കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍

അതുകൊണ്ടു തന്നെ ഞാനീ സൈബര്‍ സ്പേസിനെ അയഥാര്‍ത്ഥലോകമായി കാണുന്നില്ല. ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന മായക്കളികള്‍ ജീവിതത്തിന്റെ ഭാഗം തന്നെയല്ലേ ? നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എല്ലാം യഥാര്‍ത്ഥമാണെന്നില്ലല്ലോ? രണ്ടൊ മൂന്നോ മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ , നേരില്‍ കാണാനും കേള്‍ക്കാനും തൊടാനും പറ്റുന്ന യഥാര്‍ത്ഥ ചുറ്റുപാടിലും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലേ ?-സ്മിതാ മീനാക്ഷി എഴുതുന്നു

 

 

കീ ബോര്‍ഡിലെ അക്ഷരപ്പൂട്ടുകള്‍ തുറന്ന് അകത്തു കടക്കാവുന്നൊരു വിശാല ലോകം. ആ ലോകം അയഥാര്‍ത്ഥമാണോ? യഥാര്‍ത്ഥലോകത്തില്‍ നിന്ന് അങ്ങോട്ടേയ്ക്ക് അധികദൂരമുണ്ടോ? രണ്ടും തമ്മില്‍ ചേരുന്ന ഒരു സംഗമ സ്ഥാനമുണ്ടോ? പരസ്പരമുള്ള കടന്നുകയറ്റങ്ങള്‍ക്ക് “സെറ്റ് തിയറി” ബാധകമാണോ?

24 മണിക്കൂറില്‍ 10 മണിക്കൂര്‍ നേരിട്ടും പിന്നെയൊരാറുമണിക്കൂര്‍ പരോക്ഷമായും സമയമപഹരിച്ചിരുന്ന ഒൗദ്യോഗിക ജീവിതത്തിന് ഒരെടുത്തു ചാട്ടത്തിലൂടെ അടിവരയിട്ട് ജീവിതം സമാധാനപൂര്‍ണമാക്കിയപ്പോള്‍ ,ഇഴഞ്ഞു വന്നത്തൊവുന്ന വിരസതയെക്കുറിച്ച് ആലോചിച്ചിരുന്നില്ല എന്നതാണു സത്യം. പക്ഷേ ഓര്‍ത്താലുമോര്‍ക്കാതിരുന്നാലും വരേണ്ടതെല്ലാം വന്നുചേരുമല്ലോ.അങ്ങനെ മടുപ്പ്, എടുത്താല്‍ പൊങ്ങാത്ത തലച്ചുമടുകളുമായി മനസ്സില്‍ വന്നു താമസമാക്കിയ കാലത്താണ് ഓര്‍ക്കുട്ടിലേയ്ക്ക് ഒരു സ്നേഹിതയുടെ ക്ഷണം വന്നത്. ഒന്നു നോക്കാമല്ലോ എന്നു കരുതി ഗേറ്റ് പാസെടുത്ത് അകത്തു കടന്നതാണ്, പിന്നെ അവിടെ വീടായി, അതിഥി മന്ദിരങ്ങളായി, അയല്‍ക്കാരായി, ബ്ലോഗും ഫെയ്സ് ബുക്കും ഒക്കെയായി പല രീതിയില്‍ നെറ്റ് ഇടങ്ങളായി , തിരിച്ചിറങ്ങാന്‍ തോന്നാത്തത്ര പരിചയവും സ്നേഹവുമായി.

സ്മിതാ മീനാക്ഷി

ഓര്‍ക്കുട്ടില്‍ പേടിച്ചും സന്ദേഹിച്ചും ചെന്നു മുട്ടിയ സൌഹൃദങ്ങളില്‍ നിന്നാണ് ഇ -മെയിലിനപ്പുറത്തെ നെറ്റ് ലോകം പരിചയമാകുന്നത്. ഓണ്‍ലൈന്‍ മലയാളത്തില്‍ എങ്ങനെയെഴുതാമെന്നു പഠിപ്പിച്ചു തന്ന കൂട്ടുകാരിയും കവിത പോലെന്തോ എഴുതിയപ്പോള്‍ അതൊരു ഓണ്‍ ലൈന്‍ പ്രസിദ്ധീകരണത്തിലേയ്ക്ക് പരിഗണിച്ച ഗുരുതുല്യനായ സുഹൃത്തും ബ്ളോഗ് തുടങ്ങിക്കൂടെ എന്നു ചോദിച്ച ബ്ളോഗര്‍ സ്നേഹിതനും മുതല്‍ ഇന്നത്തെിനില്‍ക്കുന്ന കൂട്ടുകെട്ടുകള്‍ വരെ ഏറെ ദൂരം ഞാന്‍ ഈ ആകാശപ്പാതയിലൂടെ സഞ്ചരിച്ചു . എന്തു നേടി എന്നു ചോദിച്ചാല്‍, എക്സല്‍ ഷീറ്റില്‍ വലിയൊരു പട്ടിക ഉണ്ടാക്കിയെടുക്കാം, അതില്‍ തൊണ്ണൂറു ശതമാനവും നല്ല കാര്യങ്ങള്‍ മാത്രം.

വര്‍ഷങ്ങള്‍ക്കു മുന്‍പെങ്ങോ കൈവിട്ടുപോയ അക്ഷരങ്ങളുടെ ലോകത്തേയ്ക്കുള്ള പുന പ്രവേശമാണ് അതില്‍ ഏറ്റവും പ്രധാനമായത്. വായന പോലും കൈവിട്ടു പോയ ഇടത്തുനിന്ന് എന്തെങ്കിലും കുത്തിക്കുറിക്കാമെന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നു, തലച്ചോറിലെ സ്വപ്നങ്ങള്‍ നിര്‍മ്മിക്കുന്ന ഇടം തരിശായി കിടന്നിരുന്നത് ആരോക്കെയോ ചേര്‍ന്ന് കൊത്തിക്കിളച്ച്, സ്വര്‍ഗ്ഗത്തോളം നാമ്പു നീട്ടുന്ന പയര്‍ വിത്തുകള്‍ പാകി. ഇലകളും പൂക്കളും കായ്കളുമായി ഒരു തോട്ടം , കാറ്റും കിളികളും പറന്നത്തെി. എന്‍്റേത് എന്നു എടുത്തു പറയാന്‍ മാറ്റി വച്ചിരുന്നതൊക്കെ അവിടെ ഞാന്‍ നിരത്തി നട്ടു.

സൌഹൃദത്തിന്റെ പൂക്കള്‍ – നിറത്തിലും സൌരഭ്യത്തിലും വ്യത്യാസമുള്ളവ മുന്‍പില്‍ വിടര്‍ന്നു നില്‍ക്കുന്ന അവസ്ഥ. പഠന കാലത്തിനപ്പുറം പിന്നീടൊരിക്കലും സുഹൃത്തുക്കളുടെ കാര്യത്തില്‍ ഇത്രയൊരു ‘സെലക്ഷന്‍ ’ കിട്ടിയിട്ടില്ല. തൊഴിലിടത്തില്‍ ഒൗദ്യോഗിക സൌഹൃദങ്ങള്‍, താമസസ്ഥലത്ത് ഒൗപചാരിക അയല്‍വക്കങ്ങള്‍ ..ഒന്നും ഒന്നിനും തികയാത്ത ഈ അവസ്ഥയില്‍ നിന്നാണ്, മനസ്സിനു പാകമായ നല്ല കൂട്ടുകെട്ടുകളുമായി സൈബര്‍ സ്പേസ് വിളിച്ചടുപ്പിച്ചത്.

സൌഹൃദങ്ങളില്‍ നിന്ന് കൈപിടിച്ചു മുന്നേറിയ എഴുത്ത്, ഒരു ജീവിത ശൈലിയായി, വരുമാനം കിട്ടുന്ന തൊഴിലായി മാറ്റാന്‍ പറ്റിയ പരിചയങ്ങള്‍ മുന്‍പിലത്തെി . ഇന്നു ഇതെഴുതുന്നതു പോലും അതിന്‍്റെ പിന്‍തുടര്‍ച്ചയാണ്. അതുകൊണ്ടു തന്നെ ഞാനീ സൈബര്‍ സ്പേസിനെ അയഥാര്‍ത്ഥലോകമായി കാണുന്നില്ല. ഇല്ലാത്തത് ഉണ്ടെന്നു തോന്നിപ്പിക്കുന്ന മായക്കളികള്‍ ജീവിതത്തിന്‍്റെ ഭാഗം തന്നെയല്ല? നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടുകളിലും എല്ലാം യഥാര്‍ത്ഥമാണെന്നില്ലല്ലോ? രണ്ടൊ മൂന്നോ മുഖങ്ങള്‍ മാറി മാറി ഉപയോഗിക്കുന്നവര്‍ , നേരില്‍ കാണാനും കേള്‍ക്കാനും തൊടാനും പറ്റുന്ന യഥാര്‍ത്ഥ ചുറ്റുപാടിലും ഉണ്ടെന്ന് നമ്മള്‍ മനസ്സിലാക്കുന്നില്ലേ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഈ അയഥാര്‍ത്ഥ ലോകത്തില്‍ നിന്ന്, മനസ്സ് ഇഷ്ടപ്പെടുന്നവയെ വിളിച്ചിറക്കി കാണാനോ കേള്‍ക്കാനോ പറ്റുന്ന യാഥാര്‍ത്ഥ്യങ്ങളാക്കി മാറ്റി ഞാനവയെ ജീവിതത്തിന്‍്റെ ഭാഗമാക്കുന്നു. ദൈനം ദിന ജീവിതത്തിന്‍്റെ ശൈലിയാക്കുന്നു.

 

 

ഫെയ്സ് ബുക്ക് എന്ന മുഖങ്ങളുടെ പുസ്തകം ചില സമയങ്ങളില്‍ എത്രത്തോളം ജീവിതത്തെ സാന്ത്വനിപ്പിക്കുന്നു എന്നു അത്ഭുതത്തോടെ ചിന്തിക്കുന്നു. അപ്പപ്പോള്‍ തോന്നുന്ന ഓരോ ചിന്തകളെ സുഹൃത്തുക്കള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ അവരതിനെ വലുതാക്കി , പട്ടം പറത്തുന്നു. “ പിഞ്ചിക്കീറിയ ഒരു ദിവസം , എങ്ങനെ കൂട്ടിത്തുന്നണം “ എന്നു അല്പം വിഷമത്തോടെ ചോദിക്കുമ്പോള്‍ ഉത്തരങ്ങളായി വരുന്ന വാക്കുകള്‍ ദിവസത്തിന്റെ കീറലുകളെ തുന്നി ചേര്‍ക്കുന്നു, ഈ ദിനത്തിന്റെ ഏതു ഭാഗവും പിഞ്ചിയിട്ടില്ലല്ലോ എന്നു സന്തോഷത്തോടെ സൂര്യന്‍ അസ്തമിക്കുന്നു. എന്നെന്നും ആഗ്രഹിച്ചിരുന്ന തരത്തിലുള്ള ആത്മബന്ധങ്ങള്‍ തന്ന ഫെയ്സ് ബുക്കിനു നന്ദി.

യഥാര്‍ത്ഥ ലോകത്തെ ജീവിതവും ഒരു സ്ത്രീയ്ക്ക് പൂര്‍ണ സുരക്ഷിതത്വമൊന്നും വാഗ്ദാനം ചെയ്യന്നില്ലല്ലോ. നെറ്റ് ലോകവും പല വിധത്തിലുള്ള “വൈറസ് “ ബാധകള്‍ കൊണ്ട് സമൃദ്ധമാണ്. അവയെ ഒഴിവാക്കിയും അവഗണിച്ചും നിലനില്‍ക്കുക എന്നതാണ് ചെയ്യനുള്ളത്. എലിയെ പേടിച്ച് ആര്‍ക്കും ഇല്ലം ചുടാനാകില്ലല്ലോ. എങ്കിലും സൈബര്‍ ലോകത്തെ ജീവിതം ഈ ലോകജീവിതത്തെ നേരിടുന്നതിനുള്ള ആത്മവിശ്വാസം തരുന്നുണ്ട് പലപ്പോഴും. അതുകൊണ്ട് തന്നെ നല്ലതല്ലാത്തെ ചില ചെറിയ അനുഭവങ്ങളെ അവയര്‍ഹിക്കുന്ന നിസ്സാരതയോടെ ഞാന്‍ “ ട്രാഷി“ല്‍ ഉപേക്ഷിക്കുന്നു. ബാക്കിയൊക്കെയും ഒരു ഫോള്‍ഡറിലാക്കി എന്നെന്നേയ്ക്കുമായി “സേവ്” ചെയ്യന്നു.

അടിക്കുറിപ്പ്
ഇങ്ങനെയൊരു കുറിപ്പ് എഴുതുമ്പോള്‍ , സൈബര്‍ ലോകത്തു നിന്നു പരിചയപ്പെട്ട, താങ്ങും തണലുമായ സുഹൃത്തുക്കളുടെയെല്ലാം പേരുകള്‍ പരാമര്‍ശിക്കണമെന്നു കരുതിയിരുന്നു, പക്ഷേ എഴുതിത്തുടങ്ങിയപ്പോള്‍ പേരുകളുടെ ആധിക്യം എന്നെ വിസ്മയിപ്പിച്ചു എന്നതാണു സത്യം. ‘എന്‍്റെ ഗൂഗിള്‍ ഭഗവതീ, യാഹൂ മാതാവേ’ ( വനിതാ ദിനമല്ളേ, പെണ്‍ ദൈവങ്ങള്‍ മാത്രം ) തമ്മില്‍ കാണാത്ത , കേള്‍ക്കുക പോലും ചെയ്യത്ത ഇത്രയധികം പേരുടെ മനസ്സുകളിലെ സ്നേഹമാണോ എന്‍്റെ ഈ ലോകത്തെ പ്രകാശിപ്പിക്കുന്നതെന്നു നന്ദിപൂര്‍വ്വം ചിന്തിച്ചു പോവുന്നു.

വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍
കൂടുതല്‍ കുറിപ്പുകള്‍

 

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

One thought on “കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍

  1. വളരെ വൈകിയാണ് ഞാനും ഈ സൈബര്‍ ലോകത്ത് വന്നത് . ഇപ്പോള്‍ സ്മിതയുമായി പോലും ലഭിച്ച നല്ല സൌഹൃതം ആ ലോകത്തിന്റെ സംഭാവന . മറ്റൊന്ന് ചിതറിക്കിടന്ന എന്റെ പലകൂട്ടുകാരും വീണ്ടും മുന്നില്‍ എത്തി . എന്നോ ക്ലാസ് മുറി വിട്ട കുട്ടികളും ഈ പഴയ മാഷേ തേടി വന്നു . ദില്ലിയില്‍ നിന്ന് ജോമാത്യു എന്നെ കാണാന്‍ വന്നത് ഇന്നും അത്ഭുതം . മറവിയിലേക്ക് നീങ്ങി തുടങ്ങിയാ ആ സൌഹൃതം പച്ചപിടിക്കാനും ഇവന്‍ കാരണം . പൌലോ ക്വൈലോയുടെ ബ്രസീലിലെ ഒരു ശിഷ്യയെ പരിചയപ്പെടാനും സംസാരിക്കാനും ഇടയായതും ഇവന്‍ തന്നെ കാരണം . ഇതിന്റെ ദൂഷ്യ വശങ്ങള്‍ നോക്കാറില്ല ….. അതിനു ഇപ്പോള്‍ നേരവും ഇല്ല …ഉള്ള നേരം തന്നെ കഷ്ടിയാനെന്ന തോന്നല്‍ !!! നല്ല ലേഖനം സ്മിത . അഭിനന്ദനങ്ങള്‍ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *