ബദലില്ല, ഈ അഗ്നിക്ക്

സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനങ്ങളെയും തുറന്നു വിമര്‍ശിച്ചാണ് അദ്ദേഹം ആ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്. രോഗം പിടിച്ചുലച്ചപ്പോഴും ആശുപത്രിക്കിടക്കയില്‍ നിന്ന് എഴുന്നേറ്റുവന്നാണ് കൊല്ലത്തെ സമ്മേളനവേദിയെ സജീവമാക്കിയത്. ഏറ്റവുമൊടുവില്‍ പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വേദിയിലും സി.കെ ഇടതുഐക്യത്തിനായി നിലകൊണ്ടു- വിട പറഞ്ഞ നേതാവ് സി.കെ ചന്ദ്രപ്പന് നാലാമിടത്തിന്റെ ആദരാഞ്ജലികള്‍. വത്സന്‍ രാമംകുളത്ത് എഴുതുന്നു

 

Photograph – Subhash Kumarapuram

 
മുണ്ടയില്‍ കോരനും ചീരപ്പന്‍ച്ചിറ കുമാരപ്പണിക്കരും തമ്മിലുള്ള കീഴാളജന്‍മി അകലത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ഏറ്റവുമൊടുവില്‍ സി.കെ.ചന്ദ്രപ്പനെ ചിരിപ്പിച്ചത്. സഖാവ് സി.കെ എപ്പോഴും അങ്ങനെയായിരുന്നു. ശത്രുക്കള്‍ തനിക്കെതിരെ കെട്ടിമെനയുന്ന വിമര്‍ശന സൌധത്തെ ഏതുനിമിഷവും തകരുന്ന ചീട്ടുകൊട്ടാരമായേ കണ്ടിരുന്നുള്ളൂ.

വത്സന്‍ രാമംകുളത്ത്

ജനകീയനായ നേതാവാണോ സി.കെ.ചന്ദ്രപ്പനെന്ന് ചോദിച്ചാല്‍ ഒരുപക്ഷെ, മറുപടി വൈകിയേക്കാം. പക്ഷെ, സി.കെ എന്നും ജനപക്ഷത്തായിരുന്നെന്ന് ഉറക്കെ വിളിച്ചുപറയാന്‍ ആര്‍ക്കും മടിയുമുണ്ടാകില്ല. കമ്യൂണിസ്റുകളുടെ ജനകീയ ഇടപെടലുകളിലെ പോരായ്മകള്‍ ആ വാക്കുകളില്‍ നിഴലിക്കുമായിരുന്നു. വഴി പിഴച്ചുപോകുന്നതിനെയും നിര്‍ത്താതെ പഴിക്കാന്‍ അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നു.ലാവ്ലിന്‍, മിച്ചഭൂമി സമരം, അന്ത്യഅത്താഴ വിവാദം എന്നിവയില്‍ ചന്ദ്രപ്പന്‍ ഇടപെട്ടു. സി.പി.എമ്മിനെയും പിണറായിയെയും വിമര്‍ശിക്കാന്‍ ചങ്കുറപ്പുകാട്ടി.

വിമര്‍ശനങ്ങള്‍ വാള്‍മുനപോലെ നോവിക്കുമ്പോള്‍ പ്രതിയോഗികള്‍ക്കെതിരെ അതേ വേഗത്തില്‍ ശരം തിരിച്ചയക്കാന്‍ ശ്രമിച്ചതാണ് ചന്ദ്രപ്പന്റെ വിജയം. ആ വിജയത്തെ ഒരിക്കലും പുറത്തുപറയാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. സ്വന്തം പാര്‍ട്ടിയിലും അതേക്കുറിച്ച് തിരിച്ചറിഞ്ഞവര്‍ വിരളം എന്നും അവകാശപ്പെടാം. പിളര്‍പ്പിനുശേഷം സി.പി.എമ്മിനെ വളര്‍ത്തിയെടുത്തത് സ്വയംവിമര്‍ശനങ്ങളും ആരോപണങ്ങളുമാണെന്ന വിലയിരുത്തലാണ് സഖാവ് സി.കെക്കുണ്ടായിരുന്നത്.

കല്‍ക്കത്താ സിസേറിയനില്‍ തലച്ചോറില്ലാതെ തടിച്ച ഉടലുമായാണ് സി.പി.എം പിറന്നതെന്ന് അക്കാലത്ത് വിമര്‍ശകര്‍ പറഞ്ഞിരുന്നു.കമ്യൂണിസ്റ് ബുദ്ധികേന്ദ്രങ്ങള്‍ സി.പി.ഐയില്‍ ഉറച്ചുനിന്നപ്പോള്‍ അണികളുമായി ഒരുകൂട്ടം പുറത്തുപോന്നുവെന്ന അഭിപ്രായമല്ല സി.കെക്ക്. സി.പി.എമ്മിനെ വളര്‍ച്ചയിലേക്ക് നയിച്ച ചില വശങ്ങളെ എടുത്തുപറയാന്‍ മടികാണിക്കാത്ത നേതാവായിരുന്നു അദ്ദേഹം. പക്ഷെ, ഇന്ത്യയിലെ വലിയ സി.പി.എം വിരോധിയെന്ന് സി.കെ.ചന്ദ്രപ്പനെ വിശേഷിപ്പിച്ചത് മാധ്യമങ്ങളാണ്. അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും ആകാം ആ വിലയിരുത്തലിന് പാത്രമായത്. എന്നാല്‍, സി.പി.എമ്മിനേക്കാള്‍ ചെറുതല്ല സ്വന്തം പ്രസ്ഥാനമെന്ന് തുറന്നുകാട്ടുകയായിരുന്നു സി.കെയുടെ മതം. ദേശീയ നേതാവെന്ന നിലയില്‍ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തില്‍ സി.പി.എമ്മിനെ ജയിച്ച് നില്‍ക്കാന്‍ സി.പി.ഐക്ക് ഊര്‍ജ്ജം പകരുകയായിരുന്നു സി.കെയുടെ ലക്ഷ്യം. അതില്‍ അദ്ദേഹം പ്രതീക്ഷിച്ചതിലപ്പുറം വിജയിച്ചു.

