സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

വിശുദ്ധ പശുക്കളുടെ ഫോര്‍ത് എസ്റ്റേറ്റില്‍ വിമര്‍ശനം അനിവാര്യമായ പുഴുക്കുത്തുകള്‍ ഏറെയുണ്ടെന്ന് കേരളത്തെ ബോധ്യപ്പെടുത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു ‘പത്ര വിശേഷം’. ഏഷ്യാനെറ്റിന്റെ തുടക്കകാലത്ത് പ്രമുഖ എഴുത്തുകാരന്‍ സക്കറിയ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍.പി ഭാസ്കര്‍ എന്നിവരുടെ മുന്‍കൈയില്‍ വന്ന ‘പത്രവിശേഷം’ മലയാളത്തില്‍ പിന്നീടുണ്ടായ അനേകം മാധ്യമ വിമര്‍ശന പരിപാടികളുടെ വഴി കാട്ടിയായിരുന്നു. മാധ്യമങ്ങള്‍ വിമര്‍ശനത്തിന് അതീതരല്ലെന്നും പ്രതിലോമകരമായ മാധ്യമ ഇടപെടലുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട് എന്നുമുള്ള ധാരണകള്‍ കേരളീയ സമൂഹത്തില്‍ വ്യാപകമാക്കിയതില്‍ നിര്‍ണായക പങ്ക് ആ പരിപാടിക്കുണ്ടായിരുന്നു. കേരളത്തിലെ പത്രങ്ങള്‍ ഒന്നടങ്കം പങ്കാളികളായ ചാരക്കേസ് വിവാദത്തിന്റെ ഉള്ളറകള്‍ തുറന്നു കാണിച്ചതില്‍ പത്രവിശേഷത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു.

കേരളത്തിലെ ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിന്റെ തുടക്കത്തിന് ദിശാ ബോധം നല്‍കാന്‍ അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടന്ന ആ കാലഘട്ടത്തിനുശേഷം വിപണി മാധ്യമങ്ങളുടെ മേല്‍ പിടിമുറുക്കിത്തുടങ്ങിയ ഒരു വേളയില്‍ തിരിച്ചു വരാത്ത വിധം പത്രവിശേഷം എന്ന പരിപാടി ഇല്ലാതായി. സക്കറിയ വീണ്ടും സാഹിത്യ, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടര്‍ന്നു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ വ്യത്യസ്തമായ വഴികളില്‍ ബി.ആര്‍.പി ഭാസ്കറും കര്‍മനിരതനാണ്. ഏഷ്യാനെറ്റ് ആവട്ടെ, മാധ്യമ രാജാവ് റൂപര്‍ട് മര്‍ഡോക്കിന്റെ അനേകം മാധ്യമ സ്ഥാപനങ്ങളിലൊന്നു മാത്രമായി മാറിയിരിക്കുന്നു.

പത്രവിശേഷം നടന്നു വന്ന കാലത്തേതിനേക്കാള്‍ ഏറെ പത്രങ്ങള്‍ ഇന്ന് പുറത്തിറങ്ങുന്നുണ്ട് ഇപ്പോള്‍. നിരവധി ചാനലുകള്‍. വാര്‍ത്താ ചാനലുകളും വാര്‍ത്തകളിലേക്ക് തിരിച്ചു വെക്കപ്പെട്ട ചാനല്‍ പ്രേക്ഷകരും. കൂടുതല്‍ പരസ്യങ്ങള്‍. അഡ്വര്‍ട്ടോറിയലുകള്‍. വാര്‍ത്ത വിനോദ വ്യവസായത്തിലെ മുഖ്യ ഉരുപ്പടിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഈ മാറ്റങ്ങളൊക്കെ നടക്കുമ്പോള്‍ സക്കറിയ ഇവിടെ തന്നെയുണ്ടായിരുന്നു. വര്‍ഗീയത അടക്കമുള്ള, സദാചാരം അടക്കമുള്ള വിഷയങ്ങളില്‍ അര്‍ഥവത്തായ നിരീക്ഷണങ്ങള്‍ നടത്തിയും എഴുത്തില്‍ കൂടുതല്‍ സജീവമായും.

