പിറവത്തു നിന്നുള്ള വിശേഷങ്ങള്‍

യുഡിഎഫ്‌ അനുഭാവികള്‍ മുഴുവന്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ വോട്ടു ചെയ്‌താല്‍ സംശയമില്ല യുഡിഎഫ്‌ സ്ഥാനാര്‍ഥി തന്നെ ജയിക്കും. മറിച്ച്‌ എം.ജെ.ജേക്കബിനോടു മതിപ്പുള്ളവരെല്ലാം അദ്ദേഹത്തിനു വോട്ടു ചെയ്‌താല്‍ സംശയമില്ല അദ്ദേഹം തന്നെ ജയിക്കും. എം.ജെ.ജേക്കബിനോടു താത്‌പര്യമുള്ള യുഡിഎഫ്‌ അനുഭാവികളുടെ എണ്ണം ആയിരക്കണക്കിനാണ്‌ എന്നതാണ്‌ പ്രവചനം ബുദ്ധിമുട്ടിലാക്കുന്നത്‌-പിറവം തെരഞ്ഞെടുപ്പിന്റെ പ്രാദേശിക അടിയൊഴുക്കുകളുടെ വിശകലനം. മാധ്യമ പ്രവര്‍ത്തകനായ ബിജു സി.പി എഴുതുന്നു

 


 

പിറവത്ത്‌ ഇപ്പോള്‍ നടക്കുന്നത്‌ സിപിഎം സ്ഥാനാര്‍ഥി എം.ജെ.ജേക്കബും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള പോരാട്ടമാണ്‌. എം.ജെ.ജേക്കബിന്റെ പിന്നില്‍ പിറവത്തെ ഇടതു പക്ഷ അനുഭാവികളും സംസ്ഥാനതലത്തിലെ ചില നേതാക്കളുമുണ്ട്‌. ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ യുഡിഎഫിന്റെ സമ്പൂര്‍ണ സംഘമാണുള്ളത്‌. ഏറ്റവും മുന്നില്‍ അനൂപ്‌ ജേക്കബാണെന്നേയുള്ളൂ.

സ്ഥാനാര്‍ഥികളോ തരംഗമോ ഇല്ലാതെ എല്‍.ഡി.എഫും യുഡിഎഫും ബി.ജെ.പിയും പ്രസ്ഥാനങ്ങളായി നിന്ന്‌ ഏറ്റുമുട്ടുകയാണെങ്കില്‍ യുഡിഎഫിന്‌ 7000 മുതല്‍ 15000 വരെ വോട്ടുകളുടെ മുന്‍തൂക്കമുള്ള മണ്ഡലമാണ്‌ പിറവം. ബിജെപിക്ക്‌ നാലായിരത്തിനടുത്ത്‌ വോട്ട്‌ കിട്ടിയേക്കും. 1987ല്‍ ശക്തമായ ത്രികോണ മല്‍സരം നടന്നപ്പോള്‍ ഗോപി കോട്ടമുറിക്കലും 2006ല്‍ ശക്തമായ വി.എസ്‌.തരംഗം മൂലം എം.ജെ.ജേക്കബും (ഇനിമുതല്‍ എം.ജെ.ജെ) ജയിച്ചതൊഴിച്ചാല്‍ മണ്ഡലം എക്കാലത്തും കോണ്‍ഗ്രസ്‌ മുന്നണിയുടെ കൂടെയായിരുന്നു. 77ല്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ ടിഎംജേക്കബ്‌ (ഇനി മുതല്‍ ടി.എം.ജെ.)ആയിരുന്നു ആദ്യത്തെ എം.എല്‍.എ. 80ല്‍ പിസി ചാക്കോ പിറവത്തു നിന്നു ജയിച്ചു. 82ല്‍ ബെന്നി ബെഹന്നാന്‍. അക്കാലത്ത്‌ ടി.എം.ജെ. കോതമംഗലത്തേക്കു പോയിരുന്നു. 87ല്‍ ഗോപി കോട്ടമുറിക്കല്‍. വീണ്ടും ടി.എം.ജെ. വന്ന്‌ മണ്ഡലം തിരിച്ചു പിടിച്ചു. 2006ല്‍ വി.എസ്‌. തരംഗം തന്നെയാണ്‌ മുഖ്യമായും ടി.എം.ജെ.യെ വീഴ്‌ത്തിയത്‌. തുടക്കം മുതലേ കരുണാകരന്റെ സന്തതസഹചാരിയായിരുന്ന ടി.എം.ജെ.യോട്‌ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുണ്ടായിരുന്ന താത്‌പര്യക്കുറവും അദ്ദേഹത്തിനു വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ന്യായമായും എം.ജെ.ജെ. വിജയിക്കേണ്ടിയിരുന്നതാണ്‌. മണ്ഡല പുനര്‍നിര്‍ണയമാണ്‌ എം.ജെ.ജെക്ക്‌ വിനയായത്‌.

