on line ജീവിതത്തിന്റെ മറ്റത്

എന്റെ എഴുത്തുകള്‍ ഇനിയും aggressive ആകാന്‍ തുടങ്ങി. എന്റെ പ്രതികരണങ്ങള്‍ ശക്തമായ ഭാഷയിലായി. ആരെയെന്നോ എന്തെന്നോ നോക്കാതെ എഴുതാന്‍, ആവശ്യമെന്നു തോന്നിയാല്‍ തെറി ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ വസ്ത്രധാരണത്തില്‍ മാറ്റം വരുകയും ആ മാറ്റം ഞാന്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇത് ആദ്യമൊക്കെ പെട്ടെന്നുണ്ടായ ആ മോചനത്തിനെ ആഘോഷിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷെ പിന്നീട് മനസ്സിലായി ഞാന്‍ അങ്ങനെത്തന്നെയായിരുന്നെന്ന്. പണ്ടത്തെ പല എഴുത്തുകളിലും ഇതേ ആഘോഷം കണ്ടതുകൊണ്ടാണത്-നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’ കവര്‍സ്റ്റോറിക്ക് ഒരനുബന്ധം കൂടി. അഖില ഹെന്റി എഴുതുന്നു

 

 

എന്റെ തലമുറയെപ്പറ്റി എല്ലാവരും സംസാരിക്കുമ്പോള്‍ പറയാറ് കംപ്യൂട്ടര്‍ പരിജ്ഞാനവുമായി ജനിച്ചു വീണവരെന്നോ മറ്റോ ആണ്. പറയണത് കേട്ടാ തോന്നും ഇപ്പറഞ്ഞ സാധനം എന്തോ തെറിയാണെന്ന്. ഏതായാലും, ഈ അശ്ലീലം കൊണ്ട് ജനിച്ചുവീണവരെന്ന് പറയപ്പെടുന്ന തലമുറയില്‍പ്പെട്ട എനിക്ക് വലിയ കമ്പ്യൂട്ടര്‍ പരിജ്ഞാനമൊന്നും ഇല്ല. ഓണ്‍ലൈന്‍ ലോകത്തേക്കെത്തിപ്പെടുന്നത് ഏതെങ്കിലും ഇന്റര്‍നെറ്റ് കഫേയില്‍ നിന്നായിരിക്കണം. +1 ല്‍ പഠിക്കുമ്പോഴാണ് ഇത്. ഏതോ പത്രത്തില്‍ വന്ന ‘എങ്ങനെ മലയാളത്തില്‍ ബ്ലോഗാം’ എന്ന കുറിപ്പും വെച്ചാണ് പോകുന്നത്. അപ്പൊ ഓര്‍ക്കുട്ടിന്റെ കാലമായിരുന്നു. എന്നാലും കുറെ കഴിഞ്ഞാണ് ഞാന്‍ ഓര്‍ക്കുട്ടില്‍ പോലും സജീവമാകുന്നത്. ഡിഗ്രി ഒന്നാം വര്‍ഷംമുതലാണ് എന്റെ യഥാര്‍ത്ഥ ഓണ്‍ലൈന്‍ ജീവിതം തുടങ്ങുന്നതെന്ന് പറയാം. അപ്പഴാണ് പല ഓണ്‍ലൈന്‍ സൈറ്റുകളെക്കുറിച്ചറിയുന്നതും ഫേസ്ബുക്കറാകുന്നതും, പ്രേമബന്ധങ്ങളെല്ലാം ഓണ്‍ലൈന്‍ സംഭാഷണങ്ങളിലേയ്ക്ക് തിരിച്ചുവിടുന്നതും (ബില്ലടയ്ക്കാഞ്ഞാ ഫോണ്‍ കട്ട് ചെയ്യണ പരിപാടി ബി എസ് എന്‍ എല്ലിനുണ്ടായിരുന്നോണ്ടേ) എന്തിന് പോണ്‍ കാണുന്നതുവരെ.

ഏതായാലും അത് ഒരു തുടക്കമായിരുന്നു. പല പല വായനകളിലേയ്ക്ക്, എഴുത്തിലേയ്ക്ക്, സിനിമകളിലേയ്ക്ക് അങ്ങനെയങ്ങനെ. സ്ത്രീകളുടെ ഓണ്‍ലൈന്‍ ജീവിതത്തെക്കുറിച്ച് പറയുമ്പഴൊക്കെ അത് അവര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. പക്ഷെ ഇത് സ്വാഭാവികമായി സംഭവിക്കുന്ന ഒരു കാര്യമൊന്നുമല്ല. ഓണ്‍ലൈനായി സ്വാതന്ത്യ്രം അനുഭവിക്കുന്ന ഓരോ സ്ത്രീയും അത് എവിടെനിന്നൊക്കെയോ നേടിയെടുത്തതാണ്. എന്റെ ക്ലാസ്സിലെ പലരും അവരുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യാറില്ല. ഈയിടെ ഒരു സുഹൃത്ത് രാത്രി ഏറെ വൈകി എന്നെ വിളിച്ച് പറഞ്ഞു അവളുടെ ഫോട്ടോസ് ഒന്ന് റിമൂവ് ചെയ്യണമെന്ന്. അതൊരു ഗ്രൂപ് ഫോട്ടോയായിരുന്നതുകൊണ്ടും എനിക്ക് അതില്‍ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും തോന്നാഞ്ഞതുകൊണ്ടും എന്താണ് കാരണമെന്ന് ഞാനവളോട് ചോദിച്ചു. അവളുടെ നിക്കാഹ് കഴിഞ്ഞതാണ്. ഫോട്ടോയില്‍ അവളുടെ തട്ടം സ്ഥാനം മാറിയാണ് കിടക്കുന്നതെന്ന് ഭര്‍ത്താവിന്റെ വീട്ടുകാരും ഭര്‍ത്താവും കണ്ടുപിടിച്ചു. അതുകൊണ്ടാണത്രേ.

ഇത് ഓണ്‍ലൈന്‍ സ്വാതന്ത്ര്യത്തെക്കാളും ഇനിയും വലിയ വേറെ സ്വാതന്ത്ര്യങ്ങളുമായാണ് ബന്ധപ്പെട്ടുകിടക്കുന്നതെന്നു വിചാരിക്കാം. എന്നാല്‍ പാസ്വേഡ് കൈക്കലാക്കി വെയ്ക്കുന്ന (വിശ്വസ്തതയുടെ സൂചകമായി) ഭര്‍ത്താക്കന്മാരും കാമുകന്മാരും (? ) അവരോ? ഒരു കാമുകന്‍ എന്റെ സുഹൃത്തിന്റെ ഫേസ്ബുക് എക്കൌണ്ട് ഡിലീറ്റ് ചെയ്തുകളഞ്ഞു. വേറെ ബന്ധങ്ങളൊന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയില്‍.

വേറെയുമുണ്ട് കഥകള്‍. സംശയരോഗിയായ കാമുകനില്‍ നിന്ന് അപ്ഡേറ്റുകള്‍ മറച്ചുവെയ്ക്കാനാണ് സുഹൃത്ത് അയാളെ ബ്ലോക് ചെയ്യുന്നത്. എന്നാലതിനുശേഷം അയാള്‍ ഞങ്ങളുടെ, അതായത് അവളുടെ സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ നോക്കി അതില്‍ നിന്ന് അവള്‍ എപ്പോള്‍ എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കി അവള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഞങ്ങളെല്ലാവരും അയാളെ ബ്ലോക് ചെയ്തിരിക്കുന്നു. കഥകളങ്ങനെ പോകുന്നു. ഈ പ്രശ്നങ്ങളൊന്നും എനിക്കേതായാലും ഇല്ല. ഇപ്പോഴില്ല എന്ന് പറയുന്നതാകും ശരി.

ഇങ്ങനെയൊരു കാലഘട്ടം എനിക്കുമുണ്ടായിരുന്നു. എന്റെ എഴുത്തിനെ പരിഹസിക്കുകയും, എന്റെ പെണ്‍ സുഹൃത്തുക്കള്‍ കമന്റ് ചെയ്താല്‍ അവരെ പരസ്യമായി ലെസ്ബിയനെന്ന് വിളിക്കുകയും (ആണോ അല്ലയോ എന്നതിനെക്കുറിച്ചൊരറിവുമില്ലാതെ, എന്നാല്‍ ലെസ്ബിയന്‍ എന്നാല്‍ തെറിയാണെന്ന് വിശ്വസിച്ച്) എന്റെ പാസ്വേഡ് വാങ്ങി ഭൂതകാലം ചികഞ്ഞ് പുതിയ കഥകള്‍ മെനയുകയുമൊക്കെ ചെയ്തിരുന്ന ഒരു കാമുകന്‍ എനിക്കുമുണ്ടായിരുന്നു. പക്ഷെ അതിനുശേഷം, അതില്‍ നിന്ന് പുറത്തുവന്നതിനുശേഷം എന്റെ സ്വാതന്ത്ര്യം തിരിച്ചുപിടിച്ചതിനുശേഷം, എനിക്കുണ്ടായ മാറ്റം വലുതാണ്.

എന്റെ എഴുത്തുകള്‍ ഇനിയും aggressive ആകാന്‍ തുടങ്ങി. എന്റെ പ്രതികരണങ്ങള്‍ ശക്തമായ ഭാഷയിലായി. ആരെയെന്നോ എന്തെന്നോ നോക്കാതെ എഴുതാന്‍, ആവശ്യമെന്നു തോന്നിയാല്‍ തെറി ഉപയോഗിക്കാന്‍ തുടങ്ങി. എന്റെ വസ്ത്രധാരണത്തില്‍ മാറ്റം വരുകയും ആ മാറ്റം ഞാന്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇത് ആദ്യമൊക്കെ പെട്ടെന്നുണ്ടായ ആ മോചനത്തിനെ ആഘോഷിക്കുന്നതാണെന്നാണ് കരുതിയത്. പക്ഷെ പിന്നീട് മനസ്സിലായി ഞാന്‍ അങ്ങനെത്തന്നെയായിരുന്നെന്ന്. പണ്ടത്തെ പല എഴുത്തുകളിലും ഇതേ ആഘോഷം കണ്ടതുകൊണ്ടാണത്.

അപ്പഴാണ് എത്ര പേര്‍ക്കാണ് എന്റെ സദാചാരമില്ലായ്മയോട് ശരിക്കും പ്രശ്നമുള്ളതെന്ന് മനസ്സിലാവുന്നത്. കോളജിലെ പലര്‍ക്കും എന്റെ പോസ്റുകളും ചിത്രങ്ങളും പിടിച്ചില്ല. അവര്‍ ഇതൊക്കെ പ്രിന്‍സിപ്പാളിനു മുമ്പില്‍ വരെ എത്തിച്ചു എന്നാണറിയാന്‍ കഴിഞ്ഞത്. പ്രിന്‍സിപ്പാളിന് വേറെ തിരക്കുകളുള്ളതുകൊണ്ടും ഇത്തരം കാര്യങ്ങള്‍ക്ക് കളയാന്‍ സമയമില്ലാത്തതുകൊണ്ടും ആയിരിക്കണം, എന്നോടാരും ഒന്നും ചോദിക്കാന്‍ വന്നില്ല.

പിന്നെ സുഹൃത്തുക്കളുടെ സുഹൃത്തുക്കള്‍. എന്റെ ഏതോ പോസ്റ് കണ്ട് കാമുകനോട് സുഹൃത്ത് വിളിച്ചു പറഞ്ഞു, എന്റെ എക്കൌണ്ട് ആരോ ഹാക്ക് ചെയ്തിരിക്കുന്നു, ഞാന്‍ മുഴുവന്‍ അശ്ലീലമാണെഴുതുന്നതെന്ന്. രണ്ട് പ്രാവശ്യം അങ്ങിനെയുണ്ടായി. സഹിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇറങ്ങിപ്പൊയ്ക്കോളുക എന്നതാണ് ഇപ്പോഴത്തെ എന്റെ നിലപാട്.

പിന്നെ എന്തെങ്കിലും ഒന്ന് പോസ്റ് ചെയ്താല്‍ ഫെമിനിസ്റ് എന്ന് വിളിക്കുന്നവര്‍. ഫെമിനിസ്റ് എല്ലാവര്‍ക്കും തെറിയാണ്. അത് പറഞ്ഞാപ്പിന്നെ നമ്മള് ഡിഫെന്‍സിവ് ആവും എന്നുറപ്പുള്ളതുപോലെ. എനിക്ക് ഫെമിനിസ്റ് തിയറി എന്താണെന്നോ അതിലെ മൂവ്മെന്റുകളെന്താണെന്നോ കൃത്യമായി അറിയില്ല. എന്നാലും പെണ്ണ് വാ തുറന്ന് സംസാരിക്കുന്നതാണ് ഫെമിനിസമെങ്കില്‍. അതെ, ഞാന്‍ ഫെമിനിസ്റാണ്. എനിക്ക് ഫെമിനിസം തെറിയല്ല.

 

painting: Elizabeth Rozen

 

ഒരുപാട് സ്നേഹം തോന്നുന്ന പല സൌഹൃദങ്ങളും എനിക്കുണ്ടായി. അതൊക്കെയാണ് ഓണ്‍ലൈെന്‍ ജീവിതം മനോഹരമാക്കുന്നത്. ഇഞ്ചിപ്പെണ്ണിനെയും ആഗ്നേയ ഫെമിനയെയും ശാരദക്കുട്ടി മധുകുമാറിനെയും കാലികോ സെന്റ്റിക്കിനെയും ഗീഥ ഫ്യോദോറിനെയും പരിചയപ്പെട്ടു. പല ഓണ്‍ലൈന്‍ സുഹൃത്തുക്കളെയും നേരിട്ടുകണ്ടു. സുഹൃത്തുക്കളായിരുന്ന പലരും തനിനെറം കാണിക്കാന്‍ തുടങ്ങിയപ്പോള്‍ സുഹൃത്തുക്കളല്ലാതായി. ചില പരിഭവങ്ങള്‍. എല്ലാം വളരെ പെട്ടന്ന് സംഭവിക്കുന്നു. ഓരോ ദിവസവും പല സംഭാഷണങ്ങള്‍, പുതിയ അറിവുകള്‍, കാഴ്ചകള്‍.

യഥാര്‍ത്ഥ ജീവിതത്തിനേക്കാള്‍ കൂടുതല്‍ എന്നെ സഹായിച്ചിട്ടുള്ളത് ഓണ്‍ലൈന്‍ സുഹൃത്തുക്കളാണ്. പല രീതിയില്‍ പല ആവശ്യങ്ങള്‍ക്ക് . ഇപ്പോഴിങ്ങനെ മലയാളം ഗുമഗുമാന്ന് ടൈപ് ചെയ്യുന്നതുവരെ അത്തരം സഹായം കൊണ്ടാണ് 🙂 കോളെജിനുള്ളില്‍ത്തന്നെയുള്ള ഓണ്‍ലൈന്‍ കൂട്ടുകെട്ടും രസകരമാണ്. തലേന്ന് മാത്രം പരീക്ഷയ്ക്ക് പഠിക്കാന്‍ തുടങ്ങുന്ന ഞങ്ങള്‍ പാഠങ്ങളേതാണെന്ന് ചോദിച്ചുമനസ്സിലാക്കുന്നതുവരെ ഓണ്‍ലൈനായാണ്. പല കാര്യങ്ങളും കുഞ്ഞ് കുഞ്ഞ് സന്തോഷം തരും. ഇഷ്ടമുള്ള ആരെങ്കിലും നമ്മുടെ എഴുത്ത് ഷെയര്‍ ചെയ്യുന്നത് കണ്ടാലും മറ്റും.

പിന്നെ ഈ അടുത്ത് സന്തോഷിച്ചത് കൊറച്ചൊരു പിശാചുജോലിക്കാണ്. ധ്യാനവും മറ്റുമായി വളരെ നല്ല രീതിയില്‍ കത്തോലിക്കാ ഭക്തി ജീവിതം നയിച്ചു വന്നിരുന്ന എന്റെ സുഹൃത്തിനൊരിക്കല്‍ ഭയങ്കര ദേഷ്യം വന്ന ഒരു അനുഭവമുണ്ടായി. സ്റാറ്റസ് അപ്ഡേറ്റ് ചെയ്ത് എല്ലാരെയും തെറി വിളിച്ച് പണ്ടാരടക്കാന്‍ തൊടങ്ങിയപ്പ അവള്‍ക്കൊരു ശങ്ക അതിന് ഉശിരു പോരെങ്കിലോ എന്ന്. അവള്‍ ആദ്യം സമീപിച്ചതുതന്നെ എന്നെയാണ്. എഴുതിക്കൊടുത്തു ഒരെണ്ണം. അതിനടിയില്‍ അവളുടെ ബന്ധുക്കളുടെയും മറ്റും അന്ത വിട്ടുള്ള കമന്റുകള്‍ കണ്ടപ്പോളെന്റെ മനസ്സിലു പൊട്ടിയ ലഡു ആണ് ലഡു 🙂

ചിലപ്പോഴൊക്കെ മടുപ്പ് തോന്നും. പെട്ടന്നു തന്നെ അതില്ലാതാവും. ഏതായാലും മൂന്ന് വര്‍ഷം കൊണ്ടുണ്ടായ മാറ്റങ്ങളില്‍ എനിക്ക് സന്തോഷമേയുള്ളു. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പുതുമകളായി, അല്ലെങ്കില്‍ ഒട്ടും പുതുമയില്ലാതെ ഈ ജീവിതം മുന്നോട്ട് പോകുന്നത് നോക്കി നില്‍ക്കാന്‍ രസമുള്ള ഒരു കാഴ്ച തന്നെ.

17 thoughts on “on line ജീവിതത്തിന്റെ മറ്റത്

 1. എഴുതിയത് പലരുടെയും ജീവിതമാണ്, പലരുടെയും മനസിലെ ചിന്തകളാണ്…നല്ല എഴുത്ത്…നന്ദി 🙂

 2. എന്നാലും പെണ്ണ് വാ തുറന്ന് സംസാരിക്കുന്നതാണ് ഫെമിനിസമെങ്കില്‍. അതെ, ഞാന്‍ ഫെമിനിസ്റാണ്. എനിക്ക് ഫെമിനിസം തെറിയല്ല.
  പല സഹോദരിമാരുടെയും അനുഭവം ഇതാണ്.. എന്ത് ചെയ്യാം കാലം കഴിയും തോറും നമ്മുടെ സമൂഹം കൂടുതല്‍ പിന്തിരിപന്‍ ആകുകയാണ്…..

 3. ഞാന്‍ ഉള്‍പ്പടെയുള്ള ആണുങ്ങള്‍ ജനാധിപത്യത്തിന്റെ, പല വശങ്ങളും പഠിയ്ക്കുന്നത് , എന്ത് മാത്രം ഉള്ളില്‍ മെയില്‍ ചോവനിസം വറ്റാതെ കിടപ്പുണ്ട് എന്നോകെ അറിയാന്‍ കഴിയുന്നത് നിങ്ങളെ പോലുള്ളവരുടെ കൂസലില്ലായ്മ കാണുമ്പോള്‍ ആണ് .
  ചുമ്മാ തകര്‍ക്കന്നെ … അല്ല പിന്നെ …

  ഓഫ്‌ അടിയ്ക്കുന്നതില്‍ ക്ഷമിയ്ക്കൂ: ഞാന്‍ ഓര്‍ത്തു കുട്ടിയുടെ പേര് ശരിയ്ക്കും കുഞ്ഞില എന്നായിരിയ്ക്കും എന്ന് .. അഖില എന്നാ പേരിലും നല്ലത് അത് തന്നെ 🙂

 4. എന്റെ എഴുത്തിനെ പരിഹസിക്കുകയും, എന്റെ പെണ്‍ സുഹൃത്തുക്കള്‍ കമന്റ് ചെയ്താല്‍ അവരെ പരസ്യമായി ലെസ്ബിയനെന്ന് വിളിക്കുകയും (ആണോ അല്ലയോ എന്നതിനെക്കുറിച്ചൊരറിവുമില്ലാതെ, എന്നാല്‍ ലെസ്ബിയന്‍ എന്നാല്‍ തെറിയാണെന്ന് വിശ്വസിച്ച്) എന്റെ പാസ്വേഡ് വാങ്ങി ഭൂതകാലം ചികഞ്ഞ് പുതിയ കഥകള്‍ മെനയുകയുമൊക്കെ ചെയ്തിരുന്ന ഒരു കാമുകന്‍ എനിക്കുമുണ്ടായിരുന്നു.

  ഇതൊക്കെ ആര് വായിക്കാനാണ് നാലാമിടത്തില്‍ ഇടുന്നത്?

 5. “എന്റെ എഴുത്തുകള്‍ ഇനിയും aggressive ആകാന്‍ തുടങ്ങി. എന്റെ പ്രതികരണങ്ങള്‍ ശക്തമായ ഭാഷയിലായി.”
  അഖില കരുതുന്നതുപോലെ തന്നായിരിക്കട്ടെ എന്നാശംസിക്കുന്നു.
  ഇവിടെ ആരും നടുങ്ങുന്നില്ല. നടുക്കം ഭാവിക്കുന്നേയുള്ളു.

 6. സ്ത്രീ പുരുഷ സമത്വം അതിനെ കുറിച്ച് ആളുകള്‍ വാ തോരാതെ സംസാരിക്കും..എന്നാല്‍ സ്വന്തം കാര്യം വരുമ്പോള്‍ അവിടെ യാദസ്തിക ചിന്ത ആകും..ഇത് ആണ് സമൂഹത്തില്‍ കണ്ടു വരുന്നത്…ഇന്റര്‍നെറ്റ്‌ അവള്‍ക്കു ഒരു ലഹരി ആണ്…അവിടെ അവള്‍ സ്വാതന്ത്ര്യം കൊണ്ടാടുന്നു…എന്നാല്‍ ഇത് പൊതു ജീവിതത്തില്‍ തന്ടെടം ആയ നിലപാട് സ്വീകരിച്ച തസ്നി ബാനു വിന്റെ പോലെ അല്ല…ജീവന്‍ ടി വി യില്‍ അവരെ കുറിച്ച് ഒരു പരിപാടി വന്നിരുന്നു…വളരെ നല്ല ഒന്ന് ആയിരുന്നു അത്…രാത്രി എറണാകുളം ബസ്‌ സ്റ്റാന്റ് ല് വെച്ചു ആണ് അതിന്റെ കൂടുതലും ചിത്രീകരിച്ചിരിക്കുന്നത്…ഒരു പുതിയ ദ്രിശ്യ അനുഭവം ആയിരുന്നു അത്….

 7. യഥാര്‍ത്ഥത്തില്‍ പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ അഖില തനിക്കറിയാവുന്ന ഭാഷയില്‍ എഴുതിയതില്‍ ഒരു തെറ്റുമില്ല. സ്വന്തം അക്ഷരസ്ഫുടതയില്‍ സംശയിച്ചുകൊണ്ട്‌ ജീവിതകാലം മുഴുവന്‍ നിശബ്ദത പാലിക്കുന്ന മണ്ടത്തരത്തെക്കാള്‍ എത്രയോ ഭേദമാണ് അറിയുന്ന രീതിയില്‍ തെറ്റുകളോടെ സംസാരിച്ചു തുടങ്ങിയിട്ട് കുറേശെ ശരിക്ക് സംസാരിക്കാന്‍ പഠിക്കുന്നത്?!!

 8. this story mainly concetrated on facebook updates by a girl who thinks internet is society and society is full of online users.

Leave a Reply

Your email address will not be published. Required fields are marked *