ഓണ്‍ലൈന്‍ മലയാളത്തില്‍ സക്കറിയയുടെ ആദ്യ അഭിമുഖം മൂന്ന് ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.
തയ്യാറാക്കിയത് അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്

അനീഷ് ആന്‍സ്, മുഹമ്മദ് സുഹൈബ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും ജനതകളും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തി നിന്ന സംഘര്‍ഷഭരിതമായ നാളുകള്‍ക്ക് തൊട്ടു പിന്നാലെയാണ് ഞങ്ങള്‍ സക്കറിയയെ കാണാന്‍ ചെന്നത്. പാണ്ടികളെ വെറുതെ വിടാന്‍ പാടില്ലെന്ന് മലയാള മാധ്യമങ്ങളില്‍ ചിലത് പച്ചക്ക് പറഞ്ഞു കൊണ്ടിരുന്ന ആ നാളുകളില്‍ മാധ്യമ കേരളത്തെക്കുറിച്ച് ചോദിക്കാന്‍ ചിലതുണ്ടായിരുന്നു. പുതിയ പ്രൊജക്റ്റിന്റെ ധ്യാനഭരിതമായ ഇരിപ്പിനും തിരക്കുകള്‍ക്കുമിടയില്‍ പറയാന്‍ അദ്ദേഹത്തിനുമുണ്ടായിരുന്നു. കേരളത്തെക്കുറിച്ച്, മാധ്യമങ്ങളെക്കുറിച്ച്, മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച്, ജീര്‍ണതകളെക്കുറിച്ച് സക്കറിയ നാലാമിടത്തോട് സംസാരിക്കുന്നു.

മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

മലയാള മാധ്യമങ്ങളെ, മാധ്യമ പ്രവര്‍ത്തനത്തെ വിമര്‍ശനാത്കമായി സമീപിക്കേണ്ടതിന്റെ ആവശ്യകത കേരളത്തെ ബോധ്യപ്പെടുത്തിയ പ്രധാനപ്പെട്ട ആദ്യ ശ്രമമായിരുന്നു ഏഷ്യാനെറ്റിലെ ‘പത്രവിശേഷം’. താങ്കളും ബി.ആര്‍.പി ഭാസ്കറുമായിരുന്നു ആ പരിപാടിയുടെ ജീവന്‍. കേരളീയ സമൂഹത്തില്‍ മാധ്യമ വിമര്‍ശത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ആ പരിപാടി ഏറെ കാലം സജീവമായ ശേഷം മറ്റു പല കാരണങ്ങളെയും തുടര്‍ന്ന് നിലച്ചു. അത് കഴിഞ്ഞിപ്പോള്‍ വര്‍ഷങ്ങള്‍ ഒരു പാടായി. പുതിയ പത്രങ്ങളും ചാനലുകളും വന്നു. വാര്‍ത്താ ചാനലുകളുടെ കുത്തൊഴുക്കുണ്ടായി. വാര്‍ത്തകള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വിനോദ പരിപാടിയായി മാറാന്‍ തുടങ്ങി. അങ്ങനെ പല മാറ്റങ്ങള്‍. താങ്കളുടെയും കണ്‍മുന്നിലാണ് ഇവയെല്ലാം നടക്കുന്നത്. ‘പത്ര വിശേഷം’ ഇല്ലാതിരുന്ന ഈ വര്‍ഷങ്ങളിലെ കേരളീയ മാധ്യമങ്ങളുടെ പരിണാമത്തെ എങ്ങനെയാണ് താങ്കള്‍ കാണുന്നത്?

ഏഷ്യാനെറ്റ് തുടങ്ങുമ്പോള്‍ മലയാളത്തില്‍ വേറെ ചാനലുകള്‍ ഇല്ല. പിച്ച വെച്ച് വരുന്നേയുള്ളൂ. മാധ്യമങ്ങളെ പറ്റിയുള്ള ഉള്‍ക്കാഴ്ച നല്‍കാന്‍ പറ്റിയ ഒരു പരിപാടി ഉണ്ടായാല്‍ നന്നാവും എന്ന ചിന്തയാണ് ‘പത്ര വിശേഷ’ത്തിന് പ്രേരണ. വിനോദ ചാനല്‍ ആയിരുന്നെങ്കിലും ചിന്തിക്കാനുള്ള ചില പ്രോഗ്രാമുകള്‍ വേണമെന്നുണ്ടായിരുന്നു. കുറച്ച് പേരെങ്കിലും കാഴ്ചക്കാരായി ഉണ്ടാകുമെന്നും അറിയാമായിരുന്നു. അങ്ങനെയാണ് പത്രവിശേഷം വരുന്നത്.

