പുഴുവായുറങ്ങി, പൂമ്പാറ്റയായുണര്‍ന്നു..*

എനിക്ക് തോന്നിയിട്ടുണ്ട്, അടുത്തറിഞ്ഞ ഓരോ സ്ത്രീയും ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട് കണ്ടും കേട്ടും മോഹിച്ച കടും നിറങ്ങളുടെ ഒരു അകം പൊറുതി. ആ നിറങ്ങളാണ് കീ ബോര്‍ഡില്‍ നിന്ന് നേരെ നടന്നു കേറാവുന്ന ഈ മാന്ത്രിക ലോകത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്. മായികതയുടെ വിസ്മയ ലോകത്ത് നിന്നും ഇറങ്ങി വന്നു ജീവിതത്തിലേക്ക് ചേക്കേറിയ സ്നേഹങ്ങള്‍., വഴി തീര്‍ന്നു പോകുമെന്ന് അന്തിച്ചു നിന്ന നിസ്സഹായതകളില്‍ കൂടെ വന്ന കരുതലും കൈത്താങ്ങുമായവര്‍..,ഇതെഴുതുന്ന ഈ പാതിരാവില്‍ കേരളത്തില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ എന്‍റെ അതേ നെഞ്ചിടിപ്പുമായി, ഞാന്‍ തന്നെയെന്നു എനിക്ക് തോന്നിയ ഒരുവള്‍ ഉറങ്ങുന്നു- വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. സെറീന എഴുതുന്നു

 

 

തുറന്നു വെച്ച മോണിറ്ററിന്റെ ഇടതു വശത്ത് യാത്രയാവൂ എന്നാരോ തെളിക്കുന്ന വിളക്കുകള്‍ പോലെ, പച്ച സിഗ്നലുകളുടെ ഒരു നീണ്ട നിര. സഹസ്ര കോടി മനുഷ്യ ജീവികളുള്ള ഈ ഭൂഗോളത്തിന്റെ ഏതൊക്കെയോ കരകളില്‍ നിന്ന് മറ്റേതോ കരകളിലേക്ക് യാത്രയാവുന്ന വാക്കുകളുടെ ചിറകൊച്ചകള്‍…! വിരല്‍ ത്തുമ്പു കൊണ്ട് മെലെയൊന്നു മുട്ടിയാല്‍ തുറക്കപ്പെടുന്ന അദൃശ്യ ലോകങ്ങള്‍…

ഓര്‍ത്തു നോക്കിയാല്‍ അത്ഭുതമാണിത്.

പുഴുവായുറങ്ങി പൂമ്പാറ്റയായുണര്‍ന്നു,
ആരാണ് ഉറക്കത്തില്‍ വന്നു ഇത്രയും പ്രണയത്തോടെ ഉമ്മ വെച്ചത്?*

എന്ന വീരാന്‍കുട്ടിക്കവിത പോലൊരു അത്ഭുതം.

അല്‍പ്പവര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഞാനല്ല ഈ ഞാന്‍…

“ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെ വിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു. കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
ഇറച്ചിക്കടയിലേയ്ക്കു തുറക്കുന്ന ജനാലയില്‍ അവളൊരു കര്‍ട്ടന്‍ തുന്നിയിട്ടു.
ഡിസംബറേ, എന്റെ വീടകം നിറയെ ഒച്ചയനക്കങ്ങള്‍ തന്ന പ്രീയപ്പെട്ട മഞ്ഞു മാസമേ നന്ദി.
ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം.”

സെറീന

എന്ന് ബ്ലോഗ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍, ഒരു ഡിസംബറില്‍ എഴുതിയിടുമ്പോള്‍ എനിക്കാ വീരാന്‍കുട്ടിക്കവിതയിലെ പൂമ്പാറ്റ ചിറകുകള്‍ മുളച്ചിരുന്നു. കൈവിട്ടുപോയ കവിത മടങ്ങി വന്നു, പ്രണയവും സ്നേഹവും കരച്ചിലും കാറ്റും മഴയും വെയിലും പൂക്കുന്ന പച്ച മണ്ണിന്റെ ഈര്‍പ്പമുള്ള ഭൂമിയായി ഹൃദയം. ഓര്‍മ്മയുടെ ഏറ്റവും വിദൂരമായ കാലം മുതല്‍ക്കേ വന്യമായ നിശബ്ദതകളുടെ മഹാവനം ഇരുണ്ടു നിന്ന അകം. കൂടെ വന്ന സ്നേഹ സൌെഹൃദ ങ്ങള്‍ക്കൊന്നും മനസ്സിലാകാത്ത അകാരണമായ നിശബ്ദതകളുടെ തിരനോട്ടങ്ങള്‍, മടുത്തും പിണങ്ങിയും ഇറങ്ങിപ്പോയവരുടെ സ്നേഹ സുഗന്ധങ്ങള്‍ തങ്ങി നില്‍ക്കുന്ന ഈ ലോകം തുറന്നു വെച്ചു പച്ച വെളിച്ചം തെളിക്കാതെ അദൃശ്യയായി ഇങ്ങനെ ഇരിക്കുമ്പോള്‍ ഞാനൊരു യാത്രയിലാണെന്ന് തോന്നും . അടഞ്ഞ വാതിലിനപ്പുറം എല്ലാ വിളക്കുകളും അണയുന്ന ( മംഗ്ലീഷില്‍ വിളക്കുകള്‍ എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ വിലക്കുകള്‍ എന്ന് തെളിയുന്നു. അങ്ങനെ വായിക്കുമ്പോഴും ഈ വാചകം ശരിയാണ്.) ഇരുട്ടില്‍ ഒരു നിലാവ് തെളിയുന്നു, ഹൃദയത്തില്‍ മുഖം താഴ്ത്തിയിരുന്ന ഒരുവള്‍ നടക്കാനിറങ്ങുന്നു.

ആ യാത്ര ഉണ്ണി . ആറിന്റെ തോടിനപ്പുറം പറമ്പിനപ്പുറം എന്ന കഥയിലെ കുരുടി ഉമ്മച്ചിയുടെയും സുല്ഫത്തിന്റെയും യാത്രകള്‍ പോലൊന്നാണ്. അന്ധയായ കുരുടി ഉമ്മച്ചി , വിവാഹം ചെയ്തതു ധാരാളം യാത്രകള്‍ ചെയ്യുന്ന ഒരാളെയാണ്, അത് യാത്രകളോടുള്ള അടങ്ങാത്ത കൊതി കൊണ്ടും, തന്നെ ഒപ്പം കൂട്ടിയില്ലെങ്കില്‍ പോലും യാത്രാ വിവരണങ്ങള്‍ കേള്‍ക്കാം എന്ന മോഹം കൊണ്ടുമായിരുന്നു..എന്നാല്‍ അയാള്‍ അവരെ എവിടേയ്ക്കും ഒപ്പം കൂട്ടിയില്ല, ഒന്നും പറഞ്ഞുമില്ല. പക്ഷെ ഒരു ഗ്രാമത്തിന്റെ ചെറു വരമ്പുകള്‍ക്കും തോടുകള്‍ക്കും അപ്പുറം സുല്‍ഫത്ത് എന്ന ചെറു മകളുടെ കൈപിടിച്ച് അവര്‍ മഹായാത്രകള്‍ പോകുന്നു. മറ്റാര്‍ക്കും കാണാനാകാത്ത ഭൂഖണ്ഡങ്ങള്‍ താണ്ടുന്നു. അമ്പാടിക്കവലയില്‍ നിന്ന് ബസ്സ് കയറി ഒരു സ്റ്റോപ്പ് കഴിയുമ്പോള്‍ സുല്‍ഫത്ത് കുരുടി ഉമ്മച്ചിയോടു പറയുന്നുണ്ട്, അടുത്ത സ്റ്റോപ്പാണ് ലണ്ടന്‍! !..

അവര്‍ വാട്ടര്‍ ലൂ പാലത്തിനു മുകളില്‍ നിന്നും നോക്കുമ്പോള്‍ സെന്റ് പോള്‍ കതീദ്രല്‍ പള്ളിയുടെ മുകളിലെ താഴികക്കുടം കാണുന്നു. വഴിയില്‍ ടി.എസ്. എലിയെട്ടിനെ കാണുന്നു,റസ്സല്‍ പാര്‍ക്കിലൂടെ നടക്കുന്നു. എസ്.കെ. പൊറ്റക്കാടിന്റെ നൈല്‍ ഡയറി വായിച്ചു മര്‍്ച്ചിസണ്‍ വെള്ളച്ചാട്ടം കാണാന്‍ തീരുമാനിക്കുന്നു.,അവരുടെ മക്കയായി മാറുന്ന വട്ടക്കോട്ടപ്പാറ.. അന്ധയായ ഒരു സ്ത്രീയും അവരുടെ കൊച്ചു മകളും നടത്തുന്ന രസകരവും വിസ്മയഭരിതവുമായ അകം യാത്രകള്‍… , അവര്‍ കാണുന്ന ദേശങ്ങള്‍, മൃഗങ്ങള്‍, മഹാമനുഷ്യര്‍…

അതു പോലൊരു യാത്രയാണിത്.. ഉടലിനു മീതെ മറ്റൊരു ലോകം പാഞ്ഞു പോകുമ്പോള്‍ ഹൃദയം നടക്കാനിറങ്ങുന്ന വഴിയാണിത്.

 

painting: Salvador Dalí

 

ഞാന്‍ ഉണ്ടെന്നു എനിക്ക് തോന്നാന്‍ തുടങ്ങിയത് ഇപ്പോഴാണെന്ന് ബ്ലോഗിലെവിടെയോ പണ്ടൊരു പെണ്‍ കമന്റ് കണ്ടതോര്‍ക്കുന്നു. അതിനടിയിലെ തമാശ കമന്റുകളുടെ നീണ്ട നിരയ്ക്കൊടുവില്‍ അവള്‍ വീണ്ടും പറയുന്നു, ഇങ്ങനെ ചിരിച്ചത് പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് മാത്രമായിരുന്നു എന്ന്. ഒരു ആത്മകഥയുടെ ആഴമുള്ള ആദ്യത്തെ കമന്റിനും ആരെയും കൂസാത്ത ചിരികളുടെ ആത്മബലമുള്ള രണ്ടാമത്തെ കമന്റിനും ഇടയില്‍ അകംവാഴ് വുകളുടെ ഒരു ലോകം തുറക്കപ്പെടുകയാണ്. അടക്കിപ്പിടിച്ച വാക്കുകളുടെയും സ്വപ്നങ്ങളുടെതുമായ ഒരു മറുലോകത്തിന്‍റെ ആഴം. എവിടെ, എപ്പോള്‍ എങ്ങനെ എന്തിന് എന്ന ചോദ്യങ്ങളുടെ, അരൂപമായ നാല് ചുമരുകള്‍ ഓരോ സ്ത്രീക്കുമൊപ്പമുണ്ട്, ഓരോ ചുവടിലും ഇവയില്‍ തടഞ്ഞും മറഞ്ഞും അവളുടെ ലോകം അവളുടെതല്ലാത്ത മറ്റൊന്നായി മാറുന്നു. അല്ലെങ്കില്‍ തന്നെ ചോദ്യോത്തരങ്ങളെക്കാള്‍, മാരകമായ മറ്റേതു ആയുധമാണ് ചിറകുകള്‍ അരിയുവാനായി ലോകം കരുതി വെയ്ക്കുന്നത്… ?

‘പെണ്ണുങ്ങള്‍ കാണാത്ത പാതിരാ നേരങ്ങള്‍
എങ്ങനെയാവുമാപ്പാര്‍ക്കില്‍,
എല്ലാ വിളക്കു മണഞ്ഞാലീപ്പാതിര
എങ്ങനെയാവുമീ നാട്ടില്‍’?

എന്ന് വി.എം. ഗിരിജ ചോദിക്കുന്നത് ഓര്‍മ്മ വരുന്നു..

 

Painting: Salvador Dali

 

എനിക്ക് തോന്നിയിട്ടുണ്ട്, അടുത്തറിഞ്ഞ ഓരോ സ്ത്രീയും ഉള്ളില്‍ കൊണ്ടു നടക്കുന്നുണ്ട് കണ്ടും കേട്ടും മോഹിച്ച കടും നിറങ്ങളുടെ ഒരു അകം പൊറുതി. ആ നിറങ്ങളാണ് കീ ബോര്‍ഡില്‍ നിന്ന് നേരെ നടന്നു കേറാവുന്ന ഈ മാന്ത്രിക ലോകത്തെ ഇത്രയേറെ പ്രിയപ്പെട്ടതാക്കുന്നത്. മായികതയുടെ വിസ്മയ ലോകത്ത് നിന്നും ഇറങ്ങി വന്നു ജീവിതത്തിലേക്ക് ചേക്കേറിയ സ്നേഹങ്ങള്‍., വഴി തീര്‍ന്നു പോകുമെന്ന് അന്തിച്ചു നിന്ന നിസ്സഹായതകളില്‍ കൂടെ വന്ന കരുതലും കൈത്താങ്ങുമായവര്‍..,ഇതെഴുതുന്ന ഈ പാതിരാവില്‍ കേരളത്തില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ എന്‍റെ അതേ നെഞ്ചിടിപ്പുമായി, ഞാന്‍ തന്നെയെന്നു എനിക്ക് തോന്നിയ ഒരുവള്‍ ഉറങ്ങുന്നു.

സ്വയം അടയാളപ്പെടാന്‍, സ്വാതന്ത്യ്രങ്ങളുടെ ഒരു കൊടി അവനവന്റെ ഉള്ളിലെങ്കിലും നാട്ടുവാന്‍ ഇവിടെ ഒരല്പം ഇടമുണ്ട് . ഈ ഇടം തന്നെയാണ്, ഇപ്പോഴാണ്, ഞാനുണ്ടെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയത് എന്ന് അവളെക്കൊണ്ട് പറയിപ്പിക്കുന്നതും. ആരും കേള്‍ക്കാതിരുന്ന വാക്കുകള്‍ക്ക് ആരൊക്കെയോ കാത് കൂര്‍പ്പിക്കുന്നുണ്ടിവിടെ. ലിംഗ വേര്‍തിരിവുകളില്ലാതെ, ദേശ ഭേദങ്ങളില്ലാതെ ചോദ്യോത്തരങ്ങളില്ലാതെ ജീവിതം ജീവിതമാകുന്നു, ഈ ജീവിതത്തിനു പുറം ജീവിതത്തെക്കാള്‍ കനപ്പെടാന്‍ ത്രാണിയുണ്ടാകുമ്പോള്‍ നമ്മള്‍ അകം പുറം ജീവിതങ്ങളെ തിരിച്ചിടാന്‍ പഠിക്കും. അത് വരേയ്ക്കും അകം വാഴ് വുകളുടെ ഈ ആഴക്കടലില്‍ നങ്കൂരമാവുക.
 
 
വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
കൂടുതല്‍ കുറിപ്പുകള്‍

on line ജീവിതത്തിന്റെ മറ്റത്
അഖില ഹെന്റി എഴുതുന്നു

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍
സരിത കെ. വേണു എഴുതുന്നു

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

6 thoughts on “പുഴുവായുറങ്ങി, പൂമ്പാറ്റയായുണര്‍ന്നു..*

  1. ഇതെഴുതുന്ന ഈ പാതിരാവില്‍ കേരളത്തില്‍ നിന്നും എത്രയോ കാതങ്ങള്‍ അകലെ എന്‍റെ അതേ നെഞ്ചിടിപ്പുമായി, ഞാന്‍ തന്നെയെന്നു എനിക്ക് തോന്നിയ ഒരുവള്‍ ഉറങ്ങുന്നു.

    Athu njan ano Serina?:)) Athrakkum Eshtamaayi .:))

  2. “ഉടലിനു മീതെ മറ്റൊരു ലോകം പാഞ്ഞു പോകുമ്പോള്‍ ഹൃദയം നടക്കാനിറങ്ങുന്ന വഴിയാണിത്”

    അതെ,പുറത്തെക്കുള്ള എല്ലാം വാതിലുകളുമടഞ്ഞാലും ഉള്ളിലെക്ക് തുറക്കുന്ന കുറെ ജാലകങ്ങള്‍,അവിടെ നമുക്ക് പരസ്പരമറിയാന്‍ ഒരു വാക്കു പോലും വേണ്ടാതെയാകുന്നു.

  3. ബൂലോകത്ത് ഇത്രയും തീക്ഷ്ണമായ കവിതകള്‍ ഞാന്‍ വേറെ ഒരു ബ്ലോഗിലും കണ്ടിട്ടില്ല .. അറിയാതെ വന്നു പെട്ടതാണ് താങ്കളുടെ “പച്ചയില്‍”…. ഒരു രാത്രി എന്റെ ഉറക്കം കളഞ്ഞു താങ്കളുടെ കവിതകള്‍ …എല്ലാവര്കുമായി സെരീനയുടെ ബ്ലോഗിന്റെ ലിങ്ക് ഇതാ ..
    http://herberium.blogspot.in/

  4. ആരും കേള്‍ക്കാതിരുന്ന വാക്കുകള്‍ക്ക് ആരൊക്കെയോ കാത് കൂര്‍പ്പിക്കുന്നുണ്ടിവിടെ..

Leave a Reply

Your email address will not be published. Required fields are marked *