ബിജു സി.പി

പാര്‍ട്ടികളുടെ ശക്തി
പിറവം ടി.എം. ജെ.യുടെ മണ്ഡലമായി മാറിയത്‌ അദ്ദേഹം ഈ നാട്ടുകാരനായിരുന്നതുകൊണ്ടാണ്‌. അല്ലാതെ കേരളാ കോണ്‍ഗ്രസുകളുടെ ശക്തികൊണ്ട്‌ അല്ല എന്നര്‍ഥം. ഇപ്പോളും ഒറ്റയ്‌ക്കു നിന്നാല്‍ ബിജെപിയെക്കാള്‍ പിന്നിലായിരിക്കും ജേക്കബ്‌ഗ്രൂപ്പിന്റെ നില. മറ്റു കേരളാ കോണ്‍ഗ്രസുകളുടെ കാര്യവും വ്യത്യസ്‌തമല്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിറവം മണ്ഡലത്തിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ട ഇലഞ്ഞി പഞ്ചായത്തില്‍ ജോസഫ്‌ ഗ്രൂപ്പിന്‌ കുറേ വോട്ടുകളുണ്ട്‌ എന്നതൊഴിച്ചാല്‍ കേരളാ കോണ്‍ഗ്രസുകള്‍ ഈ മണ്ഡലത്തില്‍ ഒരു ശക്തിയല്ല. കോണ്‍ഗ്രസ്‌ തന്നെയാണ്‌ പിറവത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടി. തൊട്ടു പിന്നില്‍ സിപിഎമ്മും. സിപിഐക്കും കുറേ വോട്ട്‌ ഉണ്ട്‌. ചെത്തു തൊഴിലാളികളുടെയും മറ്റുമായ ചില തൊഴിലാളി സംഘടനകളില്‍ പ്രത്യേകിച്ചും അവര്‍ക്ക്‌ ഒരുവിധം ശക്തിയുണ്ട്‌.

