാൻ അന്വേഷിച്ചിരുന്നു..
  ചിലരെ മനസ്സിലാക്കാൻ ഒരു സൌഹൃദത്തിന്റെ ആവശ്യം വരില്ല
  പഴക്കം ചെന്ന സൌഹൃദങ്ങളായിട്ടും മനസ്സിലാക്കാൻ കഴിയാതെ പോയവരുമുണ്ട്…

 3. സാവിത്രി നീ മറന്നു മണ്ണ്മറഞ്ഞ പല ഓര്‍മകളുടെയും കുഴിമാടം തോണ്ടി..

 4. ചിലര്‍ അങ്ങനെയാണ്. നല്ലതാണോ ചീത്തയാണോ എന്നൊക്കെ നമ്മുടെ മനസ്സിന്റെ കുഞ്ഞു അറിവുകളുടെ അളവുകോലുകള്‍ കൊണ്ട് അളന്നു തീരുന്നതിനു മുന്‍പേ നമ്മുടെ മനസ്സുകള്‍ക്കകത്തു കയറി കസേരയില്‍ അങ്ങനെ ഇരുന്നുകളയും!
  നമുക്ക് ചേര്‍ന്ന മനസ്സുകളെ മനസ്സ് സ്വയം നമുക്ക് കാട്ടിതരുന്നതാണ് അത്.

Leave a Reply

Your email address will not be published. Required fields are marked *