ജീവിതം ഒഴുകുന്നൊരു പാട്ട്

പാട്ടു കൊണ്ട് ജീവിതദുരന്തങ്ങളെ അതിജീവിച്ച കൂട്ടുകാരിയെക്കുറിച്ചാണ് ഈ കുറിപ്പ്. സുഗന്ധിയെന്ന് നമുക്കവളെ വിളിക്കാം. മറക്കാനാവാത്ത ഒരുവള്‍. വിണ്ടുപോയ ചുണ്ടുകളെ പാട്ടോര്‍മ്മകളാല്‍ ജീവന്‍ വെപ്പിച്ച ഒരുവള്‍. ഒരു കൊച്ചു റേഡിയോയിലൂടെ ഊര്‍ന്നിറങ്ങിയ ശബ്ദവീചികളാണ് അവളെ ജീവിപ്പിച്ചത്. പ്രതീക്ഷകളുടെ അനേകം വിത്തുകള്‍ നമ്മളില്‍ പാകുന്ന ഓര്‍മ്മയാണ് അവളുടെ ജീവിതം-അഞ്ജലി ദിലീപ് എഴുതുന്നു

 

 

സംഗീതം ആകാശം പോലെ വിസ്തൃതവും സമുദ്രം പോലെ അഗാധവുമാണ്. അത് നമ്മെ ഉന്മാദത്തിലേക്ക് വലിച്ചെറിയും. ആ ഉന്മാദ പ്രവാഹത്തില്‍ നമ്മെയൊരു കണമാക്കും. ശ്രുതിയും, ലയവും, താളവും നേര്‍രേഖയില്‍ ശൂന്യതയിലെ വായുവിനെ ഉള്ളിലേക്കാവാഹിച്ചു മനസ്സിലേക്കാഴ്ന്നിറങ്ങും. സാന്ദ്രമായൊരു കൈയൊപ്പ് പോലെ അത് ഹൃദയത്തിനുമേല്‍ മുദ്രിതമാവും. അവിടെ അസ്തിത്വത്തിന്റെ വേദന ഇല്ലാതാവും.

അഞ്ജലി ദിലീപ്


ഒരു കണ്ഠത്തില്‍നിന്നും നിന്നും അനേകായിരം കര്‍ണത്തിലേക്ക് ഒഴുകിയിറങ്ങുന്ന ആ മഹാപ്രവാഹ ധാരയില്‍ ലയിക്കുമ്പോള്‍ ശത്രുക്കളോ മിത്രങ്ങളോ ഇല്ലാതാവുന്നു. അപകട വഴികള്‍ അടഞ്ഞുപോവുന്നു. അത്തരമൊരവസ്ഥയില്‍ സംഗീതം എല്ലാ തീക്കാറ്റുകളെയും കെടുത്തുന്നു. അഗ്നി പര്‍വതങ്ങളെ ഈണങ്ങളില്‍ വിലയിപ്പിക്കുന്നു. ഉള്ളില്‍ അഗ്നിപര്‍വതം പുകയുമ്പോഴും സംഗീതത്തിന്റെ മാസ്മരികതയില്‍ അഗാധമായി വിലയം പ്രാപിക്കാന്‍ ഗായികയുടെയോ, ഗായകന്റെയോ അളവുകോല്‍ വേണ്ടതില്ല. സംഗീത ജ്ഞാനവും വേണ്ട. പാട്ടിലേക്ക് തുറക്കുന്ന ഒരു മനസ്സ്. ചെന്നുപറ്റാന്‍ മറ്റിടങ്ങളില്ലാത്ത നിസ്സഹായത. അതു മാത്രം മതി, സംഗീതം നമ്മെ ജീവിപ്പിക്കും.

സുഭാഷ് ചന്ദ്രന്റെ ” ദാസ് കാപിറ്റല്‍ ” എന്ന പുസ്തകത്തില്‍ ഒരു പൌര്‍ണമി രാത്രിയില്‍ ജീവിതത്തിലെ അവസാനത്തെ ആകാശം കണ്ടതും, എവിടെനിന്നോ കേട്ട യേശുദാസിന്റെ സ്വരമാധുരിയില്‍ എല്ലാം അവസാനിപ്പിച്ചു തിരിച്ചു നടന്നതും പറയുന്നുണ്ട്. മരണത്തെ തോല്‍പിക്കുന്ന പാട്ടുറവകളെക്കുറിച്ച സുഭാഷ് ചന്ദ്രന്റെ വരികള്‍ തന്നെയാണ് ഈ കുറിപ്പിലേക്ക് നടത്തിയത്.

പാട്ടു കൊണ്ട് ജീവിതദുരന്തങ്ങളെ അതിജീവിച്ച കൂട്ടുകാരിയെക്കുറിച്ചാണ് ഈ കുറിപ്പ്. സുഗന്ധിയെന്ന് നമുക്കവളെ വിളിക്കാം. മറക്കാനാവാത്ത ഒരുവള്‍. വിണ്ടുപോയ ചുണ്ടുകളെ പാട്ടോര്‍മ്മകളാല്‍ ജീവന്‍ വെപ്പിച്ച ഒരുവള്‍. ഒരു കൊച്ചു റേഡിയോയിലൂടെ ഊര്‍ന്നിറങ്ങിയ ശബ്ദവീചികളാണ് അവളെ ജീവിപ്പിച്ചത്. പ്രതീക്ഷകളുടെ അനേകം വിത്തുകള്‍ നമ്മളില്‍ പാകുന്ന ഓര്‍മ്മയാണ് അവളുടെ ജീവിതം.

 

സുഭാഷ് ചന്ദ്രന്‍

 

അതിജീവനത്തിന്റെ പാട്ടുറവകള്‍
മറ്റനേകം പെണ്‍കുട്ടികളെപ്പോലെ അവളുടെ കഥയും വിവാഹാനന്തര ദുരിതങ്ങള്‍ക്കു ചുറ്റും ഭ്രമണം ചെയ്യുന്നു. വേറൊരാളുടെ കൈപിടിച്ച് അവളെ ഏല്‍പ്പിക്കുമ്പോള്‍ മറ്റെല്ലാവരെയും പോലെ അവളുടെ അച്ഛനമ്മമാരും സംതൃപ്തരായിരുന്നു. പതിവുപോലെ, എല്ലാം വിഴുങ്ങുന്നൊരു കടലായി വിവാഹജീവിതം. സ്ത്രീധനം, അതിനെച്ചൊല്ലിയുണ്ടാവുന്ന കശപിശകള്‍, മദ്യപാനം, കൊടിയ മര്‍ദ്ദനം. ചങ്ങല പോലെ ആവര്‍ത്തിക്കുന്ന ഈ സീക്വന്‍സുകള്‍ ഭേദിക്കുക സാധാരണ അത്രയെളുപ്പമല്ല. അതിന്, പ്രതീക്ഷിക്കാനെന്തെങ്കിലും വേണം. പിടിച്ചുനില്‍ക്കാനുള്ള ഇത്തിരി മണ്ണെങ്കിലും. ഇതൊന്നുമില്ലാത്ത പക്ഷം, സമൂഹം കെട്ടിപ്പൂട്ടിയ വേലിപ്പടര്‍പ്പുകള്‍ക്കരികില്‍ നിസ്സഹായയായി നോക്കിനില്‍ക്കാനേ കഴിയൂ. ഒരു പാടു സ്ത്രീകള്‍ അങ്ങനെ ജീവിക്കുന്നവരാണ്. അവളുടെ ജീവിതത്തിനും ഇതേ സമവാക്യങ്ങള്‍ തന്നെയായിരുന്നു.

മദ്യ ലഹരിയിലുള്ള മര്‍ദ്ദനങ്ങള്‍. അപമാനത്തിന്റെയും വേദനയുടെയും തീരാരാവുകള്‍. ഇത് പതിവായപ്പോള്‍, കണ്ണുനീരുറവകള്‍ അവളില്‍ സാവധാനം വറ്റി വരണ്ടു. എല്ലാം വിധിയെന്നുറച്ച നിസ്സഹായതയില്‍ മരണം തൊട്ടടുത്തായിരുന്നു. എന്നാല്‍, മരണമേ നീ പോവൂ എന്ന് പാടി ഒരു കൊച്ചു റേഡിയോ അവളുടെ നിശബ്ദതയില്‍ പ്രത്യാശയുടെ ആശ്രയമുറിവായി. ആത്മാവിലെക്കൊരു കുളിര്‍ മഴയായി ആ പാട്ടുപെട്ടി. സിമന്റ് തറയിലെ പായയില്‍ കിടന്ന്, ദുഖത്തിന്റെ ഈരടികള്‍ ഭജിക്കുമ്പോള്‍ യേശുദാസും, ജാനകിയും , പി. ജയചന്ദ്രനും ഒക്കെ ഈണങ്ങളായി അവള്‍ക്കരികില്‍ ഓടിയെത്തി. ആ ഇടുങ്ങിയ മുറിയില്‍ നിറഞ്ഞു നിന്ന വിയര്‍പ്പിന്റെയും, മദ്യത്തിന്റെയും ദുര്‍ഗന്ധത്തിനു ചുറ്റും പാട്ടിന്റെ സുഗന്ധം നിറച്ചു. വായിലേക്കൂര്‍ന്നിറങ്ങിയ കണ്ണുനീരിന്റെ ഉപ്പുരസം അറിയുമ്പോള്‍ അവള്‍ക്കു ചുറ്റും നിറഞ്ഞു,’ സ്വര്‍ണ മുകിലെ , സ്വര്‍ണ മുകിലെ…

ഒരിക്കല്‍, വന്യമായ ഇരുട്ടിന്റെ ഒരു രാത്രിയില്‍, ചുണ്ടിന്റെ വശങ്ങളില്‍ക്കൂടി ഒലിച്ചിറങ്ങിയ ചോരയുടെ ചുവന്ന ഗന്ധം അവളെ ഉന്മത്തയാക്കി. അയാള്‍ ചുഴറ്റി എറിഞ്ഞ മുടിച്ചുരുളുകള്‍ തന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി അവള്‍ക്കു തോന്നി. കാര്‍മേഘം കീറിമുറിച്ചെത്തുന്ന സൂര്യകണം പോലെ ഇരുട്ട് മൂടിയ കണ്ണുകളിലേക്കു തിരിച്ചറിവിന്റെ വെളുത്ത ശീലുകള്‍ തിരമാലകളെപ്പോലെ കയറി വന്നു. വരി വരി ആയി നിരത്തിയിട്ട ആശുപത്രി കട്ടിലുകളിലൊന്നില്‍ കിടന്ന് കറങ്ങുന്ന ഫാനിനെ നോക്കി കിടക്കുമ്പോള്‍ അയാളോടുള്ള പകയായിരുന്നില്ല, അവളുടെ ഉള്ളില്‍. പകരം, നഷ്ടപ്പെട്ട തന്റെ റേഡിയോയെ ഓര്‍ത്തുള്ള ദുഖമായിരുന്നു .

എന്റെ വീട്ടിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് സ്വന്തം കഥകള്‍ പറഞ്ഞുതീര്‍ക്കെ, അവളില്‍ ഒഴുകിവന്ന കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞു ‘ നോക്കൂ കരച്ചില്‍ ചിലപ്പോഴൊരു ഭാഷയാണ്’

 

ജി. വേണുഗോപാല്‍

 

കനക മുന്തിരികള്‍
ഇനി ഒരു തിരിച്ചു വരവില്ലെന്ന് ഉറപ്പിച്ചാണ് സുഗന്ധി ആ പടികള്‍ ഇറങ്ങിയത്. ചുറ്റും ഉച്ച സൂര്യന്‍ കത്തി നിന്നു. ആ നടത്തം ആശുപത്രിയുടെ ഇടനാഴിയിലേക്ക് നീണ്ടു. സങ്കടങ്ങളും ആവലാതികളും പിന്നിലാക്കി പടികള്‍ ചവുട്ടുമ്പോള്‍, തന്നില്‍നിന്നു തന്നെ മുളച്ചു പൊട്ടിയ രണ്ടു ജീവനുകളെ, അവള്‍ ചേര്‍ത്തു പിടിച്ചു. അവര്‍ തന്റെ മാത്രമെന്ന് സ്വയം പറഞ്ഞ് ആശ്വസിച്ചു. ഒടുവില്‍, റയില്‍വേ സ്റ്റേഷനിലെ ബദാം മരത്തിനു താഴെ ,ആളൊഴിഞ്ഞ സിമന്റ് ബഞ്ചില്‍ , തല പുറകോട്ടു ചായ്ച്ച് കണ്ണടച്ച് ആലോചിക്കവേ, മരണത്തെ ജീവിതത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ആ വരികള്‍ ഇഴഞ്ഞെത്തി. ജി. വേണുഗോപാലിന്റെ മനോഹര ശബ്ദത്തില്‍ ‘കനക മുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍…ഒരു കുരുന്നു കുനു ചിറകുമായ് വരിക ശലഭമേ. ‘വേനല്‍ പൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു’ എന്ന വരികള്‍ക്കുമീതെ പാഞ്ഞുപോയി ഓര്‍മ്മയുടെ അനേകം തീവണ്ടിമുറികള്‍.

തുടക്കമെവിടെയെന്നോ , അവസാനമെവിടെയെന്നോ അറിയാത്ത അനാദിയായ ജീവിത യാത്രക്കിടയില്‍ ഞങ്ങള്‍ കണ്ടു. ഒരു അനാഥാലയത്തിന്റെ വടക്കേക്കോണിലെ അടുക്കളയ്ക്കുള്ളില്‍ തുമ്മിയും ചുമച്ചും അവള്‍ ദിവസങ്ങളെ തള്ളി നീക്കുന്ന നാളുകളിലൊന്നില്‍. ആകസ്മികമെന്നോ, യാദൃശ്ചികമെന്നോ പറയാവുന്നത്ര സൌമ്യമായി. അത് സംഭവിക്കേണ്ടത് തന്നെ ആയിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.

 

painting: kathryn brimblecombe

 

കഥപോലെ അവള്‍
ആദ്യം കാണുമ്പോള്‍ സുഗന്ധിയില്‍ സംഗീതമോ, ഭൂതകാലമോ ഇല്ലായിരുന്നു. പിന്നൊരു രാവില്‍, നിര്‍ത്താതെ അവള്‍ സ്വയം പറഞ്ഞ മണിക്കൂറുകളിലാന്നില്‍ ഞാനാ കഥ കേട്ടു. ഇരുമ്പു വടികൊണ്ടുള്ള അച്ഛന്റെ അടിയേറ്റു ബുദ്ധിമാന്ദ്യം സംഭവിച്ച മകളുടെ കഥ. അച്ഛനെന്നു കേട്ടാല്‍ ദഹിപ്പിക്കാനുള്ള അഗ്നി കണ്ണുകളില്‍ കൊണ്ട് നടക്കുന്ന മകന്റെ കഥ. ഉള്ളതെല്ലാം പിടിച്ചു വാങ്ങി തെരുവിലേക്ക് വലിച്ചെറിഞ്ഞ ഒരു വേട്ടപ്പട്ടിയുടെ കഥ. എന്ത് പറയണം , എങ്ങനെ പറയണം എന്നറിയാതെ കുഴഞ്ഞു പോയി ഏറെ നിമിഷങ്ങള്‍, ഞാന്‍.

ഇന്ന് സുഗന്ധി സ്വതന്ത്രയാണ്. കെട്ടുപാടുകളുടെ വേദനകള്‍ അവളെ ദുഖിപ്പിക്കുന്നില്ല. പലതും തെറ്റാണെന്ന് നമുക്ക് തോന്നുമെങ്കിലും അവള്‍ക്കിന്ന് സ്വന്തം തത്വ ശാസ്ത്രങ്ങളുണ്ട്. അതിലവള്‍ ഉറച്ചു നില്‍ക്കുന്നു. പൂര്‍ണമായി സമര്‍പ്പിക്കുന്നു. കഴുത്തില്‍ കോര്‍ത്തിട്ട രുദ്രാക്ഷത്തില്‍ എല്ലാ ഭയങ്ങളും അവള്‍ ഒളിപ്പിച്ചു വയ്ക്കുന്നു. സ്വന്തം വിശ്വാസത്തോടുള്ള അവളുടെ ആത്മാര്‍ഥത പലപ്പോഴും മറുവാക്കിന് ഒരു ശൂന്യതയെ സൃഷ്ടിക്കാറുണ്ട്. ‘കഴിഞ്ഞതൊക്കെ മറക്കാന്‍ വിധിക്കപ്പെട്ട കുറെ കഥകള്‍ മാത്രം. നാളെകള്‍ വസന്ത കാലത്തെ പറവകള്‍’-അവള്‍ എന്നോട് ചേര്‍ന്ന് തന്നെ നില്‍ക്കുന്നു.

അമ്മയെന്നോ , പിഞ്ചു കുഞ്ഞെന്നോ , വൃദ്ധയെന്നോ നോക്കാതെ സ്ത്രീകളെ പീഡനത്തിനിരയാക്കുന കാമഭ്രാന്തന്മാരുള്ള നമ്മുടെ നാട്ടില്‍ നീയും ഒട്ടും സുരക്ഷിതയല്ലെന്നു പറയണമെന്നുണ്ടെങ്കിലും സ്വന്തം വിശ്വാസത്തോടുള്ള അവളുടെ ആത്മാര്‍ത്ഥത എന്റെ മറുവാക്കിന്റെ വാ പൊത്താറുണ്ട്, പലപ്പോഴും.

* തുടര്‍ന്നു കൊണ്ടേയിരിക്കുന്ന ഒരു കഥ സുഗന്ധി. സ്വന്തം സ്വകാര്യത സൂക്ഷിക്കുവാന്‍ അവള്‍ക്ക് അവകാശമുണ്ട്. അതിനാല്‍ പേര് മാത്രം മാറ്റിയിരിക്കുന്നു*

One thought on “ജീവിതം ഒഴുകുന്നൊരു പാട്ട്

  1. അനേകം സുഗന്ധിമ്മാര്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ട്…തങ്ങളുടെ ദുഃഖം ഉള്ളില്‍ ഒതുക്കി ജീവിക്കുന്നവര്‍ ..അവര്‍ക്ക് ഒരു ആശ്വാസം റേഡിയോ പാട്ടുകള്‍ ഒകെ ആയിരിക്കും…ഈയിടെ മുംബൈയില്‍ ഉള്ള ഒരു ചേച്ചിയോട് സംസാരിക്കവേ , ചേച്ചിയുടെ മകളുടെ കല്യാണ കാര്യം ചോദിച്ചു…ചേച്ചി പറഞ്ഞു ആദ്യം ഒരു നല്ല ജോലി അതിനു ശേഷമേ ഇവിടെ ഒകെ ഇപ്പൊ പെണ്‍കുട്ടികള്‍ കല്യാണത്തിന് തയ്യാര്‍ ആകുന്നുള്ളൂ…അടിയും ചവിട്ടും ലൈഗിഗിക അതിക്രമങ്ങളും സഹിച്ചു തീര്‍ക്കാനുള്ളത് അല്ല സ്ത്രീ ജീവിതം..ഒരു വീക്ഷണ കോണില്‍ ..പുരുഷനേക്കാള്‍ ഏറെ ഒരു കുടുംബം അതിന്റെ നടത്തിപ്പിന് ആയി പണിപെടുന്നവല്‍ സ്ത്രീ ആണ്..സ്ത്രീകളെ വീട്ടു ജോലികളില്‍ സഹായിക്കുന്ന പുരുഷന്മാര്‍ വിരളം ആണ്…ഒരു ചായ കുടിച്ച ഗ്ലാസ്‌ പോലും കഴുകി വെക്കാത്തവര്‍ ആണ് കൂടുതലും….ഇല ചെന്ന് മുള്ളില്‍ വീണാലും ..മുള്ള് ചെന്ന് ഇലയില്‍ വീണാലും കേടു ഇലക്കു എന്ന പോലെ ഉള്ള മനോഭാവം നമ്മുടെ സമൂഹത്തില്‍ നിന്ന് പോകണം…അതിനു സാമൂഹിക സംഘടനകളുടെ യുടും സ്ത്രീ സംഘടകളുടെ യും മികച്ച പ്രവര്‍ത്തനങ്ങള്‍ ആവശ്യം ആണ്..

Leave a Reply

Your email address will not be published. Required fields are marked *