‘ദി ആര്‍ടിസ്റ്റ്’: ഈ മൌനം വാചാലം

പോയ വര്‍ഷം ലോകം ഏറെ ചര്‍ച്ച ചെയ്ത ‘ദി ആര്‍ടിസ്റ്റ്’ എന്ന മുഴുനീള നിശബ്ദ സിനിമയെക്കുറിച്ച് ഇതിനകം നിരൂപണങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. കൈയടികളും വിമര്‍ശനങ്ങളും സുലഭം. എണ്ണം പറഞ്ഞ നിരൂപകരും കലാകാരന്‍മാരും പങ്കാളികളായ ആ പ്രവാഹത്തില്‍ ചെന്നു നില്‍ക്കാനുള്ള ശ്രമമല്ല ഈ കുറിപ്പ്. ഒരര്‍ഥത്തില്‍ സിനിമയെക്കുറിച്ചേയല്ല ഈ ആലോചന. അക്കാദമിയെക്കുറിച്ചാണ്. പുരസ്കാരത്തെക്കുറിച്ചാണ്. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹോളിവുഡിനും അക്കാദമിക്കുമിടയില്‍ നിലനില്‍ക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളെക്കുറിച്ചാണ്-ദൃശ്യമാധ്യമ പ്രവര്‍ത്തക അനുപമയുടെ പംക്തി ആരംഭിക്കുന്നു

 

 

നിശ്ശബ്ദ സിനിമകളില്‍നിന്ന് ശബ്ദ സിനിമകളിലേക്കുള്ള ചരിത്ര പരിണാമത്തിന്റെ കാറ്റ് വീശിയത് ചലച്ചിത്രത്തിന്റെ സാങ്കേതിക വശങ്ങളില്‍ മാത്രമായിരുന്നില്ല. സിനിമയുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവും വൈയക്തികവുമായ മറ്റ് അടരുകളിലും അത് വ്യാപക ഫലങ്ങള്‍ സൃഷ്ടിച്ചു. സിനിമാ ചരിത്രത്തിന്റെ അലകും പിടിയും മാറിയപ്പോള്‍ അണിയറയിലെ അനേകം മനുഷ്യരുടെ ജീവിതങ്ങളും കടലിളക്കങ്ങളില്‍ പെട്ടു. മനുഷ്യര്‍ ഇടപെടുന്ന ഒരിടത്ത് നടക്കുന്ന സര്‍ഗാത്മക പ്രക്രിയ എന്ന നിലക്ക് സിനിമയില്‍ അത് സ്വാഭാവികവുമാണ്. ഈ സ്വാഭാവികതയിലെ അസാധാരണ വഴികള്‍ തിരയുകയാണ്’ദി ആര്‍ടിസ്റ്റ്’ എന്ന മുഴുനീള നിശബ്ദ ചിത്രം. സിനിമാ ചരിത്രത്തിലെ സുപ്രധാനമായ പരിണാമ ഘട്ടം ഒരു കലാകാരന്റെ ജീവിതത്തിലൂടെ അടയാളപ്പെടുത്തുന്നു, പോയ വര്‍ഷത്തെ മികച്ച ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയ ഈ ചിത്രം.

നിശ്ശബ്ദത കൊണ്ട് മാത്രം പ്രേക്ഷകരോട് സംവദിച്ച കലാകാരന്‍മാരുടെ സംഘര്‍ഷഭരിതമായ പരിണാമ ദശയാണ് ചിത്രത്തില്‍. ശബ്ദത്തിനും നിശ്ശബ്ദതക്കുമിടയില്‍, നടപ്പു ശീലങ്ങള്‍ക്കും മാറ്റത്തിനുമിടയില്‍, ജീവിതത്തിനും വിപണിക്കുമിടയില്‍ ഒറ്റപ്പെട്ടുപോവുന്ന കലാകാരന്റെ നിസ്സഹായതയുടെയും അതിജീവനങ്ങളുടെയും കഥയാണത്. നിശ്ശബ്ദ സിനിമയുടേയും നടന്റേയും ഉജ്വലകാലം, ശബ്ദ സിനിമകളുടെ വരവ്, അത് അംഗീകരിക്കാനാവാതെ പരാജയപ്പെട്ടു പോകുന്ന കലാകാരന്‍, സാങ്കേതിക വളര്‍ച്ചയും കലാകാരനും തമ്മിലെ സംഘര്‍ഷം- ഇതാണ് ദി ആര്‍ട്ടിസ്റിന്റെ പ്രമേയം.

