ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ശബ്ദായമാനമായ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍ പലരും ഒരു ശബ്ദം മാത്രം ആയിത്തീരുന്നു. വേഗതയോടെ മാത്രം സംസാരിക്കുമ്പോള്‍ വെറും വേഗത മാത്രവും. എന്നാല്‍ ഒരു പ്രശ്നത്തിന്റെ ഒത്ത നടുക്ക് വന്നുനില്‍ക്കാനും ഒരു വാക്കുകൊണ്ട് കേരളത്തെ രണ്ടായി മുറിക്കാനും സഖാവ് വിജയനു സാധിക്കുന്നപോലെ മറ്റുള്ളവര്‍ക്ക് കഴിയാറില്ല-സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സംസാര ഭാഷയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരീക്ഷണം. സുരേഷ് എ.ആര്‍ എഴുതുന്നു

 

 

Henslowe: Will, where is my play? Tell me you have it nearly done! Tell me you have it started. You have begun?
Shakespeare: Doubt that the stars are fire, doubt that the sun doth move.
Henslowe: No, no, we haven’t the time. Talk prose. Where is my play?
(Shakespeare in Love)

ഷേക്സ്പിയറുടെ കൈയില്‍നിന്നും നാടകം ആവശ്യപ്പെടുന്ന ഹെന്‍സ് ലോവിനെപ്പോലെയാണ് പ്രായോഗികരാഷ്ട്രീയം. അതിന്റെ ആവശ്യങ്ങള്‍ അടിയന്തരപ്രാധാന്യം ഉള്ളവയാണ്. അതിന്റെ ദൈനംദിന ചരിത്രം ലിറിക്കല്‍ ഡോക്യുമെന്റെഷന്‍ അല്ല. ഭാഷ കവിതയുമല്ല. കണിശവും വ്യക്തവുമായ സംസാരഭാഷയിലൂടെ അത് സ്വന്തം പക്ഷം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അങ്ങനെ, സവിശേഷമായ ഒരു കൃത്യം നിര്‍വഹിക്കുന്നു എന്ന അര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് മാറിനില്‍ക്കുന്ന ഒന്നാണ് ശ്രീ/സഖാവ് പിണറായി വിജയന്റെ സംസാരഭാഷ. അത് ഒരു ഫംഗ്ഷനല്‍ പ്രോസ് ആണ്. ആ ഭാഷയിലൂടെ പ്രായോഗികരാഷ്ട്രീയത്തില്‍ അദ്ദേഹം ചെയ്യുന്നത് ക്ഷമാപണസ്വഭാവമില്ലാത്ത പക്ഷംചേരലാണ്. അതുകൊണ്ടുതന്നെ അതിന്റെ ഉള്ളടക്കത്തോട് യോജിക്കാം, വിയോജിക്കാം. എങ്കിലും ഭാഷകൊണ്ട് അദ്ദേഹം നിര്‍വഹിക്കുന്ന പക്ഷംചേരലിന്റെ ആര്‍ക്കിറ്റെക്ച്ചര്‍ ശ്രദ്ധേയമാണ്.

സഖാവ് വിജയന്റെ ഭാഷാപരമായ പക്ഷംചേരലിന്റെ അടിസ്ഥാനം പാര്‍ട്ടി സെക്രട്ടറി എന്ന അദ്ദേഹത്തിന്റെ ഉത്തരവാദിത്തം തന്നെയാണ്. ആ സ്ഥാനത്തു നിന്നു പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആന്തരികവും ബാഹ്യവുമായ പബ്ലിക് റിലേഷന്‍സ് പാര്‍ട്ടിയുടെ താല്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രാവര്‍ത്തികമാക്കുന്ന രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. എല്ലാ രാഷ്ട്രീയക്കാരും അതാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. എന്നാല്‍ , ശബ്ദായമാനമായ ചര്‍ച്ചകളില്‍ ഇടപെടുമ്പോള്‍ പലരും ഒരു ശബ്ദം മാത്രം ആയിത്തീരുന്നു. വേഗതയോടെ മാത്രം സംസാരിക്കുമ്പോള്‍ വെറും വേഗത മാത്രവും. എന്നാല്‍ ഒരു പ്രശ്നത്തിന്റെ ഒത്ത നടുക്ക് വന്നുനില്‍ക്കാനും ഒരു വാക്കുകൊണ്ട് കേരളത്തെ രണ്ടായി മുറിക്കാനും സഖാവ് വിജയനു സാധിക്കുന്നപോലെ മറ്റുള്ളവര്‍ക്ക് കഴിയാറില്ല.