പ്രസ്ഥാനത്തെ എന്നും ലൈവായി നിര്‍ത്തുകയെന്നത് ശ്രമകരമാണ്. ശക്തമായ അഴിമതി ആരോപണങ്ങളെ പോലും അതിജീവിച്ചുള്ള സി.പി.എമ്മിന്റെ മുന്നോട്ടുപോക്കിനെ അങ്ങേയറ്റം ഇഷ്ടപ്പെട്ട കമ്യൂണിസ്റുകാരനായിരുന്നു സി.കെ. എന്നാല്‍, ആരോപണത്തിലെ യാഥാര്‍ഥ്യം മറച്ചുപിടിക്കാന്‍ സി.പി.എം ശ്രമിച്ചപ്പോള്‍ അത് തെറ്റാണെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. ആരോപണത്തെ സധൈര്യം നേരിടാനുള്ള കമ്യൂണിസ്റ് പോംവഴികളെന്തെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അഴിമതിക്കാരെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോള്‍ എം.എന്നും ടി.വിയും മന്ത്രി സ്ഥാനം ഒഴിഞ്ഞത് ഉദാഹരണമായി എടുത്തുപറഞ്ഞു. പാര്‍ട്ടി ചുമതലയില്‍ നിന്ന് മാറിനിന്ന് ലാവ്ലിന്‍ അഴിമതി ആരോപണത്തെ നേരിടാനും കുറ്റമുക്തനായി ശക്തിയോടെ തിരിച്ചുവരാനുമാണ് ആ വാക്കുകള്‍ പിണറായിയോട് ആവശ്യപ്പെട്ടത്. സഹിഷ്ണുതയോടെ ആയിരുന്നില്ല ആരും അതിനെ കേട്ടത്.

 

 

സംസ്ഥാന സെക്രട്ടറിയെ ഒരു കേസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊതുസമൂഹത്തിനുമുന്നില്‍ സി.പി.എമ്മിന്റെ ഊര്‍ജ്ജം കുത്തിച്ചോര്‍ത്തുക എന്ന ശത്രുക്കളുടെ ലക്ഷ്യമാണ് ലാവ്ലിന്‍ എന്നാണ് ഔദ്യോഗിക വിശദീകരണം. ജനസ്വാധീനം വര്‍ധിപ്പിക്കുക എന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ ചുറുക്കാന്‍ കിട്ടുന്ന ആയുധങ്ങളെല്ലാം ഉപയോഗിക്കുകയാണ് സി.കെ.ചന്ദ്രപ്പന്‍ ചെയ്യുന്നതെന്നും ചിലനേതാക്കള്‍ പറഞ്ഞു. എന്നിട്ടും ചന്ദ്രപ്പന്റെ നാവടക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നത് വാസ്തവം.

ഒരേ സമയത്ത് നടക്കുന്ന കമ്യൂണിസ്റ് പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ ഏതിനായിരിക്കും മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കുകയെന്ന് ഊഹിക്കാം.
കമ്യൂണിസ്റ് മൂല്യത്തെ ഉയര്‍ത്തിപ്പിടിച്ചുതന്നെ, സി.കെ.ചന്ദ്രപ്പനെന്ന പാര്‍ട്ടി സെക്രട്ടറി കൊല്ലത്തുനടന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തെ ഇത്രയും ശ്രദ്ധേയമാക്കിയത് തളരാത്ത ശരീരത്തില്‍ മരണത്തെയും വഹിച്ചായിരുന്നു. സി.പി.എം. സംസ്ഥാന സമ്മേളന നടത്തിപ്പു ചുമതല ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാണെന്ന ആരോപണം സി.പി.എമ്മിനെ മാത്രമല്ല, മുന്നണി ബന്ധത്തെ തന്നെ ആശങ്കയിലാഴ്ത്തി. ഇത്രയും ഗൌരവമേറിയ ആരോപണം സി.കെ.ചന്ദ്രപ്പന്‍ ഉന്നയിച്ചതിലൂടെയാണ് രാഷ്ട്രീയ കേരളം അതിനെ ഇത്രകണ്ട് ചര്‍ച്ചയാക്കിയത്. അതിന് വ്യക്തമായ മറുപടി നല്‍കാതെ, ചന്ദ്രപ്പനെ വ്യക്തിപരമായി ആക്രമിക്കാനാണ് സി.പി.എം കേന്ദ്രങ്ങള്‍ ശ്രമിച്ചത്. ചീരപ്പന്‍ചിറയിലെ ജന്‍മിത്തറവാട്ടിലുള്ള വലിയ ഉരുളികളുടെയും ഓട്ടുവിളക്കുകളുടെയും ചെമ്പുപാത്രങ്ങളുടെയും തലമുറകള്‍ ശേഖരിച്ച് സൂക്ഷിച്ച ആഭരണനിലവറയുടെയും കണക്കെടുത്തായിരുന്നു ഇക്കൂട്ടര്‍ അതിനെ നേരിടാന്‍ ശ്രമിച്ചത്.

എത്ര വിമര്‍ശനങ്ങള്‍ നിരത്തിയാലും കമ്യൂണിസ്റ് ഐക്യത്തിന് ഏറെ വിലകല്‍പ്പിക്കാന്‍ സി.കെ പിശുക്കുകാട്ടിയില്ല. രാജ്യത്ത് വര്‍ഗീയ ബൂര്‍ഷ്വാ ശക്തികള്‍ക്ക് ജനകീയ ബദല്‍ വേണമെന്ന് അദ്ദേഹം എന്നും ആഗ്രഹിച്ചു. വിഘടിച്ചുനില്‍ക്കുന്ന 36 കമ്യൂണിസ്റ് ഗ്രൂപ്പുകളുടെ പുനരേകീകരണം അനിവാര്യമെന്ന ദേശീയ ചര്‍ച്ചക്ക് വഴിയൊരുക്കിയ നേതാവ് സി.കെ.ചന്ദ്രപ്പനാണ്. എന്നാല്‍, കമ്യൂണിസ്റ് പാര്‍ട്ടികളുടെ ലയനമാണ് സി.പി.ഐയും ചന്ദ്രപ്പനും ലക്ഷ്യം വക്കുന്നതെന്ന ആക്ഷേപം ചൊരിഞ്ഞാണ് സി.പി.എം അതിനെയും നേരിട്ടത്. ഒരിക്കലും പഠിച്ചുതീര്‍ക്കാന്‍ പറ്റാത്ത വിശാലമനസ്സിനുടമയായിരുന്നു സി.കെ. എന്നും ഇടതുപക്ഷ ഐക്യത്തിന് മുന്‍തൂക്കം നല്‍കിയാണ് സി.കെ പ്രവര്‍ത്തിച്ചതെന്നാണ് അനുശോചന സന്ദേശത്തില്‍ പിണറായി വിജയനും വ്യക്തമാക്കിയത്.

 

 

സ്വന്തം പാര്‍ട്ടിയിലെ വ്യതിയാനങ്ങളെയും തുറന്നു വിമര്‍ശിച്ചാണ് അദ്ദേഹം ആ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോയത്. രോഗം പിടിച്ചുലച്ചപ്പോഴും ആശുപത്രിക്കിടക്കയില്‍ നിന്ന് എഴുന്നേറ്റുവന്നാണ് കൊല്ലത്തെ സമ്മേളനവേദിയെ സജീവമാക്കിയത്. ഏറ്റവുമൊടുവില്‍ പിറവം നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വേദിയിലും സി.കെ ഇടതുഐക്യത്തിനായി നിലകൊണ്ടു.
പുന്നപ്രവയലാര്‍ സമരവും പോലീസ് ഭീകരതയും നേരിലറിഞ്ഞ, സംഘര്‍ഷഭരിത ബാല്യമായിരുന്നു ചന്ദ്രപ്പന്റേത്. കേള്‍ക്കുന്നതെല്ലാം ജന്മികളുടെയും പോലീസിന്റെയും ക്രൂരതയുടെയും കൊടിയ മര്‍ദ്ദനത്തിന്റെയും കഥകള്‍. തീച്ചൂളയില്‍ മുളച്ചുപൊന്തിയ ഈ കമ്യൂണിസ്റിന് ബദല്‍ ഇനിയില്ല.

14 thoughts on “ബദലില്ല, ഈ അഗ്നിക്ക്

 1. ചന്ദ്രപ്പന്‍ മരിച്ചു കിടക്കുമ്പോഴും അനുയായികള്‍ നിലവാരം കാത്തു സൂക്ഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം . ഇത്രയെ ഉള്ളൂ സി.പി.ഐക്കാരന്‍ . മെര്‍ക്കിസ്റ്റണ്‍ ഭൂമി വിവാദത്തില്‍ ആരോപണ വിധേയനായ ബിനോയി വിശ്വം  മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് ചന്ദ്രപ്പന്‍ പറഞ്ഞില്ല. അതേ വിവാദത്തിലെ നായകന്‍ സേവി മനോ മാത്യു നല്‍കിയ ജനയുഗം ഫണ്ട് വാങ്ങിയതില്‍ തെറ്റുകണ്ടില്ല. സി.ദിവാകാരന്റെ വീട്ടില്‍ ദല്ലാള്‍ ഇടപെടല്‍ കണ്ടപ്പോഴും സി.കെ ഉണര്‍ന്നില്ല. എച്ച്.എം.റ്റി ഇടപാടില്‍ ആരോപണവിധെയനായ കെ.പി.രാജേന്ദ്രന്‍ മാറണമെന്നും അദ്ദേഹം പറഞ്ഞില്ല

  പക്ഷെ സി.പി.എമിനെ നന്നാക്കുക എന്ന ഒറ്റ ലക്ഷ്യമെ ചന്ദ്രപ്പന്‌ ഉണ്ടായിരുന്നുള്ളൂ എന്ന് കാണാന്‍ കഴിയും. അതുകൊണ്ടാണല്ലോ മന്ത്രിസ്ഥാനം പോലുമില്ലാത്ത പിണറായി പാര്‍ട്ടി സെക്രട്ടറി സ്ഥാനം രാജി വയ്ക്കെണ്ടിയിരുന്നു എന്ന് ചന്ദ്രപ്പന്‍ പറഞ്ഞത് . അതും ടി.വി തോമസ് ആരോപണം ഉണ്ടായപ്പോള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ രീതിയില്‍ തന്നെ. ടിവി പാര്‍ട്ടി പദവി ഒഴിഞ്ഞു എന്ന് പോലുമല്ല. ചന്ദ്രപ്പന്‍ മരിച്ചു കിടക്കുമ്പോള്‍ പോലും ഈ ടൈപ്പ് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ പറയാന്‍ നിര്‍ബന്ധിതനാകുന്നു. ക്ഷമിക്കുക

 2. ജീവിച്ചിരിക്കുന്ന കാലത്ത് ചന്ദ്രപ്പനെ ചളിവാരിയെറിയാനും ഇല്ലാത്ത ഫ്യൂഡല്‍ ആരോപണങ്ങളുടെ ചര്‍ദ്ദി കോരി ഒഴിക്കാനും പാഞ്ഞുനടന്നവര്‍ മരിച്ചിട്ടും വെറുതെ വിടാന്‍ ഉദ്ദേശ്യമില്ല എന്നു പറയുന്നത് അവരുടെ ഉള്ളിലെ വിഷത്തിന്റെ തീവ്രതയെ തന്നെയാണ് എടുത്തു കാണിക്കുന്നത്.
  ചന്ദ്രപ്പനെ കുറിച്ച് മരിച്ചാലും ആരും നല്ലതു പറയാന്‍ പാടില്ല. ആരെങ്കിലും പറഞ്ഞാല്‍ പാഞ്ഞെത്തും, സി.പി.ഐക്കാര്‍ക്കെതിരെയുള്ള സകല ആരോപണങ്ങളും പിന്നെയും പൊടിതട്ടിയെടുക്കും. ഇത് വിവരക്കേടല്ല. ക്രൂരതയാണ്. ചന്ദ്രപ്പനെക്കുറിച്ച് ആരെങ്കിലും നല്ലത് പറഞ്ഞാല്‍, ഉണര്‍ന്നെണീറ്റ് ഇങ്ങനെ പാഞ്ഞു വരാന്‍ ഈ പ്രോലിറ്റേറിയന്‍ വിപ്ലവകാരിക്ക് ആരാണാവോ ക്വട്ടേഷന്‍ കൊടുത്തത്. വിട്ടേക്ക് അങ്ങുന്നേ. മരിച്ചാല്‍,ആളുകള്‍ നല്ലതു പറയും. അത് നാട്ടുനടപ്പ് എങ്കിലുമായി കൂട്ടി ഇത്തിരി നേരം പല്ലിറുമ്മി ഇരിക്കുന്നതാണ് മാന്യത.
  പിന്നെ ഇപ്പറയുന്ന സി.പി.എമ്മുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊക്കെ വല്ല അഴിമതി ആരോപണമാണോ സാറേ. സി.പി.എമ്മിന്റെ അളിഞ്ഞ സെറ്റപ്പില്‍ നിന്ന് കൊണ്ട് അത്രയൊന്നും അളിയാന്‍ ഈ ജന്‍മത്തില്‍ കഴിയാത്ത, ആഗ്രഹിച്ചാലും അതിനു നിര്‍വാഹമില്ലാത്ത സി.പി.ഐക്കാരനെ കല്ലെറിയാന്‍ നാണമില്ലേ. നാട്ടിലിറങ്ങി, ഈ വിഷം തീണ്ടാത്ത നാലാളോട് ചോദിച്ചു നോക്കൂ, പിണറായി വിജയനാണോ, ചന്ദ്രപ്പനാണോ അഴിമതിക്കാരനെന്ന്. സി.പി.ഐയാണോ സി.പി.എമ്മാണോ അഴിമതിക്കാരെന്ന്. അവരു പറഞ്ഞു തരും. രണ്ടു കാലിലും മന്തുള്ളവര്‍ ഒറ്റക്കാലില്‍ മന്തുള്ളവരെ സദാചാരം പഠിപ്പിക്കുന്നതിനേക്കാള്‍ വലിയ വഷളത്തരം വേറെന്താണുള്ളത്.

 3. ഞാന്‍ സി.പി.ഐക്കാരനല്ല. സി.കെ ചന്ദ്രപ്പന്റെ ആരാധകനുമല്ല. ഇവരെ ന്യായീകരിക്കേണ്ടതോ വിമര്‍ശിക്കേണ്ടതോ എന്റെ ആവശ്യവുമല്ല. എങ്കിലും ഇന്നലെ സി.കെ ചന്ദ്രപ്പന്‍ എന്ന നേതാവ് അപ്രതീക്ഷിതമായി വിടപറഞ്ഞ വിവരമറിഞ്ഞപ്പോള്‍, ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സങ്കടം തോന്നി. ഇദ്ദേഹം കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് ഇനിയും ഉണ്ടായിരിക്കണമെന്ന ആഗ്രഹവും തോന്നി. അത് ഏതെങ്കിലും രാഷ്ട്രീയ വിശ്വാസി ആയതു കൊണ്ടല്ല. മനുഷ്യന്‍ ആയതിനാലാണ്. സഹജീവിയുടെ മരണം കാണുമ്പോള്‍ തോന്നുന്ന സ്വാഭാവിക വികാരമാണത്.
  അതു കഴിഞ്ഞാണ് നാലാമിടത്തിലെ ഈ കുറിപ്പ് വായിച്ചത്. അതിനുതാഴെ ഒരനുസ്മരണ കുറിപ്പിനെ പോലും വെറുതെ വിടാത്ത ഈ കമന്റുകള്‍ കണ്ടപ്പോള്‍ കഷ്ടം തോന്നി. പിണറായി വിജയനെ പോലുള്ള ഉന്നത നേതാക്കളടക്കം ഉചിതമായ വാക്കുകളാല്‍ സി.കെ ചന്ദ്രപ്പനെ അനുസ്മരിക്കുമ്പോള്‍, ഇവിടെ സി.പി.എമ്മിന്റെ പേരില്‍ ചിലര്‍ ആ പാര്‍ട്ടിയുടെ വില കെടുത്തുകയാണ്.
  ഇത് ശരിയല്ല. എന്തെന്ത് ആരോപണങ്ങള്‍ പറയാനുണ്ടെങ്കിലും മരണത്തോടെ അതെല്ലാം തീര്‍ന്നു. മരണം നടന്നതിന്റെ തൊട്ടു പിന്നാലെ ഇത്തരം ആരോപണ പ്രത്യാരോപണവുമായി രംഗത്തു വരുന്നത് മനുഷ്യവിരുദ്ധമാണ്.
  ഇതുപോലുള്ള കമന്റുകള്‍ ഒഴിവാക്കപ്പെടേണ്ടതാണ്. അത്തരം കമന്റുകള്‍ പ്രസിദ്ധീകരിക്കാതിരിക്കുക എന്നതാണ് നാലാമിടത്തിന് സി.കെ ചന്ദ്രപ്പനോട് ചെയ്യാവുന്ന ഏറ്റവും വലിയ ആദരവ്.

 4. സമീപ കാലത്ത് സി പി എമ്മിനോട് ഉണ്ടായിരുന്ന അഭിപ്രായ വിത്യാസത്തിന്‍റെ ചുറ്റ് വട്ടത്ത് നിന്നു മാത്രം സ്മരിക്കപ്പെടേണ്ട നേതാവാണ് സി കെ എന്നു ലേഖകന്‍റെ പക്ഷം പാര്‍ലമെന്റേറിയന്‍ എന്ന നിലയിലോ, ഇടത്തു നേതാവ് എന്ന നിലയിലോ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനം അറിയാഞ്ഞിട്ടോ എന്തോ പരമര്‍ശിക്കപ്പെട്ടിട്ടില്ല. ഒരു മാസം മുന്‍പ് നടന്ന വിവാദങ്ങളിലൂടെ മാത്രം ഓര്‍മിക്കപ്പെടേണ്ട നേതാവാണ് ചന്ദ്രപ്പന്‍ എന്നു സി പി ഐ-ക്കാര്‍ പ്രത്യേകിച്ച് ലേഖകന്‍ കരുതുണെങ്കില്‍ ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാന്‍. പിന്നെയും ബാക്കി എന്തുണ്ട് കയ്യില്‍ സി പി ഐ-ക്കാരാ എന്നു ചോദിച്ചാല്‍ ഉത്തരം സി പി എം വിരോധം മാത്രം

 5. ചന്ദ്രപ്പനെ ജനങ്ങള്‍ക്കറിയാം, ബിനോയ് വിശ്വത്തെയും. ഇനി പിണറായിക്കാലമാണ്. രാഷ്ട്രിയത്തെയും ആദര്‍ശത്തെയും കൂട്ടിയിണക്കുന്നത് പിണറായിക്കാലം സഹിക്കില്ല.

 6. സി.കെ ചന്ദ്രപ്പന്‍ മരിച്ചു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ ഞാനും ഫേസ് ബുക്കില്‍ ഒരു കുറിപ്പിട്ടിരുന്നു അതിങ്ങനെ

  ” Kiran Thomas
  Yesterday
  സി.കെ ചന്ദ്രപ്പനെ അനുസ്മരിക്കുമ്പോൾ‌ ഓർമ്മവരുന്നത് അദ്ദേഹം പാർലമെന്ററി പ്രവർത്തനത്തിൽ നടത്തിയിരുന്ന മികവാണ് ഒന്നാം യു.പി.എ സർക്കരിന്റെ കാലത്ത് പാർലമെന്റിൽ അദ്ദേഹത്തിന്റെ സജീവമായ ഇടപെടൽ രാജ്യത്തിന് തന്നെ മാതൃക ആയിരുന്നു. പാർലമെന്ററി പ്രവർത്തനമെന്നാൽ മണ്ഡലത്തിൽ കറങ്ങി നടക്കലല്ല എന്ന് കാട്ടിക്കൊടുത്ത ആളായിരുന്നു ചന്ദ്രപ്പൻ. പാർലമെന്ററി രംഗത്ത് നിന്ന് മാറി സംഘടന രംഗത്ത് പ്രവർത്തിച്ചു തുടങ്ങിയ ചന്ദ്രപ്പന്റെ വിയോഗം സി.പി.ഐക്ക് ഒരു തീരാനഷ്ടമാണ് . സി.പി.ഐക്ക് ഒരു പുത്തൻ ഉണർവ് നൽകുവാൻ ചുരിങ്ങിയ കാലം കൊണ്ടുതന്നെ ചന്ദ്രപ്പന് കഴിഞ്ഞിരുന്നു. ചന്ദ്രപ്പന് ആദരാഞ്ജലികൾ‌”

  പക്ഷെ ഈ അനുസ്മരണ പോസ്റ്റ് കണ്ടപ്പോള്‍ ചിലത് പറയാതെ വയ്യ എന്ന് തോന്നിയതിനാലാണ്‌ ഞാന്‍ ആ കമന്റ് എഴുതിയത്. ഇപ്പോള്‍ ഇത്രമാത്രമെ പറയുന്നുള്ളൂ ഫേസ് ബുക്കിലടക്കം പല സി.പി.ഐക്കാരും ചന്ദ്രപ്പനെ അനുസ്മരിക്കുന്നുണ്ട് ഇന്നലെ ജയശങ്കറും അനുസ്മരിച്ചിരുന്നു. അതിന്റെ ഒക്കെ ടോണും ഈ ലേഖനത്തിന്റെ ടോണും ഒക്കെ കൂട്ടി വായിക്കാന്‍ അപേക്ഷ. ചന്ദ്രപ്പന്‍ അനുസ്മരണം നടത്തുന്ന സി.പി.ഐക്കാരുടെ നിലവാരവും പരിശോധിക്കുക. ബാക്കി ആ ചിത അണഞ്ഞതിന്‌ ശേഷം പരിശോധിക്കാം 

 7. ഹ,ഹ… അടുത്ത കാലത്തു വായിച്ച മികച്ച തമാശ!!!

  പണ്ട് എം.എന്‍ വിജയന്‍ മാഷ് മരിച്ചപ്പോള്‍ അദ്ദേഹം മികച്ച അധ്യാപകനായിരുന്നു എന്നൊരാള്‍
  പറഞ്ഞിരുന്നു. ഇപ്പോള്‍ മറ്റൊരാള്‍ പറയുന്നു ചന്ദ്രപ്പന്‍ നല്ലൊരു പാര്‍ലമെന്റേറിയനായിരുന്നു
  എന്ന്. തീര്‍ച്ചയായും വിജയന്‍ മാഷ് മികച്ച അധ്യാപകനായിരുന്നു. ചന്ദ്രപ്പന്‍ പാര്‍ലമെന്റേറിയനും.
  എന്നാല്‍, മറ്റു പലരെയും പോലെ ഇരുവരും അതു മാത്രമായിരുന്നില്ല. എന്നാല്‍, ഈ പറയുന്ന
  ദേഹത്തിന് ചന്ദ്രപ്പന്‍ പാര്‍ലമെന്റേറിയനായിരുന്നു. ശരി, വേണമെങ്കില്‍ ചന്ദ്രപ്പന്‍ അതു മാത്രമായിരുന്നു എന്നു പോലും വിശ്വസിക്കാനും പോസ്റ്റിടാനും അദ്ദേഹത്തിന് സ്വാതന്ത്യ്രമുണ്ട്. അതംഗീകരിക്കുന്നു.

  എന്നാല്‍, അതു പോലെ ഈ ലേഖനമെഴുതിയ വല്‍സന്‍ രാമംകുളത്തിനുമുണ്ട് ആ സ്വാതന്ത്യ്രം.
  സമീപകാല രാഷ്ട്രീയ മണ്ഡലത്തില്‍ ചന്ദ്രപ്പനെ ഏറ്റവും ശ്രദ്ധേയനാക്കിയ സി.പി.എം വിമര്‍ശത്തെക്കുറിച്ച് ഓര്‍മ്മിക്കാനും അദ്ദേഹത്തിന് സ്വാതന്ത്യ്രമുണ്ട്. അതദ്ദേഹം ചെയ്യുകയും
  ചെയ്തു. എന്നാല്‍, ഈ ദേഹത്തിന് പക്ഷേ, അത് ദഹിക്കുന്നില്ല. അങ്ങനെയൊക്കെ എഴുതാന്‍ പാടുണ്ടോ. സി.പി.എമ്മിനെ അങ്ങനങ്ങ് വിമര്‍ശിക്കാന്‍ പാടുണ്ടോ, വിമര്‍ശിച്ചാല്‍ തന്നെ അത് അനുസ്മരണത്തില്‍ എഴുതാന്‍ പാടുണ്ടോ എന്ന മട്ടിലാണ് അസഹിഷ്ണുതയുടെ ചുരമാന്തല്‍!

  അതും കഴിഞ്ഞിപ്പോഴിതാ പുള്ളീടെ വക വിശദീകരണ കുറിപ്പുമിറങ്ങി. നമുക്കതൊന്നു നോക്കാം.

  >>>ഫേസ് ബുക്കിലടക്കം പല സി.പി.ഐക്കാരും ചന്ദ്രപ്പനെ അനുസ്മരിക്കുന്നുണ്ട്. ഇന്നലെ ജയശങ്കറും അനുസ്മരിച്ചിരുന്നു.
  അതിന്റെ ഒക്കെ ടോണും ഈ ലേഖനത്തിന്റെ ടോണും ഒക്കെ കൂട്ടി വായിക്കാന്‍ അപേക്ഷ…< << എന്താണ് ഇതിനര്‍ഥം. ഫേസ്ബുക്കിലെന്നല്ല ഏത് ബുക്കിലും ആര്‍ക്കും ആരെയും അനുസ്മരിക്കാം.കൂട്ടത്തില്‍ സി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ചന്ദ്രപ്പനെയും. പിന്നെ ഇപ്പോ അരുളിയ ജയശങ്കറിനും. അതിലെന്താണ് തെറ്റ്. അവര്‍ പറഞ്ഞുവെന്ന് വെച്ച് ഈ ലേഖനത്തില്‍ അങ്ങനെയൊന്നും പറഞ്ഞു കൂടായോ.ഇനി ഇത് വായിക്കുന്നവരെല്ലാം ഇതൊക്കെ കൂട്ടി വായിച്ച് അങ്ങ് പറയുന്നതു പോലെതന്നെ നിരീക്കണോ? ഇല്ലെങ്കിലെന്താ ആകാശം ഇടിഞ്ഞു വീഴുമോ? ആര് ആരെയൊക്കെ അനുസ്മരിക്കണമെന്ന് തീര്‍പ്പ് കല്‍പ്പിക്കാന്‍ ഈ ദേഹം ആരാണാവോ! പിന്നെ അദ്ദേഹം പറയുന്നു: >>>ചന്ദ്രപ്പന്‍ അനുസ്മരണം നടത്തുന്ന സി.പി.ഐക്കാരുടെ നിലവാരവും പരിശോധിക്കുക<<< എന്താണ് ഈ പറയുന്ന സി.പി.ഐക്കാരുടെ നിലവാരം? എന്തൊക്കെയാണ് അതിന്റെ റിക്വയര്‍മെന്റ്സ്? എത്ര നിലവാരമാണ് സി.പി.ഐക്കാര്‍ക്ക് ഉണ്ടായിരിക്കേണ്ടത്? ഈ പറയുന്ന നിലവാരം ആരാണ് തീരുമാനിക്കുക? ഈ നിലവാരം ഇല്ലാത്ത സി.പി.ഐക്കാര്‍ വല്ലതും പറഞ്ഞുപോയാല്‍ എന്തായിരിക്കും പ്രായശ്ചിത്തം? ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഒരു ചോദ്യംകൂടി പ്രസക്തമാണ്. എന്താണ് ഇത്രയം കല്‍പ്പിക്കാന്‍ താങ്കളുടെ നിലവാരം? ഇത്രയും അധികാര ഭാവത്തില്‍ ഇത്തരമൊരു പൊതുസ്ഥലത്തുവന്ന് ഇമ്മാതിരി ഡയലോഗ് കാച്ചുന്ന സ്ഥിതിക്ക് മാത്രമാണ് ഈ ചോദ്യം. ചോദ്യത്തിന് നിലവാരമില്ല എങ്കില്‍ തീര്‍ച്ചയായും ക്ഷമിച്ചു തരണം. അല്ലാതെ, ബാക്കി ആ ചിത അണഞ്ഞതിന് ശേഷം കാണിച്ചു തരാമെന്ന മട്ടിലുള്ള തമാശകളും കൊണ്ട് ഇനിയും വന്ന് ചിരിപ്പിക്കരുത്.

 8. ഈ അസഹിഷ്ണുതയാവാം സി.കെ.ചന്ദ്രപ്പനെന്ന കമ്യൂണിസ്റ്റിനെ സി.പി.എമ്മിനോട് ചതുര്‍ത്ഥി തോന്നിക്കാന്‍ കാരണം. നെറികേടുകളില്ലാതെ മുന്നോട്ട് പോകാന്‍ സി.പി.എമ്മിന് ചന്ദ്രപ്പന്‍ വഴികാട്ടിയാട്ടുണ്ടെന്ന് അറിയാതെ സമ്മതിക്കുകയാണ് വിമര്‍ശകര്‍. ജന്‍മിത്വകാലത്തെ ഏതാനുവരികളെ പോസ്റ്റുമോര്‍ട്ടം നടത്തുകയും അതുവഴി ചന്ദ്രപ്പനെന്ന കമ്യൂണിസ്റ്റിന്‍െറ നിലവാരം അളക്കുകയും ചെയ്ത മാന്‍പേടകള്‍ മാന്യന്‍മാരാണോ എന്ന സംശയവും ജനിപ്പിക്കുന്നു.
  മരണത്തിലും ചന്ദ്രപ്പന്‍ തങ്ങളുടെ ശത്രുവാണെന്ന് ആവര്‍ത്തിക്കുന്ന ഇവര്‍ നിശ്ചലമായ ദേഹം ഭൂമിയിലേക്കെടുക്കാനിരിക്കെയും കൊലവിളിയാണോ തുടരുന്നത്.
  ചന്ദ്രപ്പന്‍ ഏതോ വാരികക്ക് കൊടുത്ത അഭിമുഖത്തില്‍ തന്‍െറ ബാല്യവും കൗമാരവും യുവത്വവും എല്ലാം വിവരിക്കുന്നുണ്ട്. അതില്‍ നിന്ന് ശത്രപക്ഷത്തിന് ചികഞ്ഞെടുക്കാന്‍ കഴിഞ്ഞത് സര്‍ സി.പിയുടെ പട തറവാട് കൊള്ളചെയ്യും മുമ്പുള്ള ചന്ദ്രപ്പന്‍െറ സ്വത്തുവഹകളാണ്.
  ചന്ദ്രപ്പന്‍ എല്ലാം പറഞ്ഞവസാനിപ്പിച്ചാണ് യാത്രയായത്. സമര തീഷ്ണമായ കനല്‍ വഴികളിലൂടെയുള്ള തന്‍്റെ ജീവിതയാത്ര വെളിവാക്കുന്ന ‘എന്‍്റെ ഇന്നലെകള്‍’ എന്ന ആത്മകഥ പ്രകാശനം ചെയ്യക എന്ന ആഗ്രഹം മാത്രമാണ് ബാക്കി വച്ചത്.
  വലിയ പടിപ്പുരയും മുറ്റവുമുള്ള നാലുകെട്ടിലായിരുന്നു ചന്ദ്രപ്പന്‍്റെ ജനനം. വൈക്കം സത്യാഗ്രഹത്തിന് ശേഷവും സാമൂഹിക അസമത്വം വിളയാടിയിരുന്ന കാലത്ത് പാണാവള്ളി സി.ജി.സദാശിവനാണ് കുമാരപ്പണിക്കരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കൊണ്ടുവന്നത്. അച്ഛന്‍ തൊഴിലാളികളുടെ നേതാവായി വളര്‍ന്നതും സി.കെയുടെ ആത്മകഥയില്‍ ‘ജന്‍മി കമ്മ്യൂണിസ്റ്റാവുന്നു’ എന്ന ഭാഗത്തിലുണ്ട്. പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റായ ‘ജന്‍മി’ കുമാരപ്പണിക്കര്‍ വയലാര്‍ പോരാട്ടം നയിച്ച വയലാര്‍ സ്റ്റാലിനായതും ചരിത്രം.
  വയലാര്‍ സമരം ആരംഭിക്കാനുള്ള നീക്കം സി.പിയുടെ ചാരപ്പോലീസ് മണത്തറിയുകയും വയലാറില്‍ പട്ടാള ഭരണം പ്രഖ്യാപിക്കുകയും ചെയ്തു. നിരോധനാജ്ഞ പുറപ്പെടുവിച്ചുകൊണ്ട് വിമാനത്തിലൂടെ നോട്ടീസ് വിതരണം ചെയ്തതും പട്ടാള വണ്ടികള്‍ തലങ്ങും വിലങ്ങും പാഞ്ഞതുമെല്ലാം സ്കൂളിലേക്ക് പോകുന്ന ചന്ദ്രപ്പനെന്ന കുട്ടിയില്‍ ഉയര്‍ത്തിയ ആശങ്കകള്‍’വിമാനത്തില്‍ നിന്നു വീണ നോട്ടീസ്’ എന്ന അധ്യായത്തിലുണ്ട്.
  തൃപ്പൂണിത്തുറയിലുള്ള തറവാട്ട് വീട്ടിലേക്ക് ഒരു സന്ധ്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.കൃഷ്ണപ്പിള്ള കയറിവന്നതും അത്താഴം കഴിഞ്ഞ് തിരിച്ചുപോയ അദ്ദഹേം പിറ്റന്നേ് പാമ്പുകടിയേറ്റ് മരിച്ചതും നീറുന്ന ഓര്‍മ്മയായി സി.കെ കുറിച്ചിട്ടിരിക്കുന്നു.
  ‘വയലാര്‍ ആക്ഷന്‍ കഴിഞ്ഞ് പട്ടാളത്തിന്‍്റെ വലയത്തില്‍ നിന്നും രക്ഷപ്പെട്ട് തൃപ്പൂണിത്തുറയിലെ വീട്ടിലത്തെിയ അച്ഛനെ ഒരു നിമിഷം മാത്രം കണ്ടു. വന്നപോലത്തെന്നെ ധൃതിയില്‍ അച്ഛന്‍ ഇരുളിലേക്ക് നടന്നകന്നു. കാല്‍പ്പെരുമാറ്റം അകലുമ്പോള്‍ അമ്മ കരയുന്നുണ്ടായിരുന്നു. പിന്നീട് ആറുവര്‍ഷം അച്ഛനെ കണ്ടിട്ടില്ല. കൊച്ചിയിലും മലബാറിലുമായി അദ്ദഹേം ഒളിവുജീവിതത്തിലായിരുന്നു.’ അച്ഛനെക്കുറിച്ചുള്ള ബാലനായ ചന്ദ്രപ്പന്‍്റെ ഓര്‍മ്മയില്‍ പട്ടാള ഭരണത്തിന്‍്റെ ഭീകര നാളുകളും തെളിയുന്നു. അച്ഛനെ തേടിവന്ന പട്ടാളം തറവാട് അടിച്ചു നിരത്തിയതും കൊള്ളയടിച്ചതും പിന്നീട് നാട്ടുകാര്‍ കൊള്ളമുതല്‍ കണ്ടെടുത്ത് തിരികത്തെന്നതുമെല്ലാം അദ്ദഹേം തന്‍്റെ കൊച്ചു കൊച്ചു വാക്കുകളില്‍ കുറിച്ചിട്ടിരിക്കുന്നു. അച്ഛന്‍്റെ അറസ്റ്റും തുടര്‍ന്ന് ജയിലില്‍ നിന്നും മത്സരിച്ച് തിരു-കൊച്ചി നിയമസഭാംഗമായതും ആത്മകഥയെന്നതിലുപരി ചരിത്രത്തിന്‍്റെ കൂടി ഭാഗമാണ്. അച്ഛന്‍്റെ സമരപാത പിന്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലത്തെിയ ചന്ദ്രപ്പന്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ വീട്ടുകാരറിയാതെ ഗോവാ സമരത്തില്‍ പങ്കടെുത്തതും വിമോചനസമരത്തത്തെുടര്‍ന്ന് പഠനം മുടങ്ങിയതും ആത്മകഥയിലെ ആദ്യ ഭാഗത്തിലുണ്ട്.
  വ്യക്തി/രാഷ്ട്രീയം എന്ന രണ്ടാം ഭാഗത്തില്‍ ഗൗരിയമ്മയുമായുള്ള പ്രേമം ടി.വി.തോമസിന്‍്റെ മുഖ്യമന്ത്രി കസേര കളഞ്ഞതും ബുലുറോയ് ചൗധരിയുമായുണ്ടായിരുന്ന തന്‍്റെ പ്രേമവും വിവാഹവും ചന്ദ്രപ്പന്‍ കുറിച്ചു വെച്ചിരിക്കുന്നു.
  പാര്‍ട്ടിയിലെ പിളര്‍പ്പും അതിനാധാരമായ സംഭവങ്ങളുമാണ് മൂന്നാം ഭാഗത്തിലുള്ളത്. കോണ്‍ഗ്രസും ഇടതുപക്ഷവും, ഇടതുപക്ഷത്തിന്‍്റെ മത സമീപനവും തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നു. വയലാര്‍ സമരത്തിന്‍്റെ വിശദാംശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രേഖപ്പെടുത്തി സൂക്ഷിക്കാതിരുന്നത് വലിയ നഷ്ടമായെന്ന വിലയിരുത്തലോടെയാണ് ചന്ദ്രപ്പന്‍ തന്‍്റെ ആത്മകഥ അവസാനിപ്പിക്കുന്നത്. തായാട്ട് പബ്ലിക്കേഷന്‍ സംരംഭമായ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ‘എന്‍്റെ ഇന്നലെകള്‍’ പ്രകാശനം ചെയ്യന്നത് ചന്ദ്രപ്പന്‍്റെ അസുഖം കാരണമാണ് നീണ്ടുപോയത്. ഒരു വ്യക്തിയുടെ ആത്മകഥയെന്നതിലുപരി ഒരു കാലത്തിന്‍്റെ കഥകൂടിയാണ് ‘എന്‍്റെ ഇന്നലെകള്‍’. നിങ്ങളുടെയും കൈകളിലേക്ക് അത് എത്താനിരിക്കുകയാണ്. പ്രിയ സഖാക്കളെ അതിനെയും വിലയിരുത്തി വിമര്‍ശിക്കാം നിങ്ങള്‍ക്ക്. നിങ്ങളുടെ നിലവാരമെന്തെന്ന് വായനക്കാര്‍ തീരുമാനിക്കും.

 9. താങ്കള്‍ ഞങ്ങളുടെ സഖാവായിരുന്നു. സംശുദ്ധ രാഷ്ട്രീയത്തിന് ഉടമകളായിരുന്നവര്‍ അന്യം നിന്നു പോവുകയാണല്ലോ എന്നോര്‍ത്ത് ഞങ്ങള്‍ ദു:ഖിക്കുന്നു. ആദരാഞ്ജലികള്‍!!!!!

 10. കൈക്കരുത് കൊണ്ട് നേടിയെടുക്കേണ്ടതല്ല ആശയ ഔന്നത്യം. ഇത് മനസ്സിലാക്കാന്‍ സി.കെ ചന്ദ്രപ്പനെ മരണശേഷവും വെറുതെ വിടാത്തവര്‍ ഇനിയും സമയം ഏറെയെടുക്കും എന്ന് തിരിച്ചറിയുന്ന പ്രബുദ്ധ കേരളം അവരെ കുറ്റപ്പെടുത്തുന്നില്ല….. സഹതാപം മാത്രമേ അവരോടു നമുക്കുള്ളൂ.

 11. സീ കെ എന്നാ മനുഷ്യന്റെ ജീവിതവും ചരിത്രവും തുറന്ന പുസ്തകം പോലെ ഈ നാടിനു മുന്‍പില്‍ ഉണ്ട്.
  വ്യക്തിപരമായ ഏതെങ്കിലും വിരോധത്തിന്റെ പേരില്‍ ചിലര്‍ വൈരാഗ്യ ബുദ്ടിയോടെ നടത്തുന്ന ആരോപനങ്ങള്‍ക്കപ്പുരം, പത്തറുപതു കൊല്ലം നീണ്ട രാഷ്രീയ ജീവിതത്തിനിടയില്‍, ഏതൊരു സാദാരണ മനുഷ്യനും സംഭവിച്ചു പോകാന്‍ സാദ്യത ഉള്ളതായ ഒരു അപഭ്രംശത്തെ പറ്റിയും പറയുവാന്‍ കഴിയുന്ന ഒന്നും അദ്ദേഹം ബാക്കി വെച്ചിട്ടില്ല.വ്യക്തിപരമായ എന്തെങ്കിലും താല്‍പ്പര്യങ്ങളുടെ അടിസ്താനതരയിലായിരുന്നില്ല അദ്ധേഹത്തിന്റെ അഭിപ്രായങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. ഒരു കംയൂനിസ്ട്ടു കാരന് ഉണ്ടാവേണ്ട സ്വാഭാവികമായ ധിക്കാരം അധെഹതിനുണ്ടായിര്‍ന്ന്നു. തെറ്റിനോട്, അത് ചെയ്യുന്നതാരു തന്നെ ആയാലും മുഖം നോക്കാതെ പ്രതികരിക്കുന്നവന്റെ ധിക്ക്കാരം……….
  സീ പീ എമ്മിനോടും,വ്യക്തിപരമായി പിണറായി വിജയനോടും അധെഹതിനുണ്ടായിരുന്ന വ്യക്തി വിരോധമാണ് അദ്ധേഹത്തിന്റെ അഭിപ്രായങ്ങളുടെ മൂല കാരണമെന്ന് കരുതുവാന്‍ മാത്രമേ ഇപ്പോഴും ഇവര്‍ക്ക് കഴിയുന്ന്നുല്ല്.
  സ്വന്തം പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് പോലും സ്വജനങ്ങള്‍ എന്ന്ന പക്ഷ പാതിത്വതിന്റെ പേരില്‍ ഇളവു കൊടുക്കാന്‍ കഴിയാത്ത സവുഷ്ട്ടതയുടെ മഹത്വം മനസില്ലാക്കാതെ, വിമര്‍ശിക്കാന്‍ ഇറങ്ങുന്നവര്‍ പടച്ചു വിടുന്ന വാദമുഖങ്ങള്‍ എത്രമേല്‍ അപഹാസ്യങ്ങള്‍ ആണെന്ന് കാണേണ്ടതുണ്ട്…… മേര്ക്കിസ്ട്ടന്‍ അഴിമതിക്കേസില്‍, കണ്ണടക്കുകയും ലാവ്ലിന്‍ കേസില്‍ പ്രതികരിക്ക്കുകയും ചെയ്യുകയായിരുന്നു സീ കെ ചന്ദ്രപ്പന്‍ എന്നാണ് വാദം.
  മേര്ക്കിസ്ട്ടന്‍ വിഷയത്തില്‍ കയ്യേറ്റത്തിന്റെ പേരില്‍ പ്രതിപട്ടികയില്‍ നില്‍ക്കുന്ന ഒരു ബിസിനസ്സുകാരന്‍ പ്രതി ഉയര്‍ത്തിയ ആരോപണം ബാലിശവും,ചീട്ടു കൊട്ടാരം പോലെ ദുര്‍ബലവും ആണ്. ബിനോയി വിശ്വം തന്റെ ഭരണാധികാരം ദാനസമാതന മാര്‍ഗമാക്കി മാറ്റി എന്ന്, തലച്ചോറിന്റെ വളര്‍ച്ച കൂടി മസിളിലേക്ക് കിട്ടിയ ഈ പീ ജയരാജനല്ലാതെ, ഒരു രാഷ്ട്രീയ എതിരാളി പോലും ഉന്നയിക്കുകയില്ല.
  ആര്‍ക്കും ആരെ പറ്റിയും ആരോപണങ്ങള്‍ ഉന്നയിക്കാം.
  അത് കേട്ട പാടുടനെ, രാജി വെച്ച് (വേറെ സ്ഥാനം തിരക്കി) പോകാന്‍ ആന്റനിയല്ല സീ പീ ഐക്കാര്‍. ബിനോയി വിശ്വം ഒരു കേസിലും പ്രതിയുമല്ല.
  അത്തരം ഒരാരോപണം അല്ല ലാവ്ലിന്‍. ഗവുരവമുള്ള അത്തരം ഒരാരോപണം രാഷ്ട്രീയമായി ഞങ്ങള്‍ നേരിടും എന്ന് പറയാന്‍ കാട്ടാതിരുന്ന മടി, സാദാരണ ജനങ്ങളുടെ മുന്‍പില്‍ സുതാര്യമല്ലാത്ത ഒരു പരിവേഷം പിണറായി വിജയന് നേടികൊടുക്കുന്നതില്‍ ഒരു വലിയ പങ്കു വഹിച്ചു. ഈ വിഷയത്തെ കൈകാര്യം ചെയ്ത രീതി ശെരിയായില്ല എന്നും, നിയമപരമായി തന്റെ നിരപരടിത്വം തെളിയിക്കുകയാണ് വിശ്വാസ്യത ഉള്ള ഒരു ജന നേതാവ് സ്വീകരിക്കേണ്ട മാര്‍ഗം എന്നാണ് അദ്ദേഹം പറഞ്ഞത്.
  അല്ലാതെ പിണറായി വിജയന്‍ രാഷ്ട്രീയം ഉപേക്ഷിച്ചു വന വാസത്തിനു പോകനമെന്നല്ല.
  ഗവുരവമുള്ള ഒരു രാഷ്ട്രീയ വിഷയത്തെ തികച്ചും ബാലിശമായി കൈകാര്യം ച്ചുയ്യുകയായിരുന്നു സീ പീ എം. മുദ്രാവാക്യങ്ങളും ,പ്രകടനങ്ങളും കൊണ്ട് വിശ്വാസ്യത വീണ്ടെടുക്കാന്‍ കഴിയുമെന്നധാരണ ആണ് ഇപ്പോഴും പുലര്‍ത്തുന്നത്.
  കംയൂനിസ്ട്ടു കാരന്‍ കളങ്ക രഹിതന്‍ ആണെന്ന കാഴ്ചപ്പാടിന് മേല്‍ സംശയത്തിന്റെ നിഴല്‍ പടര്‍ത്താന്‍ ഇത്തരം തീരുമാനങ്ങള്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്‌.
  നേതൃ സ്ഥാനത്തിന്റെ സ്വാദീനം വഴി തങ്ങള്‍ക്കു നേരെ ഉണ്ടായ ആരോപണങ്ങള്‍ മായിച്ചു കലയുന്നവര്‍ അല്ല കംയൂനിസ്ട്ടു കാര്‍ എന്ന കാഴ്ചപ്പാട് നിലനിര്തനമായിരുന്നു.
  ഉള്ളത് പറയുമ്പോള്‍ കള്ളനു തുള്ളല് കേറും എന്ന പഴഞ്ചൊല്ല് ശെരിയാനെന്ന തോനലാണ്, കേസിനെ പ്രകടനം വഴി നേരിട്ട രീതി സമൂഹത്തിനു നല്‍കിയത്.

  പിന്നെ ചന്ദ്രപ്പനെയും, ഈ പറയുന്ന ആളുകളെയും ജനങ്ങള്‍ക്കറിയാം………
  സുതാര്യമായ പ്രവര്‍ത്തനവും വര്‍ത്തമാനവും ഉള്ള ഒരു കംയൂനിസ്ട്ടു കാരനെ ജനം എങ്ങനെ സ്നേഹിക്കുന്നു എന്ന് നേരിട്ട് കണ്ടുകാണും.
  ആ ഇമേജ് മാറ്റാന്‍ ചിതലെടുത്ത തലചോരുള്ള ചില മസില്‍ബെബികളുടെ ആക്രോഷങ്ങല്‍ക്കാവില്ല എന്ന് മനസിലാക്ക്…………

Leave a Reply

Your email address will not be published. Required fields are marked *