ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല- കഴിഞ്ഞ മാസം 23ന് വിട പറഞ്ഞ പാരിസ്ഥിതിക ഗുരു ശിവപ്രസാദ് മാഷെക്കുറിച്ച് ഹരീഷ് വാസുദേവന്‍ എഴുതുന്നു.ചിത്രങ്ങള്‍: ഉണ്ണികൃഷ്ണന്‍ പേരാമ്പ്ര

 

 

ചില മുറിവുകള്‍ നമ്മെ ആഴത്തില്‍ വേദനിപ്പിക്കും. ഓര്‍മ്മയില്‍ തികട്ടുമ്പോഴൊക്കെ കുത്തിനോവിക്കും. അത്തരമൊരു വേദനയാണ് ശിവപ്രസാദ് മാഷുടെ മരണം ഉണ്ടാക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിരുന്ന ആ മരണ വാര്‍ത്തയുണ്ടാക്കിയ ഞെട്ടലില്‍ നിന്ന് പതിയെ മുക്തമായെങ്കിലും, മാഷിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ദിവസവും മനസിനെ വേദനിപ്പിക്കുന്നുണ്ട്. ആ വേദന ഏറെക്കുറെ അതെ അളവില്‍ അനുഭവിക്കുന്നവര്‍ ഒരുപാടുണ്ട് എന്നറിയുമ്പോള്‍ മാഷേപ്പറ്റി ചിലതെല്ലാം രേഖപ്പെടുത്തണം എന്ന് തോന്നി.

2012 ഫെബ്രുവരി 23 നു രാത്രി പത്തു മണിയോടെയാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ച് ശിവപ്രസാദ് മാഷ് മരിക്കുന്നത്. “ആരാണ് ശിവപ്രസാദ് മാഷ്? നക്സലൈറ്റ് ആയിരുന്നെന്നോ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നെന്നോ ഒക്കെ കേള്‍ക്കുന്നു” എന്ന ചോദ്യം ചില പത്രസുഹൃത്തുക്കള്‍ ചോദിച്ചു.

 

ശിവപ്രസാദ് മാഷ്

 

കുളിച്ച പുഴയുടെ കുളിര്
മാഷ് ആരാണെന്നാണ് ഞാന്‍ പറയുക?ഒരു പുഴയില്‍ നീന്തിക്കുളിച്ച പയ്യനോട് പുഴയുടെ തുടക്കത്തെപ്പറ്റിയോ പതനത്തെപ്പറ്റിയോ ചോദിച്ചാല്‍ പറയാനാകുമോ? ആകെയറിയുക പുഴയില്‍ കുളിച്ചതിന്റെ കുളിരാണ്. ഏറിയാല്‍, കുളിച്ചിടത്തെ പുഴയുടെ ആഴമാണ്. അതുപോലെ എനിക്കറിയുക ഞാന്‍ കണ്ടുമുട്ടിയ ശേഷമുള്ള മാഷെപ്പറ്റി മാത്രമാണ്. പരിസ്ഥിതിയോടും മനുഷ്യനോടുമുള്ള മാഷുടെ സ്നേഹമാണ്, അറിവിന്റെ ആഴമാണ്. ആ അറിവിന്റെ പുഴയില്‍ വല്ലപ്പോഴും നീന്തിക്കുളിച്ച ഞങ്ങളില്‍ ചിലര്‍ അനുഭവിച്ച മനസിന്റെ കുളിരാണ്. അതിന്റെ വില അളക്കാനാവാത്തതാണ്.

