കപ്പയില്‍ നിന്ന് ഓട്സിലേക്കുള്ള ദൂരം

ഇന്ത്യന്‍ ജനസംഖ്യയുടെ 2.76% (2011 സെന്‍സെസ്) മാത്രം വസിക്കുന്ന കേരളത്തില്‍ ആണ് രാജ്യത്തെ ഓട്സ് ഉല്പന്നങ്ങളുടെ 13% വിറ്റഴി ക്കപ്പെടുന്നത്. ഓട്സിന്റെ മാര്‍ക്കറ്റിംഗ് ആണ് പ്രധാനം. വനിതാ മാഗസിനുകളില്‍ എല്ലാം ഒന്ന് രണ്ടു ഫുള്‍ പേജു പരസ്യങ്ങള്‍ ഓട്സ്ബ്രാന്റുകളുടേതാണ്. സാമാന്യ ജനത്തിന് മനസിലാകാത്ത അജണ്ടകളോടുകൂടി ഓട്സ് റെസിപികള്‍ക്കായി അവര്‍ സമ്മാനങ്ങള്‍ നീക്കി വയ്ക്കുന്നു. ഇതില്‍ ഡോക്ടര്‍മാര്‍ക്കും വലിയപങ്ക് കമ്മീഷന്‍ ഉണ്ടാകും. അത് കൊണ്ടാണ് നാല്‍പതു കളിലെത്തിയ എല്ലാ സഥൂല ശരീരികളെയും ഹൃദയാരോഗ്യം എന്ന മായയില്‍ പെടുത്തി ഒരു നേരമെങ്കിലും ഓട്സ് എന്ന തത്വം അവര്‍ അംഗീകരിപ്പിക്കുന്നത്-ദീപ ഷാജി എഴുതുന്നു

 

 

നാടിന്റെ സ്പന്ദനങ്ങള്‍ക്കായി സദാ കാതോര്‍ക്കുന്നവരാണ് ഓരോ പ്രവാസിയും. അവരുടെ ഓര്‍മകളിലെല്ലാം നാടിന്റെ രുചിയും ഗന്ധവുമുണ്ട്. എത്ര ആഴത്തില്‍ എന്നു അളന്നു തിട്ടപ്പെടുത്തി എടുക്കാനാവാത്തവിധം. പ്രവാസ ജീവിതത്തിലാകമാനം ദൃശ്യമായും അക്ഷരമായും വാക്കായും ഈണമായും ഗന്ധമായും ഓര്‍മ്മയായുമെല്ലാം നാട് വന്നു തൊടുന്നുണ്ട്. പലപ്പോഴും നാടിന്റെ ഓര്‍മ്മ കൊണ്ടു മാത്രമാണ്, കത്തുന്ന വേനലുകള്‍ മറി കടക്കാറുള്ളത്.
കടല്‍ കടക്കുന്നതു മാത്രമല്ല പ്രവാസം. ജീവിക്കുന്ന ഇടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള പറിച്ചു നടലുകളും പ്രവാസാനുഭവം തരുന്നു. അത്ര ദൂരത്തല്ലാതിരിക്കുമ്പോഴും , നാം പിന്നിട്ട വഴികളും ഗന്ധങ്ങളും ഓര്‍മ്മകളും വന്നു കൊത്തിക്കൊണ്ടേയിരിക്കും. ചെറുപ്പത്തിലേ ബോധ്യമായിരുന്നു ഇക്കാര്യം.

വേനലവധിയും കപ്പയും
പ്രവാസ ജീവിതത്തിന്റെ ആദ്യ ഘട്ടം പാലക്കാട്ട് താമസിച്ച് വേനല്‍ അവധിക്കു മാത്രം മധ്യ കേരളത്തിലെ തറവാട്ടില്‍ എത്തുന്ന സ്കൂള്‍ കുട്ടി എന്ന നിലയില്‍ ആയിരുന്നു. നാട്ടുമ്പുറങ്ങളിലെ വേനല്‍ കാലം തിരക്കുകളുടെതായിരുന്നു, വിവിധ വിളകള്‍ ഉണക്കി സൂക്ഷിക്കുന്ന കാലം. ചക്ക,മാങ്ങാ,കശുമാങ്ങ,ചാമ്പങ്ങ ,പേരയ്ക്ക തുടങ്ങിയ പലതരം പഴങ്ങളുടെയും സമൃദ്ധിയുള്ള വേനല്‍ക്കാലം. കപ്പ തണ്ട് ഒടിച്ച് നാര് അറ്റുപോവാതെ ചെറിയ ചെറിയ തുണ്ടുകളാക്കി മാല കെട്ടിക്കളിച്ചും ,ഉണങ്ങിയ കപ്പ കായകളില്‍ ഈര്‍ക്കില്‍ കുത്തി പമ്പരം കറക്കിയും ഒക്കെ ആയിരുന്നു അവധിക്കാലം.

ഓര്‍മയിലെ രുചികളിലും എന്നും നിലനില്‍ക്കുന്നത് കപ്പയുടെ വകഭേദങ്ങള്‍ തന്നെ ആയിരുന്നു. പ്രഭാത ഭക്ഷണം മിക്ക വീടുകളിലും കപ്പ /ചക്ക പുഴുക്കും മീന്‍ കറിയും ആയിരുന്നു. അല്ലെങ്കില്‍ കഞ്ഞിയും പയര്‍ തോരനും കൂടെ തേങ്ങയും മുളകും കനലില്‍ ചുട്ടെടുത്ത ചമ്മന്തിയും അതുമല്ലെങ്കില്‍ വെണ്ണ പോലെ വെന്ത ചെണ്ടന്‍ കപ്പയും കാന്താരി മുളകിന്റെ പച്ചയും, ഉള്ളിയുടെ തിളക്കവും, വെളിച്ചെണ്ണയുടെ മാസ്മരിക ഗന്ധവും ഉള്ള ചമ്മന്തിയും .

ദീപ ഷാജി

നാട്ടുമ്പുറത്തെ പ്രാദേശിക ഉത്സവം പോലെ ആയിരുന്നു കപ്പ പറിക്കലും, അരിയലും, വലിയ ചെമ്പില്‍ കപ്പ വാട്ടിപുഴുങ്ങലും. കപ്പ അരിയുവാന്‍ ഓരോ ചുറ്റു വട്ടത്തും പ്രാഗത്ഭ്യം തെളിയിച്ചവര്‍ ഉണ്ടായിരുന്നു. കനം കുറഞ്ഞു, തിളങ്ങുന്ന ‘കപ്പക്കത്തി’ എന്ന പ്രത്യേക കത്തികളുമായി വരുന്ന അവരുടെ കൈവേഗം കണ്ട് അമ്പരന്നു നില്ക്കുന്ന കുട്ടികള്‍ക്കായി കപ്പ വാട്ടുന്നവര്‍ അപ്പപ്പോള്‍ കനലില്‍ ചുട്ടെടുത്ത കപ്പ വാഴയിലയില്‍ വച്ച് തരും.

നിനച്ചിരിക്കാതെ എത്തുന്ന വേനല്‍ മഴയില്‍, പാറപ്പുറങ്ങളില്‍ ഉണങ്ങാനിട്ടിരിക്കുന്ന കപ്പ വാരി എടുക്കുവാന്‍ ഓടുന്നവര്‍ അന്നത്തെ സ്ഥിരം കാഴ്ച ആയിരുന്നു. ചക്ക വറുത്തത്, അവലു കപ്പ,കോന്തന്‍ കപ്പ, വറുത്തു പൊടിച്ച കപ്പയില്‍ തേങ്ങയും ശര്‍ക്കര പാനിയും ചേര്‍ത്തുണ്ടാകുന്ന എള്ളുണ്ട പോലുള്ള കപ്പ ഉണ്ട , ഇവയെല്ലാം രുചിച്ചു നിലയ്കാത്ത മഴയും കണ്ടിരുന്ന പാലക്കാട്ടെ മഴക്കാലങ്ങള്‍ മറക്കാനാവില്ല.

