അവര്‍ എങ്ങിനെ കേരളത്തെ വായിച്ചു?

കേരളം ഇനിയുള്ള കുറേക്കാലത്തേക്ക് എന്തായിരിക്കും ചര്‍ച്ച ചെയ്യുക, എന്തുമായിട്ടായിരിക്കും ഏറ്റുമുട്ടുക എന്ന് കണ്ടെത്തുകയായിരുന്നു നമ്മുടെ പ്രധാനപ്പെട്ട മൂന്ന് ചലച്ചിത്ര സംവിധായകര്‍. ജോണും അടൂരും അരവിന്ദനും മറ്റാര്‍ക്കും സാധ്യമാകാത്ത വിധം കേരളത്തിന്റെ രാഷ്ട്രീയ സിരാപടലത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ മൂന്നു സിനിമകളും ഒരര്‍ഥത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിനു നേരെയാണ് വിരല്‍ ചൂണ്ടിയത്. അതിനാല്‍ തന്നെ വ്യവസ്ഥാപിത ഇടതു ഭാരത്താല്‍ മുതുകു വളഞ്ഞ സിനിമാ നിരൂപകരും പ്രേക്ഷക സമൂഹവും ഈ സിനിമകളെ തങ്ങള്‍ക്കാവും വിധം തള്ളിക്കളയുകയും ചെയ്തു-ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മുഖാമുഖം’, ജി അരവിന്ദന്റെ ഒരിടത്ത്’ എന്നീ ചിത്രങ്ങളുടെ വ്യത്യസ്തമായ വായന. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ വി.മുസഫര്‍ അഹമ്മദ് എഴുതുന്നു

 

 

ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ നല്ല സിനിമയല്ലെന്ന് വാദിക്കുന്നവര്‍ പോലും അതിലെ വിഖ്യാതമായ ആല്‍ബം-കുറത്തി മൊണ്ടാഷ് അതി ഗംഭീരമായിരിക്കുന്നു എന്ന് തലകുലുക്കി സമ്മതിക്കുന്നതിന് പലപ്പോഴും സാക്ഷിയായിട്ടുണ്ട്. ഒഡേസയുടെ ‘അമ്മ അറിയാന്‍’ പ്രദര്‍ശനങ്ങള്‍ക്കു ശേഷം നടക്കാറുണ്ടായിരുന്ന അനൌപചാരിക ചര്‍ച്ചകളിലും ഈ രംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലരും എടുത്ത് പറഞ്ഞിരുന്നതും ഓര്‍ക്കുന്നു.

വി. മുസഫര്‍ അഹമ്മദ്


‘അമ്മ അറിയാന്‍’ന്റെ ആദ്യ പ്രദര്‍ശനങ്ങളിലൊന്ന് പെരിന്തല്‍മണ്ണ സംഗീത തിയേറ്ററില്‍ കഴിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ പലരും കൂട്ടം കൂടി നിന്ന് നടത്തിയ ചര്‍ച്ചകളിലും ഈ രംഗം പ്രധാനമായി കടന്നു വന്നിരുന്നു. (പലരും സിനിമ നന്നായില്ലെന്ന് സങ്കടപ്പെട്ടു) പ്രദര്‍ശനത്തില്‍ നിന്ന് പിരിഞ്ഞു കിട്ടിയ പണം തീയേറ്ററിനോട് ചേര്‍ന്ന കെട്ടിടത്തിലെ രവിയേട്ടന്റെ ടൈലര്‍ പീടികയില്‍ എണ്ണിത്തിട്ടപ്പെടുത്തുമ്പോള്‍ അവിടെ എത്തിച്ചേര്‍ന്ന ജോണ്‍ എബ്രഹാമിനോടും കൂട്ടത്തിലൊരാള്‍ ഈ രംഗത്തിന്റെ അസാധാരണത്വത്തെക്കുറിച്ച് പറഞ്ഞു. ചലച്ചിത്രകാരന്‍ അതിനോട് അപ്പോള്‍ പ്രതികരിച്ചില്ല. ഒരു മുഴുനീള സിനിമയെ ഒരു രംഗം മാത്രമായി വെട്ടിച്ചുരുക്കുകയാണ് കേരളത്തിലെ ബുദ്ധിജീവികളെന്ന് അദ്ദേഹം പിന്നീട് തന്റെ സുഹൃത്തുക്കളോട് പറഞ്ഞതായി കേട്ടിട്ടുണ്ട്.

അമ്മ അറിയാന്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ആ സിനിമയെ നിങ്ങള്‍ ഇപ്പോള്‍ എങ്ങിനെ ഓര്‍ത്തെടുക്കുന്നു എന്ന് ഈ കുറിപ്പ് എഴുതുന്നതിന് മുമ്പ് പലരോടും ചോദിച്ചിരുന്നു. എല്ലാവരുടേയും പ്രതികരണങ്ങളുടെ സത്ത ചിത്രത്തിലെ ആല്‍ബം-കുറത്തി മൊണ്ടാഷിനെച്ചുറ്റിപ്പറ്റിയായിരുന്നു. ഒരു സിനിമയെ അത്തരത്തില്‍ ഒരു രംഗമാക്കി ചുരുക്കുന്ന പ്രവണത ശരിയാണോ എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരത്തിന്റെ രത്നച്ചുരുക്കം ഇതാണ് -ആ രംഗം മാത്രമായി ആ സിനിമ ചുരുങ്ങുകയല്ലെന്നും അതിലൂടെയാണ് ആ സിനിമ വികസിച്ച് പോകുന്നത് എന്നുമായിരുന്നു- മൂലക്കല്ല് പോലെ, അച്ചുതണ്ടു പോലെ, ഭ്രമണ പഥം പോലെ, ഈ രംഗം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങളുടെ കാതലായി ബോധ്യപ്പെട്ടത്.

 

ജോണ്‍ എബ്രഹാം

 

വിക്ടര്‍ ഹ്യൂഗോയുടെ പാവങ്ങള്‍ വായിച്ച ഒരാള്‍ മെത്രാന്‍ ജീന്‍വാന്‍ജീലിനോട് ഈ വെള്ളി മെഴുകുതിരിക്കാലുകള്‍ കൂടി എന്തേ കൊണ്ടു പോകാഞ്ഞത് എന്ന് ചോദിക്കുന്ന രംഗം മാത്രം ഓര്‍ക്കുന്നുവെന്ന് വിചാരിക്കുക. രാത്രി ഭക്ഷണം കൊടുത്ത് ജീന്‍വാല്‍ജീന് ഉറങ്ങാന്‍ കിടക്ക വിരിച്ചു കൊടുന്നിരുന്നു മെത്രാന്‍. രാത്രി അവിടെ നിന്ന് വെള്ളപ്പാത്രങ്ങളും മോഷ്ടിച്ച് കടന്ന ജീന്‍വാല്‍ജീനെ പോലീസ് തൊണ്ടി സഹിതം പിടിച്ച് കൊണ്ടു വന്ന് മെത്രാന് മുന്നില്‍ ഹാജരാക്കുമ്പോള്‍ ജീന്‍വാല്‍ജീനെ രക്ഷിക്കാന്‍ വേണ്ടി ‘ഞാന്‍ നിനക്ക് തന്നെ മെഴുകുതിരിക്കാലുകള്‍ എന്തു കൊണ്ടു എടുത്തില്ലെ’ന്ന് മെത്രാന്‍ ചോദിക്കുന്നത്. ആ മെഴുകുതിരിക്കാലുകള്‍ മാത്രം ഓര്‍ക്കുന്ന വായനക്കാരന്‍ സത്യത്തില്‍ പാവങ്ങള്‍ മുഴുവനായും ഓര്‍ത്തിരിക്കുന്ന ഒരാളാണ്. വെള്ളി മെഴുകുതിരിക്കാലുകളാണ് അയാളെ സംബന്ധിച്ച് പാവങ്ങള്‍ എന്ന വിശ്രുത രചനയുടെ ആണിക്കല്ല്. ഞാന്‍ ആ മെഴുകുതിരിക്കാലുകള്‍ മാത്രം ഓര്‍ക്കുന്നയാളാണെന്ന് അയാള്‍ ഭാവിച്ചേക്കും. പക്ഷെ വസ്തുത അതല്ല.

ബഷീറിന്റെ ‘ഹൂ വാണ്ട്സ് ഫ്രീഡം’ എന്ന ഒറ്റ വരി മാത്രം ഓര്‍ത്തിരിക്കുന്നതു പോലെ പെരുമാറുന്ന ഒരാള്‍ ബഷീര്‍ സാഹിത്യം മുഴുവനായും ആസ്വദിക്കുകയും ഓര്‍മിക്കുകയും ചെയ്യുന്നയാളാണ്. ആ ചോദ്യമാണ് ബഷീര്‍ സാഹിത്യത്തിന്റെ ആണിക്കല്ല്. കൈനോക്കി കുറത്തി ഫലം പറഞ്ഞു കൊണ്ടിരിക്കെ ലോക ചരിത്രത്തിലെ മനുഷ്യാധമത്വത്തത്തിന്റെ നിരവധി ഏടുകള്‍ നിറഞ്ഞ ആല്‍ബം മറിച്ചു നോക്കുന്ന ചെറുപ്പക്കാരനെയാണ് അമ്മ അറിയാന്‍ന്റെ ആണിക്കല്ല് രംഗത്ത് നാം കാണുന്നത്. ഹിറ്റ്ലര്‍, ലോകയുദ്ധങ്ങള്‍ തുടങ്ങി നെല്ലി കൂട്ടിക്കൊല വരെയുള്ള ചരിത്രത്തിലെ ഭീതിദമായ നിരവധി മുഹൂര്‍ത്തങ്ങളുടെ ഫോട്ടോഗ്രാഫുകളാണ് ചെറുപ്പക്കാരന്‍ മറിച്ചു നോക്കുന്ന ആല്‍ബത്തിലുള്ളത്. മൌനത്തിലാണ്ട ചെറുപ്പക്കാരന്‍ ആല്‍ബത്തിലെ ഓരോ പേജുകളും മറിച്ചു നോക്കുമ്പോള്‍ സൌണ്ട് ട്രാക്കില്‍ കുറത്തിയുടെ കൈനോട്ട പ്രവചനങ്ങള്‍ നിറയുന്നു.

 

അമ്മ അറിയാനിലെ രംഗം

 

കേരളത്തിലെ ഇടത്, റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍ ആള്‍ദൈവ വിശ്വാസങ്ങളുടേയും ആത്മീയതയില്ലാത്ത ഭക്തിയുടേയും കവലയില്‍ എത്തിയ ആദ്യ ബസ്സില്‍ വന്നിറങ്ങിത്തുടങ്ങിയ എണ്‍പതുകളുടെ അപരാഹ്നത്തിലാണ് (1986) ജോണ്‍ എബ്രഹാം അമ്മ അറിയാനുമായി വരുന്നത്. കൈനോട്ടക്കാര്‍ ഒരു നിലക്ക് നിരുപദ്രവകാരികളും നാട്ടുജീവിതത്തിലെ നിഷ്കളങ്ക ഘടകവും മാത്രമായിരുന്നു. എന്നാല്‍ അവര്‍ വിരിച്ച പാതകളിലൂടെ ആള്‍ദൈവങ്ങളും സംഘടിത മത സംഘടനകളും നടന്നു കയറി.

അമ്മ അറിയാന്‍ കാലത്ത് ഈ പ്രവണതകള്‍ പതുക്കെ പതുക്കെ പുഷ്ടിപ്പെട്ടു തുടങ്ങിയിരുന്നു. കേരളത്തില്‍ സജീവമാണ് എന്ന് ധരിച്ചിരുന്ന ഇടതു ധാര സാവധാനം മാഞ്ഞു പോവുന്ന സന്ദര്‍ഭത്തെയാണ് ജോണ്‍ അമ്മ അറിയാനില്‍ പ്രതിനിധാനം ചെയ്യുന്നത്. ഹരിയുടെ മൃതദേഹം തിരിച്ചറിയാന്‍ നടത്തുന്ന യാത്ര, നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉള്‍പുറങ്ങള്‍ എന്നിങ്ങനെയുള്ള സിനിമയിലെ കേന്ദ്ര ആശയത്തെ അമ്മ അറിയാന്‍ ചിത്രീകരിച്ച കാലത്ത് നിന്ന് പരിശോധിക്കാനാണ് ജോണ്‍ ശ്രമിച്ചത്. ഇന്നും ആ രംഗം സിനിമ കണ്ടവരുടെ മനസ്സില്‍ നിന്നും മാഞ്ഞു പോകുന്നില്ലെങ്കില്‍ കേരളീയ ജീവിതം അതേ കവലയില്‍ പെട്ട് നട്ടം തിരിയുകയാണെന്ന് തന്നെ വേണം മനസ്സിലാക്കാന്‍. ആ നട്ടം തിരിച്ചിലിനെ, മലയാളിയുടെ യഥാര്‍ഥ പ്രശ്നത്തെ അമ്മ അറിയാന്‍ അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് ആ ചിത്രം ഇന്ന് കണ്ടാലും നിസ്സംശയം തോന്നും. അതാണ് കലയുടെ പ്രസക്തി. അമ്മ അറിയാന്റേയും.

 

അടൂര്‍ ഗോപാലകൃഷ്ണന്‍

 

2
‘അമ്മ അറിയാന്‍’, അടൂര്‍ ഗോപാലകൃഷ്ണന്റെ ‘മുഖാമുഖം’ എന്നീ സിനിമകളെ താരതമ്യപ്പെടുത്തി വി.സി. ഹാരിസ് 1989 സപ്തംബര്‍ ലക്കത്തിലെ ഡീപ് ഫോക്കസില്‍ ലേഖനമെഴുതിയിരുന്നു. അതിന്റെ തുടക്കം ഇങ്ങിനെയാണ്-“ഈ രണ്ടു ചിത്രങ്ങളും താരതമ്യപ്പെടുത്തുമ്പോള്‍ ഒരാളുടെ ശ്രദ്ധയില്‍ ആദ്യം വരിക ഇവ തമ്മില്‍ ഒരു സാമ്യവുമില്ലെന്നതാണ്”-

കലയും രാഷ്ട്രീയവും എന്ന വിഷയത്തെച്ചൊല്ലി കേരളത്തില്‍ അന്ന് നടന്നുകൊണ്ടിരുന്ന ചര്‍ച്ചയുടെ അന്തരീക്ഷത്തിലേക്കാണ് ഈ ലേഖനം വന്നു വീഴുന്നത്. 1984ലാണ് മുഖാമുഖം പുറത്തു വരുന്നത്. അമ്മ അറിയാന് രണ്ടു വര്‍ഷം മുമ്പ്. മുഖാമുഖത്തെ കേരളത്തിലെ എല്ലാ തരത്തിലും തലത്തിലും പെട്ട ഇടതു പക്ഷക്കാര്‍ ആക്രമിക്കുകയുണ്ടായി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജനിച്ചു വീണതേ കമ്യൂണിസ്റ് വിരുദ്ധനായാണെന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മുഖാമുഖത്തിലും ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു രംഗമുണ്ട്. സിനിമയിലെ നായകന്‍ (ഒരിക്കല്‍ അദ്ദേഹം തീപ്പൊരി കമ്യൂണിസ്റ് നേതാവായിരുന്നു, പിന്നീട് മദ്യ അടിമയായി) വീട്ടു വരാന്തയുടെ തറയില്‍ ഇരിക്കുമ്പോള്‍ സഖാക്കളും സമീപവാസികളും അദ്ദേഹത്തെ നോക്കി നില്‍ക്കുന്ന രംഗം. ഇടത്റാഡിക്കല്‍ പ്രസ്ഥാനങ്ങളുടെ അപചയത്തിലേക്കും ആ പ്രസ്ഥാനങ്ങളില്‍ അപ്പോഴും തിളങ്ങി നിന്ന പ്രതീക്ഷകളിലേക്കുമുള്ള നോട്ടമായിരുന്നു ആ രംഗത്തിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇന്ന് കേരളം മദ്യക്കടലായി മാറിയിരിക്കുന്നു. ഇടത്റാഡിക്കല്‍ പ്രസ്ഥാനങ്ങള്‍ അപചയപ്പെടുന്നിടത്ത് മദ്യക്കുപ്പികള്‍ നിറഞ്ഞ മേശകള്‍ പ്രത്യക്ഷപ്പെടുമെന്ന മുന്നറിയിപ്പ് മുഖാമുഖത്തില്‍ ഉണ്ടായിരുന്നു. ആ മുന്നറിയിപ്പിനെ പാടെ അവഗണിച്ച് കമ്യൂണിസ്റ് വിരുദ്ധത എന്ന ചക്രായുധത്തെ കൂട്ടിപ്പിടിച്ച് മുഖാമുഖം ആക്രമിക്കപ്പെടുകയായിരുന്നു.

 

മുഖാമുഖത്തിലെ രംഗം

 

മറ്റൊരര്‍ഥത്തില്‍, പുറത്തിറങ്ങിയ സമയത്ത് അരാഷ്ട്രീയ സിനിമ എന്ന് വിളിക്കപ്പെട്ട ഒരു രചനയെ 27 വര്‍ഷത്തിനു ശേഷം രാഷ്ട്രീയ സിനിമയാക്കി രൂപാന്തരപ്പെടുത്തും വിധം കേരളീയ സമൂഹം മാറുകയായിരുന്നു എന്നും പറയാം. മുഖാമുഖത്തെ രാഷ്ട്രീയ സിനിമയാക്കി മാറ്റിയത് അതിറങ്ങിയ നാളില്‍ അതിനെ ശക്തമായി എതിര്‍ത്തവര്‍ തന്നെയാണ് എന്നത് വിരോധാഭാസമാണെങ്കിലും യാഥാര്‍ഥ്യമാണ്. അങ്ങിനെയെങ്കില്‍ അമ്മ അറിയാന്‍ രാഷ്ട്രീയ സിനിമയാണെങ്കില്‍ മുഖാമുഖവും രാഷ്ട്രീയ സിനിമയായിത്തന്നെ ചരിത്രത്തില്‍ അവശേഷിക്കും. ജോണ്‍ അവതരിപ്പിച്ച ഇടത് റാഡിക്കല്‍ പ്രസ്ഥാനങ്ങളും കുറത്തിയും വന്നു ചേര്‍ന്ന നിന്ന കവല കുറച്ചു കാലത്തിന് ശേഷം വന്നെത്തിയത് മദ്യ കേരളം എന്ന മെട്രോ നഗരത്തിലാണ്. ഇക്കാര്യം അമ്മ അറിയാന്‍ നിര്‍മിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് അടൂര്‍ നിരീക്ഷിച്ചു, രേഖപ്പെടുത്തി, മുഖാമുഖം എന്ന സിനിമ നിര്‍മിച്ചു.

അരവിന്ദന്‍ ‘ഒരിടത്ത്’ ചെയ്യുന്നത് 1987ലാണ്. ഒരു ഗ്രാമത്തില്‍ വൈദ്യുതി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ചില മുറുമുറുപ്പുകള്‍ ഉയരുന്നുണ്ടെങ്കിലും വെളിച്ചത്തിന്റെ വരവിനെ ആ ഗ്രാമം ആഘോഷിക്കുന്നുണ്ട്. സിനിമ അവസാനിക്കുന്നത് നടന്‍ വിനീത് അവതരിപ്പിക്കുന്ന കൌമാരപ്രായക്കാരന്റെ ഷോക്കേറ്റുള്ള മരണത്തോടെയാണ്. മനുഷ്യന് ഗുണകരമാകാത്ത വിധം വികസന പ്രവര്‍ത്തനങ്ങള്‍ മാറുന്നുവെന്ന വിമര്‍ശനം പതുക്കെ ശക്തി പ്രാപിച്ചു വരുന്ന കാലത്താണ് അരവിന്ദന്‍ ഈ സിനിമയുമായി രംഗത്തു വരുന്നത്.

 

ജി അരവിന്ദന്‍

 

ഈ കുറിപ്പില്‍ പറഞ്ഞ ‘മുഖാമുഖ’ത്തിലെ, ‘അമ്മ അറിയാനി’ലെ, ‘ഒരിട’ത്തിലെ രംഗങ്ങള്‍ ഒരു സ്വീക്വന്‍സായി വെച്ചു നോക്കൂ. മൂന്ന് സിനിമകളിലേയും രംഗങ്ങള്‍ ഉപയോഗിച്ചുള്ള മൊണ്ടാഷ്. ഇടതു ആല്‍ക്കഹോളിസം, റാഡിക്കല്‍ ലെഫ്റ്റിന്റെ തകര്‍ച്ചയും ആള്‍ദൈവങ്ങളിലേക്കുള്ള വളര്‍ച്ചയും, മനുഷ്യനെ ജീവിക്കാന്‍ അനുവദിക്കാത്ത വികസന നയങ്ങള്‍ ഈ പ്രശ്നങ്ങളുടെ ആവര്‍ത്തിക്കപ്പെടുന്ന കേരളീയ ജീവിതങ്ങളെ ആ സ്വീക്വന്‍സ് ഓര്‍മിപ്പിക്കും.

വിവിധ കമ്യൂണിസ്റ് പാര്‍ട്ടികള്‍ കശക്കിയെറിഞ്ഞ നിരവധി കുഞ്ഞയ്യപ്പന്‍മാരെ (എം.സുകുമാരന്റെ ശേഷക്രിയയിലെ നായകന്‍) ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം കാണാനാകുന്നു. അവരുടെ ആദ്യ രൂപങ്ങളില്‍ ഒരാളെയാണ് മദ്യക്കുപ്പിയുമായി മുഖാമുഖത്തില്‍ നാം കാണുന്നത്. അമ്മ അറിയാനിലെ ആല്‍ബം നമുക്ക് കാണിച്ച് തരുന്നത് മനുഷ്യ അധമത്വത്തിന്റെ ഞെട്ടിക്കുന്ന കാഴ്ച്ചകളാണ്. പല രൂപത്തില്‍ അത്തരം സംഭവങ്ങള്‍ നമുക്ക് ചുറ്റും കാണുന്നു. മനുഷ്യ വിരുദ്ധ വികനസനം മൂലം തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന മനുഷ്യര്‍ ഇന്ന് ഒരു വാര്‍ത്തയോ വിഷയമോ അല്ലാതായി. ഒരിടത്തിലെ ഷോക്കേറ്റ് മരിച്ചുപോയ കഥാപാത്രം വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെട്ടവരുടെ തുടക്കക്കാരനയല്ലേ കാണിക്കുന്നത്?

 

ഒരിടത്തിലെ രംഗം

 

കാല്‍ നൂറ്റാണ്ടു കാലത്തിലധികമായി കേരളം ഈ മൂന്നു പ്രശ്നങ്ങളെ നേരിടുന്നു. ശരിയുത്തരം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പലപ്പോഴും ഈ പ്രശ്നങ്ങളില്‍ നിന്നും ഓടി രക്ഷപ്പെട്ട് മറ്റെന്തോ കാര്യമായി പണിയുണ്ടെന്ന മട്ടില്‍ അഭിനയിക്കുന്നു.

പക്ഷെ നമ്മുടെ പ്രധാനപ്പെട്ട മൂന്ന് ചലച്ചിത്ര സംവിധായകര്‍ കേരളം ഇനിയുള്ള കുറേക്കാലത്തേക്ക് എന്തായിരിക്കും ചര്‍ച്ച ചെയ്യുക, എന്തുമായിട്ടായിരിക്കും ഏറ്റുമുട്ടുക എന്ന് കണ്ടെത്തുകയായിരുന്നു. ജോണും അടൂരും അരവിന്ദനും മറ്റാര്‍ക്കും സാധ്യമാകാത്ത വിധം കേരളത്തിന്റെ രാഷ്ട്രീയ സിരാപടലത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഈ മൂന്നു സിനിമകളും ഒരര്‍ഥത്തില്‍ വ്യവസ്ഥാപിത ഇടതുപക്ഷത്തിനു നേരെയാണ് വിരല്‍ ചൂണ്ടിയത്. അതിനാല്‍ തന്നെ വ്യവസ്ഥാപിത ഇടതു ഭാരത്താല്‍ മുതുകു വളഞ്ഞ സിനിമാ നിരൂപകരും പ്രേക്ഷക സമൂഹവും ഈ സിനിമകളെ തങ്ങള്‍ക്കാവും വിധം തള്ളിക്കളയുകയും ചെയ്തു.

അടൂരിന്റെ നല്ല ചിത്രമല്ല മുഖാമുഖം, ജോണിന്റെ നല്ല സിനിമ അമ്മ അറിയാനല്ല, അരവിന്ദന്‍ സിനിമയുടെ ഒരു ഗുണവും ഒരിടത്തിലില്ല എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും നിരീക്ഷണങ്ങളുമൊക്ക വന്നിട്ടുണ്ട്. ചല ചര്‍ച്ചകളിലും ഇത്തരത്തിലുള്ള വാദതഗിതകള്‍ പൊന്തി വന്നിട്ടുമുണ്ട്.
എന്നിട്ടും ഈ സിനിമകളിലെ മേല്‍ പറഞ്ഞ രംഗങ്ങള്‍ നമ്മെ വിടാതെ പിന്തുടരുന്നതിന്റെ രഹസ്യം എന്തായിരിക്കും. അത് അത്രമേല്‍ സത്യമാണ് എന്നതിനാലായിരിക്കുമോ? അതല്ലേ കലയുടെ രഹസ്യം.!

3 thoughts on “അവര്‍ എങ്ങിനെ കേരളത്തെ വായിച്ചു?

    • ” വ്യവസ്ഥാപിത ഇടതു ഭാരത്താല്‍ മുതുകു വളഞ്ഞ സിനിമാ നിരൂപകരും പ്രേക്ഷക സമൂഹവും” ..നിഷ്പക്ഷമായി ചിന്തിക്കാന്‍ ശ്രമിക്കുന്ന ഒരു ഇടതുപക്ഷ സഹയാത്രികന്…വന്നു വന്നു സ്വന്തം പക്ഷം തന്നെ ഒരു മാറാപ്പായി മാറുന്നുവോ….????? ആ മൂന്നു സിനിമകളും വളരെ കാലിക പ്രസക്തിയുള്ളവയായിരുന്നു…

  1. അടൂര്‍ , അരവിന്ദന്‍ ഇവരുടെ സിനിമകള്‍ കാണുവാന്‍ ഉള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്…അനന്തരം എന്ന സിനിമ മൂന്ന്വട്ടം കണ്ടു എങ്കിലും അതിലെ ചില രംഗങ്ങള്‍ മനസ്സിലായില്ല..കാഞ്ചന സീത കാണുവാന്‍ ശ്രമിച്ചു..അടൂര്‍ സിനിമകള്‍ കുറെ ലളിതം ആയിട്ടുണ്ട്‌..ബുദ്ധിജീവി ജാഡ ഉള്ള സിനിമകള്‍ എങ്ങനെ ആണ് പ്രേക്ഷകനും ആയി ശരിക്കും സംവദിക്കുന്നത്…കഥകളിയും ഓട്ടന്‍ തുള്ളലും പോലെ ആണ്..ഇത്തരം സിനിമകള്‍…കഥകളി കാണുവാന്‍ മുദ്രകളെ കുറിച്ചും, കഥയെ കുറിച്ചും ഒകെ നല്ല അറിവ് വേണം..എന്നാല്‍ ഓട്ടന്‍ തുള്ളല്‍ അങ്ങനെ അല്ല…അത് കാണിയും ആയി ശരിക്കും സംവദിക്കുന്നു..സമൂഹത്തിലെ തിന്മകളെ പരിഹസിക്കുന്നു…തൃശൂര്‍ രാഗത്തില്‍ വിധേയന്‍ സിനിമ കാണുവാന്‍ പോയ എനിക്ക് ശരിക്കും സിനിമ ആസ്വദിക്കാന്‍ പറ്റിയില്ല…ഇത് ഏതോ മമ്മുട്ടി അടി പൊളി പടം ആണ് എന്ന് കരുതി കയറിയ ആളുകളുടെ ബഹളവും അനാവശ്യം ആയ കമന്റ്‌ കളും…എന്ന് കരുതി ജനത്തിന് ഇഷ്ടം ഉള്ള രീതിയില്‍ കൃത്യം ആയ രീതിയില്‍ മസാല പൊടി ചേര്‍ത്ത് സാമ്പാര്‍ പൊടി ഉണ്ടാക്കും പോലെ ഉള്ള സിനിമ ഉണ്ടാക്കണം എന്നില്ല…എന്നാല്‍ തന്റെ സിനിമ മനസ്സിലാക്കാന്‍ കാഴ്ചക്കാരന്‍ ഏറെ ബുദ്ധിമുട്ടണം എന്ന വാശി സംവിധായകന്‍ ഉപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *