സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താഘോഷം സാറെ?

നഗരത്തില്‍ നാലിടത്ത് സ്ത്രീകള്‍ക്കായി നാലു പബ്ലിക്ക് ടോയ്ലറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ സ്ത്രീകളുടെ ആ’ ശങ്ക’ ഒഴിവാക്കാമായിരുന്നു. ഇനിയിപ്പോ ഇതൊക്കെ വായിച്ച് വെള്ളിമാടുകുന്നില്‍ നിര്‍മിക്കാനിരിക്കുന്ന ‘ജെന്‍ഡര്‍ പാര്‍ക്കി’ല്‍ നിരവധി ടോയ്ലറ്റുകള്‍ ഞങ്ങള്‍ നിര്‍മിച്ചുതരും എന്നുമാത്രം പറയരുതേ, കാരണം കോഴിക്കോട് ടൌണില്‍ നിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം വെള്ളിമാടുകുന്ന് വന്നു മൂത്രമൊഴിക്കുക എന്നത് അത്ര സുഖകരമായ കാര്യമേയല്ല- കോഴിക്കോട് നടന്നു കൊണ്ടിരിക്കുന്ന ജെന്‍ഡര്‍ ഫെസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഒരിടപെടല്‍. ..,ഫെസ്റ്റ് നടത്താന്‍ മുന്‍കൈയെടുത്ത സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി എം.കെ മുനീറിന്റെ ശ്രദ്ധയിലേക്ക് ചില പെണ്ണുരുക്കങ്ങള്‍. മിഠായിത്തെരുവില്‍ നടന്ന മൂത്രപ്പുര സമരം നിരന്തരം അവഗണിക്കപ്പെടുന്ന സാഹചര്യത്തില്‍, മന്ത്രി അറിയാന്‍ ചില കാര്യങ്ങള്‍. സരിത കെ. വേണു എഴുതുന്നു

 

 

ബഹുമാന്യനായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അറിയുന്നതിന്

സര്‍,

പുരകത്തുമ്പോള്‍ വാഴ വെട്ടുക എന്നൊരു നാടന്‍ ചൊല്ലാണ് ഈയിടെയായി എന്റെ മനസ്സുനിറയെ. നാട്ടിലെ എല്ലാ സ്ത്രീകളെയും ശാക്തീകരിച്ച്, അവള്‍ ഇരയല്ലെന്ന് വരുത്തിത്തീര്‍ത്ത്, അവള്‍ക്ക് പറയാന്‍ ഇടം കൊടുക്കുന്നതായി ഭാവിച്ച് ഈ സര്‍ക്കാരും കൂട്ടരും ഒരു പരുവമാവുന്നില്ലേ എന്നൊരു തോന്നല്‍? ഇങ്ങനെയൊക്കെയാണോ ഞാനോ എന്റെ സഹോദരിയോ, അമ്മയോ, മകളോ, കൂട്ടുകാരിയോ അനുഭവിക്കുന്ന വിവിധങ്ങളായ സാമൂഹിക പ്രശ്നങ്ങളെ നേരിടേണ്ടത്?

സത്യത്തില്‍ ജെന്‍ഡര്‍ ഫെസ്റുകള്‍ പോലുള്ള ചില ഓര്‍മപ്പെടുത്തലുകളും വിളംബരങ്ങളും അത്യാവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീ ഒരു ശരീരം മാത്രമാവുന്ന ഇക്കാലത്ത്. പക്ഷെ അതിനുമുമ്പ് ഇതിന്റെ നടത്തിപ്പുകാരായ നിങ്ങള്‍ അറിയേണ്ട ചില വസ്തുതകളുമുണ്ടെന്നിരിക്കെ ഇത്തരം ആഘോഷങ്ങള്‍ വെറും പ്രഹസനമാവുകയേയുള്ളൂ എന്നു ഞാന്‍ പറയാതെ തന്നെ അറിയമല്ലോ?

സരിത കെ. വേണു

പിന്നെ, പറയുമ്പോള്‍ എല്ലാം പറയണമെന്നല്ലേ, സ്ത്രീയെ സെമിനാറുകളിലൂടെ ഉദ്ബോധിപ്പിച്ച് ശാക്തീകരിച്ചിട്ടൊന്നും കാര്യമില്ല, അവള്‍ക്ക് പട്ടാപകല്‍ പോലും സമാധാനത്തോടെ തിരക്കേറിയ വഴികളിലൂടെ നടക്കാന്‍ വയ്യ. ഉടുമുണ്ട് പൊക്കിയും, പാന്റിന്റെ സിബ്ബ് അഴിച്ചും ഇവിടുത്തെ ആങ്ങളമാര്‍ ഞങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുകയാണ്. വെറും 5 മിനിറ്റ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ നിങ്ങളുടെ വനിതാപ്രതിനിധികളോട് ഒന്ന് ഇരിക്കാന്‍ പറയണം. അപ്പോള്‍ അറിയാം വിശേഷം. ഇറച്ചിക്കടയിലാണോ താന്‍ ഇരിക്കുന്നത് എന്ന് അവര്‍ക്ക് ബോധ്യപ്പെടാന്‍ ആദ്യത്തെ 3 മിനിറ്റ് മതിയാവും.

ഭൂമിയിലെ ഏറ്റവും മനോഹരമായ സൃഷ്ടിയാണ് സ്ത്രീ. ഞാനും അതില്‍ അഭിമാനം കൊള്ളുന്നു. യതാര്‍ത്ഥ മാറ്റം സ്ത്രീജീവിതങ്ങളില്‍ കൊണ്ടുവരാന്‍ ഉതകുന്നെങ്കില്‍ ജെന്റര്‍ ഫെസ്റ് ഒരു അനിവാര്യതയാണ്. സ്വസ്ഥമായി ജീവിക്കാന്‍ സൌകര്യം ഒരുക്കുന്നതിലൂടെ കൊണ്ടുവരാം, ആ മാറ്റം. ആഘോഷിക്കപ്പെടേണ്ടതാണസ്ത്രീത്വം എന്ന ബോധം അവള്‍ക്ക് നല്‍കണമെങ്കില്‍ ആദ്യം നല്‍കേണ്ടത് സുരക്ഷിതയെന്ന ബോധ്യമാണ്. പോംവഴിയില്ലാത്ത പ്രശ്നമൊന്നുമല്ല അത്. അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കിയും അല്‍പ്പം മനുഷ്യപ്പറ്റോടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്തും ആ ബോധ്യം ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.

 

'പെണ്‍കൂട്ട്' നടത്തിയ പരിപാടികളിലൊന്ന്

 

മിഠായിത്തെരുവിലെ പെണ്‍കുട്ടികള്‍
അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ ഒരു കൂട്ടായ്മ ‘പെണ്‍കൂട്ട്’ കോഴിക്കോട് കുറച്ച് വര്‍ഷങ്ങളായി നടത്തിവരുന്ന ഒരു സമരമുണ്ട്. അതിനെക്കുറിച്ച് സാര്‍, കേട്ടിരിക്കുമോ എന്നറിയില്ല. മൂത്രപ്പുരസമരം. മിഠായിത്തെരുവിലെ കടകളില്‍ ജോലി ചെയ്യുന്ന പാവം പെണ്‍കുട്ടികളുടെ ദുരവസ്ഥ പരിഹരിക്കാനായിരുന്നു ആ സമരം. രാവിലെ 8ന് വീട്ടില്‍ നിന്നും ഇറങ്ങിയാലാണ് പലരും രാവിലെ 9നകം ഷോപ്പുകളിലെത്തുന്നത്. മിക്കവരും സെയില്‍സ് ഗേള്‍സാണ്. 9നും തുടങ്ങുന്ന അഭ്യാസം തീരുന്നത് രാത്രി 7.30ന്. വീട്ടില്‍ എത്തുന്നത് രാത്രിയില്‍. ഇതിനിടയില്‍ ഇവര്‍ കടന്നുപോകുന്ന ജീവിതമൊന്നും ഞാനോ നിങ്ങളോ ഒരിക്കല്‍ പോലും അറിഞ്ഞിട്ടുണ്ടാവില്ല. ഒരേ നില്‍പ്പാണ്, സര്‍.

സീസണ്‍ ആണെങ്കില്‍ പറയുകയും വേണ്ട. ഇതിനിടയില്‍ മൂത്രമൊഴിക്കുന്നത് രണ്ട് തവണ. ഇവര്‍ക്കൊന്നും മുള്ളാന്‍ ആഗ്രഹമില്ലാഞ്ഞിട്ടൊന്നുമല്ല സാറേ. അതിനുള്ള സൌകര്യങ്ങള്‍ ഇല്ലാത്തതുകൊണ്ടുതന്നെയാ. മൂത്രമൊഴിക്കാന്‍ ഹോട്ടലുകളില്‍ കയറി ഇവരൊക്കെ എത്ര ചായ കുടിക്കും? അല്ല, ഇതിനൊക്കെ ഒരു കണക്കില്ലേ? പീരിഡ്സാണെങ്കില്‍ പെണ്‍കുട്ടികള്‍ മൂത്രമേ ഒഴിക്കില്ല. രാത്രിവരെ ഇങ്ങനെ സഹിച്ചു നില്‍ക്കുന്ന എത്രയോ പേരെ എനിക്ക് തന്നെ അറിയാം. മൂത്രശങ്ക ഭയന്ന് വെള്ളം പോലും കുടിക്കില്ല ഈ കുട്ടികള്‍. ഫലം വിവിധതരം ആരോഗ്യ പ്രശ്നങ്ങളായി ഇവര്‍ പിന്നെ ജോലിക്ക് വരില്ല. ഇവരുടെയൊക്കെ വീട്ടില്‍ ഈ തുച്ഛമായ തുകയുടെ ഉപയോഗം വലിയതാണ് എന്നു കൂടിയോര്‍ക്കണം.

 

 

അടക്കിപ്പിടിച്ച് മണിക്കൂറുകള്‍
അവര്‍ മാത്രമല്ല, ഇതെഴുതുന്ന ഞാനടക്കം മിക്ക സ്ത്രീകളും വീടിനുവെളിയില്‍ ഇറങ്ങിയാല്‍ ഇങ്ങനെ അടക്കിപിടിച്ചിരിക്കലാണ് പതിവ്. ഇന്ത്യയില്‍ ഏതു ചുമരും പുരുഷന് പബ്ലിക്ക് ടോയ്ലറ്റാണ്. എന്നാല്‍ നിങ്ങളും അങ്ങിനെ ഒഴിച്ച് കാണിക്ക് എന്നു മാത്രം പറയരുത് സര്‍. ഞങ്ങള്‍ക്ക് അതില്‍ ഇത്തിരി അസൌകര്യമുണ്ട്. സത്യമായിട്ടും സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെന്താഘോഷം സാറെ? അപ്പോള്‍ പറഞ്ഞുവരുന്നത്, രണ്ടുവര്‍ഷത്തിലധികമായി നടന്നു വരുന്ന ടോയ്ലറ്റ് സമരം എങ്ങുമെത്തിയില്ല എന്നാണ്.