പുരസ്കാര പട്ടികയില്‍ വന്നപ്പോള്‍ തന്നെ കരുതിയിരുന്നു, ഈ സിനിമ കാണണമെന്ന്. വൈകാതെ അവസരം ലഭിച്ചു. മാറിവരുന്ന സിനിമയുടെ കൂടെ എന്നും സഞ്ചരിക്കുന്ന അമേരിക്കയില്‍ നിരവധി ശാഖകളുള്ള റേവ് മോഷന്‍ പിക്ചേഴ്സില്‍ വീണ്ടുമെത്തിയപ്പോള്‍ പതിവില്‍ കവിഞ്ഞ തിരക്കുമുണ്ടായിരുന്നു. ആദ്യം കണ്ടപ്പോള്‍ തോന്നിയ ചില സന്ദേഹങ്ങള്‍ അക്കാദമി അവാര്‍ഡോടെ കൂടി. അതിനാലായിരുന്നു സിനിമയിലേക്കുള്ള രണ്ടാം യാത്ര.

 

 

പ്രശംസകളുടെ രാഷ്ട്രീയം
പോയ വര്‍ഷം ലോകം ഏറെ ചര്‍ച്ച ചെയ്ത ഈ സിനിമയെക്കുറിച്ച് ഇതിനകം നിരൂപണങ്ങള്‍ ഏറെ വന്നു കഴിഞ്ഞു. കൈയടികളും വിമര്‍ശനങ്ങളും സുലഭം. എണ്ണം പറഞ്ഞ നിരൂപകരും കലാകാരന്‍മാരും പങ്കാളികളായ ആ പ്രവാഹത്തില്‍ ചെന്നു നില്‍ക്കാനുള്ള ശ്രമമല്ല ഈ കുറിപ്പ്. ഒരര്‍ഥത്തില്‍ സിനിമയെക്കുറിച്ചേയല്ല ഈ ആലോചന. അക്കാദമിയെക്കുറിച്ചാണ്. പുരസ്കാരത്തെക്കുറിച്ചാണ്. അതിന്റെ രാഷ്ട്രീയത്തെക്കുറിച്ചാണ്. ഹോളിവുഡിനും അക്കാദമിക്കുമിടയില്‍ നിലനില്‍ക്കുന്ന ദൃശ്യവും അദൃശ്യവുമായ കണ്ണികളെക്കുറിച്ചാണ് ഈ നിരീക്ഷണം.

ശരിയാണ്, എളുപ്പം വിശദീകരിക്കാന്‍ സാധിക്കാത്ത ദൃശ്യ വിസ്മയം തന്നെയാണ് മൈക്കള്‍ ഹാസ്നിവസ് സംവിധാനം ചെയ്ത ഈ ചിത്രം. കേവലം പരീക്ഷണത്തിനോ വ്യത്യസ്തതയ്ക്കോ വേണ്ടി ഒരു വെല്ലുവിളി ഏറ്റെടുത്ത് നടപ്പാക്കുകയല്ല സംവിധായകന്‍. ചരിത്രത്തിലൂടെയുള്ള ഒരു യാത്രയാണിത്. സാങ്കേതിക മാറ്റങ്ങളുടെ ചരിത്രപരമായ വായനയും. അതോടൊപ്പം തിരക്കഥ, സംവിധാനം, അഭിനയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഈ ചിത്രം ഏറെ മുന്നിലാണ്. ഇക്കാര്യങ്ങള്‍ അക്കാദമി പാടിപ്പുകഴ്ത്തുന്നുമുണ്ട്.

ഇത് സ്വാഭാവികമാണെങ്കിലും ഹോളിവുഡിന്റെ സാങ്കേതിക പരിണാമങ്ങളുടെ ചരിത്രത്തില്‍ അക്കാദമിയുടെ ഇടം തിരിച്ചറിയുമ്പോള്‍ ഈ പ്രശംസകളില്‍ അസ്വാഭാവികമായത് ചിലതില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ചില കാര്യങ്ങളില്‍ ഊന്നുകയും മറ്റ് ചില കാര്യങ്ങള്‍ മറച്ചു പിടിക്കുകയും ചെയ്യുന്ന അതിപുരാതന കലാപരിപാടി ഈ പ്രശംസാവാചകങ്ങള്‍ക്ക് പിറകിലുണ്ടെന്ന് സംശയിക്കാനുള്ള സാധ്യതകള്‍ മുന്നിലെത്തുന്നു. ഈ ധാരണകളാണ് ‘ദ ആര്‍ട്ടിസ്റ്റ്’ വീണ്ടും കാണാന്‍ പ്രേരിപ്പിച്ചത്. കലാരൂപം എന്ന നിലയിലും വ്യവസായം എന്ന നിലയിലും സിനിമക്കൊപ്പം അതിവേഗം പായുന്നതിനിടെ, ഹോളിവുഡ് ഒരുപാടു കലാകാരന്മാരെ ചവിട്ടിമെതിച്ചതിന് കലാപരമായ ന്യായീകരണം ചമക്കുകയാണ് ഈ സിനിമയെന്ന തോന്നല്‍ ഇതോടെ കൂടി. ഇത്രയധികം പുരസ്കാരങ്ങള്‍ ‘ദി ആര്‍ട്ടിസ്റിന്റെ അലമാരയിലെത്തിയതിനു പിന്നില്‍ അക്കാദമിയുടെയും ഹോളിവുഡിന്റെയും രാഷ്ട്രീയ നിലപാടുകളും കാരണമാവാം എന്നുറച്ചു.

 

 

നിശ്ശബ്ദതക്കും ശബ്ദത്തിനുമിടയില്‍
ലോകമറിയുന്ന നിശബ്ദ ചിത്രതാരവും ആരാധകരുടെ പ്രിയങ്കരനുമായ ജോര്‍ജ് വലന്റൈന്‍ എങ്ങനെ ശബ്ദത്തിന്റേയും സംഭാഷണത്തിന്റേയും ഇരയായി മാറി എന്നു വിശദമായി ‘ദി ആര്‍ട്ടിസ്റ്’ പറഞ്ഞുതരുന്നു. 20കളുടെ അവസാനം ഉടലെടുത്ത ഒരു സാങ്കേതിക വിദ്യ സിനിമാലോകത്തെ സമ്പന്നമാക്കിയപ്പോള്‍ ശബ്ദത്തിലേക്കുയരാന്‍ കഴിയാത്ത ഒരു പിടി കലാകാരന്മാരോട് ഹോളിവുഡ് എങ്ങനെ പെരുമാറി എന്നും ഈ സിനിമ ഒച്ചയും ബഹളവുമില്ലാതെ നമ്മളെ ബോധ്യപ്പെടുത്തുന്നു.