ആരാണ്‌ എം.ജെ.ജേക്കബ്‌
മാര്‍ക്‌സിസ്റ്റ്‌ നേതാവും മുന്‍ മന്ത്രിയുമായ കെ.ടി.ജേക്കബിന്റെ (ഇദ്ദേഹത്തിന്റെ പ്രതിമയാണ്‌ എം.സി.റോഡില്‍ കൂത്താട്ടുകുളം പട്ടണത്തില്‍ ടൗണ്‍ഹാളിനു മുന്നില്‍ നില്‍ക്കുന്നത്‌) ചേട്ടന്‍ കെ.ടി.ജോസഫിന്റെ മകനാണ്‌ എം.ജെ.ജെ. എഫ്‌.എ.സി.റ്റി.യില്‍ മാര്‍ക്കറ്റിങ്‌ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്നു. തിരുമാറാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌, പ്രാദേശിക രാഷ്ട്രീയനേതാവ്‌ എന്നിങ്ങനെ പല തലങ്ങളില്‍ കഴിവു തെളിയിച്ചാണ്‌ എം.എല്‍.എ.സ്ഥാനാര്‍ഥിയായി എത്തുന്നത്‌. എം.എല്‍.എ. ആയി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കേസുകളും മറ്റും മൂലം രണ്ടര വര്‍ഷത്തോളം സാങ്കേതിക അംഗമായി കഴിഞ്ഞു കൂടേണ്ടി വന്നു. അതിനു ശേഷമുള്ള കാലത്ത്‌ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ്‌ എ.ജെ.ജെ.യെ ശരിക്കും പിറവംകാരുടെ കണ്ണിലുണ്ണിയാക്കിയത്‌. 25 വര്‍ഷത്തോളമായി ഇഴഞ്ഞു നീങ്ങിയിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്റ്‌ പൂര്‍ത്തിയാക്കി മികച്ച ഡിപ്പോയാക്കി മാറ്റിയതും എറണാകുളത്തേക്കുള്ള റോഡ്‌ ഹൈവേ നിലവാരത്തിലാക്കിയാതും പിറവത്ത്‌ റവന്യൂ ടവര്‍ സ്ഥാപിച്ചതും നിരവധി പാലങ്ങള്‍ നിര്‍മിച്ചതും ഉള്‍പ്പെടെ എടുത്തു കാണിക്കാനുള്ള നിരവധി നേട്ടങ്ങള്‍ എം.ജെ.ജെയ്‌ക്ക്‌ ഉണ്ട്‌.

ഇതിലൊക്കെയുപരി, ആര്‍ക്കും ഏതു സമയത്തും ചെന്നു കാണാവുന്നയാളും എപ്പോഴും ഏതു കാര്യത്തിനും മണ്ഡലത്തിലുള്ളയാളുമാണ്‌. ഹിഡന്‍ അജണ്ടകളോ അഴിമതി നടത്താനുള്ള താത്‌പര്യമോ പണത്തോടുള്ള ആര്‍ത്തിയോ ഉണ്ടെന്ന്‌ എതിരാളികള്‍ പോലും പറയില്ല. സാധാരണ രാഷ്ട്രീയ നേതാക്കളെപ്പോലെ ഇടിച്ചു കയറുന്നയാളോ ബഹളം വെക്കുന്നയാളോ അല്ല. ഒരു പ്രാദേശിക നേതാവ്‌ എന്ന നിലയില്‍ മാതൃകാ വ്യക്തിത്വമാണ്‌ അദ്ദേഹത്തിന്റേത്‌ എന്നു ഞാന്‍ പറയും.

ആരാണ്‌ അനൂപ്‌ ജേക്കബ്‌
ടി.എം.ജേക്കബിന്റെ മകന്‍ എന്ന നിലയിലാണ്‌ രാഷ്ട്രീയത്തിലേക്കും ഇപ്പോള്‍ തിരഞ്ഞെടുപ്പിലേക്കും വരുന്നത്‌. ജേക്കബ്‌ ഗ്രൂപ്പിന്റെ വിദ്യാര്‍ഥി സംഘടനാ നേതാവായിരുന്നു. വക്കീലാണ്‌. ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ഒരു അപ്പീലുണ്ടാക്കാന്‍ യുഡിഎഫോ അനൂപോ ശ്രമിക്കുന്നില്ല എന്നത്‌ വിചിത്രമാണ്‌. എം.ജെ.ജെ.യുടെ ഏറ്റവും വലിയ പ്ലസ്‌ പോയിന്റ്‌ വ്യക്തിത്വ മികവാണ്‌. അതിനോട്‌ ഏറ്റു മുട്ടാന്‍ തക്ക വ്യക്തിമികവ്‌ ഏതായാലും അനൂപിനില്ല. ചെറുപ്പക്കാരന്റെ ഗ്ലാമര്‍ പറഞ്ഞിട്ടല്ല യുഡിഎഫ്‌ രാഷ്ട്രീയം പറഞ്ഞിട്ടു തന്നെയാണ്‌ വോട്ടു പിടിക്കുന്നതും. എല്ലായിടത്തും ഓടിയെത്താനും കഴിവുപോലെ സംസാരിക്കാനും അനൂപ്‌ ശ്രമിക്കുന്നുണ്ട്‌.

