കുഞ്ഞുങ്ങളെ തേടി അവര്‍ വീണ്ടും

എല്ലാ വാക്സിനുകളും ഒരുപോലെ ദോഷകരമല്ല.എന്നാല്‍ ഒഴിവാക്കപ്പെടേണ്ട വാക്സിനുകള്‍ ഒരു പാടുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ സൌജന്യമെന്ന പേരില്‍ വെച്ച് നീട്ടുന്ന വാക്സിനുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, ഇവയുടെ ട്രാക്ക് റെക്കോര്‍ഡ് എന്ത് എന്നൊന്നും ഇവിടെ അന്വേഷിക്കപ്പടാറേയില്ല. മരുന്നുകമ്പനികളുടെ കിടമല്‍സരങ്ങളും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും കാരണം മൂന്നാം ലോക രാജ്യങ്ങള്‍ നിശ്ശബ്ദം ഇവ ഏറ്റുവാങ്ങാറാണ് പതിവ്-പെന്റാവാലന്റ് വാക്സിനേഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ പി.പി പ്രശാന്തിന്റെ അവലോകനം

 

 

മൂന്നാം ലോക രാജ്യങ്ങളിലെ രോഗാതുരത പലര്‍ക്കും ചാകരയാണ്. പലതുണ്ട്, അതിന് കാരണങ്ങള്‍. ഭരണകൂടങ്ങളെ വശത്താക്കാന്‍ എളുപ്പം. ഉദ്യോഗസ്ഥരെ മയക്കാനും മാധ്യമങ്ങളെയും പൊതുസമൂഹത്തെയും നിശ്ശബ്ദമാക്കാനും അനായാസം. കോഴയ്ക്കും കമീഷനും ഏറെ സാധ്യതകള്‍. മരുന്നും വാക്സിനുകളും വിറ്റ് കോടികള്‍ കൊയ്യാനെത്തുന്നവരെ തിരിച്ചറിയാനോ അവരുടെ പശ്ചാത്തലം അന്വേഷിക്കാനോ കാര്യമായ ശ്രമങ്ങള്‍ ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പ്. മൂന്നാംലോകത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ മരുന്നു കമ്പനികളും സന്നദ്ധ സംഘടനകളും തക്കം കിട്ടുമ്പോഴൊക്കെ പാഞ്ഞു വരുന്നത് ഈ സൌകര്യങ്ങള്‍ കൊണ്ടു തന്നെയാണ്.

ഭരണകൂടത്തിന്റെ പിന്തുണയോടെ ഒന്നിന് പുറകെ ഒന്നായി പുതിയ വാക്സിനുകള്‍ പിഞ്ചുകുഞ്ഞുങ്ങളുടെ ദേഹത്ത് ഇടം പിടിക്കുന്നത് ഈ വിധമാണ്. എല്ലാ വാക്സിനുകളും ഒരുപോലെ ദോഷകരമല്ല.എന്നാല്‍ ഒഴിവാക്കപ്പെടേണ്ട വാക്സിനുകള്‍ ഒരു പാടുണ്ട്. വിവിധ ഫണ്ടിംഗ് ഏജന്‍സികള്‍ സൌജന്യമെന്ന പേരില്‍ വെച്ച് നീട്ടുന്ന വാക്സിനുകള്‍ക്ക് പിന്നില്‍ എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, ഇവയുടെ ട്രാക്ക് റെക്കോര്‍ഡ് എന്ത് എന്നൊന്നും ഇവിടെ അന്വേഷിക്കപ്പടാറേയില്ല. മരുന്നുകമ്പനികളുടെ കിടമല്‍സരങ്ങളും പുറത്തുനിന്നുള്ള സമ്മര്‍ദ്ദങ്ങളും കാരണം മൂന്നാം ലോക രാജ്യങ്ങള്‍ നിശ്ശബ്ദം ഇവ ഏറ്റുവാങ്ങാറാണ് പതിവ്.

