കേസരിയെ വീണ്ടും വായിക്കുമ്പോള്‍

അതുകൊണ്ട് കേസരിയെക്കുറിച്ചുള്ള ഏതൊരോര്‍മ്മപ്പെടുത്തലും വിപ്ലവകരമെന്നല്ല, വിധ്വംസകവുമായിരിക്കും. ഇന്നുപോലും ‘അപകടകരവും സുരക്ഷിതവു’മല്ലാത്ത ഇടപെടലുകളോ സംവാദങ്ങളോ ആയിരുന്നു ആ നിലപാടുകള്‍. അതുകൊണ്ടാവും ‘കേസരിയുടെ തലയ്ക്ക് ‘ പ്രമാണിമാര്‍ ഇപ്പോഴും വിലയിട്ടുകൊണ്ടിരിക്കുന്നത്, അദ്ദേഹം ‘നാടുകടത്ത’പ്പെട്ടുകൊണ്ടേയിരിക്കുന്നത്, അദ്ദേഹത്തിന്റെ കൃതികള്‍ ലഭ്യമാകാത്തത് – മലയാള സാഹിത്യത്തിന്റെയും ചിന്തയുടെയും ജാലകം വിശാലതയുടെ ആകാശങ്ങളിലേക്ക് തുറന്നിട്ട കേസരി എ ബാലകൃഷ്ണപ്പിള്ളയെ വീണ്ടും വായിക്കുന്നു, ഷിബു ഷണ്‍മുഖം. മദിരാശിയിലെ താംബരത്ത് ലോകവാണി പ്രസ്സില്‍ നിന്ന് സി. ജോണ്‍ അച്ചടിച്ച് പോള്‍ വി. കുന്നില്‍ എം. എയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന ‘ലോകവാണി മാസികയില്‍ പ്രസിദ്ധീകരിച്ച, നിലവിലെ സമാഹാരങ്ങളിലൊന്നും ഉള്‍പ്പെടാത്ത ലേഖനങ്ങളുടെ വെളിച്ചത്തില്‍ കേസരിയുടെ സമകാലികത്വം പരിശോധിക്കുന്നു

 

 

തന്റെ കാലത്തോടും ചുറ്റുപാടുകളോടും അങ്ങേയറ്റം സമകാലികനായിരിക്കുക ജാഗ്രത പുലര്‍ത്തുക എന്നതാണ് എ ബാലകൃഷ്ണപിള്ളയുടെ അന്നത്തെയും ഇന്നത്തെയും മൌലികമായ പ്രസക്തിയും നാളയുടെ നീട്ടിയെടുപ്പും. അങ്ങനെയാണ് കേസരി ഒരു ഫ്യുച്ചറിസ്റ് പ്രതിദാര്ശനികനായി തീരുന്നത് . ഇതാണ് അദ്ദേഹത്തിന്റെ ‘ക്രിട്ടിക്കല്‍ റിയലിസം’ അല്ലെങ്കില്‍ ‘പരാജയ പ്രസ്ഥാനം’, പരാജിതരുടെ പ്രസ്ഥാനം. ഇതിനെയാണ് ‘കാലത്തിന്റെ ശീഘ്രസ്ഥാനത്ത് നില്‍ക്കുക’ എന്നദ്ദേഹം പറയുന്നത് . ഈ ശീഘ്രനില ഗുര്‍മോങിനെപ്പോലെ ഒരു വെറും ‘സംക്രമനിരൂപകന്‍’ മാത്രമാണ് കേസരിയെന്ന തെറ്റിദ്ധാരണ അന്നും ഇന്നും കേരളീയരുടെ ഇടയില്‍ പടര്‍ത്തുവാന്‍ ഇടയാക്കി. A priori ഫിലോസോഫികളെയൊക്കെ സെക്കന്ററിയോ മിക്കവാറും അസാധുവോ ആക്കുന്ന ഒരു ‘എവരി ഡേ’യുടെ ‘ശീഘ്രത'(immediacy തന്നെയാണ് കേസരിയുടെ ഫ്യുച്ചറും ഉട്ടോപിയയും ‘നവലോകവും’.

അത് പ്രതിസ്വത്വഭിന്നവും പ്രതിക്ഷണചഞ്ചലവുമാണ് . പ്രതിക്ഷണഭംഗുരമെന്നും പറയാം. അതുകൊണ്ടാണ് അദ്ദേഹം എപ്പോഴും ‘ഉടച്ചുവാര്‍ക്കലി’നെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നത് , ഒഴുകികൊണ്ടിരുന്നത്. ഇവിടെ ലെഫബറിനെ വായിക്കാവുന്നതാണ് : ‘ഒരു പ്രകാരത്തില്‍, ആപേക്ഷികതയില്‍ ആയിരിക്കും കേവലത്വത്തെ നാം ചരിത്രപരമായി സ്വാംശീകരിക്കുന്നത് : ജ്ഞാനത്തിന്റെ ഓരോരോ ശകലങ്ങളും (ഏതൊരു പരികല്‍പ്പനയും, ഏതൊരു പ്രമാണവും, ഏതൊരു പ്രസ്താവനയും) സത്യത്തിന്റെ ഒരു തരി ഉള്‍ക്കൊള്ളുന്നു, പരിണാമ പ്രക്രിയയുടെ തജ്ജന്യമായ ഒരു ഗതിയുടെ സന്ദര്‍ഭത്തില്‍ മാത്രമേ അത് വ്യക്തത കൈവരിക്കുകയുള്ളൂ എന്നു മാത്രം; ഈ പ്രക്രിയയുടെ അവിഭാജ്യഘടകമാണെന്നിരിക്കിലും, ചരിത്രപരമായ വികാസത്തിന്റെ അനുവര്‍ത്തിയായ വൈരുദ്ധ്യങ്ങളെ തുടരെ എതിരിടുകയും പരിഹരിക്കുകയും ചെയ്യുമ്പോള്‍ പോലും അത് നിയാമകത്വത്തിന്റെ ഒരു പരിമാണം നിലനിര്‍ത്തുന്നതുമായിരിക്കും ‘ (ക്രിട്ടിക്ക് ഓഫ് എവെരി ഡേ ലൈഫ്, വോല്യം.1 , ഹെന്റി ലെഫബര്‍, വെര്‍സോ, ലണ്ടന്‍, 1991 , പേജ് 67 ).

ഷിബു ഷണ്‍മുഖം

ദീര്‍ഘദര്‍ശിത്വം
ചരിത്രത്തിന്റെ ഉള്ളറകളിലേയ്ക്കും ഭാവിയുടെ ഉള്ളടക്കത്തിലേയ്ക്കും തുളഞ്ഞു കയറുന്ന സ്ക്രൂസദൃശമായ ആ കണ്ണുകളാണ്, ജ്യോതിഷമല്ല, കേസരിയെ ദീര്‍ഘദര്‍ശി യാക്കിയത്. ‘ആര്യധര്‍മ്മ സേവാസംഘത്തിലൂടെയും ഹിന്ദു മഹാസഭയിലൂടെയും പുറത്തുവരുന്ന ഹിന്ദു വര്‍ഗ്ഗീയവാദം നമ്മുടെ നാടിന് ഒരു വലിയ വിന’ തന്നെ ആയിരിക്കുമെന്ന് 1955 ല്‍ തന്നെ ജ്യോതിഷപണ്ഡിതനായ അദ്ദേഹം കവടി നിരത്താതെ കണ്ടെത്തിയിരുന്നു (മാവേലിക്കര അച്ചുതന്‍ കേസരിയുമായി നടത്തിയ അഭിമുഖം ലോകവാണി മാസിക*, 1955 , കേസരിയുടെ സമാഹാരങ്ങളിലൊന്നും ഉള്‍പ്പെടാത്തത്).

പ്രസ്തുത അഭിമുഖത്തില്‍ ശങ്കരന്‍ മറ്റു മതങ്ങളെയെല്ലാം നശിപ്പിച്ചു കളഞ്ഞു എന്നും അദ്വൈത മതം പ്രായോഗിക ജീവിതത്തില്‍ വലിയ അപകടമാണെന്നും കേസരി ചൂണ്ടിക്കാണിച്ചിരുന്നു. ‘സൂക്ഷ്മദൃഷ്ടിയില്‍ ഏതാണ്ടൊരു നിരീശ്വരമതം തന്നെയായ ബുദ്ധമതത്തെ നശിപ്പിക്കാന്‍ വേണ്ടി മസ്തിഷ്ക ശക്തിയെ വ്യയം ചെയ്തു ശങ്കര’നെന്നും ഇരട്ടയുടെ നിലനില്‍പ്പാണ് ജീവിതത്തിന്റെ രസം, അതിന്റെ നിഷേധം യുക്തിക്ക് ചേരുന്നതല്ല, രണ്ടിന്റെ സംഘടനത്തില്‍ നിന്നാണല്ലോ പുതിയതൊന്ന് ഉണ്ടാകുന്ന’തെന്നും പറയുന്നു. ‘സത്യം എന്നത് ആരും കണ്ടുപിടിക്കയില്ല. അടുത്തൊക്കെ എത്തുമെന്നു മാത്രം. സത്യത്തോടടുക്കുന്നതാണ് ഇന്നത്തെ സത്യം. സൂക്ഷ്മമായി ചിന്തിച്ചാല്‍ യഥാര്‍ത്ഥസത്യം എന്നൊന്നില്ല എന്ന് കാണാന്‍ കഴിയും. സത്യമാണ് ദൈവമെന്നു പറഞ്ഞ ഗാന്ധിജി പ്രകരാന്തരേണ താന്‍ നിരീശ്വരവാദിയാണെന്നു പ്രഖ്യാപിക്കുകയാണ് ചെയ്തത്. പക്ഷെ, മതത്തെപ്പറ്റിയുള്ള വ്യാമോഹങ്ങളും അതില്‍ നിന്നുണ്ടായ ദുര്‍ബ്ബലതകളും ജീവിതാന്ത്യംവരെ അദ്ദേഹത്തെ പിന്തുടര്‍ന്നിരുന്നു’വെന്നും കേസരി തുടരുന്നു. മാനസികമായ ഉയര്‍ച്ചയെന്നാല്‍ ബുദ്ധിപരമായ അടിമത്തം നശിക്കല്‍ എന്നാണര്‍ത്ഥമെന്നും അദ്ദേഹം തീര്‍ത്തു പറയുന്നു.

 

കേസരി എ ബാലകൃഷ്ണപ്പിള്ള

 

മൌലികത
ചങ്ങമ്പുഴയെക്കുറിച്ചുള്ള മറ്റൊരു ലോകവാണി (1955 , ആഗസ്ത്) ലേഖനത്തില്‍ മൌലികതയെ താര്‍ക്കികമായി അസ്ഥിരപ്പെടുത്തുകയും പ്രശ്നവത്കരിക്കുകയും ചെയ്യുന്നുണ്ട് കേസരി. അദ്ദേഹം പറയുന്നു: ‘ഭാവനകളും സങ്കല്‍പ്പങ്ങളും പലപ്പോഴും പഴയ സങ്കേതങ്ങളുടെ പുതിയ പതിപ്പായിരിക്കും. അവ എത്രമാത്രം അനുയോജ്യമാണെന്നേ കാര്യമാക്കേണ്ടതുള്ളു’. ഈ ‘അനുയോജ്യത’ സാന്ദര്‍ഭികവും അസ്ഥിരവും ചരിത്രപരവും ദൈനംദിനവുമായ പ്രയോഗമൂല്യവും ഇടപെടലുമാണ്. കുറുകെയുള്ള ഈ കലാവിസ്താരത്തിന്റെ ലക്ഷണ സ്വാരസ്യമല്ല, ‘അസ്വാരസ്യം’ തന്നെയാണ്. അതാണ് പുതിയ രസം. ഒരു കവിതയില്‍ നിന്ന് മറ്റൊരു കവിതയും ഒരു സിനിമയില്‍ നിന്നും മറ്റൊരു സിനിമയും കൊളുത്തിയെടുക്കാമെന്ന കലാതത്വം കൂടിയാണത്.

ഒറിജിനല്‍ എവിടെ ഒറിജിനല്‍ എവിടെ എന്ന കുറ്റാന്വേഷണവൃത്തിയില്‍ മുഴുകിയിരിക്കുന്ന ഡിറ്റക്ടീവ് നിരൂപകരുടെ ഇടയില്‍ കിടന്നു നട്ടം തിരിയുന്ന മലയാള സിനിമയിലെ നവയുവ സംവിധായകര്‍ക്ക് ഇത് എത്രമാത്രം ധൈര്യം പകരുമെന്ന് പറയേണ്ടതില്ലല്ലോ. ഇറ്റാലിയന്‍ നവ റിയലിസം, ഫ്രഞ്ച് നവതരംഗം തുടങ്ങിയവയില്‍ നിന്നും സത്യജിത് റേയും റേയില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തില്‍ നിന്നും അരവിന്ദനും മറ്റു സമാന്തരക്കാരും ഉല്‍പ്പാദിപ്പിക്കപ്പെട്ടത് ചരിത്രമാണല്ലോ. ടോറെന്റില്‍ നിന്നും ‘ചാപ്പ കുരിശിലും’, ഒന്ന് ചുറ്റിയടിച്ചാല്‍ കല്‍ക്കത്ത വഴി ബ്രസ്സോണില്‍ നിന്നും ജോണിലുമെത്താം. ‘ക്രൌണ്‍’ തീയേറ്ററില്‍ നിന്ന് സിനിമ കഴിഞ്ഞ് ഗെയ്റ്റ് കടന്നാല്‍ മുഖ്യധാരയായി. ‘ക്രൌണ്‍’ തീയേറ്ററിലെ ഹോളിവൂഡ് ക്ലാസ്സിക്കുകള്‍ കോഴിക്കോടങ്ങാടിയില്‍ മാത്രമൊതുങ്ങുന്നില്ല, ബീമാ പള്ളി (ബീമാപള്ളിയെ, അര്‍ത്ഥപൂര്‍ണമായ ആ ഇടത്തെ (location of culture) അധോലോകവത്കരിക്കുന്നതില്‍ (ghettoization ) ഹിംസാത്മകമായ പങ്കു വഹിക്കുന്നവരാണ് പുതിയ പതിപ്പുകള്‍ ഇറക്കുന്ന ഈ നിശബ്ദവിപ്ലവത്തെ എന്തുകൊണ്ടോ ഭയപ്പെടുന്നവര്‍. റിച്ചി സ്ട്രീറ്റ് , പാരിസ് , ടി നഗര്‍, ജെമിനി ഫ്ലൈ ഓവറിനു കീഴെ എന്നിങ്ങനെ ഈ ‘പുതിയ സാംസ്കാരിക ഇടങ്ങള്‍’ ചെന്നൈയിലുമുണ്ട്) തിരുവനന്തപുരത്തു മാത്രമല്ലല്ലോ സ്ഥിതി ചെയ്യുന്നത്. ചുരുക്കത്തില്‍, കേരളം തന്നെ ‘മറ്റൊരു’ പതിപ്പാണ് (പഴയതിന്റെ പുതിയ) അല്ലെങ്കില്‍ ‘വ്യാജ സീഡി’യാണെന്നുള്ള അതിശയോക്തിയില്‍ ലജ്ജിക്കേണ്ടതില്ലെന്നു സാരം. മൌലികത ഒരു ‘ഗുണ’മല്ലെന്നും അപകടം പിടിച്ചതും നിശ്ചലവും ചരിത്രവിരുദ്ധവുമാണെന്നും കൂട്ടിവായിക്കാം.

 

ഹെന്റി ലെഫബര്‍

 

ചരിത്രധാര്‍ഷ്ട്യം
നിലനില്‍ക്കുന്ന, സ്വീകാര്യമായ സാമാന്യ പരികല്‍പ്പനകളെ അര്‍ബിറ്ററിയാക്കുന്ന, അല്ലെങ്കില്‍ പ്രശ്നവത്കരിക്കുന്ന ചരിത്രധാര്‍ഷ്ട്യം കേസരിയുടെ തന്റേടമായിരുന്നു. അതുകൊണ്ട് ‘കാടുകയറുന്ന അഭംഗി’ അതിന്റെ സഞ്ചാരിഭാവമായിരുന്നു. തേര്‍വാഴ്ത്തി പ്രസ്ഥാനമെന്നും തേര്‍വീഴ്ത്തി പ്രസ്ഥാനമെന്നും പരാജയ പ്രസ്ഥാനമെന്നും മനംനോക്കി പ്രസ്ഥാനമെന്നും മറ്റും പ്രസ്ഥാനങ്ങളെ അനാകര്‍ഷകമായി, പദാനുപദമല്ലാതെ അദ്ദേഹം വിവര്‍ത്തനം ചെയ്തു. അര്‍ത്ഥം പദാനുപദമല്ലെന്നും പുരോഗതി നേര്‍രേഖയല്ലെന്നും സ്ക്രൂസദൃശ്യമാണെന്നുള്ളതുകൊണ്ടുമാണ് ഈ വട്ടം ചുറ്റല്‍ അല്ലെങ്കില്‍ കാടുകയറ്റം(സി വിയുടെയും ദസ്തയവിസ്കിയുടെയും കുഞ്ഞിരാമന്‍നായരുടെയും മറ്റും കാടും പടലും വേണമെങ്കില്‍ ഭാഷാമര്‍മ്മജ്ഞനായ ഒരു ലാവണ്യവാദിക്ക് കയറി വെട്ടിത്തെളിച്ച് വന്യമൃഗങ്ങളെ ഓടിക്കാം, ‘പരിഷ്കരിക്കാം’). റിയലിസം യഥാതഥ്യത്തെക്കാളും റൊമാന്റിസിസം കാല്പ്പനികതയെക്കാളും കവിഞ്ഞതാണെന്ന് ഇന്ന് നമുക്കറിയാം. തേര്‍വാഴ്ത്തി പ്രസ്ഥാനങ്ങള്‍ ചരിത്രസ്കലിതങ്ങളെ പുനരാനയിക്കുന്നതെങ്ങനെയെന്നും പിന്നീട് നാം മനസ്സിലാക്കി. ആ തേരോട്ടവഴിയില്‍ അമര്‍ന്നടിഞ്ഞ അതലങ്ങള്‍ തിരികെയെത്തുന്നതും നാം കണ്ടു. ഭാഷയുടെമേല്‍ അടയിരിക്കുന്ന ലാവണ്യസ്കലനങ്ങളില്‍ നമ്മുടെ എത്ര കാലങ്ങള്‍ ഒലിച്ചു പോയില്ല!

അതുകൊണ്ട് കേസരിയെക്കുറിച്ചുള്ള ഏതൊരോര്‍മ്മപ്പെടുത്തലും വിപ്ലവകരമെന്നല്ല, വിധ്വംസകവുമായിരിക്കും. ഇന്നുപോലും ‘അപകടകരവും സുരക്ഷിതവു’മല്ലാത്ത ഇടപെടലുകളോ സംവാദങ്ങളോ ആയിരുന്നു ആ നിലപാടുകള്‍. അതുകൊണ്ടാവും ‘കേസരിയുടെ തലയ്ക്ക് ‘ പ്രമാണിമാര്‍ ഇപ്പോഴും വിലയിട്ടുകൊണ്ടിരിക്കുന്നത്, അദ്ദേഹം ‘നാടുകടത്ത’പ്പെട്ടുകൊണ്ടേയിരിക്കുന്നത്, അദ്ദേഹത്തിന്റെ കൃതികള്‍ ലഭ്യമാകാത്തത്.

തുടങ്ങിയത് ലെഫബര്‍ തന്നെ ആയതുകൊണ്ട് ലെഫബര്‍ തന്നെ അവസാനിപ്പിക്കട്ടെ: ‘ഇന്ന് എല്ലാ വ്യവസ്ഥകളും വിചിന്തനത്തിന്റെ വരിയുടക്കാന്‍, ചക്രവാളത്തെ ഉപരോധിക്കാനാണൊരുങ്ങുന്നത്. ഈ കൃതി വ്യവസ്ഥകളുടെ നടുവൊടിക്കാന്‍ ആഗ്രഹിക്കുന്നു, മറ്റൊരു വ്യവസ്ഥ പകരം വെയ്ക്കാനല്ല, മറിച്ച്, ചിന്തയും പ്രയോഗവും വഴി സാധ്യതകളെ തുറന്നിടുകയും അതിലൂടെ ചക്രവാളവും വഴിയും കാണിച്ചുകൊടുക്കുകയുമാണ് ‘ ( റൈറ്റിങ്ങ്സ് ഓണ്‍ സിറ്റീസ്, ഹെന്റി ലെഫബര്‍, ബ്ലാക്കവെല്‍ പബ്ലീഷേര്‍സ് , യു കെ , 2000, പേജ് 63).

2 thoughts on “കേസരിയെ വീണ്ടും വായിക്കുമ്പോള്‍

Leave a Reply

Your email address will not be published. Required fields are marked *