പഴയത് പുതിയതിനായി വഴി മാറുമ്പോള്‍ കഴിയുമെങ്കില്‍ അത് സ്വീകരിച്ചു മുന്നോട്ടു പോവുക, അല്ലെങ്കില്‍ ആ നൊസ്റാല്‍ജിയയെ നെഞ്ചോട് ചേര്‍ത്ത് മുരടിക്കുക. മാറുന്ന ലോകത്തിനനുസരിച്ച് മാറാന്‍ സന്നദ്ധനാവുക, അല്ലെങ്കില്‍ മാറ്റത്തിനു തടസമാകാതെ വഴിയില്‍ നിന്നു മാറിക്കൊടുക്കുക. ഈ ക്യാപ്പിറ്റലിസ്റ് യാഥാര്‍ഥ്യത്തോട് കലഹിക്കാന്‍ ശ്രമിക്കുകയും പിന്നീട് ‘മര്യാദ’ പഠിക്കുകയും ചെയ്യുകയാണ് ജോര്‍ജ് വലന്റൈന്‍ എന്ന നിശ്ശബ്ദ ചലച്ചിത്ര താരം. ശബ്ദ സിനിമയുടെ വരവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് തൊട്ടു മുമ്പുള്ള വര്‍ഷങ്ങളിലെ അയാളുടെയും നിശബ്ദ സിനിമകളുടേയും ഉജ്വല വേളകള്‍ ചിത്രം പകര്‍ത്തുന്നു. നിശബ്ദതയില്‍ നിന്ന് സംഭാഷണത്തിലേക്കുള്ള ഹോളിവുഡിന്റെ പരക്കംപാച്ചിലില്‍ അയാള്‍ക്ക് ഇടം തെറ്റുന്നു. നാടോടുമ്പോള്‍ നടുവേ ഓടാനാവാത്തവന്റെ പരാജയം. ഇതിന്റെ സര്‍വ സങ്കീര്‍ണതകളും നിറഞ്ഞ 1920 കളിലെ ഹോളിവുഡ് സെറ്റിലേക്കാണ് ടൈം മെഷീനിലിരുന്ന് നമ്മള്‍ പിന്നോട്ട് പോകുന്നത്.

 

 

നിഷ്പക്ഷതയുടെ പക്ഷം
ചലച്ചിത്രലോകത്തെ തന്നെ മാറ്റി മറിച്ച ഈ കാലഘട്ടത്തിന് വേറേയും ചരിത്ര പ്രാധാന്യം ഉണ്ടെന്നത് നമ്മളോര്‍ക്കണം. ഈ വര്‍ഷങ്ങളിലാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വന്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിയത്. ദാരിദ്യ്രം പുതയുന്ന ആ കാലത്ത് പഴഞ്ചനെന്ന് പറഞ്ഞ് നിശ്ശബ്ദ സിനിമകളെ വലിച്ചെറിയുന്ന ഹോളിവുഡിന്റെ ദ്രുതപരിണാമം എത്ര കലാകാരന്‍മാരുടെ ചിറകുകളാണ് ഒടിച്ചിരിക്കുക? ജോര്‍ജ് വലന്റൈനെ പോലെ എത്ര പേര്‍ പുതിയ സാഹചര്യങ്ങളോട് സമരസപ്പെട്ടു പോയിട്ടുണ്ടാകും? ഇവിടെയാണ് ദി ആര്‍ട്ടിസ്റ് എന്ന ചലച്ചിത്രം അതിന്റെ രാഷ്ട്രീയം പുറത്തെടുക്കുന്നത്. അതാണ് അക്കാദമിയാല്‍ പ്രശംസിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ തകര്‍ന്ന മനുഷ്യര്‍ക്കൊപ്പമല്ല, അതിജീവന സാമര്‍ത്ഥ്യം പ്രകടിപ്പിച്ചവര്‍ക്കൊപ്പമാണ് ‘ദി ആര്‍ടിസ്റ്റ്’.

ഇക്കഴിഞ്ഞത് 84ാം അക്കാദമി അവാര്‍ഡ് ചടങ്ങാണ്. ആദ്യ അവാര്‍ഡ് ചടങ്ങ് നടന്നത് 1929ലാണ്. ‘ ദി ആര്‍ട്ടിസ്റ്’ എന്ന ചിത്രത്തില്‍ ആ വര്‍ഷത്തിന് ഏറെ പ്രാധാന്യമുണ്ട്. ചിത്രത്തിലെ നിശ്ശബ്ദ സിനിമാ താരം ജോര്‍ജ് വലന്റൈന്റെ ദുരിതം പിടിച്ച വര്‍ഷങ്ങളിലൊന്നാണത്. ചലച്ചിത്രത്തില്‍ സംഭാഷണം എന്ന വിപ്ലവകരമായ മാറ്റമുണ്ടാവുന്ന ഘട്ടം. ഹോളിവൂഡിന്റെ നെടുംതൂണായ അക്കാദമിയുടെ ആദ്യ പുരസ്കാര ചടങ്ങു നടന്നു എന്നു കേള്‍ക്കുമ്പോള്‍ തന്നെ ആ കാലഘട്ടത്തിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാണല്ലോ. ഹോളിവുഡ് സ്വീകരിച്ച ഒരു മാറ്റത്തെ അക്കാദമി അംഗീകരിച്ചല്ലേ മതിയാവൂ. ആ മാറ്റങ്ങളേയും കാലഘട്ടത്തേയും ന്യായീകരിക്കുന്ന ദി ആര്‍ട്ടിസ്റിനെ അക്കാദമിക്ക് എങ്ങനെ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയും?

ചുരുക്കിപ്പറഞ്ഞാല്‍, സംഭാഷണ ചിത്രങ്ങള്‍ ഈ ഇന്‍ഡസ്ട്രിയുടെ ഭാവിയാണ് എന്നത് അവിശ്വസിക്കുന്ന ജോര്‍ജ് വലന്റൈന്‍ ദുരഭിമാനിയാകുന്നതും പഴയതിന് ഭാവിയില്ലെന്ന് അറിയാതെയെങ്കിലും പറഞ്ഞുപോകുന്ന പെപ്പി ഭാവിയുടെ താരമാകുന്നതും യാദൃശ്ചികമല്ലെന്ന് തോന്നുന്നു. സംഭാഷണം എന്ന ഭാവി, ശബ്ദമില്ലാത്ത ഭൂതകാലത്തിന്റെ ‘ദുരഭിമാന’ത്തെ തകര്‍ത്തെറിയുന്ന ചരിത്രമാണ് ദി ആര്‍ട്ടിസ്റ് മനോഹരമായി പകര്‍ത്തിയിരിക്കുന്നതെങ്കില്‍ അത് അക്കാദമിക്ക് അംഗീകരിക്കാതെ കഴിയില്ലല്ലോ.

 

 

ആ വാക്കുകള്‍
എന്നാല്‍ ജോര്‍ജ് വലന്റൈന്റെ ‘തിരിച്ചുവരവ്’ എന്ന സിന്‍ഡ്രലാ കഥയുടെ ന്യായീകരണത്തിലൂടെ അലോസരപ്പെടുത്തുന്ന ഇത്തരം ചോദ്യങ്ങളും വേട്ടകളും വിസ്മരിക്കപ്പെടുമെന്ന് കരുതാനാവില്ല. സാങ്കേതിക വളര്‍ച്ചക്കിടെയുണ്ടാകുന്ന ചില നഷ്ടങ്ങള്‍ ദൌര്‍ഭാഗ്യകരമാണെന്നും ഉജ്വലമായ ഭാവിക്കും എണ്ണമറ്റ നേട്ടങ്ങക്കുമായി അവ കണ്ടില്ലെന്നു നടിക്കണം എന്നുമുള്ള, വികസനവുമായി ബന്ധപ്പെട്ട പതിവു ന്യായം തന്നെയാണ് ഇത്. അങ്ങനെയുള്ള ഒഴിവാക്കാനാകാത്ത ചില നഷ്ടങ്ങളെ വെള്ള പൂശാനുള്ള ശ്രമം എന്ന നിലയിലാണോ ദി ആര്‍ട്ടിസ്റ് അക്കാദമിക്ക് ഇത്ര പ്രിയപ്പെട്ടതായത്? ഒരുവശത്ത്, ഇരുളടഞ്ഞ ഭൂതകാലത്തിന്റെ പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തെ ഓര്‍മപ്പെടുത്തുമ്പോള്‍ തന്നെ, മറുവശത്ത് ഒരു കുറ്റബോധത്തില്‍ നിന്നു കരകയറാനുള്ള ആത്മാര്‍ഥമായ ശ്രമം കൂടിയല്ലേ ഈ ചിത്രം?

