കാസ്രോട്ടെ മംങ്ങലാശംസ: ഒരു ധൂര്‍ത്തവിചാരം

ഇടത്തരം ഗള്‍ഫ് മലയാളിയുടെ വിവാഹത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ഫുള്‍പേജ് വിവാഹ പത്രപരസ്യത്തിലെ കാച്ച് വേര്‍ഡുകളാണിവ. മൊബൈലിലും ഈ ഇനത്തില്‍ പ്രചാരമുണ്ടാകും. പരസ്യകലയെ വെല്ലുന്ന ഈ ‘ഭാഷചാരുത’ ഒരു മത്സരമാണ്. ഏറ്റവും നീളം കൂടിയ ‘വാചകമടിക്കുന്ന’ ‘പുയ്യാപ്ള’ക്ക് കാസര്‍കോട്ടെ ഗള്‍ഫ് സമൂഹത്തിലെ കല്യാണകച്ചേരിയില്‍ ‘പൗറ്’ ഒന്ന് വേറെ തന്നെയാണ്. ‘ഓന്റെ മംങ്ങലത്തിന് എന്ത് എൗത്ത്റാ എൗതീന്..ജോറെന്നെ. ഇത് ആരിക്കും എൗതാന്‍ കയീലാ-കാസര്‍ഗോട്ടെ കല്യാണ വിശേഷങ്ങളെക്കുറിച്ച് രവീന്ദ്രന്‍ രാവണേശ്വരം എഴുതുന്നു

 

 

‘നട്ടുച്ചയുടെ ചൂടറിയാതെ പാതിരാത്രിയുടെ ഇരുട്ടറിയാതെ മൂളിപാട്ടും പാടി കദളിപൂവില്‍ നിന്നും തേന്‍നുകരുന്ന വണ്ടിനെ പോലെ മനസിന്റെ മണിച്ചെപ്പിനകത്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന സ്വര്‍ണ കൊട്ടാരത്തിന്റെ മണിവാതില്‍ തുറന്ന് മുത്തുകളും പാട്ടുകളും കൊണ്ട് നിര്‍മ്മിച്ച മണിമത്തെയില്‍ നറുമണമൊഴുകുന്ന പാതിരാമുല്ലയും വിതറി ആകാശലോകത്ത് നിന്നും പറന്ന് വന്ന മാലാഖയെ പോലെ സജിത തിളങ്ങുമ്പോള്‍ പ്രിയപ്പെട്ട പുതിയാപ്ള‘അജിനും പുതിനാട്ടി ‘സച്ചുവിനും ഒരായിരം മംഗളാശംസകളോടെ അങ്ങകലെ ദുബായില്‍ നിന്നും നിന്റെ പ്രിയപ്പെട്ട കൂട്ടുകാര്‍’

ഇത് കാസര്‍കോട്ടെ കല്യാണ സാഹിത്യം. ഒരു പക്ഷെ മലയാള സാഹിത്യം ഇന്നേവരെ അച്ചടിച്ചിട്ടില്ലാത്ത ഏറ്റവും നീളം കൂടിയ വാചകം.

മൊബൈല്‍ നാടകം
മൊയ്തു: അല്ല ഇതാര് അച്ചുടുവോ…ഫുള്‍ഫംകിയാണല്ളോ.. വെള്ള വസ്ത്രങ്ങള്‍ അണിഞ്ഞ്…എങ്ങോട്ടാ കുറെ ആള്‍ക്കാരുമായിട്ട്?
അച്ചു: ഹോ..മൊയ്തൂഞ്ഞി… എന്തോ ചെയ്യാനാ മോനെ, പെര്‍ളവരെ പോണം മോനെ ഞമ്മന്റെ സച്ചൂനെ ഒന്നു നിക്കാഹ് കഴിക്കാന്‍
മൊയ്തു: ഹാ…ഹാ.. അപ്പോ അച്ചടൂന് കോളടിച്ചല്ളോ, ഇനി കുറെ നാളത്തേക്ക് നിന്നെ പൊരേന്റെ പൊറത്ത് കാണൂലല്ലോ ….

