നാരായണ പണിക്കര്‍ മാതൃകയാവുമ്പോള്‍ 

കലാകൌമുദി വാരികയില്‍ ‘മിതഭാഷിയും സൌമ്യഹൃദയനും മതസാഹോദര്യത്തിന്റെ കരുത്തനായ വക്താവും’ ആയാണ് പി.കെ നാരായണപ്പണിക്കരെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘കലാകൌമുദി’ മാത്രമല്ല മലയാളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളും മാധ്യമങ്ങളും പി.കെ നാരായണപ്പണിക്കര്‍ക്കായി ചിലവഴിച്ച എണ്ണമറ്റ പേജുകളില്‍ അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയ വിശേഷണങ്ങള്‍ ഇതൊക്കെത്തന്നെയായിരുന്നു. ഒരാളുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ചു നല്ലതുമാത്രം പറയുക എന്നതൊരു നാട്ടുനടപ്പാണ്. എന്നാല്‍ ആ നടപ്പുശീലത്തെ മാധ്യമങ്ങള്‍ അണുവിട തെറ്റാതെ പിന്തുടരുമ്പോള്‍ സംഭവിക്കുന്ന ചില അപകടങ്ങളുണ്ട്. മരിച്ചുപോയ വ്യക്തിയുടെ യഥാര്‍ഥ വ്യക്തിത്വവും ജീവിതവും ദര്‍ശനവും ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു കപട പ്രതിഛായ പരേതനുമേല്‍ സ്ഥാപിക്കപ്പെടുകയും ചെയ്യും. കേരളത്തില്‍ നാരായണപ്പണിക്കര്‍ അടക്കം കാലയവനികയ്ക്കുള്ളില്‍ മറയുന്ന എല്ലാ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെയും കാര്യത്തില്‍ സംഭവിക്കുന്നത് ഇത്തരം വ്യാജ പ്രതിഛായാ നിര്‍മിതിയാണ്. അതു പലപ്പോഴും മരണത്തിനുശേഷമുള്ള വലിയ മാധ്യമ തമാശയായി മാറുന്നു.- മാധ്യമപ്രവര്‍ത്തകയായ നിരോഷ ജോസഫ് എഴുതുന്നു.

 

 
‘വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളില്‍ നായര്‍ സമുദായത്തിന് ന്യായമായ വിഹിതം നല്‍കിയില്ലെങ്കില്‍ ഭരിക്കുന്നവര്‍ തിക്തഫലം അനുഭവിക്കേണ്ടിവരും. നായര്‍ സമുദായം മുറിവേറ്റു നില്‍ക്കുകയാണ്. ആ മുറിവ് ഉണക്കാന്‍ വേണ്ടത് ഉടന്‍ ചെയ്തില്ലെങ്കില്‍ എല്ലാവരും വിവരമറിയും. രാഷ്ട്രീയത്തില്‍ ഏതു പദവിയിലുള്ളവനായാലും സ്വന്തം സമുദായത്തെ തള്ളാതെ നില്‍ക്കാന്‍ പഠിക്കണം’ (2003-ല്‍ ഉഴവൂരില്‍ വിജ്ഞാന പ്രദീപകം എന്‍.എസ്.എസ് കരയോഗത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കര്‍ പറഞ്ഞത്.)

അടുത്തിടെ ദിവംഗതനായ എന്‍.എസ്.എസ് നേതാവിന്റെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഈ പ്രസ്താവന അലമാരയിലെ പഴയ പത്രത്താളുകളിലൊന്നില്‍ യാദൃശ്ചികമായി കണ്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയത്. അല്‍പംമുമ്പ് ഞാന്‍ വായിച്ച കലാകൌമുദി വാരികയില്‍ ‘മിതഭാഷിയും സൌമ്യഹൃദയനും മതസാഹോദര്യത്തിന്റെ കരുത്തനായ വക്താവും’ ആയാണ് നിര്യാതനായ നാരായണപ്പണിക്കരെ വിശേഷിപ്പിച്ചിരിക്കുന്നത്. ‘കലാകൌമുദി’ മാത്രമല്ല മലയാളത്തിലെ ഏതാണ്ടെല്ലാ പത്രങ്ങളും മാധ്യമങ്ങളും പി.കെ നാരായണപ്പണിക്കര്‍ക്കായി ചിലവഴിച്ച എണ്ണമറ്റ പേജുകളില്‍ അദ്ദേഹത്തിന് ചാര്‍ത്തിനല്‍കിയ വിശേഷണങ്ങള്‍ ഇതൊക്കെത്തന്നെയായിരുന്നു. ഒരാളുടെ മരണശേഷം അദ്ദേഹത്തെക്കുറിച്ചു നല്ലതുമാത്രം പറയുക എന്നതൊരു നാട്ടുനടപ്പാണ്. എന്നാല്‍ ആ നടപ്പുശീലത്തെ മാധ്യമങ്ങള്‍ അണുവിട തെറ്റാതെ പിന്തുടരുമ്പോള്‍ സംഭവിക്കുന്ന ചില അപകടങ്ങളുണ്ട്. മരിച്ചുപോയ വ്യക്തിയുടെ യഥാര്‍ഥ വ്യക്തിത്വവും ജീവിതവും ദര്‍ശനവും ചര്‍ച്ചചെയ്യപ്പെടാതെ പോവുകയും മാധ്യമങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന ഒരു കപട പ്രതിഛായ പരേതനുമേല്‍ സ്ഥാപിക്കപ്പെടുകയും ചെയ്യും. കേരളത്തില്‍ നാരായണപ്പണിക്കര്‍ അടക്കം കാലയവനികയ്ക്കുള്ളില്‍ മറയുന്ന എല്ലാ സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെയും കാര്യത്തില്‍ സംഭവിക്കുന്നത് ഇത്തരം വ്യാജ പ്രതിഛായാ നിര്‍മിതിയാണ്. അതു പലപ്പോഴും മരണത്തിനുശേഷമുള്ള വലിയ മാധ്യമ തമാശയായി മാറുന്നു.

 

 
കേരളീയ ഇടതുപക്ഷത്തിന്റെ വേറിട്ട ദാര്‍ശനികമുഖമായിരുന്ന എം.എന്‍ വിജയന്‍ നിര്യാതനായപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ദേഹത്തെ ‘മികച്ചൊരു കലാലയ അധ്യാപകന്‍’ എന്നു മാത്രമാണ് അനുസ്മരിച്ചത്. പതിറ്റാണ്ടുകള്‍ കേരളീയ ഇടതുപക്ഷത്തിന് വാക്കുകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും ഉറച്ച പിന്തുണ നല്‍കിയ വിജയന്‍മാഷിനെ കേവലമൊരു കലാലയ അധ്യാപകന്‍ മാത്രമാക്കിയ പിണറായിയുടെ അനുസ്മരണം യഥാര്‍ഥത്തില്‍ വലിയ നിന്ദ ആയിരുന്നു. കേവലമായ വ്യക്തിവിദ്വേഷത്തില്‍ നിന്നുണ്ടായ ആ നന്ദികേടിനെ ന്യായീകരിക്കാന്‍ അന്നു പിണറായി കണ്ടെത്തിയ ഒരു വാദം ഉണ്ട്. ‘ഏതൊരു വ്യക്തിയേയും മരണശേഷവും വസ്തുനിഷ്ഠമായും വിമര്‍ശനാത്മകമായും വിലയിരുത്തുന്നത് ഒരു കമ്യൂണിസ്റ്റ് രീതിയാണ്. അത് സഖാവ് ഇ.എം.എസ് കാട്ടിത്തന്ന മാതൃകയാണ്’ എന്നാണ് പിണറായി അന്നു പറഞ്ഞത്. വിജയന്‍മാഷിനോടു പിണറായി കാട്ടിയ നിന്ദയെ ഈ കമ്യൂണിസ്റ്റ് ശൈലികൊണ്ട് ന്യായീകരിക്കാനാവില്ല എന്നതു സത്യം. എന്നാല്‍ പരേതന്‍ ആരായാലും മരണശേഷവും അയാള്‍ വിലയിരുത്തപ്പെടുത്തുന്നത് സത്യസന്ധമായാവണം എന്ന വാദത്തില്‍ വലിയൊരു ശരിയുണ്ട്. പ്രത്യേകിച്ച് മാധ്യമ വിലയിരുത്തലുകള്‍ പരേതന്റെ വ്യാജപ്രതിഛായകള്‍ നിര്‍മിക്കപ്പെടാന്‍ ആവരുത് ഉപകരിക്കേണ്ടത്. ഏതൊരു വ്യക്തിയും ജീവിതകാലത്ത് മുന്നോട്ടുവെച്ച ദര്‍ശനവും പ്രവര്‍ത്തനങ്ങളും മരണാനന്തരവും സൂക്ഷ്മവിമര്‍ശനത്തിനും വിശകലനത്തിനും വിധേയമാവേണ്ടതുണ്ട്. അത് സമൂഹത്തിന്റെ ആരോഗ്യകരമായ മുന്നേറ്റത്തിന് സഹായകമാവുകതന്നെ ചെയ്യും.

അടിയന്തിരാവസ്ഥയുടെ കൊടുംക്രൂരതകള്‍ ഒഴിവാക്കി ഇന്ദിര പ്രശംസിക്കപ്പെട്ടാല്‍, ബാബരി തകര്‍ച്ചയുടെ ദുരന്തം വിസ്മരിച്ച് നരസിംഹറാവുവിനെ മഹത്വവല്‍കരിച്ചാല്‍ അത് ചരിത്രത്തോടുള്ള വലിയൊരു നീതികേടാവും. അതുകൊണ്ട് മരണം കൊണ്ടുമാത്രം ഒരാള്‍ മഹാനാവുന്ന അവസ്ഥ ഒഴിവാക്കാന്‍ തീര്‍ച്ചയായും നമ്മുടെ മാധ്യമങ്ങള്‍ക്ക് ധാര്‍മികമായ ഉത്തരവാദിത്തം ഉണ്ട്. മരിച്ചയാളെ വ്യക്തിപരമായി നിന്ദിക്കാതെ തന്നെ ഈ ധാര്‍മിക വിലയിരുത്തല്‍ നടത്താന്‍ നിശ്ചയമായും ഒരു പ്രബുദ്ധ സമൂഹത്തിനു കഴിയും.

ഈയൊരു കാഴ്ചപ്പാടില്‍ വിലയിരുത്തപ്പെട്ടാല്‍ മൂന്നര പതിറ്റാണ്ട് കേരളത്തിലെ വലിയൊരു സമുദായത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച പി.കെ നാരായണപ്പണിക്കരുടെ പ്രവര്‍ത്തനത്തെ മാതൃകാപരമെന്നോ മഹത്തരമെന്നോ വിശേഷിപ്പിക്കാന്‍ കഴിയുമോ? സംശയമാണ്. ഒരു സമൂഹമെന്ന നിലയിലുള്ള മലയാളിയുടെ നവോഥാനശ്രമങ്ങളെ പ്രകടമായി വെല്ലുവിളിച്ച മതസ്ഥാപനങ്ങളില്‍ കത്തോലിക്കാസഭക്കൊപ്പമോ അതിനേക്കാള്‍ മുന്നിലോ ആണ് നായര്‍ സര്‍വീസ് സൊസൈറ്റിയുടെ സ്ഥാനം. വിമോചനസമരത്തിലൂടെ പ്രകടമായി പുറത്തുവന്ന നായര്‍ നേതൃത്വത്തിന്റെ നവോഥാനവിരുദ്ധ നിലപാടുകളെ തിരുത്താനുള്ള ആര്‍ജവം മന്നത്തു പത്മനാഭന്റെ ഒരു പിന്‍ഗാമിക്കും ഉണ്ടായില്ല. ആദ്യ ഇടതുപക്ഷ മന്ത്രിസഭ ആയുസെത്തും മുമ്പേ അട്ടിമറിക്കപ്പെട്ടതിലൂടെ കേരളീയ സമൂഹത്തില്‍ എന്‍.എസ്.എസ് അടക്കമുള്ള ജാതി-മത ശക്തികള്‍ക്കു ലഭിച്ച അധികാരം വലുതായിരുന്നു. ആ അധികാരം മുന്നറിയിപ്പായും ഭീഷണിയായും അനുനയമായുമൊക്കെ പരസ്യമായും രഹസ്യമായും ഉപയോഗിച്ച് നേടാവുന്നതൊക്കെ നേടുകയായിരുന്നു നാരായണപ്പണിക്കര്‍ അടക്കമുള്ള പില്‍ക്കാല എന്‍.എസ്.എസ് നേതാക്കള്‍ 27വര്‍ഷം എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച നാരായണപ്പണിക്കര്‍ പലപ്പോഴും അങ്ങേയറ്റം പിന്തിരിപ്പനായ നിലപാടുകളിലൂടെയാണ് ആ സംഘടനയെ നയിച്ചതെന്ന് നിഷ്പക്ഷബുദ്ധിയോടെ ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും മനസിലാവാതിരിക്കില്ല.

 

 

ഒരുദാഹരണം മാത്രം പറയാം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കിയ സംവരണത്തെ എന്‍.എസ്.എസും നാരായണപ്പണിക്കരും എന്നും എതിര്‍ത്തു. നരേന്ദ്രന്‍ കമ്മീഷനെതിരെ ഉറഞ്ഞുതുള്ളിയ പണിക്കര്‍ ആ കമ്മീഷന്റെ ശുപാര്‍ശകള്‍ക്കെതിരെ വാളെടുത്തു. ഭൂപരിഷ്കരണത്തിലൂടെയും പിന്നോക്ക സംവരണത്തിലൂടെയും നായന്‍മാര്‍ വഴിയാധാരമാവുകയായിരുന്നുവെന്ന നാരായണപ്പണിക്കരുടെ നിലപാട് ഐക്യകേരളം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും പിന്തിരിപ്പന്‍ ചിന്ത ആയിരുന്നു. 2003-ല്‍ തിരുവനന്തപുരത്ത് ശാസ്തമംഗലം എന്‍.എസ്.എസ് യൂണിയന്റെ പരിപാടിയില്‍ പണിക്കര്‍ പറഞ്ഞു-‘ഈ കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്കരണവും പിന്നാക്കക്കാരുടെ ഉദ്യോഗ സംവരണവും കാരണം നമ്മള്‍ (നായര്‍ സമുദായക്കാര്‍) വഴിയാധാരമായിരിക്കുകയാണ്. കുടികിടപ്പുകാര്‍ക്കു പത്തു സെന്റ് കൊടുക്കാന്‍ എന്ന പേരില്‍ കമ്യൂണിസ്റ്റുകാര്‍ ഭൂപരിഷ്കരണം കൊണ്ടുവന്ന് ജന്‍മികളെ വഴിയാധാരമാക്കി. എന്നിട്ട് അവര്‍ അത് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. പിന്നോക്കക്കാരന് സംവരണം വന്നതുകാരണം അര്‍ഹമായ ജോലിയൊന്നും നമുക്കു കിട്ടാതായി. ബുദ്ധിയുള്ളവന് ജോലിയില്ല എന്ന അവസ്ഥ വന്നു. എല്ലാ രംഗത്തും നായര്‍ സമുദായം പിന്നിലായി. ഭൂപരിഷ്കരണം ഭയങ്കര പുരോഗമനമായിരുന്നു എന്നൊക്കെ പലരും പറയും. പക്ഷേ സത്യം മറ്റൊന്നായിരുന്നു.’

ഈ പ്രസംഗത്തിലെ ‘ബുദ്ധിയുള്ളവന് ജോലിയില്ല’ എന്ന പ്രയോഗത്തില്‍ ഒളിപ്പിച്ച അവജ്ഞയും പരിഹാസവും അഹങ്കാരം മാത്രം നിറഞ്ഞ ഒരു സവര്‍ണപ്രത്യയശാസ്ത്രത്തിന്റേതായിരുന്നുവെന്ന് പറയാതെ തരമില്ല. നായര്‍-ഈഴവ ഐക്യം എന്നു നാഴികക്കു നാല്‍പതുവട്ടം പറയുന്നകാലത്തും അതു നടക്കാതെ പോയതിന്റെ കാരണം നായര്‍ സമുദായ നേതാക്കള്‍ മറ്റു പിന്നാക്കക്കാരോട് കാട്ടുന്ന ഈ അഹന്തയായിരുന്നുവെന്നത് സുവ്യക്തം.

ഭരിക്കുന്നത് ഏതു സര്‍ക്കാര്‍ ആയാലും അവരെ ഇത്രമാത്രം ഭീഷണിയില്‍ കുടുക്കിയിട്ട മറ്റൊരു നേതാവും നാരായണപ്പണിക്കരെപ്പോലെ ഉണ്ടാവില്ല. എയ്ഡഡ് സ്കൂളുകളില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി നടക്കുന്ന അധ്യാപക നിയമനങ്ങള്‍ തടയാന്‍ 2007^ല്‍ സര്‍ക്കാര്‍ മുന്നോട്ടു വെച്ച ധീരമായ ചുവട് നാരായണപ്പണിക്കര്‍ ക്രൈസ്തവസഭകളുമായി കൂട്ടുചേര്‍ന്നാണ് തകര്‍ത്തത്. എയ്ഡഡ് സ്കൂള്‍ നിയമനം പി.എസ്.സിക്കു വിട്ടാല്‍ നാട്ടിലെ മതസാഹോദര്യം തകരും എന്ന വിചിത്രമായ കണ്ടെത്തലും അന്ന് നടത്തി. കൈക്കൂലിക്കും കോഴക്കുമുള്ള ശീട്ട് മത/ജാതി അവകാശമായി ചോദിച്ചുവാങ്ങുന്ന കലാപരിപാടി കേരളത്തില്‍ ഏറ്റവും വിജയകരമായി നടപ്പാക്കിയ നേതാക്കളില്‍ ഒരാള്‍ നാരായണപ്പണിക്കര്‍ തന്നെയായിരുന്നു. ആ വഴി പീന്നീട് ന്യൂനപക്ഷ^ഭൂരിപക്ഷ വ്യത്യാസമില്ലാതെ മിക്ക സമുദായ നേതാക്കളും പിന്തുടര്‍ന്നു. സമുദായക്കളിയുടെ ഈ ജീര്‍ണതയില്‍ നിന്ന് കേരളത്തിന് ഇനി ഒരിക്കലും രക്ഷപ്പെടാന്‍ കഴിയുമെന്നു തോന്നുന്നില്ല.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടില്‍ കേരളീയ സമൂഹത്തില്‍ നായര്‍ സമുദായത്തിന് വഹിക്കാന്‍ കഴിയുമായിരുന്ന ഒട്ടേറെ പുരോഗമനപരമായ ചുവടുകള്‍ ഉണ്ടായിരുന്നു. അത്തരം ഒരു സാധ്യതയും ഉപയോഗിക്കാന്‍ ധൈര്യപ്പെടാത്ത നേതാവുകൂടിയായിരുന്നു പണിക്കര്‍. വിലപേശി മന്ത്രിസ്ഥാനവും സ്കൂളും കോളജും ആനുകൂല്യങ്ങളും നേടുന്നതിനപ്പുറം ഒരു സമുദായ സംഘടനക്ക് ശക്തമായ നിരവധി സാമൂഹിക ഇടപെടലുകള്‍ നടത്താന്‍ കഴിയുമായിരുന്നു. അത്തരം എല്ലാ സാധ്യതകള്‍ക്കു നേരേയും കണ്ണടച്ചുകൊണ്ട്, മന്നം സമാധിയിലെ ചെരുപ്പു വിവാദം പോലെ ബാലിശമായ വികാരപ്രകടനങ്ങളില്‍ വലിയൊരു സമുദായത്തിന്റെ സംഘശേഷിയെ പതിറ്റാണ്ടുകള്‍ കുടുക്കിയിട്ടതിന്റെ ധാര്‍മിക ഉത്തരവാദിത്തം പണിക്കര്‍ക്കു തന്നെയായിരുന്നു. അദ്ദേഹം ആവിഷ്കരിച്ചു വ്യാഖ്യാനിച്ച ‘സമദൂര സിദ്ധാന്തം’ പോലും സത്യത്തില്‍ കക്ഷിരാഷ്ട്രീയ നിഷ്പക്ഷതയുടെയല്ല, അതിരാഷ്ട്രീയ മോഹങ്ങളുടെ അടയാളമായിരുന്നു. രണ്ടു മുന്നണികളില്‍ നിന്നും തുല്യദൂരം പാലിക്കുക എന്നു വാക്കുകളില്‍ പറയുമ്പോഴും തരാതരംപോലെ വണങ്ങിയും വഴുക്കിയും നായര്‍ സമുദായത്തിലെ ഒരു വരേണ്യ വിഭാഗത്തിന്റെ മാത്രം താല്‍പര്യസംരക്ഷണം നടപ്പാക്കുകയായിരുന്നു പണിക്കര്‍. ഇത്തരം തരംതാണ ജാതീയക്കളികളെ നേരിടാനുള്ള ആര്‍ജവം കേരളത്തിലെ ഇടതു^വലതു നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും ഇല്ലാത്തതിനാല്‍തന്നെ അവര്‍ പണിക്കരുടെ ഈ കളിയില്‍ ഭയക്കുകയും പകയ്ക്കുകയും പലപ്പോഴും അതിനു മുന്നില്‍ അടിയറവു പറയുകയും ചെയ്തു.

കഴിഞ്ഞ അരനൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായ ഏറ്റവും അപകടകരമായ രാഷ്ട്രീയനീക്കം ഒരു സമുദായം നേരിട്ട് നടത്തിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരണമായിരുന്നു. എന്‍.ഡി.പി എന്ന പേരില്‍ എന്‍.എസ്.എസ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി അതിലെ തന്നെ തമ്മിലടികളും കേരളീയ സമൂഹത്തിന്റെ വിവേകവും കാരണം വലിയൊരു പരാജയമായത് മഹാഭാഗ്യം. അല്ലായിരുന്നെങ്കില്‍ എത്രയോ കൂടുതല്‍ ദുഷിച്ച, ഹിംസാത്മകമാംവിധം വര്‍ഗീയവത്കരിക്കപ്പെട്ട രാഷ്ട്രീയമാകുമായിരുന്നു ഇപ്പോള്‍ കേരളത്തില്‍ ഉണ്ടാവുക. പ്രകടമായ ജാതിരാഷ്ട്രീയം അധികാരം നിര്‍ണയിക്കുന്ന ആ ദുഷിച്ച ഉത്തരേന്ത്യന്‍ അവസ്ഥ കേരളത്തിലും സംജാതമാകുമായിരുന്നു. നായന്‍മാര്‍ക്കു പിന്നാലെ ഈഴവരും ക്രൈസ്തവരും ദലിതരുമൊക്കെ സ്വന്തം പാര്‍ട്ടികളുമായി പടക്ക് ഇറങ്ങിയിരുന്നെങ്കില്‍ കേരളം വീണ്ടും ആ പഴയ ഭ്രാന്താലയമാകുമായിരുന്നു. എന്‍.ഡി.പി രൂപവത്കരണ കാലത്ത് എന്‍.എസ്.എസ് നേതൃനിരയില്‍ സജീവമായ പണിക്കര്‍, പിന്നീട് പാര്‍ട്ടിയിലെ അധികാര വടംവലിയിലും മുഖ്യപങ്കു വഹിച്ചു. ജാതിപാര്‍ട്ടിയിലെ അധികാര തര്‍ക്കത്തില്‍ ഒരു ചേരിയുടെ നിയന്ത്രണം തന്നെ അദ്ദേഹത്തിനായിരുന്നു. അക്കാലത്തെ നായര്‍ നാടകങ്ങള്‍ ഓര്‍മയിലുളള ആര്‍ക്കും ഇന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്ര ‘നിഷ്കാമ കര്‍മി’ ആയിരുന്നില്ല പണിക്കര്‍ എന്ന് അറിയാനാവും.

27 വര്‍ഷം ഒരു സമുദായ സംഘടനയെ നയിക്കുന്നതിനിടെ പണിക്കര്‍ ചെയ്തതെല്ലാം തെറ്റായിരുന്നുവെന്ന് പറയുകയല്ല ഈ കുറിപ്പിലൂടെ. മറിച്ച് സങ്കുചിതമായ മനോഭാവങ്ങള്‍ക്കപ്പുറം വിശാലമായ കാഴ്ചപ്പാടോടെ ഒരു സമുദായത്തെ നയിക്കാനുള്ള ഉള്‍ക്കാഴ്ചയുള്ള നേതാവായിരുന്നില്ല അദ്ദേഹം എന്ന യാഥാര്‍ഥ്യം വ്യക്തമാക്കി എന്നു മാത്രം. ഒരു മരണം ഉണ്ടാക്കുന്ന മാധ്യമ ആഘോഷങ്ങളില്‍ മാഞ്ഞുപോകുന്നതാവരുത് നമ്മുടെ ഓര്‍മകള്‍. മരിച്ചുപോകുന്ന ഓരോ നേതാവും സൃഷ്ടിക്കുന്ന അടയാളങ്ങള്‍ മരിക്കാത്ത ഈ സമൂഹത്തില്‍ ബാക്കിനില്‍ക്കുന്നുണ്ട്. അതുകൊണ്ട് നമ്മുടെ മരണാനന്തര വിലയിരുത്തലുകളും നേരുള്ളതാവട്ടെ!

8 thoughts on “നാരായണ പണിക്കര്‍ മാതൃകയാവുമ്പോള്‍ 

 1. പണിക്കരെ മത സാഹോദര്യത്തിന്റെ വക്താവായി അവതരിപ്പിച്ച മാധ്യമങ്ങള്‍ മതെതരത്തിന് അദ്ദേഹം നല്‍കിയ സംഭാവന വിവരിച്ചതായി കണ്ടില്ല. ”സമഭാവന” തന്നെ എതിര്‍ക്കുന്ന ഒരു നേതാവിന്റെ ”സംഭാവന” എന്തെന്ന് സൌകര്യപൂര്‍വ്വം ഒഴിവാക്കിയതാവാം. കേരളത്തിന്റെ ഭരണ തലസ്ഥാനം മന്നം ആണെന്ന് പോലും തോന്നിയിട്ടുണ്ട് സര്‍ക്കാരിന്റെ പല തീരുമാനങ്ങളും കാണുമ്പോള്‍.
  വിദ്യാഭ്യാസ-തൊഴില്‍-രാഷ്ട്രീയ രംഗങ്ങളിലെല്ലാം നായര്‍ കഴിഞ്ഞു മതി മറ്റുള്ളവര്‍ എന്നാണല്ലോ എന്‍.എസ.എസിന്റെ സിദ്ധാന്തം. അതിനു വേണ്ടി തന്നെയായിരുന്നു പണിക്കരും പ്രവര്‍ത്തിച്ചത്. ”മതെതരനായ” പണിക്കര്‍ എന്തുകൊണ്ടാണ് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ന്യായമായ അവകാശങ്ങള്പോലും അസഹ്യമായി കണ്ടത്?
  ജനസംഖ്യാ അനുപാതത്തില്‍ നോക്കിയാല്‍ തികച്ചും അനര്‍ഹാമാണ് എവിടെയും നായര്‍ പ്രാതിനിധ്യം. എന്നിട്ടും കിട്ടിയില്ല, തികഞ്ഞില്ല എന്നാ പരാതിയും. പണിക്കരുടെ ഭരണ കാലം എന്‍.എസ.എസ. സ്ഥാപനങ്ങളില്‍ മറ്റു സമുദായത്തിലെ എത്ര പേര്‍ക്ക് ജോലിയില്‍ പ്രാതിനിത്യം കൊടുത്തു എന്ന് മാത്രം നോക്കിയാല്‍ മതി അദ്ധേഹത്തിന്റെ മതേതരം അളക്കാന്‍.

 2. kudos to you for writing this article. മാടംബിതം മഹത്വവല്‍ക്കരിക്കപെട്ടു എന്ന് ഒറ്റ വാകില്‍ പറയാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ. സപ്പോര്‍ട്ട് ചെയ്യാനും ഫ്രന്റ്‌ സ്റ്റേജ് ഗില്‍ ഇരിക്കുവാനും പിള്ളയും കൂടെ ഒണ്ടായിരുന്നു

 3. “പരേതന്‍ ആരായാലും മരണശേഷവും അയാള്‍ വിലയിരുത്തപ്പെടുത്തുന്നത് സത്യസന്ധമായാവണം എന്ന വാദത്തില്‍ വലിയൊരു ശരിയുണ്ട്.” ന്നാലോ, പിണറായി സത്യസന്ധമായി പ്രതികരിച്ചാൽ അതു നിന്ദയും 🙂 നല്ല വായ്മൊഴി നിരോഷ. പാഠം എന്ന പ്രസിദ്ധീകരണത്തിലൂടെ കമ്മ്യൂണിസ്റ്റ്കാർ ഒരിക്കലും കൂട്ട് കൂടാൻ ആഗ്രഹിക്കാത്തവരിലൂടെ പാർട്ടിയെ നശിപ്പിക്കാനാണു ഇടതുപക്ഷത്തിന്റെ വേറിട്ട ദാര്‍ശനികമുഖമായിരുന്ന എം.എന്‍ വിജയന്‍ മാഷ് ചെയ്തത്. അദ്ദാണു പാർട്ടിയുടെ സെക്രട്ടറിയായ പിണറായി അതിന്റേതായ അർത്ഥത്തിൽ പ്രതികരിച്ചത്. അന്ധമായ പിണറായി വിരോധം തന്നേ ഈ എഴൂത്തിൽ കാണാം

 4. പണിക്കരുടെ ശവമടക്കം നടക്കുമ്പോൾ ഞാൻ നാട്ടിലായിരുന്നു. ആചാരവെടികളോടെ, ദേശീയ ബഹുമതികളോടെയൊക്കെ നടന്നതെല്ലാം മുൻപിലെത്തിച്ചിരുന്നു, ടിവികളുടെ സത്സമയ സം പ്രേഷണങ്ങൾ. പുകഴ്ത്തലു തന്നെ പുകഷ്ത്തലുകൾ പണീക്കരുടെ ബോഡിയെ വർഷിച്ചപ്പോൾ, ഈ പോസ്റ്റിലെ പല ചിന്തകളൂം മനസിലൂടെ കടന്നു പോയിരുന്നു. എങ്കിലും ചിന്തിച്ചു, ഒരു ബ്രേക്കാകട്ടെ മരണമല്ലേ?, ബന്ധുക്കൾ ഒക്കെ കേൽക്കുന്നതല്ലെ.

  പക്ഷെ എല്ലാം കഴിഞ്ഞ് പണീക്കർക്കൊരവലോകനം എഴുതുമ്പോൾ, മരണം എല്ലാം ശുദ്ധീകരിക്കുന്നു എന്നു പ്രമാണീക്കരിക്കുന്നതു ശരിയല്ല.

  അതിനൊരു വിശദീകരണം അത്യാവശ്യമായിരുന്നു. നിരോഷ ജോസെഫ് അതു നന്നായി ചെയ്തിരിക്കുന്നു.

 5. പിണറായി പറഞ്ഞതാണ് കറക്റ്റ് എം എന്‍ വിജയന്‍ ഫാന്‍സിന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, റിട്ടയര്‍മെന്‍റിന് ശേഷം കമ്മ്യൂണിസം ഉദ്ധരിക്കാന്‍ ഇറങ്ങിയ എം എന്‍ വിജയന്‍ കോളജ് അദ്ധ്യാപകനപ്പുറം ഒന്നുമല്ലയിരുന്നു

 6. നിരോഷയെപ്പോലെയുള്ള മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കേണ്ട ഒരു കാര്യം എന്തെളുതുമ്പോഴും അതില്‍ വസ്തുതാപരമായ പിശകുണ്ടാകരുത് എന്നതാണ്. നരേന്ദ്രന്‍ കമ്മിഷന്റെ ഏതു ശിപാര്‍ശകള്‍ക്കെതിയോണ് എന്‍.എസ്.എസ്് കേസ് നല്‍കിയതെന്നു പഴയ പത്രത്താളുകളില്‍ തിരയൂ. അതിനൊപ്പം ഒന്നുകൂടി മനസിലാക്കൂ. വെണ്ണപ്പാളിയുടെ ആനുകൂല്യത്തില്‍ എത്രപേര്‍ അനര്‍ഹമായ സംവരണത്തിന്റെ ആനുകൂല്യം ഇവിടെ പറ്റുന്നു. ഭൂപരിഷ്‌കരണം എത്രമാത്രം പരാജയമായിരുന്നുവെന്നത് ഇന്നു നമ്മുടെ കണ്‍മുന്നിലുണ്ട്. പുത്തന്‍ മുതലാളിമാരെ സൃഷ്ടിക്കാന്‍ ഉതകിയ ഒരു പാളിപ്പോയ പരീക്ഷണം. ഇന്ന് കേരളത്തില്‍ സംവരണത്തിന്റെ ആനുകൂല്യം പറ്റുന്നത് ഏറെയും അനര്‍ഹരാണെന്നത് മറക്കരുത്. അര്‍ഹിക്കുന്നതിലേര്‍െ പങ്കാളിത്തം സമുദായത്തിനുണ്ടെന്നു പറയുന്ന ലേഖിക മനസിലാക്കേണ്ട ഒരു കാരയം സര്‍ക്കാര്‍ സര്‍വീസിലെ ജീവനക്കാരുടെ ജാതി തിരിച്ചുള്ള കണക്കെടുക്കുന്നതിനെ ഏതിര്‍ക്കുന്നത് ആതരാണ്. വാര്‍ഷിക വരുമാനത്തിന്റെ തോത് ഉയര്‍ത്തിയുയര്‍ത്തി ദശലക്ഷം അടുത്ത് വരുമാനമുള്ളവനും സംവരണം കിട്ടുന്നകാലത്ത് പണിക്കര്‍ ഇത്രയുമെമൊെക്കയല്ലേ പറഞ്ഞുള്ളൂ. വിട്ടുകള.
  പണിക്കര്‍ വിമര്‍ശനത്തിനതീതനൊന്നുമല്ല. ആക്ഷേപിക്കാനായി വസ്തുതകള്‍ വളച്ചൊടിക്കാതിരിക്കൂ.

  അഭിലാഷ് ചന്ദ്രന്‍

  • If you put it simply – he believed in the superioiry of his community among the hindus and promoted it in evey venue he was at . This started a very dangerous trend in the Media [ the two dailies] in Cinema and in the society. when is the last time yo u have seen a movie with non-nair or non-RC in the lead role ?

   Encouraged to have the Jaathi Tag with their name [ remember the founder had taken it away].

   Was totally against reservations and also non-brahmins becoming priests .Otherwords completely believed in the Jathi Vyavastha –

   I am sure – he didnt kill anyone or publicaly made fun of anyone with their jathi name – But for some one who believed in one of the worst systems in the culture , the kind of coverage and honor given to him is not justified.

   Anyway Vivaramulla Nairs never subscribed his views – especially the ones who were brought up outside Kerala and INdia . which is one great relief !!

 7. താനാണ് ശരി; തന്നെ എതിര്‍ക്കുന്നവര്‍ സര്‍വ്വനാശത്തിന്റെ ലക്ഷണങ്ങള്‍ എന്ന ഫാസിസ്റ്റ് നയം ഉള്ളില്‍ കൊണ്ട് നടന്നു ആത്മരതി അനുഭവിക്കുന്ന വിഡ്ഢികള്‍ എങ്ങനെയൊക്കെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചാലും എം.എന്‍ വിജയന്‍ മാഷും പിണറായി വിജയനും ഇവിടത്തെ വിവരമുള്ള ജനമനസ്സുകളില്‍ കൃത്യമായ ചില അടയാളപ്പെടുത്തലുകള്‍ നടത്തിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ആ വിഷയത്തില്‍ വലിയൊരു അഭ്യാസം ഇനി ആവശ്യമില്ല. മരണം ആരെയും ഒന്നിനെയും പുണ്യവല്ക്കരിക്കുന്നില്ല. ജീവിച്ചിരിക്കുന്നോ മരിച്ചുപോയോ എന്ന് നോക്കിയല്ല ഒരു മനുഷ്യന്റെ പ്രവൃത്തിയെ നിരൂപണം ചെയ്യേണ്ടത്. കൂട്ടത്തില്‍ പാടാന്‍ എളുപ്പമാണ്. സ്വന്തമായി ചിന്തിക്കാന്‍ തലക്കുള്ളില്‍ ആള്‍താമസം ഉണ്ടാവുകയും തനിക്കു ശരിയെന്നു തോന്നിയത് ഉറക്കെ വിളിച്ചു പറയാന്‍ ആര്‍ജ്ജവവും വേണം!!!

Leave a Reply

Your email address will not be published. Required fields are marked *