സഹതാപ തരംഗം
ടി.എം.ജേക്കബ്‌ മരിച്ചതിന്റെ പേരില്‍ ഏതായാലും സഹതാപ തരംഗമൊന്നും എവിടെയുമില്ല. അതിനു കാര്യവുമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം എം.ജെ.ജെ.യോട്‌ ഒരു സഹതാപ തരംഗം മണ്ഡലത്തില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഏതായാലും അത്തരമൊന്ന്‌ നിലവിലില്ല.
ഇപ്പോള്‍ ഉണ്ടെന്നു തോന്നുന്ന ഒന്ന്‌ യുഡിഎഫ്‌ സര്‍ക്കാരിനോടുള്ള സഹതാപമാണ്‌. ഇവിടെ തോറ്റാല്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കേണ്ടി വരുമല്ലോ എന്ന സഹതാപം. ഈ ഘടകം മണ്ഡലത്തില്‍ കാര്യമായി വേരുപിടിക്കുന്നുമുണ്ട്.

പാരകള്‍
മുനയും മൂര്‍ച്ചയുമുള്ള പാരകള്‍ എമ്പാടും പതുങ്ങിയിരിപ്പുണ്ട്‌. കൂടുതലും യുഡിഎഫിന്റെ പക്കലാണു താനും. പക്ഷേ, ഇപ്പോഴത്തെ അവസ്ഥയില്‍ അവയേതെങ്കിലും പുറത്തെടുക്കാന്‍ അവര്‍ക്കു കഴിയുമെന്നു തോന്നുന്നില്ല.

ഒരരര്‍ഥത്തില്‍ പറഞ്ഞാല്‍, കേരളരാഷ്ട്രീയത്തിലെ ഒരു കള പറിയ്‌ക്കാനുള്ള അവസരമാണ്‌ പിറവത്തെ വോട്ടര്‍മാര്‍ക്ക്‌ കൈവന്നിരിക്കുന്നത്‌. കേരള രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും വളം വലിച്ചെടുത്ത്‌ സ്വയം വീര്‍ത്തു വലുതാവുക മാത്രം ചെയ്‌തിട്ടുള്ള ഒരു രാഷ്ട്രീയ കളയാണ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ കേരളാ കോണ്‍ഗ്രസ്‌. ഈ തിരഞ്ഞെടുപ്പില്‍ അനൂപ്‌ ജേക്കബ്‌ പരാജയപ്പെട്ടാല്‍ ആ കള ഇല്ലാതാവും.
കോണ്‍ഗ്രസിനെ സംബന്ധിച്ചാണ്‌ വലിയ തിക്കുമുട്ടലുള്ളത്‌. സി.പൗലോസിനെ പോലെ വലിയൊരു രാഷ്ട്രീയ വ്യക്തിത്വത്തെ ഇല്ലായ്‌മ ചെയ്‌തിട്ടാണ്‌ ടിഎം ജേക്കബ്‌ പിറവത്തു വേരുറപ്പിച്ചത്‌. കോണ്‍ഗ്രസില്‍ നിന്നിരുന്നെങ്കില്‍ സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാള്‍ മാറുമായിരുന്നു സി.പൗലോസ്‌. അതിനു തക്ക ശേഷിയും വ്യക്തിമികവും ഗുണാത്മകമായ നിലപാടുകളും ഉള്ളയാളുമാണ്‌. എന്നാല്‍, പിറവം മണ്ഡലം ജേക്കബിനു വിട്ടു കൊടുത്തതോടെ കോണ്‍ഗ്രസുകാരിലാര്‍ക്കും ഒരു തരത്തിലുള്ള രാഷ്ട്രീയ വളര്‍ച്ചയും സാധിക്കാതായി. ഡിസിസി പ്രസിഡന്റ്‌ വിജെ പൗലോസ്‌ ഉള്‍പ്പെടെ എറണാകുളം ഡിസിയിലെ നിരവധി നേതാക്കള്‍ പിറവംകാരായുണ്ട്‌. ന്യായമായും അവര്‍ക്ക്‌ അവകാശപ്പെടാവുന്ന സീറ്റ്‌ അനൂപിനു കൊടുത്തപ്പോള്‍ പ്രചാരണ കാര്യങ്ങളില്‍ അവര്‍ നിസംഗത പാലിച്ചാല്‍ മതി തോല്‍വി ഉറപ്പാക്കാന്‍. എന്നാല്‍ കേരള ഭരണം കയ്യാലപ്പുറത്തിരിക്കുന്ന ഈ അവസരത്തില്‍ പല്ലു കടിച്ചു കൊണ്ടാണെങ്കിലും അനൂപിനെ തുണയ്‌ക്കാന്‍ പിറവത്തെ കോണ്‍ഗ്രസുകാര്‍ നിര്‍ബന്ധിതരാണ്‌. അവര്‍ അനൂപിനു പിന്നില്‍ ഉറച്ചു നില്‍ക്കുന്നുമുണ്ട്‌.