അന്ന് സമരം കടുത്തപ്പോള്‍ നാലു നിര്‍ഗുണ പരബ്രഹ്മമങ്ങളായ ഇ- ടോയ്ലറ്റുകള്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ സ്ഥാപിച്ചിരുന്നു. അത് രണ്ടാമത്തെ ദിനം തന്നെ ഇവ മരിക്കുകയോ അര്‍ധ പ്രാണനാവുകയോ ചെയ്തു. ഇത്രയും ആഢംബരമായി, ആഘോഷമായി സ്ത്രീത്വം കൊണ്ടാടപ്പെടുന്ന അതേ സ്ഥലത്താണ് ഈ അവസ്ഥ. നഗരത്തില്‍ നാലിടത്ത് സ്ത്രീകള്‍ക്കായി നാലു പബ്ലിക്ക് ടോയ്ലറ്റുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ സ്ത്രീകളുടെ ആ’ ശങ്ക’ ഒഴിവാക്കാമായിരുന്നു. ഇനിയിപ്പോ ഇതൊക്കെ വായിച്ച് വെള്ളിമാടുകുന്നില്‍ നിര്‍മിക്കാനിരിക്കുന്ന ‘ജെന്‍ഡര്‍ പാര്‍ക്കി’ല്‍ നിരവധി ടോയ്ലറ്റുകള്‍ ഞങ്ങള്‍ നിര്‍മിച്ചുതരും എന്നുമാത്രം പറയരുതേ, കാരണം കോഴിക്കോട് ടൌണില്‍ നിന്ന് കിലോ മീറ്ററുകള്‍ക്കപ്പുറം വെള്ളിമാടുകുന്ന് വന്നു മൂത്രമൊഴിക്കുക എന്നത് അത്ര സുഖകരമായ കാര്യമേയല്ല.

 

 

ഇവരും തൊഴിലാളികളാണ്
സ്ത്രീകള്‍ ഒന്നിച്ചിരിക്കുക, അവര്‍ക്ക് പറയാനുള്ളത് പറയുക, അതിനൊരു പൊതു വേദി എന്നതൊക്ക എത്രമനോഹരങ്ങളായ ആശയങ്ങളാണല്ലേ, ദാസാ. അങ്ങിനെയൊക്കെ ഉണ്ടാവുമെങ്കില്‍ സന്തോഷം. പാചകമേളയും ഷട്ടില്‍ ബാഡ്മിന്റണ്‍ കളിയും മൈലാഞ്ചിയിടല്‍ മല്‍സരവും സിനിമാപ്രദര്‍ശനവുമൊന്നും ഞാന്‍ അടങ്ങുന്ന സാധാരണ സ്ത്രീകളുടെ ആവശ്യമല്ല. ഞങ്ങളുടെ പ്രശ്നം ചെയ്യുന്ന ജോലിക്ക് തുല്യവേതനമാണ്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്ത്രീ തൊഴിലാളികള്‍ ഇന്നും ഈ അസ്വമത്വവും ചൂഷണവും നേരിടുന്നു. തൊഴിലാളി ക്ഷേമനിധി എന്ന ഒരു സാമഗ്രിയുണ്ട്. തൊഴിലാളികളും മുതലാളിമാരും ചേര്‍ന്ന് തുല്യ സംഖ്യ അടയ്ക്കുന്ന ഏര്‍പ്പാടാണ്. അതിന്റെ ഗുണം തൊഴിലാളിക്ക് ലഭിക്കും. തൊഴിലാളി വര്‍ഷങ്ങളോളം മുതലാളിയുടെ തുച്ഛശമ്പളത്തില്‍ പണിയെടുക്കുകയും പണിയെടുത്ത് പണിയെടുത്ത് ഒരു ദിവസം വിരമിക്കുകയും ചെയ്യുന്നു.

പലര്‍ക്കും തൊഴിലാളി ക്ഷേമനിധി എന്താണെന്നറിയില്ല. ആരെങ്കിലും പറഞ്ഞ് അറിഞ്ഞ് മുതലാളിയോട് ചെന്നു ചോദിച്ചാല്‍ തന്റെ പങ്ക് തുക അടയ്ക്കാന്‍ മുതലാളിക്ക് സൌകര്യമില്ല. എന്നാല്‍, വര്‍ഷത്തില്‍ രണ്ടു തവണയെങ്കിലും ലേബര്‍ ഓഫീസര്‍മാര്‍ തങ്ങളുടെ സീറ്റില്‍ നിന്നും ഇറങ്ങി വന്ന് അതൊക്കെ നടപ്പാകുന്നുണ്ടോ എന്നൊന്ന് അന്വേഷിച്ചാല്‍ തീരാവുന്നതേയുള്ളൂ സര്‍, ഈ പ്രശ്നം. ഇപ്പോഴത്തെ പോലെ വരരുത്. കിട്ടേണ്ടത് കിട്ടുമ്പോള്‍ ചിരിയോടെ മടങ്ങുന്ന നാട്ടുനടപ്പ് ഇത്തിരി മാറ്റിവെക്കേണ്ടി വരും.

