മലകയറിവന്ന മരണങ്ങള്‍

ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍-കാട്ടുമൃഗങ്ങളോടും രോഗങ്ങളോടും മരണങ്ങളോടും പൊരുതി ജയിച്ച കുടിയേറ്റ ജനതയുടെ പിന്‍തലമുറയില്‍ ആത്മഹത്യ നടത്തുന്ന ഇടപെടലുകളെക്കുറിച്ച്, അവിചാരിതമായി അറ്റുവീണ പ്രിയപ്പെട്ട ജീവിതങ്ങളെക്കുറിച്ച് കെ. പി ജയകുമാര്‍ എഴുതുന്നു. ചിത്രങ്ങള്‍: അനീഷ് ആന്‍സ്

 

 

കുടിയേറ്റത്തിന്റെ ചരിത്രം അതിജീവനത്തിന്റേതുകൂടിയാണ്. കാടിനോട്, പ്രകൃതിയോട്, പ്രകൃതി ദുരന്തങ്ങളോട്, കാട്ടുമൃഗങ്ങളോട്, രോഗങ്ങളോട്, മരണങ്ങളോട് പൊരുതിനേടിയതായിരുന്നു കുടിയേറ്റ ജീവിതം. തലമുറകള്‍ മാറുമ്പോള്‍ അതിജീവനത്തിന്റെ കരുത്ത് ചോര്‍ന്നുപോവുന്നു. ജീവിതത്തേക്കാളേറെ മരണത്തെ പുല്‍കുന്നവരുടെ എണ്ണം പെരുകുകയാണ്. ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് കേരളത്തിലാണ്. കേരളത്തില്‍ ആത്മഹത്യാനിരക്കില്‍ ഒന്നാം സ്ഥാനം ഇടുക്കിക്കാണ്. ജീവിതം പോലെ മരണം വിളയുന്ന മണ്ണ്. എനിക്ക് ഓര്‍മ്മിച്ചെടുക്കാനാവും മരിച്ചവരുടെ ഒരു നെടുനീളന്‍ പട്ടിക. അതെപ്പോഴും അപൂര്‍ണ്ണവുമായിരിക്കുമെങ്കിലും.

കുറുക്കനെ വളര്‍ത്തിയ മനുഷ്യന്‍
കുറുക്കനെ വളര്‍ത്തിയ ഒരാളുണ്ടായിരുന്നു നാട്ടില്‍. ദാമോദരന്‍. കാനം ദാമോദരന്‍ എന്ന് യഥാര്‍ത്ഥ പേര്. മധ്യതിരുവിതാംകൂറില്‍ എവിടെയോ നിന്നാണ് കാനം കുടുംബക്കാര്‍ ഹൈറേഞ്ചിലേക്ക് കുടിയേറുന്നത്. ഹൈറേഞ്ചില്‍ അത്ര സുപരിചിതനല്ലാത്ത വന്യമൃഗമാണ് കുറുക്കന്‍. വനയാത്രയില്‍ എവിടെവച്ച് കുറുക്കന്‍ ദാമോരന്‍ചേട്ടന്റെ വളര്‍ത്തുമൃഗമായി പരിണമിച്ചുവെന്ന് ആര്‍ക്കും അറിയില്ല. എനിക്ക് ഓര്‍മ്മവയ്ക്കുന്നതിനുമുമ്പ് കുറുക്കന്‍ ചത്തുപോയിരുന്നു. അതല്ല കാടുകയറിപ്പോയതാണെന്നും പറയുന്നവരുണ്ട്. എന്തായാലും അക്കാലം മുതല്‍ കാനം ദാമോദരനെ കുറുക്കന്‍ ദാമോദരനെന്ന് രഹസ്യമായി വിളിച്ചുപോന്നു. നേരില്‍ വിളിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. ആറടിയോളം പൊക്കവും കനത്ത ശബ്ദവും മയമില്ലാത്ത പെരുമാറ്റവുമുള്ള ദാമോദരന്‍ ചേട്ടന്റെ മുഖത്തുനോക്കി കുറുക്കനെന്നു വിളിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. നട്ടിലെ സ്വകാര്യ പരദൂഷണങ്ങളില്‍ ദാമോരന്‍ ചേട്ടന്‍ കുറുക്കന്‍ ദാമോദരനായി നിറഞ്ഞുനിന്നു. കുരുത്തക്കേടു കാട്ടുന്ന കുട്ടികളെ പേടിപ്പിക്കാന്‍ അമ്മമാര്‍ പറഞ്ഞു: ‘ങാ…കുറുക്കന്‍ ദാമോദരന്‍ വരും, പിടിക്കട്ടെ…’ ഇരുള്‍ വീണുതുടങ്ങിയ മുറ്റത്തുനിന്നും കളിനിര്‍ത്തി ഞങ്ങള്‍ വീട്ടിനുള്ളിലേക്ക് ഓടും.

രാത്രികാലങ്ങളില്‍ അയലത്തെ കോഴിക്കൂടുകളിലേക്ക് ദാമോദരന്‍ ചേട്ടന്‍ കുറുക്കനെ പറഞ്ഞയച്ചു. പൂവന്‍ കോഴികളെ മാത്രം തിരഞ്ഞുപിടിച്ച കുറുക്കന്‍ അവയുടെ തലമാത്രം ശാപ്പിട്ട് മാംസളമായ ഉടല്‍ യജമാനന്റെ മുന്നില്‍ കൊണ്ടുചെന്നുവയ്ക്കുമായിരുന്നുവെത്ര!… അങ്ങനെ കാണാത്ത കുറുക്കനും കുറുക്കനെ വളര്‍ത്തിയ മനുഷ്യനും ഞങ്ങളുടെ കുട്ടിക്കാലത്തെ കഥയോളം വിസ്മിപ്പിച്ചു.

കമ്പിളി നാരങ്ങയും ചാമ്പങ്ങയും ആത്തക്കയും വിവിധയിനം മാങ്ങകളും പേരക്കയും സമൃദ്ധമായി വിളയുന്ന ആ പറമ്പിലൂടെയാണ് ഞങ്ങളുടെ കുട്ടിക്കാലം കടന്നുപോയത്. പ്രധാന വീടിന്റെ പടിഞ്ഞാറേ അറ്റത്ത് സ്വന്തമായി പണിത സ്വകാര്യമുറിയിലായിരുന്നു ദാമോദരന്‍ ചേട്ടന്റെ ഊണും ഉറക്കവുമെല്ലാം. മക്കള്‍ക്കുപോലും അവിടേക്ക് പ്രവേശനമില്ല. പറമ്പുകള്‍ തോറും തെണ്ടിനടന്ന് ഉച്ചതിരിഞ്ഞ് കാനത്തിലെത്തുമ്പോള്‍ സ്വന്തം മുറിയുടെ കൊച്ചുവരാന്തയുടെ അരഭിത്തിയില്‍ കരകരശബ്ദത്തോടെ പാടുന്ന സിലോണ്‍ റേഡിയോയ്ക്ക് ചെവിചായ്ച്ച് ദാമോദരന്‍ ചേട്ടന്‍ ഇരിക്കുന്നുണ്ടാവും. ഉറയിട്ട പേനാക്കത്തിയും ടോര്‍ച്ചു ലൈറ്റും അടുത്തു തന്നെയുണ്ടാവും. പാതിയൊഴിഞ്ഞ കട്ടന്‍കാപ്പിയുടെ ചില്ലുഗ്ലാസ്…വിളവെടുക്കാന്‍ വരുന്ന കുട്ടികളെ ദാമോദരന്‍ ചേട്ടന് ഇഷ്ടമായിരുന്നു. കഥകള്‍ അറിയുന്ന ഞങ്ങള്‍ പക്ഷെ, അകലത്തു തന്നെ നിന്നു. ഞാന്‍ കണ്ട ഏറ്റവും കരുത്തനും ധൈര്യശാലിയുമായ മനുഷ്യനായിരുന്നു ദാമോദരന്‍ ചേട്ടന്‍.

സ്കൂള്‍ തുറന്ന് വെയില്‍ വന്നുതുടങ്ങിയ ഏതോ മാസത്തിലാണ്. രാവിലെ പാലുകൊടുക്കാന്‍ സൊസൈറ്റിയില്‍ പോയി മടങ്ങിവന്നതേയുള്ളു. അക്കരെവീട്ടില്‍ നിന്നും ഷാജി ഓടിവന്നു. ‘അറിഞ്ഞോ? നമ്മുടെ ദാമോദരന്‍ ചേട്ടന്‍ തൂങ്ങിച്ചത്തു.’ മലകളും താഴ്വരകളും ഒന്നടങ്കം കാനത്തിലേക്കോടി. ഞാനും. തന്റെ സ്വകാര്യമുറിയുടെ ഉത്തരത്തില്‍ അയാള്‍ ഞാന്നു കിടന്നു. ജീവിതത്തിലാദ്യമായി കണ്ട തൂങ്ങിമരണം. ഇന്നോളം അവസാനമായും. ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും ധൈര്യശാലിയായ മനുഷ്യന്‍ കുറുക്കനേക്കാള്‍ കൌശലത്തോടെ ജീവിതത്തില്‍നിന്ന് ഒളിച്ചോടി.

 

 

ധീര നായകന്‍
പിന്നീട് പലപ്പോഴും മരണം അപ്രതീക്ഷിതമായി മലകയറി വന്നു. പിരിഞ്ഞുപോയവരിലേറെയും അസാധാരണമായി ജീവിച്ചവരായിരുന്നു. സുരച്ചേട്ടന്‍ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന സുരേന്ദ്രന്‍ അവരില്‍ ഒരാളാണ്. വൈക്കം താലൂക്കില്‍ നിന്നുമാണ് സുരച്ചേട്ടന്റെ കുടുംബം ഹൈറേഞ്ചിലെത്തുന്നത്. ശങ്കരന്‍ ചേട്ടന്റെയും ജാനകിചേച്ചിയുടെയും മൂന്നാമത്തെ മകന്‍. ഞങ്ങളുടെ കൃഷിഭൂമിക്ക് നേരേ മുന്നിലെ മലഞ്ചെരിവിലായിരുന്നു അവരുടെ മണ്ണ്. കഠിനാധ്വാനിയായിരുന്നു സുരച്ചേട്ടന്‍. വന്‍മരങ്ങള്‍ മുറിച്ച് അറുത്ത് ഉരുപ്പടികളാക്കുന്ന ജോലിയില്‍ സമര്‍ത്ഥന്‍. നെല്ലുമുതല്‍ കുരുമുളക് വരെ എല്ലാ കൃഷികള്‍ക്കും ഞങ്ങള്‍ ആശ്രയിച്ചിരുന്നത് സുരച്ചേട്ടനെയാണ്. എനിക്ക് ഓര്‍മ്മവെച്ച കാലംമുതല്‍ ഞങ്ങളുടെ പറമ്പിലെ പണികളെല്ലാം ചെയ്തിരുന്നത് സുരച്ചേട്ടനാണ്.

അതിരാവിലെ പണിക്കിറങ്ങും സന്ധ്യമയങ്ങുവോളം തുടരുന്ന കഠിനാധ്വാനം. വൈകുന്നേരം പണികയറി, തൂമ്പയും വെട്ടുകത്തിയും തുടച്ചുമിനുക്കി തൊഴുത്തിന്റെ ഇറയത്ത് വയ്ക്കും. പിന്നെ കുളക്കരയിലേക്ക്. അലക്കു കല്ലില്‍ കാല്‍പാദങ്ങള്‍ ഉരച്ചുരച്ച് വശങ്ങള്‍ തേഞ്ഞുവെളുക്കും. നീല നിറമുള്ള വള്ളിച്ചെരുപ്പ് അലക്കുസോപ്പ് തേച്ച് വെളുപ്പിച്ച് പുതുപുത്തനാക്കും. പിന്നീടാണ് കുളി. അത് വളരെ വേഗം കഴിയും. രാവിലെ പണിക്കുവരുന്നതു മുതല്‍ വൈകുന്നേരം കുളികഴിഞ്ഞ് മടങ്ങിപ്പോകുന്നതുവരെ ഒരു നിഴല്‍പോലെ ഞാന്‍ കൂടെയുണ്ടാവും. കായലും, കടലും വള്ളവും, നിലയില്ലാക്കായലില്‍ മുങ്ങിവാരുന്ന കക്കയും കായല്‍പരപ്പില്‍ വിരിയുന്ന വലയും മീന്‍ കൊയ്ത്തും. കഥകളുടെ ചാകരക്കാലമായിരുന്നു അത്. മലയും മഞ്ഞും മഴയും വന്‍മരങ്ങളും വേനലില്‍ ചിരിച്ചം വര്‍ഷകാലത്ത് അലറിയും ഞങ്ങളുടെ കൃഷിയിടത്തെ മുറിച്ചു കടന്നുപോകുന്ന തോടിനുമപ്പുറം ഒരു ഭൂപ്രദേശം. ഒരു ജലദേശം. അതിന്റെ പരപ്പ് എല്ലാം എനിക്ക് കഥകളായിരുന്നു. ഫാന്റസികള്‍.

അങ്ങനെ മഴ തോരാതെ പെയ്തുകൊണ്ടിരുന്ന ഒരു കര്‍ക്കിടകത്തില്‍. സുരച്ചേട്ടനും കൂട്ടുകാരും ചേര്‍ന്ന് പന്തയംവച്ചു. കര്‍ക്കിടകത്തിലെ കറുത്തവാവു ദിവസം രാത്രി പന്ത്രണ്ടുമണിക്ക് അയ്യപ്പന്‍ നായരുടെ പെങ്ങള്‍ തൂങ്ങിമരിച്ച പേഴിന്റെ കൊമ്പ് മുറിച്ചുകൊണ്ടുവരണം. ഞാനൊക്കെ ജനിക്കുന്നതിനും എത്രയോ മുമ്പാണ് അവര്‍ തൂങ്ങിമരിച്ചത്. നാട്ടിലെ ആദ്യ ആത്മഹത്യയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലേക്ക് തിരിയുന്ന മൂന്നും കൂടിയ മുക്കില്‍ വളര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന ഇല്ലിക്കൂട്ടത്തിനപ്പുറത്ത്, അവര്‍ മരിച്ചുകിടന്ന ആ മരം കാണാം. പകല്‍പോലും ഞങ്ങള്‍ കുട്ടികള്‍ ആ വഴി ഒറ്റക്കുപോകാന്‍ ഭയന്നു. വെള്ളിയാഴ്ചകളില്‍ രാത്രിയില്‍ ഒറ്റക്ക് വഴിനടന്ന പലരും ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ട് പേടിച്ച് പനിപിടിച്ച് കിടന്നു. ഒരു സന്ധ്യാനേരത്ത് പാലുവാങ്ങി വന്ന ചേച്ചിയെ ഇല്ലിക്കൂട്ടത്തിനു നടുവില്‍ നിന്നും ആരോ വിളിച്ചുവെത്രെ! അതൊരു പെണ്‍ ശബ്ദമായിരുന്നു. നിലവിളിച്ചുകൊണ്ട് ഓടി വീട്ടിലെത്തിയ ചേച്ചിക്ക് പനിപിടിച്ചു. മുളന്തണ്ടുുകള്‍ കൂട്ടിയുരഞ്ഞതിന്റെ ശബ്ദമായിരുന്നു അതെന്ന അച്ഛന്റെ യുക്തി ആരും വിശ്വസിച്ചില്ല.

ആ മരച്ചുവട്ടിലേക്ക് കര്‍ക്കിടകത്തിലെ കറുത്തവാവും വെള്ളിയാഴ്ചയും ഒരുമിച്ചുവരുന്ന രാത്രിയിലാണ് സുരച്ചേട്ടന്‍ ഒറ്റക്കുപോകേണ്ടത്. അടയാളം വച്ച കൊമ്പ് മുറിച്ചുകൊണ്ടുവരണം. ആ രാത്രിയും കോരിച്ചൊരിയുന്ന മഴയായിരുന്നു. സുരച്ചേട്ടന് എന്ത് സംഭവിച്ചിരിക്കുമെന്ന ആകാംക്ഷയിലാണ് ഞങ്ങള്‍ കുട്ടികളെല്ലാം അന്ന് ഉറങ്ങാതിരുന്നത്. സുരച്ചേട്ടന്‍ പന്തയം ജയിച്ച വാര്‍ത്തയിലേക്കാണ് പ്രഭാതം വിടര്‍ന്നത്. പന്തയക്കാശ് വാങ്ങി സുരച്ചേട്ടന്‍ കാലത്തു തന്നെ പണിക്കുവന്നു. വര്‍ദ്ധിച്ച ആരാധനയോടെ ആ പകലും ഞാന്‍ നിഴലായി.

ഏറെ വര്‍ഷങ്ങള്‍ക്കുശേഷം ഒരു സെമസ്റര്‍ അവധിക്കാലത്ത് വീട്ടിലെത്തിയ രാത്രി, ഭക്ഷണം വിളമ്പിത്തന്നുകൊണ്ട് അമ്മ പറഞ്ഞു. ‘നീ അറിഞ്ഞാരുന്നോ…? ആ സുര വെഷമടിച്ചു ചത്തു’. ചോറ് തൊണ്ടയില്‍ തടഞ്ഞു. എന്റെ ഹീറോ ആത്മഹത്യ ചെയ്തിരിക്കുന്നു. ആരെയും ഭയക്കാത്ത മനുഷ്യന്‍ വെറുതെ…ആ അവധിക്കാല രാത്രി, വല്ലാതെ നീണ്ടതും അനാഥവുമായിരുന്നു.

 

 

ഓരോരോ മരണത്തിനുപിന്നിലും
അവന്‍ എന്തിനാണ് ആത്മഹത്യ ചെയ്തത്? നാട്ടിലേക്കുള്ള ഓരോ യാത്രയിലും പഴയ കൂട്ടുകാര്‍ ഒത്തുചേരുന്ന സന്ധ്യാകാലങ്ങളില്‍ എന്നും ഈ ചോദ്യം ഞങ്ങള്‍ പരസ്പരം ചോദിച്ചു. ഉത്തരമില്ലാതെ പിരിഞ്ഞു.

കട്ടപ്പന കോളജില്‍ ഡിഗ്രി പഠന കാലത്തെ സുഹൃത്തും സഹപാഠിയുമായിരുന്നു സന്തോഷ്. ബാലഗ്രാമില്‍ നിന്ന് കുത്തനെ മുകളിലേക്ക് കയറിച്ചെല്ലുന്ന മലഞ്ചെരുവിലായിരുന്നു അവന്റെ പണിതീരാത്ത ഒറ്റമുറി വീട്. ഒരേ ക്ലാസില്‍ പഠിച്ചിരുന്ന ഞങ്ങള്‍ തമ്മില്‍ കൂടുതല്‍ അടുക്കുന്നത് ഒരു സംഭവത്തോടെയാണ്. കോളജില്‍ സ്ഥിരമായി നടക്കാറുള്ള സംവാദങ്ങളില്‍ ഞാന്‍ സജീവമായിരുന്നു. ബോബനും തോമസും ജോസനും രാജ്നാഥും ജോയിയും അടങ്ങുന്ന ഞങ്ങളുടെ സംഘം എപ്പോഴും സംവാദങ്ങളിലെ വിമത പക്ഷക്കാരാണ്. സ്ത്രീധനം ശരിയോ തെറ്റോ എന്ന സംവാദത്തില്‍ ഞങ്ങള്‍ ശരി എന്നുവാദിക്കും. ഭൂരിപക്ഷവും അനുകൂലിക്കുന്ന കാര്യത്തെ ഞങ്ങള്‍ എതിര്‍ക്കും. നാക്കിന്റെ മിടുക്കുകൊണ്ട് മിക്കവാറും വിജയം ഞങ്ങള്‍ക്കായിരുന്നു.

അങ്ങനെയൊരു സംവാദം: ‘ആത്മഹത്യ ശരിയോ തെറ്റോ?’ ഞങ്ങള്‍ ശരിയെന്നു വാദിച്ചു. ജീവിക്കാനുള്ള അവകാശം പോലെ മരണം സ്വയം തെരഞ്ഞെടുക്കാനും അവകാശമുണ്ടെന്നു വാദിച്ചു. യുക്തിഭദ്രമായ വാദമുഖങ്ങളിലൂടെ ഞങ്ങള്‍ വിജയിക്കുകയായിരുന്നു. പൊടുന്നനെ സന്തോഷ് വേദിയിലേക്ക് ചാടിക്കയറി വന്നു. മൈക്കിനുമുന്നിലെത്തിയ അവന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിങ്ങളുടെ വീട്ടില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിട്ടുണ്ടോ? ഉണ്ടാവില്ല, അതുകൊണ്ട് നിങ്ങള്‍ക്കിത് തമാശയാണ്. എനിക്കതല്ല. സ്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഞാന്‍ അറിയപ്പെടുന്നത് തൂങ്ങിച്ചത്ത ബാര്‍ബര്‍ നാരായണന്റെ മോനെന്നാണ്. ആ വിളിപ്പേരിനൊപ്പം വീടിന്റെ ഉത്തരത്തില്‍ തൂങ്ങിനില്‍ക്കുന്ന അച്ഛന്റെ പേടിപ്പിക്കുന്ന രൂപവും എന്നോടൊപ്പമുണ്ട്, ചത്തിട്ടും പിന്തുടരുകയാണയാള്‍. തൂങ്ങിച്ചത്ത നാരായണന്റെ വീട്ടിലേക്ക് ആരും പെണ്ണുകൊടുക്കില്ല. അതുകൊണ്ടാണ് എന്റെ ചേട്ടന്‍ വീടുവിട്ടുപോയത്. ആ പ്രേത വീട്ടില്‍ ഞാനും അമ്മയും ഒറ്റക്കാണ്. ചാകാന്‍ പോകുന്നവന് ചത്താല്‍ മതി. പിന്നീട് ജീവിക്കേണ്ടിവരുന്നവരുടെ ദുരന്തം അവര്‍ക്കറിയില്ല. നിങ്ങള്‍ക്കുമറിയില്ല…..’ അവന്‍ പറഞ്ഞുനിര്‍ത്തി.
വല്ലാതെ വിതുമ്പിപ്പോയിരുന്നു. സദസ്സ് നിശബ്ദമായി. വോട്ടെടുപ്പില്ലാതെ ആ സംവാദം അവസാനിച്ചു.

ആ ദിവസം മുതലാണ് സന്തോഷും ഞാനും നല്ല കൂട്ടുകാരാകുന്നത്. ഡിഗ്രിയില്‍ അവന്‍ പഠിപ്പവസാനിപ്പിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും ഞങ്ങള്‍ കണ്ടുമുട്ടി. ചിലപ്പോള്‍ അവന്‍ വീട്ടിലേക്കുവന്നു. ചിലദിവസങ്ങളില്‍ ഞാനും ഷിബുവും കൂടി ബാലഗ്രാം മല കയറി അവനെ തേടി ചെന്നു. കൃഷിയിലും അഗാധമായ വായനിലും മുഴുകിയിരിക്കുകയാവും അപ്പോഴെല്ലാം അവന്‍. പഠിപ്പിനായി കോട്ടയത്തേക്കു പോയതുമുതല്‍ കൂടിക്കാഴ്ച വല്ലപ്പോഴുമായി. അങ്ങനെയൊരു ആഴ്ചയവസാനം ഞാന്‍ മുണ്ടിയെരുമയില്‍ ഷിബുവിനെ കാണാന്‍ ചെന്നതാണ്. സന്തോഷും വന്നു. ഷിബു അവിടെയുണ്ടായിരുന്നില്ല. ഞാനും സന്തോഷും കൂടി വെറുതെ നടന്നു. രണ്ടുകിലോമീറ്ററോളം ദൂരം. ഞങ്ങള്‍ അന്നു സംസാരിച്ചത് ആത്മീയതയെക്കുറിച്ചാണ്. ഓഷോ ദര്‍ശനങ്ങളുടെ പങ്കുവയ്ക്കലായി മാറിയത്. സന്ധ്യക്ക് ആരംഭിച്ച ആ നടത്തം എത്രയാവര്‍ത്തി തുടര്‍ന്നുവെന്നറിയില്ല. രാത്രി പതിനൊന്നുമണിക്കുള്ള അവസാന ബസ്സിനാണ് ഞാന്‍ വീട്ടിലേക്കു തിരിച്ചത്. അപ്പോഴും പറഞ്ഞുതീരാതെ ഒരുപാട് കാര്യങ്ങള്‍ ബാക്കി നിന്നു. പിറ്റേ പുലര്‍ച്ചെ ഞാന്‍ കോട്ടയത്തേക്ക് പോന്നു. രണ്ടുദിവസം കഴിഞ്ഞാണ് ഷിബുവിന്റെ വിളി വന്നത്. ‘നമ്മുടെ സന്തോഷ് ആത്മഹത്യ ചെയ്തു. ഇന്നലെ ഉച്ചക്ക് അമ്മ വെളിയില്‍ പോയ നേരത്ത് വീടിന്റെ ഉത്തരത്തില്‍ തൂങ്ങി. എല്ലാം കഴിഞ്ഞ് ഇന്നുച്ചക്കാണ് അടക്കിയത്. നിന്നെ അറിയിക്കേണ്ടന്നു തോന്നി. അതാണ് വിളിക്കാതിരുന്നത്.’ എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല. അവന്‍ ഒന്നും കേള്‍ക്കാന്‍ ആഗ്രഹിച്ചുമില്ല. ഫോണ്‍ കട്ടായി.

 

 

കുരുമുളകിന്റെ മണം
കുട്ടിക്കാലത്ത് ഞങ്ങളെ അസൂയപ്പെടുത്തിയ കൂട്ടുകാരനുണ്ടായിരുന്നു, സന്തോഷ് എന്നുതന്നെയായിരുന്നു അവന്റെയും പേര്. പ്രായത്തില്‍ എന്നേക്കാള്‍ ഇളപ്പം. മന്ത്രി എന്നാണ് എല്ലാവരും അവനെ വിളിച്ചത്. അത്രയേറെ തന്ത്രശാലിയായിരുന്നു അവന്‍. സ്കൂളില്‍ പഠിക്കുന്ന കാലത്ത് സ്വന്തമായി കച്ചവടം നടത്തി അവന്‍ പണമുണ്ടാക്കി. വീടിനു ചേര്‍ന്നുള്ള മാടത്തില്‍ എല്ലാ നവംബര്‍ മാസത്തിലും സന്തോഷിന്റെ മലഞ്ചരക്ക് കട തുറക്കും. ”പച്ചക്കുരുമുളക് എടുക്കപ്പെടും” എന്ന ബോര്‍ഡാണ് ആദ്യം തൂങ്ങുക. രാവിലെയും വൈകുന്നേരവും സ്കൂള്‍ സമയം കഴിഞ്ഞാണ്് മിക്കവാറും കട തുറക്കുക. അങ്ങനെ പഠനവും വ്യാപാരവും അവന്‍ ഒന്നിച്ചുകൊണ്ടുപോയി. മുണ്ടിയെരുമ കല്ലാര്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് അവന്‍ പഠിച്ചിരുന്നത്. അഞ്ചാംക്ലാസുമുതല്‍ തുടര്‍ച്ചയായി ക്ലാസ് ലീഡറായി ജയിച്ചുകൊണ്ടിരുന്നു. പള്ളിക്കൂടത്തിലെ എസ് എഫ് ഐ നേതാവ്. സ്കൂളിലും പുറത്തും നാട്ടിലെ വായനശാലയിലും അവനെ ചെസ്സുകളിയില്‍ തോല്‍പ്പിക്കാന്‍ വളരെ കുറച്ചുപേരേയുണ്ടായിരുന്നുള്ളു.

മഴ കോരിച്ചൊരിയുന്ന ഒരു വൈകുന്നേരം നാട്ടിലേക്കുള്ള ബസ്സില്‍ തണുത്തു വിറച്ച് കൂനിക്കൂടി ഇരിക്കുകയായിരുന്നു ഞാന്‍. ഹൈറേഞ്ചിലേക്കുള്ള കയറ്റം കുട്ടിക്കാനത്തെത്തിയപ്പോള്‍ വണ്ടിയുടെ ടയര്‍ പഞ്ചറായി. ഇനിയും മൂന്ന് നാല് മണിക്കൂര്‍ യാത്ര ചെയ്യണം, നാട്ടിലെത്താന്‍. വീട്ടിലെത്താന്‍ പിന്നെയും നടക്കണം. ടയര്‍ മാറ്റാന്‍ യാത്രക്കാരെ മുഴുവന്‍ വെളിയില്‍ ഇറക്കി. മഴകൊള്ളാതിരിക്കാന്‍ ഒരു കടയുടെ ഇറയത്ത് കയറിനിന്നു. അവിടെകണ്ട ടെലഫോണ്‍ ബൂത്തില്‍ നിന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ചു. മറു തലയ്ക്കല്‍ പ്രതീക്ഷിച്ചതുപോലെ ഫോണെടുത്തത് ഷാജിയാണ്. ‘എടാ… നിന്നെയൊന്നു കിട്ടാന്‍ നോക്കിയിരിക്കുവാരുന്നു. നമ്മുടെ മന്ത്രി സന്തോഷ് ആത്മഹത്യ ചെയ്തു. കട്ടപ്പനയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് വിഷം കഴിച്ചാണ് മരിച്ചത്. കുറച്ചു ദിവസം കഴിഞ്ഞാണ് ലോഡ്ജുകാരും അറിഞ്ഞത്. ശരീരമാകെ വീര്‍ത്ത് നീലിച്ചിരിക്കുന്നു. പോസ്റ്മോര്‍ട്ടം കഴിഞ്ഞ് രാത്രി എത്തും. ഇന്നു തന്നെ അടക്കാനാണ് പരിപാടി.’
മഴ കോരിച്ചൊരിയുകയാണ്. ‘ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും വരും. അവനെ കാണണം’.

ബസ് പുറപ്പെട്ടു. ശരിക്കും ഞാനവനെ കാണാന്‍ ആഗ്രഹിച്ചില്ല. വീട്ടിലേക്കുള്ള മൂന്നരമണിക്കൂര്‍ യാത്രക്ക് ശരിക്കും മൂന്നുദിവസത്തിന്റെ ദൈര്‍ഘ്യമുണ്ടായിരുന്നു. പത്തുമണിയോടെ ബസ്സിറങ്ങി നടന്നു. മഴ പെയ്തുകൊണ്ടിരുന്നു. താന്നിമൂട്ടിലെത്തിയപ്പോള്‍ സന്തോഷിന്റെ വീട്ടിലേക്ക് പോയാലോ എന്നാലോചിച്ചു. പിന്നെ വേണ്ടെന്നുവച്ചു. നേരേ വീട്ടിലേക്ക് വച്ചുപിടിച്ചു. രാമപുരത്തുകാരുടെ വീടിന്റെ പഠിക്കലെത്തിയപ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടം. സന്തോഷിനെ അടക്കുന്നത് അവിടെയാണ്. അവന്റെ ചേട്ടന്‍ സജന്‍ കുറച്ചുനാള്‍ മുമ്പ് ഇവിടെ കുറച്ച് സ്ഥലം വാങ്ങിയിരുന്നു. ആ മണ്ണിലാണ് സന്തോഷിനെ അടക്കുന്നത്. ഞാന്‍ ഒഴിവാക്കി പോന്നിട്ടും അവന്‍ എന്റെ മുന്നില്‍ വന്നതുപോലെ. മഴപെയ്ത് കുതിര്‍ന്ന മണ്ണിനടിയില്‍ അപ്പോഴേക്കും അവന്‍ മറഞ്ഞുകഴിഞ്ഞിരുന്നു. എത്ര മറഞ്ഞാലും മറക്കാതെ മഞ്ഞിറങ്ങുന്ന ഋതുക്കളിലെല്ലാം പച്ചക്കുരുമുളകിന്റെ ഗന്ധത്തിനൊപ്പം അവന്റെ മുഖം കടന്നുവരും.

 

 

കാലം തൂങ്ങിമരിച്ച മരക്കൊമ്പ്
നാട്ടിലേക്കുള്ള കഴിഞ്ഞയാത്രയിലാണ് മോഹനന്‍ ചേട്ടന്റെ മരണവാര്‍ത്ത അറിഞ്ഞത്. മരിച്ചിട്ട് അന്നേക്ക് നാളേറെയായിരുന്നു. അപ്പുവണ്ണന്റെ മകനായിരുന്നു മോഹനന്‍ ചേട്ടന്‍. ലോഡിംഗ് തൊഴിലാളി. വന്‍മരങ്ങളില്‍ കയറി കമ്പുകള്‍ വെട്ടിയിറക്കാന്‍ മിടുക്കന്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരുവന്‍മരത്തിന്റെ ചില്ലകള്‍ മുറിക്കുമ്പോള്‍ അടിതെറ്റി നിലംപൊത്തി. കൈകാലുകള്‍ ഒടിഞ്ഞ് വാരിയെല്ലുകള്‍ തകര്‍ന്ന് കിടപ്പിലായി. ഒടിവുകള്‍ കൂടിച്ചേര്‍ന്ന് മെല്ലെ നടക്കാമെന്നായ കാലത്താണ് സ്വന്തം ഉടല്‍ ഒരു മരച്ചില്ലയില്‍ തൂക്കി ജീവിതത്തില്‍ നിന്നും അയാള്‍ ഇറങ്ങിപ്പോയത്.

ഞങ്ങളുടെ വീടിന്റെ പടിഞ്ഞാറെ കുന്നിന്റെ മുകളിലായിരുന്നു അപ്പുവണ്ണന്റെ വീട്. പിന്നീടവര്‍ ആ സ്ഥലം വിറ്റ് പാലാറിലേക്ക് പോയി. ഏറെ വര്‍ഷങ്ങള്‍ക്കതുശേഷം മോഹനന്‍ ചേട്ടന്‍ താന്നിമൂട്ടിലേക്ക് തിരിച്ചെത്തി. പകല്‍ എല്ലുമുറിയെ പണിയെടുക്കുന്ന മോഹനന്‍ ചേട്ടന്‍ സന്ധ്യമയങ്ങിയാല്‍ ഷാപ്പിലെത്തും. പിന്നെ ചാരായത്തിന്റെ ലഹരിയില്‍ ആടിയാടിയാണ് വീട്ടിലെത്തുക.

സഖാവായിരുന്നു മോഹനന്‍ ചേട്ടന്‍. അടിയന്തിരാവസ്ഥക്കാലം. താന്നിമൂട് പാലത്തിനക്കരെക്കൂടി പോലീസിന്റെ വണ്ടി പോകുന്നു. മോഹനന്‍ ചേട്ടനും സംഘവും പാലം കയറി ചെന്ന് വഴിയില്‍ വലിയ കല്ലുകള്‍ പിടിച്ചുവെച്ച് വഴി തടഞ്ഞു. ഇന്ദിരക്കെതിരെ പോസ്റര്‍ ഒട്ടിച്ചു. പിന്നെ പാലത്തിനിക്കരെ കാത്തു നിന്നു. പൊലീസ് മടങ്ങിവന്നതും ഇക്കരെ നിന്ന് മുദ്രാവാക്യം മുഴക്കി. ഇന്ദിരക്കും അടിയന്തിരാവസ്ഥക്കും കോണ്‍ഗ്രസിനും പൊലീസിനുമെതിരെ തെറിയഭിഷേകം. പൊലീസ് വണ്ടിക്ക് പാലം കടന്നുവരാനാവില്ല. വീതി കുറഞ്ഞ ചെറിയ പുഴയാണ്. അതിന് കുറുകെ തൂക്കുപാലം നടക്കുമ്പോള്‍ ആടിയുലയും. പാലത്തിലൂടെ അനായാസാസമായി പൊലീസിന് ഓടിയെത്താനും കഴിയില്ല. പൊലീസിനെ കൂക്കി വിളിച്ചും മുണ്ടുപൊക്കിക്കാട്ടി അധിക്ഷേപിച്ചും പ്രകോപിച്ച് ഓടിമറയുന്ന അവര്‍ക്കുമുന്നില്‍ പൊലീസ് ഇളിഭ്യരായി.

അതു കഴിഞ്ഞൊരു പാടു കാലങ്ങള്‍ക്കു ശേഷം, ജീവിതത്തിന്റെ മധ്യാഹ്നം കടക്കുംമുമ്പ് ഒരു മരച്ചില്ലയില്‍ നിന്ന് മോഹനന്‍ ചേട്ടന്‍ മരണത്തിലേക്ക് ചാടിക്കടന്നു.

ഒരു ശത്രുവിന്റെ പിന്‍വാങ്ങല്‍
വീട്ടിലേക്കുള്ള കയറ്റം തുടങ്ങുന്നിടത്താണ് ജബ്ബാര്‍ അണ്ണന്റെ പാക്ക് അട്ടി (അടയ്ക്കാ അരിഞ്ഞ് ചില രാസപഥാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് ഉണക്കിയെടുക്കുന്ന ചെറുകിട വ്യവസായ സംരംഭം) അതിനോട് ചേര്‍ന്ന് ഇസ്മയില്‍ അണ്ണന്റെ ചെറിയ പലചരക്ക് കട. രാവിലെയും വൈകുന്നേരവും ഈ കടയുടെ മുറ്റത്തുണ്ടാകും, നാട്ടിലെ ആണുങ്ങള്‍. രാവിലെ പണിക്കുപോകും മുമ്പുള്ള സംസാരവും മുറുക്കും ബീഡിവലിയും പത്രവായനയും. വൈകുന്നേരം നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞുപറഞ്ഞ് രാവേറെയാകും പിരിയായാന്‍. വീട്ടിലേക്കുള്ള ഓരോ യാത്രയിലും ആദ്യമെത്തുക ഈ നാട്ടുസംഘത്തിന്റെ മുന്നിലാണ്. എല്ലാവരോടും കുശലാന്വേഷണങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പറഞ്ഞ് പരിചയം പുതുക്കിയാണ് വീട്ടിലേക്ക് കയറുന്നത്.

അവിടെ ഒരിക്കലും സംസാരിക്കുകയോ പരിചയഭാവത്തില്‍ ഒന്നു നോക്കുകയോ പോലും ചെയ്യാത്ത ഒരാളുകൂടിയുണ്ടാകും- തങ്കപ്പന്‍. അയ്യപ്പന്‍നായരുടെ മകന്‍. അയാളുടെ കണ്ണുകളില്‍ തികഞ്ഞ പുച്ഛവും അവജ്ഞയും ഞാന്‍ കണ്ടിട്ടുണ്ട്. അയാളുമായി സംസാരിച്ചതിന്റെ നേരിയ ഓര്‍മ്മപോലും എനിക്കില്ല. ഇത്രയും അഹന്തയോടെ ജീവിച്ച മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. അയാളുമായി എന്നെ ബന്ധിപ്പിച്ചതെന്ത്്.? അതൊരു കുട്ടിക്കാലാനുഭവമാണ്.

പറമ്പിന് കുറുകെ ഒഴുകുന്ന തോട്ടിന്റെ കരയിയില്‍ തൂറാനിരുന്ന ചേട്ടനെ ‘തോട്ടുവക്കത്താണോടാ തൂറുന്നത്’ എന്ന് ചോദിച്ച് മുരിക്കും പത്തലുകൊണ്ട് ഈ തങ്കപ്പന്‍ തല്ലി. തല്ലുകൊണ്ട് നിലവിളിച്ചുകൊണ്ട് കുട്ടി ഓടിവന്നത് ഞങ്ങള്‍ കല്ലാറ്റിലമ്മ എന്നുവിളിക്കുന്ന അമ്മൂമ്മയുടെ അടുത്തേക്കാണ്. കുട്ടിയെ ആശ്വസിപ്പിച്ച് ചന്തി കഴുകിച്ച് വീട്ടിലാക്കിയ കല്ലാറ്റിലമ്മ എന്നെയും ഒക്കത്തെടുത്ത് പറമ്പിലേക്കു നടന്നു. തോട്ടുവക്കത്ത് പണിയെടുത്തുകൊണ്ടിരുന്ന തങ്കപ്പനു നേരേ തിരിഞ്ഞ് പറഞ്ഞു^’എന്റെ പിള്ളേര് അവരുടെ പറമ്പില്‍ ഇഷ്ടമുള്ളടത്ത് തൂറും നീ ആരാടാ ചോദിക്കാന്‍….’ അപ്പോള്‍ തന്നെ തങ്കപ്പന്‍ പണി നിര്‍ത്തി പോയി.

അമ്മൂമ്മയുടെ ഒക്കത്തിരുന്ന ഞാനുമായും തല്ലുകൊണ്ട ചേട്ടനുമായും വീട്ടുകാരുമായും അന്നു തുടങ്ങി അയാള്‍ ശത്രുതയിലാണ്. തികഞ്ഞ അവജ്ഞയോടെ അതിലേറെ പുച്ഛത്തോടെ അയാളെ ഞങ്ങളും അവഗണിച്ചു. ഈ അവഗണനകൂടി ചേരുന്നതായിരുന്നു നാട്ടിലേക്കുള്ള ഓരോ യാത്രയും.

മടക്കയാത്രയുടെ ദിവസം രാവിലെ പുറം തിണ്ണയില്‍ വെയില്‍ കാഞ്ഞിരിക്കുമ്പോള്‍ ഞാന്‍ അമ്മയോടു പറഞ്ഞു. ‘ഈ വരവില്‍ എവിടെയും തങ്കപ്പനെ കണ്ടില്ലല്ലോ? അയ്യപ്പന്‍ നായരുടെ മകന്‍.’ അമ്മ സാധാരണമട്ടില്‍ പറഞ്ഞു. ”അപ്പോ നീ അറിഞ്ഞില്ലാരുന്നോ? തങ്കപ്പന്‍ വെഷമടിച്ചു ചത്തു. എന്തോ അസുഖമാരുന്നു. ആശുപത്രീല്‍ പോയിട്ട് വന്ന്, ഏലത്തിനടിക്കാന്‍ വെച്ചിരുന്ന മരുന്നെടുത്തടിച്ചാ ചത്തത്.’ രോഗിയായി ജീവിക്കാന്‍ അയാള്‍ ആഗ്രഹിച്ചില്ല. എന്നതാവാം അയാളുടെ മരണത്തിനുത്തരം. അഹങ്കാരത്തോടെ നെഞ്ചുവിരിച്ച്, പുച്ഛം കലര്‍ന്ന ചിരിയുമായി അവജ്ഞയോടെ ഇനിയെന്റെ വരവുകളെ അവഗണിക്കാന്‍ അയാളിവിടെ ഉണ്ടാവില്ല.

മാവുകള്‍ പൂക്കുന്ന കാലം
പിന്നയുമുണ്ട് മരണങ്ങള്‍, ഓര്‍മ്മിച്ചുവയ്ക്കാന്‍ ഇഷ്ടമില്ലാത്തവ. ബന്ധങ്ങളെ നെടുകെ മുറിച്ച് കടന്നുപോയ തീവ്രമായ ദുരന്തങ്ങള്‍. പൂത്തിരികത്തിച്ച് മാവുകള്‍ പൂത്തുലഞ്ഞുനിന്ന കഴിഞ്ഞ മേടത്തിലൊരു നാള്‍ വീട്ടുമുറ്റത്ത് ഇലകാണാതെ പൂത്തുനിന്ന കോട്ടുകോണന്‍ മാവിന്റെ ചുവട്ടില്‍ നിന്ന് അക്കരെ മലഞ്ചെരിവിലേക്കു നോക്കി. ദിവാകരന്‍ ചേട്ടന്റെ പറമ്പാണത്.
കോട്ടുകോണന്‍ മാവുകളുടെ ഒരു തോട്ടം. പച്ചക്കും മധുരിക്കുന്ന മാങ്ങ. ദിവാകരന്‍ ചേട്ടന്റെ പറമ്പിന്റെ അതിരില്‍ ആ മലഞ്ചെരിവില്‍ നിരയിട്ടുനില്‍ക്കുന്ന മാവുകളില്‍ എത്രയോ വട്ടം കയറിയിട്ടുണ്ട്. മാമ്പഴം തിന്നുമദിച്ച കുട്ടിക്കാലം പൊടുന്നനെ മനസ്സിലേക്കിറങ്ങിവന്നു. ‘ ആ മാവിലൊക്കെ കുട്ടികളിപ്പോഴും കേറാറുണ്ടോ? ‘ ഞാന്‍ തിരക്കി. ‘അങ്ങോട്ടൊന്നും ഇപ്പോഴാരും പോവില്ല. ആ മാങ്കൂട്ടത്തിലാ മണികണ്ഠന്‍ തൂങ്ങിച്ചത്തത്. ‘ വീട്ടില്‍നിന്നു നോക്കിയാല്‍ കാണാവുന്ന മാവിന്‍ കൂട്ടത്തിലെ ഒരു മാവിന്‍ കൊമ്പില്‍ ഒരു പ്രഭാതത്തില്‍ മണികണ്ഠന്‍ തൂങ്ങിനിന്നു.

ദിവാകരന്‍ ചേട്ടന്റെ ഇളയ മകനായിരുന്നു. പട്ടാളത്തിലായിരുന്നു. പിന്നീട് നാട്ടിലെത്തി താന്നിമൂട്ടില്‍ പലചരക്ക് കട നടത്തി. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ എറണാകുളത്ത് കസ്റംസില്‍ ജോലികിട്ടി നാട്ടില്‍ നിന്നും പോയി. പിന്നീട് അവധിക്ക് അപൂര്‍വ്വമായി നാട്ടിലെത്തി. തമ്മില്‍ കണ്ടപ്പോഴൊക്കെ ഒരുപാട് സംസാരിച്ചു. ‘നാട്ടില്‍ ഇങ്ങനെ നില്‍ക്കരുത് പുറത്തുപോയി പഠിക്കണം. ജോലി നേടണം. ഇവിടെ നിന്നാല്‍ മുരടിച്ചുപോകും’^ പലവട്ടം എന്നെ ഉപദേശിച്ചു.
വലിയ സ്വപ്നങ്ങള്‍ തേടി നഗരത്തിലേക്കുപോയ അയാള്‍ എപ്പോഴോ സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തി. കുന്നിന്‍ ചരിവിലെ മാവിന്‍ കൊമ്പില്‍ ജീവിതം കെട്ടിഞാത്തുമ്പോള്‍ ഒരു കുട്ടിക്കാലം അയാളില്‍ മധുരിച്ചിട്ടുണ്ടാവുമോ?

 

 

മരണപര്യന്തം
ഓരോ കയറ്റിറക്കങ്ങളിലും മരണമുണ്ടായിരുന്നു. തോടും പറമ്പും നിറഞ്ഞൊഴുകുന്ന തോരാമഴയത്ത്, കാപ്പിപൂക്കുന്ന മഞ്ഞുകാലത്ത്, കുരുമുളക് വെയിലുകൊണ്ട് കറുത്തു തുടങ്ങുന്ന നട്ടുച്ചകളില്‍… മലഞ്ചെരിവുകളിലെ ആള്‍മറയത്ത്, വീട്ടകങ്ങളിലെ വിജനതയില്‍, ഏലച്ചെടിയുടെ ചുവട്ടിലെ അനാഥമായ തണുപ്പില്‍ ജീവിതം ഉരിഞ്ഞുകളഞ്ഞ ഉടലുകള്‍.
എത്രയെത്ര മരണങ്ങള്‍കൊണ്ടാണ് നമുക്ക് ജീവിതം എഴുതാനാവുക.?

3 thoughts on “മലകയറിവന്ന മരണങ്ങള്‍

  1. Interesting read, but what compelled me to comment here are the photos posted in this article. Amazing work! Congratulations to Aneesh Ans.

    • I liked the last picture, rest are just fine. The last one is trying to tel me someting – I am not able to comprehed it though. There is a message in that picture, for sure.

Leave a Reply

Your email address will not be published. Required fields are marked *