അതൊക്കെ ഇപ്പോള്‍ മാറി. ചാനലുകളുടെ സ്വഭാവം മാറി, ചാനലുകള്‍ വന്നപ്പോള്‍ പത്രങ്ങളുടെ സ്വഭാവവും മാറി. ന്യൂസ് ബുള്ളറ്റിനുകള്‍ ആരംഭിച്ചപ്പോള്‍ അത് പത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ തുടങ്ങി. പിറ്റേന്ന് രാവിലെ അവര്‍ക്ക് പുതിയ വാര്‍ത്ത ആയി കൊടുക്കാമായിരുന്നവ തലേന്ന് പാതിരാ വരെ ചാനലില്‍ വരാന്‍ തുടങ്ങിയത് അവര്‍ക്ക് ഭീഷണിയോ അലോസരപ്പെടുത്തലോ ആയി മാറി. പിറ്റേ ദിവസത്തെ തലക്കെട്ടുകളുടെ വലുപ്പ ചെറുപ്പത്തെയും, വാര്‍ത്തകളോടുള്ള സമീപനത്തെയും അത് ബാധിച്ചു. വായനക്കാരന്‍ തലേ ദിവസം കണ്ടതും കേട്ടതുമായ വാര്‍ത്തയെ പിന്നെയും എങ്ങനെ വായിപ്പിക്കാം എന്ന വെല്ലുവിളി അഭിമുഖീകരിച്ചു. ചാനലുകള്‍ വന്നിട്ട് പത്രങ്ങളില്‍ ഉണ്ടായ പ്രധാന മാറ്റം അതായിരുന്നു.

അത് പോലെ ചാനലുകളുടെ എന്റര്‍ടെയിന്‍മെന്റ് കണ്ടന്റ് വളരുകയും വികസിക്കുകയും പിന്നെ ആളുകളെ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കുകയും ചെയ്തപ്പോള്‍ പരസ്യങ്ങളുടെ ഒരു ഒഴുക്ക് കൂടെ ചാനലുകളിലേക്ക് ഉണ്ടായി. ഏഷ്യാനെറ്റിന്റെ സ്ത്രീ എന്ന പരമ്പരയൊക്കെ വരികയാണ്, ആദ്യമായിട്ട് മലയാളത്തില്‍ ഒരു ദൈനംദിന പരമ്പര ഉണ്ടാവുകയാണ്. അത് കാണികളെ വളരെ അധികം ആകര്‍ഷിച്ചു. പരസ്യങ്ങളുടെ ഈ ഒഴുക്ക് പത്രമാധ്യമങ്ങള്‍ക്ക് വളരെയധികം ഭീഷണി ഉയര്‍ത്തുന്ന കാര്യമായി തോന്നി. അത് അവരെ ഭയപ്പെടുത്തി. എന്നാല്‍, അങ്ങനെയൊന്നും സംഭവിച്ചില്ല. പിന്നീട് ഒരു തരത്തില്‍ വിപണി വലുതാവുകയും അത്യാവശ്യത്തിനു പരസ്യങ്ങള്‍ ഒക്കെ എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്തു. പത്രങ്ങള്‍ ഇതിനെ സമീപിച്ചത് ,വായനക്കാരനെ കൂടുതല്‍ ആകര്‍ഷിക്കാനുള്ള വാര്‍ത്തകളുണ്ടാക്കിയാണ്. എന്നാല്‍, അങ്ങനെയുണ്ടായ മല്‍സരത്തില്‍നിന്നാണ് ഇന്നത്തെ അധ:പതനത്തിലേക്ക് പോയത് എന്നെനിക്ക് തോന്നുന്നില്ല.