രണ്ടു സാഹിത്യ രൂപങ്ങളും കാസര്‍കോട്ടെ ഒരേ കല്യാണത്തിന്റെ രണ്ട് സാഹിത്യ രൂപങ്ങളാണ്. ഇടത്തരം ഗള്‍ഫ് മലയാളിയുടെ വിവാഹത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ഫുള്‍പേജ് വിവാഹ പത്രപരസ്യത്തിലെ കാച്ച് വേര്‍ഡുകളാണിവ. മൊബൈലിലും ഈ ഇനത്തില്‍ പ്രചാരമുണ്ടാകും. പരസ്യകലയെ വെല്ലുന്ന ഈ ‘ഭാഷചാരുത’ ഒരു മത്സരമാണ്. ഏറ്റവും നീളം കൂടിയ ‘വാചകമടിക്കുന്ന’ ‘പുയ്യാപ്ള’ക്ക് കാസര്‍കോട്ടെ ഗള്‍ഫ് സമൂഹത്തിലെ കല്യാണകച്ചേരിയില്‍ ‘പൗറ്’ ഒന്ന് വേറെ തന്നെയാണ്. ‘ഓന്റെ മംങ്ങലത്തിന് എന്ത് എൗത്ത്റാ എൗതീന്..ജോറെന്നെ. ഇത് ആരിക്കും എൗതാന്‍ കയീലാ.’

 

 

മംങ്ങല പത്രങ്ങള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് കല്യാണത്തിന് മംഗളപത്രം നല്‍കുന്ന രീതിയുണ്ടായിരുന്നു ഇവിടെ. കാച്ചിക്കുറുക്കിയ ചുരുക്കം പദങ്ങള്‍ അതിലുണ്ടാകും. ഇത് തയ്യാറാക്കാന്‍ മാപ്പിള പാട്ട് കവി ടി. ഉബൈദിന്റെ വരെ സഹായമാണ് പ്രമുഖരെല്ലാരും തേടാറുള്ളത്. ഉബൈദിന് ശേഷം മംഗളപത്രങ്ങള്‍ ഇല്ലാതായി. പകരം വന്നത് മംങ്ങല പത്രങ്ങള്‍. അതായത് പത്രങ്ങളിലെ കല്യാണങ്ങള്‍ എന്നര്‍ഥം. ഈ മംഗളപത്രത്തിന്റെ പുതിയ രൂപങ്ങളാണ് പത്രങ്ങളിലൂടെ പ്രചരിക്കുന്ന മങ്ങല സാഹിത്യങ്ങള്‍ എന്ന് പറയാം. വെള്ളിയാഴ്ചകളിലെ ഗള്‍ഫ് ദിനങ്ങളില്‍ ‘ചങ്ങായിമാര്‍’ മത്സരിച്ച് തയ്യാറാക്കി അയക്കുന്ന ‘സാഹിത്യബാശ’യും മൊബൈലില്‍ റെക്കോര്‍ഡ് ചെയ്യുന്ന ബര്‍ത്താനങ്ങളും നൂലില്‍ കോര്‍ക്കുന്നതിന് നിലവിലെ പത്രഭാഷാവൈഭവം മതിയാകില്ല.

ഒരു വാക്ക് പോലും കുറക്കരുതെന്ന് കണിശമായി നിര്‍ദേശത്തില്‍ വരുന്ന ‘ഇ മെയില്‍ പി.ഡി.എഫ്’ സൃഷ്ടികളില്‍ വാക്കുകള്‍ എത്രവേണമെങ്കിലും കൂട്ടിച്ചേര്‍ക്കാം. ഉപയോഗിച്ച വാക്കുകള്‍ മാറ്റി പ്രതിഷ്ഠിക്കാന്‍ ഇപ്പോള്‍ ലഭ്യമായ ഏറ്റവും വലിയ വഴി പുതിയ പാട്ട് സി.ഡി.കളും ആല്‍ബങ്ങളുമാണ്. രണ്ട് കോളം പത്ത് സെ.മീ. പരസ്യം നല്‍കി പോന്നിരുന്ന പരസ്യം ഇപ്പോള്‍ മംങ്ങല സാഹിത്യം നീട്ടി വലിച്ച് രണ്ട് പേജ് വരെ എത്തി നില്‍കുന്നു. ജില്ലാബാങ്ക് ഉദ്ഘാടന സപ്ളമെന്‍റിന് പ്രാഥമിക സഹകരണ സംഘങ്ങള്‍ പരസ്യം നല്‍കുന്നതുപോലെ. ഒരു ഫുള്‍ പേജ് വിവാഹ പരസ്യം പ്രഭാത പത്രത്തിന്റെ സ്പേസ് മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് എത്തിയത് കാസര്‍കോട്ട് നിന്നായിരുന്നു. അത് കണ്ട് ഞെട്ടിയ പത്ര മാനേജ്മെന്‍റ് പരസ്യം പ്രസിദ്ധപ്പെടുത്താന്‍ ഒരുദിവസം കാത്തിരിന്നു.

ഫ്ളക്സ് ബോര്‍ഡുകള്‍
ഇനി ഫ്ളക്സ് ബോര്‍ഡാണ്. പാര്‍ട്ടി കോണ്‍ഗ്രസിന് സി.പി.എമ്മുകാര്‍ പോലും സ്ഥാപിക്കാത്ത വിധത്തിലുള്ള പരസ്യ ബോര്‍ഡുകളാണ് മറ്റൊരു ഇനം. രണ്ട്`മൂന്ന് മീറ്റര്‍ നീളവും അതേപോലെ വീതിയുമുള്ള കൂറ്റന്‍ ബോര്‍ഡുകള്‍ വീടിനടുത്തും കവലയിലും സ്ഥാപിക്കും. അതിന്റെ കാച്ച്വാക്ക് ഇങ്ങനെയൊക്കെയായിരിക്കും ‘ബാബുഞ്ഞാട്ടന്റെ മംങ്ങലം. ഞാങ്ങോ ചങ്ങായിമാര്‍ നിങ്ങൊല്ലം ബെരണം’ കല്യാണം ഇങ്ങനെ പൊതുസമൂഹത്തെ അറിയിക്കുന്ന വിവാഹം അവര്‍ സഹകരിക്കുന്നതുകൊണ്ടാണോ എന്നറിയില്ല, 1500 പേരെ വിളിക്കുന്ന കല്യാണത്തിന് മൂവായിരം പേരത്തെുന്നുവെന്നാണ് പറയുന്നത്. സെക്യൂരിറ്റിയെ വച്ച് പരിശോധിക്കാന്‍ ഏല്‍പിച്ച ഒരു കല്യാണത്തില്‍ നിന്നും ഒരിക്കല്‍ യഥാര്‍ഥ ബന്ധുക്കള്‍ ഇറങ്ങിപോയി.

 

 

ക്ഷണക്കത്തുകള്‍
ക്ഷണക്കത്തുകള്‍ വേറൊരു മത്സര ഇനം തന്നെയാണ്. ആരൊക്കെയാണ് കത്തുകള്‍ അച്ചടിക്കുന്നത് എന്ന് കല്യാണ വീട്ടുകാര്‍ക്ക് തന്നെയറിയില്ല. പത്രപ്രവര്‍ത്തകനായ റഹ്മാന്‍ തായലങ്ങാടിക്ക് ഒരു കല്യാണത്തിന്റെ എട്ട് കത്തുകള്‍ ലഭിച്ചുവത്രെ. സ്വന്തമായി സുഹൃദ്വലയങ്ങളുള്ളവരോടെല്ലാം സ്വന്തമായി കത്തടിച്ചോളാന്‍ പറയും. എല്ലാ ലിസ്ററിലുംപെടുന്നവര്‍ക്ക് കത്തുകള്‍ ധാരാളം ലഭിക്കും. ഇതിന് ജാതിമതഭേദമൊന്നൂമില്ല.‘പണം പോയി പൗറ് വരട്ടെ’ യെന്നാണ് കാസര്‍കോടന്‍ ചൊല്ല്.

ഡീജെ ഫ്രണ്ട്സ്
ഡീജെ ഫ്രണ്ട്സ് ഒരു മാരണം തന്നെയാണ്. ഇതുപോലെയൊരു അഫിലിയേറ്റഡ് സാമൂഹിക വിരുദ്ധ സംഘം ലോകത്തുണ്ടാകില്ല. കല്യാണ ദിവസം അറ കുളമാക്കുകയാണ് പരിപാടി. ലക്ഷങ്ങള്‍ ചെലവഴിച്ചായിരിക്കും അറ നിര്‍മ്മിച്ചിട്ടുണ്ടാവുക. പണം മുല്യനിര്‍ണയത്തിന്റെ അളവുകോലയാത് ഒരു നാണക്കേടാണ് എന്ന് കരുതുന്ന വിഭാഗമാണ് ഇവര്‍. ഒരു രൂപക്ക് ഇന്നത്തെ ഒരു രൂപയുടെ വലുപ്പത്തലുള്ള സ്വര്‍ണം തന്നെ മതിയായിരുന്നു വെന്നാണ് ഇവരുടെ നിവേദനം. മണവാളനും മണവാടിയും ആദ്യാരാത്രി പങ്കുവെക്കാന്‍ മണിയറയില്‍ കയറുന്നതിനു മുമ്പ് ഈ ചെകുത്താന്‍മാര്‍ അതില്‍ കയറും. അവിടെയുള്ള എല്ലാ അലങ്കാരങ്ങളും നശിപ്പിക്കും ഇന്ത്യന്‍ കറന്‍സി കത്തിച്ചുകളയുന്നതിനു തുല്യമാണിത്. രാത്രി വൈകും വരെ ചെകുത്താന്റെ പണിപ്പുരയാണ് മണിയറ. ഡീജെ എന്നാല്‍ donkey’s joy അഥവാ കഴുതകളുടെ വിളയാട്ടം എന്നാണര്‍ഥം. അക്രമോത്സുകമായ ധൂര്‍ത്താണിത്.

 

 

സിനിമാ താരങ്ങള്‍
ഒരു കല്യാണത്തിന്റെ വിശേഷം സിനിമാ താരത്തിന്റെ പന്തലിലേക്കുള്ള താരോദയമാണ്. അതൊരു ഗമ തന്നെയാണ്. ചെക്കന് സൂപ്പര്‍ സ്റ്റാറുകളുമായോ കൊള്ളാവുന്ന നടന്‍മാരുമായോ ബന്ധമുണ്ട് എന്ന് നാലാള്‍ അറിയുന്നത്. ‘ഗള്‍ഫില്‍ പരിപാടിക്ക് പോയപ്പോള്‍ പരിചയപ്പെട്ടതാണ്. പിന്നെ എപ്പോഴും വിളിക്കും’ ഒരു കല്യാണത്തിന് പയ്യന്റെ സുഹൃത്തായി വരാന്‍ താരം ആവശ്യപ്പെട്ടത് ചെലവുകള്‍ക്ക് പുറമെ ഒരു ലക്ഷം രൂപ. താരം തന്നെ സദ്യ വിളമ്പണം എന്നു കൂടി ആവശ്യപ്പെട്ടപ്പോള്‍ 50000 അധികം ചോദിച്ചത്രെ.