 

 

കണ്ണൊന്നു തുറക്കണം, സര്‍ക്കാരേ
കോഴിക്കോട്ടെ പ്രശസ്തമായ മിഠായിത്തെരുവിലെ അസംഘടിത സ്ത്രീത്തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും ഇതൊക്കെയാണ്. പുരുഷനേക്കാള്‍ കുറവാണ് അവരുടെ വേതനം. എന്നാല്‍ അദ്ധ്വാനത്തിനൊട്ടും കുറവുമില്ല. തുല്യ വേതനവും തൊഴില്‍ സുരക്ഷയുമാണ് ഈ പെണ്‍കുട്ടികളുടെ ഏറ്റവും വലിയ ആവശ്യങ്ങള്‍. 70 ശതമാനം കടകളും രജിസ്റ്റേഡ് അല്ല; അതിനാല്‍ തൊഴിലാളികളും. ഇതിനാല്‍, നേരത്തെ പറഞ്ഞ ക്ഷേമനിധിക്കൊന്നും ഈ പാവങ്ങളുടെ കണ്ണീരു കാണാനാവുന്നില്ല. എന്നാല്‍, ജെന്‍ഡര്‍ ഫെസ്റ്റ് നടത്താന്‍ മാത്രം രാഷ്ട്രീയ ബോധമുള്ള ഒരു സര്‍ക്കാറും മന്ത്രിമാരുമൊക്കെ വിചാരിച്ചാല്‍ ഇതൊന്നും അത്ര വിഷമമേയല്ല.

ഇങ്ങനെ നാടുമുഴുവനും പ്രശ്നങ്ങളാണ്. അതില്‍ സ്ത്രീകളുടെ ജീവിതം ദിനംപ്രതി ദുരിതപൂര്‍വ്വവും, അനിശ്ചിതവുമാവുന്നു. പുര ഇങ്ങനെയൊക്കെ കത്തിക്കൊണ്ടിരിക്കേ എങ്ങിനെയാണ് വാഴ വെട്ടാന്‍ തോന്നുന്നത് എന്നതാണ് എന്റെ മനസ്സിനെ അലട്ടുന്നത്.

ഒരഞ്ചുമിനിറ്റിലധികം ഒരിടത്തു പുരുഷന്റെ ശല്യമില്ലാതെ തനിയെ നില്‍ക്കാന്‍ കഴിയുക, സഹോദരന്റേയോ, കൂട്ടുകാരന്റെയോ കൂടെ നടക്കുമ്പോള്‍ ചൂഴ്ന്ന് തിന്നാതിരിക്കുക, മാന്യമായി തൊഴിലെടുക്കുന്നതിനുള്ള അര്‍ഹമായ വേതനവും ആരോഗ്യപരമായ തൊഴില്‍ സാഹചര്യങ്ങളും യാത്രസൌകര്യങ്ങളും, താമസസൌകര്യങ്ങളും ഒരുക്കുക എന്നതൊക്കെയാണ് സ്ത്രീകളുടെ ആവശ്യം. ഈ ആവശ്യങ്ങളൊക്കെ ഇങ്ങനെ കടലാസില്‍ ഉരുട്ടി ഉരുട്ടി എഴുതിക്കൊണ്ടിരിക്കാന്‍ മാത്രമാണ് ജെന്‍ഡര്‍ ഫെസ്റുകള്‍ എങ്കില്‍ ആ കല്ല്യാണപുരയിലേക്ക് ഞങ്ങള്‍ ഇല്ല, സര്‍.

ഊഷ്മളമായ അഭിവാദ്യങ്ങള്‍

സരിത

25 thoughts on “സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താഘോഷം സാറെ?

 1. മുനീറിനെപ്പോലെ മാന്യനായ ഒരു മന്ത്രി കസേരയില്‍ ഇരിക്കുന്നിടത്തോളം ഇതത്ര ബുദ്ധിമുട്ടുണ്ടാവില്ല. പ്രധാന നഗരങ്ങളിലെല്ലാം സ്ത്രീകള്‍ക്കായി പ്രത്യേക മൂത്രപ്പുരകള്‍ സ്ഥാപിക്കാന്‍ സാമൂഹിക ക്ഷേമ വകുപ്പിന് കഴിയും.
  അതിനുള്ള ശ്രമങ്ങളാണ് മന്ത്രിയില്‍നിന്നും സര്‍ക്കാറില്‍നിന്നും പ്രതീക്ഷിക്കുന്നത്. ഈ ജെന്‍ഡര്‍ ഫെസ്റ്റ് അതിനുള്ള നിമിത്തമാവട്ടെ.

  സരിതക്ക് അഭിനന്ദനങ്ങള്‍!

 2. മിഠായിത്തെരുവിലെ സെയില്‍സ്ഗേള്‍സിന് മൂത്രമൊഴിക്കാന്‍ സൗകര്യമില്ളെന്ന്് പറഞ്ഞപ്പോള്‍ വീട്ടില്‍ നിന്ന് വരുമ്പോള്‍ ഒഴിച്ച് വന്നാല്‍ മതി എന്നാണ് മഹാനായ വ്യാപാരി വ്യവസായി നേതാവ് പറഞ്ഞത്. ആണുങ്ങള്‍ക്കും സ്വസ്ഥമായി മൂത്രമൊഴിക്കാന്‍ കോഴിക്കോട് വല്യസൗകര്യങ്ങളൊന്നും ഇല്ല. പിന്നെ, ഇതൊന്നും മന്ത്രി മുനീറിനോട് മാത്രം പറഞ്ഞാല്‍ പോര. 80 ശതമാനം പെണ്‍കുട്ടികള്‍ പഠിച്ച കോളജില്‍ പ്രിന്‍സിപ്പലായിരുന്ന മേയര്‍ അമ്മയും ഇക്കാര്യത്തില്‍ പ്രതിയാണ്.

 3. Feel good to start the day by reading this piece.I think it is high time to put aside ‘the inconvenience’ you mentioned and make the ‘public’ the toilet collectively as a means of protest (not easy though)couple of years back,Penkoot had such a serious thinking on urinating in public .I think we all should support such an initiative

 4. യഥാര്‍ത്ഥ സ്ത്രീ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിച്ച് ആഘോഷങ്ങളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുകന്ന പുതിയ പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കു വേണ്ടിയാണ്? സ്ത്രീയ്ക്ക് സ്ത്രീയായി തന്നെ ജീവിക്കാനുള്ള സൌകര്യങ്ങളാനു ചെയ്തു കൊടുക്കേണ്ടത് . സരിതാ, നന്ദി, അഭിനന്ദനങ്ങള്‍ ..

 5. തന്‍റേടക്കാരുടെ തന്റേടവും, മാധ്യമങ്ങളുടെ തന്റേടമില്ലായ്മയും…

  ഇക്കഴിഞ്ഞ വനിതാ ദിനത്തോടനുബന്ധിച്ച്, മാര്ച്ച് 6,7,8 തിയ്യതികളില്‍, പുനര്‍ജനി എന്ന ഒരു വനിതാ അഭിഭാഷക സംഘടനയുടെ നേതൃത്വത്തില്‍ “പുനര്‍ജനി ഫെസ്റ്റ് 2012” എന്ന പേരില്‍ ഒരു ചെറിയ വലിയ പരിപാടി കോഴിക്കോട് നഗരത്തില്‍ നടന്നിരുന്നു. കോഴിക്കോട് പോലീസ് ക്ലബ് ഹാള്‍ ആയിരുന്നു വേദി. ഉല്‍ഘാടനം ബഹു.ജില്ലാ ജഡ്ജ് ഉബൈദ്. പങ്കെടുത്ത മറ്റ് പ്രമുഘര്‍ കമ്മീഷണര്‍ സ്പ്ര്‍ജന്‍ കുമാര്‍, തിരക്കഥാകൃത്ത് ടി.എ.റസാക്, ബെസ്റ്റ് വുമണ്‍ ഓഫ് ദ യേര്‍ 2011 ആയ ഷീബ അമീര്‍ തുടങ്ങിയവര്‍. പങ്കെടുക്കാം എന്നു ഉറപ്പ് പറഞ്ഞു വരാതിരുന്നവര്‍ വനിതകളായ കോഴിക്കോട് മേയറും, ദീദി ദാമോദരനും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വിവിധങ്ങളായ സേവനങ്ങള്‍ നല്കുന്ന, അവരെ സ്വയം പര്യാപ്തയിലേക്ക് നയിക്കുന്ന ചെറിയ ചെറിയ കൂട്ടായ്മകളും,സൌജന്യ സേവന ദാതാക്കളും അവരുടെ സേവനത്തെ കുറിച്ച് സാദാരണക്കാര്‍ക്ക് അറിവ് നല്കാനും, അവശവിഭാഗങ്ങള്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ഒക്കെ ആയിരുന്നു പരിപാടികള്‍.

  പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാല്‍, ഈ പരിപാടിയുടെ നോട്ടീസും ക്ഷണക്കതും പ്രെസ്സ് ക്ലബ്ബില്‍ ഓരോ മാധ്യമങ്ങള്ക്കും വേണ്ടിയുള്ള പ്രെസ്സ് റിലീസ് പെട്ടിയില്‍ നിക്ഷേപിക്കുകയും, അറിയാവുന്ന പ്രമുഖരായ പത്രപ്രവര്‍ത്തക ശിന്‍കങ്ങളെ ഫോണിലൂടെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. പല പ്രമുഖരും പറഞ്ഞത് ഇതിന് വലിയ ന്യൂസ് വാല്യൂ ഇല്ല എന്നായിരുന്നു. എന്നിരുന്നാലും മനോരമ, കെ.സി.വി, മാധ്യമം തുടങ്ങിയ പത്രങ്ങളുടെ റിപ്പോര്‍ടര്‍മാര്‍ അവിടെ വന്നു. 6നു വൈകുന്നേരം വീണ്ടും ഉല്‍ഘാടന പരിപാടിയുടെ പ്രെസ്സ് റിലീസ് നാല്‍കാനായി പ്രെസ്സ് ക്ലബ്ബില്‍ പോയ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്ന ഏതാനും പത്ര പ്രവര്‍ത്തകരോട് കാര്യമായ വാര്‍ത്ത നാല്‍കാത്തതിനാല്‍ സംന്‍കടം പറഞ്ഞതിന്റെ പേരില്‍, അവര്‍ പിറ്റേ ദിവസം ഉല്‍ഘാടനത്തിന്റെ ഫോടോ സഹിതം വാര്‍ത്ത കൊടുത്തു. പിന്നീട് അവിടം സന്ദര്‍ശിച്ച പല മാധ്യമ പ്രവര്‍ത്തകരും, അവിടെ ഉണ്ടായിരുന്ന പല സേവന ദാതാക്കളെയും കുറിച്ച് ആദ്യമായിട്ട് കേള്‍ക്കുന്നവരും കാണുന്നവരും ആണെന്നും, നിങ്ങളുടെ പരിപാടി വളരെ നല്ലതും ഗംഭീരവും ആണെന്നുമൊക്കെ ഞങ്ങളെ പുകഴ്ത്തുകയും ചെയ്തു. ഞങ്ങളുടെ ഭാഗത്ത് നിന്നു കാര്യമായ മാര്‍കെറ്റിങ് ഇല്ലാത്തത് ആണത്രെ വേണ്ട രീതിയില്‍ വാര്‍ത്ത വരാതിരിക്കാന്‍ കാരണം. അപ്പോഴും തന്‍റേടം പരിപാടികളുടെ പരസ്യം അവര്‍ നിര്‍ലോഭം നല്കുന്നുണ്ടായിരുന്നു.

  7ആം തിയ്യതി രാവിലെ പോലീസ് ക്ലബ്ബില്‍ എത്തിയ ഞങ്ങളെ വരവേറ്റത് ഗേറ്റിന് മുന്‍പിലുള്ള വലിയ ഒരു കമാനം ആണ്. തന്റേടം വക വോളീബാള് നടക്കുന്നതിന്റെ. പരിപാടി നടക്കുന്നതോ 9ആം തിയ്യതിയും. ഞങ്ങളുടെ കൊച്ചു ബാണര്‍ മറച്ചു കൊണ്ടാണ് അവര്‍ വലിയ ഒരു കമാനം തീര്‍തിരിക്കുന്നത്. ഞങ്ങളുടെ പരിപാടി 8ആം തിയ്യതി വരെ ഉണ്ട്. അതിനു വേണ്ടി പോലീസ് ക്ലബ്ബ് ഹാള്‍ ബുക്ക് ചെയ്തതും ആണ്. ഉടനെ പോലീസ് കമ്മീഷണരെയും, മറ്റ് പോലീസ് അധികാരികളെയും, ക്ലബ്ബിന്റെ ഭാരവാഹികളായവരെയും ഞങ്ങള്‍ വിവരം അറിയിച്ചു, വാക്കാല്‍ പരാതി നല്കുകയും ചെയ്തു. തന്‍റേടത്തിന്റെ ഭാരവാഹികളെയും വിളിച്ചു. കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരെയും, ഇതെങ്കിലും അവര്ക്കു ന്യൂസ് വാല്യൂ ഉണ്ടോ എന്നറിയാന്‍. അവിടെയും അവര്‍ വന്നില്ല. പക്ഷേ പോലീസിന്റെ സമ്മര്‍ദ ഫലമായി തന്‍റേടക്കാര്‍ ഒരു കാര്യം ചെയ്തു, ഞങ്ങളുടെ കൊച്ചു ബാണര്‍ അഴിച്ചു അവരുടെ കമാനത്തിന്റെ മുന്പില്‍ കെട്ടിത്തന്നു. അന്ന് അവിടെ എത്തിയ ഒന്നു രണ്ടു മാധ്യമ പ്രവര്‍ത്തകര്‍ ഞങ്ങളോടു പറഞ്ഞത്, ഇത് വാര്‍ത്തയാണ്, പക്ഷേ തന്‍റേടം പരസ്യത്തിന് വേണ്ടി മാത്രം 25 ലക്ഷം രൂപ വകമാറ്റിയിട്ടുണ്ട് അതിനാല്‍ അവര്‍ക്കെതിരെ വാര്‍ത്ത നാല്‍കാനാവില്ല..

  ഇങ്ങിനെ തന്‍റേടം കാട്ടുന്ന തണ്ടെടികള്‍ക്ക് മുന്പില്‍ മാധ്യമ പ്രവര്‍ത്തകര്‍ വളഞ്ഞത് നേരില്‍ കാണാന്‍ പറ്റിയതിന്റെ ചാരിതാര്‍ത്യത്തോടെ തന്നെ ഞങ്ങളുടെ കൊച്ചു പരിപാടി സാധാരണക്കാരായ സ്ത്രീകളുടെ, വനിതാ ഔറ്റോറിക്ഷക്കാര്‍, കൂലിവേലക്കാര്‍ എന്നവരുടെ പരിമിതമായ പങ്കാളിത്തത്തോടെ വിജയിച്ചു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. ഉല്‍ഘാടന പ്രസംഗത്തില്‍ ബഹു ജഡ്ജ് പറഞ്ഞത് പോലെ, “അമ്പതില്‍ പരം ആള്‍ക്കാര്‍ ഇവിടെ സന്നിഹിതരായത് തന്നെ ഈ പരിപാടിയുടെ വിജയം ആണ്. കാരണം ഇത്തരം സാമൂഹ്യ പരിപാടികള്‍ക്ക് ആള്‍ക്കാര്‍ കൂടുന്നത് എപ്പോഴും കുറവായിരിക്കും. പ്രതേകിച്ച് നിയമ ബോധവല്‍കരണ പരിപാടികളും സേവനങ്ങളും ആണെങ്കില്‍..എന്നാല്‍ എല്ലാവര്ക്കും വേണ്ട ഒന്നാണ് നിയമത്തിലുള്ള അറിവ്….”

 6. കേരളത്തിലെ ഏറ്റവും നാണം കെട്ട പെണ്‍വാണിഭ കേസിലെ നായകനായ നേതാവ് മന്ത്രി സഭയില്‍ രണ്ടാമനായി വാഴുമ്പോള്‍ മുനീറിന് ചെയ്യാനാവുന്നത് ”ശാക്തീകരണ” സെമിനാരുകല്ലാതെ വേറെന്താണ്.

 7. പെണ്ണ് വഴിയില്‍ പരസ്യമായി മൂത്രിച്ചാല്‍ ഇനിഒരു ലോക മഹായുദ്ധം സഭവിക്കുമോ.. ഇല്ല അങ്ങനെ ആരും പറഞ്ഞില്ലാ. പിന്നെ ഉലക്ക കാണുന്ന ലാഘവത്തിലല്ലല്ലോ താമരപ്പൂവിനെ ജനം കാണുന്നത്. അതിനാല്‍ അല്‍പ്പം അടക്കവും ഒതുക്കവും നല്ലതല്ലേ..കുട്ടീ…

  • ഭാരതി രാഘവന്‍ ചേട്ടാ… ചേട്ടന്റെ ആനന്ദം കണ്ടെത്താനുള്ള കമന്റു വഴികള്‍…. ഉസാാാാറായിട്ടുണ്ട്.

 8. മനോഹരം..ചിത്ന്ഹിപ്പിക്കുന്നത് ..പ്രസക്ത്തം..കാലികം. എത്ര തൊള്ള തുറന്നിട്ടും കാര്യവുമില്ല ..
  അസ്ന്ഘടിത മേഖലയില്‍ ഒക്കെ സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞാല്‍ തീരില്ല..
  രാത്രിയില്‍ തനിയെ ബസില്‍ വീട്ടിലേക്കു മടങ്ങുമ്പോള്‍ ഈ പെണ്‍ കുട്ടികള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ ഭയം.

  എഴുതിയത് വളരെ വളരെ നന്നായി

 9. Good writing & good go , you have put a serious issue in simple words – congratulation saritha – please dare to put more such issues and if possible can we citizens do something for this , let us think together

 10. അഭിനന്ദനങ്ങള്‍ സരിത Kവേണു ……സരിത ഉന്നയിച്ച വളരെ പ്രസക്തമായ വിഷയങ്ങള്‍ ആണ് അവയെ ഒരു “സ്ത്രീ” വര്‍ഗ്ഗത്തിന്റെ പ്രശ്നമാക്കി കാണാതെ നമ്മുടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മൊത്തം പ്രശ്നങ്ങളില്‍ ഒന്നായി ഉയര്തുകയല്ലേ വേണ്ടത്….സമൂഹത്തിന്റെ ഉയര്‍ന്ന ശ്രേണിയിലുള്ള പുരുഷനും സ്ത്രീക്കും ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ ഒന്നും ബാധകമല്ല …..കൂലി വേല ചെയ്യുന്ന ഒരു സ്ത്രീ തൊഴിലാളിയുടെ പരാധീനതകള്‍ മനസ്സിലാക്കാന്‍ എത്ര “സ്ത്രീ വിമോചന കൊച്ചമ്മമാര്‍”” ആത്മാര്‍ഥമായി ഇന്നുവരെയിറങ്ങിയിട്ടുണ്ട് ???

 11. സ്ത്രീകളുടെ ഈ ചിരത്കാല സ്വപ്‌നങ്ങള്‍ ഏന്നെങ്കിലും പൂവണിഞ്ഞാല്‍ അത് എത്രത്തോളം സുരക്ഷിതംയിരിക്കുമെന്നു ആര്‍ക്കെങ്കിലും ഉറപ്പു പറയാന്‍ പറ്റുമോ ???അതും ഒളിക്യമാരകളുടെ ഈ കാലത്ത് ………. ..

 12. moothram ozhikkan kozhikkodu mathramalla sthalamillathathu, keralathil motham undu. vellimadukunnil moothrappura kettiyal sanka theerilla, keralam motham kettendi varum moothrappura pennungalude sanka theeran..
  nalla udyamangale itharam cheap head line kondu tharayakkalle..

 13. ഷോപ്പിംഗ്‌ മാള്‍ നിര്‍മിക്കുമ്പോള്‍ തന്നെ അതില്‍ ജോലി ചെയ്യുന്നവര്‍ക്ക് മതിയായ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഉള്ള സൌകര്യങ്ങള്‍ കൂടി ഉള്പെടുതുവാന്‍ നിര്‍മാണ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ക്കാശം ആക്കണം…മാര്‍കെറ്റ് ല് ഒരു ചെറിയ കട നടത്തുന്ന വ്യപാരിക്ക് അവിടെ ജോലിക്ക് നില്‍ക്കുന്ന ജോലിക്കാരിക്ക് ടോയിലേറ്റ് സൌകര്യം ഏര്‍പ്പടുത്തി കൊടുക്കുവാന്‍ കഴിയുമോ …ഇല്ല..പുരുഷന്‍ നു മൂത്രം ഒഴിക്കാന്‍ ഒരു ചെറിയ മറ മതി…അത് പോലും ഇല്ലാതെയും പലരും കാര്യം സാധിക്കും..എന്നാല്‍ അങ്ങനെ നമ്മുടെ പെണ്ണുങ്ങള്‍ക്ക്‌ പറ്റില്ല..അസംഘിടിത മേഖലയില്‍ ധാരാളം തിന്മകള്‍ ഉണ്ട്..

 14. സരിത, നന്നായിരിക്കുന്നു. സത്യത്തില്‍ ഞാനിതിപ്പോഴാനു കണ്ടത്. ജെന്ടെര്‍ ഫെസ്റ്റ് എന്താണെന്ന് ശെരിക്കും അങ്ങോട്ട്‌ പിടി കിട്ടിയിരുന്നില്ല്ലയിരുന്നു. ഇപ്പോള്‍ ഏതാണ്ട് ബോധ്യമായി. പുര ഇങ്ങനെയൊക്കെ കത്തിക്കൊണ്ടിരിക്കേ എങ്ങിനെയാണ് വാഴ വെട്ടാന്‍ തോന്നുന്നത് – അതാണ്‌ നമ്മുടെ പ്രബുദ്ധ രാഷ്ട്രീയം ..!

 15. ഇതൊരു വലിയ പ്രശ്നം തന്നെയാണ്. പൊതു നിരത്തില്‍ മൂത്രമൊഴിച്ചു സമരം നടത്താന്‍ കുറച്ചു തൊലിക്കട്ടി ആവശ്യമാണ്. മാന്യമായി നടക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ട്. പൊതു നിരത്തില്‍ മൂത്രം ഒഴിക്കാന്‍ മനസ്സുറക്കാത്ത ഒരു പാട് പുരുഷന്മാരും ഉണ്ട്. ഒന്ന് മൂത്രമൊഴിക്കാനാവാതെ മണിക്കൂറുകളോളം കഷ്ടപ്പെട്ട സന്ദര്‍ഭങ്ങള്‍ എന്‍റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. പൊതു നിരത്തില്‍ മൂത്രമൊഴിച്ചു തുടങ്ങിയാല്‍ ലജ്ജയുടെ അവസാന കണ്ണിയും പൊട്ടും എന്നാണു എനിക്ക് തോന്നുന്നത്. പകരം മറ്റെന്തെങ്കിലും മാര്‍ഗങ്ങള്‍ കണ്ടു പിടിക്കാം. ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന തമിഴ്നാട്ടില്‍ സ്ത്രീകള്‍ പൊതു സ്ഥലത്ത് ഒന്ന് മാത്രമല്ല, രണ്ടും നടത്താറുണ്ട്. ഞാന്‍ ഇവിടെ പഠിക്കാന്‍ വന്ന ആദ്യ വാരം തന്നെ, ഹോസ്റ്റല്‍ ജനാലയിലൂടെ ഇങ്ങനെ ഒരു കാഴ്ച കണികണ്ട് ഉണരാന്‍ അവസരം ഉണ്ടായി എന്നത് ഒരു വല്ലാത്ത ജാള്യതയോടെ ഞാന്‍ ഓര്‍ക്കുന്നു. പൊതു സ്ഥലത്ത്‌ ഒന്നും രണ്ടും നടത്തുന്നത് മാന്യമായ രീതി അല്ല, ആണായാലും പെണ്ണായാലും. തീര്‍ച്ചയായും പൊതു കക്കൂസുകള്‍ നഗരങ്ങളില്‍ ധാരാളമായി സ്ഥാപിക്കണം. ഇതിനു ആവശ്യമായ സമര പരിപാടികള്‍ നടത്താവുന്നതാണ്. നഗരസഭാ ആസ്ഥാന മന്ദിരത്തിലേക്ക് ഒരു പ്രകടനം നടത്തി അവിടെ സകല കക്കൂസുകളിലും കയറി മൂത്രമോഴിക്കൂ. പെട്ടെന്ന് തന്നെ ഒരു പരിഹാരം ഉണ്ടാകും.

 16. “പെണ്ണ് വഴിയില്‍ പരസ്യമായി മൂത്രിച്ചാല്‍ ഇനിഒരു ലോക മഹായുദ്ധം സഭവിക്കുമോ.. ഇല്ല അങ്ങനെ ആരും പറഞ്ഞില്ലാ. പിന്നെ ഉലക്ക കാണുന്ന ലാഘവത്തിലല്ലല്ലോ താമരപ്പൂവിനെ ജനം കാണുന്നത്. അതിനാല്‍ അല്‍പ്പം അടക്കവും ഒതുക്കവും നല്ലതല്ലേ..കുട്ടീ…” —- ഭാരതി രാഘവന്‍

  ഈ ചേട്ടനെപ്പോലെയുള്ള ‘സ്നേഹസ്വരൂപന്മാര്‍’ നാട്ടില്‍ ധാരാളമുള്ളതിനാല്‍ നമ്മള്‍ അങ്ങ് മാന്യമായി ജീവിച്ചു പോകുന്നു. മൂത്രപ്പുര പണിഞ്ഞിട്ടു അതിന്റെ താക്കോല്‍ ഇത്തരക്കാരെ ഏല്‍പ്പിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്!

 17. ……………… “പെണ്ണ് വഴിയില്‍ പരസ്യമായി മൂത്രിച്ചാല്‍ ഇനിഒരു ലോക മഹായുദ്ധം സഭവിക്കുമോ.. ഇല്ല അങ്ങനെ ആരും പറഞ്ഞില്ലാ. പിന്നെ ഉലക്ക കാണുന്ന ലാഘവത്തിലല്ലല്ലോ താമരപ്പൂവിനെ ജനം കാണുന്നത്. അതിനാല്‍ അല്‍പ്പം അടക്കവും ഒതുക്കവും നല്ലതല്ലേ..കുട്ടീ…” —- ഭാരതി രാഘവന്‍

  ഈ ചേട്ടനെപ്പോലെയുള്ള ‘സ്നേഹസ്വരൂപന്മാര്‍’ നാട്ടില്‍ ധാരാളമുള്ളതിനാല്‍ നമ്മള്‍ അങ്ങ് മാന്യമായി ജീവിച്ചു പോകുന്നു. മൂത്രപ്പുര പണിഞ്ഞിട്ടു അതിന്റെ താക്കോല്‍ ഇത്തരക്കാരെ ഏല്‍പ്പിക്കുന്ന കാര്യവും ആലോചിക്കാവുന്നതാണ്!

Leave a Reply

Your email address will not be published. Required fields are marked *