അടിസ്ഥാനപരമായിട്ട്, ആ അധപതനത്തിന്റെ സ്വഭാവം, ആ ജീര്‍ണ്ണതയുടെ സ്വഭാവം, സദാചാരമില്ലായ്മയുടെ സ്വഭാവം , പത്രധര്‍മ്മമില്ലായ്മയുടെ സ്വഭാവം, മതേതരത്വമില്ലായ്മയുടെ സ്വഭാവം, വര്‍ഗ്ഗീയതയ്ക്ക് കൂട്ട് നില്‍ക്കുന്ന സ്വഭാവം, ജനാധിപത്യത്തിനു എതിരായി പെരുമാറുന്ന സ്വഭാവം , ഇതെല്ലാം അന്നത്തെ പത്രങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. മനോരമ, മാതൃഭൂമി ഇവ സ്ഥാപിച്ചതും ഒരു കള്‍ച്ചറല്‍ നവോത്ഥാനത്തിന്റെ ഭാഗമായിട്ടായിരുന്നു. ഈ പത്രങ്ങള്‍ സ്ഥാപിക്കപ്പെട്ട കാലത്തെ പോലെ ഉള്ള ഒരു ആദര്‍ശ ബോധം ഏഷ്യാനെറ്റ് സ്ഥാപിക്കുമ്പോഴും ഉണ്ടായിരുന്നു എന്നുള്ളതിനാലാണ് അന്ന് ഏഷ്യാനെറ്റില്‍ ഈ വക കാര്യങ്ങളൊന്നും കാര്യമായി പ്രത്യക്ഷപ്പെടാതിരുന്നത്. പ്രത്യയശാസ്ത്രപരമായ ഒരു നിലപാട് ഉണ്ടായിരുന്നു.

ഉള്ളില്‍നിന്നും പ്രത്യക്ഷപ്പെട്ട മേല്‍പറഞ്ഞ പ്രവണതകള്‍ പത്രങ്ങളില്‍ തന്നെ ഉണ്ടായിരുന്നു. വ്യക്തിഹത്യ , അസംഘടിതരായ വ്യക്തികളെ അക്രമിക്കല്‍. ചാരവൃത്തി കേസ്, പത്രവിശേഷം തുടങ്ങുന്ന കാലത്തുണ്ടായ കുപ്രസിദ്ധമായ മാധ്യമ സ്വാതന്ത്യ വ്യഭിചാരം ആയിരുന്നു. അതിനെതിരെ പത്ര വിശേഷം, ചാനലടക്കമുള്ളവര്‍ നിലപാടുകള്‍ സ്വീകരിച്ചു. അന്നത് പത്രങ്ങളില്‍ ഞെട്ടലുണ്ടാക്കിയ കാര്യം ആയിരുന്നു. ആദ്യമായിട്ടാണ് പത്രങ്ങളുടെ ഇത്തരം കള്ളക്കഥകള്‍ക്ക് എതിരെ ആരെങ്കിലും ഒരു നിലപാട് സ്വീകരിക്കുന്നത്. അങ്ങനെയുള്ള കള്ളകഥകള്‍ നേരത്തേയും ഉണ്ടായിരുന്നു. ആരാലും ചോദ്യം ചെയ്യപ്പെടാതെ.

ഏഷ്യാനെറ്റിന്റെ വരവ്, വഴിമാറല്‍

ഏഷ്യാനെറ്റ് തുടങ്ങുന്ന സമയത്ത് ഇത്തരം കാര്യങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നോ. നിലവിലെ ജേണലിസത്തിന്റെ ജീര്‍ണതകളില്‍നിന്ന് മാറി നില്‍ക്കാനുള്ള നയനിലപാടുകള്‍ രൂപം കൊണ്ടിരുന്നോ. വാര്‍ത്തയുടെ ഭാഷ അടക്കമുള്ള കാര്യങ്ങളില്‍ മാറ്റമുണ്ടാവണമെന്ന ആവശ്യമുയര്‍ന്നിരുന്നോ?

തീര്‍ച്ചയായും. അതിശയോക്തി പരമായ വാര്‍ത്ത, പ്രകമ്പനം കൊള്ളിക്കാനുള്ള വാര്‍ത്ത തുടങ്ങിയവ ഒഴിവാക്കണം, കാര്യമാത്ര പ്രസക്തമായ ഭാഷ ഉപയോഗിച്ച് വേണം വാര്‍ത്ത അവതരിപ്പിക്കാന്‍, സ്ത്രീ വിരുദ്ധ പ്രയോഗങ്ങള്‍ ഒഴിവാക്കുക, ഇന്നത്തെ കേരളത്തില്‍ ആരാണ് അണ്ടര്‍ പ്രിവിലേജ്ഡ് ആയിട്ടുള്ളത്, അങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തമായ നിലപാടുകള്‍, നയങ്ങള്‍ ഉണ്ടായിരുന്നു. സമഗ്രമായ നയരൂപവല്‍കരണത്തിന് വേണ്ടത്ര സമയമുണ്ടായില്ലെങ്കിലും അത്തരം കാര്യങ്ങളില്‍ വ്യക്തമായ ധാരണകളില്‍ എത്തിയിരുന്നു. പക്ഷേ കുറച്ച് കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ വഴുതാന്‍ തുടങ്ങി. ജ്യോതിഷത്തിന്റെ പോലുള്ള പരിപാടികളൊക്കെ വന്നു. ജ്യോതിഷത്തെ മതേതരം എന്നൊന്നും പറയാന്‍ പറ്റില്ല. അന്ധ വിശ്വാസത്തെ വളര്‍ത്തുന്നതായിരുന്നു ആ പരിപാടി.

വാര്‍ത്തയുടെ ഉള്ളടക്കത്തില്‍ മാത്രമായിരുന്നോ ധാരണയിലെത്തിയിരുന്നത്. ചാനലിന്റെ മറ്റ് പ്രോഗാമുകളുടെ, അവയുടെ ഉള്ളടക്കത്തിന്റെ കാര്യങ്ങളില്‍ ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിരുന്നോ?

അതെ. മൊത്തം കണ്ടന്റിന്റെ കാര്യത്തില്‍ ധാരണ ആയിരുന്നു. പിന്നീടാണ് സാമ്പത്തികമായ പ്രശ്നങ്ങളും, ഒക്കെ വരുന്നത്. സ്ത്രീ എന്ന പരമ്പര മാസങ്ങളോളം തള്ളിക്കളഞ്ഞ ശേഷമാണ് ഒരു സുപ്രഭാതത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനമായത്.

സ്ത്രീ സീരിയല്‍ വരുമ്പോള്‍

സാമ്പത്തിക പ്രശ്നങ്ങള്‍ മാത്രമായിരുന്നോ ഇത്തരം പ്രോഗ്രാമുകള്‍ അനിവാര്യമാക്കിയത്. വിപണിയുടെ സമ്മര്‍ദ്ദം കൊണ്ട് മാത്രമാണോ അത്തരം മാറ്റങ്ങള്‍ ഉടലെടുത്തത്?

അതെയെന്ന് പറയാം. ചാനലിനു മുന്നോട്ട് പോകാനുള്ള ഇന്‍കം വരുന്നുണ്ടായിരുന്നില്ല. അപ്പോള്‍, ഓരോ കാര്യങ്ങള്‍ ഇങ്ങനെ പരീക്ഷിച്ച് കോണ്ടിരിക്കുന്നു. അതിന്റെ ഭാഗമായി വന്നതാണ് സരിഗമ എന്ന സംഗീത പരിപാടി. ഇപ്പോള്‍ ഉള്ള സംഗീത പരിപാടികളുടെ ഒക്കെ അമ്മ എന്ന് പറയാവുന്ന ഒന്ന്. പരീക്ഷണം എന്ന് രീതിയില്‍ തുടങ്ങിയതാണ് സ്ത്രീ. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമായിരുന്നു അന്ന് പരമ്പരകള്‍. സൂര്യ ടി.വി അപ്പോഴാണ് രംഗ പ്രവേശം ചെയ്യുന്നത്. ദൂരദര്‍ശനില്‍ അന്ന് ദിനം പ്രതി പരമ്പരകള്‍ ഇല്ല. പിന്നീട് സൂര്യ ദിവസേന പരമ്പരകള്‍ ആക്കിയതോട് കൂടി മറ്റുള്ളവരും ആ പാത പിന്തുടര്‍ന്നു. ഇതാണ് അതിലെ മാറ്റം സൃഷ്ടിച്ച കാര്യം.

വിപണിയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഉണ്ടാക്കുന്ന ഇത്തരം പ്രോഗ്രാമുകളോട് നിങ്ങളുടെ ടീം എങ്ങനെയാണ് പ്രതികരിച്ചത്. ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടായിരുന്നോ ?

അത് എല്ലാവരും കൂടെ ഒന്നിച്ചിരുന്ന്, ആലോചിച്ച് തീരുമാനിച്ചതാണ്. ഇത് പരീക്ഷിച്ച് നോക്കാം. ഇത്ര പ്രശ്നങ്ങള്‍ ഒക്കെ ഉണ്ട് എന്നിങ്ങനെ. വികാരപരമായ പൈങ്കിളി കണ്ടന്റിന്റെ അപ്പുറത്ത് മറ്റു തരത്തിലുള്ള വര്‍ഗ്ഗീയതയോ അങ്ങനെ എന്തെങ്കിലുമുണ്ടോ എന്ന് മാത്രമേ ഞങ്ങള്‍ പരിശോധിച്ചുള്ളൂ. അത് കഴിഞ്ഞ് ഏറെ വൈകാതെ ചാനല്‍ കൈമാറി. ഞങ്ങള്‍ പുറത്ത് വരികയും ചെയ്തു.

മല്‍സരങ്ങള്‍, മാറ്റങ്ങള്‍

വിപണിയുടെ സമ്മര്‍ദ്ദം പത്രങ്ങളിലും ഇതേ മാറ്റങ്ങളാണോ അന്നുണ്ടാക്കിയത്?

ചാനലുകള്‍ വന്നപ്പോഴുണ്ടായ വെല്ലുവിളിയെ പത്രങ്ങള്‍ നേരിടുന്നതിനകത്ത് , അപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന ദുഷ്പ്രവണതകള്‍ എല്ലാമുണ്ടായിരുന്നു. ചാനലുകളെ നേരിടുന്ന സാഹചര്യം ഉണ്ടായപ്പോള്‍ കൂടുതല്‍ ശക്തമായി വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലേക്ക് അവര്‍ വന്നു. എന്നാല്‍, ചാനലുകളുടെ വരവ് മാധ്യമങ്ങളെ തകര്‍ക്കുന്ന രീതിയില്‍ ആയില്ല എന്നു മാത്രമല്ല, വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മലയാളികളുടെ ദാഹം വര്‍ദ്ധിക്കുകയാണ് ചെയ്തത്. പത്രങ്ങളുടെ സര്‍ക്കുലേഷന്‍ വര്‍ദ്ധിച്ചു. വിപണിയെ അഭിമുഖീകരിക്കാന്‍ പ്രൊഫഷണല്‍ മാനേജ്മെന്റോട് കൂടി തന്ത്രങ്ങള്‍ ആവിഷ്കരിച്ച പത്രങ്ങള്‍ക്ക് സര്‍ക്കുലേഷന്‍ വര്‍ധിക്കുകയാണ് ചെയ്തത്. അപ്പോള്‍, ചാനലുകളുമായി ആയിരുന്നില്ല ഇവിടുത്തെ പ്രമുഖ പത്രങ്ങളുടെ മല്‍സരം. തമ്മിലായിരുന്നു. അങ്ങനെ വന്നപ്പോള്‍ പരസ്പരം തോല്‍പ്പിക്കാനായി എന്തും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി.

വാര്‍ത്തേതര പരിപാടികള്‍ പത്രങ്ങള്‍ക്ക് അത്ര പ്രശ്നമായിരുന്നില്ല. അത് അവരെ ബാധിക്കുന്ന തരത്തിലും ആയിരുന്നില്ല. വാര്‍ത്തേതര പരിപാടികള്‍ ചാനലില്‍ കാണിക്കുന്ന സമയത്തായിരുന്നില്ല ആളുകള്‍ പത്രം വായിക്കുന്നത്. ആദ്യകാലത്തൊക്കെ പത്രങ്ങള്‍ ചാനലുകളെ പൂര്‍ണമായി ഒഴിവാക്കിയിരുന്നു. പ്രോഗ്രാമുകളുടെ വിവരങ്ങള്‍ കൊടുക്കാതിരിക്കുക എന്നിങ്ങനെ. അത് കൊണ്ടൊന്നും ചാനലുകള്‍ തകരില്ല എന്ന് ബോധ്യമായപ്പോള്‍ മാത്രമേ ചാനലുകളോട് സഹകരിക്കാന്‍ പത്രങ്ങള്‍ തയ്യാറായുള്ളൂ.

അവസാനിക്കുന്നില്ല. രണ്ടാം ഭാഗം അടുത്ത ബുധനാഴ്ച

2 thoughts on “സക്കറിയ സംസാരിക്കുന്നു: മാധ്യമ കേരളം-ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

  1. ന്യൂസ് ബുള്ളറ്റിനുകള്‍ ആരംഭിച്ചപ്പോള്‍ അത് പത്രങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാവാന്‍ തുടങ്ങി. പിറ്റേന്ന് രാവിലെ അവര്‍ക്ക് പുതിയ വാര്‍ത്ത ആയി കൊടുക്കാമായിരുന്നവ തലേന്ന് പാതിരാ വരെ ചാനലില്‍ വരാന്‍ തുടങ്ങിയത് അവര്‍ക്ക് ഭീഷണിയോ അലോസരപ്പെടുത്തലോ ആയി മാറി…………………

    പത്രങ്ങള്‍ക്ക് അലോസരമുണ്ടാക്കാന്‍ ചാനലുകള്‍ക്ക് കഴിഞ്ഞിട്ടില്ളെന്നതാണ് സത്യം. ഏജന്‍റുമാരുടെ സമരം നടക്കുന്ന ഇപ്പോള്‍ ഇക്കാര്യം മനസിലാവും. 24 മണിക്കൂറും ചാനലിനുമുന്നിലിരുന്നവര്‍ രാവിലെ പത്രം വാങ്ങാനായി പത്ര ഓഫീസുകളിലും സബ് ബ്യുറോകളിലും ക്യൂ നില്‍ക്കുകയാണ്. ചാനല്‍ വാര്‍ത്തകള്‍ക്ക് ആഴവും കാതലും ഇല്ളെന്ന് ചുരുക്കം.

  2. മലയാളിക്ക് ഒരു പുതിയ ദ്രിശ്യഅനുഭവം പകര്‍ന്നു നല്‍കിയ ഏഷ്യനെറ്റ് തന്നെ മലയാളിയെ മാധ്യമങ്ങളെ വഴി തെറ്റിക്കുന്ന വെറും കമ്പോള ചരക്കുകളുടെ വിപനിയിടം ആക്കി…ചെറു ഉടുപ്പും ഇട്ടു തുള്ളുന്ന സുന്ദരിമാരെ കൊണ്ട് വന്നു വമ്പന്‍ താര നിശ കല്‍ നടത്തി..സീരിയല്‍ എന്ന പേരില്‍ വെറും എന്തും കാണിച്ചു…ശശികുമാര്‍ ഉം ആയി ഉള്ള ഒരു അഭിമുഖം കുറച്ചു മാസം മുന്‍പ് ഒരു മാസികയില്‍ വായിച്ചിരുന്നു…അദ്ദേഹവും ഞങ്ങളുടെ നാട്ടുകാരുനും ആയ റെജി മേനോന്‍ നും പുതിയ ഒരു ദ്രിശ്യ അവബോധം മലയാളിക്ക് നല്‍കി..എന്നാല്‍ പണം ഉണ്ടാക്കാന്‍ എന്ത് കളിയും കളിക്കുന്ന ഒന്ന് ആയി ഏഷ്യനെറ്റ് മാറി..തളിരും , എന്റെ കേരളവും ഒകെ വന്ന ആ ചാനല്‍ ടെ ഇന്നത്തെ അവസ്ഥ എന്ത് ആണ്..ഇന്ന് മലയാളിക്ക് ഒരു പാട് ചാനല്‍ ഉണ്ട്…ആദമിന്റെ മകന്‍ അബു എന്ന സിനിമയില്‍ ചായകടക്കാരന്‍ ആയ സുരാജ് പറയുന്നുണ്ട്….ഇക്കാലത്ത് നാലഞ്ചു പത്രം എങ്കിലും വായിക്കണം എങ്ങിലെ മിനിമം വിവരം ഉണ്ടാകു….അത് പോലെ പല ചാനെല്‍ അതില്‍ വരുന്ന നല്ല പരിപാടികള്‍ റിമോട്ട് മാറി മാറി ഞെക്കി വേണം മലയാളിക്ക് നല്ല വല്ല പരിപാടിയും കാണാന്‍…

Leave a Reply

Your email address will not be published. Required fields are marked *