ജീവിതത്തിലിന്നേവരെ ഒരു സിനിമ കണ്ടിട്ടുപോലുമില്ലാത്ത ഈ കുടുംബനാഥന് മലയാള സിനിമയുടെ പ്രണാമം എന്നല്ലാതെ എന്ത് പറയാന്‍. മിനിമം മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചനിലെ ‘പച്ചക്കുളം വാസു’വെങ്കിലുമില്ലാതെ ‘എന്ത്റാ കാസ്രോട്ട് കല്യാണം. കാസര്‍കോട്ട് കല്യാണമായാല്‍ വീട്ടുകാര്‍ക്ക് മാത്രമല്ല ചെലവ്. സര്‍ക്കാറിനുമുണ്ട്. ഈയിടെ നടന്ന ഒരു കല്യാണത്തിന് ഒരു മന്ത്രി, കുടുംബനാഥന്‍ എത്തും മുമ്പേ കല്യാണവീട്ടിലത്തെി. തിരുവനന്തപുരത്ത് നിന്നും വിമാനമാര്‍ഗം മംഗലാപുരം ബജ്പെയില്‍ ഇറങ്ങി കാര്‍മാര്‍ഗം കാസര്‍കോട്ടത്തെി. തിരിച്ച് പോയി. കല്യാണമായാല്‍ ഒരു സപ്ളിമെന്‍റ് വേണം. സപ്ളിമെന്‍റില്‍ അഞ്ചാറ് സാഹിത്യം വേണം. പിന്നെ പെരുങ്കളിയാട്ടത്തിനെന്നപോലെ കുറെ ഫ്ളക്സ് ബോര്‍ഡ്. പത്ത് പതിനഞ്ച് തരം ക്ഷണകത്തുകള്‍, അയ്യായിരം പേര്‍ക്കിരിക്കാവുന്ന പരവതാനിയും സ്റ്റേജും ഗാനമേളയും റിയാലിറ്റിഷോയും സിനിമാതാരങ്ങളും ഒരു മന്ത്രിയും. പിന്നെ പണം. അത് എന്തിഷ്ടാ? ‘ബെരും പോഉം’ മംങ്ങലം അങ്ങനേല്ലല്ലോ ?

6 thoughts on “കാസ്രോട്ടെ മംങ്ങലാശംസ: ഒരു ധൂര്‍ത്തവിചാരം

  1. മുസ്ലിം സമുദായം ഇത്രയേറെ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട സ്ഥലം കേരളത്തില്‍ വേറെ ഉണ്ടാവില്ല. സമ്പന്നതയില്‍ മതിമറന്നു ജീവിതം ”അടിച്ചുപോളിക്കുന്ന” ഒരു ജനത. മതാധ്യാപനങ്ങളോട് അവര്‍ക്ക് ഒരു പ്രതിബധതയുമില്ല. ആകെയുള്ളത് സാമുദായികത എന്ന ഒരു വികാരം മാത്രം. എല്ലാ പെക്കൂത്തുകള്‍ക്കും സംരക്ഷണം നല്‍കാന്‍ സാമുദായിക രാഷ്ട്രീയകാരും അവരുടെ ഉപഗ്രഹ മത സംഘടനകളും. ഈ പരിതസ്ഥിതി നിലവിള്ളതുകൊണ്ടാണ് സമുദായത്തിലെ പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക്‌ ഇന്നും കാസര്‍കോട്ട് വേണ്ടത്ര വേരോട്ടം ലഭിക്കാത്തത്. കസര്‍ക്കൊടിന്റെ കാറ്റ് അല്പം കിട്ടിയിട്ടുള്ളത് സ്വാഭാവികമായും കണ്ണൂര്കാര്‍ക്കാന്. വലിയ വീട്, വിലയേറിയ വാഹനം, ചിലവേറിയ വിവാഹം-മറ്റു ആഘോഷങ്ങള്‍ – തീര്‍ന്നു അവരുടെ ജീവിതം.

  2. ഇതിനു മാറ്റം വരണം എങ്കില്‍ മത സമുദായ സംഘടനകള്‍ ഒത്തു ഒരുമിച്ചു പ്രവര്‍ത്തിക്കണം , എന്തിനു ഈ ധൂത്ത്…ഒരു നേരത്തെ നല്ല ആഹാരത്തിന് വഴി ഇല്ലാതെ എത്രയോ പേര്‍ …അപ്പോള്‍ ആണ് ഒരു കല്യാണത്തിന്റെ പേരും പറഞ്ഞു ഉള്ള വിക്രിതികള്‍

  3. നന്നാവില്ല എന്നു സ്വയം തീരുമാനിച്ചു കഴിഞ്ഞ ഒരു സമൂഹത്തോട് എത്ര ഉപദേശം ഓതിയിട്ടും കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *