ഉട്ടോപ്യ തൊട്ടടുത്താണ്

പരിഹാസത്തിന്റെ ഈ അസാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കറുത്ത ഫലിതം അഥവാ ബ്ലാക്ക് ഹ്യൂമര്‍ ഇതില്‍ അടിയൊഴുക്കായി നിലനില്‍ക്കുന്നു. എന്നാല്‍, കഥാപാത്ര ചിത്രീകരണത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെയും സാഹചര്യങ്ങളുടെയും അവതരണത്തിലെ, പരിഹാസത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ചുവ ഒട്ടുംതന്നെയില്ല. മറിച്ച്, ഈ മനുഷ്യാവസ്ഥകളെ കറയില്ലാതെ മനസ്സിലാക്കുന്ന എംപതിയാണ് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ഈ സിനിമ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇതാണ് ശരിയെന്നോ ഇന്നത് തെറ്റാണെന്നോ ചൂണ്ടിക്കാട്ടാന്‍ തുനിയുന്നില്ല. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ‘ആരുടെയും പക്ഷം പിടിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു’ എന്നാണ് സംവിധായകന് പറയാനുള്ളത്-മലയാളിയായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം ‘മറുപാതൈ’യുടെ കാഴ്ചാനുഭവം. രേണു രാമനാഥ് എഴുതുന്നു

 

 

സിനിമയെക്കുറിച്ചുള്ള സാമാന്യ ധാരണകളില്‍നിന്നുള്ള ഒരു തെറ്റി നടപ്പാണ് മലയാളിയായ ശ്രീകൃഷ്ണന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം മറുപാതൈ (the way to be). ഈ സിനിമ പ്രത്യേകിച്ച് ഒരു കഥയും പറയുന്നില്ല. എന്നാല്‍, അനേകം കഥകളുടെ സമാഹാരമാണിത്. ചൂണ്ടിക്കാട്ടാവുന്ന ഒരു നായകനില്ല. പക്ഷേ ഒന്നിലേറെ കേന്ദ്ര കഥാപാത്രങ്ങളുണ്ട്. രേഖീയ ഘടനയല്ല ഈ സിനിമയുടേത്. എന്നാല്‍, രേഖീയമായ ഒരു കഥാതന്തു ചലച്ചിത്രത്തിന്റെ വഴികളിലൂടെ കടന്നു പോവുന്നുണ്ട്.

വാര്‍പ്പു മാതൃകകളുടെ അരങ്ങ്
ഒരര്‍ഥത്തില്‍, പൊളിറ്റിക്കല്‍ സ്റ്റീരിയോടൈപ്പുകളെക്കുറിച്ചുള്ള ഒരു സിനിമയാണ് മറുപാതൈ. സംവിധായകനായ കെ.പി ശ്രീകൃഷ്ണന്‍ ഈ ചിത്രത്തെക്കുറിച്ച് പറയാനിഷ്ടപ്പെടുന്നതും അതാണ്. ‘ഏതാണ്ട് 25 ഓളം വര്‍ഷമായി ചുറ്റിലും കണ്ടുകൊണ്ടിരിക്കുന്ന വ്യത്യസ്ത തരം മനുഷ്യരുടെ വാര്‍പ്പ് മാതൃകകളുണ്ടല്ലോ. അവരെക്കുറിച്ചാണ് ഈ ചിത്രം-ശ്രീകൃഷ്ണന്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പലപ്പോഴായി നിഴലിച്ചിട്ടുള്ള ‘ഉട്ടോപ്യയെക്കുറിച്ചുള്ള പ്രതിബിംബങ്ങളും ആശയങ്ങളും ഫീച്ചര്‍ ഫിലിമിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള ശ്രമമാണ് തന്റേതെന്നാണ് സംവിധായകന്‍ വിശദീകരിക്കുന്നത്.

എറണാകുളം കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്തിടെ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. പ്രദര്‍ശനശേഷം നടന്ന ചര്‍ച്ച രസകരമായിരുന്നു. കൌതുകകരമായ അനേകം സംശയങ്ങളും നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഉയര്‍ന്നു വന്നു. ഏറെക്കൂറെ അമൂര്‍ത്തമായ ചിത്രത്തിന്റെ ഘടന പല പ്രേക്ഷകര്‍ക്കും പിടികിട്ടിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു, ചില അഭിപ്രായങ്ങള്‍. എന്നാല്‍, ചിലരെങ്കിലും സിനിമയുടെ പ്രത്യേക തുലനാവസ്ഥയുടെ മര്‍മം കണ്ടെത്തിയതായി തോന്നി.

വളരെ നേര്‍ത്ത ഒരു പ്രത്യേക തുലനാവസ്ഥയിലാണ് ഈ ചിത്രത്തിന്റെ നില്‍പ്പ്. രാഷ്ട്രീയ വാര്‍പ്പു മാതൃകകളെയാണത് കാട്ടിത്തരുന്നത്. അതേ സമയം വളരെ ശ്രദ്ധാപൂര്‍വം പക്ഷം പിടിക്കലില്‍നിന്ന് ഇത് ഒഴിഞ്ഞു നില്‍ക്കുന്നു. ചെറിയ ഗൃഹാതുരത്വ ബോധം നിഴലിക്കുന്നുണ്ടെങ്കിലും കടുത്ത ശരി-തെറ്റുകളുടെ വാദ മുഖങ്ങള്‍ ഇതില്‍ വരുന്നില്ല. ചര്‍ച്ചയില്‍ ഒരു പ്രേക്ഷകന്‍ ചൂണ്ടിക്കാട്ടിയ പോലെ രാഷ്ട്രീയത്തിന്റെയും വ്യക്തികളുടെയും ഒരു പ്രത്യേക ലാന്റ്സ്കേപ്പ് ഇതിലുണ്ട്. പക്ഷേ, ഈ വ്യത്യസ്തതകള്‍ ഏതെങ്കിലുമൊരു ബിന്ദുവില്‍ കൂടിച്ചേരുന്നതായി അനുഭവപ്പെടുന്നില്ല. ഈ കൂടിച്ചേരായ്ക ബോധപൂര്‍വം കൈക്കൊണ്ടതായിരുന്നു എന്നാണ് സംവിധായകന് പറയാനുണ്ടായിരുന്നത്.
 

ശ്രീകൃഷ്ണന്‍


 

കഥാപാത്രങ്ങളുടെ അച്ചുതണ്ടുകള്‍
ചിത്രത്തിലുടനീളം കഥാപാത്രങ്ങളുടെ വ്യത്യസ്ത ഗ്രൂപ്പുകള്‍ അവരവരുടെ വ്യത്യസ്ത സഞ്ചാരപഥങ്ങളില്‍ ചലിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ അധികാരത്തിന്റെ ശ്രേണീ ഘടന പ്രബലമാണ്. ഗ്രൂപ്പുകള്‍ക്കുള്ളിലും ചില സഞ്ചാര പഥങ്ങള്‍ പരസ്പരം കൂട്ടിമുട്ടുന്നു. ചിലത് സ്പര്‍ശിക്കുന്നേയില്ല. അവസാന കൂടിച്ചേരല്‍ സംഭവിക്കുന്നില്ലെങ്കിലും ഓരോ ഗ്രൂപ്പിനും സംഭവിക്കുന്നതെന്തെന്ന് ചിത്രം രേഖപ്പെടുത്തുന്നുണ്ട്. പക്ഷേ, അത് കണ്ടെത്തുക അത്ര എളുപ്പമല്ല. സൂക്ഷ്മമായ നിരീക്ഷണ പാടവം ഇത് പ്രേക്ഷകരില്‍നിന്ന് ആവശ്യപ്പെടുന്നു. വെറുതെ കണ്ടാല്‍ മാത്രം പോരാ കണ്ടെത്തുക കൂടി ചെയ്യണമെന്ന് ചുരുക്കം. കാണി സദാസമയം ശ്രദ്ധാലുവായിരിക്കേണ്ടതുണ്ട്.

ചിത്രത്തിലെ മനുഷ്യരുടെ, അല്ലെങ്കില്‍ രാഷ്ട്രീയമായ വാര്‍പ്പു മാതൃകകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. രാഷ്ട്രീയ തീവ്രവാദികള്‍ മുതല്‍ ചട്ടങ്ങള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ കൂട്ടാക്കാത്ത പുരോഹിതന്‍ , കലാപകാരിയായ യുവാവ്, പ്രശസ്തിയിലേക്കുയരാന്‍ വെമ്പുന്ന യുവ പത്രപ്രവര്‍ത്തക, സന്നദ്ധ സംഘടനാ പ്രവര്‍ത്തക, പഴയ തലമുറ വിപ്ലവകാരി, വികസനത്തിന്റെ പേരില്‍ ആണയിടുന്ന നാഗരിക ബുദ്ധിജീവി-ഇന്നത്തെ ഇന്ത്യയില്‍ സര്‍വസാധാരണമായ വിഭാഗങ്ങളുടെയും കൃത്യമായൊരു പരിഛേദം ഇതിലെ കഥാപാത്ര നിരയിലുണ്ട്. അതേ സമയം ഈ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പരിഹാസത്തിന്റെ ലാഞ്ചന പോലുമില്ലാതെയാണ്. പരിഹാസത്തിന്റെ ഈ അസാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയെന്ന് പറയാം.

കറുത്ത ഫലിതം അഥവാ ബ്ലാക്ക് ഹ്യൂമര്‍ ഇതില്‍ അടിയൊഴുക്കായി നിലനില്‍ക്കുന്നു. എന്നാല്‍, കഥാപാത്ര ചിത്രീകരണത്തില്‍ വ്യത്യസ്ത സന്ദര്‍ഭങ്ങളുടെയും സാഹചര്യങ്ങളുടെയും അവതരണത്തിലെ, പരിഹാസത്തിന്റെയോ കുറ്റപ്പെടുത്തലിന്റെയോ ചുവ ഒട്ടുംതന്നെയില്ല. മറിച്ച്, ഈ മനുഷ്യാവസ്ഥകളെ കറയില്ലാതെ മനസ്സിലാക്കുന്ന എംപതിയാണ് അന്തര്‍ധാരയായി വര്‍ത്തിക്കുന്നത്. ഈ സിനിമ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇതാണ് ശരിയെന്നോ ഇന്നത് തെറ്റാണെന്നോ ചൂണ്ടിക്കാട്ടാന്‍ തുനിയുന്നില്ല. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ‘ആരുടെയും പക്ഷം പിടിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു’ എന്നാണ് ശ്രീകൃഷ്ണനു പറയാനുള്ളത്.

സ്റ്റീരിയോ ടൈപ്പുകളുടെ ഒളിച്ചുകടത്തല്‍

ഡോക്യുമെന്ററിയുടെയും കഥാചിത്രത്തിന്റെയും ഘടകങ്ങള്‍ കൂട്ടിയിണക്കിയാണ് സംവിധായകന്‍ ഈ ചിത്രം മെനഞ്ഞെടുത്തത്. പ്രത്യേകിച്ച് കഥാപാത്ര സൃഷ്ടിയില്‍. സ്റ്റീരിയോ ടൈപ്പുകളെ സൂത്രത്തില്‍ കയറ്റിവിടുന്നതു പോലെ തീര്‍ത്തും സൂക്ഷ്മമായ ഒരു പ്രക്രിയ. അതുകൊണ്ടു തന്നെ ഈ കഥാപാത്രങ്ങളൊന്നും അത്രയ്ക്ക് വാര്‍പ്പു മാതൃകകളാണെന്ന് ആദ്യമാര്‍ക്കും തോന്നില്ല.

ഏറെ വൈവിധ്യമുണ്ട് കഥാപാത്രങ്ങള്‍ക്ക്. പരുക്കന്‍ കാട്ടുപാതയിലൂടെ, ജീപ്പില്‍ യാത്ര ചെയ്തെത്തുന്ന മൂന്ന് മനുഷ്യരുണ്ട്. അജ്ഞാതമായ എന്തോ ദൌത്യം നിര്‍വഹിക്കാന്‍ പോവുകയാണവര്‍. പള്ളിയുടെ ചട്ടക്കൂടില്‍നിന്ന് ഏറക്കൂറെ പുറത്തുകടന്ന് ഒരു പുരോഹിതന്‍. ആദിവാസികള്‍ക്കായി ഒരു ബാര്‍ട്ടര്‍ ചന്ത നടത്തുകയാണയാള്‍. പുരോഹിതനെക്കുറിച്ച് കഷ്ടപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് ഫീച്ചര്‍ തയ്യാറാക്കുന്ന യുവപത്രപ്രവര്‍ത്തക. ഈ ഫീച്ചര്‍ ഒന്നാം പേജില്‍ ഇടം കണ്ടെത്തുമെന്നും തന്റെ കരിയര്‍ വിജയവഴിയിലേക്ക് നീളുമെന്നുമാണ് അവളുടെ പ്രതീക്ഷ. വിജ്ഞാനത്തിന്റെ ആരോ വരഞ്ഞിട്ട അതിരുകളെ ചോദ്യം ചെയ്യുന്ന യുവാവ്. അവനു വേണ്ടത് ചോദ്യം ചെയ്യാനും വിമര്‍ശിക്കാനുമുള്ള സ്വാതന്ത്യ്രം. എല്ലാം ശരിയാക്കാന്‍ സന്നദ്ധരായി നില്‍ക്കുന്ന ഗുണ്ടകള്‍. പുരോഹിതനെ ഉപദേശത്തിനായി വിളിച്ചു വരുത്തുന്ന മെത്രാന്‍. പിന്നെ ഈ ഗ്രൂപ്പുകള്‍ക്കിടയില്‍ എല്ലാവരെയും എങ്ങനെയൊക്കെയോ കൂട്ടിയിണക്കുന്ന കണ്ണിയായി നീങ്ങിക്കാണ്ടിരിക്കുന്ന സന്ദേശവാഹകനായ വിപ്ലവകാരി. ഏറെക്കൂറെ പൂര്‍ണതയുണ്ടെന്ന് പറയാവുന്ന കഥാപാത്രങ്ങളുടെ വിന്യാസം പ്രത്യേകമായൊരു ‘മൊസൈയ്ക്’ ആണ് സൃഷ്ടിക്കുന്നത്.

 

 

സാങ്കേതിക മേന്‍മ
ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രകാശനാണ്. മലയാളത്തില്‍ സാധാരണ കാണാത്ത ഒട്ടും സാമ്പ്രദായികമല്ലാത്ത ഫ്രെയിമുകളും കോണുകളും ഈ ചിത്രത്തിന്റെ ഛായാഗ്രഹണത്തിലുണ്ട്. എന്നാല്‍, അതെവിടെയും അമിതമായി വലിഞ്ഞു നീങ്ങുന്നില്ല. ‘സ്ട്രൈക്കര്‍’ എന്ന ഹിന്ദി ചിത്രത്തിന് കഴിഞ്ഞ വര്‍ഷത്തെ ഫിലിം ഫെയര്‍ അവാര്‍ഡിന് നിര്‍ദേശിക്കപ്പെട്ട സജിത് ഉണ്ണികൃഷ്ണനാണ് എഡിറ്റിങ്.

കേരളത്തിലെയും തമിഴ്നാട്ടിലെയും നാടക രംഗത്തുള്ളവരാണ് അഭിനേതാക്കളില്‍ കൂടുതലും. പരിശീലനം നേടിയ നടീനടന്‍മാര്‍ക്കൊപ്പം ഗ്രാമീണരെയും നഗരത്തിലെ സാധാരണക്കാരെയും അഭിനേതാക്കളായി ഉപയോഗിച്ചിട്ടുണ്ട്. മധുര സ്വദേശിയായ നാടക പ്രവര്‍ത്തകന്‍ ഫാറൂഖ്, നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥി കണ്ണനുണ്ണി, മലയാളി നടന്‍ മന്‍സൂര്‍, നാഷനല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥിനി ആതിര, മുരുകന്‍, ശ്രീധര്‍, വിവേക് വിലാസിനി, അനില്‍ ദയാനന്ദ്, മധുരയിലെ തമിഴ് കവി ദേവേന്ദ്ര ഭൂപതി, രാജന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍. ഓപ്പണ്‍ ഐസ് ഡ്രീംസും കള്‍ട്ടും ചേര്‍ന്നവതരിപ്പിക്കുന്ന ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ദിലീപ് നാരായണനാണ്.

രാജേഷ് ദാസ് ചിട്ടപ്പെടുത്തിയ സംഗീതം തമിഴ് പാരമ്പര്യ വഴികളെ പിന്തുടരുന്നതാണ്. തമിഴ് ശവ സംസ്കാര ചടങ്ങുകളില്‍ ഉപയോഗിക്കുന്ന സംഗീതത്തിന്റ സ്വാധീനം ഏറെയുണ്ട്- പ്രത്യേകിച്ച് ആദ്യാവസാന ഭാഗങ്ങളില്‍. മാന്‍ഡലിന്‍, പരമ്പരാഗത തമിഴ് ഉപകരണമായ ഉറൂമി തുടങ്ങിയ വൈവിധ്യമാര്‍ന്ന സംഗീതോപകരണങ്ങളും ഉപയോഗിച്ചിട്ടുണ്ട്.

പൂര്‍ണമായും ഹാന്റ്ഹെല്‍ഡ് ക്യാമറയില്‍ ഷൂട്ട് ചെയ്തതാണ് ഇത്. സന്തോഷ് ഉക്രന്റെ ശബ്ദലേഖനം ഏറെക്കൂറെ പൂര്‍ണമായും ചിത്രീകരണ സ്ഥലത്തു തന്നെ ചെയ്തതാണ്. ആനിമേഷന്റെ രസകരമായ ഉപയോഗം മറ്റൊരു പ്രത്യേകതയാണ്. മിഥുന്‍ മോഹനും സുഹാസുമാണ് ആനിമേഷന്‍ ചെയ്തത്. വളരെ മിതത്വത്തോടെയാണ് ആനിമേഷന്‍ ഉപയോഗിച്ചിരിക്കുന്നത്. ആദ്യ ഫീച്ചര്‍ ചിത്രമെന്ന നിലക്ക് ശ്രീകൃഷ്ണന്റെ തികച്ചും ശ്രദ്ധേയമായ സംരംഭമാണിത്.

 

 

എന്തിന് തമിഴകം?
തമിഴ് ഭാഷയിലെടുത്ത ചിത്രമാണ് മറുപാതൈ. മലയാളിയായ സംവിധായകന്‍ എന്തിനു തമിഴില്‍ ചിത്രമെടുത്തു എന്ന ചോദ്യത്തിന് ശ്രീകൃഷ്ണന് ഉത്തരമുണ്ട്. ഒരു വിശാല തമിഴ് ദേശീയതയുടെ പശ്ചാത്തലം ഉപയോഗിക്കാനുള്ള സാധ്യതയാണ് തമിഴിനോടടുപ്പിച്ചതെന്ന് ശ്രീകൃഷ്ണന്‍ പറയുന്നു. പുരാതന തമിഴ് സംസ്കാരത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്ന മധുരയുടെ പശ്ചാത്തലം ഈ വശത്തിന് ഊന്നല്‍ നല്‍കുന്നു. മധുരയുടെ വര്‍ത്തമാനകാല നഗര മാലിന്യങ്ങള്‍ക്കിടയില്‍നിന്ന് പൊടുന്നനെ ഉയര്‍ന്നു നില്‍ക്കുന്ന കല്‍ത്തൂണുകളും ക്ഷേത്ര ഗോപുരങ്ങളും ചരിത്രം ഉറഞ്ഞുകൂടി നില്‍ക്കുന്ന പ്രതീതിയാണുണ്ടാക്കുന്നത്. ഈ ഇമേജുകള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്നത് ആധുനിക ഭാരതം അനുവര്‍ത്തിക്കേണ്ട വികസന പാതയുടെ മാതൃകയായി കൊണ്ടാടപ്പെടുന്ന ബാംഗ്ലൂരിലെ അപാര്‍ട്മെന്റ് കോംപ്ലക്സുകളാണ്.

ഏതാണ്ട് മൂന്നു കൊല്ലമെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഇടവിട്ട ഷെഡ്യൂളുകളിലൂടെ കേരളത്തിലും തമിഴ്നാട്ടിലുമായിരുന്നു ലൊക്കേഷനുകള്‍. പിന്നെ ബംഗലൂരും കോലാറിലെ ഉപേക്ഷിക്കപ്പെട്ട സ്വര്‍ണ ഖനികളുടെ തകര്‍ന്ന സാമ്രാജ്യവും മറ്റും. തമിഴ്നാട്ടിലെ വരണ്ട വനപ്രദേശങ്ങള്‍ ഒരു പ്രധാന ലൊക്കേഷനായിരുന്നു.

അതേ സമയം ചിത്രത്തിലെ ഒരു പിടി അംശങ്ങള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. കുറേക്കൂടി ഒതുക്കവും ഒഴുക്കും കൈവരിച്ചാലേ കാണികളെ അവരറിയാതെ ചിത്രത്തിലേക്ക് വലിച്ചിടുന്ന മാന്ത്രിക വിദ്യ സ്വായത്തമാവൂ. ഇതില്‍തുടങ്ങിയ ഭാഷാപരമായ അന്വേഷണം തുടരുന്നതിനും മുന്നോട്ടു കൊണ്ടുപോവുന്നതിനും സംവിധായകന് കഴിയേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ഈ ചിത്രത്തിന്റെയും അതിന്റെ ഭാഷയുടെയും പ്രസക്തി അടിവരയിട്ടുറപ്പിക്കാനാവൂ.

One thought on “ഉട്ടോപ്യ തൊട്ടടുത്താണ്

Leave a Reply

Your email address will not be published. Required fields are marked *