ഹരീഷ് വാസുദേവന്‍

നിയമപഠന കാലത്ത് കോഴിക്കോട്ടെ ഒരു ക്യാമ്പിലാണ് ഞാനാദ്യം മാഷിന്റെ ക്ലാസ് കേള്‍ക്കുന്നത്. വിഴിഞ്ഞം തുറമുഖം അടക്കമുള്ള വന്‍ വികസനപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കാന്‍ യുവാക്കളുടെ ഒരു സംഘം ഉണ്ടാക്കാനാണ് ഞാനാ ക്യാമ്പില്‍ എത്തിയത്. മാഷ് ചോദിച്ച രണ്ടു ചോദ്യങ്ങള്‍ എന്നെ അടിമുടി ഉലച്ചുകളഞ്ഞു. “മനുഷ്യന് ജീവിക്കാന്‍ ഒരു ദിവസം 13 കിലോ ജീവവായു വേണം. വിഴിഞ്ഞം തുറമുഖം വന്നാല്‍ എത്ര കിലോ ഓക്സിജന്‍ കൂടുതല്‍ ലഭിക്കും? എത്ര ലിറ്റര്‍ ശുദ്ധജലം കൂടുതല്‍ കിട്ടും? മനുഷ്യന്റെ നിലനില്‍പ്പിനുള്ള യാത്രയില്‍ ഇതുണ്ടാക്കുക ഗുണമാണോ ദോഷമാണോ എന്ന് സ്വയം വിലയിരുത്തുക”. അതുവരെ പരിസ്ഥിതിയെപ്പറ്റി ഉണ്ടായിരുന്ന ‘മരംവെപ്പ് വനസംരക്ഷണ’ സങ്കല്‍പ്പങ്ങളില്‍ നിന്നും അതെന്നെ ഏറെദൂരം മുന്നോട്ടു കൊണ്ടുപോയി.

അന്നുമുതല്‍ ഇന്നുവരെ ഒരച്ഛന്റെ വാത്സല്യവും സ്നേഹവും നല്‍കിയാണ് മാഷെന്നെ നയിച്ചത്. ഫുഡ് വെപ്പണ്‍, വെതര്‍ വെപ്പണ്‍, ഹൌെ ദി അദര്‍ ഹാഫ് ഡൈസ്, എന്നിങ്ങനെ പട്ടിണിയും പരിസ്ഥിതിയും അധിനിവേശവും രാഷ്ട്രീയവും ബന്ധപ്പെടുത്തുന്ന പുസ്തകങ്ങള്‍ പരിചയപ്പെടുത്തിയതും മാഷാണ്. യുവാക്കള്‍ക്കായി നടന്ന ഒരു ക്യാമ്പില്‍ ആത്മഹത്യകള്‍ക്കെതിരെ പറഞ്ഞപ്പോള്‍ “നിങ്ങള്‍ ഒരിക്കലും ആത്മഹത്യ ചെയ്യരുത്. എവിടെയും പോകാനില്ലെങ്കില്‍ എന്റെ വീട്ടിലേക്കു വരാം. എനിക്കുള്ള എല്ലാ സ്വാതന്ത്യ്രവും ഞാന്‍ കഴിക്കുന്ന ഭക്ഷണവും ഞാന്‍ മരിക്കുംവരെ നിങ്ങള്‍ക്കവിടെ ഉണ്ടാവും” എന്ന് മാഷ് പറഞ്ഞു. ആ സ്വാതന്ത്യ്രത്തില്‍ ഞങ്ങളില്‍ പല യുവാക്കളും പലതവണ മാഷിന്റെ വീട്ടില്‍ പോയി.മുത്തിള്‍ ചമ്മന്തി കൂട്ടി മാഷിന്റെ കൂടെ കഞ്ഞി കുടിച്ചു. ജോണ്‍സിക്കും ശിവപ്രസാദ് മാഷിനും ശേഷം അങ്ങനെ ഒരുറപ്പു പറയാന്‍ ഇനിയാരും കേരളത്തില്‍ അവശേഷിക്കുമെന്ന് തോന്നുന്നില്ല.

 

ശിവപ്രസാദ് മാഷ്

 

ഭക്ഷണം മുതല്‍ നക്ഷത്രങ്ങള്‍ വരെ
മാധ്യമയുക്തി നയിക്കുന്ന സമൂഹത്തില്‍ മനുഷ്യര്‍ ലേബലുകളില്‍ അറിയപ്പെടുമ്പോള്‍ മാഷിനു പറ്റിയ ലേബല്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നതാണ്. ഇരുപതിലേറെ വര്‍ഷം കണ്ണൂരിലെ പാപ്പിനിശേരി ഹൈസ്കൂളില്‍ മലയാളം അധ്യാപകനായിരുന്നു എന്ന് മാഷ് സ്വയം പരിചയപ്പെടുത്താറുണ്ട്. മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മാഷ് പിന്നീട് പഠിപ്പിച്ചുപോന്ന വിഷയങ്ങള്‍ക്ക് പക്ഷെ, കയ്യും കണക്കുമില്ല. സ്കൂളില്‍ പഠിപ്പിച്ചതിന്റെ പത്തോ ഇരുപതോ ഇരട്ടി കുട്ടികളെ മാഷ് വിരമിച്ചശേഷം പഠിപ്പിച്ചിട്ടുണ്ട്. ക്ലാസുകളിലൂടെ, പരിസ്ഥിതി ക്യാമ്പുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതിയുടെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. സൈലന്റ് വാലിയിലും ശിരുവാണിയിലും, ആറളത്തും നെല്ലിയാമ്പതിയിലുമായി നടന്ന നൂറിലേറെ ക്യാമ്പുകളില്‍ എത്രയെത്ര കുട്ടികളാണ് ആ അറിവിന്റെ അക്ഷയപാത്രം നുകര്‍ന്നിരിക്കുന്നത്.

മാഷ് പറഞ്ഞു തീരുംവരെ രാത്രികളില്‍ ഏറെ വൈകിയും കുട്ടികള്‍ ഒപ്പമിരിക്കുമായിരുന്നു. മാഷിനാകട്ടെ വിഷയങ്ങള്‍ പറഞ്ഞു തീരാറുമില്ല. ഓരോ സംശയത്തിനുമുള്ള ഉത്തരങ്ങള്‍ പറയുമ്പോള്‍ കാടും മേടും കടന്നു ഭൂമിയും ആകാശവും നക്ഷത്രങ്ങളും വരെയെത്തും മാഷുടെ സംസാരം. സ്ഥിതിവിവരക്കണക്കിനുള്ളില്‍ അല്ല മാഷുടെ പരിസ്ഥിതി പാഠം നിലനിന്നിരുന്നത്. അതിന്റെ സമഗ്രമായ തത്വശാസ്ത്രമായിരുന്നു മാഷുടെ ആയുധം. പരിസ്ഥിതിയുടെ രാഷ്ട്രീയം ഇത്രയേറെ ആഴത്തിലും പരപ്പിലും പഠിക്കുകയും ലളിതമായ ഭാഷയില്‍ അത് കുട്ടികളോടും അമ്മമാരോടും സംസാരിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടില്ല.

കൃഷി, ഭക്ഷണം, ആരോഗ്യം, രാഷ്ട്രീയം, ഭാഷ, പരിസ്ഥിതി, ഊര്‍ജ്ജം, വിപണി എന്നുവേണ്ട എല്ലാ വിഷയങ്ങളും അദ്ദേഹം ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും, കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയും ചെയ്തിരുന്നു. ഇതില്‍ രാഷ്ട്രീയമൊഴിച്ചു ബാക്കിയോരോന്നും എങ്ങനെയാണ് രാഷ്ട്രീയവുമായി ബന്ധപ്പെടുന്നതെന്നും പരിസ്ഥിതിയുടെ വീക്ഷണ കോണില്‍ നിന്ന് എപ്പോഴും പറയാറുണ്ട്. ഒന്നൊന്നില്‍ തൊട്ടു തൊട്ട് അങ്ങനെ പോകുന്ന ആ ക്ലാസില്‍, ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെളിച്ചം വീശുന്ന പാരിസ്ഥിതിക അറിവുകള്‍ ദര്‍ശനങ്ങളായി കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ മാഷിനു കഴിഞ്ഞതിന്റെ തെളിവാണ് ജീവിതത്തില്‍ അവര്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ പലരും എഴുതി അയക്കുന്നതും അവ പ്രസിദ്ധീകരിക്കപ്പെടുന്നതും.

 

ശിവപ്രസാദ് മാഷ് ഒരു വനയാത്രക്കിടെ കുട്ടികളോട് സംസാരിക്കുന്നു

 

സ്ത്രീകളും കുഞ്ഞുങ്ങളും
“ജോണ്‍സിക്ക് ശേഷം, വീട്ടമ്മമാരെയും കുട്ടികളെയും ഇത്രയേറെ വിശ്വാസത്തിലെടുത്ത മറ്റൊരാള്‍ പരിസ്ഥിതി രംഗത്ത് ഉണ്ടായിട്ടില്ല” എന്ന് മാഷെപ്പറ്റി അനുസ്മരിച്ചത് സിവിക് ചന്ദ്രനാണ്. പ്രസവശുശ്രൂഷയെപ്പറ്റി, കുട്ടിയുടെ ആരോഗ്യത്തെപ്പറ്റി, അമ്മമാര്‍ കഴിക്കേണ്ട ധാന്യങ്ങളെപ്പറ്റി, കുട്ടികള്‍ക്ക് നല്‍കാവുന്ന ഇലക്കറികളെപ്പറ്റി, ചെറുധാന്യങ്ങളെപ്പറ്റി, കുട്ടികളുടെ ആരോഗ്യത്തിനായി അവ വിഷമില്ലാതെ നാം തന്നെ കൃഷി ചെയ്യേണ്ടതിനെപ്പറ്റി, അതിനു നാടന്‍ വിത്തുക്കള്‍ സംരക്ഷിക്കേണ്ടതിനെപ്പറ്റി, എന്ന് തുടങ്ങി അത് ചെന്നെത്തി നില്‍ക്കുക ഒന്‍പതു ധാന്യങ്ങളും മുപ്പതിലധികം പഴങ്ങളും പുഴുക്കുകളും, ഇലകളുമായി വൈവിധ്യം ഉണ്ടായിരുന്ന നമ്മുടെ ഭക്ഷണം മാറി നാമെങ്ങനെ മൂന്നുനേരം അരിയാഹാരികള്‍ ആയി മാറി എന്നിടത്താവും.

അവിടന്നും സഞ്ചരിച്ചാല്‍, ഭക്ഷണം ആയുധമാക്കി എങ്ങനെയാണ് ചിലര്‍ നമ്മുടെ വിപണിയും അതുവഴി നമ്മളെയും കീഴടക്കുന്നത് എന്ന ആഗോളരാഷ്ട്രീയ പ്രശ്നങ്ങളില്‍ ആവും സംസാരമെത്തുക. അവിടെ, വിഭവങ്ങളോടുള്ള മാര്‍ക്സിയന്‍ ദര്‍ശനങ്ങള്‍ കടന്നു വരും, ഗാന്ധിയുടെ സ്വാശ്രയത്വം വരും, ഭാരതീയ പൈതൃകം വരും. എല്ലാം ഭൂമിയുടെ നിലനില്‍പ്പും മനുഷ്യന്റെ നിലനില്‍പ്പും ആയി ബന്ധപ്പെടുത്തി ലളിതമായി വിവരിച്ച് കൊച്ചു കുട്ടികള്‍ക്ക് പോലും മനസിലാകുംവിധം പറഞ്ഞുകൊടുത്തിരുന്നു,മാഷ്.

 

ശിവപ്രസാദ് മാഷ്

 

രാഷ്ട്രീയ ജാഗ്രത
ഇടതുജാഗ്രതയും പാരിസ്ഥിതികജാഗ്രതയും ഒരുപോലെ ലഭിച്ച ചിലരില്‍ ഒരാളാണ് മാഷ്. ഓരോരോ നയവ്യതിയാനങ്ങളെയും സസൂക്ഷ്മം നിരീക്ഷിച്ച് അഭിപ്രായം പറയും. ‘ഡൌണ്‍ ടു എര്‍ത്തി’ന്റെ ഉടമസ്ഥരായ സി.എസ്.ഇയുടെ തലപ്പത്ത് എം.എസ് സ്വാമിനാഥന്‍ എത്തിയപ്പോള്‍, “ഇനിയീ മാസികയില്‍ പ്രതീക്ഷയില്ല. എനിക്കിത് ഇനി അയക്കേണ്ടതില്ല” എന്ന് മാഷ് തുറന്നെഴുതി. ‘ഡൌണ്‍ ടു എര്‍ത്ത്’ നല്‍കുന്ന സൂക്ഷ്മ ശാസ്ത്രവിവരങ്ങള്‍ അല്ല, അതിന്റെ രാഷ്ട്രീയമാണ് മാഷെ അതിന്റെ വായനക്കാരനാക്കിയത്. അനില്‍ അഗര്‍വാളിന്റെ രാഷ്ട്രീയമല്ല സ്വാമിനാഥന്റേത് എന്നറിയാവുന്നതിനാല്‍ മാഷ് അതു വെട്ടിത്തുറന്നു പറഞ്ഞു.

‘ഒരേ ഭൂമി ഒരേജീവന്‍’ എന്ന പരിസ്ഥിതി പരിരക്ഷണ മാസികയിലെ തന്റെ പ്രതികരണ കുറിപ്പിലൂടെ സമൂഹത്തിലെ ഓരോ പ്രശ്നങ്ങളോടും മാഷ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. നൂറുകണക്കിന് കുട്ടികളുമായി എഴുത്തിലൂടെ മാഷ് സംവദിച്ചു. ജോണ്‍സിക്ക് ശേഷം, കത്തുകളിലൂടെ പരിസ്ഥിതിയുടെ വര്‍ത്തമാനം ഇത്രയധികം കുട്ടികളുമായി പങ്കുവെക്കുന്ന ഒരേയൊരാള്‍ മാഷായിരുന്നു. മാഷ് പോയതറിയാതെ ഇന്നും വീട്ടിലെത്തുന്ന ചില കത്തുകള്‍ അതിന്റെ ദൃഷ്ടാന്തമാണ്.

കുറച്ചുവര്‍ഷങ്ങളായി സൈലന്റ് വാലിയിലെ ക്യാമ്പുകളില്‍ മാഷൊരു സ്ഥിരം സാന്നിധ്യമായിരുന്നു. നൂറുകണക്കിന് അധ്യാപകര്‍, കൃഷി ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍,വനംവകുപ്പ് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ ആളുകള്‍ മാഷിന്റെ ക്ലാസുകളില്‍ വിദ്യാര്‍ഥികളായി. മൂന്നോ നാലോ മണിക്കൂര്‍ ക്ലാസ് സശ്രദ്ധം കേട്ടശേഷം ആ അറിവിന് മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്നും മാഷെപ്പോലെ പഠിക്കാന്‍ ശ്രമിക്കാറില്ലെന്നും ഏറ്റുപറഞ്ഞാണ് മിക്കവരും ക്യാമ്പ് വിടുക. അതവരുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നറിയുന്നത് വര്‍ഷങ്ങള്‍ക്കു ശേഷവും അവര്‍ മാഷിനയക്കുന്ന കത്തുകളിലെ വരികളിലൂടെയാണ്. വീട്ടിലെ ഭക്ഷണത്തില്‍ തങ്ങള്‍ വരുത്തിയ മാറ്റവും, കുട്ടികള്‍ ടെറസില്‍ കൃഷി തുടങ്ങിയതും അവര്‍ കത്തെഴുതി അറിയിക്കും. ഇനിയുമിനിയും മാഷുടെ ക്ലാസ് വേണമെന്ന് ആവശ്യപ്പെട്ടാവും മിക്ക കത്തും അവസാനിക്കുക.

 

ശിവപ്രസാദ് മാഷും കുട്ടികളും. മാഷിന്റെ മുന്‍കൈയില്‍ ഇറങ്ങുന്ന 'ഒരേ ഭൂമി ഒരേ ജീവന്‍' മാസികയുടെ കവര്‍ ചിത്രം

 

ഭാവിയുടെ വിത്തുകള്‍
അറിവിന്റെ നിധിപേടകമായിരുന്നു മാഷ്. ഓരോ ചെടിയും മരവും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു, ജീവികളുടെ മരങ്ങളുമായുള്ള ജൈവബന്ധം, മനുഷ്യര്‍ക്ക് ഉണ്ടാക്കുന്ന പ്രയോജനങ്ങള്‍, ആരോഗ്യസംരക്ഷണത്തില്‍ ഓരോ ചെടിയുടെയും ധര്‍മ്മവും അതിന്റെ ഉപയോഗവും, കാലാവസ്ഥാ അറിവുകള്‍ കൃഷിയിലും ആരോഗ്യത്തിലും, ജ്യോതിശാസ്ത്രം കൃഷിയിലും ആരോഗ്യത്തിലും എന്നിങ്ങനെ അനന്തമായിക്കിടക്കുന്നു വിജ്ഞാനത്തിന്റെ ആഴക്കടല്‍. ഇനിയുമേറെ പറയാനുണ്ടയിരുന്നു.

വിശ്രമമില്ലാതെ ഓടിനടന്നു ക്ലാസുകള്‍ എടുത്തതാണ് മാഷിന്റെ ആരോഗ്യം നശിപ്പിച്ചത്. വിശ്രമിക്കാന്‍ ഉപദേശിച്ച മക്കളോട് “തുരുമ്പെടുത്തു തീരണോ, തേഞ്ഞു തീരണോ എന്ന് ചോദിച്ചാല്‍ ഏതൊരായുധവും ആഗ്രഹിക്കുക തേഞ്ഞുതീരാനാണ്” എന്നായിരുന്നു മറുപടി. മാഷുടെ എഴുതാത്ത അറിവുകള്‍ മുഴുവന്‍ വായുവില്‍ ലയിച്ചു ചേര്‍ന്നു. “എല്ലാ ദിവസവും ഭൂമിയിലെത്തുന്ന വെയില്‍ പിടിച്ചുവെക്കാന്‍ പച്ചിലകള്‍ ഇല്ലെങ്കില്‍ ആ ഊര്‍ജ്ജമത്രയും പാഴായിപ്പോയി” എന്ന് പഠിപ്പിച്ച മാഷിന്റെ അറിവാകുന്ന വെയില്‍ ഇലകളാല്‍ പിടിച്ചെടുത്തിട്ടുണ്ട്, ഞങ്ങളില്‍ പലരും. കഴിയാവുന്ന രീതിയില്‍ പലരുമത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പക്ഷെ, ഭാവി തലമുറയ്ക്ക് ആ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പാകത്തിന് മാഷിന്റെ ക്ലാസുകള്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല എന്നത് സങ്കടകരമാണ്. ജോണ്‍സിയുടെ എന്നപോലെ ശിവപ്രസാദ് മാഷിന്റെയും അറിവുകള്‍ അവരുടെ ജൈവമരണത്തോടെ അവസാനിച്ചു.

 

ശിവപ്രസാദ് മാഷ്

 

രേഖപ്പെടുത്താത്ത വഴിയടയാളങ്ങള്‍
സൈലന്റ് വാലിയുടെ പാരിസ്ഥിതിക ആഘാത പഠനത്തിനു ശേഷമാണ് ആ കാടിന്റെ അളവറ്റ മൂല്യത്തെപ്പറ്റി പൊതുസമൂഹം അറിയുന്നതും അത് പരിരക്ഷിക്കേണ്ട ആവശ്യകതയെപ്പറ്റി ബോധ്യമാവുന്നതും. മുക്കിക്കളഞ്ഞ കാടുകളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി അതിനു മുമ്പ് നാം അറിഞ്ഞിട്ടുപോലുമില്ല. മൂല്യം അറിയുന്നവര്‍ക്ക് മാത്രമാണ് അത് നശിക്കുന്നത് കാണുമ്പോള്‍ വേവലാതിയുണ്ടാകുന്നത്. അതുപോലെയാണ് ചില മനുഷ്യരും. ജോണ്‍സി, ശിവപ്രസാദ് മാഷ് എന്നിങ്ങനെ… ഒരു മഴക്കാടിന്റെ അത്രമേല്‍ മൂല്യവത്തായ അറിവുകള്‍ സംഭരിക്കപ്പെട്ട ജ്ഞാനവൃക്ഷങ്ങള്‍. ജീവിതത്തെ തെളിമയോടെ കാണാന്‍ നമ്മുടെ കണ്ണുകളെ ശീലിപ്പിച്ചവര്‍. പില്‍ക്കാലത്തേക്ക് നന്‍മയുടെ വിത്തുകള്‍ വിതറിയവര്‍. അവരുടെ ജീവിതം കാര്യമായി രേഖപ്പെടുത്തിയിട്ടേയില്ല ഇനിയും. ആ ശേഷിപ്പുകളുടെ പ്രാധാന്യം തിരിച്ചറിയപ്പെടാതെ അറിവിന്റെ ആ വഴിത്താരകള്‍ നശിച്ചുപോയി. അവരോടൊപ്പം അവര്‍ നിരീക്ഷിച്ചും പരീക്ഷിച്ചു തെളിയിച്ച വിജ്ഞാനങ്ങളും. മനുഷ്യന്റെ നിലനില്‍പ്പിനു ഉതകുന്ന പുതിയ അതിജീവന പാതകള്‍ തുറക്കാനുള്ള താക്കോലുകളാണത്. വരും തലമുറകളുടെ അതിജീവനം സാധ്യമാക്കുന്ന അമൂല്യ വഴികള്‍. നമുക്കാ അറിവുകള്‍ ആവശ്യമുണ്ട്.പക്ഷെ എവിടെ? ആരുണ്ടതൊക്കെ പൊതുസമൂഹതിനായി രേഖപ്പെടുത്താന്‍? സീക്കിന്റെ പപ്പന്‍ മാഷും , ജൈവകര്‍ഷക സമിതിയുടെ കെ.വി ദയാലും, ടോണി തോമസും, ആ നിരയില്‍ ചിലരെങ്കിലും ഇനിയും ബാക്കിയുണ്ട്. ഈ മനുഷ്യരുടെ മരണം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാത പഠനം ആരാണ് നടത്തുക?

പത്തിലേറെ പത്രങ്ങളും അവയ്ക്കൊക്കെയും അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ കിട്ടിയ സ്വന്തമായ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും നമുക്കുണ്ട്. പത്തിലേറെ ചാനലുകളും അവയ്ക്കൊക്കെയും നൂറിലേറെ ക്യാമറകളും എഡിറ്റിംഗ് സംവിധാനവും നമുക്കുണ്ട്. അന്നന്നത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള അപ്പം ചുട്ടെടുക്കുന്നതിനിടയില്‍ ഒരല്‍പം സമയം ഇവരുടെ വിലയേറിയ അറിവുകള്‍ രേഖപ്പെടുത്താന്‍ നീക്കിവെച്ചുകൂടെ?? ഒരാഴ്ച, ഏറിയാല്‍ ഒരു വര്‍ഷം അതിനപ്പുറം ആയുസില്ലാത്ത തര്‍ക്കവിതര്‍ക്ക ബൈറ്റുകള്‍ക്കായി ടേപ്പുകള്‍ ചെലവിടുമ്പോള്‍, ഒരിക്കലും മായ്ക്കാതെ വീഡിയോ ലൈബ്രറികളില്‍ സൂക്ഷിക്കാനും, ഓരോരോ പാരിസ്ഥിതിക ദുരന്തങ്ങള്‍ ഉണ്ടാവുമ്പോള്‍ റഫറന്‍സിനായി നോക്കാനുമുള്ള ചില ബൈറ്റുകള്‍ എങ്കിലും രേഖപ്പെടുത്താന്‍ ക്യാമറകള്‍ക്കെങ്കിലും ആഗ്രഹമില്ലാതിരിക്കുമോ?

 

 

27 thoughts on “ഈ മരത്തിലുണ്ടായിരുന്നു, ഭാവിയുടെ വിത്തുകള്‍

 1. Agree with your opinions. We must have some means to preserve the experience of such great people. Nobody can escape from death. But we can preserve the wisdom and experience of such Big Trees. We must take steps to it.

 2. Hareesh,

  Article is marvelous. Why can’t you write more on nature. At least please publish if you have his teaching notes. I was unaware of SivaPrasad mash.

  Love,
  Steephen

 3. Evocatively written Harish…..I dont know Sivaprasad Mash, however he has come alive for me through your writing which makes me wish I had met him….you should write more..

 4. A rih tribute,thanks for introducing the sincere role played by Siva prasad master.
  Itharam jeevithangal,nammute bhoomiyum prakruthiyum,samsakaaravum nasikkaathirikkan sahaayikkunnoo.

 5. ഹരീഷ് ശിവപ്രസാദ് മാഷിനെ ഇത്രയും നല്ല വാകുകളില്‍ പരിച്ചയപെടുതിയത്തിനു ഒരായിരം നന്ദി. നമ്മുടെ ഒക്കെ കൂടെ ഒരുപാട് നന്മയുള്ളവര്‍ ഉണ്ട് . അവര്‍ നമ്മെ വിട്ടു പോകുമ്പോള്‍ ആണ് അവരുടെ അസാന്നിധ്യം നമുക്ക് ബോധ്യമാകുന്നത്‌. ശിവപ്രസാദ്‌ മാഷിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഹരീഷിനു ഭാഗ്യം ഉണ്ടായല്ലോ. അത് തന്നെ വലിയ ഒരു കാര്യം ആണ്. ഇവിടുത്തെ മാധ്യമങ്ങള്‍ക് ന്യൂസ്‌ വാല്യൂ ഉള്ള വാര്‍ത്തകള്‍ ആണ് വേണ്ടത്. മാഷിനെ പോലെ ഉള്ളവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ ഉള്ള സമയം അവര്ക് ഉണ്ടാകില്ല.

 6. Dear Harish,

  You have beautifully expressed your love and passion for mash and nature.
  He was inspiration for many and will inspire many who came to know about him through people like you.

  Shibu

 7. Dear Haresh,
  you are absolutely right, we realy missed a teacher who is is “like a candle – it consumes itself to light the way for others tomarrow too.”—-and in present status there is nobody to fill that lacunae and let us hope that rays he spread to society may lighten always….

 8. Some legends are born simple and they grow everyday and always remain a treasure of wisdom and they carry huge amount of energy in them, the energy that they receive from nature. This man is a legend i believe. Let the words spoken by him be the light that shows a rich green future for us. Salutes !!

 9. വളരെ നന്ദി ഹരീഷ്‌, ഇത്തരം മനസുതൊടുന്ന കുറിപ്പുകളും ശിവപ്രസാദ്‌ മാഷും ജോണ്‍സിയും ചെയ്‌തിരുന്ന നല്ല കാര്യങ്ങള്‍ക്കുള്ള തുടര്‍ച്ചയുമാണ്‌ അവര്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സ്‌മാരകം.

 10. നന്ദി , ഹരീഷ് ,, അതിലൊരു വിത്ത് വിതച്ചതിന്..
  ചന്ദ്രശേഖരന്‍ കാതികുടം.

 11. aa puzhayude kulirariyaan saadhichilllallo … prathyekichu itharam puzhakal vatti varalunna ee kalathu …..

 12. It was a very good article ,truly from heart ….nice one Harish… It is sad that no one recorded the classes sir had given as it is a true loss…..as I read this I became curious and wanted to know about mash and his classes ……

 13. ജീവിച്ചിരുന്നപ്പോള്‍ മാഷെ കാണാനായില്ലല്ലോ എന്ന സങ്കടം ബാക്കി. ഹൃദയം തൊടുന്ന കുറിപ്പിന് ഹരീഷിന് അഭിനന്ദനങ്ങള്‍

 14. mashinday kuday narmadayilekku yatra cheyyan bagyam labicha oralenna nilayil mashinday abavam orikkalum namukku nikathan pattilla addehattinu atma shanti nernnu kondu

 15. കമന്റിനു എല്ലാവര്ക്കും നന്ദി. മാഷുടെ ആഗ്രഹങ്ങള്‍, ചിന്തകള്‍, നിരീക്ഷണങ്ങള്‍ എന്നിവ ‘ഒരെഭൂമി ഒരേ ജീവന്‍ മാസിക’ പുന-പ്രസിദ്ധീകരിക്കുന്നുണ്ട്. അതിന്റെ ലക്കം അതാതു സമയത്ത് നെറ്റില്‍ ലഭ്യമാക്കാം. മാഷിന്റെ കുറിപ്പുകള്‍ പഠിപ്പിക്കുന്ന വനക്യാമ്പുകള്‍ നടക്കുമ്പോള്‍ അറിയിപ്പുകള്‍ നല്‍കാം. ജൈവകൃഷിയില്‍ മാഷുണ്ടാക്കിയ സിലബസ് എം.ജി സര്‍വ്വകലാശാല ഒരു ഡിപ്ലോമ കോഴ്സ് ആക്കിയിട്ടുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് അത് പഠിക്കാം. വിശദാംശങ്ങള്‍ എല്ലാം കൂടി ഒരിക്കല്‍ എഴുതാം..

  ബാക്കി നില്‍ക്കുന്നവരെ എങ്കിലും പോയി കേള്‍ക്കുക, നാം അവരുടെ വാക്കുകള്‍ക്കൊത് ചുവടു വെക്കുക..

 16. Mashe kurichulla harishinte kurippu hridayathil thattunnu. Mattu anekmpereppole njanum ella divasaum mashe orthukondu urangan kidannal vaikiye urangarulloo.Hareeshine Nalla polulla cheruppakkaranu ini yuvathalmuraye nayikkendathennu thonnunnu. Theerchayayum nammude paristhithigurukkanmarude jeevithaanubhavangalum aashayangalum iniyekilum rekhappeduthendathudu.

 17. ഗ്രേറ്റ്‌………….
  ഗ്രേറ്റ്‌ ഹരീഷ്………

Leave a Reply

Your email address will not be published. Required fields are marked *