സൈബര്‍ നാല്‍ക്കവലകളിലെ സൈറനുകള്‍

കേരളത്തില്‍ നിന്ന് ആളുകളുടെ മനോഭാവങ്ങളെ പേടിച്ച് വേരുകള്‍ പിഴുത് പോയതായിരുന്നു ഞാന്‍. പക്ഷേ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടിയുണ്ടായ ചില സൌഹൃദങ്ങള്‍ മാതൃഭാഷയെയും നാടിനെയും ഓര്‍ക്കാനും സ്നേഹിക്കാനുമുള്ള അവസരം ഉണ്ടാക്കി. ലോകത്തില്‍ തനിച്ചല്ലെന്നും സ്നേഹിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്നുമുള്ള ഉറപ്പുണ്ടാക്കി. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടിയുണ്ടാവുന്ന സൌഹൃദങ്ങളെയും പ്രണയങ്ങളെയും കുറച്ചുകാണുന്ന ഒരു പ്രവണതയുണ്ട്. ഇന്റര്‍നെറ്റ് മറ്റൊരു ലോകമോ മറ്റൊരു ജീവിതമോ അല്ല. ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും ബന്ധങ്ങള്‍ തീവ്രങ്ങളാണ്. പത്ത് വര്‍ഷത്തോളം പ്രണയിച്ച് , നാലു വര്‍ഷത്തോളം നഷ്ടപ്പെട്ട ആളോട് വീണ്ടും അടുക്കുന്നതിനും വിവാഹം കഴിക്കുന്നതതിനുമുള്ള ഒരു കാരണം ഇന്റര്‍നെറ്റ് ആയിരുന്നു-വനിതാ ദിനത്തില്‍ നാലാമിടം പ്രസിദ്ധീകരിച്ച ‘പെണ്‍മയുടെ ഓണ്‍ലൈന്‍ വഴികള്‍’സംവാദം തുടരുന്നു. ഷാരണ്‍ റാണിയുടെ കുറിപ്പ്. ഇല്ലസ്ട്രേഷന്‍സ്: ഷാരണ്‍

 

 

ഓണ്‍ലൈന്‍ ഒരു യുദ്ധഭൂമിയാകുന്നു. ചെറിയ ചെറിയ ചുവരുകളുടെ ലോകത്തെ വെടിവെച്ച് വീഴ്ത്തി അറിവുകളിലേക്ക് പട വെട്ടികയറാനുള്ള അഥര്‍വ്വവഴി. 80കളുടെ തുടക്കത്തില്‍ ജനിച്ച ഞങ്ങളുടെ തലമുറയെ രണ്ട് കാലങ്ങളില്‍ കാല്‍ കുത്തി ജീവിച്ചവര്‍ എന്നുതന്നെ പറയാം . കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിന്റെ ഭൂമികയിലേക്ക് ആദ്യമായി തലവച്ചവര്‍. ഡെസ്റ് അലര്‍ജി പിടിച്ച നീളന്‍ ലൈബ്രറി വഴികളിലേക്ക് ഇടിച്ച് കയറിവന്നു ഒരു വെള്ളക്കാരന്‍ കമ്പ്യൂട്ടര്‍. അതിന്റെ പിന്നിലേക്ക് തള്ളിയ വയര്‍ നിറയെ കണക്കും ഫിസിക്സും കെമസ്ട്രിയും ഹിസറ്ററിയും. അഴുക്ക് പിടിച്ച വെളുപ്പ് പിന്നെ കറുപ്പായി. കുടവയര്‍ ചുരുങ്ങി സ്ലിം ആയി. തീവണ്ടിയിലും വിമാനത്തിലും കൊണ്ട് കയറാവുന്ന ലാപ്ടോപ്പായി, ഐപ്പാഡായി, ഫോണായി. എത്രപെട്ടെന്നാണ് ശ്രോതാക്കള്‍ ആവശ്യപ്പെട്ട രഞ്ജിനിയില്‍ നിന്നു ചെവിക്ക് തോന്നിയ പാട്ടുകളിലേക്ക് ഞങ്ങള്‍ റോക്കറ്റ് ഇറങ്ങിയത്.

ചെറുപ്പത്തില്‍ നാട്ടിലെ ചേട്ടന്മാരും ചേച്ചിമാരും ടൈപ്പ് പഠിക്കാന്‍ പോകുമായിരുന്നു. പിന്നെ കേട്ടത് ‘ടെക്ക്’ എന്ന വാക്കിലവസാനിക്കുന്ന കമ്പ്യൂട്ടര്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ പോകുന്നതായാണ്. അവിടൊക്കെ വലിയ കാശിന് പഠിപ്പിച്ചിരുന്നത് മൈക്രോസോഫ്റ്റ് വേഡ് ആയിരുന്നു. കൂയ് !!! വേഡ് പഠിക്കാന്‍ കമ്പ്യൂട്ടര്‍ സെന്ററോ… ??? ഇന്റര്‍നെറ്റ് ഈ സ്ഥാപനങ്ങള്‍ക്ക് വായ്ക്കരിയിട്ടു. അന്നൊക്കെ ടീച്ചര്‍മാര്‍ ദൈവങ്ങളായിരുന്നു. ഹോ, എന്തൊക്കെയായിരുന്നു അവര്‍ക്ക് അറിയാമായിരുന്നത്, ഇന്ററര്‍നെറ്റ് അവരെ മണ്ടരാക്കി. ഒറ്റ പാരഗ്രാഫ് എസ്സെ എഴുതാന്‍ അഞ്ച് പുസ്തകങ്ങള്‍ വായിച്ചു തീര്‍ക്കേണ്ട സമയ നഷ്ട്ത്തില്‍നിന്നും ദാ ഞങ്ങളെ എടുത്തു പറക്കുന്നു, വിക്കിപീഡിയ എന്ന ജിന്ന്. കോളേജ് സമരദിവസങ്ങളില്‍ കൂട്ടുകാരികളുമൊത്ത് പേടിച്ചു വിറച്ചു കണ്ടുതീര്‍ത്ത ബ്ലൂ ഫിലിം കാസെറ്റുകളില്‍ നിന്നും പ്രിയ റായിലേക്കും, പിങ്ക് വേള്‍ഡിലേക്കും, പ്രിയപ്പെട്ട പോണ്‍സ്റാറുകളിലേക്കും.

ഷാരണ്‍ റാണി

സബ്ജെക്ടീവായി പറഞ്ഞാല്‍ സ്വാതന്ത്ര്യം ലെഫ്റ്റും റൈറ്റും അഷ്ടദിക്കുകളിലും വെച്ചലക്കുന്ന ഒരു പെണ്ണാണ് ഞാന്‍. അതൊരു ദിവസം ഉച്ചയ്ക്ക് “ഇന്നാ മോളേ ഒരു ഗ്ലാസ് സ്വാതന്ത്ര്യം ” എന്ന് പറഞ്ഞ് ആരും കൊണ്ട് തന്നതല്ല. അത് കണ്ടെത്തിയത് ഇന്റര്‍നെറ്റിലുമല്ല. ഓണ്‍ലൈനിലും മറ്റൊരിടത്തുമായി രണ്ട് ജീവിതങ്ങളും എനിക്കില്ല. ബി എ പഠിക്കുന്ന കാലത്ത് റഫറ് ചെയ്യാന്‍ ഇന്റര്‍നെറ്റ് അറിയാതിരുന്നത് ഒരു വന്‍ നഷ്ടമായി തോന്നുന്നുണ്ട്. ആദ്യമായി ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പരിചയിക്കുന്നത് എം എയ്ക്ക് പഠിക്കുമ്പോഴാണ്. ഒരു വെബ് ഡിസൈനിങ് കമ്പനിയില്‍ പാര്‍ട് ടൈം കണ്ടന്റ് എഴുത്തുകാരിയായും ഒരു എന്‍. ആര്‍.ഐ പത്രത്തില്‍ കാര്‍ട്ടൂണിസ്റുമായാണ് പി ജി പഠനത്തിനുള്ള കാശ് കണ്ടെത്തിയത്, പിന്നീട് അനിമേഷന്‍ ജോലിയിലേക്ക് ചെന്നെത്തിയത്. തിരുവനന്തപുരം യൂണിവേഴ്സ്റി കോളേജിനെതിര്‍വശമുള്ള സാഫല്യം കോംപ്ളക്സിലെ ഇന്റര്‍നെറ്റ് കഫേയില്‍ ഒരു മണിക്കൂര്‍ ബ്രൌസ് ചെയ്യാന്‍ അന്ന് അറുപത് രൂപയായിരുന്നു. ഈ കഫേ കാരണമാണ് ഞാന്‍ എം എ പഠിച്ചത് എന്നു തന്നെ പറയാം.

അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും ഒരു കൊച്ച് സ്കൂളില്‍ അദ്ധ്യാപികയായോ, ഒരു ലുക്കില്ലാത്ത ചിത്രങ്ങള്‍ വരച്ച് ദരിദ്രയായ ഒരു ചിത്രകാരിയായോ ഇപ്പോള്‍ ജീവിക്കുന്നുണ്ടാകുമായിരുന്നു. ആര്‍ട്സ് പഠിച്ച ഞാന്‍ കമ്പ്യൂട്ടറിനെക്കുറിച്ച് ചിന്തിച്ചിട്ടു കൂടിയുണ്ടായിരുന്നില്ല. ജീവിക്കാനുള്ള അത്യാവശ്യങ്ങളായി പിന്നെ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും. അതിലൂടെ ലഭിച്ച അറിവുകള്‍ ഞെട്ടിപ്പിക്കുന്നതും ആശ്വസിപ്പിയ്ക്കുന്നതുമായിരുന്നു.ലോകം ഒരു വെള്ളയ്ക്ക അല്ലെന്നും സാദ്ധ്യതകളുടെയും പരീക്ഷണങ്ങളുടെയും പ്ലേ ഗ്രൌണ്ടാണെന്നും മനസ്സിലാക്കി. ജോലിയുടെ പുതിയ വിളവെടുപ്പ് പാടങ്ങളന്വേഷിച്ച് നാടുകള്‍ വിട്ട് യാത്ര ചെയ്തുകൊണ്ടേയിരുന്നു. എം എസ് എന്‍, യാഹൂ ചാറ്റ്, ഓര്‍ക്കുട്ട്, ഫേയ്സ്ബുക്ക്, ഗൂഗിള്‍ പ്ളസ്; അങ്ങനെയായിരുന്നു സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കടന്നുകയറ്റം. ഓര്‍കുട്ടായിരുന്നു ബന്ധങ്ങളുടെ റവലുഷ്യന്‍ കൊണ്ടുവന്നത്. ലോകം നിറയെ കൂട്ടുകാര്‍, അതില്‍ നിറയെ ചോയ്സ്. ഇഷ്ടപ്പെടാത്ത കാര്യങ്ങളോട് പ്രതികരിക്കാന്‍ വേദി. ഇവിടെ തലയണക്കടിയില്‍ ആര്‍ക്കുമെന്നെ അമക്കിവെയ്ക്കാന്‍ കഴിയില്ല.

ഏറ്റവും അധികം വഴക്കിട്ടിട്ടുള്ളത് മതത്തിനെതിരെയാണ്. ഓര്‍ക്കുട്ടില്‍ മതം പ്രചരിപ്പിക്കാന്‍ എത്തിയ പലരോടും ശക്തമായി പ്രതികരിച്ചു. കുറേക്കൂടി സ്വാതന്ത്യ്രം ഉള്ള ഭൂമിയായി ഫേസ് ബുക്ക് വന്നു. താല്‍പര്യം ഇല്ലാത്ത ചൊറിച്ചിമാരെയും ചൊറിയന്‍മാരെയും ഒഴിവാക്കാന്‍ ഇത്രമേല്‍ സാദ്ധ്യമായ മറ്റൊരു സ്ഥലം സ്വര്‍ഗത്തില്‍ പോലുമില്ല. അണ്‍ഫ്രണ്ട് ചെയ്യാം, ഹൈഡ് ചെയ്യാം, ബ്ലോക്ക് ചെയ്യാം. ഇവിടെയും ഏറ്റവും വഴക്കു കൂടിയത് മതപ്രചാരകര്‍ തന്നെ. മുബൈയിലുള്ള ഒരു പാസ്റ്റര്‍ എനിക്കെതിരെ കേസ് കൊടുത്തു. ഒരു ഞായറാഴ്ച എന്റെ പേര് അയാള്‍ പള്ളിയില്‍ വിളിച്ച് പറയുകപോലുമുണ്ടായി, ഞാന്‍ ഇന്റര്‍നെറ്റിലെ സാത്താന്‍ ആണെന്ന്. എന്നെ ഒരു ഹിന്ദുതീവ്രവാദിയായി കരുതി കൂട്ടത്തില്‍ ചേര്‍ക്കാനും, അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കാനും വന്ന ഒരു അറിയപ്പെടുന്ന സ്വാമിയുണ്ട്, പേര് പറയുന്നില്ല എങ്ങാനും വിമാനം പിടിച്ച് വന്ന് എന്നെ ശപിച്ച് കളഞ്ഞാലോ.

 

 
കേരളത്തില്‍ നിന്ന് ആളുകളുടെ മനോഭാവങ്ങളെ പേടിച്ച് വേരുകള്‍ പിഴുത് പോയതായിരുന്നു ഞാന്‍. പക്ഷേ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടിയുണ്ടായ ചില സൌഹൃദങ്ങള്‍ മാതൃഭാഷയെയും നാടിനെയും ഓര്‍ക്കാനും സ്നേഹിക്കാനുമുള്ള അവസരം ഉണ്ടാക്കി. ലോകത്തില്‍ തനിച്ചല്ലെന്നും സ്നേഹിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടെന്നുമുള്ള ഉറപ്പുണ്ടാക്കി. സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ കൂടിയുണ്ടാവുന്ന സൌഹൃദങ്ങളെയും പ്രണയങ്ങളെയും കുറച്ചുകാണുന്ന ഒരു പ്രവണതയുണ്ട്. ഇന്റര്‍നെറ്റ് മറ്റൊരു ലോകമോ മറ്റൊരു ജീവിതമോ അല്ല. ഓണ്‍ലൈന്‍ ആയാലും ഓഫ് ലൈന്‍ ആയാലും ബന്ധങ്ങള്‍ തീവ്രങ്ങളാണ്.പത്ത് വര്‍ഷത്തോളം പ്രണയിച്ച് , നാലു വര്‍ഷത്തോളം നഷ്ടപ്പെട്ട ആളോട് വീണ്ടും അടുക്കുന്നതിനും വിവാഹം കഴിക്കുന്നതതിനുമുള്ള ഒരു കാരണം ഇന്റര്‍നെറ്റ് ആയിരുന്നു.

സോഷ്യല്‍ നെറ്റവര്‍ക്കുകളില്‍ ഫേക് ഐഡിയില്‍ പലരും കിടന്ന് കറങ്ങുന്നുണ്ട്. അത് അവരുടെ അടക്കി പിടിക്കേണ്ടി വരുന്ന, സഹതാപം അര്‍ഹിക്കുന്ന ചില അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമാണ്. നിങ്ങളെ ഉപദ്രവിക്കാത്തിടത്തോളം കാലം അതിനുള്ള സ്വാതന്ത്യ്രം അവര്‍ക്ക് കൊടുത്തേക്കുക. എനിക്കു ഒരു ബൈസെക്ഷ്വല്‍ സുഹൃത്തുണ്ടായിരുന്നു, ഒരു മലയാളി പെണ്‍കുട്ടി. അവര്‍ പറഞ്ഞ പേരും നാടുമൊക്കെ കള്ളമായിരുന്നു. അങ്ങനെ എത്രയോ പേരുണ്ട്. കള്ളങ്ങള്‍ പറയുമ്പോഴും അവരുടെ ആഗ്രഹങ്ങള്‍ സത്യസന്ധമാണ്, അത് സെക്ഷ്വല്‍ ആയിക്കോട്ടേ, വിശപ്പും, ദാഹവും, അപ്പിയിടാന്‍ മുട്ടലും പോലെ ഒരാവശ്യം തന്നെയല്ലെ അതും. ഉപദ്രവം ആകുമ്പോള്‍ അങ്ങ് ഡിലീറ്റ് ചെയ്തേക്കുക, അത്രയേയുള്ളൂ.

ബാംഗ്ളൂരില്‍ വെച്ച് പുതിയ സൌഹൃദങ്ങള്‍ അഥവാ ബ്ളൈന്‍ഡ് ഡേറ്റ്സിനുള്ള വഴിയായിരുന്നു ഓണ്‍ലൈന്‍. സഹിക്കാന്‍ പറ്റാത്തത് സദാചാരം പഠിപ്പിക്കാന്‍ വരുന്നവരെയും, ഒന്നു ലൈക്ക് ചെയ്യാതെ ഒരു കമന്റ പോലും പറയാതെ പ്രൊഫൈല്‍ അരിച്ചു പെറുക്കി നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് നോക്കി പോകുന്ന കഴുതപ്പുലികളെയാണ്. അവരെ മൈന്റ് ചെയ്യണ്ട. നോക്കിക്കോട്ടേ, നോക്കിപോയ്ക്കോട്ടേ. പിന്നെ പൊതുവേ ചിന്തകള്‍ക്ക് പിടിച്ച്തൂങ്ങി നില്‍ക്കാ? തലച്ചോറില്‍ ഒരു ഫുട്ബോര്‍ഡ് പോലുമില്ലാത്തവരുടെ രോഗമാണ് വേറെ പണിയൊന്നുമില്ലാത്ത ആണുങ്ങളും പെണ്ണുങ്ങും ഇരുന്ന് ഇക്കിളി ചാറ്റ് ചെയ്യുന്ന ഇടമാണ് ഇന്റര്‍നെറ്റ് എന്ന ധാരണ. നിങ്ങളെ കുറേയധികം സമയം ഓണ്‍ലൈനില്‍ കണ്ടാല്‍ വേറെ പണിയൊന്നുമില്ലേ എന്ന് ചോദിക്കും. അറിവുകളെ ക്കുറിച്ചുള്ള അറിവില്ലായ്മയായോ പെരുമാറ്റ വൈകല്യമായോ അതും വിട്ടേക്കുക.

 

 
ഇന്റര്‍നെറ്റ് കൊണ്ട് തന്ന ഏറ്റവും വലിയ സ്വാതന്ത്യ്രം കലയിലായിരുന്നു. ആനിമേഷന്‍ രംഗം ഒരേ മുഖഛായയുള്ള സൃഷ്ടികള്‍ക്ക് മാത്രം ആവശ്യക്കാരുള്ള ചന്തയാണ്. അവിടെ വ്യക്തികളില്ല.കലയില്ല.പുറത്തിറങ്ങിയാല്‍ ബുദ്ധിജീവികളെ ഇടിച്ചിട്ടു നടക്കാനും മേല. ഇഷ്ടം പോലെ വരച്ചു തകര്‍ക്കാന്‍ കിട്ടിയ ഇടമായിരുന്നു എനിക്കു ഇന്റര്‍നെറ്റ്. ഓണ്‍ലൈന്‍ ഗയിമുകള്‍ അല്‍പം പഴയ മനസ്സുകാര്‍ക്ക് വെറും സമയം കൊല്ലികളായി തോന്നുന്നുണ്ടാവും. ബുദ്ധിയെ രാകിമിനുക്കുന്ന ഈര്‍ച്ചവാളുകളാണ് അവ. ജീവിതത്തിന്‍റെ ഒറ്റപ്പെടലുകളെ ചിന്തിച്ച് തോല്‍പ്പിക്കുന്ന കളികള്‍. പ്രൊഫൈലില്‍ ഫോട്ടോ ഇടാത്ത പല സുഹൃത്തുക്കളും എനിക്കുണ്ട്. വിവാഹാലോചനകള്‍ വരുമ്പോള്‍ പ്രശ്നമാകുമോ, ആരെങ്കിലും തലവെട്ടി അശ്ലീല ചിത്രം ഉണ്ടാക്കുമോ എന്നുമാണ് അവരുടെ പേടി. കൂട്ടുകാരികളേ, ലോകം എത്രയോ വളര്‍ന്നു കഴിഞ്ഞു. ആരുടെ ഉടല്‍ വെട്ടി നിങ്ങളുടെ തലയ്ക്കടിയില്‍ വച്ചാലും അതുണ്ടാക്കിയ കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ്സും അപ് ലോഡ് ചെയ്ത ആളുടെ ഐഡിയും കണ്ടെത്തുന്നത് റ്റെക്നോലോജിയ്ക്ക് വെറും പുല്ലാണ്. മാത്രമല്ല അതിന്‍റെ പേരില്‍ കാമുകനെയോ ഭര്‍ത്താവിനെയൊ നഷ്ടപ്പെടുന്നുണ്ടങ്കില്‍ ആ ഉറപ്പില്ലാത്തവര്‍ അങ്ങ് പോകട്ടെ!

ഡെബോണയര്‍ ബ്ലോഗിലും മറ്റും പ്രചരിക്കുന്ന ചതികളെ ഇഗ്നോര്‍ ചെയ്യുന്നില്ല. ആര്‍ക്കും എപ്പോഴും എന്തുവേണമെങ്കിലും സംഭവിക്കാമല്ലോ. ഇപ്പോഴും പല പെണ്‍കുട്ടികളുടെയും ഇമെയില്‍ ഐഡികളുടെ പാസ് വേര്‍ഡ് കാമുകന്‍മാരും ഭര്ത്താക്കന്‍മാരും കൈയടക്കി വെച്ചിട്ടുണ്ട്. ഭാഗ്യവശാല്‍ എനിക്കത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എന്റെ പാസ് വേഡ് ചികയാന്‍ ഭര്‍ത്താവോ, അങ്ങേരുടെ പാസ് വേഡ് ചികയാന്‍ ഞാനോ പോകാറില്ല. എന്‍റെ ഡസക് ടോപ്പും അദ്ദേഹത്തിന്റെ ലാപ് ടോപ്പും രണ്ട് രാജ്യങ്ങളാണ്.

 

 
ഒരു വര്‍ഷം മുമ്പ് കേരളത്തിലേക്കുള്ള ഒരു ബസ് യാത്രയില്‍വച്ച് ഒരു മലയാള സിനിമ കണ്ടു. അതിലെ പെണ്‍കുട്ടി ഇന്റര്‍നെറ്റില്‍ ചാറ്റ് ചെയ്ത് വഴിതെറ്റിപ്പോകുന്നു. ഇങ്ങനെയുമുണ്ടോ മണ്ടത്തരങ്ങള്‍. ചുമ്മാതല്ല, നടി അനന്യ, മലയാളികള്‍ക്ക് സോഷ്യല്‍ നെറ്റ് വര്‍ക്ക് ഉപയോഗിക്കാന്‍ അറിയില്ല എന്ന് പറയുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിലൂടെ വല്ലാതെ വെറുപ്പ് പ്രചരിപ്പിക്കുന്ന ആളുകളുണ്ട്. പുരുഷ വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒരുപോലെ ഇവിടെ പ്രചരിപ്പിക്കപ്പെടുന്നു. “ഞാനിന്ന് രാവിലെ ആറുമണിക്ക് എഴുന്നേറ്റ് അപ്പിയിട്ടു. ഓമൈഗോഡ്. കഴുകാന്‍ നോക്കിയപ്പോ? വെളളമില്ല. പിന്നെ ബെഡ്കോഫി കൊണ്ട് അഡ്ജസ്റു ചെയ്തു” എന്ന മട്ടിലുള്ള സെല്‍ഫ് പ്രോക്ലൈംഡ് സ്റ്റേറ്റസ് കൊണ്ടു ഫ്ലഷ് ചെയ്യാന്‍ ഒരിടം കൂടിയാണിത്. ഓഫ് ലൈന്‍ സമൂഹത്തിലെന്ന പോലെ ഓണ്‍ലൈന്‍ സമൂഹത്തിലുമുണ്ട് ഗ്രൂപ്പ് കളികള്‍. ഒരേ ഇഷ്ടങ്ങള്‍ പങ്കുവയ്ക്കുന്ന കുറേ ആളുകള്‍, അവര്‍ പരസ്പരം ലൈക്ക് ചെയ്യുന്നു, കെട്ടിപ്പിടിക്കുന്നു, ചുംബിയ്ക്കുന്നു. ഇത്തരം ഗ്രൂപ്പുകളില്‍ നന്നായി പ്രസെന്റ് ചെയ്യാന്‍ കഴിവുള്ളവര്‍ തന്നെ കാര്യക്കാര്‍.

പഠിക്കുന്ന കാലത്ത് നര്‍മദ ബചാവോ ആന്ദോളനും മറ്റും എവിടെയോ നടക്കുന്ന കാര്യങ്ങളായിരുന്നു. ഓണ്‍ലൈന്‍ രാഷ്ട്രീയ, സാമൂഹിക നീക്കങ്ങളെ കൂടുതല്‍ ജനകീയമാക്കുന്നു. ഏറ്റവും വലിയ ജനാധിപത്യം കൊണ്ടുവന്നത് ഇന്റര്‍നെറ്റ് തന്നെയാണ്. ചിന്തകളുടെ പോസിറ്റീവായ ആഗോളവല്‍ക്കരണം നടന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലും. പണം, ജാതി, മതം, ഭാഷ എന്ന ഐറ്റംസ് വാളുകളെ തകര്‍ത്ത് അങ്ങൊട്ടുമിങ്ങോട്ടും ഒഴുകി നടക്കുന്നു.

മരണശേഷം പ്രൊഫൈല്‍ ഉടമകള്‍ക്ക് എന്തു സംഭവിയ്ക്കും എന്നത് ഒരു മിസ്ററി ആണ്. ആഗ്രഹിച്ചവരില്‍ നിന്നുള്ള ലൈക്കുകള്‍, മറുപടികള്‍ ആര്‍ക്കും വേണ്ടാതെ ഇന്‍ബോക്സില്‍ വന്നു കിടപ്പുണ്ടാകും.അതോര്‍ത്തു ഇനി തല പുകയ്ക്കേണ്ട.അതിനു ചില വെബ് സൈറ്റുകള്‍ നിങ്ങളെ സഹായിക്കും, ഒരു ചെറിയ തുകയ്ക്ക് ഈ സൈറ്റില്‍ റജിസ്റര്‍ ചെയുക. മരണവിവരം ഈ വെബ്സൈറ്റിനെ അറിയിക്കാന്‍ ആരെയെങ്കിലും ഏല്‍പ്പിക്കുക. നിങ്ങള്‍ മരിച്ചു എന്നുള്ള വാര്‍ത്ത ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ക്ക് ഈ കമ്പനി എത്തിക്കും. ലോകത്തോടുള്ള നിങ്ങളുടെ അവസാനത്തെ സ്റാറ്റസ് മെസ്സെജും അവരുടെ കൈകളില്‍ ഭദ്രമായിരിയ്ക്കും. ജീവിച്ചിരിയ്ക്കുമ്പോള്‍ പറയാന്‍ തല്‍പര്യമില്ലാതിരുന്നതും എന്നാല്‍ മരണശേഷം വെളിപ്പെടുത്തണമെന്ന് ആഗ്രഹിയ്ക്കുന്നതുമായ കാര്യങ്ങള്‍ അവരെ അറിയിക്കാം. അങ്ങനെ സംതൃപ്തിയോടെ ഓണ്‍ലൈനായും കണ്ണടയ്ക്കാം.

 
 
വനിതാ ദിന സ്പെഷ്യല്‍ പാക്കേജ്
കൂടുതല്‍ കുറിപ്പുകള്‍

 

on line ജീവിതത്തിന്റെ മറ്റത്
അഖില ഹെന്റി എഴുതുന്നു

ഒറ്റ മുറിയിലെ ഒളിവിടങ്ങള്‍
സരിത കെ. വേണു എഴുതുന്നു

വനിതാ ദിനം കഴിഞ്ഞാല്‍…?
പ്രഭാ സക്കറിയാസ് എഴുതുന്നു

സര്‍ഗാത്മകമാവട്ടെ, സൈബര്‍ ഇടങ്ങള്‍
ഡോ. ശ്രീലതാ വര്‍മ സംസാരിക്കുന്നു

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍
സീന ആന്റണി എഴുതുന്നു

കീബോര്‍ഡില്‍ എന്റെ നിലാനടത്തങ്ങള്‍
സ്മിതാ മീനാക്ഷി എഴുതുന്നു

കടുകോളം ചെറുതായൊരിടം കടലോളം വലുതാവുന്ന വിധം
സതി ദേവി അറയ്ക്കല്‍ എഴുതുന്നു

ബസ്സിനും ബെല്ലിനുമപ്പുറം ചില സഞ്ചാര വഴികള്‍
സിന്ധു കെ. വി എഴുതുന്നു

ഇന്‍ബോക്സിലെ മഴ!
സാവിത്രി ടി എം എഴുതുന്നു

 
 

31 thoughts on “സൈബര്‍ നാല്‍ക്കവലകളിലെ സൈറനുകള്‍

 1. പൂത്തിരി പോലെ ചിതറുന്ന നിന്റെ വാക്കുകളില്‍ ,ആവിഷ്ക്കാര സ്വാതന്ത്രിയത്തിലുപരി വല്ലാത്തൊരു അസ്ഥിത്വം കാണുന്നു,,പലപ്പോഴും തെരുവുകളിലും നാല്കവലകളില്‍ പോലും വലിച്ചിട്ടു ചര്‍ച്ച ചെയ്തു വികൃതംആക്കപ്പെടുന്ന വിഷയത്തെ അവതരിപ്പിക്കുനതിലുള്ള തീവ്രതയും, ചാരുതയും എന്നില്‍ വിസ്മയം ഉളവാക്കുന്നു.,ആയിരങ്ങള്‍ക്ക് പ്രചോദനമേകാന്‍,ലക്ഷങ്ങള്‍ക്ക് ഉള്‍പ്രേരണലഭിക്കുവാന്‍ നിന്റെ ചിന്തകള്‍ക്കും എഴുത്തിനും ,,സാധ്യമാകട്ടേ ,,,,,,,വാവക്ക് അഭിവാദ്യങ്ങള്‍

 2. ഫേസ്ബുക്കില്‍ ഫോട്ടൊ ഇടാന്‍ പേടിക്കുന്ന പെണ്‍കുട്ടികള്‍ , മതം ​പ്രചരിപ്പിക്കാന്‍ വരുന്നവര്‍ , സ്വന്തം ​വൃത്തികേടുകള്‍ STATUS ആയി UPDATE ചെയ്യുന്നവര്‍ , കപടസദാചാരത പ്രോത്സാഹിപ്പിക്കുന്നവര്‍ , യഥാര്‍ത്ഥജീവിതവും, INTERNET  ജീവിതവും 2 എന്നു കാണുന്നവര്‍ , ഇങ്ങനെ പല വൈകൃതങ്ങളും നമ്മള്‍ INTERNET-ലൂടെ ദിവസേന കാണുന്നൂ….
  ‘ഷാരോണ്‍ റാണി എന്ന യുവതിയുടെ ഈ ലേഖനം ​നമ്മളില്‍ പലരും ചിന്തിക്കുന്ന കാര്യങ്ങള്‍ തന്നെ.’
  അഭിനന്ദനങ്ങള്‍ ..!

 3. ഫേസ്ബുക്ക് ഫിലാന്ത്രോപ്പിസ്റ്റുകളുടേയും, ഓൺലൈൻ ആക്റ്റിവിസ്റ്റുകളുടേയും എഴുത്തുകൾ പലപ്പോഴും തരാറുള്ള, “എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ” എക്സ്പ്രഷൻ ഇല്ലാതെ വായിക്കാൻ പറ്റി.
  നന്ദി.

  • അഭിനന്ദനങ്ങള്‍ ….എഴുത്ത് മനസ്സിന്ടെ
   കണ്ണാടി ആക്കിയതിന്……………..

 4. നല്ല നിരീക്ഷണങ്ങള്‍. അതിലേറെ നല്ല എഴുത്ത്.
  അഭിനന്ദനങ്ങള്‍…

 5. നല്ല എഴുത്ത്… 🙂 ആശംസകള്‍ ! കുറിപ്പുകളും വരകളും ഇനിയും പ്രതീക്ഷിക്കുന്നു…

 6. ഷാരോണ്‍ ഫേസ് ബുക്ക്‌ ല് എന്റെ ഫ്രണ്ട് ആണ്…എന്നാല്‍ ഫേസ് ബുക്ക്‌ ല് ഞാന്‍ മുന്‍പ് മനസ്സിലാക്കിയത്‌ ഒരു ചെറിയ ശതമാനം മാത്രം ആണ് എന്ന് ഈ ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി…മലയാളി , ഫേസ് ബുക്ക്‌ ശരിയാം വണ്ണം ആണോ ഉപയോഗിക്കുന്നത് എന്നതില്‍ എനിക്കും അനന്യ യുടെ അഭിപ്രായം ആണ്…നല്ല സര്‍ഗ സംവാദങ്ങള്‍ കുറവ് ആണ്…ആരുടെയെങ്കിലും കുറ്റം കണ്ടു പിടിച്ചു പോസ്റ്റ്‌ ഇടല്‍ ആണ് പലരുടെയും പണി…പിന്നെ ആരെങ്കിലും മരിച്ചാല്‍ നിരവധി അനുശോചന പോസ്റ്റ്‌ കല്‍..ഇതിനു ഒകെ കമന്റ്‌ ഇടുക സാധ്യമല്ല…ചിലര്‍ക്ക് നൊസ്റ്റാള്‍ജിയ കൊട്ട് പിടിച്ചു പോസ്റ്റ്‌ ഇടുക ആണ് പണി..പഴയ പട്ടു പാവാടക്കാരിയുടെ ഫോട്ടോ…സ്കൂള്‍ ലെ പഴയ മഷി പേനയുടെ കഥ അങ്ങനെ പലതും. .

 7. “അന്നൊക്കെ ടീച്ചര്‍മാര്‍ ദൈവങ്ങളായിരുന്നു. ഹോ, എന്തൊക്കെയായിരുന്നു അവര്‍ക്ക് അറിയാമായിരുന്നത്, ഇന്ററര്‍നെറ്റ് അവരെ മണ്ടരാക്കി” sooper prayogam sharone! ningalude frnd ayathil abhimaanam und!! Ithupole orupaadu poratte! cyberil mathram othungenda..

 8. ശരിയാണ്…ഇന്ന് ഗൂഗിള്‍ അമ്മാവനോട് ചോദിച്ചാല്‍ എന്തും അറിയാം…വിവരങ്ങള്‍ വിനോദം ഒകെ വിരല്‍ തുമ്പില്‍…യുട്യൂബ് ല് പോയ നിരവധി വീഡിയോ കാണാം..എല്ലാ വിധ സൌകര്യവും..ഇഷ്ട പെട്ട പാട്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാം..എല്ലാത്തിനും നല്ല വശം ഉള്ള പോലെ ചീത്ത വശവും നെറ്റ് തരുന്നു…

 9. Only if you demonstrate the rectitude of conduct, you’ll be able to deliver the fulsome in your writing n that righteousness was acquired completely in this piece of art..keep moving dear

 10. well written…..മോശമല്ലാത്ത ഭാഷ…..എഴുതുക…നിറുത്താതെ……ഇന്റര്‍നെറ്റ്‌ ഒരു മഹാ വിസ്മയം…..ലോകത്തിന്റെ വിവിധ കോണുകളില്‍ ഇരിക്കുന്നവരെയൊക്കെ തമ്മിലടുപ്പിക്കുന്നു…ഒരു ഗ്ലോബല്‍ വില്ലജ് പോലെ…

 11. ശരിയായ നിരീക്ഷണങ്ങള്‍ സെല്‍ഫ് പ്രോക്ലൈംഡ് ഫേസ്ബുക്കന്മാരും, ബുക്കികളും ഒരു രക്ഷയുമില്ല എന്‍റെ തല, എന്‍റെ ഫുള്‍ ഫിഗര്‍ ഈ രീതിയിലാ അവരുടെ കാര്യം പോകുന്നത്. വനിതാ പ്രൊഫൈലില്‍ കാപ്പി കുടിച്ച സ്റ്റാറ്റസിട്ടാല്‍ അവിടെ ലൈക്കാനും ആയീരം കമന്‍റ് നിറക്കാനും കുറെ പോഴന്‍മാരും.
  ദീ… ലിങ്ക് കൂടി വായിക്കുക

  http://abcnews.go.com/blogs/headlines/2012/03/how-many-facebook-friends-do-you-have-study-links-narcissism-and-facebook-activity/

  • കുയില്‍ കാക്കയുടെ കൂട്ടില്‍ പോയി മുട്ട ഇട്ടു കുഞ്ഞു വിരിയിക്കുന്ന പോലെ …ഞാന്‍ എന്റെ വീക്ഷണങ്ങള്‍ മറ്റു ഉള്ളവരുടെ പോസ്റ്റ്‌ കളില്‍ ആണ് വെളിവക്കാര്..സ്വന്തം ആയി ഗൌരവം ആയ പോസ്റ്റ്‌ ഒന്നും ഇടാറില്ല…സ്ത്രീകള്‍ ഇടുന്ന പോസ്റ്റ്‌ കള്‍ക്ക് കമന്റ്‌ കൂടുതല്‍ പലപ്പോഴും കിട്ടാറുണ്ട് എന്നത് കുറച്ചു ഒകെ ശരി തന്നെ ആണ്..എന്നാല്‍ ഇതില്‍ നിന്ന് ഒകെ വിഭിന്നം ആയ ചില ഗ്രൂപ്പ്‌ ഫേസ് ബുക്ക്‌ ല് ഉണ്ട്…agriculture (കൃഷി ) എന്ന ഒരു ഗ്രൂപ്പ് വളരെ നല്ലത് ആണ്…കൃഷിയില്‍ താല്പര്യം ഉള്ളവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കുന്നു..പഠിക്കാനും അറിയാനും ഏറെ ഉള്ള ഒരു ഗ്രൂപ്പ്‌ …
   ഷാരോണ്‍ വരച്ച ചിത്രങ്ങളും അതിനു ചേര്‍ത്ത അടിക്കുറിപ്പുകളും വളരെ നല്ലത് ആണ്…ചില സമയം ഒരു ചിത്രം അതിനു ഒരു വലിയ ലേഖനതിനെക്കാള്‍ ഏറെ സംവദിക്കാന്‍ കഴിയും…ഒരിക്കല്‍ മാതൃഭൂമിയില്‍ ഒരു വായനക്കാരന്‍ എഴുതി..കാന്തപുരത്തിന്റെ ബഹു ഭാര്യ സിന്ധാന്തം…ജൈവ ശാസ്ത്ര കാരണങ്ങളാല്‍ എന്ന വിഷയത്തെ കുറിച്ച് ഉള്ള ലേഖനം…അതിന്റെ കൂടെ ഒരു കാര്‍ട്ടൂണ്‍…ഒരു മുട്ടന്‍ആട് …എന്നാല്‍ ആടിന്റെ പിന്‍കാലുകള്‍ മാത്രം മനുഷന്റെ പോലെ പാദ രക്ഷകള്‍ ഇട്ടിട്ടു…വായനക്കാരന്‍ എഴുതി ..ലേഖനതിനിക്കാള്‍ ഏറെ സംവദിച്ചത് അതിന്റെ കൂടെ ചേര്‍ത്ത ചിത്രം ആണ് എന്ന്..

 12. നല്ല നിരീക്ഷണങ്ങള്‍. അതിലേറെ നല്ല എഴുത്ത്.
  അഭിനന്ദനങ്ങള്‍…

 13. മറകള്‍ ഇല്ലാത്ത എഴുത്ത്, നല്ല നിരീക്ഷണം, തുടര്‍ന്നും നല്ല ചിന്തകള്‍ പ്രതീക്ഷിക്കുന്നു, ഭാവുകങ്ങള്‍

 14. Its really nostalgic..n straight from heart… ഒരു നല്ല വായനാനുഭവം. thanks sharon

Leave a Reply

Your email address will not be published. Required fields are marked *