 

 

കൊതിയൂറും ഗന്ധങ്ങള്‍
പ്രവാസ ജീവിതത്തിന്റെ രണ്ടാം ഘട്ടം ഹോസ്റലുകളില്‍ താമസിച്ച് അവധികള്‍ക്കു വീട്ടിലെത്തുന്ന കോളേജു വിദ്യാര്‍ഥിനിയുടേതായിരുന്നു
സമ്മിശ്ര കൃഷി ചെയ്തിരുന്ന നാട്ടു കൃഷിയിടങ്ങളെല്ലാം അപ്പോഴേക്കും റബര്‍ കൃഷിക്ക് വഴി മാറിയിരുന്നു. ‘ഒരു വിള ചതിച്ചാലും മറ്റൊരു വിള തുണയ്ക്കു’മെന്ന ലളിത തത്വ ശാസ്ത്രവും കാലഹരണപ്പെട്ടിരുന്നു. അന്ന് ആ തത്വ ശാസ്ത്രത്തില്‍ ജീവിച്ചവര്‍ക്കൊന്നും ഒരു വിളയ്ക്ക് വില തകര്‍ച്ച നേരിട്ടാല്‍ ബാധ്യതകള്‍ ബാക്കിനിര്‍ത്തി പ്രിയപ്പെട്ടവരേ വിട്ടുപോവേണ്ടിയും വന്നിരുന്നില്ല.

കപ്പിലാവിന്‍ പഴം എന്നു വിളിച്ചിരുന്ന പറങ്കി മാവിന്‍ പഴം കൊണ്ട് പരവതാനി തീര്‍ത്തിരുന്നു അന്ന് പറമ്പുകള്‍. രാവെളുക്കുവോളം ഇളം തിണ്ണയില്‍ പാക്ക് പൊളിക്കുകയും, ഇഞ്ചി ചുരണ്ടുകയും ചെയ്തിരുന്നു മുതിര്‍ന്നവര്‍. പറമ്പുകളില്‍ ഉണക്കാനിടുന്ന കച്ചോലത്തിന്‍റെയും,വാട്ട് മഞ്ഞളിന്റേയും ഗന്ധങ്ങള്‍.
നടുതലകള്‍ എന്നു പൊതുവേ അറിയ പ്പെട്ടിരുന്ന ചേന,ചേമ്പ് , കാച്ചില്‍,ചെറു കിഴങ്ങ്, മധുര കിഴങ്ങ് എന്നിവയുടെയെല്ലാം കൃഷിയും ഉപയോഗവും ജനങ്ങള്‍ നന്നേ കുറച്ചെങ്കിലും കപ്പ മാത്രം സീസണുകള്‍ക്ക് അതീതമായി വര്‍ഷം മുഴുവന്‍ ചന്തയില്‍ നിന്നും ലഭിക്കുന്ന സ്ഥിതി വന്നു., നക്ഷത്ര ഹോട്ടല്‍ മുതല്‍ തട്ടുകടകളുടെ വരെ പ്രിയ വിഭവം എന്ന മാന്യ പദവിയും കപ്പയ്ക്ക് കൈവന്നു.

 

 

ഗള്‍ഫില്‍നിന്നുള്ള മടക്കയാത്രകള്‍
പ്രവാസ ജീവിതത്തിന്‍റെ മൂന്നാം ഘട്ടം ഗള്‍ഫ് പ്രവാസിയുടെ രൂപത്തിലാണ്. കഴിഞ്ഞ അവധിക്കു നാട്ടിലെത്തിയപ്പോള്‍ കണ്ടതൊന്നും അത്ര നല്ല കാഴ്ചകളായിരുന്നില്ല. കുറവിലങ്ങാട്ടെ കപ്പ കൃഷി ക്കാരായ പരമു ചേട്ടനും ,ജോസ് ചേട്ടനും എല്ലാം ദുരിതങ്ങളാണ്. കപ്പയ്ക്ക് ആവശ്യക്കാരില്ല ,അത് കൊണ്ട് ഒരു കിലോ കപ്പയുടെ വില പതിഞ്ചില്‍ നിന്ന് പത്തായി കുറഞ്ഞു. കപ്പയും അരിയുമെല്ലാം പ്രമേഹം ഉണ്ടാക്കുമെന്ന പ്രചരണം വ്യാപകമാണ്.

നാട്ടിലെ അമ്മമാരുടെ സൌഹൃദ സദസില്‍ പോകേണ്ടി വന്നപ്പോള്‍ ഒരു ചോദ്യത്തിന് തുടക്കമിട്ടത് അമ്മയാണ് ,അടുത്ത വീട്ടുകാരോട് അവരുടെ വീടുകളില്‍ ഓട്ട്സ് എങ്ങിനെയാണുണ്ടാക്കുന്നത് എന്ന ചോദ്യ. പാലും പഞ്ചസാരയുമുള്ള പാചക രീതി പെണ്ണമ്മ ചേച്ചിയും, പച്ചകറികള്‍ അരിഞ്ഞിട്ട ഓട്സ് ഉപ്പുമാവ് ഉണ്ടാക്കുന്ന വിധം അമ്മയും പങ്കു വെക്കുന്നു. പ്രമേഹം വരാതിരിക്കുവാന്‍ ഒരു നേരം ഓട്സ് ഉപയോഗിക്കണമെന്ന സ്നേഹോപദേശം എനിക്കും കിട്ടി.

ഓട്സില്‍ എന്താണുള്ളത്?
അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രഷന്‍ (FDA ) അംഗീകരിച്ച സ്റ്റേറ്റ് മെന്റ് പ്രകാരം ഓട്സിലും ബാര്‍ലിയിലും ഉള്ള ബീറ്റ ഗ്ലൂക്കന് LDL എന്ന ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്. തവിടോട് കൂടിയ 100 ഗ്രാം ഓട്സില്‍ ഡയട്ടരി ഫൈബര്‍ 10.6 ഗ്രാം, ബീറ്റാ ഗ്ലുക്കന്‍ ( സോലുബില്‍ ഫൈബര്‍ ) 4 ഗ്രാം ആണുള്ളത് പ്രോസസ് ചെയ്തു വരുന്ന ഓട്സില്‍ അതിലും കുറവും. ഹൃദയാരോഗ്യത്തിനായി ഒരു ദിവസം 3 ഗ്രാം ബീറ്റ ഗ്ലൂക്കന്‍ എങ്കിലും കഴിക്കണം. പാകപെടുത്തിയ ഒരു കപ്പ് തവിടോട് കൂടിയ ഓട്സിനു തുല്യമായ അളവ് ബീറ്റാ ഗ്ലുക്കന്‍ ലഭിക്കണമെങ്കില്‍ പാകപെടുത്തിയ മൂന്നു കപ്പ് ഇന്‍സ്റന്റ് ഓട്സ് കഴിക്കേണ്ടിവരും. ഈ അളവില്‍ ഓട്സ് ദിവസവും കഴിച്ചാല്‍ അമിത വണ്ണവും പ്രമേഹവും ഒക്കെ ആവും ഫലം.

പിന്നെയുള്ള അവകാശ വാദം ഡയറ്ററി ഫൈബര്‍ (dietary fibre ) ഉണ്ടെന്നുള്ളതാണ്. അത് ഓട്സില്‍ മാത്രമല്ല നമ്മുടെ സാധാരണ ഭക്ഷണ ക്രമത്തില്‍ ഉള്‍പെടുന്ന മറ്റ് ധാന്യങ്ങള്‍ ,പഴ വര്‍ഗ്ഗങ്ങള്‍ ,പച്ചകറികള്‍ ,പയര്‍ വര്‍ഗ്ഗങ്ങള്‍.,പരിപ്പുകള്‍ എന്നിവയിലെല്ലാം ഉണ്ട്.
ഇനി വില . കിലോ ഗ്രാമില്‍ പെട്ടെന്ന് കണക്കു കൂട്ടി എടുക്കാന്‍ ആവാത്തവിധം ആണ് പാക്കെറ്റ് അളവുകള്‍ 40 ഗ്രാം ,43 ഗ്രാം എന്നൊക്കെ. ഇന്‍സ്റ്റന്റ് ഓട്സിനു കിലോ ഗ്രാമിന് ഏകദേശം 90 -320 രൂപ വില വരും.

 

 

ഓട്സും ഗറില്ലാ മാര്‍ക്കറ്റിങും
ഇന്ത്യന്‍ ജനസംഖ്യയുടെ 2.76% (2011 സെന്‍സെസ്) മാത്രം വസിക്കുന്ന കേരളത്തില്‍ ആണ് രാജ്യത്തെ ഓട്സ് ഉല്പന്നങ്ങളുടെ 13% വിറ്റഴി ക്കപ്പെടുന്നത്
ഓട്സിന്റെ മാര്‍ക്കറ്റിംഗ് ആണ് പ്രധാനം. വനിതാ മാഗസിനുകളില്‍ എല്ലാം ഒന്ന് രണ്ടു ഫുള്‍ പേജു പരസ്യങ്ങള്‍ ഓട്സ്ബ്രാന്റുകളുടേതാണ്. സാമാന്യ ജനത്തിന് മനസിലാകാത്ത അജണ്ടകളോടുകൂടി ഓട്സ് റെസിപികള്‍ക്കായി അവര്‍ സമ്മാനങ്ങള്‍ നീക്കി വയ്ക്കുന്നു. ബിസിനസ് മാനെജുമെന്റ്റ് പ്രതിഭകള്‍ തല പുകച്ചു കണ്ടു പിടിച്ച ഗറില്ല മാര്‍ക്കറ്റിംഗ് തന്നെയാണ് ഓട്സിനും ഉപയോഗിക്കുന്നത് . അതായത് പരസ്യം ലക്ഷ്യമിടുന്ന ഗ്രൂപ്പ് ഏതാണോ ആ ഗ്രൂപ്പിന്റെ പങ്കാളിത്തത്തോടെ പരസ്യം ചെയ്യുക.

വീട്ടമ്മമാരെ ലക്ഷ്യമിടുമ്പോള്‍ അവരെ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള പാചക മത്സരങ്ങള്‍ . അങ്ങിനെ ഒരു ഇന്ററാക്ടീവ് മാര്‍ക്കറ്റിംഗ് . ഇതില്‍ ഡോക്ടര്‍മാര്‍ക്കും വലിയപങ്ക് കമ്മീഷന്‍ ഉണ്ടാകും. അത് കൊണ്ടാണ് നാല്‍പതു കളിലെത്തിയ എല്ലാ സഥൂല ശരീരികളെയും ഹൃദയാരോഗ്യം എന്ന മായയില്‍ പെടുത്തി ഒരു നേരമെങ്കിലും ഓട്സ് എന്ന തത്വം അവര്‍ അംഗീകരിപ്പിക്കുന്നത്. നാട്ടുമ്പുറത്തെ ചെറിയ പലചരക്ക് കടകളില്‍ വരെ വിവിധ ബ്രാന്റുകളിലും വിവിധ അളവുകളിലും ഉള്ള ഓട്സ് പാക്കറ്റുകള്‍ സുലഭമാണ്.

 

 

ഇനി ഓട്സ് ബീഫ്!
വരും കാലങ്ങളില്‍ ഇന്ത്യന്‍ ഓട്സ് ബ്രാന്റുകളുടെ മുഴുവന്‍ ശ്രദ്ധയും കേരള വിപണിയില്‍ ആയതിനാല്‍, ബ്രാന്‍ഡുകള്‍ തമ്മിലുള്ള കിട മത്സരം മൂത്ത് ഡോക്ടര്‍മാര്‍ ഇനി ഏതു ബ്രാന്‍ഡ് എന്നു കൂടെ കുറിപ്പടിയില്‍ ചേര്‍ ത്തേക്കാം.
തട്ടുകടകളിലെയും കള്ള് ഷാപ്പ് കളിലെയും പാചക വിദഗ്ദരും പുതിയ രുചികള്‍ പരീക്ഷിച്ചു വിജയം കണ്ടെത്തി യേക്കാം. നാളത്തെ വഴി യോരങ്ങളിലെ ബോര്‍ഡുകള്‍ ഇങ്ങനെയൊക്കെയാവാം. ഓട്സ് ബീഫ്, ഓട്സ് പോട്ടി, ഓട്സ് മീന്‍തലക്കറി, ഓട്സ് കക്കാഇറച്ചി, ഓട്സ് ഞണ്ട് കറി,

അല്ലെങ്കില്‍ അമേരിക്കയില്‍ 1980 ല്‍ പടര്‍ന്നുപിടിച്ച ഓട്സ് ഭ്രമം 89 ല്‍ ഉച്ചസ്ഥായിയില്‍ എത്തി 90 കളില്‍ ഏകദേശം അവസാനിച്ച പോലെ നമ്മളും നാരുകള്‍ നിറഞ്ഞതും ,ചിലവ് കുറഞ്ഞതും , പരസ്പര പൂരകവുമായ നമ്മുടെ സമീകൃത ഭക്ഷണ രീതികളിലേക്ക് തിരിച്ചു പോയേക്കാം.
ദിവസവും ബേക്കറി / ഫാസ്റ് ഫുഡ് മാത്രം കഴിക്കുന്നവര്‍ക്ക് തീര്‍ച്ചയായും ബീറ്റാ ഗ്ലുക്കന്‍ ( സോലുബില്‍ ഫൈബര്‍ ) ഉള്ള ഓട്സ് ഒക്കെ ആവശ്യമാണ്. നാട്ടുമ്പുറങ്ങളില്‍ ചോറിനൊപ്പം സാമ്പാര്‍ ,അവിയല്‍ ,മത്തി ക്കറി, പിന്നെ ചക്ക,മാങ്ങാ,പപ്പായ,കശുവണ്ടി ഒക്കെ ലഭ്യത അനുസരിച്ച് കഴിക്കുന്നവര്‍ക്ക് ഓട്സ് ആവശ്യമാണോ?

19 thoughts on “കപ്പയില്‍ നിന്ന് ഓട്സിലേക്കുള്ള ദൂരം

 1. മാസത്തില്‍ രണ്ടുതവണ ഹോസ്റ്റലില്‍ നിന്നു വീട്ടിലേക്ക് പോവുമ്പോള്‍, അമ്മ വിളിക്കും. വരുമ്പോള്‍ ഓട്‌സ് കൊണ്ടുവരണേ! മൂന്നു വലിയ കൈയില്‍ ഓട്‌സ് ഇട്ട് വേവിച്ച കഞ്ഞിയാണ് അമ്മയുടെ ഭക്ഷണം. മീനും ഇറച്ചിയും ഒക്കെ വേണ്ടെന്നു വച്ച് ഇപ്പോള്‍ പക്ക വെജിറ്റേറിയനാണ് അമ്മ. ഓട്‌സാണ് ഇപ്പോള്‍ അമ്മയുടെ ദൈവം.
  ദീപ പറഞ്ഞതുപോലെ ഇവന്‍മാരൊന്നും കാശുമുടക്കി എം ബി എ പഠിച്ചതൊന്നും നഷ്ടമായില്ല. കേരളത്തിലെ 90 ശതമാനം വീട്ടമ്മമാരേക്കൊണ്ടും ഞങ്ങളും മോഡേണാ!’ എന്നു പറയിപ്പിച്ചല്ലോ. പാവം നമ്മുടെ കുഞ്ഞുമക്കള്‍, അവര്‍ക്കെന്തറിയാം നമ്മള്‍ ആസ്വദിച്ചറിഞ്ഞ, കൊതിയോടെ ഓര്‍ക്കുന്ന രുചിക്കൂട്ടുകളെപ്പറ്റി.

  നല്ല എഴുത്ത് ദീപ.

 2. കപ്പയുടെ രുചി ഓര്‍മ്മിപ്പിതിന് നന്ദി.പക്ഷെ മദ്യത്തെക്കാള്‍ എത്രയോ നിരുപദ്രവ കാരിയാണ് ഓട്ട്സ് .. അതിനെ വെറുക്കണോ ? പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഒക്കെ കഴുകുന്ന വെള്ളം നമുക്ക് ഡയലൂ ട്ട് ചെയ്ത കീടനാശിനി ആയി ഉപയോഗിക്കാം എന്ന് ഒരു ഡോക്ടര്‍ പ്രസം ഗിക്കുന്നത് കേട്ടു !! അപ്പോള്‍ ഏതു ആഹാരത്തെ നാം വിശ്വസിക്കും ?

 3. idakkidakk doctormare thattunnundallo..parayunnath ketta thonnum Ella doctarmarum oats kurichu kondirikkayanennu…

 4. Well written. ‘samridhi’ of kerala is really so much. Share your concern about the change in food culture of Kerala. Along with this change, our environment is also fast changing. Ecology is degrading. many small initiatives have to begin . The campaign against rice is like the old campaign against coconut oil. But the white polished rice eating is a real problem. The answer is not to eat oats but to eat red rice and if possible organic. Millets are also another option. Also good exercise , thinking about society /common ( where malayalis are far behind -selfish and coward to the core) and producing ones own food ( how ever small that is). Let us bring back our diverse food culture and diverse agriculture .

 5. ഓട്സു സ്ഥിരം കഴിച്ചാൽ വണ്ണം കുറയ്ക്കാം….അനുഭവം.

 6. ഒഅട്സു കഴിച്ചാല്‍ വണ്ണം കുറയും. എനിക്ക് മൂന്ന് മാസത്തിനുള്ളില്‍ മുന്ന് കിലോ വണ്ണം കുറഞ്ഞു….. അനുഭവം…

 7. @saritha, അമ്മമാരുടെ testimonial ads. പ്രതീക്ഷിക്കാം.അല്ലെ.lol
  @prabha , 🙂 😀

 8. പുതുതായി എന്ത് വന്നാലും ( ഭക്ഷണം ആയാലും ആശയങ്ങള്‍ ആയാലും ) ഒരു പുഴുങ്ങിയ നൊസ്റ്റാള്‍ജിയ ഉം താങ്ങിപിടിച്ച് അതിനെ എതിര്‍ക്കാന്‍ കുറെ പേര് ഉണ്ടാവും.ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്‌…. ഓട്സ് മാത്രമല്ല എല്ലാ ഭക്ഷണ ശീലങ്ങളും നമ്മുടെ നാട്ടില്‍ എത്തട്ടെ. നമ്മള്‍ കഴിചു ശീളിച്ചടു മാത്രം നല്ലത് എന്ന മനോഭാവം മാറട്ടെ. ഓട്സ് മാത്രമല്ല വെള്ളം പോലും ഇപ്പൊ പരസ്യം ചെയ്താണ് വില്കുന്നത് എന്ന കാര്യം ലേഖിക മറക്കാതിരിക്കുക.തനിക്കു വേണ്ടത് മാത്രം വാങ്ങാനുള്ള വിവേകം ഉപഭോക്ടവിനുണ്ടാവനം.പിന്നെ കപ്പ നമ്മുടെ നാട്ടില്‍ എത്തിയിട്ട് ഒരു നൂറ്റാണ്ട് പോലും ആയിട്ടില്ല. അതിന്റെ പുറകില്‍ ഉള്ള സാമ്രാജ്യത ശക്തികളുടെ ഹിഡന്‍ അജണ്ടയെ പറ്റി ഒരു ലേഖനം കൂടി എഴുതൂ..പ്ലീസ്

 9. വിദേശിയുടെ കൃഷി ഇടത്തില്‍ വിളയുന്ന ഓട്സ് നമുക്ക് വേണോ…ഓട്ട്സ് ല് ഒരു നല്ല ഭക്ഷണം ആണ് എന്നതില്‍ സംശയം ഇല്ല…നമ്മുടെ നാട്ടില്‍ കൂടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണം തെറ്റ് ആയ ഭക്ഷണ രീതികള്‍ ആണ്…ധാരാളം ബേക്കറി പലഹാരങ്ങളും …വറുത്ത ഭക്ഷണങ്ങളും മലയാളി അകത്തു ആക്കുന്നു..അത് പോലെ മാംസ ഭക്ഷണവും…ചിക്കന്‍ അത് ഒരു വില കുറഞ്ഞ സംഗതി ( വില കൂടിയ മറ്റു മാംസവും ,വില കൂടി മീന്‍ ഇനങ്ങളും ആയി നോക്കുമ്പോ ) ആയപ്പോ അത് കൂടുതല്‍ ആയി…എന്റെ കുട്ടികാലത്ത് എന്റെ വീട്ടില്‍ വര്‍ഷത്തില്‍ ഒരു തവണ ആണ് ഇറച്ചി വാങ്ങിയിരുന്നത്…ആട്ടിറച്ചി ..വിഷു വിനു..എന്നാല്‍ ഇന്നോ…പപ്പടം ,ഉപ്പേരി ഇവ ഒകെ വിശേഷ അവസരങ്ങളില്‍ ..ഒരു കറി മാത്രം ആണ് അന്ന്…ഇന്നോ കൂടിയ ജീവിത നിലവാരം മലയാളിയെ അമിത ഭക്ഷണത്തിന് അടിമ ആക്കി…നാട്ടിലെ സല്‍ക്കാരങ്ങളും ഒരു കാരണം തന്നെ…വിവാഹ ശേഷം ഉള്ള സദ്യ ഒരു പായസം ഒകെ ഉള്ള ഒരു നല്ല ഒന്ന് ആയിരുന്നു…ഇന്നോ , ആ സദ്യ കഴിച്ചു മണിക്കൂറി നുള്ളില്‍ വരന്റെ അവിടെ പാര്‍ടി..അത് ആണ് എങ്ങി ധാരാളം മാംസ വിഭവങ്ങളോടെ …തങ്ങളുടെ പണകൊഴുപ്പ് എങ്ങനെ കാണിക്കാം എന്ന വാശിയില്‍ ആണ് ഓരോ വീട്ടുകാരും..നാട്ടില്‍ മുട്ടിനു മുട്ടിനു ആശുപത്രികള്‍ വരുന്നു…പക്ഷെ ഒകെ നല്ല ലാഭത്തില്‍…എവിടെയും നല്ല തിരക്ക്…ഓട്ട്സ് കഞ്ഞി പോലെ വെച്ചു കുടിക്കുന്ന ഒരു സുഹുര്‍ത്ത് എന്റെ കൂടെ ഉണ്ട്..എളുപ്പം ഉണ്ടാക്കാം…നമ്മുടെ നാട്ടില്‍ ലഭ്യം ആയ നല്ല ആഹാരം ധാരാളം ഉണ്ട്…ഇടലി , പുട്ട്, ദോശ ഇവ ഒകെ നല്ലത് ആണ് എന്ന് വിദേശികള്‍ അടക്കം പറയുന്നു…അമിത ആഹാരവും, മോശം ആഹാര രീതിയും ഉപേക്ഷിച്ചാല്‍ മതി…അല്ലാതെ ഓട്ട്സ് ശീലം ആകെനെട കാര്യം ഒന്നും മലയാളിക്ക് ഇല്ല…

 10. കപ്പ ഒരു ഭയങ്കര സംഭവം ആണ് . എത്ര തിന്നാലും മതി വരില്ല. പ്രത്യേകിച്ച് കപ്പയും കാന്താരി മുളകും ഉള്ളിയും വെളിച്ചെണ്ണയും കൂടി കഴികുമ്പോള്‍. ഞാന്‍ ദീപയുടെ ലേഖനം വായിച്ചു കുറച്ചു കഴിഞ്ഞപ്പോഴെയും വായില്‍ വെള്ളം നിറഞ്ഞു. ഇനി ഇങ്ങനെ എഴുതരുത്. (ഓര്‍മയിലെ രുചികളിലും എന്നും നിലനില്‍ക്കുന്നത് കപ്പയുടെ വകഭേദങ്ങള്‍ തന്നെ ആയിരുന്നു. പ്രഭാത ഭക്ഷണം മിക്ക വീടുകളിലും കപ്പ /ചക്ക പുഴുക്കും മീന്‍ കറിയും ആയിരുന്നു. അല്ലെങ്കില്‍ കഞ്ഞിയും പയര്‍ തോരനും കൂടെ തേങ്ങയും മുളകും കനലില്‍ ചുട്ടെടുത്ത ചമ്മന്തിയും അതുമല്ലെങ്കില്‍ വെണ്ണ പോലെ വെന്ത ചെണ്ടന്‍ കപ്പയും കാന്താരി മുളകിന്റെ പച്ചയും, ഉള്ളിയുടെ തിളക്കവും, വെളിച്ചെണ്ണയുടെ മാസ്മരിക ഗന്ധവും ഉള്ള ചമ്മന്തിയും .)

  • kappa kadha nannayi…oats verum pinnakkanu…kannalikkum kollatha sadanam….vaangi kazhikkayalle nammal….kappa nalla bhakshanam…aarku venam ippol….

Leave a Reply

Your email address will not be published. Required fields are marked *