ഉഷ ഉതുപ്പ് , സി പി ഐ (എം)
ദൃശ്യമാധ്യമകാലത്ത് സി പി ഐ (എം) അഭിമുഖീകരിച്ച സങ്കീര്‍ണമായ ഒരു അവസ്ഥ ആയിരുന്നു കോട്ടയം സമ്മേളനത്തിന്റെ സമാപനപരിപാടി. അച്ചടക്കം ഇല്ലാതെ, ബഹളം ഉണ്ടാക്കുകയും കുപ്പി വലിച്ചെറിയുകയും ചെയ്ത പാര്‍ട്ടി പ്രവര്‍ത്തകരോട് പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിനു പരസ്യമായി സംസാരിക്കേണ്ടി വന്നു. ലോകം മുഴുവന്‍ കണ്ടുനില്‍ക്കുന്നു എന്നും അച്ചടക്കം സ്വയം അവകാശപ്പെടുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം ആണെന്നും ഉത്തമബോധ്യമുണ്ടായിട്ടും സഖാവ് വിജയന് രൂക്ഷമായി പ്രതികരിക്കേണ്ടി വന്നു. അത്തരത്തില്‍ ഉള്ള ഒരു പ്രതികരണസമയത്ത് വികാരവിക്ഷോഭത്തില്‍ വാക്കുകള്‍ മുറിഞ്ഞുപോവുകയും വാക്കുകള്‍ ആവര്‍ത്തിച്ചു വരികയും ചെയ്യുക സ്വാഭാവികം. ഇത്തരത്തില്‍ ഉള്ള ഒരു സന്ദര്‍ഭത്തില്‍ സാധാരണ രീതിയില്‍ ഉണ്ടാവുന്നത് ‘ദയവുചെയ്ത് എല്ലാവരും അച്ചടക്കത്തോടെ ഇരിക്കണം’ എന്ന ഒരു അഭ്യര്‍ത്ഥന ആയിരിക്കും. ആ അഭ്യര്‍ത്ഥന വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ് പതിവ്. എന്നാല്‍ വാക്കുകളുടെ തിരഞ്ഞെടുപ്പുകൊണ്ടും തന്റേതായ ഭാഷാരീതികൊണ്ടും സഖാവ് വിജയന്‍ അവിടെ നിര്‍വഹിക്കുന്ന പല കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനം സമ്മേളനത്തിന്റെ സ്വഭാവത്തെയും അതില്‍ പങ്കെടുക്കുന്നവരുടെ സ്വഭാവത്തെയും പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നു നിര്‍വചിക്കുന്ന രീതിയാണ്.

അദ്ദേഹം ഇങ്ങനെ തുടങ്ങുന്നു: “സഖാക്കളെ, ഇവിടെ ഉഷ ഉതുപ്പിന്റെ പരിപാടിയൊന്നുമല്ല നടക്കുന്നത്. ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ്.” എന്താവാം ഉഷ ഉതുപ്പ് എന്ന വാക്കിന്റെ പ്രസക്തി? എന്തുകൊണ്ട് അത് കലാഭവന്‍ മണി എന്നോ നാദിര്‍ഷ എന്നോ മിമിക്സ് പരേഡ് എന്നോ പന്തളം ബാലന്‍ എന്നോ ആവാത്തത്? കാരണം, അവര്‍ക്കെല്ലാം കേരളത്തില്‍ പലയിടത്തും കാഴ്ചക്കാരും കേള്‍വിക്കാരുമായ ആരാധകര്‍ ഉണ്ട്. പോപ്പുലര്‍ കള്‍ച്ചറില്‍ അവര്‍ക്ക് സുവ്യക്തമായ ഒരു സ്ഥാനവും ഉണ്ട്. ആ ആരാധകരുടെ അപ്രീതി ഭയന്നല്ല, മറിച്ച്, സംഗീതത്തിന്റെ കൊടുക്കല്‍വാങ്ങലുകളില്‍ തികച്ചും അപ്രസക്തമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് ഉഷ ഉതുപ്പ് എന്ന പേര് ഇവിടെ ഉപയോഗിക്കുന്നത്. അത് അക്കാദമിക് അല്ല. പോപ്പുലറും അല്ല. അതുകൊണ്ട് ഒരു ഉഷ ഉതുപ്പിന്റെ പരിപാടി അല്ല, ഇത് സി പി ഐ എമ്മിന്റെ സമ്മേളനം ആണ് എന്ന് അദ്ദേഹം പറയുന്നത്. അപ്പോള്‍ ആ സമ്മേളനത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നും അദ്ദേഹം അതിലൂടെ വ്യക്തമായി നിര്‍വചിക്കുന്നു.

 

 

വഷളന്മാര്‍ സഖാക്കള്‍
അദ്ദേഹം ഇങ്ങനെ തുടരുന്നു: “സി പി ഐ എമ്മിന്റെ സമ്മേളനത്തില്‍ സാധാരണ പാലിക്കേണ്ട അച്ചടക്കം ഉണ്ട്. ഇവിടെ ഏതാനും വഷളന്മാര്‍ വന്നു ആ വഷളത്തരങ്ങള്‍ ആണ് കാണിച്ചുകൊണ്ടിരിക്കുന്നത്.” ആരൊക്കെയാണ് സഖാക്കള്‍ ? ആരൊക്കെയാണ് വഷളന്മാര്‍ ? താന്‍ സെക്രട്ടറി ആയിരിക്കുന്ന ഒരു പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ ‘വഷളന്മാര്‍ ‘ എന്ന
വാക്ക് പരസ്യമായി ഉപയോഗിക്കാന്‍ അദ്ദേഹം മടിക്കാത്തത് എന്ത്? കാരണം, വഷളന്മാര്‍ , നിര്‍വചനപരമായി, സഖാക്കള്‍ അല്ല. പാര്‍ട്ടിയുടെ പക്ഷം അതാണ് . കമ്മ്യൂണിസ്റുകാര്‍ക്ക് കമ്മ്യൂണിസ്റുകാരുടെ അച്ചടക്കം വേണം എന്ന് അദ്ദേഹം അതേ സംസാരത്തില്‍ പറയുന്നുണ്ട്: “കമ്മ്യൂണിസ്റുകാര്‍ക്ക് കമ്മ്യൂണിസ്റുകാരുടെ ആവേശം ഉണ്ടാവണം. ആ ആവേശത്തിന് നിയന്ത്രണം വേണം. കമ്മ്യൂണിസ്റുകാരന്‍ ആയാല്‍ പ്രാഥമികമായ അച്ചടക്കബോധം കാണിക്കണം.”

 

 

ബിസിനസ്സുകാരന്‍ സഖാവ്
മഞ്ഞളാംകുഴി അലിയുമായി സി പി ഐ (എം) അകന്ന സമയത്ത് അലിയുടെ പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് സഖാവ് വിജയന്‍ മറുപടി പറയുന്നുണ്ട്. സെക്രട്ടറി എന്ന നിലയില്‍ തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം അത് ചെയ്യുന്നത്.
“ഞങ്ങളുടെ മുന്‍പില്‍ അലി ആരുമല്ല. അലി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന ഒരാള്‍. പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്ന ഒരാള്‍. നടക്കട്ടെ.
നില്‍ക്കട്ടെ. അങ്ങനെ പോകട്ടെ. എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിലും ആ വീഴ്ച ഒക്കെ കുറച്ചു കണ്ടില്ലാന്നും വയ്ക്കും. കാരണം, പാര്‍ട്ടിക്കൊപ്പം
നില്‍ക്കുന്ന ഒരാള്‍ ആണ്. പാര്‍ട്ടിക്ക് അകത്തുള്ള ഒരാള്‍ അല്ല. ഇതാണ് പാര്‍ട്ടി പൊതുവേ സ്വീകരിക്കുന്ന സമീപനം. ഇത് അലി മനസ്സിലാക്കണം.” ഇത് അലിക്കുള്ള ഒരു മറുപടി മാത്രമല്ല, സ്വതന്ത്രരായ പാര്‍ട്ടി അനുഭാവികളെ പാര്‍ട്ടിയുടെ പക്ഷം ചേര്‍ന്നു നിര്‍വചിക്കുകയും ചെയ്യുകയാണ്. അവര്‍ ‘പാര്‍ട്ടിക്കൊപ്പം’ നില്‍ക്കുന്നവര്‍ ആണ്. ‘പാര്‍ട്ടിക്ക് അകത്തുള്ളവര്‍ ‘ അല്ല.

ഇനി, അലിയില്‍ ഏതെങ്കിലും തരത്തിലുള്ള ഇടതുപക്ഷ സ്വഭാവം അവശേഷിക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെടാതിരിക്കാന്‍ അലി ആരാണെന്ന പാര്‍ട്ടി പക്ഷവും കൂടി അദ്ദേഹം വ്യക്തമായി പറയുന്നു: “അലി നല്ലൊരു ബിസിനസ്സുകാരന്‍ ആണ്. നല്ല പ്രാപ്തി ഉള്ള ബിസിനസ്സുകാരന്‍ ആണ്. വിജയിച്ച ബിസിനസ്സുകാരനും ആണ്. ഒരു പ്രത്യേക ഘട്ടത്തില്‍ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ഇടതുപക്ഷത്തിന്റെ സഹയാത്രികനായി. പക്ഷെ, അലിക്ക് ബിസിനസ്സിലെ കണക്കുകൂട്ടല്‍ രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.”

 

 

കോളേജ് അദ്ധ്യാപകന്‍ സഖാവ്
ഏതൊരു സി പി ഐ (എം)കാരനെക്കാളും വോക്കല്‍ ആയ ഒരു സി പി ഐ (എം) അനുഭാവി ആയിരുന്നു വിജയന്‍ മാഷ് . മാത്രമല്ല, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പ്രസിഡണ്ട് , ദേശാഭിമാനി വാരിക പത്രാധിപര്‍ എന്നീ ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ച ആള്‍ . പിന്നീട് വിജയന്‍ മാഷ് ഉന്നയിച്ച പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് എതിര്‍പക്ഷം നില്‍ക്കുക എന്നത് സ്വാഭാവികമായും പാര്‍ട്ടിയുടെ ഔദ്യാഗിക ആവശ്യം ആയിത്തീര്‍ന്നു. വിജയന്‍ മാഷിന്റെ മരണശേഷം പാര്‍ട്ടി പുറത്തിറക്കിയ അനുശോചനക്കുറിപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച ‘കോളേജ് അദ്ധ്യാപകന്‍’ എന്ന വാക്ക് കേരളത്തെ രണ്ടായി മുറിച്ചു. ദൈനംദിന രാഷ്ട്രീയം അടിസ്ഥാനപരമായി പക്ഷംചേരല്‍ തന്നെയാണെന്ന് അവ കൂടുതല്‍ നിശിതമായി (കരുണാരഹിതമായും) വെളിപ്പെടുത്തിയ വാക്കുകള്‍ ആയിരുന്നു അത്.

 

 

വിശകലനത്തിന്റെ പക്ഷം
പിറവം ഉപതിരഞ്ഞെടുപ്പിന്റെ ഫലം വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹം ഇങ്ങനെ പറയുന്നു: “കഴിഞ്ഞതിന്റെ മുന്‍പിലത്തെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിഞ്ഞത് യഥാര്‍ത്ഥത്തില്‍ യു ഡി എഫിന്റെ അകത്തുള്ള ഭിന്നതയുടെ ഭാഗം ആണ്. ആ ഭിന്നതയുടെ ഒരു ഭാഗം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടായിരുന്നു. ആ വോട്ടല്ല യഥാര്‍ത്ഥത്തില്‍ എല്‍ ഡി എഫിന്റെ വോട്ട്. എന്നാല്‍, ആ വോട്ടിലും ഞങ്ങള്‍ക്ക് ചോര്‍ച്ച ഉണ്ടായില്ല. അതാണ് ഞാന്‍ പറഞ്ഞത് ഞങ്ങള്‍ക്ക് ഒരു തരത്തിലും ക്ഷീണിക്കാന്‍ ഇല്ല എന്ന്. യു ഡി എഫില്‍ ഭിന്നത ഉണ്ടായതിന്റെ ഭാഗമായി ഞങ്ങള്‍ക്ക് ലഭിച്ച വോട്ടില്‍ പോലും ഞങ്ങള്‍ക്ക് ഇപ്പോള്‍ ചോര്‍ച്ച സംഭവിച്ചിട്ടില്ല. ഞങ്ങള്‍ക്ക് തീര്‍ത്തും അഭിമാനിക്കാന്‍ വക ഉള്ള തെരഞ്ഞെടുപ്പാണിത്. ”

ഈ രീതിയില്‍ പാര്‍ട്ടിയുടെ പക്ഷം പറയുന്നതില്‍ അദ്ദേഹത്തിന്റെ സംസാരഭാഷയുടെ സവിശേഷതകളും വ്യക്തമാവുന്നുണ്ട് . കൃത്യത, വ്യക്തമായ സിന്റാക്സ് , നാമവിശേഷണങ്ങളുടെ ഏറ്റവും കുറഞ്ഞ ഉപയോഗം, ആവര്‍ത്തനങ്ങളുടെയും ജെര്‍ണലീസുകളുടെയും അഭാവം തുടങ്ങിയ മികച്ച ഫംഗ്ഷനല്‍ പ്രോസിന്റെ ലക്ഷണങ്ങള്‍ അതില്‍ ഉണ്ട്. അതോടൊപ്പം തന്നെ, നേരിട്ടുള്ള സംബോധനാരീതിയും പല സന്ദര്‍ഭങ്ങളിലും കാണാവുന്നതാണ്.

 

 

ബക്കറ്റ് സമുദ്രം
അലങ്കാരങ്ങളുടെയും സദൃശവാക്യങ്ങളുടെയും ലക്ഷ്വറി ഇല്ലാത്ത അദ്ദേഹത്തിന്റെ സംസാരത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു പ്രയോഗം ബക്കറ്റ് തിരമാല കുട്ടി കടല്‍ എന്നതായിരുന്നു. പല വ്യാഖ്യാനങ്ങള്‍ ഉണ്ടായ ഒരു പ്രയോഗം ആയിരുന്നു എങ്കിലും അതിനെക്കുറിച്ച് അതേ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു: “എന്നോട് ചോദിച്ചവരോട് എനിക്ക് പറയാനുള്ളത്, ഞങ്ങളുടെ എല്ലാവരുടെയും ശക്തി ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്റെ മാര്‍ത്തട്ടിനോട് ചേര്‍ന്നു നില്‍ക്കുമ്പോഴാണ് എന്ന് മനസ്സിലാക്കുക.” എന്താണ് അദ്ദേഹത്തോട് ചോദിച്ചത്? അദ്ദേഹം ഇങ്ങനെ തുടരുന്നു: “പത്രക്കാര്‍ ഒന്ന് രണ്ടു സ്ഥലത്ത് വച്ചു എന്നോട് ചോദിക്കുകയുണ്ടായി, (ഈ ജാഥ ലീഡര്‍ എന്ന നിലക്ക്) നിങ്ങളുടെ പടം വല്ലാതെ ഇങ്ങനെ വച്ചിരിക്കുകയാണല്ലോ. നിങ്ങള്‍ക്കിങ്ങനെ സിന്ദാബാദ് വല്ലാതെ വിളിക്കുകയാണല്ലോ. ഇതൊക്കെ വ്യക്തിപൂജ അല്ലെ? ഈ ജാഥയുടെ ലീഡര്‍ എന്ന നിലയില്‍ വയ്ക്കുന്ന പോസ്ററുകള്‍ ആണ്. അത് ഏതെങ്കിലും തരത്തില്‍, മറ്റു സഖാക്കളില്‍ നിന്ന് വ്യത്യസ്തനായി ഞാന്‍ അങ്ങ് ഉയര്‍ന്നുപോയി എന്ന് കരുതിയാല്‍ എന്റെ കഥ അതോടെ കഴിഞ്ഞു. അത് മനസ്സിലാക്കുക.”

അങ്ങനെ, താനും തന്റെ പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തിലും പാര്‍ട്ടിയുടെ പക്ഷം ആണ് ശരി എന്ന് ഭാഷയിലൂടെ വെളിപ്പെടുത്തുന്നു.

36 thoughts on “ഭാഷകൊണ്ട് പക്ഷം പിടിക്കുന്ന പിണറായി വിജയന്‍

 1. നല്ല നിരീക്ഷണം… കൂടുതല്‍ വിശകലനം അര്‍ഹിക്കുന്ന വിഷയമാണ്‌… കുറച്ചു കൂടി ആഴത്തില്‍ സമീപിക്കാമായിരുന്നു….എന്തായാലും പിണറായിയുടെ ഭാഷയുടെ സാധ്യത തിരിച്ചറിഞ്ഞതിനു അഭിവാദ്യങ്ങള്‍…

 2. മനോഹരന്‍ ചേട്ടന്‍െറ കമന്‍റിനോട് പൂര്‍ണമായി യോജിക്കുന്നു.
  ഇതൊരു ആമുഖമായി കണക്കാക്കുന്നു. രാഷ്ട്രീയ -സമുദായ നേതാക്കളുടെ ഭാഷപരമായ പക്ഷംപിടിക്കലിനെക്കുറിച്ച കൂടുതല്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കുന്നു.

 3. അളന്നു മുറിച്ച് , അധികമാവാതെയും അല്പം പോലും കുറയാതെയും സന്ദര്‍ഭത്തിനൊത്ത് ഭാഷയെ ഉപയോഗിക്കുന്നത് തന്നെയാണ് ശ്രീ.പിണറായി വിജയന്റെ സംസാരഭാഷയിലുള്ള മികവ്.

 4. ഒരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ നേതാവിന് വേണ്ട എല്ലാ ഗുണങ്ങളും പിണറായിക്കുണ്ട്….സമീപ കാലത്ത് ഇത്രയും ക്രൂശിക്ക പെട്ട..തെട്ടിധരിപ്പിക്കപെട്ട ഒരു നേതാവും ഇന്ത്യയില്‍ ഇല്ല….ഒരു പാട് പ്രശ്നങ്ങള്‍ ആ പാര്‍ട്ടി നേരിട്ടപ്പോള്‍ അതിനെ എല്ലാം മറികടന്നു ആ പാര്‍ട്ടിയുടെ അമരക്കാരന്‍ ആയി തുടരാന്‍ കഴിയുന്നതും അദ്ധേഹത്തിന്റെ ഒരു കഴിവ് കൊണ്ട് മാത്രം ആണ് …കേരള രാഷ്ട്രീയത്തില്‍ നാട്ടല്ലുള്ള ആരുടെയും മുന്‍പില്‍ മുട്ട് മടക്കാത്ത ഒരു നേതാവ് പിണറയി മാത്രം ആണ്….

  • keralathil partiude amarakkaranai thudaran kazhivulla ippozhathe ellavarekkalum nalla nethavanu…. sakhavu. pinarai. athukonduthanne niravadhi aropanagalum,vimarsanagalum nerittu athinellam dheeramai neritta sakhave

 5. പ്രൊഫ്‌ എം എന്‍ വിജയനെ കുറിച്ച് അദ്ദേഹം ‘നല്ലൊരു അധ്യാപകന്‍ ആയിരുന്നു’ എന്ന പിണറായി വിജയന്‍റെ വിലയിരുത്തല്‍ വളരെ കൃത്യവും സത്യസന്തവുമാണ് , എം എന്‍ വിജയനെ മറ്റാരെക്കാളും അറിയുന്ന തലശ്ശേരിക്കാരനും,ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിയും പുരോഗമന വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരക്കാരനും ഒക്കെയായിരുന്ന പിണറായി വിജയന്‍ നടത്തിയ അതമാര്തമായ നിരീക്ഷണമാണത്. സംസ്കാരിക രാഷ്ട്രീയ മണ്ഡലത്തിലെ ശക്തവും ,മൂര്‍ച്ചയുള്ളതും ഒരിക്കലും മരണമില്ലാത്തതമായ ഒരു വിലയിരുത്തല്‍ എന്നതില്‍ ഉപരി ഇടതുപക്ഷ പ്രതിരോധത്തിന്റെ എന്നത്തേയും നിറഞ്ഞു നില്‍ക്കുന്ന ഒരധ്യായം കൂടിയാണത്.

 6. വളരെ നല്ല ലേഖനം…കുടുതല്‍ പ്രതീക്ഷികുന്നു…

 7. അഭിനദനങ്ങള്‍ സുരേഷ് ..! എഴുത്തിന്റെ ഇടവേളകള്‍ ഇനിയും കുറയട്ടെ.. നല്ല നിരീക്ഷണം …വീണ്ടുമെഴുതൂ ..

 8. കൃത്യമായ അളന്നു മുറിച്ച സംസാരം ഇതാണ് പിണറായിയുടെ ഒരു ശൈലി വിവാദമാക്കേണ്ടവര്‍ക്ക് വിവാദമാക്കാം അതല്ല ചര്ച്ച ചെയ്യേണ്ടവര്‍ക്ക് ചര്‍ച്ചയാക്കാം പക്ഷേ പലപ്പോഴും വിവാദം തിന്നു ജീവിക്കുന്നവര്‍ പിണറായിയുടെ ഏത് വാക്കും എട്ട് പിടിച്ചു വിവാദം ഉണ്ടാകുകയും കാതലായ പ്രശ്നങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കുകയും ചെയ്യുന്നതായിട്ടാണ് കാണുന്നത്.

 9. പിണറായി ഭക്തി/ആരാധന ഒഴിവാക്കിയിരുന്നു എങ്കില്‍ ഈ നിരീക്ഷണത്തിന്റെ ശക്തിയും ഭംഗിയും എത്രയോ ഇരട്ടിയാകുമായിരുന്നു. സമാനതകള്‍ ഇല്ലാത്ത നേതാവു തന്നെ ആ‍ണ് പിണറായി. ഈ കാലഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് മറ്റു വല്ലവരും ആയിരുന്നെങ്കില്‍ എന്നേ സി.പി.എമ്മിനെ ഒരു വഴിക്കാക്കുമായിരുന്നു.

 10. വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിച്ച് ആക്രമിക്കുമ്പോഴും അവര്‍ കാണാതെ പോയ ,അല്ലെങ്കില്‍ കണ്ടില്ലെന്നു നടിക്കുന്ന ചില നിരീക്ഷണങ്ങള്‍.. നല്ല എഴുത്ത് .. ഇനിയും പ്രതീക്ഷിക്കുന്നു.

 11. നല്ല നിരീഷണം .. ഇന്നത്തെ സമകാലിക രാഷ്ട്രീയത്തില്‍ ഭാഷ്യത്തില്‍ ഇത്രയും ശുദതയും ക്രമീകരണവും കാത്തു സൂഷികുന്ന വേറെ ഒരു നേതാവ് ഇല്ല എന്ന് തന്നെ പറയാം.

 12. But,the comments made by Mr.Vijayan,about liquidated Com. Chandrasekharan was inhuman and totally unwise.He continues that style damaging the image of his party.V S feels that Mr.Vijayan’s views are not that of party’s.He is creating a negative feeling among the viewers of TV channels.
  So ,dear friend,please make a new write-up,taking into consideration these new devolopments in his words and mannerisms.

 13. കമ്മ്യണിസ്റ്റുകാരന്‍ എന്ന് ഇടക്കിടെ പ്രയോഗിച്ച് കാണുന്നു,,അത് ഏന്താണെന്ന ഈ ലേഖകന് ഒരു വിവരവുമില്ല അത് കൊണ്ടാണ പിണറായിയെ ഇടതുപക്ഷമെന്നും കമ്മ്യൂണിസ്റ്റെന്നും പറയുന്നത്. വാചക കസര്‍ത്തില്‍ വിവരദോഷം എഴുന്നുള്ളിക്കരുത്. ജനങ്ങളുമായി ഇടപഴകുകയും ജനങ്ങളുമായി സംവദിക്കുകയും ചെയ്യുന്നവനാണ്ാ നേതാവ് അതല്ലാതെ മസിലുപിടിച്ചു നടക്കുന്ന കോന്തന്‍മാരല്ല…അതിനെ ന്യായികരിക്കാന്‍ ഒരു നാലാം കിട ലേഖനവും, ഇവന് ദേശാഭിമാനിയില്‍ പോലും പണികിട്ടില്ല..

 14. വളരെ നല്ല നിരീക്ഷണം ….അഭിനന്ദനങ്ങള്‍

 15. Congrats for choosing this subject. This is neither profound nor trivial, but I ween that this observation is good and will lead to more discussion as the common notion is that political language is designed to make lies.

 16. Dear,
  Very good article,
  We must think why all corporates and their supporters are trying to fight against CPIM. last election CPIM become largest party in kerala.party dicipline is a must pinarayi is doing the right thing as a party secratary. He is dedicated communist ……………………..
  May be you have different opinon about him. but for me he is great communist…………..
  If he is not an electricty minister in nayanar ministry . Malabar is still Power shaortage……………
  If Pinarayi not beome a Cheif minister of kerala that is big loss for keralas history…………….. in future……….
  As party secratary he is doing good job
  appreciate your observations………….
  Red salute to com pinarai vijayan

 17. ആളുകളെ ഈ പാര്‍ട്ടിയില്‍നിന്നു അകറ്റികൊണ്ടിരിക്കുന്നത് ഈ ഭാഷ കൊണ്ടാണ്

 18. പാര്‍ട്ടിയെ ഒരു വഴിക്കാക്കാന്‍ വിജയന്‍ ചേട്ടന്റെ ഭാഷ വളരെ ഉപകരിച്ചു.

 19. നല്ല നിരീക്ഷണം… മാന്യമായ ഭാഷയില്‍ ആക്രോശിക്കുകയും പൊതുസമൂഹത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന പിണറായി വിജയനില്‍ ഒരു ” വ്യാജ ജനാതിപത്യവാദിയെ” ആണ് കാണാന്‍ കഴിയുക. M .N .വിജയന്‍ മാഷില്‍ വെറും ഒരു ” കോളേജ് അധ്യാപകനെ” മാത്രം കാണാന്‍ കഴിഞ്ഞ പിണറായിയെ കുറിച്ചാവാം മാഷ് മരിക്കുനതിനു മുന്‍പേ ഇങ്ങനെ എഴുതിയത് ” ജനാതിപത്യം എന്നത് വളരെ എളുപ്പമുള്ള ഒരു പ്രവര്‍ത്തനമല്ല . ജനാധിപത്യം എന്ന് പറയുന്നത് എന്റെ അഭിപ്രായം പോലെ തന്നെ മൂല്യമുള്ളതാണ് മറ്റുള്ളവരുടെ അഭിപ്രായവും എന്ന് സമ്മതിക്കലാണ്.അങ്ങനെ സമ്മതിക്കുകയെന്നത് സാധാരണമനുഷ്യര്‍ക്ക് സാധ്യമായ ഒരു കാര്യമല്ല.വേറെയൊരു നിവൃത്തിയുമില്ലാത്തതു കൊണ്ടാണ് നിങ്ങള്‍ ഒരു ജനാധിപത്യവാദിയാകുന്നത്”

 20. പിണറായി വിജയനെ ഭാഷയെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണം ഒരു ആരാധകന്റെ പുളകം കൊള്ളലായി മാത്ര്രമേ കാണാന്‍ കഴിയൂ. ഒന്ന് ശ്രദ്ധിച്ചാല്‍ കാണാന്‍ കഴിയുന്ന മറ്റൊരു കാര്യമുണ്ട്. പിണറായിയുടെ ഡ്യൂപ്പ് എന്ന് വേണമെങ്കില്‍ വിളി ക്കാവുന്ന കരീമും പി ജയരാജനും ഒക്കെ ഇതേ ശൈലിയിലാണ് സംസാരിക്കാറ്. ഒരുപാടു കുട്ടി നേതാക്കന്മാരും വിജയന്‍റെ ആശ്രിതവത്സലരും ഇതേ ശൈലിയിലാണ് ഇപ്പോള്‍ സംസാരം. തങ്ങളുടെ ബുദ്ധിപരമായ പിന്നോക്കാവസ്ഥ മറച്ചു വെക്കാനും, മനുഷ്യത്വരഹിതമായ കുത്സിത വേലകള്‍ ഒളിപ്പിക്കാനും , വികാരങ്ങള്‍ക്ക് അടിമപ്പെടാത്ത വിറകുകൊള്ളിയാണെന്നു വരുന്നത് എന്തോ വലിയ മാഹാത്മ്യമാണെന്ന മന്ദബുദ്ധിത്തരം ചെറുപ്പത്തിലെ ബാധിച്ചതിനാലും ആണ് ഇതൊക്കെ. പിണറായിയുടെ എന്ത് വൈഭവത്തെയും വിലയിരുത്തേണ്ടത് , അയാള്‍ നേതൃത്വം എടുത്തതിനു ശേഷം പാര്‍ട്ടിക്കുണ്ടായ ഗതി നോക്കിയിട്ടാണ്. ചിന്തിക്കുന്ന സാധാരണക്കാരനില്‍ നിന്നും പാര്‍ട്ടി ആകുന്നു. എല്ലാ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും വയറുമാത്രം വികസിച്ച ആരധകരാല്‍ കുത്തിനിറച്ച സംഘടനാ സമിതികളുടെ പിന്ബലത്താല്‍ ആട്ടിയോടിച്ചു. മുഖം വിരൂപമായത്തിനു മാധ്യമങ്ങളെ പുലഭ്യം പറഞ്ഞു ഞെളിഞ്ഞു. അസഹിഷ്ണുതയുടെ പേശീ വലിവിനാല്‍ വക്രീകരിച്ച മുഖവും ബുദ്ധിശൂന്യമായ ആത്മവിശ്വാസത്തിനാല്‍ വിവേകം നഷപ്പെട്ട വാക്കുകളും ലെനിനിസ്ട് സംഘടനാക്രമം എന്നൊക്കെ പറഞ്ഞാല്‍ എന്തോ ഭയങ്കര കുന്ത്രാണ്ടമാണെന്ന മണ്ടന്‍ വിശ്വാസവുമായി വിറളിപിടിച്ച് മസിലുപിടിച്ചു നാടുകാരെ വിരട്ടുന്നതിലാണ് മിടുക്ക് എന്ന് സ്വയം വിശ്വസിക്കുകയും ചെയ്‌താല്‍ പറഞ്ഞിട്ട് കാര്യമില്ല. ആ പാര്‍ട്ടിയാല്‍ ആര്‍ക്കെങ്കിലും വിവരവും വിവേകവും ബാക്കിയുണ്ടെങ്കില്‍ തോമസ്‌ ഐസക്കിനെയോ , അല്ലെങ്കില്‍ അതുപോലെ മറ്റുള്ളവര്‍ പറഞ്ഞാല്‍ കേള്‍ക്കാന്‍ മനസുള്ള , കേട്ടാല്‍ മനസ്സിലാകുന്ന ആരെയെങ്കിലും നേതാവക്കണം. ശക്തിമാത്രം പോര, അല്പം ബുദ്ധിയും കുറച്ചെങ്കിലും സൌന്ദര്യവും വേണം!

 21. ഭാഷാപരമായ പക്ഷം ചേരൽ …എന്ന് പറയുമ്പോൾ നിഷ്പക്ഷനായി പ്രവര്ത്തിക്കേണ്ട ഒരു വ്യക്തി ഭാഷയുടെ അടിസ്ഥാനത്തിൽ പക്ഷം പിടിച്ചു എന്നാണു അർഥം വരിക…ലേഖകന്റെ ഉദേശം വായനക്കാര്ക്ക് മനസിലാകും എങ്കിലും ഈ പ്രയോഗം ശരിയല്ല

 22. അർത്ഥവത്തായ എഴുത്ത്, ആഴത്തിലുള്ള നിരീക്ഷണം എല്ലാത്തിലുമുപരി സ. പിണറായിയെ നന്നായി മനസ്സിലാക്കിയ ഒരു വെക്തിക്ക് മാത്രമേ ഇത് ചെയ്യാനും കഴിയൂ..

 23. kulamkuthi, body waste, madhyama syndicate, Eranadan thamaasa, theepandam, suhruthukkal (about CPI), nikrishtajeevi, nishedhavaibhavam, and the latest, masthishka prakshaalanam…

  i demand much more deeper perspective…

 24. കുലംകുത്തി, bodaywaste, മാധ്യമ syndicate, ഏറനാടാൻ തമാശ, തീപന്തം, സുഹൃത്തുക്കൾ (about CPI ), നികൃഷ്ടജീവി, നിഷേധവൈഭവം, and the latest മസ്തിഷ്ക പ്രക്ഷാളനം
  requires much more deeper perspective …

 25. The beuty of article is nice.but the topic is in acutate and un important.pinayi is apolitical leadet.but his words no more morality anr ethics.it is only for escape from a theif.one false thousa nd time saying may believe true.he
  making afraud and immoral politics.he using the words are critisising his oppone

  nts.it is deceit from the followers .the article onlyo expressing the over belief of mangod pinarayi.so plz dont part with deceit.his language jilk him.he has no more in kerala politics.siraj

 26. The beuty of article is nice.but the topic is in acurate and un important.pinayi is apolitical leadet.but his words no more morality anr ethics.it is only for escape from a theif.one false thousa nd time saying may believe true.he
  making afraud and immoral politics.he using the words are critisising his oppone

  nts.it is deceit from the followers .the article onlyo expressing the over belief of mangod pinarayi.so plz dont part with deceit.he has no more in kerala politics.siraj

 27. തുടക്കത്തിൽ പിണറായി വിജയൻ എന്ന പാർടി സെക്രെടരിയെ സംബന്ധിച്ച നിരീക്ഷണങ്ങൾ കൌതുകതോടെയാണ് വായിച്ചത്.
  അവസാനത്തിൽ ബക്കറ്റ്‌ സമുദ്രം എന്ന ഭാഗം തുടക്ക്കതിലുണ്ടായ എല്ലാ നിഗമനങ്ങളും വെറും വിഗ്രഹവൽക്കരണ0 ആണെന്ന് തോന്നിപ്പിച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദു സമദ് സമദാനി കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചു തേഞ്ഞു പോയ അല്ലമ ഇക്ബാലിന്റെ കവിതയാണ് വി എസ. അച്യുതാനന്ദനെ പരിഹസിക്കാൻ പിണറായി ഉപയോഗിച്ചതെന്നും ആ വരികൾ പിണറായിക്ക് പറഞ്ഞു കൊടുത്തത് ആ ജാഥയിലെ ഒരു അംഗവും അധികാര കസേരയന്വേഷിച്ചു മുസ്ലിം ലീഗിൽ നിന്നും പലായനം ചെയ്ത കെ .ടി . ജലീൽ ആയിരുന്നു എന്നത് പല പത്രങ്ങളും റിപ്പോർട്ട്‌ ചെയ്തിരുന്നു.ഈ വിവരം നടുമുഴുക്കെ പറഞ്ഞു നടന്നതും കെ ടി ജലീൽ തന്നെ ആയിരുന്നു.പിണറായിയുടെ സ്വതസിദ്ധമായ ശൈലിയെ, ഭാഷ പ്രയോഗത്തെ വിശകലനം ചെയ്യുന്ന ഈ കുറിപ്പിൽ ഇങ്ങനെ ഒരു അബദ്ധം കടന്നു കൂടിയത് മനപൂർവമാണ് എന്ന് പറയുന്നില്ല . മഹത്വ വല്കരിക്കുമ്പോൾ അല്പം ശ്രദ്ധ വേണമെന്ന് ഓർമിപ്പിച്ചതാണ്.

 28. നല്ല ലേഖനം … പുതിയൊരു വീക്ഷണം. പിണറായിയോടു ആരാധന പ്രതിഫലിക്കുന്നുണ്ടോ സംശയം. പിണറായിയുടെ രാഷ്ട്രീയം എന്തുതന്നെ ആയാലും അദ്ദേഹം പിന്തുടരുന്ന സംയമനമാർന്ന സംസാരശൈലി എല്ലാവർക്കും മാതൃകയാക്കവുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *