പിറവം – അവസാനം, ഞെട്ടിയത് യു ഡി എഫ്

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിനെ മറികടക്കാന്‍ എല്‍ഡിഫുകാര്‍ക്ക് കഴിഞ്ഞില്ല. വീടു വീടാന്തരം കയറിയിറങ്ങി ഓരോ വോട്ടറെയും കണ്ട് അഭ്യര്‍ഥന നടത്താന്‍ അനൂപിനും സംഘത്തിനും കഴിഞ്ഞു. അത്രയ്ക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നില്ല എല്‍ ഡി എഫിന്റെ പ്രവര്‍ത്തനം. എല്‍ഡിഎഫ് ഒരുപാട് കുടുംബസംഗമങ്ങള്‍ നടത്തി. അതില്‍ തോമസ് ഐസക്കും പിണറായി വിജയനും ജയരാജന്മാരുമൊക്കെ പോലുളള വലിയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. അതൊക്കെ പക്ഷേ, കുറച്ചു വിപുലീകരിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റിക്കാരുടെ കുടുംബസംഗമങ്ങള്‍ മാത്രമായിരുന്നു. പാര്‍ട്ടിക്കാരല്ലാത്തവരെ മറ്റുള്ളവര്‍ ആയി കാണുന്ന തൊട്ടുകൂടായ്മയും മസിലു പിടിത്തവും ആഴത്തില്‍ വേരോടിയിട്ടുണ്ട് ഇടതു പക്ഷത്ത്. യുഡിഎഫ് അതു പോലെ കുടുംബസംഗമങ്ങള്‍ കാര്യമായി നടത്തിയില്ല. പക്ഷേ, ഓരോ വീട്ടിലും കയറിയിറങ്ങി, ഒന്നിലധികം തവണ-പിറവം മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ മാധ്യമ പ്രവര്‍ത്തകന്‍ സി.പി ബിജുവിന്റെ അവലോകനം

 

 

പിറവത്ത് അനൂപ് ജേക്കബിന്റെ വിജയത്തില്‍ ഇപി ജയരാജനോ എം.ജെ.ജേക്കബിനോ പോലും അദ്ഭുതമുണ്ടാവില്ല. ജേക്കബേട്ടന് ഒരു പക്ഷേ, വിഷമമുണ്ടായിരിക്കും. എന്നാല്‍, ഇ.പിക്ക് അതുമുണ്ടാവാനിടയില്ല. എന്നാല്‍ 12070 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയതില്‍ അനൂപ് ജേക്കബിനെന്നല്ല ഉമ്മന്‍ ചാണ്ടിക്കു പോലും അത്ഭുതമുണ്ടാവും.

ടി.എം.ജേക്കബിന്റെ കബറടക്കം കഴിഞ്ഞ് ഉപതിരഞ്ഞെടുപ്പിനെപ്പറ്റി ആളുകള്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ ഇതൊരു കടുത്ത മല്‍സരമായിരിക്കുമെന്ന സംസാരം പിറവത്തെല്ലായിടത്തുമുണ്ടായിരുന്നു. കേരളത്തിലങ്ങോളമിങ്ങോളവും. എന്നാല്‍ തിരഞ്ഞെടുപ്പു രംഗം ചൂടു പിടിച്ചതോടെ മണ്ഡലത്തിലുള്ളവര്‍ക്കും പ്രചരണത്തിനെത്തിയവര്‍ക്കും കാര്യങ്ങളുടെ കിടപ്പില്‍ അത്ര സംശയമൊന്നുമുണ്ടായിരുന്നില്ല. വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍, ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം യുഡിഎഫുകാര്‍ പോലും പ്രതീക്ഷിച്ചിരുന്നതല്ല. പതിനായിരം വോട്ടിനു ജയിക്കുമെന്നേ നാട്ടുകവലകളിലെ വാദകോലാഹലങ്ങളില്‍ പോലും യുഡിഫ് അണികള്‍ അവകാശപ്പെട്ടിരുന്നുള്ളൂ. ‘നോക്കിക്കോടാ… കഴിഞ്ഞ തവണ 157 ആയിരുന്നെങ്കില്‍ ഇത്തവണ പതിനായിരത്തമ്പത്തേഴ്’ എന്ന മട്ടില്‍ ശകലമൊന്നു പെരുപ്പിച്ച പ്രതീക്ഷ.

ബിജു സി.പി

യുഡിഎഫിന്റെ പ്രതീക്ഷകളെപ്പോലും മറികടക്കുന്ന വിജയമാണ് പിറവംകാര്‍ സമ്മാനിച്ചത്. ഇതിന് ഒരൊറ്റ കാരണമേ ഉള്ളൂ. യുഡിഎഫിനോട് താത്പര്യമുള്ള നിഷ്പക്ഷ വോട്ടുകളെല്ലാം അനൂപിന് അനുകൂലമായി ബീപ് ചെയ്തു. പൊതുവേ യൂ ഡി എഫ് ചായ്വ് ഉള്ള മണ്ഡലമാണ് പിറവം. ആറായിരം മുതല്‍ പതിനായിരം വരെ വോട്ടുകളുടെ മുന്‍തൂക്കം. എന്നാല്‍ എല്ലായ്പോഴും അത് യുഡിഎഫിന് അനുകൂലമായി വീഴാറില്ലായിരുന്നു. ഒരു തവണ മാത്രം അത് യുഡിഎഫിന് എതിരായി വീണു-2006ല്‍. അന്ന് കേരളത്തിലാകെ യുഡിഎഫ് സര്‍ക്കാരിനെതിരായ വികാരവും വി.എസ്.തരംഗവുമുണ്ടായിരുന്നു. അന്നു മാത്രമാണ് പിറവം യുഡിഎഫിനെതിരായി വോട്ടു ചെയ്തത്. 1987ല്‍ ഗോപി കോട്ടമുറിക്കല്‍ ജയിച്ചപ്പോള്‍ യുഡിഎഫ് പാളയത്തില്‍ രണ്ടു സ്ഥാനാര്‍ഥികളുണ്ടായിരുന്നു- ബെന്നി ബഹനാനും, ഞങ്ങള്‍ പിറവംകാരുടെ പൌലോസ് സാറും- സി.പൌലോസ്.

മണ്ഡലത്തില്‍ വന്‍ഭൂരിപക്ഷമുണ്ടെങ്കിലും ഒരിക്കല്‍ മാത്രമേ കൈപ്പത്തി ചിഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസുകാര്‍ക്കു കഴിഞ്ഞിട്ടുള്ളൂ. കരുണാകരനോടുള്ള അടുപ്പം കൊണ്ട് ടി.എം ജേക്കബ് എക്കാലവും സുരക്ഷിത മണ്ഡലമായി പിറവത്തെ നിലനിര്‍ത്തി. സംശയം വന്നപ്പോള്‍ പിറവത്തെ തഴഞ്ഞ് കോതമംഗലത്തിനു വണ്ടി കയറി. പ്രശ്നങ്ങള്‍ ഒതുക്കി തീര്‍ത്തപ്പോള്‍ വീണ്ടും പിറവം പിടിച്ചെടുത്തു. അത് പഴങ്കഥ. കോണ്‍ഗ്രസുകാര്‍ക്ക് ടി.എം.ജേക്കബിനോട് അത്രയ്ക്കൊരു കൂറൊന്നും ഉണ്ടായിരുന്നില്ല. പിന്നെ കാശിനു മുട്ടില്ലാതിരുന്നതിനാലും കാര്യങ്ങളൊക്കെ വേണ്ട വിധം നടന്നു പോകുമായിരുന്നതിനാലും കേരളത്തിലെ ഹൈക്കമാന്റില്‍ ജേക്കബിന്റെ പിടി ശക്തമായിരുന്നതിനാലും ജേക്കബ് പിറവത്തിന്റെ നാഥനായി തുടര്‍ന്നു എന്നേയുള്ളൂ.

ഇത്തവണ തിരഞ്ഞെടുപ്പു തീരുമാനിച്ച് ആദ്യ ദിവസങ്ങളില്‍ സ്ഥാനാര്‍ഥിയാര് എന്നൊരു തര്‍ക്കം യുഡിഎഫിലുണ്ടെന്ന് തോന്നിയിരുന്നെങ്കിലും അനൂപ് ജേക്കബിന്റെ പേരുയര്‍ന്നതോടെ എല്ലാവരും അനൂപിന്റെ പിന്നില്‍ അണി നിരന്നു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച് അധികം കഴിയും മുമ്പ് തന്നെ അനൂപ് ജയിക്കും എന്നൊരു തോന്നല്‍ മണ്ഡലത്തിലുണ്ടായിരുന്നു. അതുണ്ടാക്കിയതിനു പിന്നില്‍ പത്രമാധ്യമങ്ങളും ചാനലുകളും ഒരു പങ്കു വഹിച്ചിട്ടുണ്ട്. അനൂപ് ജയിച്ചാല്‍ മന്ത്രിയാകുമെന്ന പ്രഖ്യാപനം കുറച്ചൊന്നുമല്ല ഈ വിജയത്തിന് പിന്തുണയേകിയത്. എം.ജെ.ജേക്കബിന്റെ ജനപിന്തുണയ്ക്കു കാരണം അദ്ദേഹത്തിന്റെ വ്യക്തിമികവിനെക്കാള്‍ മണ്ഡലത്തില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങളായിരുന്നു. പാലം പണികളും റോഡു പണികളും കെട്ടിടം പണികളും. മന്ത്രിയായാല്‍ അതിനെക്കാള്‍ അധികം കാര്യങ്ങള്‍ ചെയ്യാന്‍ അനൂപിനു കഴിയുമല്ലോ എന്ന തോന്നല്‍ യുഡിഎഫിനു സഹായകമായിട്ടുണ്ട്. എം.ജെ.ജേക്കബിന്റെ വികസന സമീപനങ്ങള്‍ മണ്ഡലത്തിലുണ്ടാക്കിയിട്ടുള്ള സ്വാധീനത്തെ അവഗണിച്ചു കളയാന്‍ ഇനി അനൂപിനായാലും കഴിയില്ല.

ജയിക്കും എന്ന തോന്നല്‍ മണ്ഡലത്തിലുണ്ടായതാണ് അനൂപിന്റെ വിജയത്തില്‍ സുപ്രധാന പങ്കു വഹിച്ചത്.

 

 

അടി മുതല്‍ മുടിയോളം യുഡിഎഫ് ഒറ്റക്കെട്ടായിരുന്നു. ചെറിയൊരു അസ്വാരസം പോലും എവിടെയും ഉണ്ടായില്ല. ടി.എം.ജേക്കബ് ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന് ഒരു അനുയായി വൃന്ദവും കേരളാ കോണ്‍ഗ്രസ് ജേക്കബ് എന്ന പേരില്‍ കുപ്പായമിട്ട കുറേ പേരും ഉണ്ടാകുമായിരുന്നു. കാശിന്റെ ഇടപാടൊക്കെ അവരായിരുന്നു. എന്നാല്‍ ജേക്കബിന്റെ കാലം കഴിഞ്ഞതോടെ പരിവാരങ്ങളില്ലാതായി. കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് എന്ന പേരല്ലാതെ ശല്യമുണ്ടാക്കാന്‍ കാര്യമായി ആരുമുണ്ടായിരുന്നില്ല. ചിഹ്നം കൈപ്പത്തിയല്ലെങ്കിലും കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും പറയുന്നപോലെ, എന്നല്ല ആഗ്രഹിക്കുന്ന പോലെ, കാര്യങ്ങളൊക്കെ ഠീക് ഠീക് ആയി നടന്നു. ഈ ജയം കോണ്‍ഗ്രസിന്റെ മാത്രം ജയമാണ്. ഉമ്മന്‍ ചാണ്ടിയുടെ ജയമാണ്.

ഇനി വോട്ടിങിന്റെ കാര്യം നോക്കിയാല്‍ എം.ജെ. ജേക്കബേട്ടന് സങ്കടപ്പെടാന്‍ ഒന്നുമില്ല. കഴിഞ്ഞ തവണ കിട്ടിയ 66346 ന്റെ സ്ഥാനത്ത് ഇത്തവണ 70686 വോട്ട് കിട്ടിയിട്ടുണ്ട്. 4340 കൂടുതല്‍. കഴിഞ്ഞ തവണ കിട്ടിയ എല്ലാ വോട്ടുകള്‍ക്കും പുറമേ മണ്ഡലത്തില്‍ പുതുതായി വന്ന ഇരുപതിനായിരത്തോളം വോട്ടുകളില്‍ ഏതാണ്ട് നാലിലൊന്നും കൂടി. അനൂപിനാണെങ്കിലോ കഴിഞ്ഞ തവണ ടി.എം.ജേക്കബിനു കിട്ടിയ 66503 ന്റെ സ്ഥാനത്ത് ഇത്തവണ 82756 വോട്ട് കിട്ടി. 16253 വോട്ട് കൂടുതല്‍.

തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും യുഡിഎഫിനെ മറികടക്കാന്‍ എല്‍ഡിഫുകാര്‍ക്ക് കഴിഞ്ഞില്ല. വീടു വീടാന്തരം കയറിയിറങ്ങി ഓരോ വോട്ടറെയും കണ്ട് അഭ്യര്‍ഥന നടത്താന്‍ അനൂപിനും സംഘത്തിനും കഴിഞ്ഞു. അത്രയ്ക്ക് ആഴ്ന്നിറങ്ങുന്നതായിരുന്നില്ല എല്‍ ഡി എഫിന്റെ പ്രവര്‍ത്തനം. എല്‍ഡിഎഫ് ഒരുപാട് കുടുംബസംഗമങ്ങള്‍ നടത്തി. അതില്‍ തോമസ് ഐസക്കും പിണറായി വിജയനും ജയരാജന്മാരുമൊക്കെ പോലുളള വലിയ നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. അതൊക്കെ പക്ഷേ, കുറച്ചു വിപുലീകരിച്ച സിപിഎം ബ്രാഞ്ച് കമ്മിറ്റിക്കാരുടെ കുടുംബസംഗമങ്ങള്‍ മാത്രമായിരുന്നു. പാര്‍ട്ടിക്കാരല്ലാത്തവരെ മറ്റുള്ളവര്‍ ആയി കാണുന്ന തൊട്ടുകൂടായ്മയും മസിലു പിടിത്തവും ആഴത്തില്‍ വേരോടിയിട്ടുണ്ട് ഇടതു പക്ഷത്ത്. യുഡിഎഫ് അതു പോലെ കുടുംബസംഗമങ്ങള്‍ കാര്യമായി നടത്തിയില്ല. പക്ഷേ, ഓരോ വീട്ടിലും കയറിയിറങ്ങി, ഒന്നിലധികം തവണ.

ആന്റണിയുടെ പര്യനം, ഉമ്മന്‍ ചാണ്ടിയുടെ റോഡ് ഷോകളും പര്യടനങ്ങളും, മാണിസാറിന്റെ പര്യടനം എന്നിങ്ങനെ ഒന്നിനു പുറകേ ഒന്നായി നടത്തിയ യുഡിഎഫ് മുന്നേറ്റങ്ങളോട് ഒപ്പമെത്താന്‍ കുറച്ചെങ്കിലും കഴിഞ്ഞത് വി.എസ് അച്യുതാനന്ദന്റെ പര്യടനങ്ങള്‍ക്കു മാത്രമായിരുന്നു. താഴെത്തട്ട് വരെ ഇളക്കി മറിച്ച പ്രചാരണ കോലാഹലങ്ങളും സൃഷ്ടിച്ചെടുത്ത തരംഗവുമായിരിക്കണം യുഡിഎഫിന് ഇത്ര വലിയ വിജയം നല്‍കിയത്. സഭാ വഴക്ക് വോട്ടില്‍ പ്രതിഫലിക്കുമെന്നും അത് തങ്ങള്‍ക്ക് അനുകൂലമായി വീഴുമെന്നുമുള്ള ഇടതു പ്രതീക്ഷകള്‍ ആട്ടിന്‍മുട്ടനു പിന്നാലെ നടന്ന കുറുക്കന്റേതു പോലെയായി. വഴക്കൊക്കെയുണ്ടെങ്കിലും വിശ്വാസമുള്ള ക്രിസ്ത്യാനികള്‍ എന്തൊക്കെ പറഞ്ഞാലും അരിവാളില്‍ കുത്താന്‍ മടിക്കും. അല്ലെങ്കില്‍ അത്ര ശക്തമായ കാരണങ്ങളുണ്ടാകണം.

ഏതായാലും ഇത് കോണ്‍ഗ്രസിന്റെ വിജയമാണ്. ഉമ്മന്‍ ചാണ്ടിയുടെ വിജയമാണ്. മന്ത്രിസഭയില്‍ ഇനി ഉമ്മന്‍ചാണ്ടിക്ക് ഒരു ബിനാമി കൂടി വരുമെന്നു കരുതാം.

2 thoughts on “പിറവം – അവസാനം, ഞെട്ടിയത് യു ഡി എഫ്

  1. പിറവത്ത് എന്തു കൊണ്ട് എല്‍.ഡി.എഫ് തോറ്റു?

    പ്രതിക്രിയ വാദികളും, വിഘടന വാദികളും, മദ്യ മുതലാളിമാരും, കൂടിയന്മാരും, തമ്മിലുള്ള അകലം കൂടി എന്നു നമ്മള്‍ വിചാരിച്ചുവെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ദ്ധാര അതിശക്തമായിരുന്നു. മാത്രമല്ല, നമ്മുടെ കണ്ണൂരിലുള്ള രണ്ടു പെര്‍ക്ക് അവിടെ ചാര്‍ജ് കൊടുത്തപ്പോള്‍ അവര്‍ തമ്മിലുള്ള അന്തര്‍ദ്ധാര വളരെ നേര്‍ത്തതും, തോമസ് ഐസകിന്റെ അന്തര്‍ധാരയും, വി.എസിന്റെ അഭിസാരികയും (കറിവേപ്പില) തമ്മിലുള്ള വൈരുദ്ധ്യാത്മിക ബൌദ്ധിക വാദവും………

Leave a Reply

Your email address will not be published. Required fields are marked *