ഫെയറി ടെയിലിനപ്പുറം ഒരമേരിക്കന്‍ പ്രണയകഥ

പക്ഷെ ശ്രദ്ധിച്ചുപോയി , കാരണം, കൂടെയുള്ള അപ്പൂപ്പന്‍ ആള് ഒരു ചുള്ളന്‍; എന്റെ പ്രിയപ്പെട്ട ഹോളിവുഡ് സ്റാര്‍ റിച്ചാര്‍ഡ് ഗെയറിന്റെ മുഖഛായ. ദൂരെ നിന്ന് കണ്ടാല്‍ ഇത്ര പ്രായമുള്ള ആള്‍ ആണെന്ന് തോന്നുകയേയില്ല. സ്മാര്‍ട്ട് ആയി കുറച്ചു ദൂരം ഓടുന്നു, പിന്നെ പതിയെ നടന്നു വരുന്ന അമ്മൂമ്മക്ക് വേണ്ടി കാത്തു നില്‍ക്കുന്നു, അവിടെ തന്നെ നിന്ന് ജോഗ് ചെയ്തുകൊണ്ടിരിക്കുന്ന അപ്പൂപ്പന്റെ അടുത്തേക്ക് അമ്മൂമ്മ എത്തേണ്ട താമസം കവിളത്തു സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നു, എന്നിട്ട് പിന്നെയും ഓട്ടം. അമ്മൂമ്മയുടെ മുഖത്തുള്ള അപ്പോഴത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയാണ്. ആ ഉമ്മകള്‍ കിട്ടാന്‍ വേണ്ടി മാത്രം ആണ് ശരീരം സമ്മതിക്കുന്നില്ലെങ്കില്‍ കൂടി കഷ്ടപ്പെട്ട് രാവിലെതന്നെ ആശാത്തി ജോഗിങ്ങിനു ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നും-അമേരിക്കന്‍ ജീവിതത്തില്‍നിന്ന് സ്നേഹത്തിന്റെയും കരുതലിന്റെയും ഒരു പുതിയ ഫെയറി ടെയില്‍. തെരേസ എഴുതുന്നു

 

 

ഞാന്‍ ഒരു റൊമാന്റിക് ആണ്. പൂക്കളിലും നിലാവിലും കാറ്റിലും മഴയിലും വരെ പ്രണയം കാണുന്ന ഒരു കടുത്ത റൊമാന്റിക്. ഏതു സാഹചര്യത്തിലും, അത് ഒരു ജോലി ഇന്റര്‍വ്യൂ ആണെങ്കില്‍ പോലും, നിങ്ങളെ പറ്റി എന്തെങ്കിലും പറയാമോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ ഒരു റൊമാന്റിക് ആണെന്ന് പറയാനാണ് എനിക്കാദ്യം തോന്നാറ്.

എവിടെയാണെങ്കിലും മറ്റുള്ളവരെ ഗൌനിക്കാതെ അവരവരുടെ ലോകത്ത് പരസ്പരം സ്നേഹത്തോടെ പെരുമാറുന്ന ദമ്പതികളെയോ കാമുകി ^കാമുകന്മാരെയോ ഒക്കെ കാണുമ്പോള്‍ വെറുതെ ഒരു സ്നേഹം തോന്നും. അത് പ്രായം ഉള്ളവരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട, സ്നേഹത്തിനു പുറമേ കൌതുകവും ആരാധനയും തോന്നും. വര്‍ഷങ്ങളോളം ഇണങ്ങിയും പിണങ്ങിയും ജീവിച്ച് പരസ്പരമുള്ള സ്നേഹവും ബഹുമാനവും നഷ്ടപെട്ടുപോകാതെ ജീവിതസായാഹ്നത്തിലും പരസ്പരം കൂട്ടായി സന്തോഷത്തോടെയുള്ള ഒരു വാര്‍ധക്യം, അത് എല്ലാവര്‍ക്കും കിട്ടുന്ന ഭാഗ്യമല്ലല്ലോ. ചെറുപ്പത്തില്‍ വായിച്ചിട്ടുള്ള ഫെയറി ടെയിലുകളുടെ അവസാനം “അങ്ങിനെ രാജകുമാരനും രാജകുമാരിയും സന്തോഷത്തോടെ ആ കൊട്ടാരത്തില്‍ ജീവിച്ചു” എന്ന് പറഞ്ഞു കഥ തീര്‍ക്കുമ്പോള്‍ എനിക്ക് ദേഷ്യം വരുമായിരുന്നു.

എങ്ങിനെയായിരുന്നു ആ സന്തോഷകരമായ ജീവിതം എന്നുകൂടി അവര്‍ക്കെഴുതിക്കൂടെ എന്നായിരുന്നു എന്റെ ചിന്ത.കഷ്ടപ്പെട്ട് രണ്ടാനമ്മമാരുടെയോ മന്ത്രവാദിനികളുടെയോ ഒക്കെ കയ്യില്‍ നിന്ന് രക്ഷപെട്ട് രണ്ടുപേരും ഒരുമിച്ചു ആവുമ്പോഴേക്കും നമ്മളെ പുറത്താക്കി കഥ തീരും. പക്ഷെ കുട്ടിയായിരുന്ന ഞാന്‍, ബുക്കില്‍ ഇല്ലെങ്കിലും കവര്‍ പേജില്‍ ഇരുന്നു ചിരിക്കുന്ന ആ പ്രിന്‍സിന്റെയും പ്രിന്‍സസ്സിന്റെയും ചായയിലുള്ള കുട്ടികളെയും, പേരക്കുട്ടികളുടെ കൂടെ കളിക്കുന്ന മുടി നരച്ച, പ്രായമുള്ള പ്രിന്‍സിനെയും പ്രിന്‍സസ്സിനെയും-എന്ന് വേണ്ട, കഥ അവസാനിക്കുന്നത് മുതല്‍ അവരുടെ ജീവിതാവസാനം വരെ ഉള്ള കാര്യങ്ങള്‍ ഒക്കെ സങ്കല്‍പ്പിച്ചു സമാധാനിക്കുമായിരുന്നു. ഫെയറി ടെയില്‍സിന്റെ കാലം കഴിഞ്ഞ് വളര്‍ന്നു വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ജീവിതത്തില്‍ കാണുന്ന പ്രണയകഥകള്‍ എനിക്ക് ഹരമായി തന്നെ തുടര്‍ന്നു.

അങ്ങിനെയുള്ള എന്റെ മുന്നിലാണ് ഈ അപ്പൂപ്പനും അമ്മൂമ്മയും വന്നു പെട്ടത്. അപ്പൂപ്പന് എഴുപത്തഞ്ചു വയസ്സ് അടുത്ത് കാണും. അമ്മൂമ്മയെ കണ്ടാല്‍ കുറച്ചുകൂടി പ്രായം തോന്നും. മഞ്ഞുപെയ്യുമ്പോള്‍ നിര്‍ബന്ധമായും വീടിനുള്ളില്‍ ഇരിക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ആയതു കൊണ്ടാവാം, നല്ല കാലാവസ്ഥയാണെങ്കില്‍ ഞങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആളുകള്‍ രാവിലെയും വൈകുന്നേരവും എന്തോ നേര്‍ച്ച ഉള്ള പോലെ മിനക്കെട്ടു നടത്തവും ഓട്ടവും ഒക്കെയാണ്. വീടിനു ചുറ്റും റോഡ് ആയതുകൊണ്ടും നിറയെ ജനാലകള്‍ ഉള്ളതുകൊണ്ടും ഈ നടത്തക്കാരെ കണ്ടില്ലെന്നു നടിക്കാന്‍ എനിക്ക് പറ്റാറില്ല. കമ്പ്യൂട്ടറിന്റെ മുന്‍പില്‍ ചായയും കുടിച്ചു എത്ര നേരം വേണമെങ്കിലും ഇരിക്കാനുള്ള കഴിവുണ്ടായിട്ടും ഈ കാഴ്ചകള്‍ എന്നെ അസ്വസ്ഥയാക്കി. വ്യായാമം ഒന്നും ചെയ്യാതെ മടിപിടിച്ച് ഇങ്ങനെ ഇരിക്കുകയാണല്ലോ എന്നുള്ള കുറ്റബോധം തോന്നിപ്പിച്ച് എല്ലാവരും കൂടി എന്നെയും റോഡിലിറക്കി.

തെരേസ

നടത്തത്തിനിടയിലെ ഉമ്മകള്‍
അങ്ങിനെ തുടങ്ങിയ മോര്‍ണിംഗ് വാക്കിന്റെ ആദ്യ ദിവസമാണ് നേരത്തെ പറഞ്ഞ അപ്പൂപ്പനെയും അമ്മൂമ്മയെയും ഞാന്‍ കണ്ടത്. സത്യം പറഞ്ഞാല്‍ ആ അമ്മൂമ്മ ഒറ്റക്കാണെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുമായിരുന്നില്ല. രണ്ടു കാരണങ്ങള്‍ ഉണ്ട്, ഒന്നാമത് ഇവിടത്തെ ചില അമ്മൂമ്മമാരുടെ മുഖഭാവം കണ്ടാല്‍ നാട്ടിലെ ചില മൂശേട്ട ഹെഡ് മിസ്ട്രസ്സുമാരെ ഓര്‍മവരും, ചിരിക്കാത്ത ആ മുഖങ്ങളെ നോക്കാതിരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട്. അതുമല്ല, പ്രായം എഴുപതു ആയാലും ശരീരവടിവിന്റെ കാര്യത്തില്‍ ഹോളിവുഡ് നടികളോട് മത്സരിക്കാനാഗ്രഹിക്കുന്നവരും, സ്പോര്‍ട്സ് ജാക്കറ്റിന് ചേരുന്ന ഷൂസ് ഇട്ടു ചെത്തിനടക്കുന്നവരും ആയ അമ്മൂമ്മമാര്‍ ഇഷ്ടം പോലെ ഉള്ള ഈ സ്ഥലത്ത് സാരി ഉടുത്താല്‍ ജാനകി എന്നോ അന്നമ്മ എന്നൊക്കെ വിളിക്കാന്‍ തോന്നുന്ന മുഖമുള്ള, ഈ പാവം സാധാരണക്കാരി അമ്മൂമ്മയെ ഞാന്‍ എങ്ങിനെ ശ്രദ്ധിക്കാനാണ്.

പക്ഷെ ശ്രദ്ധിച്ചുപോയി , കാരണം, കൂടെയുള്ള അപ്പൂപ്പന്‍ ആള് ഒരു ചുള്ളന്‍; എന്റെ പ്രിയപ്പെട്ട ഹോളിവുഡ് സ്റാര്‍ റിച്ചാര്‍ഡ് ഗെയറിന്റെ മുഖഛായ. ദൂരെ നിന്ന് കണ്ടാല്‍ ഇത്ര പ്രായമുള്ള ആള്‍ ആണെന്ന് തോന്നുകയേയില്ല. സ്മാര്‍ട്ട് ആയി കുറച്ചു ദൂരം ഓടുന്നു, പിന്നെ പതിയെ നടന്നു വരുന്ന അമ്മൂമ്മക്ക് വേണ്ടി കാത്തു നില്‍ക്കുന്നു, അവിടെ തന്നെ നിന്ന് ജോഗ് ചെയ്തുകൊണ്ടിരിക്കുന്ന അപ്പൂപ്പന്റെ അടുത്തേക്ക് അമ്മൂമ്മ എത്തേണ്ട താമസം കവിളത്തു സ്നേഹത്തോടെ ഒരുമ്മ കൊടുക്കുന്നു, എന്നിട്ട് പിന്നെയും ഓട്ടം. അമ്മൂമ്മയുടെ മുഖത്തുള്ള അപ്പോഴത്തെ ചിരി ഒന്ന് കാണേണ്ടത് തന്നെയാണ്. ആ ഉമ്മകള്‍ കിട്ടാന്‍ വേണ്ടി മാത്രം ആണ് ശരീരം സമ്മതിക്കുന്നില്ലെങ്കില്‍ കൂടി കഷ്ടപ്പെട്ട് രാവിലെതന്നെ ആശാത്തി ജോഗിങ്ങിനു ഇറങ്ങിയിരിക്കുന്നത് എന്ന് തോന്നും.

 

റിച്ചാര്‍ഡ് ഗെയര്‍

 

റിച്ചാര്‍ഡ് അപ്പൂപ്പനും ഭാര്യയും
എന്തായാലും എനിക്കവരെ അങ്ങ് ഇഷ്ടപ്പെട്ടു. ഈ പ്രായത്തിലും ഭാര്യയെ ഇതുപോലെ സ്നേഹിക്കുന്ന ഭര്‍ത്താവും അതുപോലെ പ്രണയം തുളുമ്പുന്ന മുഖം ഉള്ള ഭാര്യയും. അവരെ കാണാന്‍ വേണ്ടി മാത്രം രാവിലത്തെ നടത്തം ഞാന്‍ ഒരു പതിവാക്കി. ആദ്യമാദ്യം വെറുതെ ഒരു ഹലോ, ഗുഡ്മോണിംഗ് ഒക്കെ മാത്രം ഉണ്ടായിരുന്നുള്ളു. ഈ ഹലോ ഇവിടെ എല്ലാവരും എല്ലാവര്‍ക്കും എപ്പോഴും കൊടുക്കുന്നതാണ്. ഇതിനു മുന്‍പ് കാണുകയോ അല്ലെങ്കില്‍ സംസാരിക്കുകയോ ചെയ്യാത്തവരോട് കൈ വീശി ഹലോ പറയുന്ന ഈ ഏര്‍പ്പാട് ഇവിടെ താമസം തുടങ്ങിയ ആദ്യനാളുകളില്‍ എനിക്ക് ബുദ്ധിമുട്ടായിരുന്നു. പക്ഷെ ഇപ്പോള്‍ കാറില്‍ പോകുമ്പോഴും ഫുട്പാത്തിലൂടെ നടക്കുമ്പോഴും അടുത്തുള്ള വീടുകളുടെയൊക്കെ മുറ്റത്ത് പുല്ലു ചെത്തുന്നവരെയും കുട്ടികളെയും പട്ടികളെയും കളിപ്പിക്കുന്നവരെയും എല്ലാം നോക്കി ഹായ് ഹലോ എന്നൊക്കെ ഞാനും പറയാന്‍ തുടങ്ങി.

അങ്ങിനെ എന്നും രാവിലെ ഈ അപ്പൂപ്പനെയും അമ്മൂമ്മയെയും ചിരിച്ചു കാണിച്ചും നല്ല ദിവസം ആശംസിച്ചും ഞാന്‍ നടത്തം തുടര്‍ന്നു. കൂടുതല്‍ സംസാരിച്ചിട്ടില്ലാത്തത് കൊണ്ട് റിച്ചാര്‍ഡ് അപ്പൂപ്പനും ഭാര്യയും എന്നങ്ങു മനസ്സില്‍ പേരിടുകയും ചെയ്തു. ദിവസം ചെല്ലുന്തോറും എനിക്ക് അവരോടുള്ള ആരാധന കൂടി ക്കൂടി വന്നു. രാവിലത്തെ നടത്തത്തിന്റെ ഇടയിലുള്ള സ്നേഹപ്രകടനങ്ങള്‍ മാത്രമല്ല അതിനു കാരണം. പാര്‍ക്കിലും ലൈബ്രറിയിലും അങ്ങിനെ പല സ്ഥലങ്ങളില്‍ അവരെ കണ്ടുമുട്ടുമ്പോഴെല്ലാം അവരുടെ പെരുമാറ്റം, പരസ്പരമുള്ള കരുതല്‍ ഇതെല്ലാം എന്നെ ആകര്‍ഷിച്ചു.

ഒരു ഞായറാഴ്ച പള്ളിയില്‍ വെച്ച് , കുര്‍ബാന തീരാന്‍ ഇനി എത്ര നേരം ബാക്കിയുണ്ട് എന്ന് വാച്ചിലും ചുമരിലെ ക്ലോക്കിലും മാറി മാറി നോക്കിക്കൊണ്ടിരിക്കുമ്പോള്‍ ആണ് തൊട്ടടുത്തുള്ള ബെഞ്ചില്‍ പാട്ടുകാരെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമ്മൂമ്മയെ ഞാന്‍ ശ്രദ്ധിച്ചത്. നോക്കിയപ്പോള്‍ പാട്ടുകാരുടെ ഇടയില്‍ നില്‍ക്കുന്നു നമ്മുടെ റിച്ചാര്‍ഡ് അപ്പൂപ്പന്‍., കോട്ട് ഒക്കെ ഇട്ടു നല്ല സ്റ്റൈലില്‍ ആയിരുന്ന അപ്പൂപ്പനെ പെട്ടെന്ന് ഞാന്‍ തിരിച്ചറിയുമായിരുന്നില്ല. പക്ഷെ പള്ളിയില്‍ ആണെങ്കില്‍ പോലും ആ തിളങ്ങുന്ന ചിരി അമ്മൂമ്മയുടെ മുഖത്ത് വിടര്‍ത്താന്‍ അപ്പൂപ്പനല്ലേ പറ്റൂ. അവിടെ വെച്ച് അവരെ കണ്ടതോടെ, അവരുടെ വിവാഹം ഈ പള്ളിയിലായിരുന്നു കാണുമോ എന്നായി എന്റെ സംശയം. വെള്ളയുടുപ്പിട്ടു മാലാഖ പോലെ അമ്മൂമ്മയും, തല ഉയര്‍ത്തിപിടിച്ചു അപ്പൂപ്പനും അവരുടെ വിവാഹനാളില്‍ ആ ഇടനാഴികളിലൂടെ നടന്നു പോയത് മുതല്‍ അവരുടെ കുട്ടികളുടെ മാമ്മോദീസയും കല്യാണവും വരെ ആ പള്ളിയുമായി ബന്ധപെട്ടു എന്റെ മനസ്സില്‍ വന്നുപോയി. അവരെ ഓര്‍ത്തു എനിക്ക് വെറുതെ ഒരു അഭിമാനം തോന്നി. എന്തായാലും അവരുടെ ഭൂതകാലം സങ്കല്‍പ്പിച്ചു കുര്‍ബാന തീര്‍ന്നത് ഞാനറിഞ്ഞില്ല. പുറത്തിറങ്ങിയപ്പോള്‍ രണ്ടുപേരും കയ്യൊക്കെ പിടിച്ചു നടന്നു ചെന്ന് കാറില്‍ കയറിപോകുന്നത് കണ്ട് ഞാന്‍ അറിയാതെ പുഞ്ചിരിച്ചു പോയി.

 

 

പറഞ്ഞു വന്നപ്പോള്‍ അവര്‍…
ഏതായാലും പള്ളിയിലെ ആ കണ്ടുമുട്ടല്‍ പിറ്റേ ദിവസം അവരുമായി സംസാരിക്കാനുള്ള ഒരു വഴിയായി എനിക്ക്. രാവിലെ കണ്ടപ്പോള്‍ പതിവ് കുശലാന്വേഷണം കഴിഞ്ഞ് നിങ്ങളും സെന്റ് മേരീസ് പള്ളിയില്‍ ആണ് വരുന്നതല്ലേ എന്ന എന്റെ ഒറ്റചോദ്യത്തോടെ അപ്പൂപ്പന്‍ ഫ്ലാറ്റ്. നമ്മുടെ നാട്ടില്‍ നായന്മാര്‍ക്ക് നായന്മാരോടും കത്തോലിക്കര്‍ക്ക് കത്തോലിക്കരോടും എന്ന് വേണ്ട തൃശãുര്‍ക്കാര്‍ക്ക് തൃശãൂര്‍ക്കരോടും വരെ തോന്നുന്ന ഒരുതരം പെട്ടെന്ന് ഉണ്ടാകുന്ന അടുപ്പവും സ്നേഹവും ഒക്കെ ഇല്ലേ, അതുപോലെ ആയി അപ്പൂപ്പന് എന്നോട്.

ഇന്ത്യയില്‍ മന്ത്രവാദം ചെയ്യുന്ന, പാമ്പിനെ ഒക്കെ വളര്‍ത്തുന്ന ഏതോ പ്രത്യേക ജാതിയില്‍ പെട്ട ആളായിരിക്കും എന്നാവും മുന്‍പ് കരുതിയിരുന്നത്. ഇന്ത്യയെ കുറിച്ചും ഇന്ത്യക്കാരെ കുറിച്ചും ഉള്ള അജ്ഞത കൊണ്ട് പിഎച്ച് ഡി ഉള്ള പ്രൊഫസര്‍മാര്‍ വരെ എന്നെ ഞെട്ടിച്ച നാടാണ് ഇത്. അപ്പോള്‍ പിന്നെ ഈ പാവം അപ്പൂപ്പനും അങ്ങിനെ വിചാരിച്ചു എന്ന് കരുതുന്നതില്‍ തെറ്റൊന്നുമില്ല. അടുത്തെത്തിയ അമ്മൂമ്മയോട് വലിയ അത്ഭുതത്തോടെ ഇന്ത്യക്കാരി ആണെങ്കിലും കത്തോലിക്കയാണ് എന്ന് പറയുന്നത് കേട്ടപ്പോള്‍ എനിക്കതോര്‍ത്തു ചിരി വന്നു. അങ്ങിനെ പെട്ടെന്ന് അടുപ്പം കൂടിയ ഞങ്ങള്‍ പള്ളിയെ പറ്റിയും ഇന്ത്യയിലെ കൈസ്തവരെക്കുറിച്ചും സംസാരിച്ചു തുടങ്ങി, പതിയെ വിശദമായി പരിചയപ്പെടുകയും ചെയ്തു.

റിച്ചാര്‍ഡ് അപ്പൂപ്പന്റെ ശരിക്കുമുള്ള പേര് ജോഷ്വ, അമ്മൂമ്മ റോസ് ആന്‍. രാവിലത്തെ നടത്തം കഴിഞ്ഞാല്‍ രണ്ടാളും ഇരുപതു മൈല്‍ ദൂരെ ഉള്ള സിറ്റിയില്‍ താമസിക്കുന്ന മകന്റെയും മകളുടെയും കുട്ടികള്‍ക്ക് കാവലിരിക്കാന്‍ പോകും. മൂന്നും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികള്‍ മകള്‍ക്കും, മൂന്നു വയസ്സുള്ള ഒരു കുട്ടി മകനും. വൈകുന്നേരം മകനും ഭാര്യയും മകളും ഭര്‍ത്താവും ജോലി കഴിഞ്ഞു വരുമ്പോള്‍ ഇവര്‍ തിരിച്ചുപോരും. സ്വന്തം മക്കളുടെ വീട്ടില്‍ പോകാന്‍ പോലും മുന്‍കൂട്ടി സമയം നിശ്ചയിക്കേണ്ടി വരുന്ന ഈ നാട്ടില്‍ ഇതുപോലെ പേരക്കുട്ടികളെ നോക്കുന്നവരും ഉണ്ടെന്നുള്ളത് എനിക്കൊരു പുതിയ അറിവായിരുന്നു. വല്ലപ്പോഴും സിനിമ കാണാന്‍ ഒക്കെ പോകുന്നപോലെ മക്കളുടെ വീട്ടില്‍ പോയി പേരക്കുട്ടികളെ കളിപ്പിച്ചു തിരിച്ചുപോരുന്നവരെ ആണ് ഞാന്‍ കൂടുതലും കണ്ടിരിക്കുന്നത്.

എനിക്ക് സന്തോഷം തോന്നിയത് മറ്റൊരു കാര്യം കേട്ടപ്പോഴാണ്. മകന്റെയും മകളുടെയും വീടുകള്‍ തമ്മില്‍ മൂന്നു നാലു മൈലുകള്‍ ദൂരമുണ്ട്. ആദ്യം ഒരാള്‍ മകന്റെ വീട്ടിലും മറ്റേ ആള്‍ മകളുടെ വീട്ടിലും ആയിരുന്നു. പക്ഷെ പിന്നീട് പകല്‍ മുഴുവന്‍ അകന്നിരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് എല്ലാ കുട്ടികളെയും ഏതെങ്കിലും ഒരു വീട്ടില്‍ കൊണ്ടുവന്നു രണ്ടുപേരും കൂടി നോക്കാന്‍ തുടങ്ങി. ഒരുമിച്ചു ദിവസം ചിലവഴിക്കാനുള്ള അവരുടെ ആഗ്രഹം കണ്ടപ്പോള്‍ എനിക്കോര്‍മ വന്നത് നാട്ടിലെ ഞങ്ങളുടെ അയല്‍വാസി അങ്കിളിനെയാണ്. ജോലിയില്‍ നിന്ന് വിരമിച്ചു മൂന്നുകൊല്ലം ടി വി യും കണ്ടു വെറുതെ ഇരുന്നിട്ട് ഭാര്യ റിട്ടയര്‍ ആയി എന്ന ഒറ്റക്കാരണം കൊണ്ട് മാത്രം വീട്ടിലിരിക്കാതിരിക്കാന്‍ പുതിയ ജോലി അന്വേഷിച്ചു നടന്നു, കക്ഷി. കിട്ടാതായപ്പോള്‍ അതുപോലെ ഉള്ള കുറെ മുരടന്മാരെ കൂട്ടുവിളിച്ചു റെസിഡന്റ്സ് അസോസിയേഷന്‍ രൂപീകരിച്ചു. അതിന്റെ മീറ്റിങ്ങും പിരിവും എന്ന കാരണവും പറഞ്ഞു വൈകുന്നേരത്തെ കണ്ണുനീര്‍ സീരിയലുകള്‍ തുടങ്ങുന്നത് വരെ വീട്ടില്‍ കയറുകയുമില്ല.

അന്നുമുതല്‍ ഞാനും എന്‍റെ ഈ പുതിയ കൂട്ടുകാരും എന്നും കുറച്ചുനേരം സംസാരിക്കും. അവരുടെ പേരക്കുട്ടികളുടെ വിശേഷങ്ങളും, ഫ്ലോറിഡയില്‍ ഉള്ള കല്യാണം കഴിക്കാത്ത മകളെ പ്പറ്റിയുള്ള ആവലാതികളും മുതല്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും രോഗവിവരങ്ങളും കഴിക്കുന്ന മരുന്നുകളും വരെ വിഷയങ്ങള്‍ ആവും. ചില വൈകുന്നേരങ്ങളില്‍ പട്ടിയെയും കൊണ്ട് വെറുതെ നടക്കാനിറങ്ങുന്ന ഇവരെ കാണുമ്പോള്‍ എം. ടി വാസുദേവന്‍ നായരുടെ “ഒരു ചെറു പുഞ്ചിരി’ എന്ന സിനിമയുടെ അമേരിക്കന്‍ പതിപ്പിലെ നായികാനായകന്മാര്‍ എന്നെനിക്ക് തോന്നാറുണ്ട്. ഒരു ദിവസം അടുത്തുള്ള കോള്‍സ് എന്ന കടയിലെ ഷൂ സെകഷനില്‍ ചെന്നപ്പോള്‍ ദാ അവിടെ ഇവര്‍ രണ്ടുപേരും. താഴെ കുനിഞ്ഞിരുന്നു ഷൂസുകള്‍ ഓരോന്നായി അമ്മൂമ്മയുടെ കാലില്‍ ഇട്ടുകൊടുക്കുകയാണ് അപ്പൂപ്പന്‍., പല പ്രാവശ്യം കുനിഞ്ഞ് ഷൂസ് ഇടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും അമ്മൂമ്മക്ക്. എന്നാലും അപ്പൂപ്പന്റെ ആ സ്നേഹവും ഇരുപ്പും കണ്ടപ്പോള്‍ മൊബൈലില്‍ ഒരു ഫോട്ടോ എടുക്കണമെന്നും ഫേസ് ബുക്കില്‍ പോസ്റ് ചെയ്തു ഇവരെകുറിച്ചും ഉദാത്ത പ്രണയത്തെ കുറിച്ചും ഒരു നോട്ട് എഴുതണം എന്നൊക്കെ എനിക്ക് തോന്നിപ്പോയി.

 

 

ഇനി കല്യാണം!
ഇന്ന് രാവിലെയും പതിവുപോലെ ഞങ്ങള്‍ കണ്ടുമുട്ടി. മഞ്ഞുകാലം ഇത്തവണ പെട്ടെന്ന് വസന്തത്തിനു വഴിമാറി കൊടുത്തതിനെപറ്റി ഒക്കെ സംസാരിച്ച കൂട്ടത്തില്‍ വേനലവധിക്ക് എവിടെയെങ്കിലും പോകുന്നുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. വേനല്‍ അവധിക്ക് ആ വര്‍ഷം അതുവരെ ഉണ്ടാക്കിയ കാശും പിന്നെ അടുത്ത വര്‍ഷം ഉണ്ടാക്കേണ്ട കാശ് ലോണ്‍ എടുത്തും എവിടെയെങ്കിലും പോയി അടിച്ചുപൊളിച്ചില്ലെങ്കില്‍ ഇവിടുത്തുകാര്‍ക്ക് മനസ്സമാധാനം കിട്ടില്ല. കറങ്ങാന്‍ പോകുന്ന കാര്യം കേട്ടതോടെ അമ്മൂമ്മ പെട്ടെന്ന് വാചാലയായി. പന്ത്രണ്ടു വയസ്സായപ്പോള്‍ മരിക്കുന്നതിനു മുന്‍പ് കാണേണ്ട സ്ഥലങ്ങളുടെ ഒരു ലിസ്റ് ഉണ്ടാക്കിയത്രേ അവര്‍. എല്ലാം അമേരിക്കയില്‍ തന്നെ. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് പല സ്ഥലങ്ങളിലും പോയി, ഇനി അടുത്തത് കാലിഫോര്‍ണിയ ആണ്, അതില്‍ പ്രധാന ലക്ഷ്യം ഹോളിവുഡ്. കഴിഞ്ഞ വര്‍ഷം വരെ ഞങ്ങള്‍ ലോസ് ആഞ്ചലസില്‍ ആണ് താമസിച്ചിരുന്നത് എന്ന് പറഞ്ഞതോടെ അമ്മൂമ്മ, കഴിഞ്ഞ അവധിക്കു ഹോളിവുഡ് യാത്ര തീരുമാനിച്ചതും സുഖമില്ലഞ്ഞതുകൊണ്ട് അവസാനനിമിഷം മാറ്റിവെക്കേണ്ടിവന്നതും പറഞ്ഞു സങ്കടപ്പെട്ടു. കഥയുടെ അവസാനം ഇനിയും ഒരു കൊല്ലം കൂടെ കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു എന്ന് പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായില്ല.

മുമ്പ് താമസിച്ചിരുന്ന സ്ഥലമായതുകൊണ്ട് എന്നെക്കൊണ്ട് പറ്റുന്ന എന്തെങ്കിലും സഹായം ചെയ്തുകൊടുത്ത് അവരുടെ യാത്രക്കുള്ള തടസ്സം മാറ്റാന്‍ കഴിയുമെങ്കില്‍ പാവം അമ്മൂമ്മയുടെ ആഗ്രഹം നടക്കുമല്ലോ എന്നോര്‍ത്ത്, ഞാന്‍ ഈ വര്‍ഷം പോകാന്‍ പറ്റാത്തതിന്‍റെ കാരണമന്വേഷിച്ചു. ഒരു കള്ളച്ചിരിയോടെ അമ്മൂമ്മ അപ്പൂപ്പനെ നോക്കി, എന്നിട്ട് എനിക്ക് മറുപടി തന്നു.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി!

ഈ വരുന്ന ജൂലൈ മാസത്തില്‍ അവരുടെ കല്യാണം ആണത്രേ. അമ്മൂമ്മയുടെ മൂന്നാമത്തെയും അപ്പൂപ്പന്റെ നാലാമത്തെയും വിവാഹം. മുമ്പുപറഞ്ഞ മക്കള്‍ രണ്ടുപേരുടെയും മുമ്പുള്ള കല്യാണങ്ങളില്‍ നിന്ന് ഉള്ളവരാണ്. പെട്ടെന്ന് എന്തെങ്കിലും കേട്ട് ഞെട്ടുമ്പോള്‍ നടന്‍ ഇന്നസെന്റിന്റെ മുഖത്ത് വിരിയാറുള്ള ഭാവം എന്റെ മുഖത്ത് മിന്നിമറഞ്ഞു. അമ്മൂമ്മയും അപ്പൂപ്പനും സംസാരിച്ചു കൊണ്ടേയിരുന്നു. കഴിഞ്ഞ വര്‍ഷം പേരക്കുട്ടികളുടെ മ്യൂസിക് ക്ലാസ്സില്‍ വെച്ച് ആദ്യമായി കണ്ടുമുട്ടിയത് മുതല്‍ വിവാഹത്തിന്റെ കേക്ക് മക്കള്‍ ഓര്‍ഡര്‍ ചെയ്തതു വരെ ഉള്ള ആ കഥകള്‍ ഒന്നും ഞാന്‍ ശരിക്കും കേട്ടില്ല. എന്റെ മനസ്സില്‍ അപ്പോള്‍, ചെറുപ്പത്തില്‍ എനിക്കേറ്റവും ഇഷ്ടപെട്ട ഫെയറി ടെയില്‍ ബുക്കും അതിലെ നേര്‍വര പോലെ ഉള്ള പ്രണയ കഥകളും ആയിരുന്നു.

ആ പേജുകളും അതിലെ വര്‍ണ ചിത്രങ്ങളും പെട്ടെന്ന് വന്ന ഒരു കാറ്റില്‍ പറന്നു പറന്നു ദൂരേക്ക് പോകുന്ന പോലെ. രാജകുമാരന്റെയും രാജകുമാരിയുടെയും ചിത്രങ്ങള്‍ക്ക് മുഖങ്ങള്‍ ഇല്ലാതാവുന്നതുപോലെ. പ്രണയത്തിന്റെയും ജീവിതത്തിന്റെയും നിര്‍വ്വചനങ്ങള്‍ ദിവസം തോറും മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് കാണാന്‍ ആഗ്രഹിച്ചത് മാത്രം കാണിച്ചു തന്ന് എന്റെ മനസ്സ് ഒരിക്കല്‍ കൂടി എന്റെ ബുദ്ധിയെ പറ്റിച്ചു. ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ വൈകിയാണെങ്കിലും ആഗ്രഹിച്ച പോലെ ഉള്ള ഒരു പങ്കാളിയെ ആയിരിക്കും അവര്‍ക്ക് രണ്ടുപേര്‍ക്കും ഇപ്പോള്‍ കിട്ടിയിരിക്കുന്നതെന്ന് ഓര്‍ത്തു ഞാന്‍ സമാധാനിച്ചു. നിറഞ്ഞ ചിരിയോടെ എന്റെ മുന്നില്‍ നില്‍ക്കുന്ന ആ പ്രണയജോടികള്‍ക്ക് നല്ല ജീവിതം ആശംസിച്ചു വീട്ടിലേക്കു നടന്നു. വരും തലമുറയിലെ കുട്ടികള്‍ക്കായി പുതിയ കഥകള്‍ എഴുതുമ്പോള്‍ കാലം മാറിയതിനനുസരിച്ചു വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും അപ്പോള്‍ മന്ത്രവാദിനികള്‍ക്കും രണ്ടാനമ്മമാര്‍ക്കും പകരം ആര്‍ക്കൊക്കെയാണ്, എന്തിനൊക്കെയാണ് സ്ഥാനം കൊടുക്കേണ്ടത് എന്നുമാണ് ഇപ്പോള്‍ എന്റെ ചിന്ത.

5 thoughts on “ഫെയറി ടെയിലിനപ്പുറം ഒരമേരിക്കന്‍ പ്രണയകഥ

 1. വായിക്കാന്‍ നല്ല രസമുള്ള കുറിപ്പ്. ഇന്നസെന്റു പറഞ്ഞപോലെ രസംണ്ട്, രസംണ്ട്, ഇനിയും പോന്നോട്ടെ ഇത്തരം കുറിപ്പുകള്‍.

 2. Wow my sweetie!!great going..we always knew u had IT in u..keep up the good work..eagerly waiting for more 🙂

 3. അനായാസമായ എഴുത്ത്. നന്നായിട്ടുണ്ട്.

  കഥയിൽ പ്രണയ ജോഡികളെക്കുറിച്ചാണ് പരാമർശം. പക്ഷെ അതിൽ നിന്നും കൊണ്ടകൺക്ലൂഷൻ കുട്ടികളുടെ കഥയിൽ വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച്. അവിടെയൊരിത്തിരി കൺഫൂഷൻ:)

  ഫെയറി ടെയിലിനപ്പുറമുള്ള പ്രണയ കഥ നടക്കുന്ന നാട്ടിലാണ് കുട്ടികളുടെ ഡിസ്നിവേൾഡും അതിലെ മന്ത്രവാദിനികളൂം, അലവുദ്ദിന്റെ അത്ഭുതവിളക്കുകളൂം ഒക്കെ എന്നു മറക്കാതിരിക്കുക.
  ‘’നമ്മുടെ നാട്ടില്‍ നായന്മാര്‍ക്ക് നായന്മാരോടും കത്തോലിക്കര്‍ക്ക് കത്തോലിക്കരോടും എന്ന് വേണ്ട തൃശãുര്‍ക്കാര്‍ക്ക് തൃശãൂര്‍ക്കരോടും വരെ തോന്നുന്ന ഒരുതരം പെട്ടെന്ന് ഉണ്ടാകുന്ന അടുപ്പവും സ്നേഹവും ഒക്കെ ഇല്ലേ, അതുപോലെ ആയി അപ്പൂപ്പന് എന്നോട്.‘’

  വെരി ഗുഡ്!!!

  ഈ ജാതി-മത-സഭ- ദേശ സ്നേഹത്തിൽ നമ്മൾ മലയാളികളെ പ്പോലെയാണല്ലോ അമേരിക്കക്കാരും എന്നൊർത്തപ്പോൾ സാക്ഷാൽ അഭിമാനം തോന്നി 🙂

 4. പ്രണയം അതിനു പ്രായം ഒരു അതിര്‍വരമ്പ് ആണോ…അല്ല എന്ന് ആണ് ഇവര്‍ തെളിയിക്കുന്നത്..ജീവിതം അതില്‍ പ്രണയത്തിന്റെ തിരി നാളം ഇവര്‍ കെടാതെ സൂക്ഷിക്കുന്നു..നമ്മുടെ നാട്ടില്‍ എന്ത് ആണ്…ജീവിതം ഓരോ ചവിട്ടു പടികള്‍ പോലെ ജീവിച്ചു തീര്‍ക്കുന്നു…ഒരു പ്രായം ആയാല്‍ വിവാഹം..കുട്ടികള്‍ ..ഉത്തരവാദിത്തം …ഉത്തരവാദിത്ത നിര്‍വഹണം ..ചാര് കസേരയില്‍ ആര്‍ക്കും വേണ്ടാതെ ഒരു വാര്‍ധക്യം പിന്നെ ഒരു മരണവും…എന്നാല്‍ ജീവിതം എന്ന മുന്തിരി ചാര് ആസ്വദിച്ചു കുടിക്കാന്‍ ഉള്ളത് ആണ് എന്ന് ഇവര്‍ പറയുന്നത്…എന്താ നമുക്കും ആ മുന്തിരി ചാര്‍ മെല്ലെ മെല്ലെ നുന്നഞ്ഞൂടെ ….കുറച്ചു കൂടി നനായി എഴുതാമായിരുന്നു എന്ന് തോന്നുന്നു..

Leave a Reply

Your email address will not be published. Required fields are marked *