എഴുപതുകളുടെ പാതി മുതല്‍ക്കേ വ്യക്തമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന,യൂനിസെഫ് എന്നിവര്‍ പൊതുരോഗ പ്രതിരോധ പദ്ധതിയുടെ പേരില്‍ ഓരോ പ്രദേശത്തിനനുസരിച്ച് വേണ്ട വാക്സിന്‍ നിശ്ചയിച്ചുവരുന്നു.ഈ നിര്‍ബന്ധിത വാക്സിനുകള്‍ സൌജന്യമായി രാജ്യങ്ങളില്‍ ലഭ്യമാക്കാന്‍ നടപടിയും സ്വീകരിച്ചിട്ടുണ്ട്.ഡി.പി.ടി,ഒ.പി.വി, ബി.സി.ഡി,ടി.ടി, ഡി.ടി തുടങ്ങിയവയാണ് ഈ ഗണത്തില്‍വരുന്നത്.പുറമെ പ്രദേശങ്ങള്‍ക്കനുസൃതമായി മറ്റ് വാക്സിനുകള്‍ കൂടി നല്‍കാമെന്ന് യൂനിസെഫ് പറയുന്നുണ്ട്. ഒരു പതിറ്റാണ്ട് മുമ്പുവരെ ഇവയുടെ എണ്ണം കുറവായിരുന്നു, വിലയും. എന്നാല്‍ വന്‍കിട മരുന്ന് കമ്പനികള്‍ കൂടുതല്‍ വിലയുള്ള പുതിയ വാക്സിനുകളുമായി രംഗത്തുവരികയാണ് ചെയ്യുന്നത്. ഒരു ഡോസിന് 2000 രൂപ വരെ ഇവര്‍ വാങ്ങുന്നു.ഇത്തരം വില കൂടിയ മരുന്നു വാക്സിനുകളെ കൂടി സാര്‍വത്രിക രോഗപ്രതിരോധ വാക്സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ മൂന്നാം ലോകരാജ്യങ്ങളില്‍ ശ്രമം നടന്നുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.

വില കൂടിയ രോഗപ്രതിരോധ വാക്സിനുകളാണ് ദാരിദ്യ്രത്തിന്റെയും പോഷകാഹാരകുറവിന്റെയും പേരില്‍ മൂന്നാംലോകരാജ്യങ്ങളില്‍ എത്തുന്നത്.ഇത് ഹിബ് വാക്സിനുകളായും, പെന്റാവലന്റുകളായും എത്തുന്നു. കൂടുതലും ഇന്ത്യ,പാകിസ്ഥാന്‍ ,ബംഗ്ലാദേശ്,ഭൂട്ടാന്‍ ,ഇന്തോനേഷ്യ,ശ്രീലങ്ക എന്നിവിടങ്ങളിലാണ് സാര്‍വത്രിക രോഗപ്രതിരോധ മാര്‍ഗമെന്ന നിലയില്‍ വാക്സിനുകള്‍ കൂട്ടത്തോടെ കടലുകടന്നുവരുന്നത്.

 

 

പെന്റാവലന്റ്
പൊതുരോഗ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഡി.പി.ടിയോടൊപ്പം ഹിബ്,ഹൈപ്പറ്റൈറ്റിസ് ^ബി തുടങ്ങിയവക്കുള്ള പ്രതിരോധ മരുന്നുകൂടി ഉള്‍പ്പെടുത്തിയതാണ് പെന്റാവലന്റ്. തൊണ്ടമുള്ള് ,വില്ലന്‍ചുമ, ടെറ്റനസ്,ന്യൂമോണിയ,മഞ്ഞപ്പിത്തം എന്നിവ ഈ വാക്സിന് തടയാനാകും. വാക്സിനേഷന്‍ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പെന്റാ വാലന്റ് വാക്സിന്‍ നല്‍കാന്‍ തെരഞ്ഞെടുത്ത രണ്ട് സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും.ഡിസംബര്‍ 14 ,17 ദിവസങ്ങളിലായിരുന്നു മരുന്ന് വിതരണം. ഇതുവരെ കേരളത്തില്‍ 40000 കുട്ടികള്‍ക്ക് മരുന്ന് കൊടുത്തിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് വാക്സിന്‍ പകര്‍ന്ന് നല്‍കാന്‍ സഹായഹസ്തം നീട്ടിയ ഗവിയാണ് (ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്സിന്‍ ആന്റ് ഇമ്യൂണൈസേഷന്‍ ) ഈ വാക്സിന്‍ ഇവിടെയെത്തിച്ചത്. ബില്‍ഗേറ്റ്സ് ഫൌണ്ടേഷന്റെയും മിലിന്ദ ഫൌണ്ടേഷന്റെയും സംയുക്ത സംരംഭമാണ് ഗവി. ഇന്ത്യയിലെ 10 സംസ്ഥാനങ്ങളില്‍ മൂന്ന് വര്‍ഷം നല്‍കാനുള്ള വാക്സിനാണ് ഗവി സൌജന്യമായി നല്‍കാമെന്ന് ഏറ്റത്. ഈ കാലയളവ് കഴിഞ്ഞാല്‍, വാക്സിനുകള്‍ രാജ്യം വാങ്ങണം. വലിയ വിലകൂടിയ വാക്സിനുകളാണ് പെന്റാവലന്റ് പോലുള്ള അഞ്ച് രോഗപ്രതിരോധ വാക്സിനുകള്‍ ചേര്‍ത്ത ഒറ്റ ഷോട്ടായി നല്‍കുന്നത്. ഒറ്റ വാക്സിനുകളായി നല്‍കുന്നതിനേക്കാള്‍ ഫലപ്രാപ്തി കുറവാണ് ഇത്തരം വാക്സിനുകളെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

മരണങ്ങള്‍, കാരണങ്ങള്‍
ഡിസംബര്‍ 15ന് വിതുര സ്വദേശികളായ ദമ്പതികളുടെ 58 ദിവസം പ്രായമായ കുഞ്ഞ് ആന്‍സി മരിച്ചു.ആദിവാസി ദമ്പതികളുടെ കുഞ്ഞടക്കം മൂന്നു കുഞ്ഞുങ്ങള്‍ പിന്നീടും മരിച്ചു. ശരീരത്തിന്റെ ‘അമിത പ്രതികരണ’മാണ് മരണ കാരണമെന്നാണ് ആന്‍സിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതേസമയം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയാണ് മരണകാരണമെന്നും പെന്റാവലന്റ് വാക്സിനല്ല മരണ കാരണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. സംഭവം നടന്നതിന് പിന്നാലെ ലോകാരോഗ്യസംഘടനാ പ്രതിനിധികള്‍,നാഷനല്‍ പോളിയോ സര്‍വൈലന്‍സ് പ്രൊജക്ട് റീജനല്‍ ഓഫീസ് പ്രതിനിധികള്‍ തുടങ്ങി ദേശീയ^അന്തര്‍ദേശീയ പ്രതിനിധികള്‍ കേരളത്തിലെത്തി അന്വേഷണം നടത്തിയിരുന്നു.

മരിച്ച കുട്ടികളുടെ മാതാപിതാക്കള്‍ സംഭവശേഷം ഏറെ ഭയപ്പാടൊടെയായിരുന്നു മാധ്യമപ്രവര്‍ത്തകരെ കണ്ടത്.വാക്സിനേഷന്‍ മൂലമുള്ള പനി കുറക്കാന്‍ വീട്ടുകാര്‍ കൊടുത്ത പാരസിറ്റമോളിന്റെ പ്രതിപ്രവര്‍ത്തനമാണ് മറ്റ് കുട്ടികളുടെ മരണത്തിനിടയാക്കിയതെന്ന് ആരോഗ്യ വകുപ്പ് കേരള ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. കുട്ടികള്‍ രോഗാതുരമായ അവസ്ഥയിലായിരുന്നെന്നും അത് വ്യക്തമാക്കുന്നു. ഹൃദയ സംബന്ധമായ തകരാറ് മറ്റൊരു കുട്ടിക്കുണ്ടായിരുന്നു. രണ്ടുപേര്‍ ന്യൂമോണിയ ബാധ ഉണ്ടാകാന്‍ ലക്ഷണങ്ങള്‍ കാട്ടിയിരുന്നു.അവര്‍ക്ക് ഹിബ് വാക്സിന്‍ മരുന്നെന്ന നിലയില്‍ നല്‍കാനായിരുന്നു നിര്‍ദേശം. മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയാല്‍ വിലകൂടുമെന്നതിനാലായിരുന്നു പെന്റാ വാക്സിന്‍ ഉപയോഗിച്ചതെന്ന് സര്‍ക്കാര്‍ തന്നെ കോടതിയില്‍ വ്യക്തമാക്കുന്നു.

 

 

കോടതിക്കുമുന്നില്‍
പെന്റാവലന്റ് വാക്സിന്റെ തുടര്‍ച്ചയായി കേരളത്തില്‍ സംഭവിച്ച ഈ നാല് മരണങ്ങള്‍ ഇന്ന് ലോക മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ചര്‍ച്ചയാണ്. ദല്‍ഹിയിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനും ഇമ്യൂണൈസേഷന്‍ പ്രവര്‍ത്തനങ്ങളുടെ നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് അംഗവുമായ ഡോ.ജേക്കബ് എം.പുലിയേല്‍ ആളിപ്പടര്‍ത്തിയ തീയാണ് പെന്റാവലന്റിനെതിരെ ആഞ്ഞടിക്കുന്നത്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പോലുള്ള ഒട്ടേറെ ജേണലുകളില്‍ ഡോ.പുലിയേലും സഹപ്രവര്‍ത്തകരുമെഴുതിയ ലേഖനങ്ങളാണ് ചര്‍ച്ചയാവുന്നത്. കേരളത്തിലും തമിഴ്നാട്ടിലുമായി നടന്ന പെന്റാവലന്റ് വാക്സിനേഷനെതിരെ ഡോ.ജേക്കബ് എം.പുലിയേല്‍ ദല്‍ഹിഹൈകോടതിയിലും ഹ്യുമന്‍ റൈറ്റ്സ് ലോ നെറ്റ്വര്‍ക്കിന് വേണ്ടി ഡോ.പി.ജി ഹരി കേരള ഹൈകോടതിയിലും ഫയല്‍ ചെയ്ത ഹരജികള്‍ ലോകശ്രദ്ധയെയാണ് ക്ഷണിച്ചത്.

മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ലോകാരോഗ്യ സംഘടന വാക്സിനുകള്‍ ലോക സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് ദല്‍ഹി ഹൈകോടതിയില്‍ ഹരജി നല്‍കിയ ഡോ.ജേക്കബ് പുനിയേല്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂമോകോക്കല്‍,ഹെപ്പാറ്റൈറ്റിസ് ബി, ഹിബ്,പെന്റാവലന്റ് എന്നിവ സാര്‍വത്രിക രോഗപ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്താണ് അദ്ദേഹം ഹരജി സമര്‍പ്പിച്ചത്. നേരത്തെ ജപ്പാന്‍,പാകിസ്ഥാന്‍ ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ പെന്റാവലന്റ് വാകസിന്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പല രാജ്യങ്ങളിലും ഇത് നിരോധിച്ചു.ചിലയിടങ്ങളില്‍ പാതിവഴിയില്‍ അവസാനിപ്പിച്ചു.

മുന്നൊരുക്കങ്ങളൊന്നും കൂടാതെയാണ് പെന്റാവലന്റ് വാക്സില്‍ ഇന്ത്യയില്‍ നടപ്പാക്കിയത്.വാക്സിനേഷന്‍ നടന്ന രണ്ട് സംസ്ഥാനങ്ങളിലെ മരുന്നിന്റെ പ്രത്യാഘാതങ്ങളെ സംബന്ധിച്ച് വ്യക്തമായി പഠനം നടത്താതെ മറ്റ് സംസ്ഥാനങ്ങളില്‍ മരുന്ന് വിതരണം വ്യാപിപ്പിക്കാന്‍ പാടില്ലെന്ന് ഹരജി ആവശ്യപ്പെടുന്നു. രാജ്യത്തെ വാക്സിനേഷനുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തേണ്ട ഇമ്യൂണൈസേഷന്‍ നാഷനല്‍ ടെക്നിക്കല്‍ അഡ്വൈസറിസമിതിയാകട്ടെ ഒന്നിച്ചിരുന്നിട്ട് ഒന്നരക്കൊല്ലമായെന്ന് സമിതി അംഗം കൂടിയായ പുലിയേല്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശത്തില്‍ രാജ്യത്ത് ഫണ്ടിങ്ങോടെ എത്തുന്ന വാക്സിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ അന്വേഷണങ്ങള്‍ എവിടെയും എത്താറില്ല. മരുന്ന് വിതരണത്തിന് പച്ചക്കൊടി കാട്ടി തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയാണ് പതിവ്. 2011 മാര്‍ച്ചില്‍ മെനിഞ്ചൈറ്റിസ് വാക്സിനേഷനില്‍ ആന്ധ്ര പ്രദേശില്‍ നാല് കുട്ടികളാണ് മരിച്ചത്. ഇതിന് മാസങ്ങള്‍ തികയും മുമ്പാണ് രണ്ട് സംസ്ഥാനങ്ങളില്‍ പെന്റാ വാക്സിന്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും ഹരജി വ്യക്തമാക്കുന്നു.

 

 

ഇനി മറ്റു സംസ്ഥാനങ്ങള്‍
ശരീര ഭാഗങ്ങള്‍ ചുവന്ന് വിങ്ങുക, വേദന, മൂന്ന് ദിവസത്തേക്ക് പനി എന്നിവയാണ് വാക്സിന്റെ പ്രതികൂല പ്രവര്‍ത്തനങ്ങളായി പറയുന്നത്. കേരളത്തില്‍ ഇതുവരെ ആരോഗ്യ പ്രശ്നമായി വരാത്ത ഹിബ് (ഹീമോഫീലിയ ഇന്‍ഫ്ലുവന്‍സ ബി) എങ്ങനെ മാരകമായെന്നാണ് പെന്റാവലന്റിനെതിരായി രംഗത്തെത്തിയവരുടെ മറ്റൊരു ചോദ്യം. ലക്ഷം പേരില്‍ 7.1 ശതമാനം മാത്രമാണ് അഞ്ച് വയസിന് താഴെയുള്ളവരില്‍ ഹിബ് മെനിഞ്ൈജറ്റിന് സാധ്യതയെന്ന് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. എന്നിട്ടും കേരളത്തില്‍ ആ മരുന്ന് സര്‍വാണി സദ്യപോലെ മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അവര്‍ ചോദിക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ വാക്സിനേഷന്‍ മാന്വലില്‍ പെന്റാവലന്റ് വാക്സിന്‍ നല്‍കേണ്ടത് ആരോഗ്യവാന്മാരായ കുട്ടികളിലാവണമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇന്ത്യയിലെ ജനസംഖ്യയില്‍ മതിയായ പകുതി കുട്ടികളും ഭക്ഷണം ലഭിക്കാത്തവരാണ് എന്നാണ് സര്‍ക്കാര്‍ തന്നെ കണക്കുസഹിതം വ്യക്തമാക്കിയത്. ഇവരെ ലക്ഷ്യമിട്ടാണ് പെന്റാവലന്റ് വാക്സിന്‍ എത്തുന്നത്. ഇവരില്‍ എത്ര ആരോഗ്യവാന്മാരായ കുട്ടികളുണ്ടാവും? താരതമ്യേന ആരോഗ്യ നിലവാരം കൂടിയ കേരളത്തിലാണ് നാല് മരണങ്ങള്‍ സംഭവിച്ചതെന്നതും ആശങ്കക്കിടയാക്കുന്നു. പോഷകാഹാരക്കുറവുള്ളവര്‍ക്കും ഹൃദയസംബന്ധമായ രോഗമുള്ളവര്‍ക്കും മരുന്ന് പറ്റില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.

ശ്രീലങ്ക,ഭൂട്ടാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ പെന്റാവലന്റ് വാക്സിന്‍ ഉപയോഗവുമായി ബന്ധപ്പെട്ട മരണങ്ങളുണ്ടായി.2009 ഒക്ടോബര്‍ 28 ന് ഭൂട്ടാനില്‍ ഇത് നിരോധിച്ചു. ശ്രീലങ്കയില്‍ പെന്റാവലന്റ് വാക്സിന്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അഞ്ച് മരണങ്ങളിലും വാക്സിനാവാം മരണകാരണമെന്ന് ഇതുസംബന്ധിച്ച വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കേരളത്തില്‍ നടന്നത് ടെസ്റ്റ് ഡോസാണ്. ഇനി മറ്റു സംസ്ഥാനങ്ങളിലേക്കാണ് പെന്റാ വാക്സിന്‍ ലക്ഷ്യമിടുന്നത്. കോടതിയുടെ മുന്നിലെ ഹരജി മാത്രമാണ് പ്രതിബന്ധം. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്ന് ഇതിന് അനുകൂല റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞു. ഇതിനര്‍ഥം മറ്റൊന്നുമല്ല. എല്ലാം സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കെ, തന്നെ മറ്റു സംസ്ഥാനങ്ങളിലെ കുട്ടികള്‍ളെത്തേടി പെന്‍വാലന്റ് ഉടനടി എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *