sudeep-k-s.jpg

ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…

ജാലിയന്‍ വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത് എങ്ങനെയാണെന്ന് നാം പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കൂടംകുളത്തുനിന്നും അതിനു മുമ്പ് തലശ്ശേരിക്കടുത്ത പെട്ടിപ്പാലത്തുനിന്നും അതിനും കുറച്ചു നാള്‍ മുമ്പ് തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്നുമൊക്കെ നമുക്ക് കിട്ടിയ വാര്‍ത്തകള്‍ പല തോതില്‍ അതേ കിരാതതയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് അത് ബ്രിട്ടീഷ് ഭരണകൂടവും ഇന്ത്യന്‍ സമരക്കാരും തമ്മിലുള്ള വിഷയമായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇന്ത്യന്‍ ഭരണകൂടവും ഒരു വിഭാഗം ഇന്ത്യന്‍ ജനതയും എന്നൊരു വ്യത്യാസമാണുള്ളത്. ഈ രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള അകലം ബ്രിട്ടീഷ് ഭരണകൂടവും അന്നത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമര പോരാളികളും തമ്മില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒട്ടും കുറവല്ല എന്നുവേണം മനസ്സിലാക്കാന്‍-സുദീപ് കെ. എസ് എഴുതുന്നു

 

 

“ഒമ്പത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് അതൊരു അത്ഭുത ദൃശ്യമായിരുന്നു. ഒപ്പം ഭയാനകവും. ഭാരതം ഞെട്ടിവിറച്ചു. ലോകമനസാക്ഷി വിറങ്ങലിച്ചുപോയി. വിശ്വപ്രകൃതി ഒന്നടങ്കം നിശ്ചേതനമായി. 1919 ഏപ്രില്‍ 13, ജാലിയന്‍ വാലാബാഗ് അതൊരു പേരിനേക്കാളും സ്മരണയെക്കാളും അപ്പുറമാണ്. അന്ന് സമയം സായംസന്ധ്യയോടടുക്കുന്ന വേളയില്‍ ഏതാണ്ട് ഇരുപതിനായിരം പേര്‍ ഭാരതജനതയുടെ അന്തസ്സുയര്‍ത്തിപ്പിടിക്കുവാനും മാതൃഭൂമിയുടെ സ്വാതന്ത്യ്രം നേടിയെടുക്കുന്നതിനുമായി അവിടെ ഒത്തുകൂടി. അക്കൂട്ടത്തില്‍ അനേകം കുട്ടികളുണ്ടായിരുന്നു. അമ്മമാരുടെ കൂടെ കൈക്കുഞ്ഞുങ്ങളുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മറന്ന് വന്നുചേര്‍ന്ന വൃദ്ധരുണ്ടായിരുന്നു. ഉപരിയായി ഇന്ത്യന്‍ യുവത്വത്തിന്റെ ഉജ്ജ്വല പ്രതീകങ്ങളായ യുവാക്കളേറെയുണ്ടായിരുന്നു. ആരുടെയും കൈകളില്‍ ആയുധമുണ്ടായിരുന്നില്ല, കാരണം അവര്‍ വന്നത് യുദ്ധത്തിനല്ല..”-ഡോ.ടി.എസ്.ജോയ്, ജാലിയന്‍ വാലാബാഗ്: ഇന്നും നടുക്കുന്ന ഓര്‍മ്മ

 

ജാലിയന്‍ വാലാ ബാഗ്

 

ജാലിയന്‍ വാലാബാഗ് മൈതാനത്ത് തടിച്ചുകൂടിയ ഇരുപതിനായിരത്തോളം പേരെ ബ്രിട്ടീഷ് ഭരണകൂടം നേരിട്ടത് എങ്ങനെയാണെന്ന് നാം പ്രൈമറി ക്ലാസ്സുകളില്‍ പഠിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി കൂടംകുളത്തുനിന്നും അതിനു മുമ്പ് തലശ്ശേരിക്കടുത്ത പെട്ടിപ്പാലത്തുനിന്നും അതിനും കുറച്ചു നാള്‍ മുമ്പ് തിരുവനന്തപുരത്തെ വിളപ്പില്‍ശാലയില്‍ നിന്നുമൊക്കെ നമുക്ക് കിട്ടിയ വാര്‍ത്തകള്‍ പല തോതില്‍ അതേ കിരാതതയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അന്ന് അത് ബ്രിട്ടീഷ് ഭരണകൂടവും ഇന്ത്യന്‍ സമരക്കാരും തമ്മിലുള്ള വിഷയമായിരുന്നുവെങ്കില്‍ ഇന്ന് ഇവിടെ ഇന്ത്യന്‍ ഭരണകൂടവും ഒരു വിഭാഗം ഇന്ത്യന്‍ ജനതയും എന്നൊരു വ്യത്യാസമാണുള്ളത്. ഈ രണ്ട് ഇന്ത്യകള്‍ തമ്മിലുള്ള അകലം ബ്രിട്ടീഷ് ഭരണകൂടവും അന്നത്തെ ഇന്ത്യന്‍ സ്വാതന്ത്യ്രസമര പോരാളികളും തമ്മില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഒട്ടും കുറവല്ല എന്നുവേണം മനസ്സിലാക്കാന്‍.

കുടംകുളം
കൂടംകുളത്ത് ആണവനിലയം ആരംഭിക്കുന്നതിനെതിരെ സമാധാനപരമായി സമരം ചെയ്തുവന്നിരുന്ന ഇടിന്തക്കരൈ, കൂടംകുളം പ്രദേശത്തെ പതിനായിരക്കണക്കിന് പേരെ (മിക്കവാറും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍) വെല്ലുവിളിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു. തമിഴ് നാട് എ ഡി ജി പിയുടെയും മൂന്ന് ഡി ഐ ജിമാരുടെയും നേതൃത്വത്തില്‍ ആറായിരത്തോളം സായുധ പോലീസുകാര്‍ ഇടിന്തക്കരൈ, കൂടംകുളം ഗ്രാമങ്ങള്‍ വളഞ്ഞു. തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ഈ വിഷയത്തില്‍ നാടകീയമായ ഒരു മലക്കം മറിച്ചില്‍ നടത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്. കൂടംകുളത്തേക്കുള്ള എല്ലാ വഴികളും പോലീസ് അടച്ചു.

 

കൂടംകുളം സമരപ്പന്തലിനടുത്ത് കാത്തിരിക്കുന്ന പൊലീസുകാര്‍

 

ഇങ്ങനെയൊക്കെയായിട്ടും ഇരുപതിനായിരത്തോളം നാട്ടുകാര്‍ ഒത്തുകൂടുകയും ഇടിന്തക്കരൈയിലെ സമരപ്പന്തലില്‍ നിരായുധരായി സത്യാഗ്രഹം തുടരുകയും ചെയ്തു. ആ പ്രദേശത്തേക്കുള്ള വെള്ളവും വെളിച്ചവും ഭക്ഷണവും തടഞ്ഞ് ഭരണകൂടം ഇതിനെ നേരിട്ടു. ഇറാഖിലെയോ ഗാസയിലെയോ ഉപരോധങ്ങളെ ഓര്‍മ്മിപ്പിക്കും വണ്ണം. വാര്‍ത്തകള്‍ പുറം ലോകത്തെത്താതിരിക്കാനും അവര്‍ വേണ്ടുന്നതെല്ലാം ചെയ്തു മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തിക്കാതായി, ടെലിവിഷന്‍ ചാനലുകളുടെ ഓ ബി വാനുകള്‍ക്ക് പോലും അനുമതി നിഷേധിച്ചു. ആയുധമേന്തിയ പോലീസുകാര്‍ റോന്തുചുറ്റല്‍ തുടര്‍ന്നു. നാഗര്‍ കോവിലിനടുത്ത് സമരത്തിന് പിന്തുണ നല്‍കുന്നവര്‍ നടത്തുന്ന സ്കൂള്‍ അടിച്ചുതകര്‍ത്തു. സ്കൂള്‍ നടത്തുന്ന സ്ത്രീയുമായി ഒരു ടി വി ചാനല്‍ നടത്തിയ ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്യപ്പെടില്ല എന്നുറപ്പുവരുത്തി.

അതേസമയം ‘നാഷണല്‍’ മീഡിയ അവരുടെ സന്തോഷം മറച്ചുവച്ചില്ല. ഒന്നുരണ്ടുമാസം വൈകിയാണെങ്കിലും റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയതില്‍ അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. തമിഴ് നാട്ടിലാണെങ്കില്‍ ജനങ്ങളെ ആണവനിലയം അത്യാവശ്യമാണെന്ന് വിശ്വസിപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ദിവസം എട്ടും ഒമ്പതും മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തി. സമരക്കാര്‍ക്കെതിരെ ‘ജനവികാരം’ രൂപപ്പെടുത്തുന്നതില്‍ ഇതൊക്കെ ഒരു പരിധിവരെ സഹായിക്കുകയും ചെയ്തു.

അല്ലെങ്കിലും എനിക്കും നിങ്ങള്‍ക്കും ഡല്‍ഹിയിലോ ചെന്നൈയിലോ ഇരിക്കുന്നവര്‍ക്കും ബംഗളൂരുവിലോ ഹൈദരാബാദിലോ ന്യൂയോര്‍ക്കിലോ എ സി മുറികളില്‍ ഇരിക്കുന്നവര്‍ക്കുമൊന്നും ഒരിക്കലും ഒരു ന്യൂക്ലിയര്‍ റിയാക്ടറിനടുത്ത് ജീവിക്കേണ്ടിവരുന്നില്ല എന്നിരിക്കെ അവരുടെ ആധികള്‍ മനസ്സിലാക്കാന്‍ നമുക്കൊരിക്കലും എളുപ്പവുമല്ല. “ആണവനിലയം സുരക്ഷിതമാണെന്ന് അബ്ദുല്‍ കലാം പറഞ്ഞില്ലേ, എന്നിട്ടെന്താ. നമ്മുടെ രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിലയം വരുമ്പോള്‍ വേറെ പണിയൊന്നുമില്ലാത്ത കുറെയെണ്ണം ഇറങ്ങിക്കോളും സമരം ചെയ്യാന്‍” എന്നതായിരുന്നു നമ്മള്‍ “വിദ്യാസമ്പന്ന”രുടെ പൊതുവേയുള്ള നിലപാട്.

അവിടെയാണ് ഇന്ത്യ എന്നത് ഒരു രാജ്യമല്ല എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ഏകത്വത്തിലെ നാനാത്വം പുറത്തുവരുന്നത്.

 

പെട്ടിപ്പാലം സമരത്തിനിടെയുണ്ടായ പൊലീസ് നടപടിയില്‍ പെണ്‍കുട്ടിയെ പൊലീസ് നീക്കുന്നു

 

സ്വന്തം ജനതയോടുള്ള യുദ്ധം
“അങ്ങ് തമിഴ് നാട്ടില്‍” മാത്രമല്ല, വിളപ്പില്‍ ശാലയിലും പെട്ടിപ്പാലത്തും നിങ്ങളുടെ മലം ഞങ്ങളുടെ മേല്‍ കൊണ്ടുതള്ളുന്നത് ഇനിയും സഹിക്കാനാവില്ല എന്നുപറഞ്ഞു സമരം ചെയ്ത സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരെ പോലീസ് കൈകാര്യം ചെയ്ത രീതിയും നഗരങ്ങളിലെ ജനങ്ങള്‍ അതിനോട് പ്രതികരിച്ച രീതിയും എല്ലാം ഇതുതന്നെയാണ് വ്യക്തമാക്കുന്നത്. മൂന്നുനാലുവര്‍ഷം മുമ്പ് ചെങ്ങറയിലും നമ്മള്‍ ഇത് കണ്ടു.

സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ചവരാണ് നക്സലൈറ്റുകളാവുന്നത്, സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസത്തില്‍ നിന്ന് പിന്മാറണം എന്നുപറഞ്ഞ സാക്ഷാല്‍ ശ്രീശ്രീയും ഒരുപക്ഷേ ഇതുതന്നെയായിരിക്കും ഉദ്ദേശിച്ചത്. സര്‍ക്കാര്‍ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലുമൊക്കെ പഠിക്കാന്‍ പോകുന്ന ഈ ദരിദ്രവാസികളെക്കൊണ്ട് രാജ്യത്തിനൊരു ഗുണവുമില്ല എന്ന്. അവര്‍ പഠിച്ചാല്‍ അതിലേറെ അപകടമാണെന്ന്. അല്ലെങ്കില്‍ത്തന്നെ, അവര്‍ നമ്മുടെ ജി ഡി പിയ്ക്ക് എന്താണ് സംഭാവന ചെയ്യുന്നത്? നമ്മള്‍ പാര്‍ക്കുന്ന നഗരങ്ങളില്‍ അവരെ നമുക്ക് വേണം നമ്മുടെ കക്കൂസ് കഴുകാന്‍, തെരുവുകള്‍ വൃത്തിയാക്കി വയ്ക്കാന്‍, വീട്ടുജോലി ചെയ്യാന്‍.. വേണമെങ്കില്‍ അവര്‍ നാവടക്കി പണിയെടുത്ത് അങ്ങനെയൊക്കെ ജീവിച്ചുപോയ്ക്കോട്ടെ. നമ്മള്‍ കൊണ്ടിടുന്ന മാലിന്യങ്ങള്‍ക്കും നമുക്ക് ഐ പി എല്‍ കാണാനും രാത്രികള്‍ അലങ്കരിക്കാനും ആര്‍ഭാടമാക്കാനും വേണ്ടി വൈദ്യുതിയുണ്ടാക്കുന്ന റിയാക്ടറുകള്‍ക്കും അവര്‍ കാവലിരിക്കട്ടെ. ചാവുന്നോര്‍ ചാവട്ടെ. എന്നാലും നമുക്ക് വേണ്ടി പണിയെടുക്കാന്‍ ആളുണ്ടാവും (അല്ലെങ്കില്‍ത്തന്നെ അവര്‍ എത്രയാണ് പെറ്റുകൂട്ടുന്നത്!)

ഇനി ആരെങ്കിലും നമ്മുടെ സുഖജീവിതത്തിനെതിരെ ശബ്ദമുയര്‍ത്തിയാല്‍, അവര്‍ക്കിനിയും സഹിക്കാന്‍ വയ്യാ എന്നലമുറയിട്ടാല്‍, തോക്കുകൊണ്ടും ലാത്തികൊണ്ടും ഉപരോധങ്ങള്‍ കൊണ്ടും നമ്മള്‍ നേരിടും, പെണ്ണുങ്ങളാണോ കുട്ടികളാണോ എന്നൊന്നും നോക്കില്ല. (നിയമം പറഞ്ഞു പേടിപ്പിക്കുന്നോ, കോടതിയുമുണ്ട് നമ്മുടെ കൂടെ. പോലീസിന്റെ സഹായം തേടിയും നമ്മുടെ മാലിന്യം വിളപ്പില്‍ശാലയിലും പെട്ടിപ്പാലത്തും കൊണ്ട് തള്ളണം എന്ന് ഭരണാധികാരികളെ ഓര്‍മ്മിപ്പിക്കാന്‍. വീഴ്ച വരുത്തിയാല്‍ ശകാരിക്കാന്‍.)

കൂടംകുളങ്ങള്‍, ജൈത്താപ്പൂരുകള്‍, ചെങ്ങറകള്‍, വിളപ്പില്‍ശാലകള്‍, ലാലൂരുകള്‍, ഞെളിയന്‍ പറമ്പുകള്‍, പെട്ടിപ്പാലങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ വിവരം കെട്ടവര്‍ അവരുടെ നില മനസ്സിലാക്കി പെരുമാറാന്‍ പഠിക്കുന്നത് വരെ.

 

വിളപ്പില്‍ശാലയിലെ പൊലീസ് നടപടി

 

when you share, you share an opinion
Posted by on Mar 23 2012. Filed under കെ.എസ് സുദീപ്. You can follow any responses to this entry through the RSS 2.0. You can skip to the end and leave a response. Pinging is currently not allowed.

13 Comments for “ജാലിയന്‍ വാലാബാഗ്, കൂടംകുളം, വിളപ്പില്‍ശാല, പെട്ടിപ്പാലം…”

 1. -അല്ലെങ്കിലും എനിക്കും നിങ്ങള്‍ക്കും ഡല്‍ഹിയിലോ ചെന്നൈയിലോ ഇരിക്കുന്നവര്‍ക്കും ബംഗളൂരുവിലോ ഹൈദരാബാദിലോ ന്യൂയോര്‍ക്കിലോ എ സി മുറികളില്‍ ഇരിക്കുന്നവര്‍ക്കുമൊന്നും ഒരിക്കലും ഒരു ന്യൂക്ലിയര്‍ റിയാക്ടറിനടുത്ത് ജീവിക്കേണ്ടിവരുന്നില്ല എന്നിരിക്കെ അവരുടെ ആധികള്‍ മനസ്സിലാക്കാന്‍ നമുക്കൊരിക്കലും എളുപ്പവുമല്ല-

  അന്തപുരതിലിരുന്നു കൊണ്ട് ജനകീയ പ്രതിഷേധങ്ങള്‍ ഇകഴ്തുന്നവര്‍ ..
  ശീതികരിച്ച റൂമുകളില്‍ ഇരുന്നു കൊണ്ട് ജനകീയ സമരങ്ങളെ അപഹസിക്കുന്നവര്‍ ……
  അവര്‍ക്ക് സമരം അപഹാസ്യമാണ്..
  ബാല വേളയാണ്….
  മത തീവ്രവാദമാണ്..
  മാവോയിസമാണ്….

     1 likes

 2. seena

  great article…. congrats sudeep for connecting various issues into a single thread… still people fail to see issues collectively….. :( :(
  hail democracy…. hail development !!!!! God save us from this ‘peace’ n ‘liberty’ !

     1 likes

 3. “ആണവനിലയം സുരക്ഷിതമാണെന്ന് അബ്ദുല്‍ കലാം പറഞ്ഞില്ലേ, എന്നിട്ടെന്താ. നമ്മുടെ രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഒരു നിലയം വരുമ്പോള്‍ വേറെ പണിയൊന്നുമില്ലാത്ത കുറെയെണ്ണം ഇറങ്ങിക്കോളും സമരം ചെയ്യാന്‍” എന്നതായിരുന്നു നമ്മള്‍ “വിദ്യാസമ്പന്ന”രുടെ പൊതുവേയുള്ള നിലപാട്.

  അവിടെയാണ് ഇന്ത്യ എന്നത് ഒരു രാജ്യമല്ല എന്ന് നമ്മള്‍ മനസ്സിലാക്കുന്നത്. ഏകത്വത്തിലെ നാനാത്വം പുറത്തുവരുന്നത്.

  Loved it. great write up.

     3 likes

 4. prasanth

  ഒരു തരത്തിലുള്ള ദീര്‍ഗമായ സമരങ്ങള്‍കും ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ടികള്‍ പിന്തുണ നല്‍കില്ല. അവര്‍ നടത്തുക പ്രഹസനങ്ങള്‍ മാത്രമാണ്. മാധ്യമങ്ങളുടെ പിന്തുണയോടെ,ലാഭ നഷ്ടങ്ങള്‍ കണക്കാക്കി ഒന്നോ രണ്ടോ ചര്‍ച്ചകളില്‍ തീരുന്ന സമരങ്ങള്‍. ഉദാഹരണം അന്ന ഹസരയയൂടെ സമരം. മേല്‍ പറഞ്ഞ എല്ലാ വിഷയങ്ങളെയും ഭരണകൂട ഭീകരത എന്നാ രീതിയില്‍ ഒന്നിച്ചു കാണുന്നതില്‍ തെറ്റില്ല .പക്ഷെ പെട്ടിപാലം,വിളപ്പില്‍ ശാല വിഷയങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്‌ മാഫിയ മുതലെടുപ്പ് നടത്തുന്നു എന്ന് ചില കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളും വ്യവസ്ഥാപിത ഭരണകൂടത്തിനു തെല്ലും സാവകാശം കൊടുക്കാത്ത സമരസമിതിയുടെ നിലപാടുകളും ഇത്തരം സമരങ്ങളെ ദോഷകരമായി ബാധിക്കും.

     1 likes

 5. deepa shaji

  ചൂണ്ടാണി വിരലിലെ ഒരു മഷി പൊട്ടിന്റെ ബലം മാത്രമുള്ളവര്‍ക്കു , ജീ,ഡീ,പീ ക്ക് ഒന്നും സംഭാവന ചെയ്യാത്തവര്ര്‍ക്ക് ഇതൊക്കെ ധാരാളം എന്നു കരുതുന്നവരെ മനസിലാക്കാം,പക്ഷെ അബ്ദുല്‍ കലാം???????

     0 likes

 6. steephengeorge

  Abdul Kalam is speaking for atomic scientists. In 1950-80 the most eminent students were moving to Atomic science in one way or other way in world. What they believed and what they taught, turned to become rubbish in quite few years. And even now they are preaching the same nonsense about atomic security. And they named it environmental friendly energy source. Kerala is going to face, load shedding again under leadership of Aryadan. Within 9 months they made good examples for mismanagement and now asking and searching for new energy sources. Hopefully in near future they may need another Nuclear reactor in Kerala, even though people of Kerala rejected few years back.

     0 likes

 7. ജനനന്മക്കു വേണ്ടി എന്ന നാട്യത്തില്‍ ജനങ്ങളെ പീഡിപ്പിക്കുന്ന പോലീസും ചക്കരക്കുടത്തില്‍ കയ്യിട്ടു വാരുന്ന രാഷ്ട്രീയവും അധ്വാനിച്ചു മാത്രം ജീവിക്കാനും സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കാനും വിധിക്കപ്പെട്ടവരെ മനസ്സിലാവാത്ത നീതിന്യായ വ്യവസ്ഥയും ചേര്‍ന്നാല്‍ ഇവിടെ എന്തെല്ലാം അതിക്രമാങ്ങലാണ് നടത്താന്‍ വിഷമം ഉള്ളത്?!!

     3 likes

 8. mohan pee cee

  ayyo

     0 likes

 9. mohan pee cee

  ഇതേ കാര്യങ്ങളാണ് തൃശൂര്‍ ജില്ലയില്‍ പലിഎക്കരയില് ടോളിനെതിരെ നടക്കുന്ന സമരത്തെ നേരിടുന്നതിനു സര്‍കാര്‍ ചെയ്യുന്നത്.പൊതുവഴിയിലൂടെ സഞ്ചരിക്കാന്‍ ഒരു കുതകക്കംപനിക്ക് കപ്പം കൊടുത്തെ പറ്റൂ എന്ന് നമ്മുടെ ഭരണകൂടം നിര്‍ബന്ധിക്കുകയും എതിര്‍പ്പിനെ പോലീസെ ഭീകരതായാല്‍ അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു.ജനങ്ങള്‍
  തിരെഞ്ഞെടുത്ത സര്‍ക്കാര്‍ കുത്തകകളുടെ സംരക്സകരും നടത്തിപ്പുകാരും ആകുന്ന അവസ്ഥ.തുരന്നുകാടലുകള്‍ക്കും പ്രധിശേധങ്ങള്‍ക്കും ഏറെ പ്രസക്തിയുള്ള ഈ കാലത്ത്സു ദീപിന്റെ വാക്കുകള്‍ ശ്രദ്ധിക്കപ്പെടണം
  പീസീയം

     3 likes

 10. mohan pee cee

  വരിക പലയാക്കരയില്‍ എത്തീടുക
  അവിടെ സത്ത്യഗ്രഹപ്പന്തലെരുക
  സകടധാരികള്‍ കപ്പം കൊടുക്കുന്ന
  വികടധര്സനത്തലംപരക്കുക
  പിരിവിനായ്‌ നീണ്ടിടുന്ന കരങ്ങളില്‍
  ചകിതമാനസര്‍ തര്പ്പിപ്പ് നോട്ടുകള്‍
  അരികെ നില്‍ക്കുന്നതയുധ ധരിയം
  നിയമപാലകന്‍ പോലീസുടംപുരന്‍

     1 likes

 11. Ramjith satheesan

  നമുക്കുവേണ്ടി നമ്മള്‍ മാത്രമേ ഉള്ളു പ്രതികരിക്കാന്‍…,….നമ്മള്‍ നമുക്കായി തിരഞ്ഞെടുത്തവര്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ വെറും പ്രഹസനങ്ങള്‍…………,……….വിളപ്പില്‍ശാല വീണ്ടുമൊരു ഉദാഹരണം……

     1 likes

 12. സ്മിത മീനാക്ഷി

  നാം ജീവിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിലാണെന്ന നുണ ഇനിയും വിശ്വസിക്കാന്‍ കഴിയുമോ?
  നന്നായി എഴുതിയിരിക്കുന്നു സുദീപ് .

     1 likes

 13. “കഴിഞ്ഞ ദിവസം വന്‍ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങുകയായിരുന്നു..” –> there is a factual error in that statement, it was based on the Government propaganda that the reactor went operational that day.

  Here is the latest, from Wikipedia: “Unit I, which is also India’s first 1,000MW pressurised water reactor, attained criticality on 13 July 2013 at 11.05pm IST, after the “Boron dilution process” allowed neutron concentration to go up and begin nuclear fission, generating heat. The plant was commissioned six years after the scheduled date. It is expected to begin power generation before the end of August 2013.”

     0 likes

Leave a Reply

Enable Google Transliteration.(To type in English, press Ctrl+g)

Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders,Kerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offersKerala, culture, movies, art, entertainment, real estate, tour and travels, medicines, medical tourism, kerala builders, kerala properties, india online business, india shoping, india offers kerala properties, india online business, india shoping, india offers