 

 
മാണിസാറിന്റെ പക്കലും ജോസഫിന്റെ പക്കലുമുണ്ട്‌ മുനയും മൂര്‍ച്ചയുമുള്ള പാരകള്‍. മരിച്ചു കഴിഞ്ഞ ജേക്കബ്‌ കേരളയെ ഉയിര്‍പ്പിച്ചു കൊണ്ടു വരാന്‍ മാണിസാറിന്‌ അശേഷം താത്‌പര്യമില്ലെന്നു തീര്‍ച്ച. ചെന്നു കയറുന്ന വഴിയേ ജേക്കബിന്റെ മകന്‍ മന്ത്രിയാവുന്നു എങ്കില്‍ മാണിസാറിന്റെ മകന്‌ എന്താ കേന്ദ്രത്തിലൊരു സഹമന്ത്രിയെങ്കിലുമായാല്‍ കൊള്ളില്ലേ! എങ്കില്‍ പിന്നെ ജേക്കബിന്റെ മകന്‍ എന്തിനാ മന്ത്രിയായി വരുന്നത്‌? വലിയ വോയിസ്‌ ഒന്നുമില്ലെങ്കിലും ജോണി നെല്ലൂരിനും താത്‌പര്യമില്ല അനുപ്‌ ജയിച്ച്‌ മന്ത്രിയായി മറ്റൊരു ജേക്കബായി മാറുന്നതിനോട്‌. പക്ഷേ, എന്തു ചെയ്യാം. സര്‍ക്കാര്‍ കയ്യാലപ്പുറത്തല്ലേ! പല്ല്‌ അമര്‍ത്തിക്കടിക്കുകയേ ഗതിയുള്ളൂ.

പഴയ ഗ്രൂപ്പ്‌ പുനരുജ്ജീവിപ്പിച്ച്‌ മാണി സാറിനെ പിളര്‍ത്തി ഇടതു പക്ഷത്തേക്കു ചെല്ലാനുള്ള കളമൊരുങ്ങിക്കഴിഞ്ഞിരുന്നെങ്കില്‍ അനൂപിനെ തോല്‌പിക്കാന്‍ ജോസഫിനുള്ള പാര പുറത്തെടുക്കാന്‍ ജോസഫിനു കഴിയുമായിരുന്നു. പക്ഷേ, അതിനുള്ള രാഷ്ട്രീയ പ്രസരിപ്പും ഊര്‍ജസ്വലതയും ഇപ്പോള്‍ പി.ജെ.ജോസഫിനില്ല.
 


 

ഇടതു പക്ഷത്താണെങ്കില്‍, ഒരു രാഷ്ട്രീയ പോരാട്ടം എന്ന നിലയിലല്ലാതെ എന്തു വിലകൊടുത്തും തോല്‌പിക്കക്കണമെന്ന്‌ സിപിഎമ്മിനു വാശിയുള്ള രാഷ്ട്രീയ ശത്രുവൊന്നുമല്ല അനൂപും കേ.കോ.ജേക്കബും. ഉമ്മന്‍ ചാണ്ടിയോടുള്ള പോരാട്ടം എന്ന നിലയിലാണ്‌ സിപിഎം പിറവം മണ്ഡലത്തില്‍ മല്‍സരിക്കുന്നത്‌. പാര്‍ട്ടിയുടെ നിരവധി നേതാക്കള്‍ വാര്‍ഡുകള്‍ തോറും കറങ്ങുന്നുണ്ടെങ്കിലും അവര്‍ക്ക്‌ മുന്നോട്ടു വെക്കാന്‍ വലിയ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അങ്ങനെയൊന്നുമില്ല. ഇടതു പക്ഷത്തിന്റേതായി പിറവത്തു വിലപ്പോകുന്നത്‌ എം.ജെ.ജേക്കബിന്റെ വ്യക്തിമികവു തന്നെയാണ്‌. അതു പക്ഷേ, പാര്‍ട്ടി നേതാക്കള്‍ക്ക്‌, പ്രത്യേകിച്ച്‌ വിദൂര ജില്ലകളില്‍ നിന്നുള്ളവര്‍ക്ക്‌ ഉള്‍ക്കൊള്ളാനാകുന്നോ എന്നു സംശയമുണ്ട്‌. അംഗങ്ങള്‍, പാര്‍ട്ടി, പാര്‍ട്ടിക്കാര്‍, പാര്‍ട്ടി ചിട്ട എന്ന മട്ടിലുള്ള പരിപാടിയായിരുന്നില്ല എം.ജെ.ജെ.യുടേത്‌. ആളുകള്‍ക്കൊപ്പം നില്‍ക്കുകയും പൊതു സമൂഹത്തിനു വേണ്ടത്‌ ഭരണകൂടത്തില്‍ നിന്നു സമ്പാദിച്ചു കൊണ്ടു വരികയും ചെയ്യുന്ന ഗൃഹനാഥന്‍ എന്ന റോളിലാണ്‌ പിറവത്തെ വലിയൊരു വിഭാഗം വോട്ടര്‍മാര്‍ എം.ജെ.ജെ.യെ കാണുന്നത്‌. പാര്‍ട്ടി ഹൈരാര്‍ക്കിക്കകത്ത്‌ എം.ജെ.ജെ.ക്ക്‌ വലിയ സ്ഥാനമൊന്നും അന്നും ഇന്നുമില്ല. പാര്‍ട്ടി നേതാവ്‌ എന്ന റോളില്‍ അദ്ദേഹത്തിന്‌ വലിയ തിളക്കവുമില്ല.

ബിജെപി
പരമാവധി ആറായിരം വോട്ടാണ്‌ ബിജെപിക്ക്‌ ഇവിടെയുണ്ടാകാവുന്നത്‌. അടുത്തൊന്നും ബിജെപി സ്ഥാനാര്‍ഥികളാരും അത്രയും വോട്ട്‌ നേടിയിട്ടില്ല. തികച്ചും ന്യൂട്രലായ ഒരു കാലാവസ്ഥയില്‍ എല്‍ഡിഎഫ്‌ യുഡിഎഫ്‌ മല്‍സരം വന്നാല്‍ ബിജെപിക്ക്‌ വലിയ പ്രസക്തിയൊന്നുമില്ല പിറവത്ത്‌. ഏഴു മുതല്‍ 10 വരെ ആയിരം വോട്ടുകളുടെ ലീഡ്‌ യുഡിഎഫിനുണ്ടാകും. എന്നാല്‍, ഇപ്പോഴത്തേതു പോലെ ശക്തമായ ഒരു മല്‍സരത്തില്‍ ബിജെപിയുടെ നില പ്രസക്തമാണ്‌. ക്രൈസ്‌തവ മുസ്ലീം മുന്നണിയാണ്‌ യുഡിഎഫ്‌ എന്ന ആരോപണം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപി അണികള്‍ക്ക്‌ എല്‍ഡിഎഫിനോടു ചായ്‌വുണ്ടാകാനാണ്‌ സാധ്യത.

ആരു ജയിക്കും
കഴിഞ്ഞ തവണ എം.ജെ.ജെ.ക്ക്‌ വോട്ടു ചെയ്‌തവരില്‍ വലിയൊരു വിഭാഗം പേരും നിഷ്‌പക്ഷര്‍ എന്നു സ്വയം വിളിക്കുന്ന യുഡിഎഫ്‌ അനുഭാവികളാണ്‌. അവര്‍ ഇത്തവണ എങ്ങനെ വോട്ടു ചെയ്യും എന്നതാണ്‌ വിജയ പരാജയങ്ങള്‍ നിശ്ചയിക്കുക. കഴിഞ്ഞ തവണ എം.ജെ.ജെ.ക്ക്‌ വോട്ടു ചെയ്‌തവര്‍ ഇത്തവണ മാറ്റി ചെയ്യാന്‍ തക്ക കാരണങ്ങള്‍ അധികമൊന്നുമില്ല. യുഡിഎഫ്‌ സര്‍ക്കാരിനോടുള്ള സഹതാപ തരംഗം ഈ വിഭാഗത്തിനിടയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ്‌ സ്വര്‍ണത്തിളക്കമുള്ള ചോദ്യം. പിറവത്തെ വോട്ടര്‍മാരെ ആകര്‍ഷിക്കാമായിരുന്ന ഒന്നും ഈ സര്‍ക്കാര്‍ പ്രത്യേകമായി ചെയ്‌തിട്ടില്ല. പതിറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്‌ പിറവം താലൂക്കിനും കോടതിക്കും വേണ്ടിയുള്ള മുറവിളി. അത്‌ ആരും പരിഗണിച്ചിട്ടില്ല. പ്രത്യേകിച്ച്‌ ആകര്‍ഷകമായ മറ്റൊന്നും യുഡിഎഫിന്‌ പറയാനില്ല. പൊതുവേ രാഷ്ട്രീയം പറയാം എന്നല്ലാതെ ആളുകളെ പിടിച്ചു നിര്‍ത്തുന്ന എന്തെങ്കിലും പ്രശ്‌നങ്ങള്‍ പറയാന്‍ ഇടതുപക്ഷത്തിനുമില്ല. അഥവാ, സംസ്ഥാനാടിസ്ഥാനത്തിലോ പ്രദേശികതലത്തിലോ ഉള്ള ഏതെങ്കിലും പ്രത്യേക പ്രശ്‌നങ്ങള്‍ കാര്യമായ സ്വാധീനം തിരഞ്ഞെടുപ്പില്‍ ചെലുത്തുന്നില്ല.

സമുദായ താത്‌പര്യങ്ങള്‍
ക്രൈസ്‌തവ സമുദായത്തിന്‌ വ്യക്തമായ മേല്‍ക്കൈയുള്ള പ്രദേശമാണ്‌ പിറവം മണ്ഡലം. കത്തോലിക്കാ സഭയെക്കാള്‍ ശക്തി ഓര്‍ത്തഡോക്‌സ്‌ യാക്കോബായ സഭകള്‍ക്കുണ്ട്‌. സഭാ തര്‍ക്കങ്ങള്‍ എന്നും പിറവത്തെ ചൂടു പിടിക്കാറുമുണ്ട്‌. എന്നാല്‍, പ്രത്യേക ഘട്ടങ്ങളിലല്ലാതെ അത്‌ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ വലിയ സ്വാധീനം ചെലുത്താറില്ല. പ്രദേശത്തെ ദലിത്‌ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ ഇടതു പക്ഷത്തിന്റെ സ്വാധീനം അത്ര ശക്തമല്ലാതാവുന്നുണ്ട്‌. കാലടിയിലെ മണ്ണ്‌ ഒലിച്ചു പോകുന്നതില്‍ പക്ഷേ, പാര്‍ട്ടിക്ക്‌ അത്ര ആകുലതയൊന്നുമുണ്ടെന്നു തോന്നിയിട്ടുമില്ല. മറ്റൊരു പ്രമുഖ വിഭാഗം ഈഴവസമുദായമാണ്‌. മറ്റു മിക്കയിടത്തുമെന്ന പോലെ ഈഴവസമുദായക്കാരില്‍ 60 ശതമാനത്തോളവും എല്‍ഡിഎഫിനൊപ്പം ശക്തമായി നില്‍ക്കുന്നവരാണ്‌. എന്‍.എസ്‌എസിന്‌ ഉള്ള വോട്ടുകളില്‍ നല്ലൊരു പങ്കും എല്‍ഡിഎഫ്‌, യുഡിഎഫ്‌, ബിജെപി വിഭാഗങ്ങളില്‍ ശക്തമായി നില്‍ക്കുന്നവ തന്നെയാണ്‌. സമുദായനേതാക്കളുടെ താത്‌പര പ്രകാരം വോട്ടു മാറി ചെയ്യുന്നവര്‍ വിരളമായിരിക്കും. എല്ലാ സമുദായങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. സാമുദായിക ചായ്‌വു മൂലം ഓരോ മുന്നണികളോടു ചേര്‍ന്നു നില്‍ക്കുന്നവര്‍ക്കപ്പുറം ഓരോ ഘട്ടത്തിലും സമുദായ നേതാക്കള്‍ കല്‌പിക്കുന്ന തീട്ടൂരത്തിനനുസരിച്ച്‌ വോട്ടു മാറി മാറി കുത്തുന്നവര്‍ നന്നേ കുറവാണ്‌.

അപ്പോള്‍ പിന്നെ ആരു ജയിക്കും
യുഡിഎഫ്‌ അനുഭാവികള്‍ മുഴുവന്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ വോട്ടു ചെയ്‌താല്‍ സംശയമില്ല യുഡിഎഫ്‌ സ്ഥാനാര്‍ഥി തന്നെ ജയിക്കും. മറിച്ച്‌ എം.ജെ.ജേക്കബിനോടു മതിപ്പുള്ളവരെല്ലാം അദ്ദേഹത്തിനു വോട്ടു ചെയ്‌താല്‍ സംശയമില്ല അദ്ദേഹം തന്നെ ജയിക്കും. എം.ജെ.ജേക്കബിനോടു താത്‌പര്യമുള്ള യുഡിഎഫ്‌ അനുഭാവികളുടെ എണ്ണം ആയിരക്കണക്കിനാണ്‌ എന്നതാണ്‌ പ്രവചനം ബുദ്ധിമുട്ടിലാക്കുന്നത്‌.

6 thoughts on “പിറവത്തു നിന്നുള്ള വിശേഷങ്ങള്‍

  1. ആ മൂന്നക്ഷര ചുരുകെഴെത്ത് വായനയെ വല്ലാതെ അലോസരപ്പെടുത്തുന്നു…

Leave a Reply to രാഹുല്‍ Cancel reply

Your email address will not be published. Required fields are marked *