കാണുന്നവര്‍ അതിശയത്തോടെ കണ്ണുതള്ളി നിന്നുപോകുന്ന ഒരു ടാപ്പ് ഡാന്‍സ് ചിത്രത്തിന്റെ അവസാനത്തെ ഷൂട്ടിങ് സീനില്‍ കൂട്ടുകാരി പെപ്പിയോടെപ്പം അവതരിപ്പിച്ച് കയ്യടിവാങ്ങിയ ശേഷം സംവിധായകന്റെ നിര്‍ദേശത്തോട് ജോര്‍ജ് വലന്റൈന്‍ രണ്ടുവാക്കില്‍ പ്രതികരിക്കുന്നു. സിനിമയില്‍ ആകെയുള്ള സംഭാഷണം. വെറും രണ്ട് വാക്കുകള്‍. നിശ്ശബ്ദതയില്‍ നിന്ന് ശബ്ദത്തിലേക്കുള്ള ഒരു നടന്റേയും സിനിമ എന്ന മാധ്യമത്തിന്റേയും പരിവര്‍ത്തനം. ഈ വാക്കില്‍ നിന്നു തുടങ്ങുന്നു ആധുനിക സിനിമ, ഈ വരിയിലൊടുങ്ങുന്നു നിശ്ശബ്ദത സിനിമ- “വിത്ത് പ്ളഷര്‍” (സന്തോഷത്തോടെ)!

11 thoughts on “‘ദി ആര്‍ടിസ്റ്റ്’: ഈ മൌനം വാചാലം

 1. നന്നായി, അനുപമ. അക്കാദമിയുടെ രാഷ്ട്രീയവും നിശ്ശബ്ദ-ശബ്ദ സിനിമകള്‍ക്കിടയില്‍ സംഭവിച്ച കാര്യങ്ങളും ചേര്‍ത്തു വായിക്കുമ്പോള്‍ ഈ നിഗമനത്തിലെത്താം. അതോടൊപ്പം ഈ സിനിമക്ക് ലോകമെങ്ങും ലഭിച്ച സ്വീകാര്യത, നിശ്ശബ്ദ സിനിമാക്കാരുടെ പില്‍ക്കാല ജീവിതം എന്നിങ്ങനെയുള്ള സാധ്യതകള്‍ കൂടി ആരായാവുന്നതാണ് എന്ന് തോന്നുന്നു.

 2. ഓസ്കാർ അവാർഡുകൾ, അക്കാദമി അതിന്റെ രാഷ്ട്രീയത്തിനനുസൃതമായി ബോധപൂർവം നൽകപ്പെടുന്ന അവാർഡുകളാണെന്ന പ്രെമിസിൽ നിന്നുകൊണ്ടാണ് ലേഖിക സംസാരിക്കുന്നത്. ഈ പ്രെമിസ് തന്നെ നിലനിൽക്കുന്നതല്ല എന്നതാണു വസ്തുത. ഓസ്കാർ അവാർഡുകൾ ബോധപൂർവ്വം നൽകപ്പെടുന്നതല്ല, Its a game of chance.

  അക്കാദമി വോട്ടർമാരുടെ ഡെമോഗ്രഫി പരിശോധിച്ചാലറിയാം, സിനിമയെക്കുറിച്ച് അറിവുള്ളവർ എന്നതിനേക്കാൾ സിനിമാവ്യവസായവുമായി ബന്ധമുള്ളവരാണ് അക്കാദമി അംഗങ്ങൾ. ഓസ്കാർ അവാർഡു തന്നെ, ഹോളിവുഡ് എന്ന ഇൻഡസ്ട്രിയിലെ അംഗങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ഏർപ്പാടാണ്. മീഡിയോക്കർ പ്രേക്ഷകരാണ് അതിന്റെ ഭൂരിഭാഗം വോട്ടർമാരും. അവരുടേതായ മീഡിയോക്കർ സെൻസിബിലിറ്റിയാണ് അക്കാദമി അവാർഡിന്റേതും. വലിയൊരു വിഭാഗം പ്രേക്ഷകർക്കു രുചിക്കുന്ന മീഡിയോക്രിറ്റിയുടെ ആഘോഷമായതുകൊണ്ടാണ് ഓസ്കാർ ലോകത്തെ ഏറ്റവും പോപുലർ മൂവി അവാർഡ് ആകുന്നതും.

  പിന്നെ, ‘ദി ആർട്ടിസ്റ്റ്’ പരാജയപ്പെട്ടവന്റെ കഥയല്ല, അതുകൊണ്ടു മാത്രമാണ് അമേരിക്കൻ ക്രിട്ടിക്കുകളുടെയും അക്കാദമി അംഗങ്ങളുടെയും ഇടയിൽ ഈ സിനിമ ഇത്ര പോപുലർ ആയത്. പ്രതീക്ഷയുടെയും ജീവിതവിജയത്തിന്റെയും സെൽഫ് ഹെല്പ് കഥകൾ പറഞ്ഞ സിനിമകൾക്കാണ് മിക്കവാറും വർഷങ്ങളിൽ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചത് എന്നത് ചരിത്രം പരിശോധിച്ചാലറിയാം.

  സാങ്കേതികതയ്ക്കനുസരിച്ച് മാറുന്ന കലാരൂപമാണു സിനിമ. ഈ മാറ്റത്തെ ഉൾക്കൊള്ളുന്നവരാണു സിനിമയെ മുന്നോട്ടു നയിക്കുന്നത്. ‘ദി ആർട്ടിസ്റ്റ്’ സിനിമയെ മുന്നോട്ടു നയിച്ചവരുടെ കഥയാണ്, അതുകൊണ്ടു തന്നെ സിനിമയുടെ തന്നെ കഥയാണ്.

 3. അനുപമേ അഴകായിരിക്കുന്നു നിരീക്ഷണങ്ങള്‍.
  ചില നേര്‍ത്ത വിയോജനങ്ങള്‍ കുറിക്കട്ടെ.
  “തകര്‍ന്നവനൊപ്പമല്ല അതിജീവനസാമര്‍ത്ഥ്യം കാട്ടിയവനൊപ്പമാണ്’ എന്ന് ആരോപിക്കുമ്പോള്‍ ആരുടെയെങ്കിലുമൊപ്പമല്ലാതെ നില്ക്കാന്‍ കഴിയില്ല എന്നൊരു ചിന്തയുള്ളതുപോലെ തോന്നുന്നു.

  ‘ക്യാപ്പിറ്റലിസ്റ് യാഥാര്‍ഥ്യം’, ‘വികസനവുമായി ബന്ധപ്പെട്ട പതിവു ന്യായം’, ‘ഒരു കുറ്റബോധത്തില്‍ നിന്നു കരകയറാനുള്ള ആത്മാര്‍ഥമായ ശ്രമം’ — ക്യാപ്പിറ്റലിസ്റ്റ് മാത്രമല്ല, കമ്യൂണിസ്റ്റിലും കത്തോലിക്കയിലും ഫ്യൂഡലിലും മാറ്റമില്ലാത്ത യാഥാര്‍ഥ്യം തന്നെയാണ് മാറ്റം. മാറ്റമൊരു പതിവായതുകൊണ്ട്, പതിവു ന്യായവും ഉണ്ടാവുക സ്വാഭാവികം. പിന്നെ കുറ്റബോധത്തില്‍ നിന്നു കരകയറാനുള്ള ശ്രമം–അത് ആത്മാര്‍ത്ഥമാണെന്ന് അനുപമ തന്നെ പറയുന്നുമുണ്ട്. അപ്പോള്‍ പൊതുവില്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ ഒന്നുതന്നെ, ഒരു ഭിന്നതയുള്ളത് ആകെപ്പാടെയുള്ള ആ ടോണിനോടാണ്–അക്കാദമിയുടെ രാഷ്ട്രീയത്തോടുള്ള സംശയകരമായ വിമര്‍ശനത്തിന്റെ ടോണ്‍. എന്തിനാണത്? എന്തിനെയും കുറ്റപ്പെടുത്തുക, വിമര്‍ശിക്കുക എന്ന നെഗറ്റീവ് ഊര്‍ജത്തിനപ്പുറം പോസിറ്റീവ് ഊര്‍ജം പ്രസരിപ്പിക്കാന്‍ ഈ കോളം സഹായിക്കട്ടെ എന്നാശംസിക്കുന്നു.
  എന്റെ ദുര്‍ബല ഉദാഹരണങ്ങള്‍
  ഭൂപരിഷ്കരണം വന്നപ്പോള്‍ അന്നുവരെയുണ്ടായിരുന്ന വരേണ്യവര്‍ഗ്ഗക്കാരുടെ ദുരിതത്തിലേയ്ക്കുള്ള പതനം, ഫ്ലെക്സ് ബോര്‍ഡുകളുടെ കടന്നുകയറ്റത്തില്‍ പോസ്റ്റര്‍-ബാനര്‍ എഴുത്തുകാരുടെ പതനം, പള്ളിക്കൂടത്തില്‍ നല്ല മാര്‍ക്കു മേടിച്ചു പഠിച്ചവര്‍ സാധാരണ ശമ്പളക്കാരായി നടക്കുമ്പോള്‍ മാര്‍ക്കു കുറവായിരുന്നവര്‍ മറുനാടന്‍ നഴ്സുമാരും ഹോം നഴ്സുമാരുമായി എസ്റ്റേറ്റുകളും കാറുകളും വാങ്ങി സാമ്പത്തികവ്യവസ്ഥിതി മാറിമറിയുന്നത്, ദരിദ്രവാസികളുടെ മക്കളും ഐ.ടി ജോലി കിട്ടിയപ്പോള്‍ തൊട്ടുഭൂതകാലത്തെ പ്രതാപികള്‍ പലരും ഒപ്പമെത്താനാവാതെ ദുരഭിമാനികളായിപ്പോകുന്നത്–ഇതൊന്നും മനസ്സില്‍ നന്മയുള്ള ആരെയും സന്തോഷിപ്പിക്കുന്ന കാര്യങ്ങളല്ല. പക്ഷേ അനിവാര്യമാണു താനും.
  അപ്പോള്‍ തകര്‍ന്നവന്റെയോ അതിജീവിച്ചവന്റെയോ ഒപ്പമല്ലാതെ നിന്ന്, ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന്, ഇനിയും സംഭവിക്കാമെന്ന് പഠിപ്പിക്കുന്നത്, അതിജീവനത്തിനു പ്രാപ്തരാകേണ്ടതിന്റെ ആവശ്യകത ഉദ്ബോധിപ്പിക്കുക കൂടി അല്ലേ.

  • ‘മാര്‍ക്കു കുറവായിരുന്നവര്‍ മറുനാടന്‍ നഴ്സുമാരും ഹോം നഴ്സുമാരുമായി എസ്റ്റേറ്റുകളും കാറുകളും വാങ്ങി ‘-
   ബിനോയ്‌ ആദ്യം അടുത്തുള്ള ഏതെങ്കിലും ആശുപത്രിയില്‍ പോയി ഒരു നേര്സിന്ടെ ഡ്യൂട്ടി ടൈം മുഴുവന്‍ വാച്ച് ചെയ്യുക.
   ബിനോയ്‌ ‘അറപ്പാകുന്നു’ എന്ന് പറയുന്ന പല കാര്ര്യങ്ങളും ദയയും കരുണയുമോടെ ചെയ്യുന്നവര്‍ ആണ് നേര്സുമാര്‍ . വിദേശ രാജ്യങ്ങളില്‍ ഇങ്ങനെയുള്ള സേവന ങള്‍ ക്കെല്ലാം അതിനാല്‍ തന്നെ കനത്ത പ്രതിഫലവും ലഭിക്കും.

   ‘ദരിദ്രവാസികളുടെ മക്കളും ഐ.ടി ജോലി കിട്ടിയപ്പോള്‍’

   – ബിനോയ്‌
   നന്നായി പഠിച്ചു ഐ .റ്റി ജോലി ലഭിച്ചാലും ദരിദ്രവാസിയുടെ മക്കള്‍ക്ക്‌ നന്നായി ജീവിച്ചു കൂടെ.

   മറ്റുള്ളവരെ വിലകുറച്ച് കാണുന്ന ഈ മനോഭാവം ആണ് ആദ്യം മാറ്റേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *